ഇമാം റശീദ്‌ രിദയും ഇബാദത്തിന്റെ നിര്‍വചനവും-2

  • Posted by Sanveer Ittoli
  • at 7:37 AM -
  • 0 comments
ഇമാം റശീദ്‌ രിദയും ഇബാദത്തിന്റെ നിര്‍വചനവും-2

നെല്ലുംപതിരും -
എ അബ്‌ദുസ്സലാം സുല്ലമി
കഴിഞ്ഞ ലക്കത്തില്‍ ഇബാദത്തിന്റെ നിര്‍വചനത്തില്‍ ഭയവും പ്രതീക്ഷയും പ്രവേശിക്കുന്നുണ്ടെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ കൊണ്ടും ഖുബൂരികള്‍ അംഗീകരിക്കുന്ന മഹാന്മാരുടെ നിര്‍വചനം കൊണ്ടും നാം വ്യക്തമാക്കി. ഭയപ്പെടുത്തുകയും ഉപകാരം ലഭിക്കുകയും ചെയ്യുന്ന വസ്‌തുക്കളെ നാം കാണുമ്പോള്‍ ഉണ്ടാകുന്ന പ്രകൃതിപരമായ ഭയവും പ്രതീക്ഷയുമല്ല ഇവിടെ ഉദ്ദേശിക്കുന്നതെന്നും റൂഹുല്‍മആനിയിലും ഖുര്‍തുബിയിലും പറഞ്ഞതും വിവരിക്കുകയുണ്ടായി. അതിനാല്‍ റശീദ്‌ രിദ്വാ(റ) ഇബാദത്തിന്‌ പറഞ്ഞ നിര്‍വചനം വിശുദ്ധ ഖുര്‍ആനും സ്വഹാബിമാരും ഖുബൂരികള്‍ അംഗീകരിക്കുന്ന മഹാന്മാരുടെ തന്നെ നിര്‍വചനങ്ങളും വ്യാഖ്യാനവും അടിസ്ഥാനമാക്കിയുള്ളതാണെന്ന്‌ വായനക്കാര്‍ ശരിക്കും ഗ്രഹിച്ചു. 
ഇബാദത്ത്‌ എന്നാല്‍ അങ്ങേയറ്റത്തെ വിധേയത്വവും താഴ്‌മയും ബഹുമാനവുമാണെന്നാണ്‌ പൂര്‍വീക പണ്ഡിതന്മാര്‍ പറഞ്ഞത്‌. ഇത്‌ റശീദ്‌ രിദ്വാ(റ)യുടെ വ്യാഖ്യാനത്തിന്‌ എതിരാകുന്നുമില്ല. റശീദ്‌ രിദ്വാ(റ)യുടെ നിര്‍വചനത്തിന്റെ ഒരു ഭാഗം കാണുക: ``ഒരു കാമുകന്‍ തന്റെ കാമുകിയെ ആദരിക്കുന്നതിലും അവള്‍ക്ക്‌ വിധേയത്വം കാണിക്കുന്നതിലും വളരെയധികം അതിര്‌ കവിയുന്നു. തന്റെ ഇച്ഛയെ അവളുടെ ഇച്ഛയ്‌ക്കു വേണ്ടി നശിപ്പിക്കുന്നതുവരെ. തന്റെ ഉദ്ദേശം അവളുടെ ഉദ്ദേശത്തില്‍ ലയിച്ചുചേര്‍ക്കുന്നതുവരെ. എന്നാല്‍ ഇയാളുടെ ഈ ആദരവിനും കീഴ്‌വണക്കത്തിനും സാങ്കേതികമായി ഇബാദത്ത്‌ എന്ന്‌ പറയുകയില്ല. ജനങ്ങളില്‍ അധികപേരും നേതാക്കന്മാരെയും രാജാക്കന്മാരെയും മന്ത്രിമാരെയും ആദരിക്കുന്നതില്‍ അതിര്‌ കവിയാറുണ്ട്‌. ഇതും സാങ്കേതികമായ ആരാധനയല്ല'' (തഫ്‌സീറുല്‍ മനാര്‍ 1:56).
ഈ രീതിയില്‍ വല്ലവരും തങ്ങളുടെ ഭാര്യമാരെ സ്‌നേഹിക്കുകയും അവളുടെ ബാക്കിവരുന്ന ഭക്ഷണം കഴിക്കുകയും വെള്ളം കൊണ്ട്‌ വുദ്വു എടുക്കുകയും കുടിക്കുകയും കുളിക്കുകയും ചെയ്‌താലും ഭാര്യയെ അവര്‍ ആരാധിക്കുകയോ ശിര്‍ക്ക്‌ ചെയ്യുകയോ ചെയ്യുന്നില്ല. എന്നാല്‍ ഭാര്യയെ സ്രഷ്‌ടാവും രക്ഷിതാവും ദൈവവും ആകാതെ തന്നെ അവള്‍ക്ക്‌ എന്തോ ആവശ്യവും അഭൗതികവുമായ കഴിവുണ്ടെന്ന്‌ വിശ്വസിച്ച്‌ മുകളില്‍ വിവരിച്ചതുപോലെ അതിര്‌ കവിയാത്ത നിലക്ക്‌ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്‌താല്‍ തന്നെ ഭാര്യയെ ഇവര്‍ ഇലാഹാക്കുകയും ആരാധിക്കുകയും ചെയ്യുന്നു. തനിച്ച വിഗ്രഹാരാധനാകുന്നു. ദിവ്യത്വം കല്‌പിച്ചവനാകുന്നു. 
അമൃതാനന്ദ മയിയെയും സായിബാബയെയും ജനങ്ങള്‍ ദിവ്യത്വം കല്‌പിച്ച്‌ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവരുടെ ഭക്തന്മാര്‍ പോലും ഇവരാണ്‌ തന്നെയും ഈ പ്രപഞ്ചത്തെയും സൃഷ്‌ടിച്ച്‌ പരിപാലിക്കുന്നതെന്ന്‌ വിശ്വസിക്കുന്നില്ല. പ്രത്യുത അദൃശ്യകാര്യങ്ങളും ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചും അറിയാനുള്ള ഒരു അദൃശ്യകഴിവ്‌ ഇവര്‍ക്കുണ്ടെന്ന്‌ മാത്രമാണ്‌ വിശ്വസിക്കുന്നത്‌. ഇവരുടെ ഭാര്യമാരെ ഭയപ്പെടുകയും ഇവരില്‍ പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്യുന്നത്‌ ദൃശ്യവും ഭൗതികവുമായ നിലക്കാണ്‌. 
ഇമാം നവവി(റ) എഴുതുന്നു: ``നിശ്ചയം അല്ലാഹുവല്ലാത്തവര്‍ക്ക്‌ ഇബാദത്തെടുക്കല്‍ ശിര്‍ക്കാണെന്നതില്‍ എല്ലാ പ്രവാചകന്മാരുടെയും ഇജ്‌മാഅ്‌ (ഏകാഭിപ്രായം) ഉണ്ട്‌. അവര്‍ (ആരാധ്യന്മാര്‍) ലോകത്തിന്റെ ഇലാഹാണെന്നു വിശ്വസിക്കലും അല്ലെങ്കില്‍ അല്ലാഹുവിലേക്ക്‌ തങ്ങളെ അടിപ്പിക്കുമെന്ന്‌ വിശ്വസിക്കലും ഇവിടെ സമമാണ്‌. എന്തുകൊണ്ടെന്നാല്‍ അങ്ങേയറ്റത്തെ ബഹുമാന പ്രകടനമാണ്‌ ഇബാദത്ത്‌.'' (റാസി 14:223) 
ഒരു കാര്യം ആരാധനയാകാന്‍ ഈ പ്രപഞ്ചത്തെ സൃഷ്‌ടിച്ചവനും അല്ലാഹുവാണെന്ന്‌ വിശ്വസിക്കേണ്ടതില്ലെന്നും ഇപ്രകാരം വിശ്വസിച്ചിട്ടില്ലെങ്കിലും ആരാധനയാകുമെന്ന്‌ സര്‍വ പ്രവാചകന്മാരുടെയും ഏകാഭിപ്രായം (ഇജ്‌മാഅ്‌) ഉദ്ധരിച്ചുകൊണ്ട്‌ ഇമാം റാസി(റ) പ്രഖ്യാപിക്കുന്നു. അങ്ങേയറ്റത്തെ ബഹുമാനമാകുവാന്‍ ഇലാഹാണെന്ന്‌ വിശ്വസിക്കേണ്ടതില്ലെന്നും റാസി(റ) ഇവിടെ പഠിപ്പിക്കുന്നു. 
യാഥാസ്ഥിതികര്‍ ബഹുമാനിക്കുന്ന ഇബ്‌നുഹജറില്‍ ഹൈതമി(റ) പറയുന്നു: ``നിശ്ചയം നേര്‍ച്ച ചെയ്യുന്നവന്‍ ഒരു സ്ഥലത്തെ ബഹുമാനിക്കാന്‍ ഉദ്ദേശിച്ചു. അല്ലെങ്കില്‍ ഖബറിന്റെയോ ഖബറാളികളുടെയോ സാമീപ്യം ഉദ്ദേശിച്ചു. അല്ലെങ്കില്‍ ഒരു മഖ്‌ബറയിലേക്കു ചേര്‍ക്കപ്പെട്ടവരുടെ സാമീപ്യം ആഗ്രഹിച്ചു. എന്നാല്‍ ഈ രൂപത്തിലുള്ള ഒരു നേര്‍ച്ചയും സ്വഹീഹാവുകയില്ല. കാരണം ഈ നേര്‍ച്ചകൊണ്ട്‌ അല്ലാഹുവിന്റെ സാമീപ്യമല്ല അവര്‍ ഉദ്ദേശിക്കുന്നത്‌. സാധാരണക്കാരുടെ മിക്ക നേര്‍ച്ചയും ഇതുതന്നെയാണ്‌. നേര്‍ച്ച സ്ഥലങ്ങള്‍ക്ക്‌ ചില നിഗൂഢമായ പ്രത്യേകതകളുണ്ടെന്നും അവിടേക്കുള്ള നേര്‍ച്ച ആപത്തിനെ തടുക്കുമെന്നും അവര്‍ വിചാരിക്കുന്നു.'' (ഫതാവാല്‍ കുബ്‌റാ 4:268)
ഖുസ്വൂസ്വിയാത്തും ലാതുഫ്‌ഹമു (അറിയാന്‍ സാധിക്കാത്ത ചില പ്രത്യേകതകള്‍) എന്നാണ്‌ അറബിമൂലം. ഇതിനാണ്‌ മുജാഹിദുകളും ഇമാം റശീദ്‌ രിദ്വാ(റ)യും അദൃശ്യം അല്ലെങ്കില്‍ അഭൗതികം അല്ലെങ്കില്‍ കാര്യകാരണ ബന്ധത്തിന്‌ അതീതം, മറഞ്ഞ മാര്‍ഗം എന്നെല്ലാം പറയുന്നത്‌.
കെ വി കൂറ്റനാട്‌ മുസ്‌ല്യാര്‍ സമസ്‌ത പിളരുന്നതിന്റെ മുമ്പ്‌ എഴുതിയ ഖുര്‍ആന്‍ പരിഭാഷയില്‍ എഴുതുന്നു: ഒരു അദൃശ്യശക്തിക്ക്‌ മുമ്പില്‍ ഭക്തിയോടു കൂടി ചെയ്യുന്ന അപേക്ഷക്കാണ്‌ പ്രാര്‍ഥന എന്ന്‌ പറയുന്നത്‌ (ഫത്‌ഹുര്‍റഹ്‌മാന്‍ 3:421, സൂറ: മര്‍യമിലെ 50-ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍). ആത്മാക്കളും മലക്കുകളും ജിന്നുകളും ദൃശ്യവും ഭൗതികവുമായ വസ്‌തുക്കളോ ശക്തിയോ അല്ല. അദൃശ്യവും അഭൗതികവുമായ ശക്തിയാണ്‌.
അല്ലാഹു പറയുന്നു: 
``അവര്‍ അവരുടെ രക്ഷിതാവിനെ അദൃശ്യമായ മാര്‍ഗത്തിലൂടെ ഭയപ്പെടുന്നവരാണ്‌.'' (അന്‍ബിയാഅ്‌ 49)
``അതായത്‌ അദൃശ്യമായ നിലയില്‍ പരമകാരുണികനെ ഭയപ്പെടുകയും താഴ്‌മയുള്ള ഹൃദയത്തോടുകൂടി വരുകയും ചെയ്‌തവന്ന്‌'' (ഖാഫ്‌ 33). 
``അവര്‍ ഒരു കൂട്ടരാണ്‌. അദൃശ്യത്തിലൂടെ അവരുടെ രക്ഷിതാവിനെ അവര്‍ ഭയപ്പെടും.'' (ഫാത്വിര്‍ 18)
``തീര്‍ച്ചയായും തങ്ങളുടെ റബ്ബിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവരാരോ അവര്‍ക്ക്‌ പാപമോചനവും വലിയ പ്രതിഫലവുമുണ്ട്‌.'' (മുല്‍ക്ക്‌ 12).
മനുഷ്യര്‍ക്ക്‌ തെറ്റ്‌ ചെയ്യാന്‍ സുവര്‍ണാവസരങ്ങള്‍ അല്ലാഹു ഉണ്ടാക്കുമെന്ന്‌ പ്രസ്‌താവിച്ച ശേഷം ഇതിന്റെ ഉദ്ദേശം വിവരിക്കുന്നതു കാണുക: ``അല്ലാഹുവിനെ അദൃശ്യമായ നിലയില്‍ ആരാണ്‌ ഭയപ്പെടുന്നതെന്ന്‌ അവര്‍ അറിയാന്‍ വേണ്ടി.'' (മാഇദ: 74)
അപ്പോള്‍ അദൃശ്യമായി അല്ലാഹുവിനെ മാത്രം ഭയപ്പെടാനും അവനില്‍ മാത്രം പ്രതീക്ഷയര്‍പ്പിക്കാനുമാണ്‌ വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്‌. ഈ ഭയമാണ്‌ ഇബാദത്താകുന്നത്‌. ഈ ഭയവും പ്രതീക്ഷയുമുള്ള ദുആഅ്‌ പ്രവേശിക്കുന്ന സന്ദര്‍ഭത്തിലാണ്‌ ഒരു കാര്യം ഇബാദത്താകുന്നത്‌.
നൂഹ്‌നബി(അ) ജനങ്ങളോട്‌ ദുആഅ്‌ (ക്ഷണിക്കല്‍) ചെയ്‌തപ്പോള്‍ പ്രസ്‌തുത ദുആയില്‍ ഇത്തരം ഭയവും പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഖുബൂരികള്‍ പറയുന്ന നിര്‍വചനമാണ്‌ നൂതനമായത്‌. മഅ ഇഅ്‌തിഖാദില്‍ ഉലൂഹിയ്യ: (ഇലാഹാണെന്ന വിശ്വാസത്തോടുകൂടി) എന്ന്‌ ഒരൊറ്റ പണ്ഡിതനും ഇബാദത്തിന്‌ നിര്‍വചനം ചെയ്‌തപ്പോള്‍ നിബന്ധനക്കായി അവരുടെ നിര്‍വചനത്തിന്റെ കൂടെ ചേര്‍ത്തിപ്പറഞ്ഞിട്ടില്ല. മുഹമ്മദ്‌ നബി(സ) പറഞ്ഞു: ശകുനം ശിര്‍ക്കാണ്‌ (അബൂദാവൂദ്‌) അദൃശ്യവും അഭൗതികവുമായ ഭയമാണ്‌ ശകുനത്തിലും നഹ്‌സിലും ഉള്ളത്‌. നബി(അ) അരുളി: കൂമന്റെ ശബ്‌ദത്തില്‍ (അപകടം) ഇല്ല (ബുഖാരി, മുസ്‌ലിം) അറബികള്‍ അദൃശ്യവും അഭൗതികവുമായ നിലക്കാണ്‌ ഈ പക്ഷിയുട ശബ്‌ദത്തെ ഭയപ്പെട്ടിരുന്നത്‌. നാം കാക്കയുടെ ശബ്‌ദം കേള്‍ക്കുമ്പോള്‍ കോഴിക്കുഞ്ഞുങ്ങളുടെ മേല്‍ ആ ശബ്‌ദത്തെ ഭയപ്പെടുത്തുന്നതുപോലെയായിരുന്നില്ല. ഈ ഭയം ദൃശ്യവും ഭൗതികവുമാണ്‌. നബി(സ) അരുളി: സ്വഫറ്‌ മാസത്തില്‍ (അപകടം) ഇല്ല. ഈ മാസത്തിന്‌ അറബികള്‍ നഹ്‌സ്‌ സങ്കല്‌പിച്ച്‌ അദൃശ്യമായ നിലക്ക്‌ ഭയപ്പെട്ടിരുന്നു. നബി(അ) അരുളി: സര്‍പ്പത്തിന്റെ ശാപത്തെ ഭയപ്പെടുന്നവന്‍ മുസ്‌ലിമല്ല (അബൂദാവൂദ്‌) സര്‍പ്പത്തിന്റെ വിഷത്തെയും കടിയെയും ഭയപ്പെടാം. ഇതുകൊണ്ടാണ്‌ ഈ ഹദീസില്‍ തന്നെ സര്‍പ്പത്തെ വധിക്കാന്‍ പറയുന്നത്‌. ശാപം അദൃശ്യവും അഭൗതികവുമായ ഭയമാണ്‌. കടിയെ ഭയപ്പെടല്‍ ദൃശ്യവും ഭൗതികവുമായ ഭയമാണ്‌ കാര്യകാരണ ബന്ധത്തിന്‌ അതീതവുമല്ല.
ഇമാം റശീദ്‌ രിദ്വാ(റ)യെ വിമര്‍ശിച്ചതുകൊണ്ട്‌ അദൃശ്യവും അഭൗതികവുമായ ഭയവും പ്രതീക്ഷയും അല്ലാഹുവില്‍ നിന്ന്‌ മാത്രമല്ലാതെ ഭയപ്പെടുകയും പ്രതീക്ഷിക്കുകയും ചെയ്‌താല്‍ അതു തനിച്ച ശിര്‍ക്കും കുഫ്‌റുമാണെന്ന വിശ്വാസത്തില്‍ നിന്ന്‌ മുജാഹിദുകളെ വ്യതിചലിപ്പിച്ച്‌ കളയാമെന്ന്‌ ഖുബൂരികള്‍ ആഗ്രഹിക്കേണ്ടതില്ല. തൗഹീദിന്റെ അടിസ്ഥാനവും മൗലികവുമായ ഈ ഒരു ആശയം ഞങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ നിന്നും നബിചര്യയില്‍ നിന്നും റഷീദുറിള(റ)ക്ക്‌ മുമ്പ്‌ നിങ്ങള്‍ അംഗീകരിക്കുന്ന മഹാന്മാരുടെ തന്നെ നിര്‍വചനത്തിന്റെ സത്തയില്‍ നിന്നും ഗ്രഹിച്ചതാണ്‌. ഈ ആശയം കൊണ്ടാണ്‌ നിര്‍ഭയത്വമുള്ള ഒരു സംഘം ഏകദൈവ വിശ്വാസികളെ വാര്‍ത്തെടുക്കുവാന്‍ ഞങ്ങള്‍ക്ക്‌ സാധിച്ചത്‌. അമാനി മൗലവിയുടെ പരിഭാഷയില്‍ എഴുതുന്നു: ``അദൃശ്യമായ കഴിവ്‌ അല്ലാഹുവിന്‌ മാത്രമാക കൊണ്ട്‌ മറ്റാരോടും അതിനപേക്ഷിക്കുന്നത്‌ വ്യര്‍ഥമായിരിക്കുമെന്ന്‌ മാത്രമല്ല, അത്‌ തനി ശിര്‍ക്കും കൂടിയാണ്‌. താനും അല്ലാഹുവിനോടൊപ്പം മറ്റാരെയും വിളിച്ചു പ്രാര്‍ഥിക്കരുത്‌. (ലാ തദ്‌ഊ മഅല്ലാഹി അഹദന്‍) എന്ന്‌ അല്ലാഹു പറഞ്ഞതും അതുകൊണ്ടുതന്നെ (വിശുദ്ധ ഖുര്‍ആന്‍ വിവണം: 1-113). ഖുബൂരികളും ജിന്നുകളും ഈ തത്വത്തെ പരിഹസിച്ച്‌ തള്ളിയാലും ഇത്‌ ഇസ്‌ലാമിന്റെ അടിസ്ഥാനവും തൗഹീദ്‌ പരവുമായ വിശ്വാസമായി മുജാഹിദുകള്‍ മുകളില്‍ രണ്ടു ലക്കങ്ങളിലായി നാം വിവരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ദര്‍ശിച്ച്‌ ഈ വിശ്വാസത്തെ മനസ്സിന്റെ അറകളില്‍ എല്ലാം കുത്തിനിറച്ച്‌ മരണപ്പെടുക തന്നെ ചെയ്യുന്നതാണ്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: