ഹൃദയമധുരമായ് ആ സ്‌നേഹഗുരു
എത്ര കടുത്ത ശത്രുവിനെയും ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് സ്‌നേഹിക്കാനും, ഏതു വലിയ പാപിയോടും മനസ്സലിഞ്ഞ് പുഞ്ചിരിക്കാനും, തെറ്റ് ചെയ്‌തവരോട് പോലും തെറ്റാതിരിക്കാനും, പട്ടിണിയുടെ കഷ്‌ടകാലത്തും മുഖത്തെ പ്രസന്നത ബാക്കിയാക്കാനും, പ്രതിസന്ധികള്‍ കൊണ്ട് പൊറുതിമുട്ടിയപ്പോഴും നിലപാടുകളില്‍ തെറ്റാതെ നിവര്‍ന്ന് നില്‍ക്കാനും, തീരാനഷ്‌ടങ്ങള്‍ക്ക് നടുവിലും തീരുമാനങ്ങളില്‍ പതറാതെ ജ്വലിച്ച് നില്‍ക്കാനും പ്രവാചകമനസ്സിന് കരുത്തായത് എന്തൊക്കെയായിരുന്നു..? പകര്‍ന്നു തന്ന പാഠങ്ങളും ബാക്കിയാക്കിയ മൂല്യങ്ങളും ഇന്നും കൂടുതല്‍ തെളിച്ചത്തോടെ ജ്വലിച്ചുയര്‍ന്നു കൊണ്ടേയിരിക്കുന്നു.
കുറച്ച് മാത്രം സംസാരിക്കുകയും മൗനം കൊണ്ട് കൂടുതല്‍ സംവദിക്കുകയും ചെയ്‌തൊരാള്‍ വാക്കിനെക്കാള്‍ ഉച്ചത്തില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിനോടും സംവദിക്കുന്നു. ആറാം നൂറ്റാണ്ടിനോടും ആധുനിക നൂറ്റാണ്ടിനോടും മൂല്യവത്തായൊരു അടിക്കല്ലില്‍ നിന്ന് ആ മഹാജീവിതം സംഭാഷണം നടത്തിക്കൊണ്ടേയിരിക്കുന്നു.
******************
``തിരുദൂതരേ, അവിടുത്തെ ജീവിതത്തിലെ ഏറ്റവും വേദനയേറിയ അനുഭവം ഏതാണ്?'' -പ്രിയപത്‌നി ആഇശയുടെ ചോദ്യം, തിരുനബിയെ നിമിഷങ്ങളോളം ആലോചനയിലാഴ്‌ത്തി. പ്രവാചകത്വ ലബ്‌ധിക്കു ശേഷമുള്ള സംഭവങ്ങളോരോന്നും ഓര്‍മയിലൂടെ ഒന്നൊന്നായി മിന്നിമറഞ്ഞു. ഒടുവില്‍ ദീര്‍ഘനിശ്വാസത്തോടെ ആലോചനയില്‍ നിന്നുണര്‍ന്നു. ശേഷം അവിടുന്ന് പറഞ്ഞു: ``ത്വാഇഫ് യാത്ര. മക്കയിലെ കൊടുംപീഡനത്തില്‍ മനംനൊന്ത് അത്യധികം പ്രതീക്ഷകളുമായാണ് ഞാന്‍ അവിടേക്ക് ചെന്നത്. പക്ഷേ, ബന്ധുക്കള്‍ പോലും കൈയൊഴിയുകയും എറിഞ്ഞോടിക്കുകയും ചെയ്‌തത് മനസ്സിനെ ആഴത്തില്‍ നോവിച്ചു. ആ വേദന കാലങ്ങളോളം മനസ്സില്‍ മായാതെ നിന്നു.''
രക്തംപൊടിഞ്ഞ കാല്‍പാദങ്ങളും പിടയുന്ന മനസ്സും നനവ് പൊടിഞ്ഞ കണ്‍തടങ്ങളുമായി സെയ്‌ദുബ്‌നു ഹാരിസയോടൊപ്പം തിരിച്ചുനടക്കുമ്പോള്‍ മുന്നില്‍ ദൈവ നിയോഗവുമായി ജിബ്‌രീല്‍ തെളിഞ്ഞു; ``ദൈവദൂതനെ നിര്‍ദയം എറിഞ്ഞാട്ടിയ ജനതയെ എന്തുചെയ്യണം?''-മാലാഖയുടെ ചോദ്യത്തിനു മുന്നില്‍ ഒരു നിമിഷം തിരുദൂതര്‍ നിശ്ശബ്‌ദനായി, ആ ഹൃദയത്തില്‍ കാരുണ്യം പൊടിഞ്ഞു. ``അറിവില്ലായ്‌മ കൊണ്ടാണ് നാഥാ, ഈ സമൂഹം ഇതെല്ലാം ചെയ്യുന്നത്. നീ ഇവര്‍ക്ക് പൊറുത്തുകൊടുക്കേണമേ!'' -മനസ്സില്‍ വേദന അലതല്ലുമ്പോഴും ഹൃദയത്തില്‍ നിന്ന് അനുകമ്പയുടെ ഉറവയൊഴുകുന്നു! പിന്നീട് ഇതേ സമൂഹം ഇസ്‌ലാമിലേക്ക് കൂട്ടംകൂട്ടമായി കടന്നുവന്നത് സ്‌നേഹദൂതര്‍ കണ്‍കുളിര്‍ക്കെ കണ്ടു. തെല്ലും അഹങ്കരിക്കാതെ, തന്റെ അടിമയുടെ ഹൃദയത്തില്‍ അനുകമ്പയുടെ നിധി നിക്ഷേപിച്ച ദയാലുവായ സര്‍വശക്തന്റെ മഹത്വത്തെ ആ മഹാമനസ്സ് വാനോളം വാഴ്‌ത്തി.
********************
ഏറ്റവും ഇഷ്‌ടപ്പെട്ട വലിയ്യുകളെ സംബന്ധിച്ച് ഖുദ്‌സിയായ ഒരു തിരുവചനത്തില്‍ പറയുന്നു: ``ചെറിയ ജീവിതസൗഭാഗ്യങ്ങള്‍ മാത്രമുള്ളവരാണവര്‍, പക്ഷേ ധാരാളം നമസ്‌കരിച്ചവരായിരിക്കും. നല്ല ആരാധനകള്‍ കൊണ്ട് ധന്യമായിരിക്കും ആ ജീവിതം. അല്ലാഹുവിനെ രഹസ്യജീവിതത്തിലും അനുസരിച്ചും ഭയപ്പെട്ടും ജീവിച്ചവര്‍. ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടാത്തവരാണവര്‍. ഒരു വിരലും അവര്‍ക്കുനേരെ ചൂണ്ടുന്നില്ല. പരിമിതമായ ഉപജീവനമാര്‍ഗങ്ങള്‍ മാത്രമേ അവര്‍ക്കുള്ളൂവെങ്കിലും അവരതില്‍ സംതൃപ്‌തരാണ്'' -ഇത്രയും പറഞ്ഞ് തിരുനബി അവിടുത്തെ കൈകള്‍ ചുരുട്ടിപ്പിടിച്ചു. ഇത്രകൂടി പറഞ്ഞ് വചനം അവസാനിപ്പിച്ചു: ``അയാളുടെ മയ്യിത്ത് ഖബ്‌റടക്കുന്നു, അനന്തരാവകാശികളും അനന്തരസ്വത്തും അയാള്‍ക്ക് വളരെ കുറച്ചുമാത്രം.''
എത്ര ഗാംഭീര്യമുള്ള ജീവിത സന്ദേശം! ആര്‍ഭാട ജീവിതത്തിന്റെ എല്ലാ അഹങ്കാരപ്പെരുമകളെയും തല്ലിക്കെടുത്തുന്നു ഈ വചനം! എത്ര ചെറിയ ജീവിതത്തില്‍ നിന്നും, പരിമിതമായ സൗഭാഗ്യങ്ങളില്‍ നിന്നും ദൈവകാരുണ്യത്തിന്റെ വസന്തം അനുഭവിച്ചെടുക്കാന്‍ പഠിപ്പിക്കുന്ന സാരസന്ദേശമാണിത്. ഭൗതിക കൗതുകങ്ങളുടെ മുന്നില്‍ അന്ധാളിച്ചു നിന്ന്, അവ സ്വന്തമാക്കാനുള്ള ഓട്ടത്തിന്നിടയില്‍ യാഥാര്‍ഥ്യങ്ങള്‍ മറന്നുപോകുന്ന പുതിയ കാലത്തെ മനുഷ്യന്റെ ധൂര്‍ത്തിനും അഹന്തക്കുമുള്ള താക്കീതാണിത്. പ്രശസ്‌തി മോഹത്തിന്റെയും നാട്യങ്ങളുടെയും പൊള്ളത്തരങ്ങളെ എത്ര ചെറിയ വാക്കുകൊണ്ടാണ് തിരുദൂതര്‍ പ്രഹരിച്ചത്!
എല്ലാം നേടാന്‍ ശ്രമിച്ചിട്ടും ഒന്നും നേടിയതില്‍ തൃപ്‌തരാകാതെ ജീവിതം വിഫലമാക്കുന്നവര്‍! അവര്‍ക്കിടയിലാണ് ഇങ്ങനെയുള്ള വലിയ്യുകള്‍ ജീവിക്കുന്നത്. ഭൗതിക സുഖങ്ങള്‍ അവരെ സ്വാധീനിക്കുകയേ ഇല്ല. പണവും പ്രതാപവും അവരെ തകര്‍ക്കുകയില്ല. പ്രസിദ്ധിയോ പ്രചാരണങ്ങളോ അവര്‍ കൊതിക്കുന്നില്ല. പെരുമയോ പബ്ലിസിറ്റിയോ മോഹിക്കാതെ സ്വന്തം ബാധ്യതകള്‍ പൂര്‍ത്തീകരിച്ച് ജന്മത്തെ സഫലമാക്കുന്നവരാണവര്‍. അവരുടെ പ്രാര്‍ഥന ഇങ്ങനെയായിരിക്കണമെന്നു കൂടി സ്‌നേഹദൂതര്‍ പഠിപ്പിക്കുന്നു: ``അല്ലാഹുവേ, ഞാന്‍ നിന്റെ ദാസനാകുന്നു. നിന്റെ ദാസന്റെയും ദാസിയുടെയും പുത്രനുമാകുന്നു. എന്റെ കുടുമ നിന്റെ കയ്യിലാണ്. നിന്റെ വിധിയാണ് എന്നില്‍ നടപ്പാകുന്നത്. എന്നെക്കുറിച്ച നിന്റെ തീരുമാനങ്ങള്‍ നീതിപൂര്‍വമാണ്. നീ സ്വയം വിളിച്ചതും നിന്റെ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചതും നിന്റെ സൃഷ്‌ടികളിലാരെയെങ്കിലും നീ ഏല്‌പിച്ചതുമായ നിന്റെ സകല നാമങ്ങള്‍ കൊണ്ടും ഞാന്‍ നിന്നോട് ചോദിക്കുന്നു. ഖുര്‍ആനെ എന്റെ ഹൃദയത്തിന്റെ ശോഭയും എന്റെ മനസ്സിന്റെ പ്രകാശവും എന്റെ ദുഃഖത്തിന്റെ ശമനവും എന്റെ സങ്കടങ്ങളുടെ പരിഹാരവുമാക്കേണമേ...''
ഇങ്ങനെയൊരു മനസ്സും അതിനൊത്ത ജീവിതവും ചുറ്റുള്ളവര്‍ക്കെല്ലാം കാണിച്ചുകൊടുക്കുകയായിരുന്നു പ്രവാചകന്‍. ഒട്ടും ഔപചാരികതകളില്ലാതെ ആ ഗുരുനാഥന്‍ എല്ലാം പഠിപ്പിച്ചു. ജീവിതാനുഭവങ്ങളിലൂടെയാണ് ദിശാബോധം പകരേണ്ടതെന്നുണര്‍ത്തി. സഹവാസത്തെക്കാള്‍ നല്ല മറ്റൊരു പാ ഠശാലയില്ലെന്ന് ജീവിതം കൊണ്ട് തെളിയിച്ചു. പ്രവാചകന്റെ കൂടെയുള്ള വിദ്യാര്‍ഥികളെ `സ്വഹാബികള്‍' എന്നാണ് പറയാറുള്ളത്. `സ്വഹാബികള്‍' എന്നാല്‍ `ചങ്ങാതിമാര്‍' എന്നാണര്‍ഥം. എല്ലാ നല്ല ബന്ധങ്ങളുടെയും അടിസ്ഥാനം സൗഹൃദമാണല്ലോ. ഭാര്യമാരോടും കൂടെയുള്ളോരോടുമെല്ലാം സൗഹൃദമാണ് തിരുനബി കാത്തുവെച്ചത്. അതിനാല്‍ ആ ബന്ധം അവരുടെ മനസ്സിലും കുളിരുള്ള ഓര്‍മയായി. തിരുനബിയുടെ വിയോഗത്തിനു ശേഷം കരഞ്ഞുകൊണ്ടല്ലാതെ ബിലാല്‍ ബാങ്കുവിളിച്ചിട്ടില്ല. അടിമയായി അറേബ്യയിലെത്തിയ ബിലാലിന്റെ കറുത്തിരുണ്ട ശരീരത്തെ ചേര്‍ത്തുപിടിച്ച് സ്‌നേഹഗുരു ആ പാവം മനസ്സില്‍ ഒളിമങ്ങാത്ത ഓര്‍മച്ചിത്രമായി. പരിചയപ്പെട്ടവരുടെയെല്ലാം അനുഭവം ഇതുതന്നെയായിരുന്നു.
*******************
കൂട്ടുകാര്‍ക്കൊപ്പമിരിക്കുന്ന തിരുനബിയുടെ സന്നിധിയിലേക്ക് സത്യനിഷേധിയായ ഹിസ്വീന്‍ ഖുസാഈ കയറിവന്നു. നല്ല ബുദ്ധിശാലിയും ഖുറൈശികളില്‍ പ്രമുഖനുമായിരുന്നതിനാല്‍ അതിന്റെ അഹങ്കാരം അയാളുടെ മുഖത്ത് വേണ്ടുവോളം കനത്തു.
``മുഹമ്മദ്, താങ്കള്‍ ഞങ്ങളുടെ ദൈവങ്ങളെ ചീത്തവിളിക്കുകയും ഞങ്ങളെ അപമാനിക്കുകയും ചെയ്യുന്നു. താങ്കളുടെ പിതാവ് നല്ലവനും മാന്യനുമായിരുന്നല്ലോ'' -മുഖവുരയില്ലാതെ ഹിസ്വീന്‍ ചോദ്യമെറിഞ്ഞു. ഹിസ്വീനെ നോക്കി തിരുമുഖം വശ്യമായി പുഞ്ചിരിച്ചു. പിന്നെ ലാളിത്യവും സ്‌നേഹവും തുളുമ്പുന്ന വാക്കില്‍ ഇങ്ങനെ മൊഴിഞ്ഞു: ``നമുക്ക് മണ്‍മറഞ്ഞ മുന്‍ഗാമികളെ വിടാം, ഹിസ്വീന്‍. നാം തമ്മിലായിക്കൂടേ?''
ഹിസ്വീന്‍: തീര്‍ച്ചയായും!
തിരുനബി: എത്ര ദൈവങ്ങളോടാണ് നിങ്ങള്‍ പ്രാര്‍ഥിക്കുന്നത്?
ഹിസ്വീന്‍: ഏഴെണ്ണത്തോട്. ഒന്ന് ആകാശത്തും ആറെണ്ണം ഭൂമിയിലും.
തിരുനബി: രോഗം വരുമ്പോള്‍ നിങ്ങള്‍ ആരോട് പ്രാര്‍ഥിക്കും?
ഹിസ്വീന്‍: ആകാശത്തുള്ളവനോട്!
തിരുനബി: വിശപ്പും കെടുതിയും ബാധിക്കുമ്പോഴോ?
ഹിസ്വീന്‍: ആകാശത്തുള്ളവനോടു തന്നെ!
തിരുനബി: സഹോദരാ, ഇതിലെന്തു നീതി? ആവശ്യങ്ങളെല്ലാം ആകാശത്തുള്ളവനോട്. പ്രാര്‍ഥനകള്‍ ഭൂമിയിലുള്ളവയോടും!
കുറഞ്ഞ വാക്കും കൂടുത ല്‍ ചിന്തയും പകര്‍ന്ന തിരുദൂതരുടെ രീതിയും വശ്യമായ പെരുമാറ്റവും അയാളെ മെല്ലെ സ്വാധീനിച്ചിരുത്തി. തിരിച്ചുനടക്കുമ്പോള്‍ ഹിസ്വീന്റെ ഹൃദയത്തില്‍ ഇസ്‌ലാമിന്റെ സാന്ത്വന സന്ദേശം മെല്ലെ അരിച്ചുകയറി തുടങ്ങിയിരുന്നു.
സത്യം കയ്യിലുള്ളവര്‍ക്ക് തര്‍ക്കങ്ങളുടെ ആവശ്യമില്ലല്ലോ. ഹൃദയത്തിന്റെ ഭാഷയില്‍ പതുക്കെ പറയാവുന്ന കാര്യങ്ങളാണ് ഇസ്‌ലാമിന്റേതെല്ലാം. തിരുനബി ആരോടും കയര്‍ത്തില്ല. പിണങ്ങിയില്ല. തര്‍ക്കിച്ചില്ല. ശബ്‌ദമുയര്‍ത്തി സംവദിച്ചില്ല. സൗമ്യതകൊണ്ട് സര്‍വരേയും കീഴടക്കി. സ്‌നേഹം കൊണ്ട് മറുപടി കൊടുത്തു. പ്രതികാരം വെച്ചില്ല. ഹിസ്വീന്‍ ഖുസാഈ എന്ന കൊലകൊമ്പനെ മുട്ടുകുത്തിച്ചതും ഇസ്‌ലാമിലേക്കെത്തിച്ചതും ദിവസങ്ങള്‍ നീണ്ട വാഗ്വാദത്തിലൂടെയായിരുന്നില്ല; നിര്‍ബന്ധിച്ചു കൊണ്ടായിരുന്നില്ല, ചിന്തയും ഇഷ്‌ടവും വഴിഞ്ഞൊഴുകുന്ന മൂന്നേ മൂന്ന് ചോദ്യങ്ങള്‍ കൊണ്ടായിരുന്നു.
******************
ഇബ്‌നുമസ്‌ഊദ് പറഞ്ഞുതരുന്നു: ``മോഷണത്തിന്റെ പേരില്‍ നബി(സ) കൈ മുറിച്ച വ്യക്തിയെ ഞാന്‍ ഓര്‍ക്കുകയാണ്. അയാളുടെ കൈ മുറിക്കാന്‍ കല്‌പിച്ചപ്പോള്‍ തിരുദൂതരുടെ മുഖം ദു:ഖത്താല്‍ വെണ്ണീറു പുരണ്ടതു പോലെ നിറം മാറിയിരുന്നു. ചിലര്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അയാളുടെ കൈ മുറിക്കുന്നത് അങ്ങേയ്‌ക്ക് ഇഷ്‌ടമില്ലെന്നു തോന്നുന്നു. നബി(സ) പറഞ്ഞു: അതെ, എങ്ങനെയാണ് ഞാനത് ഇഷ്‌ടപ്പെടുക? നിങ്ങള്‍ നിങ്ങളുടെ സഹോദരനെതിരില്‍ പിശാചിനെ സഹായിക്കുന്നവരാകരുത്. ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ഭരണാധികാരിയുടെ മുന്നിലെത്തിയാല്‍ ശിക്ഷ നടപ്പാക്കുകയല്ലാതെ നിര്‍വാഹമില്ല. എന്നാല്‍, അല്ലാഹു വിട്ടുവീഴ്‌ച ചെയ്യുന്നവനും വിട്ടുവീഴ്‌ച ഇഷ്‌ടപ്പെടുന്നവനുമാണ്. അല്ലാഹുവിന്റെ വചനം നിങ്ങള്‍ ഓര്‍ക്കുന്നില്ലേ;
``ജനങ്ങള്‍ മാപ്പു നല്‌കുകയും വിട്ടുവീഴ്‌ച ചെയ്യുകയും വേണം. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.'' (24:22)
പാപത്തെ വെറുക്കുകയും പാപിയെ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഈ മനസ്സിനെ ഏതു വാക്കില്‍ വിശദീകരിക്കും? കാരുണ്യത്തിന്റെ ചിറക് വിടര്‍ത്തി ആരെയും സ്വീകരിക്കുന്ന വലിയ മനസ്സാണത്. കട്ടവന്റെ കൈമുറിക്കാനും കൊന്നവനെ കൊന്നുകളയാനുമല്ല, ചെയ്‌ത പാപത്തിന്റെ പേരില്‍ മനസ്സ് നീറുന്ന മനുഷ്യരെയാണ് തിരുനബി കാത്തിരുന്നത്. അങ്ങനെയുള്ളവരെയാണ് തിരുനബി ശിക്ഷണം ചെയ്‌തെടുത്തതും.
ഉഹ്‌ദ് യുദ്ധം കഴിഞ്ഞ് മുസ്‌ലിംകള്‍ മടങ്ങുകയാണ്. അതാ, അവരെ കാത്ത് വഴിവക്കില്‍ ഒരു സ്‌ത്രീ. ബനൂദീനാര്‍ ഗോത്രക്കാരി. കടുത്ത ആശങ്കയുള്ള മുഖഭാ വം. അവളുടെ പല ബന്ധുക്കളും യുദ്ധത്തിനു പോയിരുന്നു. ഭര്‍ത്താവും പിതാവും സഹോദരനും കൂട്ടത്തിലുണ്ട്. അവരൊക്കെ എന്തായിരിക്കും. ജീവിച്ചിരിപ്പുണ്ടോ അതോ രക്തസാക്ഷികളായോ?
വളരെ ദുഖകരമായ വാര്‍ത്തയാണ് അവള്‍ കേള്‍ക്കാനിരിക്കുന്നത്. ഉറ്റവരായ മൂന്നുപേരും രക്തസാക്ഷികളായിരിക്കുന്നു. ഈ കനത്ത സങ്കടം സഹിക്കാന്‍ അവള്‍ക്ക് കഴിയുമോ? ഹൃദയം തകര്‍ക്കുന്ന ഈ വാര്‍ത്ത എങ്ങനെ അറിയിക്കും? യോദ്ധാക്കള്‍ ആലോചിച്ചു.
മൂന്നുപേരും നഷ്‌ടപ്പെട്ട വിവരം ഒന്നിച്ച് അറിയേണ്ട. ഓരോന്നായി അറിയിക്കാം. ``സഹോദരീ, നിങ്ങളുടെ ഭര്‍ത്താവ് രക്തസാക്ഷിയായിരിക്കുന്നു.''
പ്രിയങ്കരനായ പ്രിയതമന്‍ നഷ്‌ടപ്പെട്ടെന്നോ! അവളൊന്ന് ഞെട്ടി. ദുഖം താങ്ങിനിര്‍ത്തി അവള്‍ ചോദിച്ചു: ``നമ്മുടെ നബിയുടെ സ്ഥിതി എന്ത്? അദ്ദേഹത്തിന് വല്ലതും സംഭവിച്ചിട്ടുണ്ടോ?''
``സഹോദരീ, നിങ്ങളുടെ ബാപ്പയും രക്തസാക്ഷിയായിരിക്കുന്നു.'' സ്‌നേഹവത്സലനായ പിതാവും നഷ്‌ടപ്പെട്ടുവോ! നെഞ്ച് പിളരുന്നതുപോലെ അവള്‍ക്ക് തോന്നി. ``നബിക്ക് ഒന്നും പറ്റിയില്ലല്ലോ'' -അവള്‍ വീണ്ടും ചോദിച്ചു.
``പെങ്ങളേ, നിങ്ങളുടെ സഹോദരനും വധിക്കപ്പെട്ടിരിക്കുന്നു.''
``ഞാന്‍ ചോദിച്ചതിന് നിങ്ങള്‍ മറുപടി പറഞ്ഞില്ലല്ലോ. എന്റെ നബിയുടെ സ്ഥിതിയെന്ത്? അദ്ദേഹം സുരക്ഷിതനല്ലേ?''
സോദരീ, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നമ്മുടെ നബി സുരക്ഷിതനാണ്. സുഖത്തോടെയിരിക്കുന്നു. അദ്ദേഹത്തിന് യാതൊന്നും സംഭവിച്ചിട്ടില്ല.
``ഇല്ല. അദ്ദേഹത്തെ കണ്ടാലേ എനിക്ക് സമാധാനമാകൂ. എനിക്ക് അദ്ദേഹത്തെ കാണിച്ചുതരുമോ?''
അവര്‍ തിരുനബിയെ അവള്‍ക്ക് കാണിച്ചുകൊടുത്തു. നബിയെ അവള്‍ കണ്‍കുളിര്‍ക്കെ കണ്ടു. ഉറ്റവര്‍ നഷ്‌ടപ്പെട്ടതിന്റെ സങ്കടംകൊണ്ട് തുളുമ്പുന്ന കണ്ണുകളോടെയും തിരുനബിയെ തിരിച്ചുകിട്ടിയതിലുള്ള കണ്‍കുളിര്‍മയോടെയും അവള്‍ പറഞ്ഞു: ``ഇല്ല റസൂലേ, ഇല്ല. അങ്ങ് സുരക്ഷിതനാണെങ്കില്‍ ഇവള്‍ക്ക് യാതൊന്നും പ്രശ്‌നമല്ല. എല്ലാ ദുരന്തവും നിസ്സാരമാണ്.''
പ്രവാചകസ്‌നേഹം ഹൃദയഭിത്തികളില്‍ കൊത്തിവെച്ചവരായിരുന്നു സ്വഹാബികളും അവരുടെ ശേഷമുള്ളവരും. തിരുദൂതരോടുള്ള തീവ്രാനുരാഗം അവരെ എന്തിനും സന്നദ്ധമാക്കിയിരുന്നു. റസൂല്‍ അവര്‍ക്ക് ജീവനെക്കാള്‍ ജീവനായിത്തീര്‍ന്നു. പ്രിയപ്പെട്ടവയെല്ലാം ആ പ്രിയപ്പെട്ടവനു വേണ്ടി അവര്‍ ത്യജിച്ചു. റസൂലിന്റെ വാക്കുകളും തീര്‍പ്പുകളും സന്ദേഹങ്ങളില്ലാതെ സ്വീകരിച്ചു. ഹൃദയമധുരമായ് ആ ജീവിതം അവര്‍ അനുകരിച്ചു. ആ മധുരാനുഭവം അറിയേണ്ടവരാണ് നമ്മളും. ഹൃദയത്തിന്റെ സൗന്ദര്യമാകട്ടെ ആ റസൂല്‍! കരളിന്റെ കുളിരായി അവിടുത്തെ വചനങ്ങള്‍ നമ്മിലും പുലരട്ടെ.
0 comments: