പ്രബോധനത്തിന്റെ കാവ്യസരണി

  • Posted by Sanveer Ittoli
  • at 12:42 AM -
  • 0 comments
പ്രബോധനത്തിന്റെ കാവ്യസരണി

- അഭിമുഖം -
മൂസാ വാണിമേല്‍ / ഇസ്‌മാഈല്‍ മടാശ്ശേരി
പക്ഷാഘാതവും പ്രായാധിക്യത്തിന്റെ മറ്റു അവശതകളും ശരീരത്തെ തളര്‍ത്തിയെങ്കിലും ആദര്‍ശംതുടിക്കുന്ന മനസ്സുമായാണ്‌ മൂസാ മൗലവി സംസാരമാരംഭിച്ചത്‌. മൗലവിക്ക്‌ നല്ല സുഖമില്ലെന്നും സംസാരിക്കാന്‍ പ്രയാസമുണ്ടെന്നും അറിഞ്ഞപ്പോള്‍ അല്‌പം മടിച്ചു കൊണ്ടാണ്‌ ഒരു വൈകുന്നേരം അദ്ദേഹത്തിന്റെ വീട്ടിലേക്ക്‌ പോയത്‌. ശബാബിന്‌ വേണ്ടി കുറച്ചു കാര്യങ്ങളറിയാന്‍ വന്നതാണെന്ന്‌ പറഞ്ഞപ്പോള്‍ ഊര്‍ജസ്വലതയോടെ അദ്ദേഹം സംസാരിച്ചുതുടങ്ങി. ആദര്‍ശപ്രചരണത്തിനായി കവിതകളും കഥാപ്രസംഗങ്ങളും നാടകങ്ങളും സംഗീതനാടകങ്ങളും എഴുതിയ മൗലവിക്ക്‌ സ്വന്തമായി ഗാനമേളട്രൂപ്പ്‌ വരെ ഉണ്ടായിരുന്നു. മുസ്‌ലിം നവോത്ഥാനരംഗത്ത്‌ അര നൂറ്റാണ്ടിലധികം കാലത്തെ അനുഭവസമ്പത്തുള്ള മൗലവിയെ കേരളത്തിലെ തൗഹീദി പ്രസ്ഥാനം ഇന്നെത്തി നില്‍ക്കുന്ന ദുരവസ്ഥ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്‌.
പഴയകാല പ്രവര്‍ത്തനങ്ങള്‍ പറയാമോ?
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അരങ്ങ്‌ തകര്‍ക്കുന്ന ഒരു കാലഘട്ടമായിരുന്നു അത്‌. വാണിമേല്‍ എം യു പി സ്‌കൂളില്‍ നിന്നും ചെറുമോത്ത്‌ യു പി സ്‌കൂളില്‍ നിന്നും പ്രൈമറി പഠനം പൂര്‍ത്തിയാക്കിയതിന്‌ ശേഷം ബന്ധുവും പണ്ഡിതനുമായ കെ മൊയ്‌തു മൗലവി ചിയ്യൂരില്‍ നടത്തിവന്ന ദര്‍സിലായിരുന്നു മതപഠനം. മൂന്ന്‌ വര്‍ഷക്കാലം അവിടെ പഠനം തുടര്‍ന്നു. നവോത്ഥാനചിന്തകളില്‍ അക്കാലത്ത്‌ തന്നെ ആകൃഷ്‌ടനായിരുന്നു. അതിന്‌ ശേഷം അരീക്കോട്‌ സുല്ലമുസ്സലാമിലും പുളിക്കല്‍ മദീനത്തുല്‍ ഉലുമിലും പഠിച്ചു. ഞാനുള്‍പ്പെടെ മൗദൂദി സാഹിബിന്റെ ആശയങ്ങളില്‍ ആകൃഷ്‌ടരായ നിരവധി പേര്‍ അന്നവിടെ ഉണ്ടായിരുന്നു. അതിനാല്‍ കുറഞ്ഞ കാലയളവിലേ ഇവിടങ്ങളില്‍ പഠനംതുടരാന്‍ സാധിച്ചുള്ളൂ. മര്‍ഹും കെ സി അബ്‌ദുല്ല മൗലവി, ടി മുഹമ്മദ്‌ മൗലവി തുങ്ങിയവരായിരുന്നു അധ്യാപകര്‍. താമസിയാതെ ഞങ്ങളില്‍ പലര്‍ക്കും അവിടംവിട്ട്‌ പോകേണ്ടി വന്നു. ഉമറാബാദിലായിരുന്നു പിന്നീട്‌ പഠനം നടത്തിയത്‌. ആലിയ അറബിക്കോളെജിലും രണ്ട്‌ വര്‍ഷത്തോളം പഠിച്ചു. തിരൂരങ്ങാടിക്കടുത്തുള്ള കൊടിഞ്ഞിയില്‍ ടി മുഹമ്മദ്‌ സാഹിബിന്റെ നേതൃത്വത്തില്‍ നടത്തിയ ദര്‍സില്‍ വര്‍ഷങ്ങളോളം ജോലി ചെയ്‌തിരുന്നു.
ജമാഅത്തെ ഇസ്‌ലാമിയുമായി അടുത്തതെങ്ങനെ?
ഏകദൈവ വിശ്വാസത്തിലൂന്നി അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടുള്ള ഞങ്ങളില്‍ പലരും അന്ന്‌ മൗദൂദി സാഹിബിന്റെ ചിന്തകളില്‍ ആകൃഷ്‌ടരായി. ടി മുഹമ്മദ്‌ സാഹിബുമായുള്ള ആത്മബന്ധമാണ്‌ എന്നെ ജമാഅത്തെ ഇസ്‌ലാമിയുമായി കൂടുതല്‍ അടുപ്പിച്ചത്‌. അദ്ദേഹത്തിന്റെ ഇബാദത്ത്‌ എന്ന പുസ്‌തകത്തിന്റെ മുഖവുര എഴുതിയത്‌ ഞാനായിരുന്നു. ഈ ബന്ധമാണ്‌ പിന്നീട്‌ ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമായ പ്രബോധനത്തില്‍ ജോലിചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്‌. മൂന്നുവര്‍ഷത്തോളം ഞാന്‍ പ്രബോധനത്തില്‍ ജോലിചെയ്‌തിരുന്നു. ഖുര്‍ആന്‍, ഹദീസ്‌ സംബന്ധമായി നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ആശയതലത്തില്‍ നിരവധി പോരായ്‌മകളും വൈരുധ്യങ്ങളും ജമാഅത്തെ ഇസ്‌ലാമിയുടെ വാദങ്ങളില്‍ എനിക്ക്‌ മനസ്സിലാക്കാന്‍ സാധിച്ചു. അങ്ങനെ ജമാഅത്തുമായി ഞാന്‍ അകലാന്‍ തുടങ്ങി.
എഴുത്തുകാന്‍ എന്ന നിലയില്‍ തുടക്കം എങ്ങനെയായിരുന്നു?
പഠിക്കുന്നകാലത്ത്‌ തന്നെ എഴുത്തില്‍ താല്‍പര്യമുണ്ടായിരുന്നു. സുല്ലമുസ്സലാമില്‍ പഠിക്കുമ്പോള്‍ സത്യദൂതന്‍ എന്ന പേരില്‍ ഒരു നാടകമെഴുതിയിരുന്നു. മര്‍ഹും കെ കെ ജമാലുദ്ദീന്‍ മൗലവിയുടെ ഇസ്‌ലാമിക സാഹിത്യരചനകള്‍ എന്നില്‍ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. ഇതിനിടെ നിരവധി ഇസ്‌ലാമികഗാനങ്ങള്‍ എഴുതി. മുസ്‌ലിംലീഗ്‌ പിളര്‍ന്നപ്പോള്‍ ഒരു കോണ്‍ഗ്രസ്സ്‌ അനുഭാവിയായിരുന്നെങ്കിലും എന്റെ മനസ്സ്‌ സി എച്ച്‌ മുഹമ്മദ്‌ കോയയോടൊപ്പമായിരുന്നു. അഖിലേന്ത്യാലീഗിനെ എതിര്‍ത്തുകൊണ്ട്‌ മുച്ചാബി എന്ന തൂലികാനാമത്തില്‍ നിരവധി രാഷ്‌ട്രീയഗാനങ്ങള്‍ എഴുതി. ഇതിന്റെ ആയിരക്കണക്കിന്‌ കോപ്പികള്‍ അന്ന്‌ വിറ്റുപോയിരുന്നു.
മറ്റു സാഹിത്യസൃഷ്‌ടികള്‍?
ജനങ്ങളെ ബോധവല്‍കരിക്കാനുള്ള ശക്തമായ ഒരു മാധ്യമം എന്ന നിലയില്‍ കഥാപ്രസംഗത്തെയാണ്‌ അന്ന്‌ ഞാന്‍ ഉപയോഗിച്ചിരുന്നത്‌. ഇബ്‌റാഹിം നബി(അ)യുടെ ത്യാഗോജ്വല ജീവിതം ഇതിവൃത്തമാക്കി രചിച്ച ത്യാഗത്തിന്റെ ബലിപീഠത്തില്‍ എന്ന കഥാപ്രസംഗം അന്ന്‌ പ്രശസ്‌തമായിരുന്നു. നിരവധി വേദികളില്‍ അവതരിപ്പിച്ച പ്രസ്‌തുത കഥാപ്രസംഗം പുസ്‌തകരുപത്തിലും പ്രസിദ്ധീകരിച്ചിരുന്നു. അതു പോലെ അബൂബക്കര്‍ സിദ്ദീഖിന്റെയും ഉമറിന്റെയും (റ) കഥകള്‍ പറയുന്ന അജ്ഞാതനായ അശ്വാരൂഢന്‍, ജൂതപ്രമാണി തുടങ്ങിയ കഥാപ്രസംഗങ്ങളും അന്ന്‌ നിരവധി വേദികളില്‍ അവതരിപ്പിക്കുകയുണ്ടായി.
ഇതിന്‌ പുറമെ സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ക്കെതിരെ നിരവധി രചനകള്‍ നടത്തിയിരുന്നു. പണക്കാരുടെ വീട്ടില്‍ പോയി ഫിത്വ്‌ര്‍ സകാത്ത്‌ വാങ്ങുന്നതിനെതിരെ എഴുതിയ ഇന്നും നോമ്പാണോ ഉമ്മാ എന്ന കഥ അന്ന്‌ എറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നക്‌സല്‍ ബാരി എന്ന പേരില്‍ ഒരു നാടകവും പാപത്തിന്റെ ഫലം എന്ന സംഗീതശില്‍പവും തയ്യാറാക്കി. ചന്ദ്രിക പത്രത്തില്‍ ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു. കൂടാതെ അല്‍ മുര്‍ശിദ്‌, അല്‍ഫാറൂഖ്‌, നിരീക്ഷണം, പ്രധാനം തുടങ്ങിയ അന്നത്തെ ആനുകാലികങ്ങളിലും ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു.
അരീക്കോട്‌ നിന്ന്‌ ശബാബ്‌ കോഴിക്കോട്‌ സംഗീത്‌ ലോഡ്‌ജിലേക്ക്‌ മാറിയപ്പോള്‍ ഒരു വര്‍ഷത്തോളം പത്രാധിപരായി പ്രവൃത്തിച്ചു. അക്കാലയളവില്‍ ഹദീസ്‌ പംക്തി കൈകാര്യം ചെയ്‌തത്‌ ഞാനായിരുന്നു. അല്‍മനാറില്‍ ഏഴുവര്‍ഷം പത്രാധിപരായി ജോലി ചെയ്‌തു. ചില ലക്കങ്ങളില്‍ എം വി, ഇബ്‌നു അബ്‌ദില്ല തുടങ്ങി തൂലികാനാമങ്ങളില്‍ അഞ്ചോളം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. നാദാപുരത്തിന്റെ മുസ്‌ലിംചരിത്രം വ്യക്തമാക്കുന്ന നിരവധി രചനകള്‍ നടത്തി. നാദാപുരത്തെ സംഭവങ്ങള്‍ക്ക്‌ പിന്നിലെ സാമൂഹ്യവശങ്ങളെ കുറിച്ച്‌ പഠിക്കാന്‍ പലരും ബന്ധപ്പെടാറുണ്ടായിരുന്നു. കുറ്റിപ്പുറം, പാലക്കാട്‌, പിലാത്തറ സമ്മേളന സുവനീറുകളുടെ ചുമതലയും വഹിച്ചിരുന്നു.
പ്രബോധന രംഗത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌?
തൗഹീദി പ്രബോധനരംഗത്ത്‌ നിരവധി പ്രഭാഷണങ്ങള്‍ നടത്തി. പൗരോഹിത്യവും യഥാസ്ഥിതികത്വവുമായിരുന്നു അന്നത്തെ പ്രധാന വെല്ലുവിളി. ആദര്‍ശ പ്രബോധന വഴിയിലെ കല്ലും മുള്ളും നിറഞ്ഞപാത പ്രബോധകര്‍ക്ക്‌ നീറുന്ന അനുഭവമായിരുന്നു. യാഥാസ്ഥിതികരുടെ ഭാഗത്ത്‌ നിന്നുള്ള കടുത്ത എതിര്‍പ്പുകളും വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ട്‌. 1984ല്‍ വാണിമേല്‍ എം യു പി സ്‌കൂളില്‍ നിന്നും വിരമിച്ച ശേഷം മുഴുവന്‍ സമയ പ്രവര്‍ത്തകനായി. ഇക്കാലഘട്ടത്തില്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പോലും നേരിടേണ്ടി വന്നിരുന്നു. ഒരു സുന്നി പണ്ഡിതന്‍ വാണിമേല്‍ മൂസ കാഫിറാണെന്ന്‌ പോലും പറഞ്ഞിരുന്നു.
വാണിമേല്‍ ഇസ്‌ലാഹി പള്ളി, നാദാപുരം ഇസ്‌ലാഹി പള്ളി, മേപ്പയ്യൂര്‍ സലഫി മസ്‌ജിദ്‌, കോഴിക്കോട്‌ പട്ടാളപ്പള്ളി, കണ്ണൂര്‍ ചെറുപറമ്പ്‌ മസ്‌ജിദുല്‍ മുജാഹിദീന്‍ എന്നിവിടങ്ങളില്‍ വര്‍ഷങ്ങളോളം ഖത്വീബായിരുന്നു. വാണിമേലിലെ മതപ്രബോധന രംഗം സൗഹൃദപൂര്‍ണമാക്കാന്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായി പ്രസംഗങ്ങളില്‍ സൗഹൃദം നഷ്‌ടപ്പെടുത്തുന്ന പരാമര്‍ശങ്ങളുണ്ടായപ്പോള്‍ അത്തരം പ്രഭാഷകര്‍ ഇനി വേണ്ടെന്ന്‌ പറയാന്‍ സുന്നികള്‍ വരെ തയ്യാറായ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്‌. വാണിമേലില്‍ എല്ലാവരെയും പങ്കെടുപ്പിച്ച്‌ ഈദ്‌ഗാഹുകള്‍ സംഘടിപ്പിക്കാന്‍ സാധിച്ചു. യോജിക്കാന്‍ പറ്റുന്ന പരമാവധി മേഖലകളില്‍ ഒന്നിച്ചു പ്രവൃത്തിക്കുന്നതിന്റെ മികച്ച ഒരു മാതൃകയാണ്‌ ദാറുല്‍ഹുദാ അറബിക്കോളെജ്‌ കമ്മിറ്റി. അതേസമയം എന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതില്‍ ഞാന്‍ മടി കാണിച്ചിരുന്നില്ല. സത്യമറിഞ്ഞിട്ടും യാഥാസ്ഥിതിക വിഭാഗത്തോടൊപ്പം പെരുന്നാള്‍ ആഘോഷിച്ച ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടിനെ ശക്തമായ ഭാഷയില്‍ ഞാന്‍ എതിര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ എന്റെ ഒരു ലേഖനം ശബാബില്‍ പ്രസിദ്ധീകരിച്ചിരുന്നു.
പഴയകാല നേതാക്കളുമായുള്ള ബന്ധം
ഇന്നത്തെ പോലെയുള്ള സൗഹൃദമായിരുന്നില്ല അന്ന്‌. പലരുമായും ആത്മ ബന്ധമായിരുന്നു. ബന്ധു കൂടിയായിരുന്ന ഗുരുനാഥന്‍ കെ മൊയ്‌തു മൗലവി, ടി മുഹമ്മദ്‌ മൗലവി, കെ സി അബ്‌ദുല്ലാ മൗലവി, അബ്‌ദുല്‍അഹദ്‌ തങ്ങള്‍, ഐദീദ്‌ തങ്ങള്‍, അബ്‌ദുല്ലത്തീഫ്‌ മൗലവി, ശൈഖ്‌ മുഹമ്മദ്‌ മൗലവി, എന്‍ വി അബ്‌ദുസ്സലാം മൗലവി, കെ പി മുഹമ്മദ്‌ മൗലവി, കെ കെ മുഹമ്മദ്‌ സുല്ലമി, കെ ഉമര്‍ മൗലവി, കെ വി മൂസ്സ സുല്ലമി, കെ കെ എം ജമാലുദ്ദീന്‍ മൗലവി, എ വി അബ്‌ദുര്‍റഹ്‌മാന്‍ ഹാജി, എ പി അബ്‌ദുല്‍ഖാദര്‍ മൗലവി, ടി കെ അബ്‌ദുല്ലാ മൗലവി തുടങ്ങി നിരവധി പേരുമായി ബന്ധപ്പെട്ട്‌ പ്രവത്തിച്ചിട്ടുണ്ട്‌. വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ തങ്ങളുടെ വീക്ഷണങ്ങള്‍ പറയാനും പങ്കുവെക്കാനും അന്ന്‌ സാധിച്ചിരുന്നു.
സംഘടനാ രംഗത്തെ ഇപ്പോഴത്തെ പ്രശ്‌നങ്ങളെക്കുറിച്ച്‌?
തൗഹീദ്‌ പ്രബോധനം ചെയ്യുന്ന സംഘടന പിളര്‍ന്നത്‌ എറെ ദു:ഖകരമാണ്‌. ആദര്‍ശ പ്രശ്‌നങ്ങള്‍ക്കുപരി വ്യക്തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങളും സാമ്പത്തിക കാരണങ്ങളും സംഘടനാപിളര്‍പ്പിന്‌ കാരണമായിട്ടുണ്ട്‌. ഇപ്പോഴുണ്ടായ ജിന്ന്‌ വിവാദവും വേദനിപ്പിക്കുന്നതാണ്‌. സിഹ്‌റ്‌ എന്നൊന്നില്ലെന്നും അതൊരു തോന്നല്‍ മാത്രമാണെന്നും പണ്ട്‌ ഒരു ലേഖനത്തില്‍ ഞാന്‍ പറഞ്ഞിരുന്നു. ആ വിഷയത്തില്‍ ഇപ്പോഴും എന്റെ നിലപാട്‌ അതുതന്നെയാണ്‌. കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി മുജാഹിദ്‌ പ്രസ്ഥാനം ഐക്യപ്പെടണം. അതിന്‌ പഴയ പ്രവര്‍ത്തന രീതിയിലേക്ക്‌ പോകണം.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: