ഒരു ലിഫ്റ്റ് തരുമോ

  • Posted by Sanveer Ittoli
  • at 8:17 AM -
  • 0 comments
ഒരു ലിഫ്റ്റ് തരുമോ

കെ എം മഞ്ചേരി
ഒരു ലിഫ്റ്റ് തരുമോ....?
മുമ്പെന്നോ കേട്ടുമറന്ന ശബ്ദം.
ചായംതേച്ച നീളന്‍ താടിയും കാല്‍മുട്ടിനു തൊട്ടു താഴെയായി തുണിയും ധരിച്ച ദൈന്യതയാര്‍ന്ന മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയപ്പോള്‍ ആളെ പിടികിട്ടി, ഖാദര്‍ക്ക...!
എന്റെ നോട്ടം നേരിടാനാവാതെ ഖാദര്‍ക്ക മുഖം താഴ്ത്തി. തെറ്റ് ചെയ്ത മക്കള്‍ പിതാവിനരികിലെന്ന പോലെ ഖാദര്‍ക്ക എന്റെ മുമ്പില്‍ നിന്ന് വിയര്‍ത്തു.
എങ്ങോട്ടെന്ന് ചോദിച്ചില്ല, ബൈക്കില്‍ കയറാന്‍ തലകൊണ്ട് ആംഗ്യം കാണിച്ചു. ലക്ഷ്യത്തിലെത്തുവോളം ഞങ്ങള്‍ പരസ്പരം സംസാരിച്ചില്ല. ഖാദര്‍ക്കയുടെ കവലയിലെത്തിയപ്പോള്‍ പതിഞ്ഞ സ്വരം വീണ്ടും. മോനേ... ഞാന്‍ ഇവിടെയിറങ്ങാം. വണ്ടി നിര്‍ത്തി ഖാദര്‍ക്ക ഇറങ്ങി. അല്‍പസമയം നിന്നതിനു ശേഷം കുനിഞ്ഞ് നടന്ന ഖാദര്‍ക്ക വീണ്ടും വീണ്ടും എന്നെ തിരിഞ്ഞുനോക്കിയത് എന്നില്‍ സംശയം ജനിപ്പിച്ചു. ഖാദര്‍ക്കക്കെന്തോ പറയാനുണ്ടല്ലോ... ഞാന്‍ ചോദിച്ചു.
ഖാദര്‍ക്കയുടെ കണ്ണുകളില്‍ തിളക്കം. അദ്ദേഹം എന്റെയടുത്ത് ഓടിവന്നു. എന്നാലും മോനേ... ഗദ്ഗദത്തോടെയുള്ള ആത്മഗതം അല്പം ഉച്ചത്തിലായിരുന്നു; ഞാന്‍ എത്ര ദ്രോഹിച്ചതാണീ പയ്യനെ, ഇഖ്‌വാനിയെന്ന് വിളിച്ചു, മാരിക്കാണെന്ന് പറഞ്ഞു. പൊലീസില്‍ കള്ളക്കേസ് കൊടുത്ത് പീഡിപ്പിച്ചു... അന്നൊന്നും ഞാനൊരു മനുഷ്യനായിരുന്നില്ലേ...? ഖല്‍ബ് കല്ലായിരുന്നോ...? പരലോകം ഓര്‍മയുണ്ടായിരുന്നില്ലേ...?
എന്താ ഖാദര്‍ക്കാ...? എന്റെ വിളി കേട്ട് ഖാദര്‍ക്ക സ്വപ്നത്തില്‍ നിന്നെന്ന പോലെ ഞെട്ടി.
അല്ല... ഞാന്‍ മോനോട് ലിഫ്റ്റ് ചോദിച്ചത് ഈ കവലയിലേക്കല്ല, ജീവിതത്തില്‍ മുഴുവന്‍ നീ എനിക്കൊരു ലിഫ്റ്റ് തരുമോ എന്നാണ്. പത്തു പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം നാം ഒരുമിച്ചു ചെയ്തതുപോലുള്ള ഒരു യാത്രക്കുള്ള ലിഫ്റ്റ്... ഖാദര്‍ക്ക വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.
അപ്പോള്‍, ഖാദര്‍ക്കയുടെ ഇതുവരെയുള്ള യാത്രകളോ..? ചോദ്യം മുഴുമിക്കുന്നതിന് മുമ്പ് ഖാദര്‍ക്ക ഇടപെട്ടു. മോനേ...ശവത്തില്‍ കുത്തരുത്. കഴിഞ്ഞ പത്ത്, പന്ത്രണ്ട് കൊല്ലക്കാലം പലരുടെയും കൂടെ മാറിമാറി യാത്രചെയ്തു. ആദ്യമാദ്യം അതൊരു ഹരമായിരുന്നു. ആര്‍ത്തുല്ലസിച്ചു നടന്നു. കണ്ണില്‍ കണ്ടതിനെയൊക്കെ തെറിവിളിച്ചു. പലതും വെട്ടിപ്പിടിച്ചു. എല്ലാ നെറികേടിനെയും ന്യായീകരിച്ചു. ജയ് വിളിക്കാന്‍ രാഷ്ട്രീയക്കാരും കൂട്ടിന് പണവും...
അങ്ങനെ ചെന്നുപെട്ടത് നിലമ്പൂരിലെ ആട് ഗ്രാമത്തില്‍. തരക്കേടില്ലെന്ന് ആദ്യ ദിനരാത്രങ്ങളില്‍ തോന്നിയെങ്കിലും പിന്നെ പിന്നെ മതിയായി. എല്ലാ ബിദ്അത്തുകളും വാരിപ്പുണര്‍ന്ന് ചിരിയും തമാശയും തീരെയില്ലാതെ, പുറം ലോകവുമായി ബന്ധമില്ലാതെ, ഭൗതികമായി വിരക്തി ജനിപ്പിക്കുന്ന ഗൗരവ മുഖങ്ങള്‍ മാത്രം കണ്ട് മടുപ്പ് തോന്നിയപ്പോള്‍ നീളന്‍ ജുബ്ബ അഴിച്ചുവെച്ചു. പിന്നീടാണ് ജിന്നുകളുടെ ലോകത്തെത്തിപ്പെട്ടത്. രണ്ട് ബീവിമാരെക്കൂടി പോറ്റേണ്ടി വന്നതിന് പുറമെ പുറത്തിറങ്ങാന്‍ വയ്യാത്ത വിധം ഭയമായിരുന്നു പിന്നീട്. മോന്തിക്ക് കുട്ടികള്‍ക്ക് പുറത്തിറങ്ങാന്‍ ഭയം, ബീവിമാര്‍ക്ക് ചുടുവെള്ളം പുറത്തേക്ക് ചിന്താന്‍ ഭയം, മേശ വലിപ്പും വാതിലും അടയ്ക്കാന്‍ ഭയം, പാമ്പിനെയും പട്ടിയെയും കണ്ടാല്‍ സംശയം, കറുത്ത പൂച്ചയും പല്ലിയുടെ കൊക്കലും മാത്രമല്ല, കണ്ണേറും നാവേറും... പേടിപ്പെടുത്തിയ ദിനരാത്രങ്ങള്‍. അതിനിടയില്‍ ഒരു മോള്‍ക്ക് കനത്ത പനിയും വിറയലും. ജിന്ന് പ്രവേശിച്ചതാണെന്ന് പള്ളിയിലെ മൗലവി തറപ്പിച്ചുപറഞ്ഞു. ചികിത്സയും നിര്‍ദേശിച്ചു. ആകെപ്പാടെ സൈ്വരജീവിതം നഷ്ടപ്പെട്ട് ഭയചികിതനായി കതകടച്ചിരുന്നു.
അപ്പോഴാണ് കേട്ടത്- ജിന്നു ലോകത്തെ വല്യേട്ടന്‍ തന്റെ ക്യാമ്പ് ഇന്‍സ് ലോകത്തേക്ക് മാറ്റിയിരിക്കുന്നുവെന്ന്. ഇതൊരവസരമായെടുത്ത് ഞാനും ബീവിമാരെയും കുട്ടികളെയും കൂട്ടി ഇന്‍സ് ലോകത്തെത്തി. അവിടത്തെ കഥ പരിതാപകരമായിരുന്നു. പ്രായാധിക്യം മൂലം അവശതയനുഭവിക്കുന്ന കുറെ പേര്‍. ഉഴിച്ചിലും പിഴിച്ചിലുമായി കഴിയുന്നവരാണേറെയും. കണ്ണ് കാണാത്തവരും കാത് കേള്‍ക്കാത്തവരും, കണ്ടിട്ടും കേട്ടിട്ടും മനസ്സിലാവാത്തവരും. ചോരയും നീരുമുള്ള അധികമാരുമില്ലാത്ത ക്യാമ്പില്‍ പക്ഷേ, മേനിപറച്ചിലിനും തര്‍ക്കത്തിനും അഹങ്കാരത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല. എല്ലാം പഴയ ജിന്ന് ക്യാമ്പിലെ മേധാവിയുടെ നിയന്ത്രണത്തിലാണെന്ന് ഒറ്റയടിക്ക് ബോധ്യപ്പെട്ടു. സിഹ്‌റ് ബാധിച്ചവനെപ്പോലെ ഞാന്‍ തെക്കു വടക്ക് നടന്നു. മിണ്ടാന്‍ ശ്രമിച്ചതൊക്കെ വല്യേട്ടന്റെ ആക്രോശം ഭയന്ന് തൊണ്ടയില്‍ കുടുങ്ങി. കോടികള്‍ ചെലവഴിച്ച് നടത്തിയ പൂരം കഴിഞ്ഞ്, ആളൊഴിഞ്ഞ പറമ്പിലെ വാറ് പൊട്ടിയ ചെരിപ്പും പാട്ടയും പെറുക്കി അതില്‍ സൂക്ഷ്മ നിരീക്ഷണം നടത്തുന്ന വല്യേട്ടനേയും കൂട്ടാളികളേയും വിട്ട് ഞാനും ബീവിമാരും ഇറങ്ങി...
അങ്ങനെയാണ് കോട്ടക്കലിനു സമീപമുള്ള മൗനി ക്യാമ്പില്‍ എത്തിപ്പെട്ടത്. ജയിലിനു തുല്യമായ ക്യാമ്പില്‍ മണിക്കൂറുകളേ ചെലവഴിച്ചുള്ളൂ. ആര്‍ക്കും അവിടെ സ്വതന്ത്രമായി ഒന്നും ഉരിയാടിക്കൂടാ. പുറത്തിറങ്ങിക്കൂടാ. എല്ലാത്തിനും വിലക്ക്. എല്ലാം ഇന്‍സ് ക്യാമ്പിലെ വല്യേട്ടന്റെ സൂക്ഷ്മ നിരീക്ഷണത്തില്‍ തന്നെ. ക്യാമ്പില്‍ നടന്ന് നോക്കിയപ്പോഴാണ് മനസ്സിലായത്, എല്ലാവരും അടച്ചിട്ട റൂമില്‍ തേങ്ങുകയായിരുന്നെന്ന്. കുവൈത്തില്‍ നിന്നും ഷാര്‍ജയില്‍ നിന്നും പെട്ടിയും മാറാപ്പുമായി വന്നവര്‍ കതക് മുട്ടിയെങ്കിലും വല്യേട്ടന്റെ കണ്ണുരട്ടല്‍ ഭയന്ന് മൗനി ക്യാമ്പ് അവര്‍ക്കുമുമ്പില്‍ അടഞ്ഞുകിടന്നു. പിന്‍വാതിലിന്റെ കൊളുത്തുനീക്കി ഞാനും ബീവിമാരും ഒരുവിധം പുറത്തുചാടി...
ആകാശത്ത് നിന്ന് വീണ്, പറവകളും കഴുകന്‍മാരും കൊത്തിവലിക്കുന്ന അവസ്ഥയിലാണ് മോനേ ഞാനിന്ന്...ഒരു ലിഫ്റ്റ് തന്നുകൂടേ...?
നമുക്ക് പഴയ യാത്ര തുടരാം ഖാദര്‍ക്കാ... അദ്ദേഹത്തിന്റെ തേങ്ങല്‍ പൊട്ടിക്കരച്ചിലായി..

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: