അഴിഞ്ഞിലം സമ്മേളനത്തില്‍ പുറത്തുവന്ന സത്യങ്ങള്‍
എം ഐ മുഹമ്മദലി സുല്ലമി
ഐക്യത്തിനും പരസ്‌പര സഹകരണത്തിനും കൂട്ടായ്‌മക്കും മാതൃകയായിരുന്ന മുജാഹിദ് പ്രസ്ഥാനത്തെ ശിഥിലമാക്കാന്‍ തല്‌പര കക്ഷികള്‍ കണ്ടെത്തിയ തന്ത്രമായിരുന്നു ആദര്‍ശവ്യതിയാനാരോപണം. അത് മെനഞ്ഞെടുക്കാനും പ്രചരിപ്പിക്കാനും മുമ്പിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ എ പി വിഭാഗം മുജാഹിദുകളില്‍ നിന്ന് വിഘടിച്ചുപോയിക്കഴിഞ്ഞു. വേറെ ചിലര്‍ സന്ദര്‍ഭം കാത്തിരിക്കുകയും ചെയ്യുന്നു.
മുജാഹിദ് സംഘടനയില്‍ ഭിന്നിപ്പുകള്‍ മൂടിക്കെട്ടിയ അന്തരീക്ഷത്തിലായിരുന്നു 1999ല്‍ സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. സ്വാഭാവികമായും തെരഞ്ഞെടുപ്പില്‍ അതിന്റെ പ്രതികരണങ്ങളുണ്ടായി. തല്‍ഫലമായി സംസ്ഥാന തെരഞ്ഞെടുപ്പ് ആറുമാസത്തേക്ക് നീട്ടിവെച്ചു. അതിനിടെ ഭിന്നിപ്പുകള്‍ പരിഹരിക്കാന്‍ മധ്യസ്ഥസമിതി രംഗത്തുവന്നു. എല്ലാവരും ആദ്യഘട്ടത്തില്‍ സമിതിയോട് സഹകരിച്ചു. പക്ഷെ, അവരുടെ ജോലിത്തിരക്കുകളോ ഈദൃശ കാര്യങ്ങളിലുള്ള പരിചയക്കുറവോ മൂലം പ്രസ്ഥാനത്തിലെ പ്രശ്‌നങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അതിനാല്‍ അവരെടുത്ത തീരുമാനങ്ങള്‍ പലതും പക്ഷപാതിത്വപരമാണെന്ന് സംഘടനയുടെ ഐക്യകാംക്ഷികളായ പലരും അവരെ രേഖാമൂലവും അല്ലാതെയും ഉണര്‍ത്തിയെങ്കിലും എന്തുകൊണ്ടോ അവര്‍ അത് ഗൗരവത്തിലെടുത്തില്ല. മധ്യസ്ഥര്‍ ഭാരവാഹികളായി നിര്‍ദേശിച്ച പലരും പാനലിനോടുള്ള വിയോജിപ്പുമൂലം വിട്ടുനില്‍ക്കുകയാണെന്ന് അവരെ രേഖാമൂലം അറിയിച്ചിട്ടും പ്രയോജനമുണ്ടായില്ല. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന മുട്ടില്‍ അവര്‍ തങ്ങളുടെ തീരുമാനങ്ങളില്‍ ഉറച്ചുനിന്നു.
2000ത്തിലെ സംഘടനാ തെരഞ്ഞെടുപ്പ്
28-11-1999ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് മധ്യസ്ഥരുടെ ആവശ്യപ്രകാരമാണ് ആറുമാസത്തേക്ക് നീട്ടിവെച്ചതെന്ന് പറയപ്പെടുന്നു. സംഘടനയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്‌തു പരിഹരിക്കാനാണത്രെ അപ്രകാരം ചെയ്‌തത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് വോട്ടെടുപ്പും മത്സരവും ഒഴിവാക്കി സംഘടനാ ഭാരവാഹികളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. തങ്ങളുണ്ടാക്കിയ നിര്‍ദേശങ്ങളില്‍ വലിയൊരു വിഭാഗം കൗണ്‍സിലര്‍മാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചപ്പോള്‍ അത് പരിഹരിക്കാന്‍ ശ്രമിക്കല്‍ മധ്യസ്ഥരുടെ ബാധ്യതയായിരുന്നു. അതിന്നവര്‍ക്ക് സാധിക്കാത്ത സ്ഥിതിയാണെങ്കില്‍ തങ്ങളുടെ ഉദ്യമം വിജയിച്ചിട്ടില്ലെന്നും അതിനാല്‍ `പാനല്‍' പിന്‍വലിക്കുന്നുവെന്നും അവര്‍ അറിയിക്കേണ്ടിയിരുന്നു. മാത്രമല്ല, 30-04-2000ന് കെ എന്‍ എം ഭരണഘടനാ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടു സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനും അവര്‍ക്ക് ശ്രമിക്കാമായിരുന്നു.
വോട്ടെടുപ്പുഫലം പ്രഖ്യാപിക്കപ്പെട്ടു. 105 വോട്ടിനെതിരെ 107 വോട്ടുകള്‍ മധ്യസ്ഥ പാനലിനു ലഭിച്ചു. മധ്യസ്ഥര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നുവെങ്കില്‍ അവരുടെ പാനല്‍ തിരസ്‌കരിക്കപ്പെടുകതന്നെ ചെയ്യുമായിരുന്നു. ഇതൊക്കെയാണെങ്കിലും മധ്യസ്ഥ നിര്‍ദേശങ്ങളില്‍ ഐക്യത്തിന് സഹായകരമാവുന്ന ഒരു രജതരേഖയുണ്ടായിരുന്നു. `ആദര്‍ശ വ്യതിയാനത്തെ സംബന്ധിച്ച് യാതൊരു ആരോപണപ്രത്യാരോപണവും ഇനി മേലില്‍ ബന്ധപ്പെട്ട ആരും തുടരാന്‍ പാടില്ല' എന്നതായിരുന്നു അത്. ഈ നിര്‍ദേശം പ്രായോഗികമാവുകയാണെങ്കില്‍ ഭിന്നിപ്പുകള്‍ അവസാനിക്കുകയും ഐക്യം സംജാതമാകുകയും ചെയ്യുമെന്ന് പാനലിലെ നിര്‍ദേശങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചവര്‍ പോലും പ്രത്യാശിച്ചു. കൗണ്‍സിലിലെ ഭൂരിപക്ഷ തീരുമാനം അംഗീകരിക്കുന്നതായി അവരും പ്രഖ്യാപിച്ചു. ഐക്യത്തിന്റെ കാഹളവുമായി ജാമിഅ സലഫിയ്യയില്‍ നിന്ന് എല്ലാവരും പുറത്തിറങ്ങി.
വീണ്ടും ആദര്‍ശ വ്യതിയാനാരോപണം
സംഘടനാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ അടുത്ത ദിവസം വ്യതിയാനാരോപണ വൃന്ദത്തിലെ പ്രമുഖനായ കെ കെ സകരിയ്യാ സ്വലാഹി മധ്യസ്ഥ നിര്‍ദേശത്ത നിരാകരിച്ചുകൊണ്ട് ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. `ആദര്‍ശവ്യതിയാനം കള്ള പ്രചാരണമോ യാഥാര്‍ഥ്യമോ?' എന്നതായിരുന്നു ലുഘലേഖയ്‌ക്ക് നല്‌കിയ ശീര്‍ഷകം. ഗൗരവമേറിയ ചില കാര്യങ്ങള്‍ ഉണര്‍ത്താനെന്ന പേരില്‍ പ്രസിദ്ധീകരിച്ച അതിന്റെ പ്രഥമ ഭാഗത്തുതന്നെ അദ്ദേഹം ഇപ്രകാരം എഴുതി: ``യഥാര്‍ഥ പ്രശ്‌നം എന്ത്? ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നതു പോലെ ഹുസൈന്‍ മടവൂരിന്റെ വ്യക്തി പ്രഭാവത്തിലും വളര്‍ച്ചയിലും അസൂയപൂണ്ട ചിലര്‍ പറഞ്ഞുപരത്തുന്ന മിഥ്യാരോപണങ്ങളോ അതല്ലെങ്കില്‍ എ പി അബ്‌ദുല്‍ഖാദര്‍ മൗലവിയെ കെ എന്‍ എമ്മിന്റെ ജന.സെക്രട്ടറിയായി നിലനിര്‍ത്താനുള്ള പ്രചാരണങ്ങളോ അല്ല പ്രശ്‌നത്തിന്റെ മര്‍മം. ആ പ്രശ്‌നത്തിന് ഏതായാലും 30ഓടെ വിരാമം കുറിച്ചുവല്ലോ? അധികാരത്തിന്റെ ആ ഓഹരിവെപ്പ് കഴിഞ്ഞതോടെ പ്രതിസന്ധി തീര്‍ന്നു എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ യഥാര്‍ഥ പ്രശ്‌നം അറിയാത്തവരോ അറിഞ്ഞിട്ടും അജ്ഞത നടിക്കുന്നവരോ ആണ്.'' തുടര്‍ന്ന് ഏതാണ്ട് പതിനൊന്ന് പേജോളം വരുന്ന പ്രസ്‌താവനയില്‍ മധ്യസ്ഥ തീരുമാനത്തെ കാറ്റില്‍ പരത്തി ആദര്‍ശവ്യതിയാനാരോപണം വീണ്ടും തുടര്‍ന്നു.
സകരിയ്യാ സ്വലാഹിക്കെതിരില്‍ ഒരു നടപടിയും ഉണ്ടായില്ല. അതിനാല്‍ വേറെ ചിലരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് അദ്ദേഹം വീണ്ടും നാട് മുഴുവന്‍ പ്രശ്‌നങ്ങളുണ്ടാക്കി. അദ്ദേഹം ഇല്ലെന്നും എതിരാളികള്‍ ഉണ്ടെന്നും വാദിക്കുന്ന ശിര്‍ക്കാരോപണത്തിന്റെ പേരില്‍ ഇപ്പോള്‍ അദ്ദേഹത്തിനെതിരെ നടപടി എടുത്തവര്‍ അന്ന് അദ്ദേഹത്തെ പിടികൂടിയിരുന്നുവെങ്കില്‍ നമ്മുടെ പ്രസ്ഥാനം പിളരുമായിരുന്നില്ല. സംഘടന വേണ്ടെന്നു പറയുന്നവരോ ജിന്ന് ചികിത്സകരോ അതിനെ ന്യായീകരിക്കുന്നവരോ പ്രസ്ഥാന പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കുമെന്നും തോന്നുന്നില്ല. എന്തിനധികം `അഴിഞ്ഞിലം സമ്മേളനത്തിലെ' 29-12-2012ലെ സംഭവവികാസങ്ങള്‍ക്കും സാധ്യത ഉണ്ടാകുമായിരുന്നില്ല.
ആദര്‍ശവ്യതിയാനാരോപണവും ഗള്‍ഫ് സലഫികളും
സകരിയ്യാ സ്വലാഹി നാന്ദികുറിച്ച ആദര്‍ശവ്യതിയാനാരോപണങ്ങള്‍ പിന്നെയും സജീവമായി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കെ എന്‍ എം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചര്‍ച്ച നടന്നു. ആദര്‍ശ വ്യതിയാനാരോപകര്‍ 23-5-2001ന് അവതരിപ്പിച്ച പ്രബന്ധത്തില്‍ ആദര്‍ശ വ്യതിയാനത്തിനു നല്‍കിയ നിര്‍വചനം ഇപ്രകാരമാണ്:
ഇതര പ്രസ്ഥാനങ്ങള്‍ എതിര്‍ത്തു പോന്നതും സ്വീകാര്യയോഗ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇസ്‌ലാഹീ പ്രസ്ഥാനം നാളിതുവരെ പുലര്‍ത്തിപ്പോന്നതുമായ ആശയങ്ങള്‍ക്ക് എതിരായ നിലപാട് സ്വീകരിക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്യുക. കക്ഷിഭേദമെന്യെ മുസ്‌ലിംകള്‍ സാര്‍വാംഗീകൃതമായി സ്വീകരിച്ചു പോന്ന ആശയങ്ങള്‍ക്ക് എതിരായ നിലപാട് സ്വീകരിക്കുകയും അത് സത്യമായി ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്യുക. ഇതാണ് ആദര്‍ശവ്യതിയാനം കൊണ്ട് ഉദ്ദേശിക്കുന്നത്. ആദ്യത്തേതിനുദാഹരണമാണ് തറാവീഹ് പതിനൊന്ന് റക്‌ത്തിലധികം നമസ്‌കരിക്കാം എന്ന വ്യതിയാനക്കാരുടെ അഭിപ്രായം.
തറാവീഹ് പതിനൊന്നിലേറെ നമസ്‌കരിക്കണമെന്ന് ആരോപിതരാരും ഇതുവരെ പറഞ്ഞതായി നമുക്ക് കാണാന്‍ സാധ്യമല്ല. സംഘടനാപിളര്‍പ്പിനു ശേഷം പത്തു സംവത്സരം പിന്നിട്ടു. ആരോപിതരുടെ നിയന്ത്രണത്തിലുള്ള ഒരു മസ്‌ജിദിലും ഇന്നുവരെ തറാവീഹ് പതിനൊന്നിലേറെ നമസ്‌കരിച്ചിട്ടില്ല. എന്നാല്‍ ഗള്‍ഫിലെ സലഫികളുടെ സ്ഥിതി എന്താണ്? അവര്‍ ഇപ്പോഴും തറാവീഹ് പതിനൊന്നിലേറെ നമസ്‌കരിക്കാമെന്ന് പറയുന്നു. അപ്രകാരം അനുഷ്‌ഠിക്കുകയും ചെയ്യുന്നു.
എ പി മുജാഹിദുകളുടെ അഴിഞ്ഞിലം സമ്മേളനത്തില്‍ തങ്ങളുടെ വിമതപക്ഷത്തെയും ഹുസൈന്‍ സലഫിയെയും ആഞ്ഞടിക്കാന്‍ ഉപയോഗിച്ച ഫത്‌വയില്‍ ആലുശൈഖിന്റെ പേരും എടുത്തുപറയുന്നുണ്ട്. സിറിയക്കാരനായിരുന്ന ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി തറാവീഹ് പതിനൊന്നിലേറെ നമസ്‌കരിക്കുന്നതിനു എതിരായിരുന്നു. ഇത് സംബന്ധമായി അദ്ദേഹം എഴുതിയ കൃതിയെ വിമര്‍ശിക്കുകയും തറാവീഹ് ഇരുപത്തി ഒന്ന് നമസ്‌കരിക്കാന്‍ തെളിവുകളുണ്ടെന്ന് വാദിച്ചുകൊണ്ട് ഒരു പുസ്‌തകം രചിക്കുകയും ചെയ്‌ത ശൈഖ് അബ്‌ദുര്‍റസാഖ് അഫീഫി സുഊദിയിലെ പണ്ഡിത സമിതിയിലുണ്ടായിരുന്നു. പത്തുവര്‍ഷം മുമ്പ് നല്‍കപ്പെട്ട ആദര്‍ശവ്യതിയാനാരോപണ നിര്‍വചനമനുസരിച്ച് ഇവരെല്ലാം ആദര്‍ശ വ്യതിയാനത്തിലാണെന്ന് വിധി എഴുതേണ്ടിവരും.
ആദര്‍ശ വ്യതിയാനത്തിന്റെ നിദര്‍ശനമായി അന്ന് കണ്ടെത്തിയിരുന്ന മാസപ്പിറവി വിവാദവും ഇതിന് സമാനമാണ്. ഗോളശാസ്‌ത്രത്തിനു വിരുദ്ധമല്ലാത്ത മാസപ്പിറവി ദര്‍ശനമാണ് നാം അംഗീകരിക്കുന്നത്. എന്നാല്‍ ഗള്‍ഫ്‌സലഫികള്‍ ഗോളശാസ്‌ത്രം അംഗീകരിക്കാത്ത ദര്‍ശനത്തെയും സ്വീകരിക്കുന്നു. അഥവാ സമസ്‌തക്കാരുടെ നിലപാടിന് അനുരൂപമാണ് ഗള്‍ഫ് സലഫികളുടെ വീക്ഷണമെന്ന് സാരം.
ആദര്‍ശ വ്യതിയാനാരോപകരുടെ പ്രബന്ധത്തില്‍ പരാമര്‍ശിച്ച ഇവക്ക് പുറമെ നാമും ഗള്‍ഫിലെ സലഫികളും തമ്മിലന്തരമുള്ള വിഷയങ്ങള്‍ വേറെയുമുണ്ട്. നബികുടുംബത്തില്‍ നിന്ന് ഇമാം മഹ്‌ദി എന്നൊരാള്‍ അവസാനകാലത്ത് വരുമെന്ന് ഗള്‍ഫ് സലഫികള്‍ ഉറച്ചുവിശ്വസിക്കുന്നു. മുജാഹിദ് പണ്ഡിതരാകട്ടെ അത് അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല ശീഈ വിശ്വാസമായി എണ്ണുകയും ചെയ്യുന്നു. നമമുടെ നാട്ടില്‍ ഇപ്പോള്‍ വിവാദമായ ജിന്നുകളുടെ വിക്രിയകളില്‍ മിക്കതും എ പി വിഭാഗം മുജാഹിദ് വിമത പക്ഷത്തിന് ലഭിച്ചത് ഗള്‍ഫ് സലഫികളില്‍ നിന്നാകാനാണ് സാധ്യത. ജിന്നുകളെ ഉപദ്രവിക്കുകയോ ചുടുവെള്ളം ഒഴിക്കുമ്പോള്‍ ജിന്നുകളുടെ മേല്‍ പതിക്കുകയോ ചെയ്‌താല്‍ അവര്‍ ആക്രമിക്കുമെന്ന വാദംപോലും ഗള്‍ഫ് സലഫികളുടെ ഫത്‌വകളില്‍ കാണാവുന്നതാണ്. എന്നാല്‍ ജിന്നുകളോട് സഹായം തേടുന്ന സമ്പ്രദായത്തെ അവര്‍ പൊതുവെ നിരാകരിക്കുന്നു.
ജനാധിപത്യ വ്യവസ്ഥയുള്ളിടത്ത് അമുസ്‌ലിംകള്‍ക്ക് വോട്ടുചെയ്യരുതെന്ന് നിഷ്‌കര്‍ഷിക്കുന്ന ഗള്‍ഫ് സലഫികള്‍ ഇസ്‌ലാമികേതര കോടതികളോട് വിധിതേടുന്നതും നിഷിദ്ധമാക്കുന്നു. സ്‌ത്രീകളുടെ സമുന്നതിക്ക് വേണ്ടി മുജാഹിദ് പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളില്‍ അധികവും ഗള്‍ഫ് സലഫികള്‍ക്ക് അജ്ഞാതമാണ്. ഇവരില്‍ ചിലര്‍ പറഞ്ഞുവെന്ന് വാദിച്ചുകൊണ്ട് പ്രസ്ഥാനത്തില്‍ നിന്നൊരു ഭാഗത്തെ തുരത്താന്‍ ശ്രമിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
എന്തുണ്ട് പ്രതിവിധി?
മുജാഹിദ് പ്രസ്ഥാനത്തെ പത്തുവര്‍ഷം മുമ്പ് പിളര്‍ത്താന്‍ ആദര്‍ശ വ്യതിയാനാരോപകര്‍ രംഗത്തുവന്നപ്പോള്‍ അതിന്നായി ഇറക്കിയ തുരുപ്പുശീട്ടായിരുന്നു ഗള്‍ഫ് സലഫീ സംഘടനകളുടെയും ശൈഖുമാരുടെയും മുന്നറിയിപ്പ്. കുവൈത്തിലെ ഇഹ്‌യാഉത്തുറാസ് എന്ന സംഘടനയിലെ നേതൃനിരയിലുള്ള ചിലരെയാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. എ പി മുജാഹിദുകളുടെ എറണാകുളം, ചങ്ങരംകുളം സമ്മേളനങ്ങളില്‍ അവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. അന്നവരെ സമ്മേളനങ്ങളിലേക്ക് ആനയിച്ച പി എന്‍ അബ്‌ദുല്ലത്തീഫ് മദനിയെപ്പോലും അഴിഞ്ഞിലം സമ്മേളനവേദിയില്‍ കാണാന്‍ സാധ്യമായില്ല എന്നത് പ്രസ്‌താവ്യമാണ്.
1999 മുതല്‍ മുജാഹിദ് സംഘടനയിലെ ഭിന്നിപ്പ് പരസ്യമായി രംഗത്തുവന്നു. ഐക്യത്തോടെ മുന്നോട്ടുപോയിരുന്ന പ്രസ്ഥാനം 2002ല്‍ അതിന്റെ അനുയായികളെയും അഭ്യുദയകാംക്ഷികളെയും മാത്രമല്ല, എതിരാളികളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് ഭിന്നിച്ചു. സൗഹാര്‍ദപരമായ സമീപനവും വിട്ടുവീഴ്‌ചയുമുണ്ടായിരുന്നുവെങ്കില്‍ പിളര്‍പ്പ് ഒഴിവാക്കാമായിരുന്നു. പക്ഷെ, പിശാചിന്റെ കുതന്ത്രങ്ങള്‍ക്ക് മുന്‍തൂക്കം ലഭിച്ചു. ``ഏറ്റവും നല്ല വാക്ക് പറയണമെന്ന് എന്റെ ദാസന്മാരോട് പറയുക: പിശാച് അവര്‍ക്കിടയില്‍ ശിഥിലത ഉണ്ടാക്കും. തീര്‍ച്ചയായും പിശാച് മനുഷ്യന്റെ വ്യക്തമായ ശത്രുവാണ്.'' (വി.ഖു 17:53)
പിളര്‍പ്പിനുശേഷം യോജിപ്പിക്കാനുള്ള ധാരാളം ശ്രമങ്ങള്‍ നടന്നു. വ്യക്തികളും സംഘടനകളും അതിനുവേണ്ടി ശ്രമിച്ചു. മുജാഹിദ് പ്രസ്ഥാനത്തെ നന്നായി മനസ്സിലാക്കുകയും അതിന്റെ യത്‌നങ്ങളുമായി സഹകരിക്കുകയും ചെയ്‌തിരുന്ന മുസ്‌ലിം വേള്‍ഡ് ലീഗിന്റെ സെക്രട്ടറി ജനറല്‍ ഡോ. നസ്വീഫിനെപ്പോലുള്ള അന്താരാഷ്‌ട്ര വ്യക്തിത്വങ്ങളും ആ കൂട്ടത്തിലുണ്ടായിരുന്നു. മുസ്‌ലിംലീഗിന്റെ പ്രമുഖ നേതാക്കളും മുജാഹിദുകളുടെ യോജിപ്പിനുവേണ്ടി പ്രവര്‍ത്തിച്ചു.
പക്ഷെ, എല്ലാ ഐക്യശ്രമങ്ങള്‍ക്കും തുരങ്കംവെച്ചത് എ പി വിഭാഗം മുജാഹിദുകളായിരുന്നു. അതിന്നവരെ പ്രേരിപ്പിച്ചവരില്‍ ഏറിയ പങ്കും ഇന്ന് വിമതപക്ഷത്ത് നിലയുറപ്പിച്ചതായി കാണാം. പുതിയ പ്രശ്‌നങ്ങള്‍ പഴയഭിന്നിപ്പുകളെ ഇല്ലാതാക്കി മുജാഹിദ് ഐക്യം സാര്‍ഥകമാകും എന്ന് പ്രതീക്ഷിക്കുന്ന മുജാഹിദ് സാധാരണക്കാര്‍ ഇരുപക്ഷത്തും ധാരാളമുണ്ട്. മുജാഹിദുകളെ യോജിപ്പിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുമെന്ന പി കെ ബശീര്‍ എം എല്‍ എയുടെ പ്രസംഗം കരഘോഷങ്ങളോടെയാണ് പാലക്കാട് നടന്ന യുവജനസമ്മേളന പ്രതിനിധികള്‍ എതിരേറ്റത്. അഴിഞ്ഞിലം സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്‍മാന്‍ പി കെ അഹ്‌മദ് സാഹിബ് തന്നെ ഇരുമുജാഹിദുകളും യോജിക്കണമെന്ന ചിന്താഗതി വെച്ചുപുലര്‍ത്തുന്നു.
മുജാഹിദ് പിളര്‍പ്പിനുശേഷം എ പി വിഭാഗം നടത്തിയ സംസ്ഥാന സമ്മേളനങ്ങളിലെല്ലാം മര്‍കസുദ്ദഅ്‌വ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവര്‍ രൂക്ഷവിമര്‍ശനത്തിന് ശരവ്യമായിരുന്നു. എന്നാല്‍ അഴിഞ്ഞിലം സമ്മേളനത്തില്‍ കുറച്ചൊക്കെ പ്രതിപക്ഷ ബഹുമാനം പുലര്‍ത്താന്‍ അവര്‍ ശ്രമിച്ചുവെന്നത് ശുഭോദര്‍ക്കമാണ്. തങ്ങള്‍ക്ക് പുതിയ ഒരു ശത്രുവിനെ ലഭിച്ചതിനാല്‍ അതിനെ ആക്രമിക്കുന്നതിനിടയില്‍ പഴയ വൈരികളെ തല്‍ക്കാലം വെറുതെ വിട്ടതുകൊണ്ടാണോ അതല്ല, കഴിഞ്ഞ പത്തുവര്‍ഷത്തെ ശത്രുത കൊണ്ട് കോട്ടമല്ലാതെ നേട്ടമൊന്നും ഉണ്ടായിട്ടില്ല എന്ന തിരിച്ചറിവാണോ ഇപ്പോഴത്തെ സൗമ്യതക്ക് കാരണമെന്ന് അല്ലാഹുവിന്നറിയാം. ഈ രംഗത്തെ നമ്മുടെ വീക്ഷണം വളരെ വ്യക്തമാണ്.
``തൗഹീദ് അംഗീകരിക്കുന്ന, സുന്നത്ത് മുറുകെ പിടിക്കുന്ന ഒരേ ആശയക്കാര്‍ ഒന്നിക്കണം. ഒരുമിച്ച് നില്‍ക്കണം. ഇതിനുവേണ്ടി വിട്ടുവീഴ്‌ച ചെയ്യുന്നത് ചെറുതാവലോ തോറ്റുകൊടുക്കലോ അല്ല. മക്കാവിജയ ദിവസം നബി തന്റെ കഠിനശത്രുക്കളോട് പ്രഖ്യാപിച്ച ആ പ്രഖ്യാപനം നമുക്ക് പ്രചോദനമാവേണ്ടതുണ്ട്. നിങ്ങളോട് പകയില്ല, വിദ്വേഷമില്ല. നിങ്ങള്‍ സ്വതന്ത്രരാണ് എന്ന ആ പ്രഖ്യാപനത്തില്‍, ആ വിട്ടുവീഴ്‌ചാ മനസ്ഥിതിയില്‍ ശത്രുവിഭാഗങ്ങളാണ് തലതാഴ്‌ത്തിയത്. നബിയുടെ സ്വഹാബികളും തല ഉയര്‍ത്തി അന്തസ്സില്‍ തന്നെ നിലകൊണ്ടു.
ഐക്യത്തിനുവേണ്ടി നേതാക്കളുടെ പടിവാതില്‍ക്കല്‍ കാവല്‍നില്‍ക്കേണ്ട ഗതികേട് കഴിഞ്ഞ പത്തുവര്‍ഷം നമുക്കുണ്ടായി. പലതവണ പല വാതിലുകളും മുട്ടിനോക്കി. തുറക്കപ്പെട്ടില്ല. ഇനിയും അത്തരം ഒരു കാത്തിരിപ്പിന്നര്‍ഥമില്ല. ഇരുവിഭാഗത്തിനും ആഗ്രഹമുണ്ടെങ്കില്‍ മാത്രം സാധ്യമാവുന്നതാണ് ഐക്യം. ഐക്യം അല്ലാഹുവിന്റെ അനുഗ്രഹമാണ്. ഹൃദയങ്ങള്‍ തമ്മില്‍ യോജിപ്പിക്കാന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ. അവനോട് പ്രാര്‍ഥിക്കുകയും അവനോട് അടുക്കുകയും ചെയ്യുക എന്നതാണ് ഇതിനുള്ള മാര്‍ഗം.'' (ശബാബ് 21-12-2012) -പിളര്‍പ്പിനെ തുടര്‍ന്ന് ഏറ്റവും വിമര്‍ശിക്കപ്പെട്ട വ്യക്തിത്വങ്ങളിലൊന്നായ എ അസ്‌ഗറലിയുടെ ഈ പ്രസ്‌താന മുജാഹിദുകളുടെ അന്തരാളങ്ങളിലെ ആശയെയും അതോടൊപ്പം ആശങ്കയെയും ഒരുപോലെ പ്രകാശിപ്പിക്കുന്നു.
0 comments: