സ്‌ത്രീ സ്വാതന്ത്ര്യവും സുരക്ഷയും: ഇസ്‌ലാമിക നിലപാടിന്റെ മൗലികത
സി മുഹമ്മദ് സലീം സുല്ലമി
സ്‌ത്രീ ശാക്തീകരണം പുതിയ കാലത്തിന്റെ മുദ്രാവാക്യങ്ങളിലൊന്നാണ്. പുരുഷന് തുല്യമായ പദവികളിലും സ്ഥാനങ്ങളിലും സ്‌ത്രീയും എത്തിച്ചേരുക, അവകാശങ്ങള്‍ പൂര്‍ണമായും നേടിയെടുക്കുക തുടങ്ങിയവയാണ് ഇതിന്റെ അടിസ്ഥാന പ്രേരകം. ചരിത്രപരമായിത്തന്നെ പല മേഖലകളിലും പുറംതള്ളപ്പെടുകയും തദ്‌ഫലമായി പിന്നാക്കം നില്‌ക്കുകയും ചെയ്യുന്ന ദുരവസ്ഥയാണ് സ്‌ത്രീകള്‍ക്കുള്ളതെന്നതിനാല്‍ അവളെ ശാക്തീകരണത്തിന്റെ മന്ത്രം മുഴക്കി മുന്നാക്കമെത്തിക്കാനുള്ള ശ്രമമാണിതിനു പിന്നില്‍.
ഇതിന്നായി തൊഴില്‍ മേഖലയിലും അധികാരകേന്ദ്രങ്ങളിലും സംവരണം തുടങ്ങിയ സാങ്കേതിക പരിഹാരങ്ങളിലൂടെ സ്‌ത്രീകളെ ശാക്തീകരിക്കുകയാണ് ചെയ്യുന്നത്.
ഇതിന്റെ വ്യാപകമായ പ്രചാരണപരിപാടികളിലൂടെ പുരുഷനോടൊപ്പം ഓടിയും മത്സരിച്ചും സ്‌ത്രീകള്‍ പൊതുരംഗത്ത് എത്തിത്തുടങ്ങി. മുമ്പ് പരിചയമില്ലാത്ത തൊഴില്‍ മേഖലകളില്‍ ഇന്ന് സ്‌ത്രീ സാന്നിധ്യം നിറഞ്ഞുനില്‌ക്കുന്നു. പുരുഷനോടൊപ്പം അധികാര കേന്ദ്രങ്ങളില്‍ സ്‌ത്രീകളും എത്തിനില്‌ക്കുന്നു. വീടിനകത്ത് ഒതുങ്ങി നിന്ന് കുടുംബിനിയായി ജീവിച്ചിരുന്ന കാലം മാറി. ഇന്ന് തെരുവുകളിലും അങ്ങാടികളിലും ഓഫീസുകളിലും തൊഴില്‍ശാലകളിലും തുടങ്ങി എല്ലാ തുറകളിലും സ്‌ത്രീ നിത്യസാന്നിധ്യമായി മാറിയിരിക്കുന്നു.
മാറിയ കാലത്തിന്നനുസരിച്ച് സ്‌ത്രീകളും മാറിത്തുടങ്ങിയതോടെ പുതിയ പുതിയ പ്രശ്‌നങ്ങളും ഉടലെടുത്തു. ശാക്തീകരണത്തിന്റെ പ്രചാരകരെല്ലാം ഭൗതികമായ മാനങ്ങള്‍ മാത്രമാണ് കാണുന്നത്. ജോലിയും അധികാരവും സമ്പത്തും പുരുഷനുതുല്യമായ സ്വാതന്ത്ര്യവും നേടിയെടുത്തുകഴിഞ്ഞാല്‍ സ്‌ത്രീ ശാക്തീകരണം ലക്ഷ്യം കാണുമെന്നാണവര്‍ ധരിക്കുന്നത്.
എന്നാല്‍, ജൈവശാസ്‌ത്രപരമായി തന്നെ വിഭിന്നമായ പ്രകൃതിയിലാണ് പുരുഷനും സ്‌ത്രീയുമുള്ളത്. പുരുഷന്റെ ശാരീരിക ഘടനയുമായി തുലോം ഭിന്നമാണ് സ്‌ത്രീയുടെത്. രക്തത്തിന്റെ സാന്ദ്രതയുടെ കാര്യത്തിലും ശരീരത്തിലെ പേശിയുടെയും കൊഴുപ്പിന്റെയും കാര്യത്തിലും തുടങ്ങിയ മറ്റനേകം ബാഹ്യവും ആന്തരികവുമായ കാര്യങ്ങളിലും സ്‌ത്രീ-പുരുഷന്മാര്‍ ഭിന്നത പുലര്‍ത്തുന്നു.
അതിനാല്‍ താരതമ്യേന മെച്ചപ്പെട്ട പ്രകൃതിയുള്ള പുരുഷനോടൊപ്പം ഓടിയെത്താന്‍ സ്‌ത്രീകള്‍ ഏറെ സാഹസപ്പെടേണ്ടിവരുന്നു. ഈ സാഹസങ്ങളെല്ലാം ഏറ്റെടുത്ത് മാത്സര്യപൂര്‍വം മുന്നേറുന്ന സ്‌ത്രീകള്‍ക്ക് പലപ്പോഴും അവരുടെ ജൈവപ്രകൃതിയോടും ശാരീരിക ഘടനയോടും മാനസിക പ്രകൃതിയോടും ഇണങ്ങിയ ജീവിതരീതിയില്‍ നിന്നും മാറിനില്‌ക്കേണ്ടിവരുന്നു. എന്ന് മാത്രമല്ല, അവളുടെ പുതിയ ജീവിതമേഖലയിലെ സുരക്ഷിതത്വവും മാന്യതയും അന്തസ്സും നിലനിര്‍ത്താന്‍ പാടുപെടുകയും ചെയ്യേണ്ടിവരുന്നു.
താരതമ്യേന ശക്തനായ പുരുഷന്റെ കയ്യേറ്റങ്ങള്‍ക്കും കുടിലമായ മോഹങ്ങള്‍ക്കും വിധേയരാകേണ്ടിവരുന്ന ഒരവസ്ഥ ഇതിന്റെ ഫലമായി സ്‌ത്രീ ജീവിതത്തില്‍ വന്നുചേരുകയുണ്ടായി. പുരുഷമോഹങ്ങളുടെയും താല്‌പര്യങ്ങളുടെയും ഇരയാകാനും ചിലപ്പോള്‍ ചട്ടുകങ്ങളാകാനും സ്‌ത്രീ വിധിക്കപ്പെടുകയുണ്ടായി. സ്‌ത്രീയും പുരുഷനും ഒന്നിച്ചുള്ളതും ഒറ്റക്കുള്ളതുമായ രംഗങ്ങളിലെല്ലാം സ്‌ത്രീകള്‍ക്കുനേരെയാണ് കയ്യേറ്റങ്ങള്‍ നടക്കുന്നത്. അവളാണ് ഇരയായി മാറുന്നത്. പുരുഷനല്ല. എന്നും എവിടെയും എപ്പോഴും ഇരയായി മാറുന്നത് സ്‌ത്രീയാണ് എന്നതു തന്നെ അവളുടെ പ്രകൃതിപരമായ ദൗര്‍ബല്യമാണ് കാണിക്കുന്നത്.
തകരുന്ന ധാര്‍മികത
മുമ്പെങ്ങുമില്ലാത്ത വിധം ധാര്‍മികത്തകര്‍ച്ച ഇന്നനുഭവപ്പെടുന്നതായി വിലയിരുത്തപ്പെടുന്നു. ലൈംഗികാഭാസങ്ങളാണ് ഇതില്‍ പ്രധാനം. സ്‌ത്രീനഗ്‌നത എവിടെയും ദുരുപയോഗം ചെയ്യപ്പെടുന്നു. കലാ-സാഹിത്യ-കായിക-സാംസ്‌കാരിക മേഖലകളെന്നറിയപ്പെടുന്നയിടങ്ങളിലെല്ലാം സ്‌ത്രീ ശരീരം പലവിധത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. പരസ്യക്കമ്പോളങ്ങള്‍ നിലനില്‍ക്കുന്നത് തന്നെ സ്‌ത്രീ ശരീരത്തിന്റെ മികവാര്‍ന്ന അവതരണം എത്രത്തോളം സാധ്യമാകുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. സ്‌ത്രീ ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത വസ്‌തുക്കളുടെ പരസ്യത്തിനു പോലും ഏതെങ്കിലും സ്‌ത്രീയുടെ കാമോദ്ദീപകമായ രൂപങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നാണവസ്ഥ. വില്‌പനക്കുവെച്ചത് വസ്‌തുവാണോ, സ്‌ത്രീ ശരീരമാണോ എന്ന് സംശയിക്കും വിധമാണിതുള്ളത്. സൈബര്‍ സെക്‌സ് ഇന്ന് യുവാക്കളെ വേട്ടയാടി സാമൂഹികാന്തരീക്ഷം ആകെ തകിടം മറിച്ചിരിക്കുന്നു. ഇലക്‌ട്രോണിക് ഉപകരണങ്ങളെല്ലാം തന്നെ -മൊബൈല്‍, കമ്പ്യൂട്ടര്‍, ലാപ്‌ടോപ്, ഐപാഡ് എല്ലാം- ലൈംഗിക ചിത്രങ്ങളും സ്‌ത്രീകളുടെ മേനിയഴക് പൊലിപ്പിച്ച് കാണിക്കുന്ന രംഗങ്ങളും നിര്‍ലോഭം കണ്ടാസ്വദിക്കാന്‍ അവസരമൊരുക്കുന്നതിനാല്‍ കൗമാരക്കാര്‍ എല്ലായ്‌പ്പോഴും ഒരുതരം ലൈംഗീകാന്തരീക്ഷത്തില്‍ ജീവിക്കുന്നവരായി മാറുന്നു. ഫലത്തില്‍, ഇന്റര്‍നെറ്റ് വഴിയും മറ്റും നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന പോര്‍ണോഗ്രാഫിക് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന രംഗങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സന്ദര്‍ഭം കാത്തിരിക്കുകയാണ് പല യുവാക്കളും. ഇതിന്നായി ഓട്ടോറിക്ഷ മുതല്‍ ട്രെയ്‌നും ബസ്സും വിമാനവും വരെ ഉപയോഗപ്പെടുത്തപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി.
സിനിമകളും ലൈംഗികത കുത്തിച്ചൊരിയുന്ന സാഹിത്യരചനകളും കലാപരിപാടികളില്‍ അരങ്ങേറുന്ന ഡാന്‍സും പത്ര മാസികകളുടെ പുറംചട്ടയിലും നടുപ്പേജുകളിലും പ്രത്യക്ഷപ്പെടുന്ന യുവതികളുടെ ചാഞ്ഞും ചെരിഞ്ഞും നില്‌ക്കുന്ന അര്‍ധനഗ്ന ചിത്രങ്ങളും സെക്‌സിയായ മുഖഭാവങ്ങളുമെല്ലാം സ്‌ത്രീകള്‍ക്ക് നേരെയുള്ള പുരുഷന്മാരുടെ മനോനിലപാട് തന്നെ മാറ്റിക്കളയുന്നു. സ്‌ത്രീ എപ്പോഴും ഒരു ലൈംഗിക ആസ്വാദന ഉപകരണമാണെന്ന തോന്നല്‍ സൃഷ്‌ടിക്കുന്നു. ഫലത്തില്‍, കയ്യേറ്റങ്ങള്‍ക്കും ബലാല്‍ക്കാരങ്ങള്‍ക്കും ഇരയാകുന്നത് സ്‌ത്രീകള്‍ തന്നെ. കൗമാരക്കാരികളുടെ വേഷഭൂഷകള്‍ പരമാവധി സെക്‌സിയാക്കാന്‍ ശ്രമിക്കുന്നതിന്റെ ഫലം ഒരു ബലാല്‍ക്കാരം അവള്‍ ക്ഷണിച്ചുവരുത്തുന്നുവെന്നതാണ്. ഇങ്ങനെ ലോകമാകെ സ്‌ത്രീയുടെ ഉടലിനുചുറ്റും കറങ്ങുന്ന അവസ്ഥ! സൗന്ദര്യമത്സരങ്ങളും മോഡല്‍ ഗേളുകളുമുണ്ടാകുന്ന പ്രലോഭനം പുരുഷമനസ്സുകളില്‍ എത്ര ശക്തമായിരിക്കുമെന്ന് കൂടി ആലോചിക്കുക.
പരിഹാരത്തിനുവേണ്ടിയുള്ള ബഹളം
സ്‌ത്രീകള്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങള്‍ക്കെതിരെ പ്രതികരണങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുന്നു. പ്രകടനങ്ങളും പ്രതിഷേധങ്ങളും അരങ്ങു തകര്‍ക്കുന്നു. നിയമനിര്‍മാണ സഭകളും ഭരണനേതൃത്വവും ഉണര്‍ന്നെഴുന്നേറ്റിരിക്കുന്നു. സ്‌ത്രീപക്ഷ സംഘടനകളും സ്‌ത്രീവിമോചന വാദികളും രംഗത്തുണ്ട്. വനിതാ സംഘടനകള്‍ മത്സരിച്ചുതന്നെ പ്രസ്‌താവനകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
ഈയിടെ ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ ഒരു ബസ്സില്‍ പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായതാണ് ഇപ്പോഴുണ്ടായ പ്രതിഷേധങ്ങള്‍ക്ക് കാരണം. ഇതൊരു അഭൂതപൂര്‍വമായ സംഭവമൊന്നുമല്ല. മുമ്പും ഇതിന് സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രതിവിധി? കുറ്റവാളികളെ ശിക്ഷിക്കണം; എങ്ങനെ ശിക്ഷിക്കണം? ജയിലിലടക്കണം, ജീവപര്യന്തം നല്‍കണം, വധശിക്ഷ നല്‌കണം, പുതിയ നിയമനിര്‍മാണം വഴി എന്നെന്നേക്കുമായി ഇതിന് തടയിടണം എന്നിങ്ങനെയാണ് കാഴ്‌ചപ്പാടുകള്‍. നിയമനിര്‍മാണം കൊണ്ടും കടുത്ത ശിക്ഷ വിധിക്കുന്നതു കൊണ്ടും മാത്രം ഇല്ലാതാകുന്നതാണോ കുറ്റകൃത്യങ്ങള്‍? പ്രത്യേകിച്ച് ഇതുപോലെയുള്ള കുറ്റകൃത്യങ്ങള്‍?
ലൈംഗിക കുറ്റകൃത്യങ്ങളെ ഒരു മാനസികരോഗമായിക്കണ്ട് അത്തരം രോഗികളെ ബോധവത്‌കരണത്തിലൂടെ സംസ്‌കാര ചിത്തരാക്കാന്‍ പറ്റുമോ എന്നാണ് നോക്കേണ്ടത്. ഇതാണ് ആദ്യഘട്ടം. വിശുദ്ധ ഖുര്‍ആന്‍ ലൈംഗിക തൃഷ്‌ണയുമായി അന്യസ്‌ത്രീകളെ സമീപിക്കന്ന വ്യക്തികളെ മനോരോഗികളായി വീക്ഷിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. (വി.ഖു 33:32). ഈ മനോരോഗം രൂപപ്പെട്ടുവരുന്ന സാഹചര്യം ഒഴിവാക്കിയെടുക്കുകയെന്നതാണ് അടുത്തഘട്ടം. ഇതിനൊന്നും വഴങ്ങാത്ത മാനസികാവസ്ഥയും അടങ്ങാത്ത തൃഷ്‌ണയുമുള്ളവരാണ് ഒരു ശിക്ഷാനടപടിയിലൂടെ പരിവര്‍ത്തനത്തിന് വിധേയമാക്കേണ്ടത്.
ബോധവത്‌കരണം ധാര്‍മികതയുടെ അടിത്തറയില്‍ നിന്നുകൊണ്ടുവേണം. തന്റെ കര്‍മങ്ങളോരോന്നും നിരീക്ഷിക്കുകയും അവ രേഖപ്പെടുത്തിവെക്കുകയും അതിന്റെയടിസ്ഥാനത്തില്‍ മരണാനന്തര ജീവിതത്തില്‍ രക്ഷാ ശിക്ഷാ ലഭിക്കുമെന്ന ബോധം മാത്രമാണ് മനുഷ്യനിലെ ധാര്‍മികത നിലനിര്‍ത്തുന്നത്. ഇതിന്നപ്പുറം കേവലമായ ധാര്‍മിക ബോധവത്‌കരണത്തിന് അടിസ്ഥാനപരമായ സ്വാധീനവും ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയുകയില്ല. ദൃഢമായ ദൈവവിശ്വാസവും ഇതില്‍ പ്രധാനമാണ്.
ദൈവത്തെ കേവലമായ ശക്തിയായി പരിചയപ്പെടുത്തുന്ന വീക്ഷണത്തിനും പ്രത്യേകമായ പ്രാധാന്യമൊന്നും ഈ മേഖലയിലില്ല. വ്യവസ്ഥാപിത പ്രപഞ്ചത്തിനുപിന്നില്‍ ഒരു ശക്തിയുണ്ടെന്ന കേവല ബുദ്ധിപരമായ ഒരംഗീകാരം മനുഷ്യജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. പ്രത്യുത, സര്‍വശക്തനും സര്‍വജ്ഞനും ഓരോ മനുഷ്യന്റെയും ഉള്ളും പുറവും ഒരുപോലെ അറിയുകയും രക്ഷാ-ശിക്ഷകള്‍ നല്‍കുകയും ചെയ്യുന്നവനുമായ ഒരു ഏകദൈവത്തിലുള്ള വിശ്വാസം- ബുദ്ധിപരമായ അംഗീകാരമോ അറിവോ മാത്രമല്ല- വിശ്വാസം, മനഷ്യ ജീവിതത്തില്‍ ഇടപെടുകയും മനുഷ്യനെ വിമലീകരിക്കുകയും ചെയ്യും. ഇത്തരം വിശ്വാസം വളര്‍ന്നിടത്തെല്ലാം മനുഷ്യനെ പാപങ്ങളില്‍ നിന്നും കുറ്റങ്ങളില്‍ നിന്നും അത് തടഞ്ഞുനിര്‍ത്തിയിട്ടുണ്ട്.
ധാര്‍മികതയെയും ധാര്‍മികതയുടെ പാഠങ്ങളെയും പഴഞ്ചനും നവലോകക്രമത്തിന് യോജിക്കാത്തതുമായി കണ്ട് അവയെ ചവിട്ടി മെതിച്ച് കടന്നുപോകുന്ന തലമുറയെ ഒരിക്കലും ധാര്‍മിക കുറ്റങ്ങളില്‍ നിന്ന് തടയാന്‍ സാധിക്കുകയില്ല തന്നെ. അവരുടെ ബുദ്ധിപരമായ കാഴ്‌ചപ്പാടില്‍ ഇതൊന്നും ഒരു കുറ്റമായി തന്നെ വിലയിരുത്തപ്പെടുക പോലുമില്ല.
സാഹചര്യങ്ങള്‍ ഒഴിവാക്കുക
കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരകമാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് അടുത്ത പടി. ഒരു ഭരണകൂടത്തിനും സംവിധാനങ്ങള്‍ക്കും ഇതിനുതകുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. അശ്ലീലതയും ലൈംഗികതയും നിറഞ്ഞാടുന്ന ഒരു അന്തരീക്ഷത്തില്‍ ധാര്‍മികതയുടെ ലംഘനം സ്വാഭാവികമെന്നോണം സംഭവിച്ചേക്കാം. ഇതിനു തടയിടാന്‍ സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയാണ് യഥാര്‍ഥ പരിഹാരം. അന്തരീക്ഷമാകെ നിറഞ്ഞുനില്‍ക്കുന്ന ലൈംഗിക കേളികളുടെ ആഭാസകരമായ ചിത്രങ്ങള്‍ മഴപെയ്‌തിറങ്ങുന്നതു പോലെ ചാനലുകള്‍ വഴിയും ഇന്റര്‍നെറ്റ്‌വഴിയും പെയ്‌തിറങ്ങുമ്പോള്‍, അവയുടെ വലയില്‍ പെടുന്ന വ്യക്തികള്‍ ഇത്തരം സാഹചര്യങ്ങളില്‍ നിയന്ത്രണം നഷ്‌ടപ്പെടുകയും ധാര്‍മികലംഘനം നടത്തുകയും ചെയ്യുന്നുവെന്ന് ധാരാളം പഠനങ്ങള്‍ വ്യക്തമാക്കിയതാണ്.
ഒന്നിച്ചിരുന്ന് ഇത്തരം ദൃശ്യങ്ങള്‍ ആസ്വദിക്കുന്ന യുവതീയുവാക്കള്‍ കാമകേളികളില്‍ ഏര്‍പ്പെടുകയോ ഇല്ലെങ്കില്‍ അതിനുപറ്റിയ ഇരകളെ തേടിപ്പിടിക്കുകയോ ചെയ്യുന്നു. ഇവിടെ, ഇരയാകുന്നവര്‍ ആരാണെന്നു പോലും വേട്ടക്കാരന്‍ പരിഗണിക്കുന്നില്ല. സ്വന്തം മാതാവോ, മകളോ സഹോദരിയോ പോലും ഇതിന്റെ ഇരകളായി മാറുന്നു! സ്വന്തം വീട്ടിനകത്തെങ്കിലും ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ മാതാപിതാക്കളോ മുതിര്‍ന്നവരോ ശ്രദ്ധിക്കുകയാണെങ്കില്‍ അത്രത്തോളം കാര്യങ്ങള്‍ നന്നായി പോയേനെ!
ഇസ്‌ലാമിന്റെ ജാഗ്രത
ധാര്‍മികോപദേശങ്ങള്‍ക്കപ്പുറം സാഹചര്യങ്ങളുടെ ശുദ്ധീകരണവും ഇസ്‌ലാം കാണുന്നുണ്ട്. സ്‌ത്രീകള്‍ക്ക് നേരെ കയ്യേറ്റങ്ങളോ ലൈംഗിക കുറ്റങ്ങളോ സംഭവിക്കാതിരിക്കാന്‍ ഒട്ടനവധി നിര്‍ദേശങ്ങള്‍ മതം നല്‍കുന്നുണ്ട്. ധാര്‍മിക ജീവിതത്തിന് മുന്തിയ പ്രാധാന്യം നല്‍കുന്ന ഇസ്‌ലാമിന് ഈ രംഗത്ത് വീഴ്‌ചകള്‍ വരുത്താനാവുകയില്ല. സ്‌ത്രീ പുരുഷന്മാരെ ഇരു വിഭാഗങ്ങളായി വേര്‍തിരിച്ചുവെന്നത് ഇതിലെ ഒന്നാമത്തെ കാര്യമാണ്; രക്തബന്ധമുള്ളവരും (മഹ്‌റം) അല്ലാത്തവരുമെന്ന വിഭജനം.
അന്യസ്‌ത്രീ പുരുഷന്മാര്‍ എന്നതിന്റെ പരിധിയില്‍ വരുന്ന വിഭാഗത്തെ പ്രത്യേകമായി നിര്‍വചിച്ചിരിക്കുന്നു. സ്വന്തം മാതാപിതാക്കള്‍, മക്കള്‍, സഹോദരീസഹോദരന്മാര്‍, വിവാഹബന്ധത്തിലും മുലകുടി ബന്ധത്തിലുമുള്ളവര്‍ എന്നിവര്‍ക്കു പുറമെയുള്ളവരെല്ലാം അന്യരായിട്ടാണ് പരിഗണിക്കുന്നത്. ഇത്തരം അന്യ സ്‌ത്രീപുരുഷന്മാര്‍ ഒരു അകലം സ്വീകരിച്ചുകൊണ്ട് മാത്രമേ പരസ്‌പരം ഇടപഴകാവൂവെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു.
അന്യ സ്‌ത്രീപുരുഷന്മാര്‍ അന്യോന്യം തുറിച്ചുനോക്കുന്നതും (വി.ഖു24:31) സംസാരിക്കുമ്പോള്‍ സ്‌ത്രീകള്‍ സംസാരത്തില്‍ വിധേയത്വവും അനുനയവും കൊഞ്ചിക്കുഴയലും പ്രകടിപ്പിക്കുന്നതും ഇസ്‌ലാം നിരോധിക്കുന്നു. (വി.ഖു. 33:32). മുഖവും മുന്‍കയ്യും ഒഴികെയുള്ള ശരീര ഭാഗങ്ങള്‍ മറയുന്ന വിധത്തിലുള്ള വസ്‌ത്രധാരണം ഇസ്‌ലാം പ്രത്യേകമായി സ്‌ത്രീകളോട് കല്‌പിക്കുന്നു. ശിരോവസ്‌ത്രം മാറ് മറയുന്ന വിധം താഴ്‌ത്തിയിടണമെന്നും കല്‌പിക്കുന്നു. (വി.ഖു 24:31)
അന്യ സ്‌ത്രീപുരുഷന്മാര്‍ തനിച്ചാകുന്നതും രക്തബന്ധമില്ലാത്തവരുടെ സാന്നിധ്യമില്ലാതെ ദീര്‍ഘയാത്ര ചെയ്യുന്നതും പരസ്‌പരം സ്‌പര്‍ശിക്കുന്നതും ഇസ്‌ലാം തെറ്റായി പഠിപ്പിക്കുന്നു. ഭര്‍ത്താവുമായി ദീര്‍ഘകാലം അകന്നു താമസിക്കുന്ന സ്‌ത്രീകളുടെ അടുത്ത് പ്രവേശിക്കുന്നതു പോലും ഇസ്‌ലാം ഗൗരവമായി കാണുന്നു. പള്ളിയില്‍ ആരാധനയ്‌ക്ക് വരുന്ന സ്‌ത്രീകള്‍ ഇസ്‌ലാമിക വേഷം കണിശമായി അണിയണമെന്നും ആര്‍ഭാടമോ ആകര്‍ഷകത്വമോ തോന്നുന്ന വസ്‌ത്രങ്ങളോ പുഷന്മാരെ ആകര്‍ഷിക്കും വിധം സുഗന്ധ വസ്‌തുക്കള്‍ ഉപയോഗിക്കുകയോ ചെയ്യരുതെന്നും ഉപദേശിക്കുന്നു. ഇസ്‌ലാമിനു മുമ്പുള്ള ജാഹിലിയ്യാ കാലഘട്ടത്തില്‍ സ്‌ത്രീകള്‍ സൗന്ദര്യം പ്രദര്‍ശിപ്പിച്ചുകൊണ്ട് പുറത്തിറങ്ങിയതുപോലെ പുറത്തിറങ്ങരുതെന്നും (വി.ഖു 33:33) വഴിയുടെ ഓരങ്ങളിലൂടെ അടക്കത്തിലും ഒതുക്കത്തിലും നടന്നു നീങ്ങണമെന്നും നടക്കുമ്പോള്‍ അന്യരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കാല്‍ചിലങ്കകള്‍ ചലിപ്പിക്കരുതെന്നും നിഷ്‌കര്‍ഷിക്കുന്നു. (24:31). ശരീര ഭാഗങ്ങള്‍ തെളിഞ്ഞു കാണാത്തവിധം `ജില്‍ബാബ്' അണിയണമെന്നും പഠിപ്പിക്കുന്നു. (വി.ഖു 33:59)
ഇതും ഇതിനു പുറമെയുള്ള അനേകം നിര്‍ദേശങ്ങളും സ്‌ത്രീകളുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പുവരുത്താന്‍ വേണ്ടിയുള്ള ഇസ്‌ലാമിക പാഠങ്ങളാണ്. ഇത്തരം പാഠങ്ങളില്‍ നിന്നുള്ള ഒഴിച്ചുപോക്ക് സ്‌ത്രീകള്‍ക്ക് എന്തുമാത്രം വലിയ വിപത്തുക്കളാണ് വരുത്തിവെക്കുന്നത് എന്നത് കാലം വിളിച്ചറിയിക്കുന്നു. ഏതുതരം വസ്‌ത്രവും വേഷവുമണിഞ്ഞാലും എന്തുതരം മറകള്‍ സ്വീകരിച്ചാലും ധര്‍മനിഷ്‌ഠയുടെ വേഷമാണ് അനിവാര്യമായിട്ടുള്ളത് എന്ന വിശുദ്ധ ഖുര്‍ആന്റെ പ്രഖ്യാപനം പ്രത്യേകം ശ്രദ്ധേയമാണ്. (7:26)
ശിക്ഷയുടെ നിലപാട്
ലൈംഗിക കുറ്റങ്ങള്‍ പരലോകത്ത് ശിക്ഷ ലഭിക്കുന്ന കാര്യങ്ങളാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. പരലോകത്തെ ശിക്ഷ ഭയന്നു തന്നെയാണ് മനുഷ്യര്‍ ജീവിതവിശുദ്ധി നേടിയെടുക്കേണ്ടത്. എന്നാല്‍, പരലോകശിക്ഷയെ ഭയന്ന് ഒഴിവാക്കാന്‍ വേണ്ടി കാത്തിരിക്കാവുന്ന കുറ്റമല്ല ലൈംഗിക കുറ്റങ്ങള്‍. അവ വ്യക്തിയില്‍നിന്ന് അന്യരിലേക്ക് വ്യാപിക്കുന്നതും ഗുരുതരമായ കുടുംബ-സാമൂഹിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുമാണ്. ചിലപ്പോള്‍ സമൂഹത്തിന്റെ മൊത്തം ധാര്‍മികത്തകര്‍ച്ചയ്‌ക്ക് തന്നെ ഇടയാക്കുന്നതുമാണ്.
ഇത്തരം സാഹചര്യങ്ങളില്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്‌ക്കു വേണ്ടി ഇസ്‌ലാമിക ഭരണകൂടം ശിക്ഷ നടപ്പാക്കുന്നു. വ്യഭിചാരി അവിവാഹിതനാണെങ്കില്‍ നൂറ് അടി അടിക്കുകയോ വിവാഹിതനാണെങ്കില്‍ എറിഞ്ഞുകൊല്ലുകയോ ചെയ്യുന്നു. ഇതുതന്നെയും പരസ്യമായി നടപ്പാക്കി സമൂഹത്തിന് പാഠമായിട്ടാണ് വ്യവസ്ഥചെയ്‌തിട്ടുള്ളത്. ഇത്തരം പരസ്യശിക്ഷകള്‍ സമൂഹത്തില്‍ നിന്ന് തിന്മകള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ കാരണമാകുന്നു.
നാലു ദൃക്‌സാക്ഷികള്‍ മുഖേന കുറ്റം തെളിയിക്കപ്പെടുമ്പോഴാണ് ഇസ്‌ലാമിക കോടതി ശിക്ഷ വിധിക്കുന്നത്. ഇസ്‌ലാമിലെ ശിക്ഷാനടപടികള്‍ മുഴുവനും തെറ്റുകളുടെ സാമൂഹിക പ്രസക്തി പരിഗണിച്ചാണ് നല്‍കപ്പെടുന്നത്. അല്ലാതെ, തെറ്റുകളുടെ ആത്മീയ പാപത്തിനല്ല. ആത്മീയ പാപത്തിന് പരലോകത്താണ് ശിക്ഷ ലഭിക്കുന്നത്. ക്രിമിനല്‍ കുറ്റങ്ങള്‍ അന്യരുടെ നേരെയുള്ള കയ്യേറ്റങ്ങളോ സമൂഹത്തിന്റെ ഭദ്രതയ്‌ക്ക് കോട്ടം തട്ടിക്കുന്നതോ നിര്‍ഭയമായ ജീവിതത്തിന് വിഘാതം സൃഷ്‌ടിക്കുന്നതോ ആയിരിക്കും. ഈ ശിക്ഷാ നടപടികള്‍ പോലും സ്‌ത്രീകളുടെ സുരക്ഷിതത്വവും സംരക്ഷണവും ഉദ്ദേശിച്ചുകൊണ്ടാണെന്ന് വ്യക്തം. സ്‌ത്രീകളെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നതുപോലെ വന്‍പാപമായിട്ടാണ് നബിതിരുമേനി(സ) എണ്ണിയിട്ടുള്ളത്.
സംസ്‌കാരത്തിന്റെ ലക്ഷണം
സംസ്‌കാര സമ്പന്നമായ ഒരു സാമൂഹിക വ്യവസ്ഥയാണ് ഇസ്‌ലാമിന്റെ കാഴ്‌ചപ്പാടിലുള്ളത്. അതിനുതകുന്ന പാഠങ്ങളാണ് ഇസ്‌ലാം നല്‍കുന്നത്. നല്ല വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നല്ല വ്യക്തിയും നല്ല കുടുംബവും നല്ല സമൂഹവും രൂപപ്പെടുന്നു. വിശ്വാസ സംസ്‌കരണത്തിലൂടെ വിശുദ്ധമായ ജീവിതരീതി നേടിയെടുക്കുക എന്നതാണ് ഇസ്‌ലാമിക തത്വം. സമൂഹത്തില്‍ നടമാടിയിരുന്ന ജീര്‍ണതകളെക്കുറിച്ച്-പിടിച്ചുപറയും കൊലപാതകവും മറ്റും- തിരുദൂതരുടെ മുമ്പില്‍ പരാതി അവതരിപ്പിച്ച അദിയ്യിബിനു ഹാതിം(റ) എന്ന ശിഷ്യനോട് നബി തിരുമേനി (സ) പറഞ്ഞു: ഈ സത്യം (ഇസ്‌ലാം) ഇവിടെ പലരും. അന്ന് സ്വന്‍ആഅ് മുതല്‍ ഹദ്വര്‍മൗത് വരെ ഒരു സ്‌ത്രീക്ക് ഒറ്റയ്‌ക്ക് നടന്നുപോകാവുന്ന സാഹചര്യം വരും എന്നാണ്. മറ്റൊരു റിപ്പോര്‍ട്ടില്‍, ഒരു സ്‌ത്രീക്ക് ഒറ്റയ്‌ക്കു വന്ന് കഅ്‌ബ ത്വവാഫ് ചെയ്‌ത് മടങ്ങാവുന്ന സാഹചര്യം വരും എന്നാണ്.
ഏതൊരു സ്‌ത്രീക്കും പൂര്‍ണ സുരക്ഷിതത്വത്തോടും നിര്‍ഭയത്വത്തോടും എവിടെയും യാത്ര ചെയ്യാവുന്ന വിധം ജനങ്ങള്‍ ധാര്‍മികമായും സാംസ്‌കാരികമായും ഉയര്‍ന്ന നിലവാരത്തിലെത്തണമെന്നാണ് ഇസ്‌ലാം ആഗ്രഹിക്കുന്നത്. സംസ്‌കാരമുള്ള ഒരു സമൂഹത്തിന്റെ ലക്ഷണമായി സ്‌ത്രീ സുരക്ഷയെയാണ് ഇസ്‌ലാം കണക്കാക്കുന്നത്. എന്തുമാത്രം ഉയര്‍ന്ന വിഭാവനയാണ് ഇസ്‌ലാമിന്റേത്!
എവിടെ സ്‌ത്രീകള്‍ സുരക്ഷിതരാണോ അവിടെ സംസ്‌കാരമുള്ള സമൂഹമുണ്ട് എന്നതാണ് ഇസ്‌ലാമിക കാഴ്‌ചപ്പാട്. ഇതും ഇന്നത്തെ നമ്മുടെ സാമൂഹിക നിലവാരവും സ്‌ത്രീകള്‍ക്കുള്ള സാമൂഹിക പദവിയും അവര്‍ അനുഭവിക്കുന്ന പീഡനവും വിലയിരുത്തിയാല്‍ ഇസ്‌ലാമിക കാഴ്‌ചപ്പാടിന്റെ സവിശേഷത ബോധ്യമാകും.
0 comments: