പി കെ മൊയ്‌തീന്‍ സുല്ലമി
വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുള്ള, ചരിത്രത്തില്‍ കഴിഞ്ഞുപോയ സംഭവങ്ങളെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ എല്ലാ കാലക്കാര്‍ക്കും ഒരേ നിലയില്‍ ബാധകമല്ല. കാരണം കഴിഞ്ഞുപോയതും നമുക്ക് പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരാന്‍ സാധ്യമല്ലാത്തതുമായ നിരവധി സംഭവങ്ങള്‍ ഖുര്‍ആനിലുണ്ട്. ഉദാഹരണത്തിന്: ``മൂസാനബി(അ)യോട് അല്ലാഹു നേരിട്ട് സംസാരിക്കുകയും ചെയ്‌തു'' (നിസാഅ് 164). ഈ സംഭവം ഉയര്‍ത്തിക്കാട്ടി കാന്തപുരമോ കോണാംപാറ ഖലീല്‍ തങ്ങളോ അല്ലാഹുവുമായി സംസാരിച്ചു എന്ന് വല്ല എ പി സുന്നീഭക്തനും അവകാശവാദമുന്നയിച്ചാല്‍ സത്യവിശ്വാസികള്‍ക്ക് അംഗീകരിക്കാനാവുമോ? കാരണം അത് മൂസാനബിഅ(അ)യുടെ മുഅ്‌ജിസത്തില്‍ പെട്ട കാര്യമാണ്. വിശുദ്ധ ഖുര്‍ആനില്‍ ഇന്ന് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന നിരവധി കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: ``ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന് പറഞ്ഞു നടക്കുന്ന ചില ആളുകളുണ്ട്. (വാസ്‌തവത്തില്‍) അവര്‍ വിശ്വാസികളല്ല'' (അല്‍ബഖറ 8). ഈ വചനം നമുക്കും ബാധകമാണെന്ന് അപ്രകാരം കപടന്മാരില്‍ പെട്ട ആര്‍ക്കും അവകാശപ്പെടാവുന്നതാണ്.
വരാന്‍ പോകുന്ന നിരവധി സംഭവങ്ങളും വിശുദ്ധ ഖുര്‍ആനിലുണ്ട്. ``കാഹളത്തില്‍ ഊതപ്പെടുകയും നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തുകയും ചെയ്യുന്ന ദിവസം'' (നബഅ് 18). ലോകാവസാനം വരെ ചെയ്യേണ്ട കല്‍പനകളും, നിര്‍ദേശങ്ങളുമായി വന്നിട്ടുള്ളതുമായ ഒട്ടനവധി കാര്യങ്ങളും ഖുര്‍ആനിലുണ്ട്. ``അവനെ (അല്ലാഹുവെ) യല്ലാതെ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു'' (ഇസ്‌റാഅ് 23). ഇസ്‌ലാമിന്റെ വിശ്വാസകര്‍മങ്ങളും പെരുമാറ്റ മര്യാദകളുമെല്ലാം ഈ ഇനത്തില്‍ പെടുന്നു. ഭൂമിശാസ്‌ത്രപരവും സസ്യ-ജന്തു-ഗോള ശാസ്‌ത്രപരവും മുന്‍ഗാമികളുടെ ചരിത്രവുമായി ബന്ധപ്പെടുന്നതും അല്ലാത്തതുമായ നിരവധി കാര്യങ്ങള്‍ ഖുര്‍ആനിലുണ്ട്.
ഇവിടെ പരാമര്‍ശിക്കുന്നത്, ചില പ്രത്യേക സംഭവങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ വചനങ്ങളാണ്. അവയില്‍ തന്നെ ലോകാവസാനം വരെ നമുക്ക് ബാധകമായിട്ടുള്ള നിയമങ്ങളും നബി(സ)യുടെ വ്യക്തിപരവും കുടുംബപരവും, അവിടുത്തെ അനുചരന്മാര്‍ക്ക് മാത്രം ബാധകമായിട്ടുള്ളതുമായ പല വചനങ്ങളും വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. ഇതൊന്നും മനസ്സിലാക്കാതെ, `സത്യവിശ്വാസികളേ' എന്ന് അല്ലാഹു എവിടെയെങ്കിലും സംബോധന ചെയ്‌തിട്ടുണ്ടെങ്കില്‍ അത് എക്കാലത്തെയും മുസ്‌ലിംകള്‍ക്കു ബാധകമാണെന്ന് ജല്‌പിച്ചുകൊണ്ടു തോന്നിയ വ്യാഖ്യാനം നല്‍കി പുരോഹിതന്മാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഫസാദ് മാപ്പര്‍ഹിക്കാത്തതാണ്.
വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണമായ ഹദീസുകളോ മഹാന്മാരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ നല്‌കിയ തഫ്‌സീറുകളോ നോക്കാതെയും പഠിക്കാതെയും ഏതെങ്കിലും ഒരായത്തോതി തോന്നിയ അര്‍ഥവും വ്യാഖ്യാനവും നല്‌കി സ്വയം വഴിപിഴക്കുകയും മറ്റുള്ളവരെ വഴിപിഴപ്പിക്കുകയും ചെയ്യുന്ന അവസ്ഥ ഏറിവരികയാണ്. ഇവര്‍ മുന്‍ഗാമികളെ മാത്രമല്ല തള്ളിക്കളയുന്നത്. ഇവരുടെ സമുന്നത പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയ ഖുര്‍ആന്‍ പരിഭാഷകള്‍ പോലും അംഗീകരിക്കുന്നില്ല.
ചില ഖുര്‍ആന്‍ വചനങ്ങളുടെ അവതരണ സന്ദര്‍ഭങ്ങളില്‍ ലോകാവസാനം വരെയുള്ള സത്യവിശ്വാസികള്‍ക്ക് പാഠമുണ്ട് എന്ന് മുമ്പ് പ്രസ്‌താവിച്ചുവല്ലോ? അതിനുദാഹരണമാണ് സൂറതുത്തഹ്‌രീമിലെ ആദ്യവചനങ്ങള്‍. നബി(സ) സൈനബ(റ) എന്ന ഭാര്യയുടെ വീട്ടില്‍ നിന്നും തേന്‍കഴിച്ചതിന്റെ പേരില്‍ മറ്റു ഭാര്യമാര്‍ അനിഷ്‌ടം പ്രകടിപ്പിച്ചപ്പോള്‍ അവിടുന്ന് അല്ലാഹു ഹലാലാക്കിയ തേനിനെ സ്വയം ഹറാമാക്കി പ്രഖ്യാപിക്കുന്നു. അല്ലാഹു നബി(സ)യുടെ ഈ തീരുമാനത്തെ നിശിതമായി എതിര്‍ക്കുന്നു. ഇമാം ബുഖാരിയും മറ്റും താഴെ വരുന്ന വചനത്തിന്റെ അവതരണ സന്ദര്‍ഭം അതായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
അതിപ്രകാരമാണ്: ``ഓ, നബീ, താങ്കളെന്തിനാണ് താങ്കളുടെ ഭാര്യമാരുടെ പ്രീതി തേടിക്കൊണ്ട് അല്ലാഹു താങ്കള്‍ക്ക് അനുവദനീയമാക്കിത്തന്നതിനെ (തേനിനെ) താങ്കള്‍ ഹറാമാക്കുന്നത്?'' (തഹ്‌രീം 1). ഈ വചനത്തില്‍ നിന്നും ലോകാവസാനം വരെയുള്ള സത്യവിശ്വാസികള്‍ക്കുള്ള പാഠം: ``അല്ലാഹു ഹലാലാക്കിയതിനെ ഹറാമാക്കാന്‍ നബി(സ)ക്കു പോലും അധികാരമില്ല'' എന്നതാണ്.
എന്നാല്‍ സമസ്‌തക്കാര്‍ അല്ലാഹുവും റസൂലും അനുവദനീയമാക്കിത്തന്നെ പലതിനെയും ഹറാമാക്കുന്നവരും അല്ലാഹുവും റസൂലും ഹറാമാക്കിയ പലതിനെയും ഹലാലാക്കുന്നവരുമാണ്. സ്‌ത്രീകള്‍ `ജുമുഅ' നമസ്‌കാരത്തില്‍ പങ്കെടുക്കല്‍ ഹറാമാണെന്ന് മുസ്‌ലിം ലോകത്ത് ഇന്നേവരെ ഒരു പണ്ഡിതനും വാദമുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഇമാം ശാഫിഈ(റ)യുടെ അല്‍ഉമ്മ് എന്ന ഗ്രന്ഥം മുതല്‍ പത്ത് കിതാബ് വരെ പരിശോധിച്ചാല്‍ അക്കാര്യം ബോധ്യപ്പെടും. നൂറു കണക്കില്‍ സ്വഹീഹായ ഹദീസുകള്‍ ഈ വിഷയകമായി രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. ഒരു ഹദീസ് മാത്രം ഉദ്ധരിക്കാം: ``നബി(സ) പ്രസ്‌താവിച്ചതായി ഇബ്‌നു ഉമര്‍(റ) റിപ്പോര്‍ട്ടു ചെയ്‌തു: അല്ലാഹുവിന്റെ ദാസികളായ സ്‌ത്രീകള്‍ അല്ലാഹുവിന്റെ പള്ളിയില്‍ നമസ്‌കരിക്കുന്നതിനെ നിങ്ങള്‍ തടയരുത്.'' (ഇബ്‌നുമാജ)
സ്‌ത്രീകള്‍ക്ക് പള്ളി ഹറാമാക്കുന്ന സമസ്‌തക്കാരുടെ സമുന്നത നേതാവായ ഇമാം നവവി(റ)യുടെ പ്രസ്‌താവന ഇക്കാര്യത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ല എന്നാണ്. അതിപ്രകാരമാണ്: ``തീര്‍ച്ചയായും ഇബ്‌നുമുന്‍ദിറും അല്ലാത്ത പണ്ഡിതന്മാരും ഏകോപിച്ച് (തര്‍ക്കമില്ലാതെ) അഭിപ്രായപ്പെട്ടിട്ടുണ്ട്; ഒരു സ്‌ത്രീ പള്ളിയില്‍ വന്ന് ജുമുഅ നമസ്‌കരിക്കല്‍ അനുവദനീയമാണ്. തീര്‍ച്ചയായും നബി(സ)യുടെ പിന്നില്‍ അവിടുത്തെ പള്ളിയില്‍ സ്‌ത്രീകള്‍ നമസ്‌കരിച്ചിരുന്നു എന്ന കാര്യം തുടര്‍ച്ചയായി വന്നിട്ടുള്ള നിരവധി സ്വഹീഹായ ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ടിട്ടുള്ളതാണ്.'' (ശറഹുല്‍ മുഹദ്ദബ് 4:484)
ഇത്രയും രേഖപ്പെടുത്തിയത് ഖുര്‍ആനിന്റെ ചില അവതരണ സന്ദര്‍ഭങ്ങള്‍ മനസ്സിലാക്കാനും താഴെവരുന്ന വിഷയം എളുപ്പത്തില്‍ മസസ്സിലാക്കാനുമാണ്. നബി(സ)ക്ക് മാത്രം ബാധകമാകുന്നതോ അവിടുത്തെ സ്വഹാബികള്‍ക്കു മാത്രം ബാധകമാകുന്നതോ ആയിട്ടുള്ള ചില വചനങ്ങളും സാന്ദര്‍ഭികമായി അവതരിപ്പിച്ചിട്ടുണ്ട്. അതൊക്കെ ജീവിച്ചിരിക്കുന്ന പ്രവാചകനോട് എങ്ങനെ പെരുമാറണം എന്ന് പഠിപ്പിക്കാനുള്ളതാണ്. പ്രസ്‌തുത വചനത്തിന്നു മുന്നില്‍ GľeBG ?j?dG ??G ?j (ഹേ, സത്യവിശ്വാസികളേ) എന്ന് സംബോധന ചെയ്‌തത് അവര്‍ കാഫിറുകളല്ലാത്തതുകൊണ്ട് മാത്രമാണ്. അല്ലാതെ ലോകാവസാനം വരെയുള്ള മുസ്‌ലിംകള്‍ക്ക് ബാധകമാകും എന്ന നിലയിലല്ല. ഈ വചനം നബി(സ) മരണപ്പെട്ടതിനു ശേഷം അവതിരിപ്പിച്ചതുമല്ല. അങ്ങനെയായിരുന്നെങ്കില്‍ ഖുറാഫികള്‍ക്ക് ഒരല്‍പമൊക്കെ പിടിച്ചുനില്‌ക്കാന്‍ കഴിയുമായിരുന്നു.
ഈ വചനം മരണപ്പെട്ടവരെ (നബിയെ) വിളിച്ചു തേടാന്‍ തെളിവാണെന്ന് ആരും പറഞ്ഞിട്ടില്ല. പ്രസ്‌തുത വചനം ഇപ്രകാരമാണ്: ``ഹേ, സത്യവിശ്വാസികളേ, നിങ്ങള്‍ (നബിയോട്) റാഇനാ എന്നു പറയരുത്. പകരം ഉന്‍ദ്വുര്‍നാ എന്നു പറയുകയും ശ്രദ്ധിച്ചുകേള്‍ക്കുകയും ചെയ്യുക'' (അല്‍ബഖറ 104). മേല്‍ വചനത്തിന്റെ അവതരണസന്ദര്‍ഭം പല മുഫസ്സിറുകളും രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ചുരുക്കം ഇപ്രകാരമാണ്: `റാഇനാ' എന്ന പദത്തിന്റെ അര്‍ഥം `ഞങ്ങളെ പരിഗണിക്കേണമേ' എന്നാണ്. എന്നാല്‍ യഹൂദികളുടെ ഭാഷയില്‍ അത് അസഭ്യവാക്കാണ്. അവരുടെ ഭാഷയില്‍ അതിന് `ഞങ്ങളുടെ വിഡ്‌ഢി' എന്നും അര്‍ഥമുണ്ട്. അതിനാല്‍ നബി(സ)യെ പരിഹസിക്കാന്‍ യഹൂദികള്‍ `റാഇനാ' എന്ന പദം ഉപയോഗപ്പെടുത്തിയിരുന്നു. അതുകൊണ്ട് അല്ലാഹു സത്യവിശ്വാസികള്‍ നബി(സ)യോട് അപ്രകാരം പറയുന്നത് നിരോധിക്കുകയും പകരം `ഞങ്ങളെ നോക്കേണമേ' എന്നര്‍ഥം വരുന്ന `ഉന്‍ദ്വുര്‍നാ' എന്ന വാക്ക് ഉപയോഗിക്കാന്‍ കല്‌പിക്കുകയും ചെയ്‌തു.
ഇവിടെ മനസ്സിലാക്കാവുന്ന കാര്യം: നബി(സ)യോട് `റാഇനാ' എന്നു പറഞ്ഞിരുന്ന നബി(സ)യുടെ കാലത്ത് ജീവിച്ചിരുന്ന സ്വഹാബികള്‍ക്കു മാത്രമേ ഇക്കാര്യം ബാധകമാകൂ എന്നതാണ്. നമ്മള്‍ നബി(സ)യോട് `ഉന്‍ദ്വുര്‍നാ' പറയാന്‍ നാം നബി(സ)യെ `റാഇനാ' എന്നു വിളിച്ചിട്ടില്ലല്ലോ? നബി(സ)യോട് അപ്രകാരം പറഞ്ഞത് അവിടുന്ന് ജീവിച്ചിരിക്കുന്ന കാലത്തുമാണ്. മരിച്ചുപോയവരെ ജീവിച്ചിരിക്കുന്നവര്‍ക്ക് തുല്യമാക്കിക്കൊണ്ടാണ് ഇവര്‍ മുന്‍കാലം മുതല്‍ക്കു തന്നെ പല ശിര്‍ക്കും സ്ഥാപിക്കാറുള്ളത്!
നബി(സ)യോട് അവിടുന്ന് ജീവിച്ചിരിക്കുന്ന കാലത്ത് അരികില്‍ വന്ന് ഉന്‍ദ്വുര്‍നാ (ഞങ്ങളെ നോക്കേണമേ) എന്നു പറയുകയും നബി(സ) അവരിലേക്ക് നോക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇപ്പോള്‍ അപ്രകാരം പറഞ്ഞാല്‍ നബി(സ) എങ്ങനെയാണ് നോക്കുക? ഇനി ഏതെങ്കിലും ഒരു ഖുര്‍ആന്‍ വചനത്തിന്റെ തുടക്കം `സത്യവിശ്വാസികളേ' എന്ന സംബോധനം കൊണ്ടാണെങ്കില്‍ അതൊക്കെ ലോകാവസാനം വരെ മരിച്ചവരെ വിളിച്ചുതേടാനുള്ള തെളിവാണെന്ന് ആരാണ് ഇവരെ പഠിപ്പിച്ചത്?
അങ്ങനെയാണെങ്കില്‍ താഴെ വരുന്ന ഖുര്‍ആന്‍ വചനങ്ങള്‍ക്ക് അവര്‍ മറുപടി പറയേണ്ടതുണ്ട്. ഒന്ന്: ``അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്‌ദങ്ങള്‍ നബി(സ)യുടെ ശബ്‌ദത്തേക്കാള്‍ നിങ്ങള്‍ ഉയര്‍ത്തരുത്'' (ഹുജുറാത്ത് 2). ഈ വചനത്തിന്റെ അവതരണ സന്ദര്‍ഭം അബൂബക്കറും(റ) ഉമറും(റ) പ്രവാചക സന്നിധിയില്‍ വെച്ച് ഉച്ചത്തില്‍ സംസാരിച്ചു എന്നതായിരുന്നു എന്ന് ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. ഈ വചനത്തിന്റെ മുന്നില്‍ `സത്യവിശ്വാസികളേ' എന്ന സംബോധനം ഉള്ളതുകൊണ്ടു മാത്രം ലോകാവസാനം വരെയുള്ളവര്‍ക്ക് എങ്ങനെ ബാധകമാകും. കാരണം നബി(സ)യുടെ മുന്നില്‍ എത്ര കണ്ട് ശബ്‌ദം ഉയര്‍ത്തണം എന്നത് അവിടുത്തെ ശബ്‌ദം കേട്ടവര്‍ക്കേ അറിയൂ. നബി(സ) ലോകാവസാനം വരെ ജീവിച്ചിരിക്കുമോ? ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ?
രണ്ട്: ``സത്യവിശ്വാസികളേ, ചില കാര്യങ്ങളെ സംബന്ധിച്ച് നിങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ക്കത് വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്കത് മനപ്രയാസമുണ്ടാക്കും. ഖുര്‍ആന്‍ ഇറങ്ങുന്ന സമയത്ത് നിങ്ങളവയെക്കുറിച്ച് ചോദിക്കുന്ന പക്ഷം നിങ്ങള്‍ക്കവ വെളിപ്പെടുത്തുക തന്നെ ചെയ്യും'' (മാഇദ 101). മേല്‍വചനത്തിന്റെ അവതരണസന്ദര്‍ഭം നബി(സ)യോട് ചില സ്വഹാബിമാര്‍ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചു എന്നതായിരുന്നു എന്ന് സിഹാഹുസ്സിത്തയുടെ മുഹദ്ദിസുകള്‍ റിപ്പോര്‍ട്ടുചെയ്‌തിട്ടുണ്ട്. മേല്‍ വചനം നബി(സ)യുടെ മരണത്തോടെ നിലച്ചു. പിന്നെ ലോകാവസാനം വരെയുള്ളവര്‍ക്ക് എങ്ങനെയാണ് ബാധകമാവുക?
മൂന്ന്: ``സത്യവിശ്വാസികളേ, നിങ്ങള്‍ റസൂലുമായി രഹസ്യസംഭാഷണം നടത്തുന്ന പക്ഷം, രഹസ്യസംഭാഷണത്തിന്റെ മുമ്പായി ഏതെങ്കിലും ഒരു ദാനം നിങ്ങള്‍ സമര്‍പ്പിക്കൂ'' (മുജാദില 12). മരണപ്പെട്ട നബിയോട് എങ്ങനെയാണ് രഹസ്യസംഭാഷണം നടത്തുക. എങ്ങനെ ദാനംനല്‌കും? അതിനാല്‍ `സത്യവിശ്വാസികളേ', എന്ന സംബോധനം ഉള്ളതുകൊണ്ടു മാത്രം ഒരു വചനം ലോകാവസാനം വരെയുള്ളവര്‍ക്ക് ബാധകമാകുന്നില്ല.
നാല്: ``സത്യവിശ്വാസികളേ, ഭക്ഷണത്തിന് (നിങ്ങളെ ക്ഷണിക്കുകയും) നിങ്ങള്‍ക്ക് സമ്മതം ലഭിക്കുകയും ചെയ്‌തെങ്കിലല്ലാതെ നിങ്ങള്‍ നബി(സ)യുടെ വീട്ടില്‍ പ്രവേശിക്കരുത്'' (അഹ്‌സാബ് 53). മേല്‍വചനത്തിന്റെ അവതരണ സന്ദര്‍ഭം സൈനബ(റ)യുടെ വിവാഹ സല്‍ക്കാരമായിരുന്നു എന്ന് ഹദീസ് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വചനത്തിന്റെ മുന്നില്‍ `സത്യവിശ്വാസികളേ' എന്ന വിളി ഉള്ളതുകൊണ്ടു മാത്രം ലോകാവസാനം വരെയുള്ള സത്യവിശ്വാസികള്‍ക്ക് അത് ബാധകമാകുന്നില്ല. കാരണം അത് ജീവിച്ചിരുന്ന നബിയുമായി ബന്ധപ്പെടുന്ന പ്രശ്‌നമാണ്. മരണപ്പെട്ട പ്രവാചകന്‍ ഇനി വിവാഹം കഴിക്കുകയോ സദ്യ നടത്തുകയോ ചെയ്യുന്നതല്ല. അതിനാല്‍ ജനങ്ങളെ ശിര്‍ക്കിലേക്ക് നയിക്കാന്‍ വേണ്ടി മുസ്‌ലിയാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന കുതന്ത്രങ്ങളും ദുര്‍വ്യാഖ്യനങ്ങളും നാം സൂക്ഷിക്കേണ്ടതുണ്ട്.
0 comments: