ജനനവും മരണവും കൊണ്ടാടുന്നവര്‍
ലോകത്ത് അറിയപ്പെടുന്നതും കോടിക്കണക്കിന് അനുയായികളുള്ളതുമായ അനേകം മതങ്ങളുണ്ട്. അവയ്‌ക്കൊക്കെ നിയമസംഹിതകളും വേദഗ്രന്ഥങ്ങളും ഉപജ്ഞാതാക്കളുമുണ്ട്. വിശ്വാസ-അനുഷ്‌ഠാന-ആചാരങ്ങളില്‍ ഇവ തമ്മില്‍ സാജാത്യങ്ങളും വൈജാത്യങ്ങളും ഏറെയുണ്ട്. അവയില്‍ നിന്ന് തികച്ചും വ്യത്യസ്‌തമായ ഒരു ആദര്‍ശസംഹിതയാണ് ഇസ്‌ലാം.
ഏതെങ്കിലും ജാതിയുടെയോ പ്രദേശത്തിന്റെയോ മതമല്ല ഇസ്‌ലാം. പ്രപഞ്ച സ്രഷ്‌ടാവിനു മുന്നില്‍ മനുഷ്യന്‍ സമ്പൂര്‍ണമായി സമര്‍പ്പിക്കുന്നതിനാണ് ഇസ്‌ലാം എന്ന് പറയുന്നത്. സ്രഷ്‌ടാവായ ദൈവം മാനവരാശിക്ക് നേര്‍മാര്‍ഗം കാണിച്ചുകൊടുക്കാന്‍ നിശ്ചയിച്ച ദൂതന്മാര്‍ മുഖേന കാലാകാലങ്ങളില്‍ മനുഷ്യരിലേക്കെത്തിച്ചുതന്ന നിയമസംഹിതയും ജീവിത വ്യവസ്ഥയുമാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ കാഴ്‌ചപ്പാടില്‍ യഥാര്‍ഥ മതം അല്ലാഹുവില്‍ നിന്നുള്ളതാണ്. അത് ദൈവദൂതന്മാര്‍ മുഖേന പ്രബോധനം ചെയ്യപ്പെട്ടതാണ്. എന്നാല്‍ ആ പ്രവാചകന്മാരുടെ വിയോഗാനന്തരം അവരുടെ അനുയായികളോ പിന്‍മുറക്കാരോ വികലമാക്കുന്നതു കൊണ്ടാണ് മതങ്ങള്‍ അനേകമുണ്ടാകുന്നതും അവ തമ്മില്‍ വൈരുധ്യങ്ങള്‍ നിലനില്‌ക്കുന്നതും
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസാ തുടങ്ങിയ പ്രവാചകരിലൂടെ അവതീര്‍ണമായത് തന്നെയാണ് നിങ്ങള്‍ക്കും നിയമമായി (ശര്‍അ്) നിശ്ചയിച്ചുതന്നത്.'' അതുകൊണ്ടാണല്ലോ നൂഹ്, ഇബ്‌റാഹീം, ദാവൂദ്, സുലൈമാന്‍, മൂസാ, ഹാറൂന്‍, ഇസ്‌മാഈല്‍, ഇസ്‌ഹാഖ്, ഈസാ തുടങ്ങിയ മുന്‍ പ്രവാചകരെയെല്ലാം വിശ്വസിക്കലും ആദരിക്കലും ഇസ്‌ലാമിന്റെ അടിസ്ഥാനാദര്‍ശത്തില്‍ (ഈമാന്‍ കാര്യത്തില്‍) പെടുത്തിയിരിക്കുന്നത്. ഈ പ്രവാചകപരമ്പരയുടെ ഒടുവിലത്തെ കണ്ണി മാത്രമാണ് മുഹമ്മദ് നബി(സ). ദൈവദൂതന്മാര്‍ക്കിടയില്‍ ഞങ്ങള്‍ വിവേചനം കാണിക്കില്ല എന്നത് മുസ്‌ലിംകളുടെ നയമായി ഖുര്‍ആന്‍ (2:285) പ്രഖ്യാപിച്ചു. അതേസമയം പ്രവാചകന്മാര്‍ ദൈവത്തിന്റെ സന്തതികളാണെന്ന വാദം ഇസ്‌ലാം നിരാകരിക്കുന്നു. കാരണം, അത് ദൈവത്തിന്റെ മഹത്വത്തിന് ചേര്‍ന്നതല്ല. മതാചാര്യന്മാര്‍ ദൈവാവതാരങ്ങളാണെന്ന സങ്കല്‌പം ഇസ്‌ലാം അംഗീകരിക്കുന്നില്ല. കാരണം, ഒരു മനുഷ്യനിലൂടെ അവതരിക്കുക എന്നത് ദൈവത്തിനു ചേര്‍ന്നതല്ല. ദൈവത്തിന്റെ പ്രതിനിധിയോ പ്രതിപുരുഷനോ അല്ല പ്രവാചകര്‍. മറിച്ച്, ദിവ്യസന്ദേശങ്ങള്‍ ലഭിക്കുന്ന മനുഷ്യപുത്രന്മാരാണ് പ്രവാചകര്‍ എന്ന് ഖുര്‍ആന്‍ (18:110) അസന്നിഗ്‌ധമായി പ്രഖ്യാപിക്കുന്നു. തന്റെ ആസുരമായ പൂര്‍വകാല ജീവിതത്തില്‍ മനംനൊന്ത് പശ്ചാത്തപിച്ച് പതിറ്റാണ്ടുകള്‍ കാടുകയറി തപസ്സുചെയ്‌ത് നേടിയെടുത്തതോ സമൂഹത്തിന്റെ ദുരവസ്ഥയില്‍ വേപഥു പൂണ്ട് കഴിയുമ്പോള്‍ ബോധോദയമുണ്ടായതോ ഒന്നുമല്ല; മറിച്ച്, ദൈവം മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനത്തിനായി തെരഞ്ഞെടുത്ത മാതൃകായോഗ്യരായ ഉത്തമമനുഷ്യരാണ് ദൈവദൂതന്മാര്‍. അമാനുഷരോ അതിമാനുഷരോ അല്ല. മനുഷ്യരുടെ വികാരവിചാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പച്ചയായ മനുഷ്യരായിരുന്നു അവര്‍. ഇതര മതങ്ങളിലെ ആചാരസങ്കല്‌പങ്ങളും ഇസ്‌ലാമിലെ പ്രവാചകരിലുള്ള വിശ്വാസവും വ്യതിരിക്തമാകുന്നതിങ്ങനെയാണ്.
ആ പ്രവാചകന്മാരും സമൂഹവുമായിട്ടുള്ള ബന്ധമെന്താണ് എന്നതാണ് നമ്മുടെ ചിന്താ വിഷയം. തന്റെ രക്ഷിതാവ് തനിക്ക് മാര്‍ഗദര്‍ശനത്തിനായി നിയോഗിച്ച ദൂതനാണ് ഇദ്ദേഹം എന്ന് തിരിച്ചറിയുന്നതോടെ അദ്ദേഹത്തെ പിന്‍പറ്റല്‍ നിര്‍ബന്ധമായിത്തീര്‍ന്നു. പ്രവാചകന്‍, ചില മതാചാര്യന്മാരെപ്പോലെ ആരാധിക്കപ്പെടുന്ന പുണ്യപുരുഷനല്ല. മറ്റു ചിലരുടെ വിശ്വാസംപോലെ പ്രവാചകനില്‍ വിശ്വസിക്കുന്നതോടെ വിശ്വാസിയുടെ സകല പാപങ്ങളും ഏറ്റെടുക്കുന്ന ആളുമല്ല. നേരെ മറിച്ച്, `നിങ്ങള്‍ക്ക് റസൂലില്‍ ഉത്തമമാതൃകയുണ്ട്' (33:21) എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ പൊരുളനുസരിച്ച് പ്രവാചകന്‍ മാതൃകാപുരുഷനാണ്. ആ മാതൃക ജീവിതത്തില്‍ പകര്‍ത്തി ജീവിച്ച വ്യക്തികള്‍ക്ക് മാത്രമേ മോക്ഷത്തിന്നര്‍ഹതയുള്ളൂ. ``ഓരോ വ്യക്തിക്കും താന്‍ പ്രവര്‍ത്തിച്ചതു മാത്രമേയുള്ളൂ. അതിന്റെ ഫലം അനുഭവിക്കുകയും ചെയ്യും. ഒരാളുടെ പാപഭാരം മറ്റൊരാള്‍ പേറുകയുമില്ല'' (53:38-40). ഇത് ഇസ്‌ലാമിന്റെ അടിസ്ഥാനസിദ്ധാന്തമാണ്.
റസൂലിനെ പ്രീതിപ്പെടുത്തുക, മരണാനന്തരം അദ്ദേഹത്തിന്റെ ആത്മാവിനെ പ്രീതിപ്പെടുത്തുക തുടങ്ങിയ, മറ്റു പലേടത്തും കാണുന്ന തരത്തിലുള്ള വികലധാരണകള്‍ മുസ്‌ലിംകള്‍ വെച്ചുപുലര്‍ത്തുന്നില്ല. പ്രവാചകന്റെ കൂടെ ജീവിച്ച അനുചരന്മാര്‍ ആ ജീവിതം ഒപ്പിയെടുത്ത് സ്വാംശീകരിച്ചു. പില്‍ക്കാലക്കാര്‍ ആ ചര്യ പിന്തുടരുകയാണ് വേണ്ടത്. പ്രവാചകന്‍ തന്നിലേല്‍പിക്കപ്പെട്ട ദൗത്യം പൂര്‍ത്തീകരിച്ച് വിടവാങ്ങുന്നതിനു മുമ്പ് നല്‍കിയ വസ്വിയ്യത്ത് വളരെ പ്രസിദ്ധവും ശ്രദ്ധേയവുമാണ്: ``ഞാന്‍ നിങ്ങള്‍ക്ക് രണ്ട് കാര്യങ്ങള്‍ വിട്ടേച്ചുപോകുന്നു. അവ രണ്ടും മുറുകെ പിടിച്ചാല്‍ നിങ്ങള്‍ പിഴക്കില്ല. ദൈവികഗ്രന്ഥവും അവന്റെ നബിയുടെ ചര്യയുമത്രേ അവ.'' (മുവത്വ)
പ്രവാചകചര്യ പിന്‍പറ്റി ജീവിതം ചിട്ടപ്പെടുത്തുക എന്നതാണ് സത്യവിശ്വാസിയുടെ ബാധ്യത. മറ്റേതൊരു മതാചാര്യരെയും പോലെയല്ല പ്രവാചകന്മാര്‍. അവര്‍ ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു, ജനങ്ങള്‍ക്ക് മാതൃകയായി. വിശുദ്ധ ഖുര്‍ആന്‍ ഇരുപത്തിയഞ്ച് പ്രവാചകന്മാരുടെ ജീവിതചരിത്രം മനുഷ്യരുടെ മുന്നില്‍ വയ്‌ക്കുന്നു. അവരുടെ ആദര്‍ശജീവിതത്തിലെ സംഭവപ്രധാനമായ ചരിത്രമാണ് വ്യത്യസ്‌ത സന്ദര്‍ഭങ്ങളിലായി മുഹമ്മദ് നബിയുടെ പില്‍ക്കാലക്കാര്‍ക്കും ഗുണപാഠമായി നിരത്തിയത്. പരമ്പരാഗതമായി നാം കണ്ട ചരിത്ര കഥനത്തില്‍ നിന്ന് വ്യത്യസ്‌തമായിരുന്നു അത്. അതില്‍ അവരുടെ ജനനതീയതിക്കോ സമാധിക്കോ ജന്മസ്ഥല്‍, സമാധിസ്ഥല്‍ എന്നിവയ്‌ക്കോ പ്രാധാന്യമില്ല. പറഞ്ഞിട്ടുപോലുമില്ല. എന്നാല്‍ സമൂഹങ്ങളുടെ വിശ്വാസം, സ്വഭാവം, സംസ്‌കാരം, നിലപാട്, പ്രവാചകരോടുള്ള സമീപനങ്ങള്‍, പ്രതികരണങ്ങള്‍ എല്ലാം പ്രതിപാദിച്ചു. ചിലരെ ശിക്ഷിച്ചതും വിശദീകരിച്ചു.
ചില പ്രവാചകന്മാര്‍ക്ക് വന്‍ വിജയങ്ങളുണ്ടായി. ആ വിജയങ്ങളും സമൂഹശിക്ഷകളും കഴിഞ്ഞ് ആ പ്രവാചകന്മാര്‍ എവിടെവെച്ച് മരിച്ചു എന്നു പറയാതിരുന്നതിലും യുക്തിയുണ്ട്. ആചാര്യന്മാരുടെ ജനിമൃതികള്‍ ആഘോഷിക്കുക, അവരുടെ ജന്മസ്ഥലം ആചാരകേന്ദ്രമാക്കുക തുടങ്ങിയ വിശ്വാസദൗര്‍ബല്യങ്ങള്‍ എല്ലാ സമൂഹങ്ങളിലുമുണ്ട്. പക്ഷേ, ആദര്‍ശത്തിന് പ്രാധാന്യം കല്‌പിക്കുന്ന ഇസ്‌ലാം അത്തരം എല്ലാ ആചാരങ്ങളും നിരാകരിച്ചു. അതുകൊണ്ടു തന്നെ ലോകത്തുള്ള ഇതര ജനനേതാക്കളെയോ മതാചാര്യന്മാരെയോ പോലെ പ്രവാചകനെ കണക്കാക്കിക്കൂടാ. പുണ്യമെന്നനിലയില്‍ പ്രതിഫലം ലഭിക്കുന്ന ഒരു കാര്യം മുസ്‌ലിംകള്‍ക്ക് ചെയ്യണമെങ്കില്‍ മുഹമ്മദ് നബി(സ)യുടെ നിര്‍ദേശം വേണം.
നിര്‍ഭാഗ്യവശാല്‍ മുഹമ്മദ് നബിയുടെ അനുയായികളെന്നു പറയുന്ന മുസ്‌ലിം പിന്‍മുറക്കാര്‍ ഈ യാഥാര്‍ഥ്യം മറന്നുപോയി. മറ്റു നേതാക്കള്‍ക്കൊപ്പം മുഹമ്മദ് നബിയെ താഴ്‌ത്തിക്കെട്ടി. നബി കാണിച്ചുതന്നിട്ടില്ലെങ്കിലും നിര്‍ദേശിച്ചിട്ടില്ലെങ്കിലും നബിജയന്തി ആഘോഷമാക്കി. നബി ജനിച്ച മാസം തന്നെ ഉത്സവകാലമാക്കി. എല്ലാം പ്രവാചകസ്‌നേഹത്തിന്റെ പേരിലാണെന്നതാണ് ഖേദകരം. എന്നാല്‍ പ്രവാചകനെ പിന്‍പറ്റി ജീവിക്കുന്ന കാര്യത്തില്‍ തികഞ്ഞ അലംഭാവം കാണിക്കുകയും ചെയ്യുന്നു.
പ്രവാചകന്റെ യഥാര്‍ഥമായ ശേഷിപ്പ് നബിചര്യയാണ്. അത് വിട്ടുകളഞ്ഞ് ഭൗതികശേഷിപ്പുകള്‍ തേടിപ്പോകുന്ന പ്രവണതയും ഇതരസമൂഹങ്ങളെ അനുകരിക്കലാണ്.
മുഹമ്മദ് നബി വിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാള്‍ കടപ്പെട്ടവനാണ് (33:6) എന്ന് ഖുര്‍ആന്‍ പറയുന്നു. അത് അക്ഷരാര്‍ഥത്തില്‍ പാലിച്ച സ്വഹാബികള്‍ ആചരിക്കാത്ത നബിദിനാഘോഷം മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമായത് വിവരക്കേടുകൊണ്ടാണ്. നബി(സ)യുടെ പ്രബോധന ജീവിതത്തില്‍ നിരവധി നിര്‍ണായക സംഭവങ്ങളുണ്ട്. അവയിലൊന്നും മതപരമായി അനുഷ്‌ഠിക്കാന്‍ നിര്‍ദേശമില്ല. ജനനം, ഹിജ്‌റ, യുദ്ധങ്ങള്‍, പീഡനങ്ങള്‍, വിജയം, വിവാഹം, പുത്രജനനം, പുത്രമരണം, പ്രവാചകവിയോഗം എന്തെല്ലാം സംഭവങ്ങള്‍! ഒന്നും മതപരമായി പ്രാധാന്യമില്ല.
എന്നാല്‍ പ്രവാചകത്വലബ്‌ധി (റമദാന്‍) പ്രത്യേകമായി കണക്കിലെടുക്കാനും ആ മാസംതന്നെ ആരാധന (നോമ്പ്) കൊണ്ട് ധന്യമാക്കാനും കല്‌പനയുണ്ടായി. നാട്, പ്രവാചകത്വം ലഭിച്ച ജബലുന്നൂര്‍, ബൈഅതുരിദ്‌വാന്‍ നടന്ന സ്ഥലം, ഹിജ്‌റയുടെ നിര്‍ണായകസ്ഥാനം, സൗര്‍, ബദ്‌ര്‍, ഉഹ്‌ദ്, ഖന്‍ദഖ്.... തുടങ്ങി പ്രവാചകന്റെ വിയര്‍പ്പു തൂകിട എത്രയെത്ര സ്ഥലങ്ങള്‍! അവിടെയൊന്നും ഒരു പ്രത്യേകതയുമില്ല; ചരിത്രസ്‌മാരകം എന്നല്ലാതെ. എന്നാല്‍ കഅ്‌ബയും മറ്റു ഹജ്ജിന്റെ സ്ഥലങ്ങളും മദീനാപള്ളിയും ഹറമും പുണ്യകരമെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. അവയ്‌ക്ക് പുണ്യമുണ്ട്. പുണ്യപാപങ്ങള്‍ നിശ്ചയിക്കാനോ തീരുമാനിക്കാനോ നമുക്കവകാശമില്ല. അത് പ്രവാചക വിയോഗത്തോടെ അവസാനിച്ചു. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ മുസ്‌ലിംകള്‍ തയ്യാറാവണം.
പ്രവാചക സ്‌നേഹമെന്ന പേരില്‍ ശബ്‌ദമുഖരിതമായേക്കാവുന്ന റബീഉല്‍ അവ്വലിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പ്രവാചകന്‍ മരണപ്പെട്ടതും ഇതേ മാസത്തിലാണെന്ന് പക്ഷേ ആരും ഓര്‍ക്കാറില്ല. ജനനവും മരണവും കൊണ്ടാടുന്നത് ഇസ്‌ലാമിക സംസ്‌കാരമല്ല; ആരുടേതും.
0 comments: