ഡിസംബറില്‍ ലോകം അവസാനിച്ചു!
- വിശകലനം -
ശംസുദ്ദീന്‍ പാലക്കോട്
2012 ഡിസംബര്‍ 21ന് ലോകം അവസാനിക്കാത്തതുകൊണ്ടാണല്ലോ എനിക്ക് ഇതെഴുതാനും നിങ്ങള്‍ക്ക് ഇതു വായിക്കാനും സാധിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ലോകാവസാനത്തെ സംബന്ധിച്ച് എന്തെല്ലാം അസംബന്ധങ്ങളാണ് നമുക്ക് കേള്‍ക്കേണ്ടി വന്നത്! ഏതോ ഒരു മായന്‍ വര്‍ഗക്കാര്‍ മായന്‍ കലണ്ടര്‍ ഉണ്ടാക്കിയത് ശാസ്‌ത്രലോകത്തെ കുറേ ബുദ്ധിജീവികള്‍ക്ക് കണ്ടെത്താനും അത് വായിച്ച് മനസ്സിലാക്കാനും സാധിച്ചുവെന്നും അക്കങ്ങളിലെ കാലം 2012 ഡിസംബര്‍ 21ന് അവസാനിക്കുന്നതിനാല്‍ അന്ന് ലോകാവസാനം സംഭവിക്കുമെന്നുമായിരുന്നു അവര്‍ ലോകത്തിന് നല്‌കിയ `വിവരം!' അന്ധവിശ്വാസത്തിനും അജ്ഞതക്കും ശാസ്‌ത്രമുഖമുണ്ടായാല്‍ എങ്ങനെയിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് 21-12-12 ന്റെ ലോകാവസന വിവാദം.
2300 വര്‍ഷങ്ങള്‍ക്ക് മുമ്പ് മധ്യഅമേരിക്കയില്‍ ജീവിച്ച ഒരു ജനവിഭാഗമാണ് മായന്‍ വര്‍ഗക്കാര്‍. നക്ഷത്രസഞ്ചാര ശാസ്‌ത്രത്തിലും വാനനിരീക്ഷണത്തിലും അസാധാരണ പാണ്ഡിത്യമുള്ളവരായിരുന്നുവത്രെ അവര്‍. തങ്ങളുടെ അറിവ് വെച്ച് ദീര്‍ഘമായ ഒരു കലണ്ടറിന് അവര്‍ രൂപകല്‌പന നല്‌കി. അതിലെ അവസാന തിയ്യതി 2012 ഡിസംബര്‍ 21 ആയിരുന്നു. നാം വാര്‍ഷിക കലണ്ടര്‍ ഉണ്ടാക്കുന്നതു പോലെ അവര്‍ ദീര്‍ഘമായ ഒരു കാലഗണന കലണ്ടറുണ്ടാക്കി. ഇതാണ് മായന്‍ കലണ്ടര്‍. നമ്മുടെ കലണ്ടര്‍ ഡിസംബര്‍ 31ന് അവസാനിക്കുന്നതു പോലെ മായന്‍ കലണ്ടര്‍ അതുണ്ടാക്കി സഹസ്രാബ്‌ദങ്ങള്‍ക്കു ശേഷം 2012 ഡിസംബറിലാണ് അവസാനിക്കുന്നത് അഥവാ അവസാനിച്ചത് എന്ന പ്രത്യേകത മാത്രമേ അതിനുണ്ടായിരുന്നുള്ളൂ. അല്ലാതെ മായന്‍ വര്‍ഗക്കാര്‍ ഡിസംബര്‍ 21നാണ് ലോകാവസാനം എന്ന് പ്രവചിച്ചിട്ടില്ല. എഴുതാപ്പുറം വായിക്കാന്‍ അത്യുത്സാഹം കാണിച്ച അന്ധവിശ്വാസികളും യുക്തിവാദികളും ബുദ്ധിജീവികളുമടങ്ങുന്ന ഒരു മുക്കൂട്ട് മുന്നണിയാണ് ഈ കലണ്ടറിന്റെ മറവില്‍ ലോകാവസാനം പ്രവചിച്ചത്. ഡിസംബര്‍ 21ന് ശേഷമുള്ള ലോകത്തും കാലത്തും ജീവിക്കേണ്ടിവന്ന അവര്‍ അങ്ങേയറ്റം ചെറുതായിപ്പോവുകയോ വിഡ്‌ഢികളാവുകയോ ചെയ്‌തു.
ഇത് കഥയുടെ ഒരു ഭാഗമാണെങ്കില്‍ മറ്റൊരു ഭാഗം അതിനേക്കാള്‍ ചിരിക്ക് വക നല്‌കുന്നു. കലങ്ങിയ വെള്ളത്തില്‍ നിന്ന് എങ്ങനെ മീന്‍പിടിക്കാം എന്ന ആഗ്രഹവുമായി ഇറങ്ങിയ ചില മതഗ്രന്ഥങ്ങളെപ്പറ്റിയാണ് സൂചന. ഡിസംബര്‍ 20ന് ഒരു പ്രമുഖ പത്രത്തില്‍ `നാളെ ലോകം അവസാനിക്കുമോ?' എന്ന പേരില്‍ പത്രത്തിന്റെ കാല്‍പേജ് ദൈര്‍ഘ്യമുള്ള ഒരു ബോക്‌സ് ന്യൂസ്. യേശുക്രിസ്‌തുവിനെ രക്ഷകനായി കണ്ടെങ്കില്‍ മാത്രമേ രക്ഷയുള്ളൂ. ലോകാവസാനമുണ്ടാക്കുന്ന ലോകരക്ഷിതാവായ ഏകദൈവം മാത്രമാണ് എന്റെ രക്ഷിതാവ് എന്ന് വിശ്വസിക്കുന്നവര്‍ക്ക് ചിരിക്ക് വക നല്‌കുന്നു ഈ പരസ്യവും. രക്ഷ വേണമെങ്കില്‍ മൂന്ന് കാര്യങ്ങള്‍ അടിയന്തിരമായി ചെയ്യണമെന്നാണ് പരസ്യക്കാരന്‍ പറയുന്നത്. ഒന്നാമതായി ഞാന്‍ പാപിയാണെന്ന് വിശ്വസിക്കണം. രണ്ടാമതായി എന്റെ പാപങ്ങള്‍ക്കുള്ള ശിക്ഷ യേശുക്രിസ്‌തു പൂര്‍ണമായി അനുഭവിച്ചുതീര്‍ത്തു എന്ന് വിശ്വസിക്കണം! മൂന്നാമതായി, യേശു തന്റെ കര്‍ത്തവാണ് എന്ന് എറ്റുപറഞ്ഞ് സ്വീകരിക്കണം!!
പരസ്യവാചകരം വായിച്ച് സാമാന്യ ബുദ്ധിയും ദൈവവിശ്വാസവുമുള്ളവര്‍ ഇങ്ങനെ ചിന്തിച്ചുപോയാല്‍ കുറ്റംപറയാമോ?
* ഇത് മായന്‍ കലണ്ടറില്‍ 21-12-12 നു ശേഷം കാലം കാണുന്നില്ലെന്ന് പറഞ്ഞ് അന്ന് ലോകാവസാനം എന്നു പറഞ്ഞു പരത്തുന്നതിനേക്കാള്‍ വലിയ ബുദ്ധിശൂന്യതയല്ലേ?
* യേശുവിന് മുമ്പും ശേഷവും ധാരാളം പ്രവാചകന്മാര്‍ (ദൈവദൂതന്മാര്‍) വന്നിണ്ടുണ്ട്. അവരൊക്കെ കേവലം ദൈവദൂതന്മാരും യേശു മാത്രം ദൈവമോ ദൈവപുത്രനോ ദൈവാവതാരമോ (പറയുന്നവര്‍ക്കുതന്നെ നിശ്ചയമില്ല!) ആകുന്നതിലെ യുക്തിയെന്ത്?
* ചെറുപ്പം മുതലേ ധര്‍മബോധത്തോടെയും ദൈവചിന്തയോടെയും ജീവിക്കുകയും എല്ലാവിധ തെറ്റുകുറ്റങ്ങളില്‍ നിന്നും അകന്നു കഴിയുകയും ചെയ്യുന്ന നല്ല മനുഷ്യന്‍, ഞാന്‍ പാപിയാണ് ഞാന്‍ പാപിയാണ് എന്ന് ഉരുവിടുന്നതില്‍ എന്തര്‍ഥം?
* ഇനി അഥവാ ഞാന്‍ തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ തന്നെ ഞാന്‍ ദൈവത്തോട് പശ്ചാത്തപിക്കുകയല്ലാതെ എന്റെ തെറ്റുകള്‍ക്കെല്ലാം യേശു ശിക്ഷയനുഭവിച്ചു എന്ന് വിശ്വസിക്കുന്നതിലെന്തര്‍ഥം?
* യേശു എന്റെ രക്ഷകനാണ് എന്ന് വിശ്വസിക്കുകയും ഏറ്റു പറയുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ രക്ഷയുള്ളൂവെങ്കില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പുള്ള അഥവാ യേശു ഈ ലോകത്ത് വരുന്നതിനു മുമ്പുള്ള കോടാനുകോടി മനുഷ്യരുടെയും പാപികളുടെയും രക്ഷകനാരായിരുന്നു?
ഏതായാലും മായന്‍ കലണ്ടര്‍ കാണിച്ച് പേടിപ്പിച്ചപ്പോള്‍ പേടിക്കാന്‍ കുറെയാളുണ്ടായതുപോലെ യുക്തിപരവും ന്യായവുമായ ഈ ചോദ്യങ്ങളെ ധിക്കാരം, ധിക്കാരം എന്ന് ബോര്‍ഡുവെച്ച് അവഗണിച്ചും അടിച്ചമര്‍ത്തിയും പ്രപഞ്ചനാഥനല്ല, യേശുതന്നെയാണ് എന്റെ രക്ഷകന്‍ എന്ന് വിശ്വസിക്കാനും കുറച്ചുപേരെങ്കിലുമുണ്ടാകുമെന്നുറപ്പാണ്. കലങ്ങിയ വെള്ളത്തില്‍ നിന്ന് മീന്‍ പിടിച്ചാല്‍ ആര്‍ക്കാണ് മീന്‍ കിട്ടാത്തത്! ഏകദൈവവിശ്വാസത്തിന്റെ ദൃഢപാശത്തില്‍ മുറുകെ പിടിക്കാത്ത ചഞ്ചല ഹൃദയരെയും ദുര്‍ബല വിശ്വാസികളെയും വല വിശീപ്പിടിക്കാന്‍ ആര്‍ക്കും സാധിക്കുമല്ലോ!
ലോകം അവസാനിക്കുമോ?
ഈ ലോകം ഒരുനാള്‍ അവസാനിച്ച് മറ്റൊരു ലോകം നിലവില്‍ വരുമെന്ന് തന്നെയാണ് ലോകത്തെ നിര്‍മിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ലോകരുടെ ദൈവം അറിയിച്ചിട്ടുള്ളത്. ലോകാവസാനത്തെ സംബന്ധിച്ചുള്ള എല്ലാ അനാവശ്യ വിവാദങ്ങള്‍ക്കും ഫുള്‍സ്റ്റോപ്പിടാന്‍ പര്യാപ്‌തമായ ആ ദൈവവചനമിതാ: ``എന്തിനെപ്പറ്റിയാണ് അവര്‍ പരസ്‌പരം ചോദിച്ചുകൊണ്ടിരിക്കുന്നത്? അവര്‍ ഏതൊരു കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിലായിക്കൊണ്ടിരിക്കുന്നുവോ ആ മഹത്തായ വൃത്താന്തത്തെപ്പറ്റി നിസ്സംശയം അവര്‍ വഴിയെ അറിഞ്ഞുകൊള്ളും. വീണ്ടും നിസ്സംശയം അവര്‍ വഴിയെ അറിഞ്ഞുകൊള്ളും.'' (വി.ഖു 78:1-5)
ലോകാവസാനം ഉണ്ട് എന്ന് മാത്രമല്ല അവര്‍ അറിയാനിരിക്കുന്നത്. ലോകാവസാനത്തിനു ശേഷം മറ്റൊരു ലോകവും ജീവിതവുമുണ്ട് എന്നും അവര്‍ അറിയാനിരിക്കുന്നു എന്നര്‍ഥം! ഖുര്‍ആനിക വചനങ്ങളുടെ ആവര്‍ത്തനത്തില്‍ പോലും അതിസൂക്ഷ്‌മമായ സൂചനകളും അര്‍ഥതലങ്ങളുമുണ്ട് എന്ന് വ്യക്തം.
യൗമുല്‍ഖിയാമ: ലോകാവാസനത്തെ സൂചിപ്പിക്കാന്‍ ഖുര്‍ആന്‍ നാല്‌പതോളം പദപ്രയോഗങ്ങളോ വിശേഷണങ്ങളോ ഉപയോഗിച്ചിട്ടുണ്ട്. ഓരോ വിശേഷണങ്ങളും ലോകാവസാനത്തിന്റെ രൂപവും രീതിയും വരച്ചിടുന്ന പ്രയോഗങ്ങളാണ് എന്നതാണ് ശ്രദ്ധേയം. മുകളില്‍ കൊടുത്ത സൂക്തത്തില്‍ ലോകാവസാനത്തെ സൂചിപ്പിച്ച പദം `മുഖ്യവാര്‍ത്ത' എന്നര്‍ഥമുള്ള അന്നബഉല്‍ അദ്വീം എന്നതാണ്. ലോകത്ത് ഇതുവരെ നടന്നതും നടക്കാനിരിക്കുന്നതുമായ സംഭവങ്ങളിലും വാര്‍ത്തകളിലും ഏറ്റവും മുഖ്യമായത് തന്നെയാണ് ലോകാവസാനം എന്ന് വിശേഷണം സൂചിപ്പിക്കുന്നു. ലോകത്ത് നടക്കുന്ന ഏതൊരു മുഖ്യ സംഭവവും പിറ്റേ ദിവസം പ്രധാനവാര്‍ത്തയായി ലോകം അറിയുമെങ്കിലും ലോകാവസാനം എന്ന് സംഭവിക്കുമെന്നോ എന്ന് സംഭവിച്ചുവെന്നോ ഉള്ള മുഖ്യവാര്‍ത്ത പക്ഷെ ലോകത്ത് ഒരു മീഡിയയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനാല്‍ പ്രപഞ്ചനാഥനായ അല്ലാഹു തന്നെ ആ മുഖ്യസംഭവത്തെ `മുഖ്യ വാര്‍ത്ത' എന്ന് പേരിട്ട് നമ്മെ അറിയിച്ചത് എത്ര ശ്രദ്ധേയം!
മായന്‍ കലണ്ടറില്‍ നാം കണ്ടത് ഡിസംബര്‍ 21ന് കാലവും കലണ്ടറും നിന്നു പോകുന്നതാണല്ലോ! അന്ന് തന്നെയാണ് യഥാര്‍ഥത്തില്‍ ലോകാവസാനവും. അഥവാ അന്ന് ലോകാവസനങ്ങളില്‍ എല്ലാ കാലവും കലണ്ടറും സമയവും ചനലവും നില്‌ക്കുന്നു. അതിനാല്‍ `നിന്നുപോകുന്ന ദിവസം' അഥവാ നില്‌ക്കുന്നതിനു എന്നര്‍ഥം പറയാവുന്ന `യൗമുല്‍ഖിയാമ' എന്ന പദമാണ് ലോകാവസാനത്തെ സംബന്ധിച്ച് വിശദീകരിക്കാന്‍ ഖുര്‍ആന്‍ ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ളത്. ഈ പദം എഴുപത് തവണ ഉപയോഗിച്ചിട്ടുണ്ട്.
സുനിശ്ചിതം; പക്ഷെ അജ്ഞാതം
ലോകാവസാനം സംഭവിക്കുമെന്നത് വേദഗ്രന്ഥം സുനിശ്ചിതമായി പറഞ്ഞ കാര്യമാണ്. ലോകാവസാനത്തിന്റെ ഭാഗമായി പ്രപഞ്ച ഗതിക്ക് (ഭൂമി, നക്ഷത്രങ്ങള്‍, സൂര്യന്‍, കടല്‍, പര്‍വതം, വന്യമൃഗങ്ങള്‍, നാട്ടുമൃഗങ്ങള്‍...) സംഭവിക്കുന്ന അത്യത്ഭുതകരവും അപ്രതീക്ഷിതവുമായ ദുരന്തങ്ങള്‍ ഖുര്‍ആന്‍ പലയിടത്തായി വിശദീകരിച്ചിട്ടുണ്ട്. (79:6-14,46,34, 80:33, 81:1-14, 82:1-5, 84:1-5, 88:1, 99:1-6, 101:1-5, 22:1,2 കാണുക)
പ്രാപഞ്ചിക പ്രതിഭാസങ്ങളെ സംബന്ധിച്ച് ശാസ്‌ത്രം വിശകലനം ചെയ്യുന്ന ഒരു തത്വം `തെര്‍മോ ഡൈനാമിക്‌സ്' എന്നാണറിയപ്പെടുന്നത്. ഈ തത്വപ്രകാരം പ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും അപചയം സംഭവിക്കുന്നതാണ്. അത് സൂര്യനും മറ്റു നക്ഷത്രജാലങ്ങള്‍ക്കും പ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങള്‍ക്കും ബാധകമാണ്. ഈ തത്വത്തിന്റെ അടിസ്ഥാനത്തില്‍ ലോകാവസാനത്തിന്റെ ഭാഗമായി പ്രാപഞ്ചിക വ്യവസ്ഥക്ക് സംഭവിക്കുന്ന അപ്രതിരോധ്യമായ അപചയവും നാശവും മനസ്സിലാക്കാന്‍ യാതൊരു പ്രയാസവുമില്ല. അഥവാ പ്രകാശം പരത്തുന്ന സൂര്യന്‍ ഒരിക്കല്‍ പ്രകാശം ചുരത്താതാവും എന്നത് ശാസ്‌ത്രം തന്നെയാണ്. ഖുര്‍ആന്‍ മുമ്പേ പറഞ്ഞ ചില സത്യങ്ങളിലേക്കും തത്വങ്ങളിലേക്കും ആധുനികശാസ്‌ത്രം വൈകിയെത്തിയെന്ന് മാത്രം. ഏതായാലും ലോകാവസാനമോ എന്ന നിഷേധാര്‍ഥത്തിലും പരിഹാസാര്‍ഥത്തിലുള്ള ചോദ്യം ഇപ്പോള്‍ ശാസ്‌ത്രബോധമുള്ളവരില്‍ നിന്നുണ്ടാവുന്നില്ല എന്നതാണ് സത്യം.
എന്നാല്‍ സുനിശ്ചിതമായ ലോകാവസാനം എന്ന് സംഭവിക്കുമെന്ന് സൂര്യഗ്രഹണത്തിന്റെയും ചന്ദ്രഗ്രഹണത്തിന്റെയും സമയവും ദിവസവും മുന്‍കൂട്ടി പ്രവചിക്കുന്നതു പോലെ പ്രവചിക്കാന്‍ ഭൗതികസംവിധാനങ്ങള്‍ക്കെന്നും സാധ്യമല്ല. ആത്മീയ കേന്ദ്രങ്ങള്‍ക്കും ഇതിന് സാധ്യമല്ല. കാരണം അല്ലാഹു തന്റെ പ്രവാചകനുപോലും ആ കാര്യം അറിയിച്ചുകൊടുത്തിട്ടില്ല. അല്ലാഹുവില്‍ മാത്രം നിക്ഷിപ്‌തമാണ് ലോകാവസാനം എന്ന് സംഭവിക്കുമെന്ന അറിവ് എന്നര്‍ഥം.
``അന്ത്യസമയത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു; അതെപ്പോഴാണ് സംഭവിക്കുകയെന്ന്. പറയുക; അതിനെപ്പറ്റിയുള്ള അറിവ് എന്റെ രക്ഷിതാവിങ്കല്‍ മാത്രമാണ്. സമയമാകുമ്പോള്‍ അവന്‍ അത് സംഭവിപ്പിക്കും. ആകാശങ്ങളിലും ഭൂമിയിലും അത് ഭാരിച്ചതായിരിക്കുന്നു. പെട്ടെന്നായിരിക്കും അത് നിങ്ങളെ ബാധിക്കുക. നിങ്ങള്‍ അതിനെപ്പറ്റി ചുഴിഞ്ഞന്വേഷിച്ചറിഞ്ഞ വ്യക്തി എന്ന മട്ടിലാണ് അവര്‍ നിന്നോട് ചോദിക്കുന്നത്. പറയുക, അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. പക്ഷെ അധികമാളുകളും കാര്യം മനസ്സിലാക്കുന്നില്ല.'' (വി.ഖു 7:187)
ലോകാവസാനം സുനിശ്ചിതമാണെന്നും എന്നാല്‍ അതെപ്പോള്‍ എന്ന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താന്‍ മനുഷ്യന് കഴിയുകയില്ലെന്നും ആ വിഷയത്തില്‍ മനുഷ്യരഖിലം അജ്ഞരാണെന്നും വെട്ടിത്തുറന്ന് പറയുന്ന ഇതിന് സമാനമായ മറ്റൊരു ഭാഷ്യം ഖുര്‍ആന്‍ 79:42-46ലും കാണാം.
പ്രവാചക സവിധത്തില്‍ ജിബ്‌രീല്‍ എന്ന മലക്ക് മനുഷ്യരൂപത്തില്‍ വന്ന് എന്താണ് ഈമാന്‍, എന്താണ് ഇസ്‌ലാം, എന്താണ് ഇഹ്‌സാന്‍, എപ്പോഴാണ് ലോകാവസാനം എന്നീ ചോദ്യങ്ങള്‍ ചോദിക്കുകയും ആദ്യത്തെ മൂന്നെണ്ണത്തിന് മറുപടി നല്‌കിയ പ്രവാചകന്‍ നാലാമത്ത ചോദ്യത്തിന് മറുപടി നല്‌കാനാകാതെ `ഈ വിഷയത്തില്‍ ചോദ്യകര്‍ത്താവിനുള്ളതില്‍ കൂടുതല്‍ വിവരം ചോദിക്കപ്പെട്ടയാള്‍ക്കില്ല' എന്ന് പ്രതികരിച്ചതും ഹദസ് ഗ്രന്ഥങ്ങളിലുള്ളത് ഇതിനോട് ചേര്‍ത്തു വായിക്കുക.
അടയാളങ്ങള്‍
ലോകാവസാനത്തെപ്പറ്റി അറിയാന്‍ സാധിക്കുകയില്ലെങ്കിലും ലോകാസവനം അടുക്കാനായാല്‍ സംഭവിക്കുന്ന ചില അടയാളങ്ങള്‍ പ്രവാചകന്‍(സ) വിശ്വാസികളെയും ലോകസമൂഹത്തെയും അറിയിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു.
1). കാലം അടുത്തതായി അനുഭവപ്പെടുക: ദിവസവും ആഴ്‌ചകളും മാസങ്ങളും വളരെ പെട്ടെന്ന് കഴിഞ്ഞുപോകുന്ന അനുഭവം ആയിരിക്കാം ഇതുകൊണ്ടര്‍ഥമാകുന്നത്. ലോകസമൂഹങ്ങള്‍ തമ്മിലുള്ള അകലം കുറയുന്ന വിധത്തില്‍ ആശയവിനിമയോപാധികള്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചുമാകാം ഇതിലെ സൂചന.
2). അറിവു കുറയും: ഈ കാലഘട്ടത്തെ വിജ്ഞാന വിസ്‌ഫോടനത്തിന്റെ കാലം എന്ന് നാം വിളിക്കാറുണ്ടെങ്കിലും ജിവിതം, ദൈവം, പ്രപഞ്ചം തുടങ്ങിയ അടിസ്ഥാനകാര്യങ്ങളെ കുറിച്ച അറിവും അവബോധവും ഇന്ന് കുറഞ്ഞുവരുന്നു എന്നത് പ്രകടമായ ഒരു യാഥാര്‍ഥ്യമാണ്. ഉപരിപ്ലവമായ അറിവില്‍ അഭിരമിക്കുന്നവരാണ് അധികവും എന്നു നാം കാണുന്നു.
3). പിശുക്ക് കാണപ്പെടും: സാമ്പത്തിക രംഗത്ത് വളര്‍ച്ചയുണ്ടെങ്കിലും സമ്പത്ത് തന്റെ സുഖസൗകര്യങ്ങളില്‍ മാത്രം വിനിയോഗിക്കാനുള്ള ത്വര ആധുനികമനുഷ്യരില്‍ വര്‍ധിച്ചുവരുന്നു. സമ്പത്ത് സമൂഹത്തിന്റെ മൊത്തം പുരോഗതിക്ക് ഉപയുക്തമാക്കണം എന്ന ചിന്ത കുറഞ്ഞുവരുന്നതും ഇതിന്റെ ഭാഗം തന്നെയാണ്.
4). കുഴപ്പം പ്രത്യക്ഷപ്പെടും: ജീവിത സൗകര്യങ്ങളും സാഹചര്യങ്ങളും വര്‍ധിച്ചിട്ടുണ്ടെങ്കിലും ജീവിതസുഖം ആധുനിക മനുഷ്യന് കുറഞ്ഞുവരുന്നതായാണനുഭവം. പലവിധ കുഴപ്പങ്ങളും സംഘര്‍ഷങ്ങളും കൊണ്ട് വൈയക്തിക -കുടംബ സമൂഹ രംഗമെല്ലാം അസമാധാനം കൈയടക്കും.
5). കൊലപാതകം വര്‍ധിക്കും: ഒരു നബിവചനത്തില്‍ പരാമര്‍ശിക്കപ്പെട്ട ആശയം ഇപ്രകാരമാണ്: ``കൊന്നവിന് അറിയില്ല താന്‍ എന്തിനാണ് കൊന്നതെന്ന്. കൊല്ലപ്പട്ടവനുമറിയില്ല, താന്‍ എന്തിനാണ് കൊല്ലപ്പെടുന്നതെന്ന്.~അങ്ങനെ ഒരു കാലം വരും!'' ക്വട്ടേഷന്‍ സംഘങ്ങള്‍ വിലസി നടക്കുന്നു, കൊലപാതകം ഒരു തൊഴില്‍ മേഖല പോലെ വളര്‍ന്ന ഇക്കാലത്ത് നമുക്കുറപ്പിക്കാം ഇത് ലോകാവസാനത്തിന്റെ അടയാളം തന്നെയാണ്. സ്വന്തത്തെയും മറ്റുള്ളവരെയും ഹനിക്കാന്‍ മനുഷ്യര്‍ക്ക് ധൈര്യം വര്‍ധിച്ച ഭീഷണമായ കാലഘട്ടമാണിത്!
6). വിശ്വാസത്തില്‍ വ്യതിയാനം വരും: നബി(സ) പറഞ്ഞു: ``ലോകാവാസാനത്തിന്റെ മുന്നോടിയായി അന്ധകാരാവൃതമായ രാത്രിക്ക് സമാനമായ കുഴപ്പങ്ങള്‍ പ്രത്യക്ഷപ്പെടും. അന്ന് പ്രഭാതത്തിലെ വിശ്വാസി സായാഹ്‌നത്തില്‍ അവിശ്വസിയും സായാഹ്‌നത്തിലെ വിശ്വാസി പ്രഭാതത്തില്‍ അവിശ്വസിയുമായിട്ടുണ്ടാകും'' (അബൂദാവൂദ്). തന്റെ ഇഹപര വിജയത്തിന്റെ രക്ഷാകവചമായ ദൈവവിശ്വാസവും പരലോക വിശ്വാസവും നൈമിഷിക പ്രലോഭനങ്ങളില്‍ വലിച്ചെറിയാന്‍ തയ്യാറാവുന്നവന്‍ വിശ്വാസികളുടെ കൂട്ടത്തില്‍ ഉണ്ടാകുമെന്നര്‍ഥം. ഈ കാലം തന്നെയല്ലേ എന്ന് ബലമായും സംശയിക്കാവുന്ന ഉദാഹരണങ്ങള്‍ നമുക്കുചുറ്റും എത്രയെങ്കിലുമുണ്ട്!
7). ജീവിതം ദുസ്സഹമാകും: സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും അസാന്മാര്‍ഗികതയും അസമാധാനവും കൊണ്ട് മനുഷ്യര്‍ പൊറുതിമുട്ടുന്ന അവസ്ഥ വരും. (പട്ടാപ്പകല്‍ വീട്ടില്‍ കയറി വീട്ടിലുള്ളവരെയെല്ലാം ബന്ധനസ്ഥരാക്കി സ്വര്‍ണവം പണവും കവര്‍ച്ച നടത്തിപ്പോകുന്നവര്‍ ഒരു വശത്ത്. ബസ്സില്‍ യാത്ര ചെയ്യുന്ന സ്‌ത്രീകള്‍ക്കു പോലും സംഘടിതമായ പീഡനങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥ മറ്റൊരു വശത്ത്. ഇത് ഇപ്പോള്‍ സാധാരണമായല്ലോ). ദുസ്സഹമായ ഇത്തരമൊരു പശ്ചാത്തലത്തില്‍ ജീവിക്കുന്ന മനുഷ്യന്റെ മാനസികാവസ്ഥയെ പ്രവാചകന്‍(സ) വിശദീകരിച്ചതിങ്ങനെ: ഏതെങ്കിലും ഖബ്‌റിനടുത്തു കൂടെ നടന്നു പോകുന്നവന്‍ ആഗ്രഹിക്കും, താന്‍ അയാളുടെ സ്ഥാനത്തായിരുന്നെങ്കില്‍ എന്ന്!'' (ബുഖാരി). ഭൂമിയുടെ അന്തര്‍ഭാഗം ഭൂമിയുടെ ഉപരിഭാഗത്തെക്കാള്‍ മനുഷ്യന്‍ ഇഷ്‌ടപ്പെട്ടുപോകുന്ന ഒരു കാലം വരുമെന്നര്‍ഥം!
8). മദ്യപാനവും അവിഹിത ബന്ധവും വ്യാപകമാകും: അന്ത്യദിനത്തില്‍ മദ്യപാനം സാര്‍വത്രികമാകുമെന്നും വ്യഭിചാരവും സ്‌ത്രീകളുടെ നൃത്തങ്ങളും സൗന്ദര്യപ്രദര്‍ശനവും പലവിധ വാദ്യമേളങ്ങളും സാര്‍വത്രികമാകുമെന്നും സൂചിപ്പിക്കുന്ന ഒരു ഹദീസ് തിര്‍മിദി ഉദ്ധരിച്ചിട്ടുണ്ട്.
9). നേതൃത്വം ദുഷിക്കും: സമുദായത്തെയും സമൂഹങ്ങളെയും അവരിലെ നീചന്മാര്‍ ഭരിക്കുന്ന അവസ്ഥ സംജാതമാകും എന്നും തിര്‍മിദി ഉദ്ധരിച്ച നബിവചനത്തില്‍ കാണാം.
10). പൊതു മുതല്‍ ദുരുപയോഗം ചെയ്യപ്പെടും: ഇതിന് രണ്ട് രൂപമുണ്ട്. പൊതുമുതല്‍ അന്യായമായി കൈവശപ്പെടുത്തുക, പൊതുമുതല്‍ നശിപ്പിക്കുന്നതിലും നശിക്കുന്നതിലും യാതൊരു മനസ്സാക്ഷിക്കുത്തും അനുഭവപ്പെടാതിരിക്കുക എന്നിവയാണവ. `കാട്ടിലെ മരം, തേവരുടെ ആന വലിയെടാ വലി!' എന്ന അവസ്ഥ സംജാതമാകുമെന്നര്‍ഥം.
11). മാതാപിതാക്കള്‍ അകറ്റപ്പെടും: മക്കളാല്‍ പരിഗണിക്കപ്പെടുകയും പരിചരിക്കപ്പെടുകയും ചെയ്യേണ്ട മാതാപിതാക്കളെ മക്കള്‍ തന്ന അവഗണിക്കുകയും ചിലപ്പോള്‍ വീട്ടില്‍ നിന്ന് തന്ന ഇറക്കി വിടുകയും ചെയ്യും. ഇത്തരം ദുരന്തങ്ങള്‍ക്ക് ഇക്കാലത്ത് ധാരാളം ഉദാഹരണങ്ങളുണ്ടല്ലോ.
12). ഭാര്യയെ കീഴ്‌പ്പെട്ട് ജീവിക്കുക: ഭര്‍ത്താവ് ഭാര്യയെയും ഭാര്യ ഭര്‍ത്താവിനെയും ആദരിക്കുകയും അനുസരിക്കുകയും വേണം. പക്ഷെ, ഇത് അതല്ല. ഭാര്യയുടെ ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും പ്രഥമ പരിഗണന നല്‌കപ്പെടുന്ന അവസ്ഥ വരുമെന്നര്‍ഥം.
മുകളില്‍ സചിപ്പിക്കപ്പെട്ടതു പോലെയുള്ള അടയാളങ്ങളിലൂടെയാണ് ലോകാവസാനത്തിന്റെ സാമീപ്യം മനുഷ്യര്‍ തിരിച്ചറിയേണ്ടത്. ഇത് വിശ്വാസികള്‍ക്ക് മാത്രം ബാധകമായ കാര്യവുമല്ല. കാരണം ലോകാവസാനം എല്ലാവരെയും വന്നുമൂടുന്ന അപ്രതീക്ഷിതവും എന്നാല്‍ സുനിശ്ചിതവുമായ ഒരു ദൈവീക പ്രതിഭാസമാണ്. സമയമാകുമ്പോള്‍ അവന്‍ അത് സംഭവിപ്പിക്കുക തന്നെ ചെയ്യും. മറ്റു വിവാദങ്ങളും പ്രവചനങ്ങളുമെല്ലാം ഇക്കാര്യത്തില്‍ അപ്രസക്തമാണ്.
0 comments: