ദൗത്യം മറക്കുന്ന പിന്മുറക്കാരുടെ ദുര്യോഗം
കേരള സംസ്ഥാനത്തിലെ മുസ്‌ലിംസമൂഹത്തില്‍ ചരിത്രപരമായ കാരണങ്ങളാല്‍ ഉറഞ്ഞുകൂടിയ `ജാഹിലിയ്യ'ത്തിന്റെ ഇരുണ്ട ഇടനാഴികളിലേക്ക് നവോത്ഥാനത്തിന്റെ വെള്ളി വെളിച്ചത്തിന്റെ കിരണങ്ങളുമായി കടന്നുവന്ന പ്രകാശഗോപുരങ്ങളായിരുന്നു സയ്യിദ് സനാഉല്ല മക്‌തി തങ്ങള്‍, വക്കം മൗലവി മുതലായവര്‍.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ തെക്കന്‍ കേരളത്തില്‍ ആരംഭിച്ച ഈ ചലനങ്ങള്‍, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മധ്യകേരളത്തിലെ മണപ്പാട്ടു തറവാടിന്റെ പൂമുറ്റത്ത് കുഞ്ഞിമുഹമ്മദ് ഹാജിയും കെ എം മൗലവിയും ഇ കെ മൗലവിയും മറ്റും ചേര്‍ന്ന് സംഘടിത മുന്നേറ്റത്തിനു വഴിയൊരുക്കിയതാണ് `ഇസ്വ്‌ലാഹീ പ്രസ്ഥാനം അഥവാ കേരള മുസ്‌ലിം നവോത്ഥാന മുന്നേറ്റം.
ഏറെ വൈകാതെ ഉത്തര കേരളത്തിലേക്ക് വ്യാപിക്കുകയും മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതിനാലും പല തരത്തിലുള്ള അനുകൂലനങ്ങള്‍ ലഭിച്ചതിനാലും ആഴത്തില്‍ വേരുപിടിക്കുകയും ചെയ്‌തു. കര്‍മനിരതമായ പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ പതിനായിരങ്ങള്‍ കൂടെ അണിനിരക്കുകയും കേരളത്തിന്റെ ധിഷണയെ പൊതുവിലും മുസ്‌ലിം മനസ്സാക്ഷിയെ വിശേഷിച്ചും നവോത്ഥാന സന്ദേശം ആഴത്തില്‍ സ്വാധീനിച്ചു. അതൊരു ഫലദായകമായ വന്‍വൃക്ഷമായി ലക്ഷങ്ങള്‍ക്ക് തണലേകി, കല്ലെറിഞ്ഞവര്‍ക്കു പോലും ഫലമേകി, സന്ദര്‍ശകര്‍ക്ക് അഭയമേകി നിലകൊണ്ടു. അതാണ് സംഘടിത മുജാഹിദ് പ്രസ്ഥാനത്തിന്റെ തൊണ്ണൂറു വര്‍ഷത്തെ ചരിത്രം.
ഏതാണ്ട് ഇതേ കാലയളവില്‍ കേരളത്തിന്റെ മണ്ണില്‍ ഇതര സമൂഹങ്ങള്‍ക്കിടയില്‍ നടന്ന നവോത്ഥാന സംരംഭങ്ങളില്‍ നിന്ന് ഇസ്‌ലാമിക നവോത്ഥാനം -ഇസ്വ്‌ലാഹീ പ്രവര്‍ത്തനം- വേറിട്ടുനിന്നു. ഇതര സമൂഹങ്ങളെ ഭൗതികവും നാഗരികവുമായി ഉത്തേജിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ മുസ്‌ലിംസമൂഹത്തിന്റെ താല്‌ക്കാലികമായി ഉത്ഥാനമല്ല ഉന്നംവെച്ചത്. മതത്തിന്റെ മര്‍മമറിയാത്ത സാധാരണക്കാരെ ആദ്യമായി യഥാര്‍ഥ ദീനിലേക്കും അതോടൊപ്പം നാഗരികതയിലേക്കും നയിക്കേണ്ടതുണ്ടായിരുന്നു. വിശുദ്ധ ഖുര്‍ആനും നബിചര്യയും പ്രമാണമാക്കി ഏകദൈവ വിശ്വാസത്തിലേക്ക് (തൗഹീദിലേക്ക്) `മുസ്‌ലിം'കളെ വഴിനടത്തുകയായിരുന്നു ആദ്യം ചെയ്‌തത്. അതുപോലെത്തന്നെ മതാനുഷ്‌ഠാനമെന്നത് കേവലം നാട്ടാചാരങ്ങളും പാരമ്പര്യങ്ങളുമല്ല എന്നും ബോധ്യപ്പെടുത്തി നബിചര്യയിലേക്ക് (രിസാലത്തിലേക്ക്) വഴി തുറക്കുകയായിരുന്നു ഇസ്വ്‌ലാഹീ പ്രവര്‍ത്തകന്മാര്‍. ഈ രണ്ട് അടിസ്ഥാന ദൗത്യങ്ങളും പൂര്‍ത്തിയാകാന്‍ കാത്തുനില്‌ക്കാതെ അതിന്റെ കൂടെത്തന്നെ സമൂഹ നന്മയ്‌ക്കാവശ്യമായി സകല മേഖലകളിലേക്കും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു നവോത്ഥാന നായകര്‍ നീങ്ങിയത്. അതിന്റെ ലക്ഷ്യം ഭൗതികമായിരുന്നില്ല. ആത്യന്തിക ജീവിതവിജയം (ആഖിറത്ത്) ആയിരുന്നു. വിദ്യാഭ്യാസം, സ്‌ത്രീവിദ്യാഭ്യാസം എന്നിവയായിരുന്നു മുഖ്യ അജണ്ട. കാതുകുത്ത് കല്യാണം, സുന്നത്ത് കല്യാണം, ചാവടിയന്തിരം തുടങ്ങിയ അത്യാചാരങ്ങളും ചന്ദനക്കുടം, ഉറൂസ് പോലുള്ള അനിസ്‌ലാമിക ആഘോഷങ്ങളും സ്‌ത്രീധനം, വിവാഹരംഗത്തെ അസമത്വങ്ങള്‍ തുടങ്ങിയ ദുരാചാരങ്ങളും മാറ്റിയെടുക്കുക എന്ന ദൗത്യവും ഇസ്വ്‌ലാഹീ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു.
മദ്‌ഹബ് പക്ഷപാതിത്വത്തില്‍ നിന്നും വിവിധ ത്വരീഖത്തുകളുടെ പിടിയില്‍ നിന്നും മുസ്‌ലിം ജനതയെ മോചിപ്പിക്കേണ്ടതുണ്ടായിരുന്നു. മദ്‌റസകളും കോളെജുകളും പോലെ ആശുപത്രികളും മറ്റു ദുരിതാശ്വാസ സംരംഭങ്ങളും സ്ഥാപിച്ച് നടപ്പിലാക്കല്‍ ലക്ഷ്യമായി ആദ്യകാല ഇസ്വ്‌ലാഹീ പണ്ഡിതന്മാര്‍ സംഘടനയുടെ ഭരണഘടനയില്‍ പോലും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ഇങ്ങനെ ഇസ്‌ലാമിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് ഈ സമൂഹത്തിലെ സജീവ സാന്നിധ്യമായി നിലകൊള്ളുക, സമുദായത്തിന്റെ നാനോന്മുഖമായ ഉയര്‍ച്ചയില്‍ പങ്കുവഹിക്കുക, അങ്ങനെ ബഹുസ്വര സമൂഹത്തില്‍ സ്വത്വം സൂക്ഷിച്ചുകൊണ്ട് ധര്‍മം നിറവേറ്റി പൊതുസമൂഹത്തില്‍ അര്‍ഹിക്കുന്ന ഇടം കണ്ടെത്തുക എന്നതായിരുന്നു ആദ്യകാല നവോത്ഥാന നായകരുടെ സങ്കല്‌പം. ഉയര്‍ച്ചയും താഴ്‌ചയും സംഭവിച്ചിട്ടുണ്ടെങ്കിലും എണ്‍പതുകള്‍ അവസാനിക്കുന്നതുവരെ ഈ ദൗത്യനിര്‍വഹണത്തില്‍ പ്രസ്ഥാനം ഉറച്ചുനിന്നു. മുസ്‌ലിംസമൂഹം ഒന്നടങ്കം അതിന്റെ ഫലം കൊയ്‌തെടുക്കുന്നതില്‍ പങ്കാളികളായി. എല്ലാവരുടെയും സഹകരണത്താല്‍ ഇന്നു കാണുന്ന പുരോഗതി മുസ്‌ലിംകള്‍ക്ക് കൈവന്നു.
എഴുപതുകളിലും എണ്‍പതുകളിലും നടന്ന, വിശിഷ്യാ യുവജന വിഭാഗമായ ഐ എസ് എമ്മിന്റെ ആഭിമുഖ്യത്തില്‍ നടത്തിയിരുന്ന ഏകദിന പഠനക്യാമ്പുകളും പൊതുയോഗങ്ങളും നവോത്ഥാനപാതയില്‍ സൃഷ്‌ടിച്ച വികാസം വലുതായിരുന്നു. മുഴുദിനപഠന സെഷനുകളില്‍ അണികള്‍ക്ക് ആദര്‍ശവും പ്രാസ്ഥാനിക പ്രതിബദ്ധതയും പഠിപ്പിച്ചു. പ്രസ്ഥാന പൈതൃകത്തില്‍ ആവേശമുണ്ടായി. പൊതുയോഗങ്ങള്‍ പൊതുജനങ്ങള്‍ക്കുപകാരപ്പെടുന്ന ആദര്‍ശ പ്രഖ്യാപനങ്ങളായും നിലകൊണ്ടു.
എന്നാല്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ പിന്‍മുറക്കാരും പിന്നീട് അതിലേക്ക് കടന്നുവന്നവരും ഫലം കൊയ്‌തെടുക്കുന്നതില്‍ പങ്കാളികളായി; എന്നല്ല മത്സരിച്ചു. പക്ഷേ, തങ്ങള്‍ ഏറ്റെടുത്ത ദൗത്യം മറന്നുപോയി. നമ്മെ ഇവിടേക്കെത്തിച്ച കഴിഞ്ഞ നൂറ്റാണ്ടിലെ കേരള മുസ്‌ലിം നവോത്ഥാനം നിര്‍വഹിച്ച ജിഹാദിന്റെ മര്‍മം അറിയാതെ പോയി. അവരുയര്‍ത്തിപ്പിടിച്ച ആദര്‍ശത്തനിമയും സമൂഹത്തില്‍ കൈക്കൊള്ളേണ്ട നയനിലപാടുകളും എന്തെന്നു പഠിപ്പിക്കപ്പെടാതെ പോയി.
തത്‌ഫലമായി തൗഹീദുള്ള ഒരാള്‍ക്കൂട്ടമായി മുജാഹിദുകള്‍ മാറ്റപ്പെടുന്ന അവസ്ഥ വരുമോ എന്ന ആശങ്കയുണ്ടായി. നേതൃത്വത്തിന്റെ കൈയില്‍ ഒരുവേള അജണ്ടയില്ലാതെ പോയോ എന്നും ശങ്കിക്കേണ്ടി വന്നു. തൗഹീദും രിസാലത്തും ഏതാണ്ട് അടിയുറച്ച, അഥവാ ശിര്‍ക്കും ബിദ്‌അത്തുമില്ലാത്ത പൂര്‍ണ മഹല്ലുകളില്‍, `ഇനിയെന്ത്' എന്ന അവസ്ഥ സംജാതമായി. തുടര്‍ സംസ്‌കരണം നടക്കാത്തിടത്ത് അപചയം സ്വാഭാവികം. അപ്പോഴേക്കും യാഥാസ്ഥിതികത്വത്തിന്റെ ശക്തവും സംഘടിതവുമായ മുന്നേറ്റവും തന്ത്രപരമായ ഇടപെടലുകളും മറുഭാഗത്ത് നടന്നുകൊണ്ടിരിക്കുകയും ചെയ്‌തു.
മറ്റൊരു ഭാഗത്ത് മുസ്‌ലിംസമൂഹത്തിന്റെ ദുര്‍ബലമായ മര്‍മത്തില്‍ തൊട്ട് വൈകാരികത ഇളക്കിവിട്ട് മുസ്‌ലിം യുവതയെ തീവ്രവാദത്തിന്റെ ആലയില്‍ കെട്ടാന്‍ അണിയറയില്‍ ശക്തമായ നീക്കം നടന്നു. സൗകര്യങ്ങളും സംവിധാനങ്ങളും ഏറെയുള്ള മുസ്‌ലിം രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ പാദത്തിനടിയില്‍ നിന്നുപോലും മണല്‍ തരികള്‍ നീങ്ങിയോ എന്ന അത്യന്തം ആശങ്കാജനകമായ സ്ഥിതിവിശേഷത്തിനും കേരളം സാക്ഷിയായി.
പശ്ചാത്തലത്തിന്റെ പ്രാധാന്യവും കാലഘട്ടത്തിന്റെ ആവശ്യവും കണക്കിലെടുത്ത് ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ ദൗത്യനിര്‍വഹണത്തില്‍ മഹത്തായ സേവന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു വെച്ച് ഇസ്വ്‌ലാഹീയുവത വീണ്ടും രംഗത്തിറങ്ങി. (പ്രസ്ഥാനികപ്രവര്‍ത്തനത്തിന് പല കാരണങ്ങളാല്‍ മന്ദീഭാവം അനുഭവപ്പെട്ട നിര്‍ണായകമായ ഒരു ഘട്ടത്തിലാണല്ലോ കേരള ചരിത്രത്തില്‍ മതരംഗത്തെ ആദ്യത്തെ യുവജനക്കൂട്ടായ്‌മയായി ഐ എസ് എം കടന്നുവന്നത് -1967). എണ്‍പതുകളും തൊണ്ണൂറുകളും കേരളത്തിലെ മുസ്‌ലിം സമൂഹത്തിനിടയില്‍ നിരവധി നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഐ എസ് എം നേതൃപരമായ പങ്കുവഹിച്ച കാലമായിരുന്നു. ഐ എസ് എമ്മിന്റെ ആസ്ഥാനം കേവലം സംഘടനാ ഓഫീസ് എന്നതിലുപരി സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് ഗൈഡന്‍സ് അഥവാ മര്‍കസുദ്ദഅ്‌വ എന്ന പേരില്‍ വിവിധ തലത്തിലുള്ള ദഅ്‌വ പ്രവര്‍ത്തനങ്ങളുടെ വേദിയാക്കാന്‍ പദ്ധതികളാവിഷ്‌കരിച്ചു.
അക്കാദമി ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ആന്റ്‌റിസര്‍ച്ച് എന്ന ഒരു ഗവേഷണ വിഭാഗവും വിശാലമായ ലൈബ്രറിയും സ്ഥാപിച്ചു. ശാസ്‌ത്രയുഗത്തിലെ തലമുറയ്‌ക്കു മുന്നില്‍ വിശുദ്ധ ഖുര്‍ആന്‍ പഠിക്കാനുള്ള അനൗപചാരിക പഠന സംവിധാനം -ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ സംസ്ഥാന വ്യാപകമായി നടത്താന്‍ തുടങ്ങി. അതിന്റെ സ്വാധീനം അന്യാദൃശമായിരുന്നു. എതിരാളികള്‍പോലും അനുകരിച്ചും സമുദായത്തിന്റെ അടിത്തറയെ ഇരുപതുകളില്‍ കെട്ടിപ്പടുത്ത യതീംഖാനാ സംരംഭത്തിന്റെ ആധുനികപതിപ്പായ അനാഥകളെ ഉമ്മയുടെ അടുത്ത് സംരക്ഷിക്കുക എന്ന നൂതനസംരംഭം (ദയ ഓര്‍ഫന്‍ കെയര്‍) പരീക്ഷണാര്‍ഥം നടപ്പിലാക്കി. അതിനും അനുകരണമുണ്ടായി.
പരിമിതമായ ആളുകള്‍ക്കിടയില്‍ ഇടയ്‌ക്കിടെ എം എസ് എസ് നടത്തിയിരുന്ന ഇസ്‌ലാമിക് സെമിനാര്‍ ഏറ്റെടുത്ത് ജനകീയ തലത്തില്‍ ധൈഷണിക സംവാദങ്ങള്‍ക്ക് തുടക്കംകുറിച്ചു. ശബാബിന്റെ സെമിനാര്‍ പതിപ്പുകള്‍ വിലപ്പെട്ട രേഖകളായി നിലനില്‌ക്കുന്നു. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിദ്ധീകരിച്ച മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണമെന്ന മലയാള തഫസീറിനു ശേഷം ഏറ്റവുമധികം സ്വീകാര്യത നേടിയ `ഇസ്‌ലാം' എന്ന ബൃഹദ്‌ഗ്രന്ഥം അഞ്ചുവാള്യങ്ങളിലായി പ്രസിദ്ധീകരിച്ചു. ഇസ്‌ലാമിന്റെ അടിത്തറയും സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിംകളുടെ അസ്‌തിത്വവും തകര്‍ക്കുമായിരുന്നു, അധോലോകത്ത് വളര്‍ന്ന മുസ്‌ലിം തീവ്രവാദഗ്രൂപ്പിനെ സൈദ്ധാന്തികമായും പ്രായോഗികമായും സധൈര്യം നേരിട്ടത് ഐ എസ് എം മാത്രമായിരുന്നു. എരിതീയിലേക്ക് മുസ്‌ലിം യുവത കൂപ്പുകുത്തുമായിരുന്ന മഹാവിപത്തില്‍ നിന്ന് സമൂഹത്തെ രക്ഷിക്കുന്നതിനായി അടിക്കല്ലിട്ടത് ഐ എസ് എം ആയിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ബാക്കിയുള്ളവര്‍ ഈ വഴിക്കുവന്നു. ജീര്‍ണത മുറ്റിയ കാമ്പസുകളില്‍ നിന്ന് ധാര്‍മിക യുവത വീണ്ടെടുക്കുക എന്ന ലക്ഷ്യത്തില്‍ ഐ എസ് എം തുടക്കംകുറിച്ച `യുവത ഹോസ്റ്റല്‍' സംരംഭം എത്ര ശ്ലാഘനീയം!
കേരള നദ്‌വത്തുല്‍ മുജാഹിദീനും പോഷകഘടകങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന സ്ഥിരമായ ഇസ്‌ലാഹീ ദഅ്‌വത്ത് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് ഐ എസ് എം മുന്‍കയ്യെടുത്ത സംരംഭങ്ങളില്‍ ചിലതാണ് മുകളില്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ വയദ് പറയുക എന്ന `മതപ്രബോധന'ത്തിനപ്പുറം അജണ്ടയില്ലാത്ത ചിലര്‍ സംഘടനാ നേതൃത്വത്തില്‍ വന്നപ്പോള്‍ അവര്‍ സംശയിച്ചു. ഇതെല്ലാം ആദര്‍ശവ്യതിയാനമല്ലേ? മുവഹ്‌ഹിദിന് ഇത് പറ്റുമോ? സംശയരോഗം വിഭാഗീയ ചിന്തകള്‍ക്കും പരസ്‌പരാരോപണങ്ങള്‍ക്കും വഴിവെച്ചു.
അജണ്ടയില്ലാത്തവര്‍ക്ക് അജണ്ടകള്‍ വായ്‌പയെടുക്കേണ്ടിവന്നു. കൈമോശം വന്നത് ഇസ്‌ലാഹീ പൈതൃകം! തൊണ്ണൂറുകളുടെ അവസാനത്തില്‍ ഇസ്വ്‌ലാഹീ സംഘടന നേരിട്ട അപചയത്തിന്റെ മൂലകാരണം ഇതായിരുന്നു. വിദേശത്തു നിന്നു വായ്‌പയെടുത്ത രഹസ്യ അജണ്ടയും ചില വ്യക്തികളുടെ കുശുമ്പും കുന്നായ്‌മയും നേതൃത്വത്തിലുള്ളവരുടെ അലംഭാവവും മൂലം ഒരു പിന്‍വാതില്‍ ഉപജാപക സംഘം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ കയ്യടക്കി. പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിച്ച ഐ എസ് എമ്മിനെ പിരിച്ചുവിട്ടു (12-08-2002). ചരിത്രപരമായ വിഡ്‌ഢിത്തം. അസൂയാലുക്കളുടെ കുതന്ത്രം നടന്നു. പക്ഷേ, ഇസ്വ്‌ലാഹീ കേരളത്തിന്റെ ഉറക്കം നഷ്‌ടപ്പെട്ടു. ഐ എസ് എം ഉയര്‍ത്തിപ്പിടിച്ച സംഗതികളില്‍ അപാകം കാണാത്ത മുജാഹിദുകള്‍ പ്രസ്ഥാനത്തില്‍ ഉറച്ചുനിന്നു. നന്മയെ വെട്ടിവീഴ്‌ത്തിയവര്‍ സഹോദരനെ കൊന്ന ഖാബീലിനെപ്പോലെ ഉഴറി. യഥാര്‍ഥ ആദര്‍ശവ്യതിയാനം കഴുത്തില്‍ പിടിമുറുക്കി. കേവലം പത്തുവര്‍ഷംകൊണ്ട് തിരിച്ചടി അനിവാര്യമായി. ഐ എസ് എമ്മിനുപകരം വച്ചവെര വീണ്ടും പിരിച്ചുവിടേണ്ടിവന്നു (13-01-2013)! ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ ദൗത്യം മറന്നവരുടെ ദുര്യോഗം. അതേസമയം ഇസ്വ്‌ലാഹീ സംഘടനയും ഐ എസ് എമ്മും പോറലേല്‍ക്കാതെ ദൗത്യനിര്‍വഹണ പാതയില്‍ സജീവമായി നിലനില്‌ക്കുന്നു. അല്ലാഹുവിനു സ്‌തുതി. ചരിത്രത്തിന്റെ ആവര്‍ത്തനം.
<<<<<
മറുപടിഇല്ലാതാക്കൂഇസ്വ്ലാഹീ സംഘടനയും ഐ എസ് എമ്മും പോറലേല്‍ക്കാതെ ദൗത്യനിര്‍വഹണ പാതയില്‍ സജീവമായി
നിലനില്‌ക്കുന്നു. അല്ലാഹുവിനു സ്‌തുതി.
>>>>>