സ്‌ത്രീസുരക്ഷ ശക്തമാക്കാന്‍ നിയമനിര്‍മാണം വേണം

  • Posted by Sanveer Ittoli
  • at 8:56 PM -
  • 0 comments
സ്‌ത്രീസുരക്ഷ ശക്തമാക്കാന്‍ നിയമനിര്‍മാണം വേണം

എല്ലുകോച്ചുന്ന ഡിസംബര്‍ തണുപ്പിനെ വകവെയ്‌ക്കാതെ ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ തെരുവിലിറങ്ങിയ ആയിരക്കണക്കിന്‌ യുവതീയുവാക്കളുയര്‍ത്തിയ ആവശ്യങ്ങളും മുദ്രാവാക്യങ്ങളുംകൊണ്ട്‌ ഡല്‍ഹി `കത്തുക'യായിരുന്നു കഴിഞ്ഞ മാസം. 
2012 ഡിസംബര്‍ പതിനാറാം തിയതി ഒന്‍പതിനും പത്തിനുമിടയില്‍ ഓടുന്ന ബസ്സില്‍ വെച്ച്‌ ഏതാനും കാമവെറിയന്മാരായ മനുഷ്യപ്പിശാചുക്കള്‍ ഒരു യുവതിയെ പിച്ചിച്ചീന്തി പാതയോരത്തെറിഞ്ഞതാണ്‌ ഡല്‍ഹിയെ പ്രകോപിപ്പിച്ചതും ലോകം നടുങ്ങിയതും.
ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്നുള്ള ഇരുപത്തിമൂന്നുകാരിയായ ഒരു പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ഇന്റേണ്‍ഷിപ്പിനായി ഡല്‍ഹിയിലെത്തിയതായിരുന്നു. സിനിമ കഴിഞ്ഞ്‌ തിരിച്ചുപോയ യുവതി കയറിയ ബസ്സിലെ ജീവനക്കാരുള്‍പ്പെടെ ഏതാനും പേര്‍ ചേര്‍ന്ന്‌ മാനഭംഗപ്പെടുത്തി, അല്ല പിച്ചിച്ചീന്തി, മഹിപാല്‍പുരി മേല്‍പാലത്തില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞതായിരുന്നു സംഭവം. മുനീര്‍ക്കയില്‍ നിന്ന്‌ ദ്വാരകയിലേക്ക്‌ പോകുന്ന വൈറ്റ്‌ലൈന്‍ ബസ്സിലാണ്‌ ദാരുണമായ ഈ സംഭവം അരങ്ങേറിയത്‌.
ബലാല്‍സംഗവും സ്‌ത്രീപീഡനവും സര്‍വസാധാരണമായിട്ടുണ്ട്‌. എന്നാല്‍ ഈ സംഭവത്തെ വേറിട്ടുനിര്‍ത്തുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്‌. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ തലസ്ഥാനത്താണ്‌ സംഭവം. ക്രമസമാധാന പാലകര്‍ തിരിഞ്ഞുനോക്കിയില്ല. തികഞ്ഞ അലംഭാവം. ഉത്തരവാദപ്പെട്ട ഭരണാധികാരികള്‍ ഗൗരവത്തിലെടുത്തില്ല. നിസ്സംഗഭാവം. ഇതാണ്‌ ഡല്‍ഹിയിലെയും പരിസരത്തെയും യുവതീയുവാക്കളെയും വിദ്യാര്‍ഥി വിദ്യാര്‍ഥിനികളെയും തെരുവിലിറക്കിയത്‌. ആരും പറഞ്ഞിട്ടില്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ പ്രേരണയിലുണ്ടായ പങ്കുചേരല്‍ മാത്രം. പിന്നില്‍ രാഷ്‌ട്രീയമില്ല. കക്ഷിത്വമില്ല; സംഘാടകര്‍ പോലുമില്ല. ഒന്നുരണ്ടു ദിവസം കൊണ്ട്‌, ബയ്‌ജിംഗിലെ ടിയാനന്‍ മെന്‍സ്‌ക്വയറിനെയും കയ്‌റോയിലെ തഹ്‌രീര്‍ ചത്വരത്തെയും ഓര്‍മിപ്പിക്കുംവിധം ഡല്‍ഹി വിജയ്‌ചൗക്ക്‌ സമരക്കളമായിത്തീര്‍ന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു കഴിഞ്ഞ രണ്ടാഴ്‌ച. ഒടുവില്‍ വിദഗ്‌ധ ചികിത്സയ്‌ക്കായി സിംഗപ്പൂരിലേക്കയച്ചു. ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ ആ പെണ്‍കുട്ടി, കൃത്യമായ മൊഴിപോലും നല്‍കാന്‍ സാധിക്കാതെ, ഈ പീഡനലോകത്തുനിന്ന്‌ വിടവാങ്ങിയ വാര്‍ത്ത വന്നു.
ഇത്ര ഭീകരമായ ഒരു പീഡനം നടന്നിട്ടും അധികാരികള്‍ തിരിഞ്ഞുനോക്കാതിരുന്നതാണ്‌ യുവതയെ പ്രകോപിപ്പിച്ചത്‌. എന്നിട്ടും അക്രമികളെ പിടികൂടുന്നതിനു പകരം പ്രക്ഷോഭകര്‍ക്കുനേരെ എഴു ഡിഗ്രി സെല്‍ഷ്യസിലേക്ക്‌ താണ കൊടുംതണുപ്പില്‍, ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു. ഈ ജലപീരങ്കിയില്‍ നിന്നുതിര്‍ന്ന സമ്മര്‍ദത്തേക്കാള്‍ ഇന്ത്യയുടെ ആഭ്യന്തരമന്ത്രി യാഥാര്‍ഥ്യബോധമില്ലാതെ പ്രതികരിച്ചതാണ്‌ വലിയ പ്രശ്‌നമായി കണ്ടത്‌. ഈ പ്രക്ഷോഭം നക്‌സല്‍ തീവ്രതയാണെന്നാണ്‌ സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞത്‌. ഡല്‍ഹി ഭരിക്കുന്ന മുഖ്യമന്ത്രി ഷീലാ ദീക്ഷിതും യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും ലോക്‌സഭാ സ്‌പീക്കര്‍ മീരാകുമാറും എല്ലാം പെണ്ണായിട്ടുപോലും ഒരു പെണ്ണിന്റെ ദുരന്ത പര്യവസാനം എന്തുകൊണ്ട്‌ ഗൗരവമായി എടുത്തില്ല എന്നത്‌ സമരത്തിനിറങ്ങിയവരുടെ മാത്രം ചോദ്യമായി തള്ളിക്കളയേണ്ടതല്ല.
തലസ്ഥാന നഗരിയുടെ മര്‍മപ്രധാനമായ ഇന്ത്യാഗെയ്‌റ്റും പാര്‍ലമെന്റ്‌ മന്ദിരവും രാഷ്‌ട്രപതിഭവന്‍ പരിസരംപോലും സമരക്കാര്‍ കൈയടക്കിയശേഷമേ ഭരണയന്ത്രം അനങ്ങിയുള്ളൂ. കേന്ദ്രഗവര്‍മെന്റിന്റെ മൂക്കിനുമുന്നില്‍ ഒരു ഭീകരത നടമാടിയിട്ട്‌ പ്രധാനമന്ത്രി വായതുറന്നത്‌ ദിവസങ്ങള്‍ കഴിഞ്ഞശേഷം. ഒന്‍പതാം ദിവസം പ്രധാനമന്ത്രിയുടെ വളരെ ന്യായയുക്തവും നീതിഭദ്രവുമായ പ്രഖ്യാപനം വന്നു. `അമര്‍ഷം ന്യായം. അക്രമം ഒന്നും നേടിത്തരില്ല'. ആദ്യം തെരുവിലിറങ്ങിയ സംഘത്തെ മാന്യമായി അഭിമുഖീകരിച്ച്‌ പ്രധാനമന്ത്രിയോ ബന്ധപ്പെട്ട മറ്റാരെങ്കിലുമോ ഇക്കാര്യം പറഞ്ഞ്‌ സാന്ത്വനം നല്‍കി ത്വരിതഗതിയില്‍ അന്വേഷണ നടപടികള്‍ കൈക്കൊണ്ടിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇത്ര വഷളാകുമായിരുന്നില്ലല്ലോ. ഒടുവില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചുകൊണ്ട്‌ ഉത്തരവായിട്ടുണ്ട്‌. പൈശാചികത്വത്തിന്റെ ഇര യഥാര്‍ഥ നീതിയുടെ ലോകത്തേക്ക്‌ യാത്രയാവുകയുംചെയ്‌തു.
സ്‌തീത്വം, അല്ല മനുഷ്യത്വം, പരസ്യമായും അതിക്രൂരമായും ബലാത്സംഗം ചെയ്യപ്പെട്ടിട്ടെന്തേ നമുക്കീ നിസ്സംഗത! ഇതാണ്‌ യഥാര്‍ഥ ചിന്താവിഷയം. ഡല്‍ഹി ബസ്സിലെ പീഡനം ഒരു നിമിത്തം മാത്രം. ഇത്‌ ഒറ്റപ്പെട്ട ഒരു സംഭവമല്ല. നാട്ടിലുടനീളം നിത്യവും നൂറുക്കണക്കിന്‌ പീഡനകഥകള്‍ പുറത്തുവരുന്നു. 2011ല്‍മാത്രം 4353 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടുവത്രേ. ഡല്‍ഹിപ്രശ്‌നം കൊടുമ്പിരിക്കൊള്ളുന്നതിനിടയില്‍ ഡല്‍ഹിയില്‍ തന്നെ ഒരു ചാനല്‍ റിപ്പോര്‍ട്ടറായ യുവതിക്ക്‌ നേരെ കയ്യേറ്റം. ക്യാമറ കണ്ടപ്പോള്‍ മാത്രമാണ്‌ അവര്‍ പിന്തിരിഞ്ഞത്‌. എന്താണിതിന്‌ അര്‍ഥം? പൈശാചികത അരങ്ങുതകര്‍ത്തുവാഴുന്നു. അധോലോകം മറനീക്കി പുറത്തുവരുന്നു. നോക്കാനും നിയന്ത്രിക്കാനും ആരുമില്ല. ആരെയും ഭയക്കാനില്ല. നിയപാലകര്‍ പോലും കശ്‌മലര്‍ക്ക്‌ കൂട്ടുനില്‌ക്കുന്നു. തെളിവെടുപ്പും കുറ്റപത്രസമര്‍പ്പണവും കാര്യക്ഷമമല്ല. കേസ്‌ വിചാരണ അനന്തമായി നീളുന്നു. പണവും അധികാരത്തിലെ പിടിപാടും എന്തും ചെയ്യാന്‍ `ധൈര്യം' നല്‍കുന്നു. ഇനി വര്‍ഷങ്ങള്‍ കഴിഞ്ഞ്‌, കക്ഷികള്‍ പലരും മരണപ്പെട്ട്‌, വിധി വന്നാലോ?! ഏതാനും വര്‍ഷം തടവ്‌. അതിനിടയില്‍ വല്ല വിശേഷ ദിവസവും വന്നാല്‍ ഇളവ്‌. ഈയൊരു നീതിന്യായചിത്രം നിലനില്‌ക്കുന്നേടത്തോളം കാലം ക്രിമിനലുകള്‍ക്ക്‌ മേല്‍ക്കൈ സ്വാഭാവികം. "Justice delayed is justice denied' എന്ന തത്ത്വം സര്‍വാംഗീകൃതമാണല്ലോ.
ഈയൊരു പശ്ചാത്തലത്തിലാണ്‌ വിജയചൗക്കിലെ പ്രക്ഷോഭരുടെ ആവശ്യം ശ്രദ്ധേയമാകുന്നത്‌. ബലാത്സംഗത്തിന്‌ വധശിക്ഷ വേണമെന്ന നിയമനിര്‍മാണം നടത്തണമെന്നാണ്‌ അവരുടെ ആവശ്യം. ഈ അക്രമികളെ പിടികൂടണമെന്നത്‌ കേവലാവശ്യമല്ല. പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍, യുവതികളും വിദ്യാര്‍ഥിനികളും വിശേഷിച്ചും കടുത്ത ശിക്ഷ നല്‍കണമെന്നവര്‍ ചാനല്‍ ക്യാമറയ്‌ക്കു മുന്നില്‍വന്ന്‌ സധൈര്യം ആവശ്യപ്പെടുന്നു. സമൂഹത്തിന്‌ ക്ഷതമേല്‌പിക്കുന്ന ക്രിമിനല്‍ കുറ്റത്തിന്‌ ശക്തമായ ശിക്ഷവേണമെന്ന്‌ തിരിച്ചറിയുന്നു എന്നര്‍ഥം. കസബിനെ തൂക്കിക്കൊന്നപ്പോള്‍ പോലും അത്ര വേണ്ടിയിരുന്നില്ല എന്ന്‌ പറഞ്ഞ ബുദ്ധിജീവികളുണ്ട്‌ എന്നോര്‍ക്കുക. ആവശ്യത്തിന്റെ ആധിക്യമാകാം ബലാല്‍ക്കാരത്തിന്‌ കടുത്ത ശിക്ഷ നല്‍കണമെന്ന വ്യവസ്ഥയ്‌ക്കുവേണ്ടി നിയമനിര്‍മാണം നടത്തണമോ എന്ന കാര്യത്തില്‍ ജനാഭിപ്രായം തേടിക്കൊണ്ട്‌ ജസ്റ്റിസ്‌ വര്‍മ മുന്നോട്ടുവന്നിരിക്കുന്നു. ഈയവസരം വിവേകമതികള്‍ ഉപയോഗപ്പെടുത്തുക. ബലാത്സംഗം പോലുള്ള കൊടുംക്രൂരതകള്‍ക്ക്‌ വധശിക്ഷ നല്‍കാവുന്നതാണെന്ന്‌ മുംബൈ ഹൈക്കോടതിയും നിരീക്ഷിച്ചതായി വാര്‍ത്ത വന്നു.
കുറ്റം ചെയ്‌തവരെ ശിക്ഷയ്‌ക്ക്‌ വിധേയമാക്കുക എന്നത്‌ കാടത്തമോ അപരിഷ്‌കൃതമോ അല്ല, മാനവികതയുടെ തേട്ടമാണ്‌. എന്നാല്‍ ക്രിമിനലുകള്‍ സൃഷ്‌ടിക്കപ്പെടാതിരിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ്‌ ആദ്യം വേണ്ടത്‌. സ്‌ത്രീ മേനിയഴക്‌ വില്‌പനയ്‌ക്ക്‌ വച്ചിരിക്കുന്ന അഭിനവ നാഗരികതയില്‍ സ്‌ത്രീ മാനഭംഗപ്പെടുത്തപ്പെടുന്നത്‌ സ്വാഭാവികമല്ലേ?
അര്‍ധനഗ്നതകളോ പൂര്‍വനഗ്നകളോ ആയ പെണ്ണുങ്ങളുടെ പൂര്‍ണകായ ബഹുവര്‍ണ ചിത്രം നാടൊട്ടുക്കും പതിച്ചുവച്ച ലോകം. നടികളും മോഡലുകളും അഴിഞ്ഞാടാന്‍ അവസരം കാത്തിരിക്കുന്ന പശ്ചാത്തലം. അനിയന്ത്രിതമായ സ്‌ത്രീപുരുഷ സംസര്‍ഗത്തിനുള്ള അവസരങ്ങള്‍. ഉടുതുണിയില്ലാതെ പെണ്ണിന്റെ ഏതു പോസിലുമുള്ള ചിത്രം കൈവശമുള്ള പരസ്യഭീമന്മാര്‍. ഈ പരസ്യ ജീര്‍ണതകളില്‍ നിന്ന്‌ ഭിക്ഷ പറ്റി തടിച്ചുകൊഴുക്കുന്ന ചാനലുകള്‍. എന്റര്‍ടെയ്‌ന്‍മെന്റ്‌ എന്ന പേരില്‍ മൃഗങ്ങള്‍ നാണിക്കുന്ന ലൈംഗിക ചേഷ്‌ടകള്‍. കൗമാരത്തെയും യൗവനത്തെയും വെല്ലുവിളിക്കുന്ന ബോഡി ലാംഗ്വേജുകള്‍... ഇതാണ്‌ സാമൂഹികാവസ്ഥ. ഇതെല്ലാം ഭംഗ്യന്തരേണ ലൈംഗിക വൈകൃതങ്ങള്‍ക്കും ചാരിത്ര്യചോരണത്തിനും വളം വയ്‌ക്കുന്ന സംഗതികളാണ്‌. ഈ നിലപാടു തറയില്‍ നിന്നുകൊണ്ട്‌ `വധശിഷ' നടപ്പിലാക്കാണം എന്നു പറയുന്നത്‌ ബുദ്ധി പൂര്‍വകമാകണമെന്നില്ല.
ഇവിടെ ഇസ്‌ലാമിന്റെ നിലപാട്‌ ഒരു ചിന്തയ്‌ക്കു വേണ്ടിയെങ്കിലും സമര്‍പ്പിക്കട്ടെ: ലൈംഗികത ജന്തുസഹജമാണ്‌. അതിന്റെ മാനവികതയാണ്‌ വിവാഹം. ലൈംഗികതയെ പവിത്രമായി കാണുക, നഗ്നത മറയ്‌ക്കുക എന്നത്‌ പ്രാഥമികമായ അനിവാര്യത. അന്യ സ്‌ത്രീപുരുഷന്മാര്‍ സമൂഹമായി ജീവിക്കുന്നതിനു വിരോധമില്ല. എന്നാല്‍ മാന്യമായി വസ്‌ത്രം ധരിക്കുക. അനാവശ്യമായി അന്യോന്യം നോട്ടംപോലും അരുത്‌. സ്‌ത്രീ ഒറ്റയ്‌ക്ക്‌ യാത്ര ചെയ്യരുത്‌. ഒരു സ്‌ത്രീയും പുരുഷനും ഒറ്റയ്‌ക്ക്‌ ആയിത്തീരരുത്‌. ആണ്‍കുട്ടികളും പെണ്‍കുട്ടികളും മുതിരുന്നതോടെ ഒന്നിച്ചു ശയിക്കാനുള്ള അവസരം രക്ഷിതാക്കള്‍ ബോധപൂര്‍വം ഒഴിവാക്കണം. സ്‌ത്രീത്വത്തെ ആദരിക്കണം. സ്‌ത്രീത്വത്തെ പുലഭ്യം പറയരുത്‌.
അപവാദം പറഞ്ഞുപരത്തിയാല്‍ എണ്‍പതടി ശിക്ഷ. ഇങ്ങനെയെല്ലാമുള്ള മുന്‍കരുതലുകള്‍ ഒരു സംസ്‌കാരമായി അംഗീകരിച്ചിരിക്കെ നാലാള്‍ കാണ്‍കെ (സാക്ഷി എന്നര്‍ഥം) വ്യഭിചരിച്ചാല്‍ -ഉഭയസമ്മത പ്രകാരമാണെങ്കില്‍ പോലും-പരസ്യമായ കടുത്ത ശിക്ഷ.
പിന്നെ ബലാല്‍സംഗമാണെങ്കില്‍ പറയേണ്ടതുണ്ടോ? ഈയൊരു സമൂഹക്രമത്തിന്റെ പ്രായോഗികരൂപം കാണിച്ചുതന്ന ശേഷമാണ്‌ പ്രവാചകന്‍ വിടപറഞ്ഞത്‌. ഇന്ത്യയില്‍ ഇത്‌ നടപ്പാക്കണമെന്ന്‌ നിര്‍ദേശിക്കാന്‍ മൗഢ്യം നമുക്കില്ല. എന്നാല്‍ പലിശരഹിത ഇസ്‌ലാമിക സാമ്പത്തിക ക്രമം ലോകസാമ്പത്തിക വിദഗ്‌ധര്‍ ചര്‍ച്ചയ്‌ക്കു വിധേയമാക്കിയ പോലെ ഈ നിയമനിര്‍ദേശങ്ങളും ഇക്കാലത്ത്‌ ചര്‍ച്ചയാകുന്നത്‌ നന്ന്‌!

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: