ഇമാം റശീദ് രിദയും ഇബാദത്തിന്റെ നിര്‍വചനവും
നെല്ലുംപതിരും -
എ അബ്‌ദുസ്സലാം സുല്ലമി
അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെ ഭയപ്പെടലും പ്രതീക്ഷയര്‍പ്പിക്കലും ഇബാദത്തിന്റെ ഒരു ഭാഗമാണെന്ന് റശീദ് രിദഎന്ന ഒരു മനുഷ്യന്‍ മാത്രമാണ് പറഞ്ഞത്. ഈ നിര്‍വചനത്തിന് തെളിവിന്റെ യാതൊരു പിന്‍ബലവുമില്ല. ഇപ്രകാരമുള്ള ഭയവും പ്രതീക്ഷയും അല്ലാഹുവിന് പുറമെ മറ്റുള്ളവര്‍ക്ക് അര്‍പ്പിച്ചാല്‍ അത് ശിര്‍ക്കോ കുഫ്‌റോ അല്ല.'' (യാഥാസ്ഥിതിക സുന്നികളുടെ വാദമാണിത്.)
അദൃശ്യവും അഭൗതികവുമായ നിലക്ക് ഏതെങ്കിലും വസ്‌തുവിനെയോ വ്യക്തിയെയോ സ്ഥലത്തെയോ സമയത്തെയോ വല്ലവനും ഭയപ്പെടുകയോ പ്രതീക്ഷയര്‍പ്പിക്കുകയോ ചെയ്‌താല്‍ പ്രസ്‌തുത ഭയവും പ്രതീക്ഷയും തനിച്ച ശിര്‍ക്കും കുഫ്‌റുമാണ്.
അവന്‍ ആരെയാണോ എന്തിനെയാണോ ഇപ്രകാരം ഭയപ്പെടുന്നത് അല്ലെങ്കില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് അതിനെ അവന്‍ ഇലാഹാക്കുകയും അതിന് ഇബാദത്തെടുക്കുകയും ചെയ്‌തു; ഈ ഉദ്ദേശ്യം അവനില്ലെങ്കിലും. ഇത് ഇമാം റശീദ് രിദാ(റ)യുടെ കണ്ടുപിടുത്തമല്ല. വിശുദ്ധഖുര്‍ആനും നബിചര്യയും സഹാബിവര്യന്മാരും മറ്റു മഹാന്മാരും വ്യക്തമാക്കിയതാണ്. യാഥാസ്ഥിതികരുടെ ശ്രദ്ധയ്‌ക്കു വേണ്ടി ചിലത് താഴെ ഉദ്ധരിക്കുന്നു:
1). ``നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു'' (സൂറതുല്‍ ഫാതിഹ 5). പ്രഗത്ഭ സ്വഹാബിയും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ഇഅബ്‌നു അബ്ബാസ് ഈ സൂക്തത്തില്‍ പറയുന്ന ഇബാദത്തിന്റെ അര്‍ഥം വിവരിക്കുന്നത് കാണുക: ``നിന്നെ മാത്രം ഞങ്ങള്‍ ഏകനാക്കുന്നു. ഞങ്ങള്‍ ഭയപ്പെടുന്നു. ഞങ്ങള്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു. തങ്ങളുടെ രക്ഷിതാവേ, മറ്റുള്ളവരെയല്ല'' (ഇബ്‌നുജരീര്‍, ഇബ്‌നുകസീര്‍). സ്വഹീഹായ പരമ്പരയിലൂടെ ഇബ്‌നു അബ്ബാസില്‍ നിന്ന് ഈ വ്യാഖ്യാനത്തെ ഇബ്‌നുജരീറും ഇബ്‌നുകസീറും ഉദ്ധരിക്കുന്നു. മിക്ക മഹാന്മാരും ഇബ്‌നു അബ്ബാസ്(റ) ഇപ്രകാരം വ്യാഖ്യാനിച്ചത് ഉദ്ധരിക്കുന്നതു കാണാം.
2). ``അവന്‍ അല്ലാഹുവിനെ അല്ലാതെ മറ്റാരെയും ഭയപ്പെടുകയില്ല'' (സൂറതുത്തൗബ 18). ഇമാം സുയൂഥി(റ) ഈ സൂക്തത്തെ വ്യാഖ്യാനിക്കുന്നു: ``അല്ലാഹുവിനെയല്ലാതെ അവന്‍ ആരാധിക്കുകയില്ല എന്നാണ് ഇബ്‌നുഅബ്ബാസ്(റ) ഭയപ്പെടുകയില്ല എന്നതിനെ വ്യാഖ്യാനിച്ചത് ഇബ്‌നു ജരീര്‍(റ) ഇബ്‌നു മുന്‍ദ്ദിര്‍(റ) ഇബ്‌നു അബീഹാതിം(റ) മുതലായവര്‍ നിവേദനം ചെയ്യുന്നു (ദുറൂല്‍ മന്‍സൂര്‍ 4-140).
ഇബ്‌നുജരീര്‍(റ) പറയുന്നു: ``അല്ലാഹുവിനെ അല്ലാതെ അവന്‍ ഭയപ്പെടുകയില്ല എന്നതിന്റെ അര്‍ഥം അല്ലാഹുവിനെ മാത്രമേ അവന്‍ ആരാധിക്കുകയുള്ളൂ എന്നതാണെന്ന് ഇബ്‌നു അബ്ബാസ്(റ) പറയുന്നുണ്ട്'' (ഇബ്‌നുജരീര്‍ 10:99). ഇബ്‌നുകസീര്‍(റ) ഈ സൂക്തത്തെ വ്യാഖ്യാനിക്കുന്നത് കാണുക: ``അല്ലാഹു പറയുന്നത് അല്ലാഹുവിനെ അല്ലാതെ മറ്റാരെയും അവന്‍ ആരാധിക്കുകയില്ല എന്നാണ്'' (ഇബ്‌നുകസീര്‍ 2:449).
അല്ലാമ ആലൂസി(റ) ഈ സൂക്തത്തെ വ്യാഖ്യാനിക്കുന്നത് ഖുബൂരികള്‍ പ്രത്യേകം ശ്രദ്ധിക്കുക: ``ഭയപ്പെടുത്തുക സംഗതികള്‍ കാണുമ്പോള്‍ മനുഷ്യനുണ്ടാകുന്ന പ്രകൃതിപരമായ ഭയം അല്ലാഹുവിനെ മാത്രമേ ഭയപ്പെടുവാന്‍ പാടുള്ളൂ എന്ന് പറയുന്നതിന്റെ അധ്യായത്തില്‍ പ്രവേശിക്കുകയില്ല. ഈ കല്‌പനയില്‍ ഇത്തരം പ്രകൃതിപരമായ ഭയം ഉള്‍പ്പെടുകയില്ല'' (റൂഹുല്‍ മആനി 10:362). ആലൂസിയെയും അദ്ദേഹത്തിന്റെ തഫ്‌സീറായ റൂഹുല്‍ മആനിനെയും ഖുബൂരികള്‍ക്ക് തള്ളിക്കളയാന്‍ സാധ്യമല്ല. ത്വരീഖത്തിനെയും സൂഫിസത്തെയും ഖണ്ഡിക്കാന്‍ പൊന്മള അബ്‌ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ എഴുതിയ ത്വരീഖത്ത് ഒരു സമഗ്രപഠനം എന്ന പുസ്‌തകത്തില്‍ പല സ്ഥലങ്ങളില്‍ ഖുബൂരികള്‍ക്ക് തെളിവായും ത്വരീഖത്തിന് എതിര്‍രേഖയായും റൂഹുല്‍ മആനിയെ അവലംബിക്കുന്നതായി കാണാം (ഉദാ: പേജ് 148, 149, 175, 180).
ഇമാം ഖുര്‍തുബി(റ) എഴുതുന്നു: ഇപ്രകാരം ചോദിക്കപ്പെട്ടാണ്: യാതൊരു മുസ്‌ലിമും അല്ലാഹു അല്ലാത്തവരെ ഭയപ്പെടാത്തവരായി ഉണ്ടാവുകയില്ല. സത്യവിശ്വാസികളും പ്രവാചകന്മാരും അവരുടെ ശത്രുക്കളെ ഭയപ്പെട്ടുകൊണ്ടിരുന്നു. ഈ ചോദ്യത്തിന് അവന് ഇപ്രകാരം മറുപടി നല്‌കപ്പെടുന്നതാണ്. അല്ലാഹുവിനെ മാത്രമേ അവന്‍ ഭയപ്പെടുകയുള്ളൂ എന്നതിന്റെ അര്‍ഥം മുശ്‌രിക്കുകള്‍ ആരാധിക്കുന്നവയെ ഭയപ്പെടുന്ന രീതിയിലുള്ള ഭയമാണ് വിവക്ഷ. അവര്‍ വിഗ്രഹങ്ങളെ ഭയപ്പെടുകയും അവയില്‍ പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്‌തിരുന്നു (ഖുര്‍തുബി 8:84)
അല്ലാഹു വീണ്ടും പറയുന്നു: ``അവര്‍ എന്നെ ആരാധിക്കുകയും എന്നില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കുകയുമില്ല'' (സൂറതുന്നൂര്‍ 55). ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം സുയൂഥി(റ) ഉദ്ധരിക്കുന്നു: ഇബ്‌നു അബ്ബാസ്(റ) പറഞ്ഞതായി അബ്‌ദുബ്‌നു ഹുമൈദ്(റ) നിവേദനം ചെയ്യുന്നു: അവന്‍ എന്നെ അല്ലാതെ മറ്റാരെയും ഭയപ്പെടുകയില്ല (ദുറൂല്‍മന്‍സൂര്‍ 5:216). പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവും ഇബ്‌നു അബ്ബാസിന്റെ ശിഷ്യനുമായ ഇമാം മുജാഹിദ് അവര്‍ എന്നെ ആരാധിക്കും എന്നതിനെ വ്യാഖ്യാനിക്കുന്നതു കാണുക: അതായത് അവര്‍ എന്നെ അല്ലാതെ മറ്റാരെയും ഭയപ്പെടുകയില്ല (ഇബ്‌നുജരീര്‍ 18:171).
ഇമാം ശൗക്കാനി(റ) ഉദ്ധരിക്കുന്നത് കാണുക: അബ്‌ദുബ്‌നു ഹുമൈദ്(റ) ഇബ്‌നുഅബ്ബാസില്‍ നിന്ന് നിവേദനം ചെയ്യുന്നു: അവര്‍ എന്നെ അല്ലാതെ മറ്റാരെയും ഭയപ്പെടുകയില്ല. ഫര്‍വാനി, ഇബ്‌നു അബീശൈബ, അബ്‌ദുബ്‌നു ഹുമൈദ, ഇബ്‌നു മുന്‍ദിര്‍ മുതലായവര്‍ ഇമാം മുജാഹിദില്‍ നിന്ന് ഉദ്ധരിക്കുന്നു: അവര്‍ എന്നെ അല്ലാതെ ഭയപ്പെടുകയില്ല (ഫത്‌ഹുല്‍ഖദീര്‍ 4:62).
ഇബാദത്തിന്റെ അര്‍ഥത്തില്‍ ഭയവും പ്രതീക്ഷയും പ്രവേശിക്കുന്നുണ്ടെന്ന് ഇത്രയും വിവരിച്ചതില്‍ നിന്ന് വ്യക്തമായി. വിശുദ്ധ ഖുര്‍ആനില്‍ എന്നെ ആരാധിക്കുവിന്‍ എന്ന് പറയേണ്ടതായ സ്ഥാനത്ത് എന്നെ ഭയപ്പെടുവിന്‍ എന്നും എന്നെ മാത്രം ഭയപ്പെടുവിന്‍ എന്നും പറയേണ്ടതായ സ്ഥാനത്ത് എന്നെ മാത്രം ആരാധിക്കുവിന്‍ എന്നും പര്യായപദമെന്ന നിലക്ക് തന്നെ പ്രയോഗിച്ചതും ഖുബൂരികള്‍ അംഗീകരിക്കുന്ന മഹാന്മാരുടെ വ്യാഖ്യാനത്തില്‍ നിന്നും വ്യക്തമായി.
നബി(സ) പറയുന്നു: ``തീര്‍ച്ചയായും `ദുആഅ്' ആണ് ആരാധന.'' (തിര്‍മിദി, ഇബ്‌നുമാജ, അഹ്‌മദ്, അബൂദാവൂദ്, നസാഈ, ഇബ്‌നുഹിബ്ബാന്‍, ഹാകിം, ഇബ്‌നു അബീശൈബ, ഇബ്‌നു അബീഹാതിം, ഇബ്‌നുജരീര്‍). തീര്‍ച്ചയായും എന്റെ ജനതയോട് ഞാന്‍ ദുആഅ് ചെയ്‌തു എന്ന് നൂഹ് നബി(അ) പറയുകയുണ്ടായി. പ്രവാചനോടുള്ള `ദുആഅ്' നിങ്ങള്‍ക്കിടയിലുള്ള ദുആഅ് പോലെയാകരുതെന്നും അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞു. ഇത്തരം ദുആഅ് പ്രവേശിക്കുന്ന സന്ദര്‍ഭത്തിലല്ല ഒരു ഭയവും പ്രതീക്ഷയും ആരാധനയാവുന്നത്. പ്രത്യുത വിശുദ്ധ ഖുര്‍ആന്‍ തന്നെ വിവരിക്കുന്നതു കാണുക:
1. ഭയത്താലും പ്രതീക്ഷയാലും തങ്ങളുടെ നാഥനോട് ദുആ ചെയ്‌തുകൊണ്ട് അവരുടെ പാര്‍ശ്വങ്ങള്‍ കിടപ്പുസ്ഥാനങ്ങളില്‍ നിന്ന് ഉയരുന്നതാണ്. (സൂറതു സജദ 6)
2. ഭൂമിയില്‍ നന്മ വരുത്തിയതിനു ശേഷം (ശിര്‍ക്ക് കൊണ്ട്) നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്. ഭയന്നുകൊണ്ടും പ്രതീക്ഷയാലും അവനോട് നിങ്ങള്‍ ദുആഅ് ചെയ്യുവിന്‍ (സൂറതു അഅ്‌റാഫ് 55).
3. തീര്‍ച്ചയായും അവര്‍ (നബിമാര്‍) നന്മയില്‍ ധൃതികാണിക്കുന്നവരും ഭയത്താലും പ്രതീക്ഷയാലും നമ്മോട് ദുആഅ് ചെയ്യുന്നവരുമായിരുന്നു (സൂറതു അന്‍ബിയാഅ് 90)
അല്ലാഹു പറയുന്നു: ഭയത്താലും പ്രതീക്ഷയാലും നിങ്ങള്‍ക്ക് മിന്നല്‍ പിണര്‍ അവന്‍ കാണിച്ചുതരുന്നു (സൂറതുര്‍റഅ്‌ദ് 12). ``ഭയത്താലും പ്രതീക്ഷയാലും നിങ്ങള്‍ക്ക് മിന്നില്‍ കാണിച്ചുതരുന്നത് അവന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതാണ് (സൂറതുര്‍റൂം 24). ഈ രണ്ടു സൂക്തങ്ങളില്‍ പറയുന്ന ഭയവും പ്രതീക്ഷയും ദൃശ്യവും ഭൗതികവുമായ ഭയവും പ്രതീക്ഷയുമാണ്. ശരീരത്തില്‍ ഇടിമിന്നല്‍ ബാധിക്കുമോ എന്ന ഭയവും മഴ ലഭിക്കുമെന്ന പ്രതീക്ഷയുമാണ്.
മഹാന്മാര്‍ ഇവിടെ വ്യാഖ്യാനിക്കുന്നത് ഇത്തരം ദൃശ്യവും ഭൗതികവുമായ ഭയമല്ല ഇബാദത്തില്‍ പ്രവേശിക്കുന്ന ദുആഅ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരാള്‍ ഇടിമിന്നിലിന്റെ നേരെ ഇത്തരം ഭയവും പ്രതീക്ഷയും പ്രകടിപ്പിച്ചാല്‍ അവന്‍ ഇടിമിന്നലിനെ ഇലാഹാക്കുകയോ ആരാധിക്കുകയോ ചെയ്യുന്നില്ല. അദൃശ്യവും അഭൗതികവുമായ ഭയവും പ്രതീക്ഷയും ഉള്‍ക്കൊള്ളുന്ന ദുആഅ് പ്രവേശിക്കുമ്പോഴാണ് ഒരു ഭയവും പ്രതീക്ഷയും ഇബാദത്താവുക. ഇബാദത്തില്‍ ഭയവും പ്രതീക്ഷയും പ്രവേശിക്കുമെന്ന് വിശുദ്ധ ഖുര്‍ആനും ഇബ്‌നുഅബ്ബാസ്(റ) പോലെയുള്ള മഹാന്മാരും പറഞ്ഞ ഭയവും പ്രതീക്ഷയും തന്നെയാണ് ഇടിയും മിന്നലിലും ഉള്ളതെന്ന് പടുജാഹിലുകള്‍ മാത്രമേ ജല്‌പിക്കുകയുള്ളൂ.
മുസ്‌ലിയാക്കന്മാര്‍ അവരുടെ ഭാര്യമാര്‍ക്കും വീട്ടില്‍ വളര്‍ത്തുന്ന പശുവിനും ചെലവും ഭക്ഷണവും നല്‌കുമ്പോള്‍ ഉണ്ടാകുന്ന ഭയവും പ്രതീക്ഷയും ഇടിമിന്നലില്‍ ഉണ്ടാകുന്ന ഭയവും പ്രതീക്ഷയുമാണ്. ഈ ഭയവും പ്രതീക്ഷയും കാരണം മുസ്‌ലിയാക്കന്മാര്‍ അവരുടെ ഭാര്യയെയും പശുവിനെയും ഇടി മിന്നലിനെയും ഇലാഹാക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യുന്നില്ല. ഇബാദത്തിന് നിര്‍വചനം പറഞ്ഞ സന്ദര്‍ഭത്തില്‍ ഒരൊറ്റ മഹാനും ഇലാഹാണെന്ന് വിശ്വസിച്ചുകൊണ്ട് എന്ന് നിര്‍വചനം പറഞ്ഞിട്ടില്ല. ഇതു പുരോഹിത്മാരുടെ ജല്‌പനം മാത്രമാണ്. ഇമാം റശീദ് രിദാ(റ)യുടെ നിര്‍വചനമല്ല നൂതനമായത്, പ്രത്യുത ഇവരുടെ നിര്‍വചനമാണ് നൂതനവും ഖുര്‍ആന്‍ വിരുദ്ധവും മഹാന്മാരുടെ നിര്‍വചനത്തിന് എതിരായതും.
0 comments: