- അഭിമുഖം -
പി ടി വീരാന്‍കുട്ടി സുല്ലമി

നവോത്ഥാനത്തിന്റെ ശതകം കൊണ്ടാടിയവര്‍ ചരിത്രത്തില്‍ വീണ്ടും പരിഹാസ്യതയുടെ വേഷമാടുകയാണ്. 2002 ആഗസ്‌തില്‍, സ്വയം പടച്ചുണ്ടാക്കിയ ആരോപണങ്ങളുടെ പേരില്‍ ഐ എസ് എമ്മിനെ പിരിച്ചുവിട്ട് പരിഹാസ്യരായവര്‍ നവയാഥാസ്ഥികതയുടെ ദശാബ്‌ദം പിന്നിട്ടപ്പോള്‍
ഐ എസ് എമ്മിനെയും എം എസ് എമ്മിനെയും കൂട്ടത്തോടെ പിരിച്ചുവിടേണ്ട ഗതികേടിലെത്തിയിരിക്കുകയാണ്. പുതിയ ഭാരവാഹിപ്പട്ടികയില്‍ നിരത്താനുള്ള നാമങ്ങള്‍ക്കായി പരക്കം പായുകയാണ്. ഈ സന്ദര്‍ഭത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് വിധേയമായ വളണ്ടിയര്‍ കോര്‍ വീണ്ടും വിഷയമായിട്ടുണ്ട്. പഴയ ആരോപണങ്ങള്‍ ഉത്തരവാദപ്പെട്ടവര്‍ നിഷേധിക്കുന്നു. കഥയറിയാത്ത ചിലര്‍ പുതിയവ ഉന്നയിക്കുന്നു.
1990കളിലെ കേരളം
ഇസ്‌ലാമിന്റെ വശ്യസുന്ദര സന്ദേശം മുജാഹിദ് പ്രസ്ഥാനത്തിന്റെ നാവില്‍ നിന്ന് മലയാളക്കര കേട്ടുകൊണ്ടിരുന്ന കാലമായിരുന്നു 1990കള്‍. വിവിധ കര്‍മപദ്ധതികളിലൂടെയും ശാസ്‌ത്രീയ രീതികളിലൂടെയും ജീവസ്സുറ്റ മുജാഹിദ് യുവത പ്രബോധന വീഥിയില്‍ നിറഞ്ഞുനില്‌ക്കുന്ന അനുഗൃഹീത കാലം. ഇതിനിടയിലാണ് ഇടിത്തീകണക്കെ ബാബരി മസ്‌ജിദ് പ്രശ്‌നം കത്തിത്തുടങ്ങിയത്. ഫാസിസത്തിന്റെ വഴി അയോധ്യയില്‍ നിന്ന് ഉത്തരേന്ത്യയിലേക്കും അവിടെ നിന്ന് കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യയിലേക്കും പുഴ കണക്കെ ഒഴുകിവന്നു. ഭീതിയുടെ പ്രഭാതങ്ങളും വിഹ്വലതയുടെ പകലന്തികളും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി.
വര്‍ഗീയ ചേരിതിരിവിന്റെ വക്കിലെത്തിയ തികച്ചും സ്‌തോഭജനകമായ സാഹചര്യത്തില്‍ തീവ്രവാദം തലക്കുപിടിച്ച ന്യൂനാല്‍ ന്യൂനപക്ഷത്തിനെതിരെ പ്രതിരോധ മുദ്രാവാക്യവുമായി ഒരു പറ്റം മുസ്‌ലിം ചെറുപ്പക്കാര്‍ രംഗത്തുവന്നു. ഫാസിസത്തിന്റെ ശൈലിയും വര്‍ഗീയതയുടെ ഭാഷയും അവര്‍ കടമെടുത്തു. ജിഹാദും ഖിത്താലും ശഹാദത്തും അവരുടെ രഹസ്യമന്ത്രങ്ങളായി.
ശാന്തമായ ഇസ്‌ലാമിക പ്രബോധനത്തിനും ഇസ്വ്‌ലാഹീ ആദര്‍ശപ്രചാരണത്തിനും ഈ സാഹചര്യം ഒരു വേള വിഘ്‌നമുണ്ടാക്കി. യൗവനത്തിന്റെ ത്രസിക്കുന്ന സിരകളില്‍ ആവി പടര്‍ത്തുന്ന `പ്രതിരോധ മുദ്രാവാക്യങ്ങള്‍' മുജാഹിദ് യൗവനങ്ങളെയും ഇളക്കി. വിവേകത്തിന്റെയും വിചാരത്തിന്റെയും വഴിവിട്ട് ചിലരെങ്കിലും ആവേശത്താല്‍ വികാര വേഷമണിഞ്ഞു. സദുദ്ദേശ്യവും നിഷ്‌കളങ്കതയും അവരില്‍ ഒട്ടും കുറവുണ്ടായിരുന്നില്ല.
സെക്യൂരിറ്റി വിംഗ് രൂപീകരണം
മുസ്‌ലിംകള്‍ക്ക് ഒരു പൊതു പ്രതിരോധ നേതൃത്വം എന്ന ആശയമാണ് ഈ വിഭാഗം ഉയര്‍ത്തിയത്. ഇതിലാണ് പലരും വീണുപോയതും. ഇത് വ്യവസ്ഥാപിതരൂപം കൈക്കൊണ്ടാല്‍ അപകടമാവും പരിണതിയെന്ന് ദീര്‍ഘദര്‍ശനം ചെയ്യാന്‍ മുജാഹിദ് നേതൃത്വത്തിന് സമയം വേണ്ടിവന്നില്ല. അങ്ങനെയാണ് വ്യവസ്ഥാപിത സംവിധാനത്തെ നേരിടാന്‍ തികച്ചും വ്യവസ്ഥാപിതമായ മറ്റൊരു സംവിധാനത്തിന് തുടക്കമായത്. സെക്യൂരിറ്റി വിംഗ് രൂപവത്‌കരിക്കപ്പെടുന്നത് ഇങ്ങനെയാണ്.
കെ എന്‍ എം, ഐ എസ് എം നേതാക്കളുടെ കൂടിയാലോചനകളും ചര്‍ച്ചകളും നിരവധി നടന്നു. കെ പിയും എ പിയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്‌തു. എന്‍ ഉസ്‌മാന്‍ മദനി ചെയര്‍മാനും ഈയുള്ളവന്‍ കണ്‍വീനറുമായി വിംഗ് നിലവില്‍ വന്നു. വിംഗില്‍ അംഗമാകുന്നവര്‍ പ്രതിജ്ഞ ചെയ്യണോ, പ്രതിജ്ഞ എങ്ങനെയാവണം എന്നും ചര്‍ച്ചചെയ്യപ്പെട്ടു. പ്രതിജ്ഞ വേണമെന്ന് ധാരണയായി. കരട് തയ്യാറാക്കാന്‍ ഞാനും എം അഹ്‌മദ് കുട്ടി മദനിയുമടങ്ങുന്ന രണ്ടംഗ സമിതിയും അംഗീകരിക്കപ്പെട്ടു.
വളണ്ടിയര്‍ കോറിലേക്ക്
പ്രതിജ്ഞാവാചകങ്ങള്‍ തയ്യാറാക്കി ഞങ്ങള്‍ എ പിയെ കാണിച്ചു. കെ പിയെക്കൂടി കാണിക്കണമെന്ന് എ പി പറഞ്ഞു. ഞങ്ങള്‍ വീട്ടിലെത്തി കെ പിയെയും പ്രതിജ്ഞ കാണിച്ചു. കെ പി ചില തിരുത്തുകള്‍ നിര്‍ദേശിച്ചു. ഒടുവില്‍ എം എം അക്‌ബറിന്റെ മനോഹരമായ കൈപ്പടയില്‍ പ്രതിജ്ഞാവാചകങ്ങളൊരുങ്ങി. ഇതിന്റെയെല്ലാം തെളിവുകളായി യോഗ മിനിറ്റ്‌സുകള്‍ ഇപ്പോഴുമുണ്ട്. തൊണ്ണൂറ്റി രണ്ടില്‍ നടന്ന പാലക്കാട് മുജാഹിദ് സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ വന്ന സെക്യൂരിറ്റി വിംഗ് വളണ്ടിയര്‍ കോര്‍ ആവുന്നതും കൂട്ടായ തീരുമാനപ്രകാരമാണ്.
പിന്നെ വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു. ക്യമ്പുകള്‍, ബോധവത്‌കരണ യോഗങ്ങള്‍, മുഖാമുഖങ്ങള്‍, സംശയ നിവാരണങ്ങള്‍, ഒറ്റയ്‌ക്കും കൂട്ടായുമുള്ള ചര്‍ച്ചകള്‍, ഒടുവില്‍ പ്രബോധന വഴിത്താരയില്‍ നിന്ന് അറിയാതെ പ്രതിരോധത്തിന്റെ മാര്‍ഗത്തിലെത്തിപ്പെട്ടവര്‍ സത്യം തിരിച്ചറിഞ്ഞു. മുജാഹിദ് കുടുംബങ്ങളില്‍ നിന്ന് എന്‍ ഡി എഫിലെത്തിയവരെല്ലാം തിരിച്ചുവന്നു. വളണ്ടിയര്‍ കോറിന്റെ പ്രസക്തിക്കും പ്രാധാന്യത്തിനും ഇതിലപ്പുറം തെളിവു വേണ്ട.
ഐ എസ് എം സാമൂഹ്യക്ഷേമ വകുപ്പിനു കീഴിലായിരുന്നു വളണ്ടിയര്‍ കോര്‍. സാമൂഹ്യക്ഷേമ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സെക്രട്ടറിയെന്ന നിലയ്‌ക്ക് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയിരുന്നത് ഞാന്‍ തന്നെയായിരുന്നു. യൗവനത്തിന്റെ ചൂടും ശുഷ്‌കാന്തിയും രചനാത്മകവഴിയില്‍ വിനിയോഗിക്കാനായി. അങ്ങനെയാണ് ഇസ്‌ലാമിക പ്രബോധന മാര്‍ഗത്തില്‍ നവംനവങ്ങളായ പദ്ധതികള്‍ വരുന്നത്.
വളണ്ടിയര്‍ കോറും ദഅ്‌വത്തും
ധാര്‍മികതയുടെ തകര്‍ച്ചയ്‌ക്ക് വേഗം കൂട്ടി കുത്തഴിഞ്ഞ ലൈംഗികത രംഗം കൈയടക്കിയപ്പോള്‍ എയ്‌ഡ്‌സ് എന്ന മഹാമാരി സമൂഹത്തെ ഗ്രസിച്ചു. ഇതിനെതിരെ വിരല്‍ ചൂണ്ടാനും ധാര്‍മികതയുടെ വീണ്ടെടുപ്പിനുമായി നടന്ന ആശയ പ്രചാരണമായിരുന്നു `എയ്‌ഡ്‌സിനെതിരെ' കാമ്പയ്‌ന്‍. പ്രകൃതിയെ ദ്രോഹിച്ച് ആര്‍ത്തിയുടെ പ്രതിരൂപങ്ങളായി സമൂഹം മാറുകയും മരങ്ങളില്ലാതാവുകയും ചെയ്‌തപ്പോള്‍ `മരം നടുക, വളര്‍ത്തുക' എന്ന പ്രചാരണവും ഇസ്വ്‌ലാഹീ യുവത നടത്തി. ആയിരക്കണക്കിന് തൈകള്‍ കേരളത്തിന്റെ വഴിയോരങ്ങളില്‍ അന്ന് വേരുപിടിച്ചു പന്തലിച്ചു.
പ്രമാദമായ ചേകനൂര്‍ മൗലവി തിരോധാന കേസില്‍ നിരപരാധികളായ മുജാഹിദ് പണ്ഡിതരെ കരിവാരിത്തേക്കാന്‍ ചില ഭാഗങ്ങളില്‍ നിന്ന് ഹീന നീക്കങ്ങളുണ്ടായി. അതിന്റെ മുനയൊടിക്കാനും യഥാര്‍ഥ പ്രതികളെ സമൂഹത്തിന് മുന്നില്‍ തുറന്നുകാണിക്കാനും കാമ്പയ്‌ന്‍ തന്നെ നടത്തേണ്ടി വന്നു. യാഥാസ്ഥിതിക തീവ്രവാദം സുന്നി ടൈഗര്‍ ഫോഴ്‌സിന്റെ കുപ്പായമിട്ട് കോഴിക്കോടിന്റെയും മറ്റും തെരുവീഥികളില്‍ പുലിക്കളിയാടിയപ്പോള്‍, മൊയ്‌തീന്‍ പള്ളിയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കു നേരെ കൈയേറ്റമുണ്ടായപ്പോള്‍ സംരക്ഷണം ബാധ്യതയായി ഏറ്റെടുത്തു മുജാഹിദ് യുവനിര.
കോഴിക്കോട് മെഡിക്കല്‍ കോളെജ് കേന്ദ്രമായി ആദ്യം മെഡിക്കല്‍ എയ്‌ഡ് സെന്റര്‍ ആരംഭിച്ചതും മുടക്കമില്ലാതെ നടത്തിവരുന്നതും പിന്നീട് വികസിപ്പിച്ചതും ഐ എസ് എമ്മാണ്. മര്‍കസുദ്ദഅ്‌വ കേന്ദ്രമായും മരുന്നു വിതരണമുണ്ട്. ലക്ഷക്കണക്കിന് നിര്‍ധനര്‍ക്ക് അത്താണിയായി, ഈ സംരംഭം. ഇങ്ങനെ, ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍, കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക, ഫാസിസത്തിനെതിരെ കൂട്ടായ്‌മ, തീവ്രവാദത്തിനെതിരെ യുവശക്തി തുടങ്ങിയ മാതൃകാ സംരംഭങ്ങളും കാമ്പയ്‌നുകളും ധാരാളമായി സംഘടിപ്പിച്ചു. പിന്നീട് ഇവയെല്ലാം പലരും ഏറ്റെടുത്തു.
തൗഹീദ് പ്രബോധനം നിര്‍ത്തിവെച്ചുകൊണ്ടോ തൗഹീദ് പ്രഭാഷണങ്ങള്‍ എണ്ണങ്ങളിലൊതുക്കിക്കൊണ്ടോ ആയിരുന്നില്ല ഈ യത്‌നങ്ങളഖിലം നടത്തിയത്. മറിച്ച്, യൗവനത്തിന്റെ ഊര്‍ജം പരമാവധി വിനിയോഗിക്കലും അത് ദുര്‍വിനിയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളെ ഇല്ലാതാക്കലുമായിരുന്നു പദ്ധതികളുടെ ലക്ഷ്യം.
വളണ്ടിയര്‍ കോര്‍ പ്രസ്ഥാനത്തിന്റെ ശക്തി
വളണ്ടിയര്‍ കോര്‍ തന്നെയായിരുന്നു മേല്‍ പ്രവര്‍ത്തനങ്ങളുടെയെല്ലാം ചാലകശക്തി. മറ്റു പ്രവര്‍ത്തകരുടെയും പണ്ഡിതരുടെയും നേതാക്കളുടെയും സഹായത്തോടെ, നിര്‍ദേശത്തോടെ അവര്‍ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിച്ചു. മുജാഹിദ് പണ്ഡിതര്‍ക്ക് നിര്‍ഭയമായി തൗഹീദ് പ്രബോധനത്തിന് വഴിയൊരുക്കിയിരുന്നതുപോലും വളണ്ടിയര്‍ സംവിധാനമായിരുന്നു. കെ എന്‍ എമ്മിന്റെ അറിവോടും സമ്മതത്തോടുമായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍ മുഴുവനും. ഐ എസ് എമ്മിന്റെയും വളണ്ടിയര്‍ കോറിന്റെയും തീരുമാനങ്ങളനുസരിച്ചായിരുന്നു ഈ പ്രവര്‍ത്തനങ്ങളെന്ന് തെളിയിക്കാന്‍ ആര്‍ക്കുമാവില്ല.
പ്രസ്ഥാനത്തിലെ വിവിധ ഘടകങ്ങളുടെ കൂട്ടായ ചര്‍ച്ചയുടെയും തീരുമാനങ്ങളുടെയും ഫലമായി നിലവില്‍ വന്ന വളണ്ടിയര്‍ കോറിന് നേതൃത്വം നല്‌കാന്‍ ഉപദേശക സമിതിയും ഉണ്ടായിരുന്നു. ഇതിന്റെ ചെയര്‍മാന്‍ എ പി അബ്‌ദുല്‍ ഖാദിര്‍ മൗലവിയായിരുന്നു. കണ്‍വീനര്‍ ഞാനും. അലി അബ്‌ദുര്‍റസ്സാഖ് മദനി, ഡോ. എം അബ്‌ദുല്‍ അസീസ്, എ അസ്‌ഗറലി, എം എസ് എം പ്രതിനിധിയായ സയ്യിദ് മുഹമ്മദ് ശാക്കിര്‍ എന്നിവര്‍ സമിതി അംഗങ്ങളുമായിരുന്നു. ഉപദേശക സമിതിയുടെ എത്രയോ യോഗങ്ങള്‍ മര്‍കസുദ്ദഅ്‌വയില്‍ നടന്നിട്ടുണ്ട്. സമിതിയറിയാതെ, വളണ്ടിയര്‍ കോറിനെ ഐ എസ് എം ദുരുപയോഗം ചെയ്‌തു എന്നോ രഹസ്യ അജണ്ടകള്‍ നടപ്പാക്കാന്‍ ഉപയോഗിച്ചു എന്നോ ആരോപിക്കാന്‍ എങ്ങനെ കഴിയും?
ആരോപണങ്ങളുയരുന്നു
മുജാഹിദ് പ്രസ്ഥാനം കെട്ടുറപ്പോടെ ദഅ്‌വത്ത് പാതയില്‍ മുന്നേറവെയാണ് അപശബ്‌ദങ്ങളുമായി ചിലര്‍ ടവറുകളിലും കുന്നിന്‍പുറങ്ങളിലും കൂടിയിരുന്നത്. പദ്ധതികള്‍ തയ്യാറാക്കി ഇവര്‍ അങ്ങാടികളിലെത്തി. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും കാമ്പയ്‌നുകളും ദുര്‍വ്യാഖ്യാനിക്കപ്പെട്ടു. ശബാബും യുവതയും ഹജ്ജ് സെല്ലും ആയുധങ്ങളാക്കപ്പെട്ടു. `ഇസ്‌ലാം അഞ്ചുവാള്യങ്ങളി'ലെ ഉദ്ധരണികള്‍, മര്‍ഹൂം കെ കെ മുഹമ്മദ് സുല്ലമിയുടെ `ഇഖ്‌റഅ്' ന്റെ അര്‍ഥവ്യാഖ്യാനം, മുഹമ്മദ് കുട്ടശ്ശേരിയുടെ `തൗഹീദല്ല ഈമാന്‍' എന്ന പരാമര്‍ശം, സി പി ഉമര്‍ സുല്ലമിയുടെ `അസ്‌മാഉവസ്വിഫാത്ത്' വിശദീകരണം -ആരോപണങ്ങള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി നിരത്തുകളിലെത്തിച്ചു സംഘടനാ വിരുദ്ധര്‍. ആരോപണപ്പട്ടികയിലൊന്നായി വളണ്ടിയര്‍ കോറും സ്ഥലം പിടിച്ചു.
മിഡ്‌ല്‍ ഈസ്റ്റില്‍ ഖലീഫ റബ്ബാനും ലണ്ടനില്‍ സുറൂറും നടപ്പാക്കുന്ന `രഹസ്യ സംഘാടനം' കേരളത്തില്‍ ഹുസൈന്‍ മടവൂര്‍ വളണ്ടിയര്‍ കോര്‍ വഴി നടത്തുകയാണെന്ന് പാടി നടന്നു ആരോപകര്‍. അവരുടെ ഭാവനകളില്‍ വിരിഞ്ഞതെല്ലാം വാഗ്വിലാസങ്ങളിലൂടെ പുറത്തുവന്നു. പക്ഷെ, കെ എന്‍ എം നേതൃത്വം അര്‍ഥഗര്‍ഭ മൗനം പൂണ്ടു. ഐ എസ് എം അതിന്റെ പ്രവര്‍ത്തനങ്ങളുമായിത്തന്നെ മുന്നോട്ടുപോയി. കെ എന്‍ എം ഉപദേശ നിര്‍ദേശങ്ങള്‍ നല്‌കിക്കൊണ്ടിരുന്നു.
പിലാത്തറ പന്തലും വളണ്ടിയര്‍കോറും
1997ല്‍ പിലാത്തറയില്‍ നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനം വളണ്ടിയര്‍ കോറിന് പരീക്ഷണങ്ങളുടെ നാളുകളാണ് നല്‌കിയത്. സമ്മേളന വേദിയായി നിശ്ചയിക്കപ്പെട്ട ഭൂമി കുഴിയെടുക്കാന്‍ പറ്റാത്തത്ര കാഠിന്യമേറിയതായിരുന്നു. അധികം ആഴത്തില്‍ കുഴിയിടാത്ത കാലുകളില്‍ പന്തലുയര്‍ന്നു. എന്നാല്‍ ഡിസംബറില്‍ അപ്രതീക്ഷിതമായി കനത്ത മഴയും കാറ്റുമെത്തി. പന്തല്‍ നിലം പൊത്തി. ആശങ്കയും അസ്വസ്ഥതയുമായി കഴിഞ്ഞ നേതൃത്വത്തിന് മുന്നില്‍ മണിക്കൂറുകള്‍ക്കകം എന്തിനും തയ്യാറായി വളണ്ടിയര്‍ കോര്‍ അംഗങ്ങള്‍ നാനാഭാഗങ്ങളില്‍ നിന്നായി കുതിച്ചെത്തി. ഒരാഴ്‌ചയിലധികം അവര്‍ വിശ്രമമില്ലാതെ അധ്വാനിച്ചു. വീടും കുടുംബവും ആദര്‍ശ പ്രതിബദ്ധതക്കു മുന്നില്‍ അവര്‍ തല്‌ക്കാലം മാറ്റിവെച്ചു. നിശ്ചിത തീയതിക്കകം പന്തല്‍ പൂര്‍ണമായും പുനര്‍ നിര്‍മിക്കപ്പെട്ടു. കേരളീയരെ വിസ്‌മയിപ്പിച്ചു ഈ സംഭവം.
ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ പ്രവര്‍ത്തകരെ പിന്നീട് ചിലര്‍ വേട്ടയാടി. അവരുടെ വിയര്‍പ്പിന് വിലപറഞ്ഞു, അവരുടെ ആത്മാര്‍ഥതക്കും ആദര്‍ശ സ്‌നേഹത്തിനും മാര്‍ക്കിട്ടു. വളണ്ടിയര്‍ കോറിന്റെ പ്രവര്‍ത്തകര്‍ ആസൂത്രിതമായി പന്തല്‍ തകര്‍ക്കുകയായിരുന്നുവെന്ന, ഹൃദയം നിശ്ചലമാക്കുന്ന ആരോപണമാണ് പിന്നീട് കേള്‍ക്കേണ്ടിവന്നത്. എല്ലാം വളണ്ടിയര്‍മാര്‍ സഹിച്ചു, ക്ഷമിച്ചു.
എ പി തിരുത്തുന്നു
പന്തല്‍ പൊളിച്ചത് വളണ്ടിയര്‍ കോര്‍ ആണെങ്കില്‍ ആര് അതിന് നിര്‍ദേശം നല്‌കിയെന്ന ചോദ്യം ഉയര്‍ന്നു. വളണ്ടിയര്‍കോര്‍ ഉപദേശകസമിതി ചെയര്‍മാന്‍ എ പി അബ്‌ദുല്‍ ഖാദിര്‍ മൗലവി നിര്‍ദേശം നല്‌കുമോ? മര്‍ഹൂം അലി അബ്‌ദുര്‍റസ്സാഖ് മദനിയോ മുഹമ്മദ് ശാക്കിറോ അറിയാതെ കോര്‍ അംഗങ്ങള്‍ പന്തല്‍ പൊളിക്കുമോ? എനിക്കും അസ്‌ഗറലിക്കും ഉള്ള അതേ ബാധ്യത ഇപ്പറഞ്ഞവര്‍ക്കുമുണ്ടായിരുന്നല്ലോ. ഇവരൊന്നും ഇങ്ങനെയൊരാരോപണം സ്റ്റേജുകളിലോ പേജുകളിലോ ഉന്നയിച്ചതായി കണ്ടിട്ടില്ല. ഇപ്പോഴതാ, വര്‍ഷങ്ങള്‍ക്കു ശേഷം, പന്തല്‍ പൊളിച്ചെന്ന ആരോപണത്തെ എ പി വ്യംഗ്യമായി നിഷേധിച്ചിരിക്കുന്നു.
``പിലാത്തറ സമ്മേളനത്തിന്റെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പന്തല്‍ പൊളിഞ്ഞുവീണു. ആരോ ചെയ്‌ത കെണിയാണെന്ന പ്രചാരണമുണ്ടായി. സ്വാഭാവികമായുണ്ടായ സംശയം. എന്നാല്‍ ഇതെല്ലാം സംശയം മാത്രവുമാകാം. നമ്മുടെ ഊഹങ്ങള്‍ എപ്പോഴും ശരിയാകണമെന്നില്ലല്ലോ'' (എ പി അബ്‌ദുല്‍ ഖാദിര്‍ മൗലവിയുമായുള്ള അഭിമുഖം, മാധ്യമം സമ്മളന സ്‌പെഷ്യല്‍ പതിപ്പില്‍ നിന്ന്)
സമ്മേളനപ്പന്തല്‍ തകര്‍ന്നതിനു പിന്നില്‍ ആരോ ഉണ്ടായിരുന്നുവെന്നത് ശരിയാകാതെ പോയ ഊഹം മാത്രമായിരുന്നുവെന്ന് സമ്മതിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. അപ്പോഴേക്കും നമുക്ക് എന്തെല്ലാം നഷ്‌ടപ്പെട്ടു.
പ്രൊഫസറുടെ തൂലികാസേവ
നേരം പുലര്‍ന്നതറിയാതെ ഒരു പ്രൊഫസര്‍ ഇപ്പോഴും കൂവിക്കൊണ്ടിരിക്കുന്നുണ്ടത്രെ. ശൈശവദശയിലായിരുന്ന വളണ്ടിയര്‍ കോര്‍ പാലക്കാട് സമ്മേളനം നിര്‍ത്തിവെപ്പിക്കാന്‍ ശ്രമം നടത്തി, സമ്മേളനം നടക്കുകയില്ലെന്ന് പ്രചരിപ്പിച്ചു, പിലാത്തറ സമ്മേളനപ്പന്തല്‍ കോര്‍ അംഗങ്ങള്‍ തകര്‍ത്തു, ജലവിതരണം മുടക്കാന്‍ ശ്രമിച്ചു, സ്റ്റേജില്‍ ബോംബുണ്ടെന്ന് പറഞ്ഞ് വിഭ്രാന്തി പരത്തി, പ്രസംഗകരെ സ്റ്റേജില്‍ തടഞ്ഞു എന്നിങ്ങനെ പുതിയ ആരോപണങ്ങള്‍ സമ്മേളന സുവനീറില്‍ തട്ടിവിട്ടിരിക്കുകയാണ് ടിയാന്‍.
പാലക്കാട് മുജാഹിദ് സമ്മേളനം പത്രങ്ങളില്‍ വായിച്ചറിഞ്ഞിട്ടുപോലുമില്ലാത്ത ദേഹമാണ് ഈ പ്രൊഫസര്‍. അന്ന് വളണ്ടിയര്‍ കോര്‍ തന്നെയില്ല. ഭീദിതമായ ആ സാഹചര്യത്തില്‍ സമ്മേളനം നടത്തേണ്ടെന്ന് ആദ്യം അഭിപ്രായം പറഞ്ഞത് എ പിയാണ്. കെ കെ മുഹമ്മദ് സുല്ലമിയും മറ്റും നടത്തണമെന്ന പക്ഷക്കാരായിരുന്നു. സമ്മേളനത്തലേന്നത്തെ കെ പിയുടെ പ്രസംഗം മുജാഹിദുകള്‍ക്ക് മറക്കാനാവുമോ? മന്ത്രിമാരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും കണ്ട് സംസാരിച്ചത് സ്വലാഹുദ്ദീന്‍ മദനി ഉള്‍പ്പെടെയുള്ളവരാണ്. അന്ന് കോളെജ് സ്റ്റാഫ് റൂമിലിരുന്ന് ഉറക്കം തൂങ്ങിയ പ്രൊഫസര്‍ക്ക് മുജാഹിദും മുജാഹിദ് സമ്മേളനവും എന്താണെന്നുപോലും അറിഞ്ഞുകാണില്ല.
പിലാത്തറയില്‍, പന്തല്‍ പുനര്‍നിര്‍മിച്ചും പാചകപ്പുരയില്‍ രക്തം വിയര്‍പ്പാക്കിയും വിദൂര ദിക്കുകളിലെ ജല സംഭരണികള്‍ക്ക് കാവലിരുന്നും വളണ്ടിയര്‍ കോര്‍ പ്രവര്‍ത്തകര്‍ അത്യധ്വാനം ചെയ്‌തു. പ്രൊഫസര്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബാഡ്‌ജുമണിഞ്ഞ് സ്റ്റേജിലും സ്റ്റേജിനു പിന്നിലെ വി ഐ പി ലോഞ്ചിലും ഇരുന്നും എ സി ഹോട്ടല്‍ മുറികളില്‍ കിടന്നുറങ്ങിയും സമ്മേളനം ആസ്വദിക്കുകയായിരുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, നാലു വോട്ടുപോലും നേടാതെ ശാഖാ കമ്മിറ്റിയില്‍ നിന്നും പുറത്താവുകയും `മാനേജ്‌മെന്റ് ക്വാട്ട'യില്‍ സംസ്ഥാന കമ്മിറ്റിയിലെത്തുകയും ചെയ്‌ത അദ്ദേഹത്തിന്റെ തൂലികാസേവയെ ആരും കാര്യമായെടുക്കില്ല.
കോര്‍ എന്തുകൊണ്ട് ഐ എസ് എമ്മിനൊപ്പം?
2002ലെ പിളര്‍പ്പാനന്തരം വളണ്ടിയര്‍ കോര്‍ ഏതാണ്ട് പൂര്‍ണമായും ഐ എസ് എമ്മിനൊപ്പം നിലയുറപ്പിച്ചത് ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തുവന്നിരുന്നു. വളണ്ടിയര്‍ കോര്‍ ഐ എസ് എമ്മിന്റെ രഹസ്യ സംഘടന തന്നെയാണെന്ന് തെളിയിക്കാനായിരുന്നു ഈ ആരോപണം. എന്നാല്‍ മറുപടി ലളിതമാണ്.
വളണ്ടിയര്‍ കോറിനെയും ഐ എസ് എമ്മിനെയും തകര്‍ക്കാന്‍ ഖലീഫ റബ്ബാന്‍, സുറൂര്‍, രഹസ്യ സംഘാടനം തുടങ്ങിയ കല്ലുവെച്ച അസത്യങ്ങളും അര്‍ഥശൂന്യ ആരോപണങ്ങളുമാണ് ഉന്നയിക്കപ്പെട്ടത്. ആരോപകര്‍ക്ക് കെ എന്‍ എം നേതൃത്വത്തിലെ ചിലര്‍ തണലും പ്രോത്സാഹനവും നല്‌കി. ഇത്തരം വേളയില്‍ സത്യമറിയുന്ന കോര്‍ അംഗങ്ങള്‍ എങ്ങനെ മറുപക്ഷം നില്‌ക്കും? ആരോപണങ്ങള്‍ അവര്‍ തള്ളിയത് സ്വാഭാവികം മാത്രം.
(തയ്യാറാക്കിയത്: വി എസ് എം കബീര്‍)






















.jpg)
.jpg)



.jpg)








0 comments: