നബി(സ)യുടെ ജീവിതവും മരണവും യാഥാസ്ഥിതികരുടെ വാദങ്ങളും
എ അബ്‌ദുസ്സലാം സുല്ലമി
``നബി(സ) ജീവിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ നബിയോടു വ്യക്തിപരമായി തെറ്റ് ചെയ്യുന്നവര്‍ നബി(സ)യുടെ അടുത്തുചെന്ന് മാപ്പ് ചോദിക്കാനും അല്ലാഹുവിനോട് തങ്ങള്‍ക്ക് പാപമോചനത്തിന് തേടാന്‍ ആവശ്യപ്പെടാനും നിര്‍ദേശിക്കുന്ന സൂറതുന്നിസാഅ്‌ലെ 64-ാം സൂക്തം ഈ പ്രപഞ്ചത്തിന്റെ ഏത് സ്ഥലത്തുവെച്ച് ഏത് സമയത്താണെങ്കിലും ഏത് ഭാഷയിലാണെങ്കിലും ഒറ്റക്കായോ പതിനായിരങ്ങള്‍ ഒന്നിച്ചോ ഉറക്കെയോ ഗോപ്യമായ നിലക്കോ വിവിധങ്ങളായ ഉദ്ദേശ്യങ്ങള്‍ വെച്ചുകൊണ്ടോ മരണപ്പെട്ടവരെ വിളിച്ച് സഹായംതേടിയാല്‍ അവര്‍ കേള്‍ക്കുകയും കാണുകയും ചെയ്‌തുകൊണ്ട് വിളിക്കുന്നവന് അവന്റെ വായില്‍ നിന്ന് അതു പുറത്തുചാടുന്നതിന്റെ
മുമ്പുതന്നെ ഉത്തരം നല്‌കുമെന്ന വിശ്വാസത്തോടുകൂടി സമസ്‌ത സുന്നികള്‍ ചെയ്യുന്ന ഇസ്‌തിഗാസക്ക് (വിളിച്ചു സഹായംതേടലിന്) തെളിവാണെന്നാണ് മുസ്‌ലിയാക്കന്മാരുടെ ജല്‌പനം. ഇതിന് ഇവര്‍ പറയുന്ന ന്യായം നബി(സ)യുടെ ജീവിതവും മരണവും തുല്യമാണെന്നാണ്. അതുപോലെ അവിടുത്തെ പവിത്രതയും. ശിര്‍ക്കിന്റെ വീക്ഷണത്തില്‍ നബി(സ) എന്നോ മറ്റുള്ളവര്‍ എന്നോ വ്യത്യാസമില്ല. ബദ്‌രീങ്ങളെ വിളിക്കുന്നതും അയ്യപ്പനെ വിളിക്കുന്നതും തുല്യമാണെന്ന് വഹാബികള്‍ തന്നെ പറയുന്നുണ്ടല്ലോ (ഖുബൂരികളുടെ പ്രസംഗങ്ങളും സാഹിത്യങ്ങളും)
മറുപടി 1 (എ): പ്രവാചകന്റെ ജീവിതവും മരണവും ഒരുപോലെയാണെങ്കില്‍ ദൂരപരിധിയില്ലാതെ നബി(സ) ജീവിച്ച കാലത്ത് സ്വഹാബിമാരുടെ വിളി കേട്ടിരുന്നുവോ? മക്കയില്‍ ജീവിച്ചിരുന്ന സ്വഹാബിമാര്‍ മദീനയില്‍ താമസിച്ചിരുന്ന നബി(സ)യെ വിളിച്ച് സഹായം തേടിയിരുന്നുവോ? വല്ല സ്വഹാബിയും പ്രവാചകന്റെ സദസ്സില്‍ വരാതെ തന്റെ വീട്ടിലും നാട്ടിലും ഇരുന്നുകൊണ്ട് മഴക്കുവേണ്ടി പ്രാര്‍ഥിക്കാനോ രോഗശമനത്തിനു വേണ്ടി പ്രാര്‍ഥിക്കാനോ അറിവും ധനവും സന്താനങ്ങളും വര്‍ധിക്കാനോ ആവശ്യപ്പെട്ട വല്ല സംഭവവുമുണ്ടോ? നബി(സ) ജീവിച്ചിരുന്ന കാലത്ത് ഈ പ്രപഞ്ചത്തിന്റെ ഏത് സ്ഥലത്തുവെച്ച് സംഭവിക്കുന്ന സംഭവങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്‌തിരുന്നുവോ? ഒരു മറയ്‌ക്ക് പിന്നിലുള്ളവരെ നബി(സ) കാണുകയും മനസ്സിലാക്കുകയും ചെയ്‌തിരുന്നുവോ? ഇല്ല എന്നതാണ് മറുപടി എങ്കില്‍ ഏതെല്ലാം കാര്യങ്ങളാണ് കണ്ടിരുന്നതെന്ന് ഖുര്‍ആന്‍ കൊണ്ടും നബിചര്യകൊണ്ടും വേര്‍തിരിച്ചു വിവരിക്കാമോ?
ബി). നബി(സ) ജീവിച്ചിരുന്ന കാലത്ത് മലയാളം, തമിഴ്, കന്നട, ഇംഗ്ലീഷ് പോലെയുള്ള ഈ ലോകത്തുള്ള സര്‍വ ഭാഷയും അറിയുമായിരുന്നുവോ? ഏറ്റവും വലിയ കറാമത്തുണ്ടായിരുന്ന സ്വഹാബിവര്യന്മാര്‍ക്ക് അറിയുമായിരുന്നുവോ?
സി). മരണപ്പെട്ടാല്‍ നബി(സ)യുടെ കേള്‍വിശക്തിയും കാഴ്‌ചശക്തിയും അറിവും വര്‍ധിക്കുമെന്നതാണ് മറുപടി എങ്കില്‍ അപ്പോള്‍ നബി(സ)യുടെ ജീവിതവും മരണവും ഒരുപോലെയാണെന്ന് നിങ്ങള്‍ എങ്ങനെ ജല്‌പിക്കും?
ഡി). തിരുത്തപ്പെടേണ്ട ധാരണകള്‍ എന്ന പേരില്‍ ഡോ. സയ്യിദ് മുഹമ്മദ് അലവി മാലികി (മക്ക) എഴുതിയതും പി എം കെ ഫൈസി വിവര്‍ത്തനം ചെയ്‌തതുമായ ഗ്രന്ഥത്തില്‍ എഴുതുന്നു: മയ്യിത്തിനു ജീവിച്ചിരുന്നവനേക്കാള്‍ സ്ഥാനമോ കഴിവോ വകവച്ചുകൊടുക്കാന്‍ ആര്‍ക്കും സാധ്യമല്ല. മരിച്ചവരോട് സഹായം തേടുന്നതിനെക്കുറിച്ച് പരമാവധി ഇത്രയേ പറയാനുള്ളൂ. ഒരാള്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ ഒരു റിട്ടയറായ ആളോട് സഹായം തേടുന്നു. അദ്ദേഹം റിട്ടയറാണെന്ന കാര്യം അറിയാതെ. ഇതാരെങ്കിലും ശിര്‍ക്കാണെന്നു പറയുമോ? (പേജ് 230, പേജ് 130). ഖുബൂരികളുടെ അടിസ്ഥാന തത്വത്തെ ഖുബൂരികള്‍ തന്നെ ഇവിടെ ഖബറടക്കം ചെയ്‌തിരിക്കുന്നു. റിട്ടയറാവാത്ത അല്ലാഹു ഉണ്ടാക്കുമ്പോള്‍ എന്തിനാണ് റിട്ടയറായവരെ വിളിച്ച് സഹായംതേടുന്നത്? മുസ്‌ലിയാക്കന്മാര്‍ വ്യക്തമാക്കണം.
മറുപടി 2: ഇവര്‍ ഉദ്ധരിച്ച ആയത്തില്‍ നബി(സ)യുടെ അടുത്തുചെല്ലാനാണ് പറയുന്നത്. നബി(സ)യുടെ ഖബറിന്റെ അടുത്തുചെല്ലുന്നതും നബി(സ)യുടെ അടുത്തു ചെല്ലുന്നതും രണ്ടാണ്. ചില ഉദാഹരണങ്ങളിലൂടെ ഇത് വിവരിക്കാം.
എ). അല്ലാഹു പറയുന്നു: ``ഓ, നബീ. അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേര്‍ക്കുകയില്ലെന്നും, മോഷ്‌ടിക്കുകയില്ലെന്നും വ്യഭിചരിക്കുകയില്ലെന്നും തങ്ങളുടെ കൈകാലുകളില്‍ക്കിടയില്‍ വ്യാജവാദം കെട്ടിച്ചമച്ചുകൊണ്ടു വരികയില്ലെന്നും യാതൊരു നല്ല കാര്യത്തിലും നിന്നോട് അനുസരണക്കേട് കാണിക്കുകയില്ലെന്നും നിന്നോട് പ്രതിജ്ഞ (ബൈഅത്ത്) ചെയ്‌തുകൊണ്ട് സത്യവിശ്വാസിനികള്‍ നിന്റെ അടുത്ത് വന്നാല്‍ നീ അവരുടെ പ്രതിജ്‌ഞ (ബൈഅത്ത്) സ്വീകരിക്കുകയും അവര്‍ക്കുവേണ്ടി അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക'' (മുംതഹന 12). ഖുബൂരികള്‍ ഉദ്ധരിച്ച ആയത്തില്‍ `ജാഅ' എന്ന പദമാണ് പ്രയോഗിച്ചത്. ഈ പദം തന്നെയാണ് അല്ലാഹു ഇവിടെയും പ്രയോഗിക്കുന്നത്. പ്രവാചകന്റെ മരണശേഷം പാപമോചനം നല്‌കുവാന്‍ നബി(സ)ക്ക് സാധിക്കുമെങ്കില്‍ ബൈഅത്ത് (പ്രതിജ്ഞ) ചെയ്യാനും സാധിക്കണം. കാരണം രണ്ടും ഒന്നിച്ചാണ് അല്ലാഹു നബിയോട് പറയുന്നത്. പ്രവാചകന്റെ അടുത്തുവരുന്നതും ഖബറിന്റെ അടുത്തുവരുന്നതും ഒരുപോലെയാണെങ്കില്‍ ഖുബൂരി സ്‌ത്രീകളെങ്കിലും പ്രവാചകന്റെ ഖബറിന്റെ അടുത്തുവന്ന് നബി(സ)യോട് ആയത്തില്‍ വിവരിച്ച കാര്യങ്ങള്‍ക്കുവേണ്ടിയെങ്കിലും ബൈഅത്ത് ചെയ്യേണ്ടതാണ്. ഏതെല്ലാം സ്‌ത്രീകളാണ് പ്രവാചകന്റെ മരണശേഷം നബി(സ)യോട് ബൈഅത്ത് ചെയ്‌തതെന്ന് ഇവര്‍ വ്യക്തമാക്കണം.
ബി). ജീവിച്ചിരുന്ന കാലത്ത് നബി(സ)യുടെ അടുത്തുവന്നു സ്വഹാബിമാര്‍ക്കുവേണ്ടിയും രോഗശമനത്തിനുവേണ്ടിയും മറവി ഇല്ലാതാക്കാനും അറിവിന്റെയും സമ്പത്തിന്റെയും വര്‍ധനവിനുവേണ്ടിയും പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ട ധാരാളം സംഭവങ്ങള്‍ ഉദ്ധരിക്കപ്പെടുന്നു. എന്നാല്‍ നബി(സ)യുടെ ഖബറിന്റെ അടുത്ത് വന്ന് ഏതെങ്കിലും സ്വഹാബി നബി(സ)യോട് വല്ലതും ആവശ്യപ്പെട്ടത് സഹീഹായ പരമ്പയിലൂടെ വല്ല മുസ്‌ലിയാരും വ്യക്തമാക്കിയാല്‍ ഒരു കോടിരൂപ ഇനാം നല്‌കുന്നതാണ്.
സി). നബി(സ) ജീവിച്ചിരുന്ന സന്ദര്‍ഭത്തില്‍ ആണും പെണ്ണും നബി(സ)യുടെ അടുത്തുവന്ന് പല പ്രശ്‌നങ്ങളില്‍ മതവിധി അന്വേഷിച്ച് പ്രശ്‌നം പരിഹരിച്ചത് ധാരാളം ഹദീസുകളില്‍ പ്രസ്‌താവിക്കുന്നു. എന്നാല്‍ നബി(സ)യുടെ മരണശേഷം പുതിയതായ ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും വല്ല സ്വഹാബിയും നബി(സ)യുടെ ഖബറിന്റെ അടുത്തുവന്ന് വല്ല പ്രശ്‌നത്തിനും പരിഹാരം കണ്ടെത്തിയത് ഖുബൂരികള്‍ക്ക് വ്യക്തമാക്കാന്‍ സാധിക്കുമോ? ഏത് വിഷയത്തിലാണ് നബി(സ)യുടെ ഖബ്‌റിന്റെ അടുത്തുവന്ന് അവര്‍ മതവിധി ഗ്രഹിച്ചത്? നബി(സ) ജീവിച്ചിരുന്ന സന്ദര്‍ഭത്തില്‍ നബി(സ)യുടെ അടുത്തുവന്ന് ശതകണക്കിന് വിഷയങ്ങളില്‍ അവര്‍ നബി(സ)യോട് ചോദിച്ച് പരിഹാരം കണ്ടെത്തിയത് തെളിയിക്കാന്‍ ഞാന്‍ തയ്യാറാണ്. ഖബറിന്റെ അടുത്തുവന്ന് പരിഹാരം കണ്ടെത്തിയതിന് ഒരു വിഷയം മാത്രം ഖുബൂരികള്‍ ഉദ്ധരിച്ചാല്‍ മതി.
ഡി). തുര്‍ക്കിയില്‍ നിന്നും (ഇസ്‌താംബുള്‍) ഖുബൂരികള്‍ സൗജന്യമായി പ്രസിദ്ധീകരിക്കുന്ന അല്‍ഹബ്‌ലുല്‍ മതീന്‍ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ശൈഖ് ഇബ്‌നുഹുമാമ് ഹിദായയുടെ ശറഹില്‍ എഴുതുന്നു: ഹനഫീ മദ്‌ഹബിലെ ശൈഖുമാര്‍ പറയുന്നത് മരണപ്പെട്ടവര്‍ കേള്‍ക്കുകയില്ല എന്നതാണ്. ജീവിച്ചിരിക്കുന്നവരുടെ സംസാരത്തെ ഈ മഹാന്മാര്‍ തെളിവ് പിടിക്കുന്നത് ഒരാള്‍ ഞാന്‍ ഇന്നവനോട് സംസാരിക്കുകയില്ല എന്ന് സത്യം ചെയ്‌തു. ശേഷം അയാള്‍ മരണപ്പെടുന്നു. ഇയാളുടെ ഖബറിന്റെ അടുത്തുവന്ന് സംസാരിച്ചാല്‍ ഇതു സത്യം ചെയ്‌തവന്‍ സത്യത്തെ ലംഘിച്ചവനാകുകയില്ല. പ്രായശ്ചിത്തം നല്‌കേണ്ടതുമില്ല (പേജ് 13). മുഹമ്മദ് നബി(സ)യെ സമീപിച്ച് ഒരു മുസ്‌ലിം സംസാരിച്ചാല്‍ അയാള്‍ സ്വഹാബിയായിത്തീരുന്നു. എന്നാല്‍ നബി(സ)യുടെ ഖബറിനെ സമീപിച്ച് നബി(സ)യോടു സംസാരിച്ചാല്‍ ഖുബൂരികളുടെ അടുത്ത് ഇയാള്‍ സ്വഹാബിയായിത്തീരുമെങ്കിലും യഥാര്‍ഥത്തില്‍ ഇയാള്‍ ശിര്‍ക്ക് ചെയ്‌തവനാണ.് അന്ധനായ മുസ്‌ലിമാണെങ്കിലും നബി(സ) ജീവിച്ചിരുന്ന സന്ദര്‍ഭത്തില്‍ നബി(സ)യുടെ അടുത്തുവന്ന് സംസാരിച്ചാല്‍ അയാള്‍ സ്വഹാബിയാണ്.
(തുടരും)
0 comments: