2013 ആഗോള ജലസഹകരണ വര്‍ഷം കുടിനീരിന്റെ ശാസ്‌ത്രവും സാമൂഹ്യപാഠങ്ങളും

  • Posted by Sanveer Ittoli
  • at 7:29 AM -
  • 0 comments
2013 ആഗോള ജലസഹകരണ വര്‍ഷം കുടിനീരിന്റെ ശാസ്‌ത്രവും സാമൂഹ്യപാഠങ്ങളും

പി കെ ശബീബ്‌
``വികസ്വര രാജ്യങ്ങളിലെ രോഗവും മരണനിരക്കും കുറയ്‌ക്കാന്‍ ശുദ്ധജലവും അനിവാര്യ വിസര്‍ജനസൗകര്യങ്ങളും ഒരുക്കുക എന്നതില്‍ കുറഞ്ഞൊരു പരിഹാരമില്ല'' -2000 മാര്‍ച്ചില്‍ അന്നത്തെ ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി കോഫി അന്നന്‍ പുറത്തുവിട്ട പ്രശസ്‌തമായ മില്ലെനിയം റിപ്പോര്‍ട്ടിലാണ്‌ ഇപ്രകാരം കുറിച്ചിട്ടത്‌. ശുദ്ധജല ലഭ്യതയുടെ അനിവാര്യത ബോധ്യപ്പെടുത്താന്‍ 2003 അന്താരാഷ്‌ട്ര ശുദ്ധജല വര്‍ഷമായി (international year of fresh water) ആചരിച്ച്‌, പത്തുവര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു വര്‍ഷാചരണം വന്നിരിക്കുന്നു. 2013 അന്താരാഷ്‌ട്ര ജലസഹകരണ വര്‍ഷമായാണ്‌ (international year of water cooperation) പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്‌. 
2011 അന്താരാഷ്‌ട്ര രസതന്ത്ര വര്‍ഷമായി (international year of chemistry) ആഘോഷിച്ചപ്പോഴും സുരക്ഷിത-ശുദ്ധജലം (safe clean water) ഒരു മുഖ്യ വിഷയമായിരുന്നു. അതിന്റെ ഭാഗമായാണ്‌ ആഗോള ജലപരീക്ഷണം (global water experiment) നടത്തപ്പെട്ടത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കുട്ടികളെ ജലത്തിന്റെ ഗുണനിലവാരം അളക്കുന്നതിലും ശുദ്ധീകരിക്കുന്നതിലും ബോധവാന്മാരാക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. 1,28,330 വിദ്യാര്‍ഥികളാണ്‌ ഈ ഭീമന്‍ പരീക്ഷണത്തില്‍ പങ്കാളികളായത്‌. ശുദ്ധജല ലഭ്യത ഒരു ആഗോളവെല്ലുവിളിയായി മാറിയിരിക്കുന്നു എന്നതാണ്‌ ഇത്തരം ആചരണങ്ങള്‍ വ്യക്തമാക്കുന്നത്‌.
``വെള്ളം വെള്ളം സര്‍വത്ര, തുള്ളി കുടിപ്പാനില്ലത്രെ'' എന്നതാണ്‌ ശുദ്ധജലത്തിന്റെ അവസ്ഥ. ലോകത്തെ ആകെ ജലത്തിന്റെ 97.5 ശതമാനം ഉപ്പുവെള്ളമാണ്‌. അപ്പോള്‍ ശുദ്ധജലം ആകെ രണ്ടര ശതമാനം മാത്രം. ശുദ്ധജലത്തിലെ ഏകദേശം 70 ശതമാനം ധ്രുവപ്രദേശങ്ങളില്‍ തണുത്തുറച്ച്‌ കിടക്കുകയാണ്‌. ഏകദേശം 30 ശതമാനം ഭൂമിക്കടിയിലാണ്‌ (ground water). പുഴകളും തടാകങ്ങളും ഏകദേശം 0.3 ശതമാനം മാത്രം. ചുരുക്കത്തില്‍ ലോകത്തെ ശുദ്ധജലത്തിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്‌ മനുഷ്യര്‍ക്കും മറ്റു ജീവിജാലങ്ങള്‍ക്കും ഉപയോഗപ്രദമായിട്ടുള്ളത്‌. പക്ഷെ, നമുക്കിതുതന്നെ ധാരാളമാണ്‌; ഫലപ്രദമായി ഉപയോഗിക്കണമെന്ന്‌ മാത്രം. അവിടെയാണ്‌ മനുഷ്യന്‍ പലപ്പോഴും പരാജയപ്പെടുന്നത്‌. പ്രകൃതി വിഭവ സംരക്ഷണം നമ്മുടെ അജണ്ടയല്ലാതായി മാറുമ്പോള്‍ പ്രതിസന്ധികള്‍ സ്വാഭാവികം മാത്രം!
ഏകദേശം 20 ശതമാനം മനുഷ്യര്‍ ജലക്ഷാമ പ്രദേശത്താണ്‌ ഇപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്‌. ഇവിടെ ആളോഹരി ജലലഭ്യത പ്രതിവര്‍ഷം 1000 ഘനമീറ്ററില്‍ താഴെയാണ്‌. എന്നാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഇത്‌ 1700 ഘനമീറ്ററില്‍ താഴെയാണ്‌. ഇവയെ ശുദ്ധജല ഞെരുക്കം അനുഭവിക്കുന്ന രാജ്യങ്ങള്‍ (water stress countries) എന്നാണ്‌ പറയുക. 2025ഓടെ ലോകത്തെ മൂന്നില്‍ രണ്ട്‌ രാജ്യങ്ങളും ഈ ഗണത്തില്‍ പെടുമെന്നാണ്‌ കണക്കുകൂട്ടപ്പെടുന്നത്‌. ഒരു ജല മാനേജ്‌മെന്റ്‌ (water management) അനിവാര്യമാവുന്നത്‌ അതുകൊണ്ടാണ്‌.
സകല ജീവജാലങ്ങള്‍ക്കും ആവശ്യമായത്ര വെള്ളം ഭൂമിയിലുണ്ട്‌ എന്ന്‌ മാത്രമല്ല ചാക്രിക പ്രക്രിയയിലൂടെ, ശുദ്ധീകരണ പ്രവര്‍ത്തനങ്ങളിലൂടെ അവ നിലനിര്‍ത്തപ്പെടുന്നുമുണ്ട്‌. ജലചക്രങ്ങള്‍ (water cycle) രണ്ട്‌ വിധമുണ്ട്‌. ജലാശയങ്ങളില്‍ നിന്ന്‌ നീരാവിയായി മേലോട്ടും മഴയായി താഴെ ജലാശയങ്ങളിലേക്കുമുള്ളതാണ്‌ വലിയ ജലചക്രം. പ്രകൃതിയില്‍ നിന്ന്‌ ജീവിയിലേക്കും തിരിച്ച്‌ ജീവിയില്‍ നിന്ന്‌ പ്രകൃതിയിലേക്കുമുള്ള ജലത്തിന്റെ പ്രവാഹമാണ്‌ രണ്ടാമത്തെ ജലചക്രം. മണ്ണും മണലും കല്ലും പുല്‍ച്ചെടികളും ജലസസ്യങ്ങളും സൂക്ഷ്‌മ ജീവിവര്‍ഗങ്ങളും മറ്റും ഉള്‍പ്പെട്ട അതിവിശാല അരിപ്പകളും ശുദ്ധീകരണ ശാലകളും പ്രകൃതിക്കുണ്ട്‌. പ്രകൃതിയുടെ തനതായ ശുദ്ധീകരണ മാര്‍ഗങ്ങള്‍ കുറ്റമറ്റതും ഏറ്റവും ഫലപ്രദവുമത്രെ!
ജലത്തിന്റെ വിശേഷങ്ങള്‍
വെള്ളത്തിന്റെ പ്രത്യേകതകള്‍ അസാധാരണമാണ്‌. water is common, not ordinary എന്നാണ്‌ പറയാറ്‌.
ഐസ്‌ (ഖരം) വെള്ളത്തില്‍ (ദ്രാവകം) പൊങ്ങിക്കിടക്കുന്നു എന്നതാണ്‌ അതിലൊന്ന്‌. സാധാരണഗതിയില്‍ ദ്രാവകത്തെ ശീതീകരിച്ച്‌ ഖരമാക്കുമ്പോള്‍ സാന്ദ്രത കൂടുകയും അത്‌ ദ്രാവകത്തില്‍ മുങ്ങിപ്പോവുകയും ചെയ്യുന്നു. എന്നാല്‍ ജലത്തിന്റെ കാര്യം തീര്‍ത്തും വിപരീതമാണ്‌. ജല ആവാസ വ്യവസ്ഥയില്‍ ഈ അസാധാരണ സ്വഭാവത്തിന്റെ മഹനീയമായൊരു ഫലം ദര്‍ശിക്കാവുന്നതാണ്‌. ധ്രുവപ്രദേശങ്ങളിലും മറ്റും ജലാശയങ്ങളിലെ ജലം തണുത്ത്‌ ഐസ്‌ ആവുകയും ഐസ്‌ ജലത്തിന്‌ മുകളിലെത്തുകയും ചെയ്യുന്നു. ജലാശയങ്ങള്‍ക്ക്‌ മുകളില്‍ രൂപപ്പെടുന്ന ഈ ഐസ്‌ പാളി താഴെ വെള്ളം തണുത്തുറച്ചുപോകുന്നതില്‍ നിന്നും തടയുന്നു. തത്‌ഫലമായി ജലസസ്യങ്ങളും മറ്റു ജീവികളും സംരക്ഷിക്കപ്പെടുന്നു.
വെള്ളത്തിന്റെ ഉയര്‍ന്ന വിശിഷ്‌ട താപധാരിത (specific heat) മറ്റൊരു സവിശേഷതയാണ്‌. വെള്ളത്തെ ചൂടാക്കാന്‍ അത്ര എളുപ്പമല്ല എന്നര്‍ഥം. വെള്ളത്തിന്റെ താപനില വര്‍ധിപ്പിക്കാന്‍ നന്നായി ചൂടാക്കണമെന്നത്‌ നമ്മുടെ അനുഭവമാണ്‌. പെട്ടെന്ന്‌ ചൂടാകാത്തതും അതുപോലെത്തന്നെ പെട്ടെന്നു തണുക്കാത്തതുമായ ദ്രാവകമാണ്‌ ജലം. തണുപ്പുകാലത്ത്‌ വെളിച്ചെണ്ണ `തണുത്തുറയുമ്പോഴും' വെള്ളം ദ്രാവകമായി തന്നെ നിലകൊള്ളുന്നത്‌ അതുകൊണ്ടാണ്‌. ചൂടോ തണുപ്പോ കൂടുമ്പോള്‍ ശരീരത്തിനകത്തുള്ള ജലം പെട്ടെന്ന്‌ തിളയ്‌ക്കുകയോ അല്ലെങ്കില്‍ ഐസ്‌ ആവുകയോ ചെയ്‌താല്‍ ജീവന്‍ നിലനില്‌ക്കുകയില്ലല്ലോ! ജീവശരീരത്തിലെ താപനില സാധാരണ ഗതിയില്‍ ഏറ്റക്കുറച്ചിലില്ലാതെ നിലനില്‌ക്കുന്നത്‌ വെള്ളത്തിന്റെ ഈ പ്രത്യേകത കൊണ്ടാണ്‌.
ജലം മികച്ച ലായനിയാണ്‌. ജീവലായനിയാണത്‌. ജീവശരീരത്തില്‍ ഓക്‌സിജനും പോഷകങ്ങളും കോശങ്ങളിലേക്കെത്തിക്കുകയും കാര്‍ബണ്‍ ഡൈഓക്‌സൈഡും മറ്റു പാഴ്‌വസ്‌തുക്കളും അവിടെ നിന്ന്‌ വഹിക്കുകയും ചെയ്യുന്ന രക്തത്തിലെ ഏറിയ പങ്കും ജലമാണ്‌. ഗ്ലൂക്കോസും മറ്റും വെള്ളത്തില്‍ ലയിച്ച്‌ ശരീരത്തിന്റെ വിവിധ ഭാഗത്തിലെത്തുന്നു. ജീവല്‍പ്രധാനമായ ചില പദാര്‍ഥങ്ങള്‍ (ഡി എന്‍ എ, പ്രോട്ടീന്‍ തുടങ്ങിയവ) അവയുടെ പ്രവര്‍ത്തനത്തിനാവശ്യമായ ആകൃതിയിലും രൂപത്തിലും എത്തുന്നത്‌ ജല തന്മാത്രകളുമായി രാസബന്ധത്തിലേര്‍പ്പെടുക വഴിയാണ്‌. മനുഷ്യന്റെ ശരീരത്തില്‍ അറുപത്‌ ശതമാനത്തോളം വെള്ളമാണ്‌ എന്നതുതന്നെ വെള്ളത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. പച്ചിലകളില്‍ വച്ച്‌ കാര്‍ബണ്‍ ഡൈഓക്‌സൈഡും ജലവും ചേര്‍ന്നാണല്ലോ സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ജീവജാലങ്ങള്‍ക്കുള്ള ഭക്ഷണം പാകംചെയ്യുന്നത്‌. വെള്ളമില്ലെങ്കില്‍ ജീവനില്ല എന്നു സാരം.
മനുഷ്യശരീരത്തില്‍ ഒരു ദിനചക്രം പ്രവര്‍ത്തിക്കുന്നുണ്ട്‌. രണ്ടര ലിറ്റര്‍ വെള്ളം ഒരാള്‍ ദിനേന ഉപയോഗിക്കുന്നു. ശരീരത്തിന്റെ ഏറ്റവും കുറഞ്ഞ ജലത്തിന്റെ ആവശ്യം ഒന്നര ലിറ്ററാണ്‌. വൃക്കകളില്‍ നിന്ന്‌ മാലിന്യംനീക്കാന്‍ 0.6 ലിറ്ററും വിയര്‍പ്പായി തൊലിയിലൂടെ 0.9 ലിറ്ററും. വെള്ളം ഏതൊരു ജീവവസ്‌തുവിന്റെയും അനിവാര്യത മാത്രമല്ല, അവകാശവുമാണ്‌. ഈ വസ്‌തുത തിരിച്ചറിയുമ്പോള്‍ അതിന്റെ ഉപയോഗത്തില്‍ സൂക്ഷ്‌മതയും സഹകരണവും അനിവാര്യമായിത്തീരുന്നു.
തെറ്റായ ജല സമീപനങ്ങള്‍
ലോകത്തെ ശുദ്ധജലത്തിന്റെ ഏകദേശം 70 ശതമാനം ഉപയോഗിക്കുന്നത്‌ കൃഷി ആവശ്യത്തിനാണ്‌. അശാസ്‌ത്രീയമായ ജലസേചന സംവിധാനങ്ങള്‍ ധാരാളം ജലനഷ്‌ടമുണ്ടാക്കുന്നു. രാസവളങ്ങളുടെ ഉപയോഗം മൂലം മലിനമായ ജലം പുഴകളിലേക്കും തോടുകളിലേക്കും ഒഴുക്കിവിടുന്നു. അവ ശുദ്ധജല സ്രോതസ്സുകളെ മലിനമാക്കുന്നു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിന്റെ ദുരന്തകഥ ഉദാഹരണം മാത്രം.
ഏകദേശം 22 ശതമാനം ശുദ്ധജലം ഉപയോഗിക്കുന്നത്‌ വ്യവസായ ശാലകളാണ്‌. പക്ഷെ, അവര്‍ തിരിച്ചുനല്‌കുന്നതോ മാരകമായ വ്യവസായാവശിഷ്‌ടങ്ങളും. നിര്‍ദയം ജലാശയങ്ങളിലേക്ക്‌ അവ തുറന്നുവിടുന്നു. പ്ലാച്ചിമടയിലെ മണ്ണും ജലവും മലിനമാക്കിയ കൊക്കകോള കമ്പനിയുടെ സമീപനം കുടിനീരിനോടും പ്രകൃതി സ്രോതസ്സുകളോടുമുള്ള അക്രമമല്ലെങ്കില്‍ മറ്റെന്താണ്‌?
വ്യക്തിപരമായി തന്നെ ജലോപയോഗത്തില്‍ നാം `നിരക്ഷര'രാണ്‌. തുള്ളിമുറിയാതെ പെയ്യുന്ന മഴ മണ്ണിലേക്കിറങ്ങാതെ ഒലിച്ചുപോകുന്നു. കോണ്‍ക്രീറ്റ്‌ നിലയങ്ങളും ടാറിട്ട റോഡുകളും, എന്തിനേറെ വീട്ടുമുറ്റം പോലും കോണ്‍ക്രീറ്റ്‌ ചെയ്യാനുള്ള തിരക്കിലാണ്‌ നാം. കാടുകളും തട്ടുതട്ടായ ഭൂപ്രകൃതിയും തണ്ണീര്‍ത്തടങ്ങളും എല്ലാം തകര്‍ന്നുകൊണ്ടിരിക്കുന്നു. വെള്ളത്തിന്റെ ഉപയോഗമോ അടിക്കടി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പുഴക്കരയില്‍ നിന്ന്‌ അംഗശുദ്ധി വരുത്താനാണെങ്കില്‍ പോലും അമിതത്വം പാടില്ലെന്ന്‌ പഠിപ്പിച്ച പ്രവാചകാധ്യാപനം നാം വിസ്‌മരിക്കുന്നു.
ജല സഹകരണം
അതിരുകള്‍ ഭേദിച്ചുകൊണ്ടുള്ള അനുസ്യൂതമായ പ്രവഹമാണ്‌ ജലം. ഭൂമിക്കു മുകളില്‍ അതിര്‍ത്തികള്‍ നോക്കാതെ നീന്തിക്കളിക്കുന്ന മേഘങ്ങള്‍ നമുക്ക്‌ നല്‌കുന്ന സന്ദേശം അതാണ്‌. കുടിനീരിന്‌ രാഷ്‌ട്രീയ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയില്ല. അത്‌ ഭൂമിയിലെ ജീവന്റെ അവകാശമാണ്‌. അതിലപ്പുറം ദൈവം കനിഞ്ഞരുളിയ ഔദാര്യമാണ്‌.
ജലസഹകരണം ചര്‍ച്ചയാവാന്‍ രണ്ട്‌ പ്രധാന കാരണങ്ങളുണ്ട്‌. അതിലൊന്ന്‌ ലോകത്തെ മിക്ക പ്രദേശങ്ങളും ജല ദൗര്‍ലഭ്യം അനുഭവിക്കുന്നുണ്ട്‌. അത്‌ കൂടുതല്‍ രൂക്ഷമാവുമെന്ന്‌ ആശങ്കപ്പെടുന്നുമുണ്ട്‌. രണ്ടാമതത്തേത്‌, ലോകത്തെ ആകെ കരയുടെ വിസ്‌തീര്‍ണത്തില്‍ പകുതിയും നദീതടങ്ങളാണെന്ന്‌ മാത്രമല്ല; അത്‌ രാജ്യാതിര്‍ത്തികള്‍ക്കപ്പുറം വ്യാപിച്ചു കിടക്കുന്നതാണ്‌.
അതിര്‍ത്തികള്‍ ഭേദിക്കുന്ന ജലാശയങ്ങള്‍ (transboundary waters) എന്നാണതിനെ വിളിക്കുന്നത്‌. യൂറോപ്പിലെ ദനൂബ്‌ നദി പതിനെട്ട്‌ രാജ്യങ്ങളിലൂടെ ഒഴുകുന്നുണ്ട്‌. നൈല്‍ നദി പത്ത്‌ രാജ്യങ്ങളിലൂടെ ഒഴുകുന്നുണ്ട്‌. രാജ്യങ്ങള്‍ തമ്മിലുള്ള ജലസഹകരണവും ധാരണയും ചര്‍ച്ചയാവുന്നത്‌ അതുകൊണ്ടാണ്‌.
അന്താരാഷ്‌ട്ര ജലസഹകരണ വര്‍ഷം ആഘോഷിക്കുമ്പോള്‍ വിജയംകണ്ട അനേകം ജലസഹകരണ ഉടമ്പടികളുടെ ചരിത്രം സ്‌മരിക്കേണ്ടിയിരിക്കുന്നു. കമ്പോഡിയ, ലയോസ്‌, തായ്‌ലന്റ്‌, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ക്ക്‌ 1957 മുതല്‍ തന്നെ മെകൊങ്‌ (mekong) നദീ സഹകരണ കരാറുണ്ട്‌. ഇന്ത്യയും പാകിസ്‌താനും തമ്മില്‍ 1960 മുതല്‍ സിന്ധുനദീജല സഹകരണ കരാറുണ്ട്‌. 160 മില്യണ്‍ ജനങ്ങള്‍ വസിക്കുന്ന നൈല്‍ നദീതടത്തിന്റെ സമഗ്രവികസനവുമായി ബന്ധപ്പെട്ട്‌ 1999 മുതല്‍ ഒരു കരാറുണ്ട്‌. രാജ്യങ്ങള്‍ തമ്മിലും രാജ്യത്തിനകത്തും ഇത്തരം സഹകരണത്തിന്റെ വേദികള്‍ രൂപപ്പെടേണ്ടത്‌ അനിവാര്യമാണ്‌.
ദക്ഷിണ ഏഷ്യയില്‍ ഗംഗ-ബ്രഹ്‌മപുത്ര മേഘ്‌ന നദികളുടെ വിശാലമായ നദീതടമുണ്ട്‌. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്‌ തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന വിശാലമായ നദീതടമാണിത്‌. ഉത്തരേന്ത്യയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും പലപ്പോഴും കേള്‍ക്കുന്ന വെള്ളപ്പൊക്ക ദുരിതങ്ങളും വരള്‍ച്ചയുടെ ചിത്രങ്ങളുമെല്ലാം ഈ നദികളിലെ ജലനിരപ്പിനെ ആശ്രയിച്ചാണ്‌. ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ ചെറുക്കാന്‍ രാജ്യങ്ങള്‍ക്കിടയില്‍ ശാസ്‌ത്രീയമായി എന്തെങ്കിലും ചെയ്യാനാവുമോ എന്നത്‌ പഠനിവേധയമാക്കേണ്ടതാണ്‌.
അതിരുകള്‍ ഭേദിച്ചുള്ള ജലസഹകരണങ്ങള്‍ യാഥാര്‍ഥ്യമാവട്ടെ. അതിരുകളില്‍ തട്ടിയും മുട്ടിയും ഒഴുകുന്ന കാവേരിക്കും മുല്ലപ്പെരിയാറിനും ശാശ്വത ശാന്തിയുണ്ടാകട്ടെ. ഭൂമിയിലുള്ളതിനേക്കാള്‍ ഒരു തുള്ളി വെള്ളം പോലും നമുക്ക്‌ നിര്‍മിക്കാനാവാത്ത സാഹചര്യത്തില്‍, അമൂല്യമായ ജലത്തുള്ളികളെ നമുക്ക്‌ ഫലപ്രദമായി ഉപയോഗിക്കാം. ``പറയുക: നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ്‌ നിങ്ങള്‍ക്ക്‌ ഒഴുകുന്ന നീരുറവ കൊണ്ടുവന്നു തരിക'' എന്ന ഖുര്‍ആനിന്റെ ചോദ്യം (67:30) എപ്പോഴും നമ്മുടെ ഹൃദയത്തില്‍ മുഴങ്ങട്ടെ!

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: