സുറൂറിസം വിസ്‌മൃതമായ ഒരു വാക്ക്
ഡോ. ഹുസൈന്‍ മടവൂര്‍
കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ പിളര്‍പ്പിന് കളമൊരുക്കിയത് ആദര്‍ശ വ്യതിയാന ആരോപണമായിരുന്നല്ലോ? അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും ആദര്‍ശവും തദനുസരിച്ചുള്ള നയനിലപാടുകളും സ്വീകരിച്ചുപോരുന്ന ഈ പ്രസ്ഥാനത്തെ ഇഖ്‌വാനിസത്തിലേക്കും സുറൂറിസത്തിലേക്കും നയിക്കുന്നതാണ് എന്റെ പ്രവര്‍ത്തനശൈലി എന്ന് ആരോപിക്കപ്പെട്ടു.ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെയും സുറൂറികളുടെയും വിദേശത്തുള്ള പണ്ഡിതരും നേതാക്കളുമായ അബ്‌ദുര്‍റഹ്‌മാന്‍ അല്‍ഖാലിക്, നാസ്വിര്‍ അല്‍ ഉമര്‍, സഫര്‍ അല്‍ഹവാലി, ആമ്മദ് അല്‍ ഖറനി തുടങ്ങിയവരുമായി എനിക്കുള്ള ബന്ധം ഇസ്വ്‌ലാഹീ ആദര്‍ശത്തില്‍ നിന്ന് ഞാന്‍ വ്യതിചലിച്ചതിന്റെ തെളിവായി പറഞ്ഞു. ഇങ്ങനെ ആരോപണമുയര്‍ന്ന സന്ദര്‍ഭത്തില്‍ മറുപക്ഷത്തെ സംസ്ഥാനനേതാക്കളായ എ പി അബ്‌ദുല്‍ ഖാദര്‍ മൗലവി, ടി പി അബ്‌ദുല്ലക്കോയ മദനി തുടങ്ങിയവരെ സമീപിച്ചു. വിദേശത്ത് നമുക്ക് ബന്ധപ്പെടാന്‍ പാടില്ലാത്തതും സംഘടനയുടെ നയനിലപാടുകള്‍ക്ക് വിരുദ്ധമായവര്‍ ആരൊക്കെയാണ് എന്ന് അന്വേഷിച്ചു. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍, സുറൂറികള്‍ തുടങ്ങിയ സംഘടനകളെക്കുറിച്ച് അവരൊന്നും പറഞ്ഞില്ല. ഇന്നിപ്പോള്‍ ആ പേരുകള്‍ പോലും എവിടെയും ഉയര്‍ന്നുകേള്‍ക്കുന്നില്ല.
മക്കയില്‍ ഞാന്‍ പഠിക്കുന്ന സമയത്ത് എഴുതിയ നമസ്‌കാരം ലഘുപഠനം എന്ന കൃതിയില്‍ ശൈഖ് ഇബ്‌നുബാസിന്റെ അഭിപ്രായം ഉദ്ധരിച്ചുകൊണ്ട് തറാവീഹ് നമസ്‌കാരത്തിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ തര്‍ക്കിക്കേണ്ടതില്ല എന്ന പരാമര്‍ശം വിവാദത്തിനിടയാക്കി. എന്നാല്‍ ഈ കൃതി എഴുതി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇങ്ങനെ എഴുതിയതിനെ ചൊല്ലി അഭിപ്രായ ഭിന്നതയുണ്ടാകുന്നത്. തറാവീഹ് പോലുള്ള നമസ്‌കാരത്തിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ കണിശതയില്ലാത്തത് ആദര്‍ശ വ്യതിയാനമായി ആരോപിക്കപ്പെട്ടു. ഈ കൃതി വായിച്ച് സൂക്ഷ്‌മ പരിശോധന നടത്തിയിരുന്നത് അബ്‌ദുസ്സമദ് അല്‍കാതിബായിരുന്നു. ആ സമയത്തൊന്നും ചൂണ്ടിക്കാണിച്ചിട്ടില്ലാത്ത കാര്യം ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
ഐ എസ് എം ഭാരവാഹിയായ സമയത്ത് ആദര്‍ശവിഷയങ്ങള്‍ പ്രബോധനം ചെയ്യുന്നതു പോലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പ്രസ്ഥാനത്തിന്റെ ആദര്‍ശത്തില്‍ നിന്നുള്ള വ്യതിയാനമായി ആരോപിക്കപ്പെട്ടു. ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍ എന്ന സംഘടനയുമായുള്ള തുറന്ന ബന്ധമാണ് ഇത് കാണിക്കുന്നതെന്ന് പറഞ്ഞവര്‍ തങ്ങളുടെ സംഘടനയെ `വമി'യില്‍ രജിസ്റ്റര്‍ ചെയ്‌തു. ആള്‍ ഇന്ത്യ അഹ്‌ലെ ഹദീസ്, എ ഡബ്ല്യൂ എച്ച് തുടങ്ങിയ സംഘടനകളൊക്കെ വമിയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. റാബിതത്തുല്‍ ആലമില്‍ ഇസ്‌ലാമി എന്ന പണ്ഡിതസംഘടനയില്‍ കെ എന്‍ എം, കെ ജെ യു തുടങ്ങിയ സംഘടനകള്‍ക്കൊക്കെ അംഗത്വം ഉണ്ട്.
പ്രസ്ഥാനം പിളരുന്നതിന് മുമ്പുതന്നെ പണ്ഡിതരായ ചെറിയമുണ്ടം അബ്‌ദുല്‍ ഹമീദ് മദനി, കെ കെ മുഹമ്മദ് സുല്ലമി, എ അബ്‌ദുസ്സലാം സുല്ലമി തുടങ്ങിയവര്‍ക്ക് ചില വിഷയങ്ങളിലുള്ള വീക്ഷണങ്ങളും അഭിപ്രായങ്ങളും ആദര്‍ശ വ്യതിയാനത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു.
ആദര്‍ശ വ്യതിയാന ആരോപണം നടത്തി ഈ സംഘടനയെ പിളര്‍ത്താന്‍ നാവും തൂലികയും ഉപയോഗപ്പെടുത്തിയവരും അതിന് ഒത്താശ ചെയ്‌തുകൊടുത്ത നേതൃത്വവും ഇന്ന് എവിടെ എത്തിനില്‌ക്കുന്നു എന്ന് കൂടുതല്‍ വിശദീകരിക്കേണ്ടതില്ല.
(തയ്യാറാക്കിയത്: സി കെ റജീഷ്)
0 comments: