അച്ചടക്കലംഘനം 2002ലോ 2012ലോ?
കെ പി സകരിയ്യ
2002 ആഗസ്‌ത് 12 ഞായര്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ ഇതപര്യന്തമുള്ള ചരിത്രത്തിലെ ഒരു `കറുത്ത ഞായര്‍' ആയിരുന്നു. അന്നായിരുന്നു ഇസ്വ്‌ലാഹീ ചരിത്രത്തിലെ ഏറ്റവും അപക്വമായ തീരുമാനം പുറത്തുവന്നത്. ദീര്‍ഘദൃഷ്‌ടിയില്ലാത്ത, പക്വതയില്ലാത്ത, അസഹിഷ്‌ണുക്കളായ ഒരു സംഘം ആളുകളുടെ വലയത്തില്‍ പെട്ട് അന്ധരായിത്തീര്‍ന്ന ഒരു നേതൃത്വത്തിന്റെ `ചരിത്രപരമായ വങ്കത്ത'ത്തിന് സാക്ഷ്യംവഹിച്ച ദിനം. പ്രസ്ഥാനത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ ആദര്‍ശസ്‌നേഹികളെ ഏറെ വേദനിപ്പിച്ച ദിനം. അത് ആഹ്ലാദത്തിന്റെ ആഘോഷത്തിന്റെ ദിനമായി ആമോദം കൊണ്ടവരുണ്ടായിരുന്നു.ഹുസൈന്‍ മടവൂരിന്റെയും അബ്‌ദുസ്സലാം സുല്ലമിയുടെയും രക്തംകൊണ്ടു ഹോളിയാഘോഷിച്ചവരായിരുന്നു അവര്‍. ഐ എസ് എമ്മിനെതിരെ ആരോപണങ്ങളുടെ മുള്ളുമാലകള്‍ കൊണ്ട് ഹാരമണിയിച്ചവരായിരുന്നു അവര്‍. അപ്രതിരോധ്യവും അതിശക്തവുമായിരുന്ന ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ അജയ്യമായ മേനിയില്‍ അസൂയയുടെയും ആരോപണങ്ങളുടെയും കഠാര കുത്തിയിറക്കി ഇതിനെ തുണ്ടംതുണ്ടമാക്കിയവരും അതുകണ്ട് അതിന് ചുറ്റിലും ആനന്ദനൃത്തം ചവിട്ടിയവരും ഒരേ ഗാനത്തിന്റെ ഈരടികള്‍ ഒന്നിച്ചുപാടുന്നവരായിരുന്നു.
ഇന്നവരുടെ ചുവടുകളും ഗാനങ്ങളും ഭിന്നങ്ങളായിത്തീര്‍ന്നിരിക്കുന്നു. ആക്ഷേപഹാസ്യത്തിന്റെ അലമാലകളുതിര്‍ക്കുന്ന തീവ്രഗര്‍ജനങ്ങളായി ആ ഗാനങ്ങള്‍ രൂപപ്പെട്ടിരിക്കുന്നു. അന്നത്തെ `സംവിധായകനും ഗായകനും' ഇന്ന് വിമാനങ്ങളില്‍ പാറിവരുമ്പോള്‍ പണ്ടത്തെ പച്ചപരവതാനികളോ പ്രൗഢോജ്വല സ്വീകരണങ്ങളോ കാണാനില്ല. കൈകാലുകള്‍ നഷ്‌ടപ്പെട്ട് `വാസവ ദത്ത'യെപ്പോലെ ഇവരെല്ലാം തെരുവോരങ്ങളില്‍ കിടന്ന് കാരുണ്യത്തിനായി യാചിക്കുകയാണ്. `ധൃതരാഷ്‌ട്രരെ'പ്പോലെ അന്ധരായിത്തീര്‍ന്ന നേതൃത്വം `മിമ്പറിലുള്ളവര്‍ താഴെയും താഴെയുള്ളവര്‍ മിമ്പറിലും കയറട്ടെ' എന്ന് വിലാപ സംഘഗാനം പാടുകയാണ്. നബി(സ) പറഞ്ഞെതത്ര വാസ്‌തവം: ``മര്‍ദിതന്റെ പ്രാര്‍ഥനയെ സൂക്ഷിക്കുക. അവന്റെയും അല്ലാഹുവിന്റെയും ഇടയില്‍ മറയില്ല.'' (ബുഖാരി 2448)
ഇസ്വ്‌ലാഹീ പ്രസ്ഥാനത്തെ വെട്ടിമുറിച്ച ദിനം അന്നത്തെ കെ എന്‍ എം ജനറല്‍ സെക്രട്ടറിയായിരുന്ന എ പി അബ്‌ദുല്‍ഖാദിര്‍ മൗലവി മാധ്യമത്തിന് നല്‍കിയ അഭിമുഖം വീണ്ടും വായിക്കുന്നത് ഈ സന്ദര്‍ഭത്തില്‍ ഏറെ കരണീയമാണ്. മാധ്യമം പ്രതിനിധി അദ്ദേഹത്തോട് ചോദിച്ചു. ``ഇപ്പോള്‍ രൂപവത്‌കരിച്ച ഐ എസ് എമ്മിന്റെ അഡ്‌ഹോക്ക് കമ്മിറ്റിയും ഇതേ പാതയില്‍ നീങ്ങില്ലെന്നതിന്‌് എന്താണുറപ്പ്?
എ പി: `വിശ്വാസിയെ ഒരേ മാളത്തില്‍ നിന്ന് രണ്ടുതവണ പാമ്പുകടിക്കില്ലെന്നാണ് പ്രമാണം. അനുഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഐ എസ് എമ്മിനെ കെ എന്‍ എമ്മിന്റെ ശിക്ഷണത്തിലും മാര്‍ഗനിര്‍ദേശത്തിലും പോഷക സംഘടനയായി തന്നെ നിലനിര്‍ത്തുമെന്ന് ചുരുക്കം'
ഈ വിശദീകരണം ഇന്നത്തെ സാഹചര്യത്തില്‍ പല ചോദ്യങ്ങളുമുയര്‍ത്തുന്നു. എ പിയുടെ വാദപ്രകാരം ഇവിടെ രണ്ടാം തവണ പാമ്പുകടിയേറ്റിരിക്കുന്നു. ഇതിനെ എങ്ങനെ വിശദീകരിക്കും. അനുഭവപാഠം മുന്‍നിര്‍ത്തി അച്ചടക്കമുള്ള അഡ്‌ഹോക്കിനെ നിയോഗിച്ചവര്‍ക്ക് കിട്ടിയ തിരിച്ചടി വിലയിരുത്തി നേരത്തെ ചെയ്‌തുപോയ തെറ്റുകള്‍ തിരുത്തി പശ്ചാത്തപിക്കുകയല്ലേ വേണ്ടത്.
2002ല്‍ പുറംതള്ളിയ കെ കെ മുഹമ്മദ് സുല്ലമി, സി പി ഉമര്‍ സുല്ലമി, ഹുസൈന്‍ മടവൂര്‍, അബ്‌ദുസ്സലാം സുല്ലമി, മുഹമ്മദ് കുട്ടശ്ശേരി, ഐ എസ് എമ്മിന്റെ അന്നത്തെ നേതൃത്വത്തിലുണ്ടായിരുന്ന ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ആദര്‍ശ വ്യതിയാനം വന്നുവെന്ന ആരോപണം പിന്‍വലിച്ചു മാപ്പുപറയേണ്ടതല്ലേ? സംഘടനക്കകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ചില അപചയങ്ങള്‍ മാന്യമായി ചൂണ്ടിക്കാണിച്ചതിനാല്‍ അവരെ ഒതുക്കാനും നിശ്ശബ്‌ദരാക്കാനും ഉന്മൂലനം ചെയ്യാനും ചില `സഹോദരങ്ങള്‍' മെനഞ്ഞുണ്ടാക്കിയ വ്യാജമായിരുന്നില്ലേ വ്യതിയാനാരോപണം. ആ ആരോപണ പ്രചാരണത്തിന് വേദിയൊരുക്കിയതും ഒത്താശകള്‍ ചെയ്‌തുകൊടുത്തതും അവര്‍ക്കൊപ്പം നിന്ന് അത് ആവര്‍ത്തിച്ചുരുവിട്ടതും കടുത്ത പാതകമായിരുന്നില്ലേ? അപരാധങ്ങള്‍ തിരുത്താതിരിക്കുന്നത് ക്ഷന്തവ്യമാണോ?
2002 ജൂലൈ 30നാണ് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പുലര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങള്‍: ആരോപണങ്ങളും മറുപടിയും എന്ന പേരില്‍ 180 പേജ് വരുന്ന ഒരു പുസ്‌തകം ഐ എസ് എം പ്രസിദ്ധീകരിച്ചുവെന്ന ഒരു `വമ്പന്‍കുറ്റം' ചാര്‍ത്തിക്കൊണ്ട് ഐ എസ് എമ്മിനെ പിരിച്ചുവിടാതിരിക്കാന്‍ വല്ല കാരണവും ബോധിപ്പിക്കണമെങ്കില്‍ അറിയിക്കാമെന്ന് `തിട്ടൂരം' കുറിച്ചുകൊണ്ടുള്ള ഷോക്കോസ് നോട്ടീസ് പുറപ്പെടുവിച്ചത് അതില്‍ ഉന്നയിച്ചിരുന്ന മറ്റു `കുറ്റകൃത്യ'ങ്ങള്‍ താഴെ പറയുന്നവയായിരുന്നു: അല്‍മനാര്‍ ഹജ്ജ് സെല്ലും ഫാമിലി സെല്ലും രൂപീകരിച്ചു, ഐ എസ് എം പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു, അത്തൗഹീദ് ദൈ്വമാസിക പ്രസിദ്ധീകരിച്ചു, നേതൃത്വത്തെ അവഗണിച്ചു, ആക്ഷേപിച്ചു!
ഈ കത്തിന് 2002 ജൂലൈ 12ന് ഐ എസ് എം വിശദീകരണം നല്‌കിക്കൊണ്ടുള്ള മറുപടിക്കത്ത് നല്‌കി. പ്രസിദ്ധീകരിക്കപ്പെട്ട ആ കത്ത് കൈവശമുള്ളവര്‍ ഒന്നുകൂടി എടുത്തുവായിച്ചുനോക്കുക. എത്ര പക്വവും ബഹുമാനപൂര്‍വകവുമാണ് ആ കത്തിലെ വരികള്‍ എന്ന് ആര്‍ക്കും ബോധ്യപ്പെടും. എന്നാല്‍ `വിനാശകാലേ വിപരീത ബുദ്ധി'യെന്ന് പറയാറുള്ളത് അര്‍ഥവത്താക്കിക്കൊണ്ട് 2002 ആഗസ്‌ത് 12ന് ഐ എസ് എമ്മിനെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചുകൊണ്ടും പുതിയ അഡ്‌ഹോക്കിനെ അവരോധിച്ചതായി അറിയിച്ചുകൊണ്ടും `തിട്ടൂരം' പുറത്തിറക്കുകയുണ്ടായി.
അന്ന് ഐ എസ് എമ്മിന്റെ സാരഥ്യത്തിലുണ്ടായിരുന്ന അച്ചടക്ക ലംഘനം കാണിച്ചവര്‍ ആരായിരുന്നുവെന്നും അഡ്‌ഹോക്ക് ആയി നിയോഗിക്കപ്പെട്ട അച്ചടക്കമുള്ളവര്‍ ആരായിരുന്നുവെന്നും അറിയുന്നത് കൗതുകകരമാണ്.
അബൂബക്കര്‍ കാരക്കുന്ന് (പ്രസിഡന്റ്), പി മുസ്‌തഫ ഫാറൂഖി (ജന. സെക്രട്ടറി) എന്‍ എം അബ്‌ദുല്‍ജലീല്‍ (ട്രഷറര്‍), അബ്‌ദുല്‍ ഹസീബ് മദനി, എം മുഹമ്മദ് ത്വയ്യിബ് സുല്ലമി, എ ടി ഹസന്‍ മദനി, എന്‍ കെ അഹ്‌മദ് മദനി (വൈ.പ്രസിഡന്റ്), കെ പി സകരിയ്യ, പി എന്‍ അബ്‌ദുല്‍ അഹദ് മദനി, കെ എന്‍ സുലൈമാന്‍ മദനി (സെക്രട്ടറി)
വിശ്വസ്‌തരും അച്ചടക്കമുള്ളവരും ആദര്‍ശ നിഷ്‌ഠയുള്ളവരുമായി നിയോഗിക്കപ്പെട്ട അഡ്‌ഹോക്ക് താഴെ പറയുന്നവരായിരുന്നു: സയ്യിദ് മുഹമ്മദ് ശാക്കിര്‍ (പ്രസിഡന്റ്), ഡോ. അബൂബക്കര്‍ കടവത്തൂര്‍, കെ കെ സകരിയ്യാ സ്വലാഹി, ഡോ. സുല്‍ഫിക്കര്‍ അലി, എന്‍ കെ താഹ എറണാകുളം (വൈസ് പ്രസിഡന്റ്), സി പി സലീം (ജന.സെക്രട്ടറി), നാസിര്‍ ബാലുശ്ശേരി, ഹാരിസുബ്‌നു സലീം, നബീല്‍ രണ്ടത്താണി (സെക്രട്ടറി), അര്‍ഷദ് അരീക്കോട് (ട്രഷറര്‍)
ആദര്‍ശ നിഷ്‌ഠരും നേതൃത്വത്തെ അനുസരിക്കുന്നവരും അച്ചടക്കമുള്ളവരുമായ ഏറ്റവും നല്ല ഭാരവാഹികളുടെ ഒരു ടീം. ഇതില്‍ ഓരോരുത്തരും നേതൃത്വത്തിന് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ആദരവും അംഗീകാരവും ഏവര്‍ക്കും അറിവുള്ളതാണല്ലോ.
ഇതോടൊപ്പം ആദര്‍ശസംബന്ധമായ വിശകലനമടങ്ങിയ ഒരു പുസ്‌തകം ഐ എസ് എം പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് നടപടിക്ക് മുതിര്‍ന്നവര്‍ക്ക് മുമ്പില്‍ ലഘുലേഖകളുടെ, നോട്ടീസുകളുടെ, ഫെയ്‌സ്‌ബുക് ആക്രമണങ്ങളുടെ, നെറ്റ് പ്രഭാഷണ പടയോട്ടങ്ങളുടെ പേമാരി പെയ്‌തിറങ്ങിക്കൊണ്ടിരിക്കുന്നു. അത്തൗഹീദ് ദൈ്വമാസികയുടെ ഒരു വരികൊണ്ടു പോലും സംഘടനയ്‌ക്ക് ഒരു പോറലുമേറ്റിട്ടില്ല. ഇസ്വ്‌ലാഹ് മാസിക പ്രസവിച്ചുകൊണ്ടിരിക്കുന്ന ആദര്‍ശ വൈകല്യങ്ങളുടെ കലവറ കണ്ടിട്ടും നമ്മുടെ സഹോദരങ്ങള്‍ക്ക് അവരുടെ തെറ്റുകള്‍ ഏറ്റുപറയാനായില്ലേ? ഒരു അല്‍മനാര്‍ ഹജ്ജ് സെല്ലിനുപകരം ഹജ്ജ് സെല്ലുകളുടെ തന്നെ ചാകര കണ്ട് കണ്ണ് തള്ളിയിരിക്കുന്നവര്‍ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ എത്ര ബാലിശമായിരുന്നുവെന്ന് ആലോചിച്ചിരുന്നുവെങ്കില്‍! കൂര്‍ത്തു മൂര്‍ത്ത കൂരമ്പുകളടങ്ങുന്ന വാക്കുകള്‍ നെഞ്ചില്‍ വന്ന് തറക്കുമ്പോഴെങ്കിലും അച്ചടക്കമില്ലെന്നാരോപിച്ചു സിമിയെപ്പോലെ ഒന്നുമല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച്, പുറംതള്ളിയ ആദര്‍ശനിഷ്‌ഠരും പക്വമതികളുമായ പഴയ സുഹൃത്തുക്കളെക്കുറിച്ച് ഓര്‍ക്കുക. സ്വയം `സീറോ'യിലേക്ക് കുതിക്കുമ്പോഴെങ്കിലും തിരിച്ചറിവിന്റെ വിവേകം നഷ്‌ടപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുക.
0 comments: