ലിംഗനീതിയും സ്‌ത്രീ പുരുഷ സമത്വവും

  • Posted by Sanveer Ittoli
  • at 9:05 PM -
  • 0 comments
ലിംഗനീതിയും സ്‌ത്രീ പുരുഷ സമത്വവും

അന്‍സാര്‍ അല്‍ആദില്‍
ലിംഗസമത്വത്തെക്കുറിച്ച്‌ സംസാരിക്കുന്ന പലരും കരുതുന്നത്‌ അത്‌ സ്‌ത്രീകളെയും പുരുഷന്മാരെയും തികച്ചും ഒരേപോലെ പരിഗണിക്കലാണെന്നാണ്‌. വാസ്‌തവത്തില്‍ അതല്ല സമത്വം. ആളുകളുടെ ആവശ്യങ്ങള്‍, കഴിവുകള്‍, കഴിവില്ലായ്‌മകള്‍ എല്ലാം കണക്കിലെടുത്തുകൊണ്ടുള്ള ഒരു സമീപനമാണ്‌. മറിച്ച്‌, എല്ലാവരെയും ഒരേ ഏകകംകൊണ്ട്‌ അളക്കുകയല്ല വേണ്ടത്‌.
ഉപരിപ്ലവമായ സമത്വവും യഥാര്‍ഥ സമത്വവും തമ്മില്‍ അന്തരമുണ്ട്‌. യഥാര്‍ഥ സമത്വമാണ്‌ നീതി. എല്ലാ പൗരന്മാര്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കുമനുസരിച്ച്‌ മതിയായ സമത്വപരിഗണന നല്‍കുന്നതിനാണ്‌ അധികം സമൂഹങ്ങളും പ്രാധാന്യം നല്‍കുന്നത്‌. ഉപരിപ്ലവമായ സമത്വമല്ല, യഥാര്‍ഥമായ സമത്വ പരിഗണനയാണ്‌ ദൈനംദിന ജീവിതത്തില്‍ മനുഷ്യര്‍ ആഗ്രഹിക്കുന്നത്‌. നമ്മുടെ തൊഴിലിടങ്ങളിലും സ്‌കൂളുകളിലും വ്യാപാരരംഗത്തും അംഗവൈകല്യമുള്ളവര്‍ക്ക്‌ നാം ഇടം നല്‍കാറുണ്ട്‌. സമ്പന്നര്‍ക്ക്‌ നികുതി ചുമത്തേണ്ടതിന്റെയും ദരിദ്രര്‍ക്ക്‌ സാമൂഹ്യക്ഷേമ പദ്ധതികളിലൂടെ സഹായം ലഭ്യമാക്കേണ്ടതിന്റെയും ആവശ്യകത നാം അംഗീകരിക്കുന്നു. ഇതിലൊക്കെ അന്തര്‍ഭവിച്ചത്‌ നീതിയാണ്‌; എന്നാല്‍ `സമത്വ'മല്ല.

ജീവിതത്തില്‍ വൈകാരികമോ മാനസികമോ ശാരീരികമോ ആയ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക്‌ നാം പ്രത്യേക ശ്രദ്ധ നല്‍കുന്നു. ഇതെല്ലാം യഥാര്‍ഥമായ സമത്വവും ധര്‍മവും നീതിയുമാണ്‌.
പുരുഷന്മാരും സ്‌ത്രീകളും
സ്‌ത്രീകളും പുരുഷന്മാരും തമ്മില്‍ ജന്മസിദ്ധവും നൈസര്‍ഗികവുമായ വ്യത്യാസങ്ങളുണ്ടെന്ന്‌ എല്ലാവരും അംഗീകരിക്കുന്നു. പ്രകൃത്യാതന്നെ സ്‌ത്രീകളും പുരുഷന്മാരും പല കാര്യങ്ങളിലും വ്യത്യസ്‌തരാണ്‌. അതുകൊണ്ടുതന്നെ ആ വ്യത്യാസങ്ങളെ അവഗണിച്ച്‌, സ്‌ത്രീകളും പുരുഷന്മാരും ഒരേപോലെയല്ലാത്ത കാര്യങ്ങളില്‍ ഏകമാനദണ്ഡം നിശ്ചയിക്കുന്നത്‌ യുക്തിപരമല്ല. അത്‌ ഉപരിപ്ലവമായ സമത്വമായിരിക്കും. ഉദാഹരണത്തിന്‌, ഗര്‍ഭിണിയായ ഭാര്യ തന്നെപ്പോലെ തന്നെ കഠിനാധ്വാനം ചെയ്യണമെന്ന്‌ ഭര്‍ത്താവ്‌ പറയുന്നുവെങ്കില്‍ അത്‌ അനീതിയാണ്‌. ഗര്‍ഭിണിയായ ഭാര്യയുടെ ബുദ്ധിമുട്ടുകള്‍ക്ക്‌ വേണ്ടത്ര പരിഗണന നല്‍കി ജീവിതം മുന്നോട്ടു നയിക്കുക എന്നതാണ്‌ നീതിപൂര്‍വകമായ നിലപാട്‌. ജീവശാസ്‌ത്രപരമായിതന്നെ വ്യക്തമായ വ്യത്യാസങ്ങള്‍ സ്‌ത്രീയും പുരുഷനും തമ്മിലുണ്ട്‌- പുരുഷന്മാര്‍ക്ക്‌ ആര്‍ത്തവവും ഗര്‍ഭധാരണവുമില്ല. സാധാരണയായി സ്‌ത്രീകള്‍ക്ക്‌ പുരുഷന്മാരേക്കാള്‍ ആയുസ്‌ കൂടുതല്‍ ലഭിക്കാറുണ്ട്‌. വൃദ്ധരായ സ്‌ത്രീകള്‍ക്ക്‌ വൃദ്ധരായ പുരുഷന്മാരേക്കാള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ താരതമ്യേന കുറവാണ്‌. പ്രമുഖ ആരോഗ്യ മാസികയായ AARP ബുള്ളറ്റിന്‍ സ്‌ത്രീകളും പുരുഷന്മാരും തമ്മില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ എട്ട്‌ വ്യത്യാസങ്ങള്‍ ഉള്ളതായി രേഖപ്പെടുത്തുകയുണ്ടായി.
1. അമേരിക്കയില്‍ ഒരു പുരുഷന്റെ ശരാശരി ആയൂര്‍ദൈര്‍ഘ്യം 74.4 ആണ്‌. സ്‌ത്രീകളുടേത്‌ 79.8 ഉം.
2. അര്‍ബുദം ബാധിച്ച്‌ സ്‌ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ മരിക്കുന്നു.
3. 65 വയസ്സിനു മുമ്പ്‌ ഹൃദ്രോഗം വന്ന്‌ മരിക്കുന്നവരില്‍ 79%വും പുരുഷന്മാരാണ്‌.
4. ഉറക്കത്തില്‍ ആവര്‍ത്തിച്ച്‌ ശ്വസനം തടസ്സപ്പെടുന്ന അപകടകരമായ അസുഖമായ സ്ലീപ്‌ അപ്‌നിയ സ്‌ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാരിലാണ്‌ കണ്ടുവരുന്നത്‌.
5. നാല്‌പത്‌ വയസ്സിനു ശേഷം ധമനികളിലെ രക്തം കട്ടപിടിക്കുന്നരോഗം പുരുഷന്മാര്‍ക്ക്‌ ഉണ്ടാവാന്‍ സ്‌ത്രീകളേക്കാള്‍ 50% സാധ്യത കൂടുതലാണ്‌.
6. രോഗാണുബാധയെ തടുക്കുന്ന ടി-സെല്‍ സ്‌ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്മാരില്‍ കുറവാണ്‌.
7. നൂറ്‌ വയസ്സ്‌ പിന്നിടുന്ന സ്‌ത്രീകള്‍ പുരുഷന്മാരേക്കാള്‍ എട്ട്‌ മടങ്ങ്‌ കൂടുതലാണ്‌.
ശരീര ശാസ്‌ത്രപരമായ വ്യത്യാസങ്ങളുള്ളതിനാല്‍ ഒളിമ്പിക്‌സില്‍ സ്‌ത്രീകളും പുരുഷന്മാരും വേറിട്ടാണ്‌ മത്സരിക്കുന്നത്‌. 18-ാം വയസ്സില്‍ സാധാരണ ഒരു പുരുഷന്റെ ഉയരം 70.2 ഇഞ്ചും ഭാരം 144.8 പൗണ്ടുമായിരിക്കും. അതേ പ്രായത്തില്‍ സ്‌ത്രീകളുടെ ഉയരം 64.4 ഇഞ്ചും ഭാരം 126.6 പൗണ്ടുമായിരിക്കും. പുരുഷന്റെ ആകെ മസിലുകളുടെ ഭാരം സ്‌ത്രീകളുടേതിനേക്കാള്‍ 50 ശതമാനം കൂടുതലായിരിക്കും. വലിപ്പത്തില്‍ സാധാരണ ഒരു പുരുഷന്റെ ഹൃദയത്തേക്കാള്‍ 25% ചെറുതായിരിക്കും സ്‌ത്രീകളുടെ ഹൃദയം. സ്‌ത്രീകള്‍ പുരുഷന്മാരേക്കാള്‍ ഏതാണ്ട്‌ 10 ശതമാനം കൂടുതല്‍ കൊഴുപ്പ്‌ വഹിക്കുന്നു.
പഠനരംഗത്ത്‌, സ്‌ത്രീകള്‍ പൊതുവെ ഭാഷകളുടെ പഠനത്തിലും മാനവിക വിഷയങ്ങളുടെ പഠനത്തിലും പുരുഷന്മാരേക്കാള്‍ മികവു പുലര്‍ത്തുന്നു. ശാസ്‌ത്രവിഷയങ്ങളിലും ഗണിത പഠനത്തിലും സ്‌ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്മാരാണ്‌ കൂടുതല്‍ മികവ്‌ പുലര്‍ത്തുന്നത്‌. ഇരുവിഭാഗത്തിനും അനന്യമായ, തനതായ കഴിവുകളുണ്ട്‌ -`പുരുഷന്മാരും സ്‌ത്രീകളും യഥാര്‍ഥത്തില്‍ വ്യത്യസ്‌തമായി ചിന്തിക്കുന്നു' എന്ന തലക്കെട്ടിലുള്ള ഒരു ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. ഇര്‍വിനിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി പ്രൊഫസറായ റിച്ചാര്‍ഡ്‌ ഹൈയര്‍ ന്യൂ മെക്‌സിക്കോ യൂണിവേഴ്‌സിറ്റിയിലെ സഹപ്രവര്‍ത്തകരോടൊപ്പമാണ്‌ ഗവേഷണം നടത്തിയത്‌.
അവരുടെ പഠനം പറയുന്നത്‌ പൊതുവെ പുരുഷന്മാരില്‍ സാധാരണ യുക്തിയുമായി ബന്ധപ്പെട്ട ഗ്രേ മാറ്ററിന്റെ അളവ്‌ സ്‌ത്രീകളുടേതിനേക്കാള്‍ 6.5 മടങ്ങ്‌ കൂടുതലും വൈറ്റ്‌ മാറ്ററിന്റ അളവ്‌ സ്‌ത്രീകളില്‍ പുരുഷന്മാരിലുള്ളതിനേക്കാള്‍ 10 മടങ്ങ്‌ കൂടുതലുമായിരിക്കുമെന്നാണ്‌. മനുഷ്യരില്‍ ഗ്രേ മാറ്റര്‍ വിജ്ഞാനം ശേഖരിക്കുന്ന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുകയും വൈറ്റ്‌ മാറ്റര്‍ ഈ കേന്ദ്രങ്ങളെ സംയോജിപ്പിക്കുകയും ചെയ്യുന്നു.
ന്യൂ മെക്‌സിക്കോ യൂണിവേഴ്‌സിറ്റിയിലെ ന്യൂറോ സൈക്കോളജിസറ്റായ റെക്‌സ്‌ ജംഗ്‌ പറയുന്നത്‌, ഈ പഠനത്തിന്‌ സ്‌ത്രീയും പുരുഷനും വ്യത്യസ്‌തമേഖലകളില്‍ മികവു പുലര്‍ത്തുന്നത്‌ എന്തുകൊണ്ടാണെന്ന്‌ വിശദീകരിക്കാന്‍ കഴിയുമെന്നാണ്‌. കൂടുതല്‍ കേന്ദ്രീകൃത പ്രക്രിയ ഉള്‍ക്കൊള്ളുന്ന ഗണിതശാസ്‌ത്രം പോലുള്ളവയില്‍ പുരുഷന്മാരും ഭാഷാപഠനങ്ങളില്‍ സ്‌ത്രീകളും മികച്ചുനില്‍ക്കുന്നു.
പുരുഷന്മാരും സ്‌ത്രീകളും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഒഴിവാക്കാനാവാത്തവയാണെന്ന്‌ സൈക്കോളജി ടുഡേയില്‍ പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനത്തില്‍ പറയുന്നു. സംസാരം, കൈകളുടെ ചലനങ്ങള്‍ തുടങ്ങിയ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ സ്‌ത്രീകളില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം പുരുഷന്മാരുടേതിനേക്കാള്‍ വളരെ കേന്ദ്രീകൃതമാണ്‌. അതുകൊണ്ടാണ്‌ പെണ്‍കുട്ടികള്‍ സാധാരണയായി എളുപ്പത്തിലും മിടുക്കോടെയും സംസാരിക്കുന്നതും കൈകളുടെ പ്രവര്‍ത്തനം കൂടുതല്‍ നന്നായി നിയന്ത്രിക്കുന്നതും. ജോലികള്‍ ചെയ്യാന്‍ വലതുകൈ ഉപയോഗിക്കുന്നവര്‍ പുരുഷന്മാരേക്കാള്‍ സ്‌ത്രീകളാണ്‌. വാക്കുകളെ നിര്‍വചിക്കുക പോലുള്ള ജോലികളില്‍ സ്‌ത്രീകളുടെ മസ്‌തിഷ്‌കം പുരുഷന്മാരുടേതിനേക്കാള്‍ വിപുലമായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു.
ബെര്‍ക്‌ലിയിലുള്ള യൂനിവേഴ്‌സിറ്റി ഓഫ്‌ കാലിഫോര്‍ണിയയിലെ ന്യൂറോ സൈക്കോളജിസ്റ്റായ മറിയന്‍ ഡയമണ്ട്‌ ആണ്‍ എലികളുടെയും പെണ്‍ എലികളുടെയും മസ്‌തിഷ്‌കാവരണങ്ങള്‍ താരതമ്യം ചെയ്‌തശേഷം പറയുന്നത്‌ മിക്കപ്രായത്തിലും പുരുഷന്മാരുടെ വലതുവശങ്ങളിലെ മസ്‌തിഷ്‌കാവരണം സ്‌ത്രീകളുടേതിനേക്കാള്‍ കട്ടികൂടിയതായി കാണുന്നുവെന്നും ചില പ്രായങ്ങളില്‍ മാത്രം സ്‌ത്രീകളുടെ ഇടതു മസ്‌തിഷ്‌കാവരണം പുരുഷന്മാരുടേതിനേക്കാള്‍ കൂടുതല്‍ കട്ടിയുള്ളതായി കാണപ്പെടുന്നുവെന്നുമാണ്‌ (എ ലൗ അഫയര്‍ വിത്ത്‌ ദ ബ്രയിന്‍, സൈക്കോളജി ടുഡേ, നവംബര്‍ 1984). ജനിതകപരമായും ശരീരശാസ്‌ത്രപരമായും മനശാസ്‌ത്രപരമായും സ്‌ത്രീകളും പുരുഷന്മാരും വ്യത്യസ്‌തരാണെന്നത്‌ അംഗീകരിക്കാതിരിക്കാനാവാത്ത യാഥാര്‍ഥ്യമാണ്‌.
ആധുനിക മനശ്ശാസ്‌ത്ര ഗവേഷണങ്ങള്‍ സ്വഭാവരീതികളിലും സ്‌ത്രീകളിലും പുരുഷന്മാരും തമ്മിലുള്ള വ്യക്തമായ വ്യത്യാസങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന്‌ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച്‌ കോപിക്കുക പോലുള്ള സ്വഭാവം സ്‌ത്രീകളും പുരുഷന്മാരും തമ്മിലുള്ള വ്യത്യാസങ്ങള്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കെ, സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ റോളുകള്‍ നല്‍കുന്നത്‌ അനുയോജ്യമല്ല.
പുരുഷന്മാര്‍ ചെയ്യുന്നതെല്ലാം സ്‌ത്രീകള്‍ക്കും ചെയ്യാന്‍ കഴിയും എന്ന ഫെമിനിസ്റ്റു നിലപാടിനു വിരുദ്ധമായി ചില കാര്യങ്ങള്‍ സ്‌ത്രീകള്‍ക്ക്‌ പുരുഷന്മാരേക്കാള്‍ നന്നായി ചെയ്യാന്‍ കഴിയുമെന്നും ചില കാര്യങ്ങള്‍ സ്‌ത്രീകള്‍ക്ക്‌ പുരുഷന്മാരുടെയത്ര മിടുക്കോട ചെയ്യാനാവില്ലെന്നും ശാസ്‌ത്രം തെളിയിക്കുന്നു.
ദൈവം നമ്മെ വ്യത്യസ്‌തവും പരസ്‌പരപൂരിതവുമായ കഴിവുകളോടെയാണ്‌ സൃഷ്‌ടിച്ചിരിക്കുന്നത്‌. വിജയിക്കാന്‍ സ്‌ത്രീ പുരുഷനോ പുരുഷന്‍ സ്‌ത്രീയോ ആവേണ്ടതില്ല.
ഇസ്‌ലാമിലെ സമത്വ സങ്കല്‌പം
സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ശാരീരികമായ വ്യത്യാസങ്ങളുണ്ടെങ്കിലും ദൈവത്തിനു മുന്നില്‍ പൂര്‍ണസമത്വമാണ്‌ ഇസ്‌ലാമില്‍ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കമുള്ളത്‌. ഖുര്‍ആനും ഹദീസും അസന്നിഗ്‌ധമായി പറയുന്നത്‌ മരണാനന്തര ജീവിതത്തിലെ പ്രതിഫലത്തിനും ശിക്ഷയ്‌ക്കും സ്‌ത്രീകള്‍ക്കോ പുരുഷന്മാര്‍ക്കോ പ്രത്യേകമായ പരിഗണനയോ അവഗണനയോ ഇല്ലെന്നാണ്‌. ``പുരുഷനാകട്ടെ, സ്‌ത്രീയകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്‌ഫലമാക്കുകയില്ല.'' (വി.ഖു 3:195)
``ആണാകട്ടെ, പെണ്ണാകട്ടെ ആര്‍ സത്യവിശ്വാസിയായിക്കൊണ്ട്‌ സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവരോട്‌ ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല'' (വി.ഖു 4:124)
``ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായി കൊണ്ട്‌ സല്‍കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക്‌ നാം നല്‍കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന്‌ അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക്‌ നല്‍കുകയും ചെയ്യും'' (വി.ഖു 16:97)
``ആരെങ്കിലും ഒരു തിന്മ പ്രവര്‍ത്തിച്ചാല്‍ തത്തുല്യമായ പ്രതിഫലമേ അവനു നല്‍കപ്പെടുകയുള്ളൂ. സത്യവിശ്വാസിയായിക്കൊണ്ട്‌ സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്നതാരോ; പുരുഷനോ സ്‌ത്രീയോ ആകട്ടെ -അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. കണക്കുനോക്കാതെ അവര്‍ക്ക്‌ അവിടെ ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കും.'' (വി.ഖു 40:40)
``(അല്ലാഹുവിന്‌) കീഴ്‌പ്പെടുന്നവരായ പുരുഷന്മാര്‍, സ്‌ത്രീകള്‍, വിശ്വാസികളായ പുരുഷന്മാര്‍, സ്‌ത്രീകള്‍, ഭക്തിയുള്ളവരായ പുരുഷന്മാര്‍, സ്‌ത്രീകള്‍, സത്യസന്ധരായ പുരുഷന്മാര്‍, സ്‌ത്രീകള്‍, ക്ഷമാശീലരായ പുരുഷന്മാര്‍, സ്‌ത്രീകള്‍, വിനീതരായ പുരുഷന്മാര്‍, സ്‌ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്മാര്‍, സ്‌ത്രീകള്‍, വ്രതമനുഷ്‌ഠിക്കുന്നവരായ പുരുഷന്മാര്‍, സ്‌ത്രീകള്‍, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്മാര്‍, സ്‌ത്രീകള്‍, ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്മാര്‍, സ്‌ത്രീകള്‍ ഇവര്‍ക്ക്‌ തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു'' (വി.ഖു 39:35)
``ഹേ, മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്‌ടിച്ചിരിക്കുന്നു. നിങ്ങളന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്‌തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്‌ഠ പാലിക്കുന്നവനാകുന്നു, തീര്‍ച്ച.'' (വി.ഖു 49:13)
ദൈവത്തിനു മുമ്പില്‍ പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും ഒരേ പദവിയും വിലയുമാണുള്ളതെന്നും ദൈവഭക്തി മാത്രമാണ്‌ ഒരു വ്യക്തിയെ മറ്റൊരു വ്യക്തിയില്‍ നിന്നും വേര്‍തിരിക്കുന്നതെന്നും ഇസ്‌ലാം തുറന്നു പ്രഖ്യാപിക്കുന്നു.
സാമാന്യമായി പൊതുനിയമങ്ങള്‍ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒന്നാണ്‌. ആരാധനകളും പാലിക്കേണ്ട ഇസ്‌ലാമിക മര്യാദകളും ഒന്നാണ്‌. എന്നാല്‍ വ്യത്യസ്‌തമായ നിയമവിധികളുള്ള അവസരങ്ങളുമുണ്ട്‌.
ആര്‍ത്തവകാലത്ത്‌ നോമ്പനുഷ്‌ഠിക്കുന്നതില്‍നിന്നും നമസ്‌കരിക്കുന്നതില്‍ നിന്നും സ്‌ത്രീകളെ തടഞ്ഞിരിക്കുന്നു. സ്വര്‍ണവും പട്ടും പുരുഷന്മാര്‍ ധരിക്കാന്‍ പാടില്ല. പ്രകൃതിപരമായി അണിഞ്ഞൊരുങ്ങാന്‍ ഇഷ്‌ടപ്പെടുന്നവരാണ്‌ സ്‌ത്രീകള്‍. അതുകൊണ്ട്‌ അവര്‍ക്ക്‌ സ്വര്‍ണവും പട്ടും ധരിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നു. ജുമുഅ നമസ്‌കാരം പുരുഷന്മാര്‍ക്കു നിര്‍ബന്ധമാണ്‌. സ്‌ത്രീകള്‍ക്കതില്‍ ഇളവുണ്ട്‌. കുടുംബത്തിനു വേണ്ടി സമ്പത്ത്‌ ചെലവഴിക്കേണ്ടത്‌ പുരുഷന്മാരാണ്‌. സ്‌ത്രീകളല്ല, സ്‌ത്രീകളുടെ സ്വത്ത്‌ അവളുടേത്‌ മാത്രമാണ്‌. സ്‌ത്രീകളുടെയും പുരുഷന്മാരുടെയും ശരീരപ്രകൃതം വ്യത്യസ്‌തമായതിനാല്‍ വസ്‌ത്രധാരണരീതിയിലും വ്യത്യാസങ്ങളുണ്ട്‌. ഇവയെല്ലാം സ്‌ത്രീകളും പുരുഷന്മാരും തമ്മിലുള്ള പ്രകൃതിപരമായ വ്യത്യാസങ്ങളെ പ്രതിഫലിപ്പിക്കുന്നു.
സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ആത്മീയതയുടെ കാര്യത്തില്‍ തുല്യമായ സ്ഥാനമാണ്‌ ദൈവം നല്‍കിയിരിക്കുന്നത്‌. സ്‌ത്രീകളുടെയും പുരുഷന്മാരുടെയും തനതായ കഴിവുകള്‍ കണക്കിലെടുത്തുകൊണ്ട്‌ ഇരുവിഭാഗത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമങ്ങളാണ്‌ ഇസ്‌ലാമിലുള്ളത്‌.
വിവ സിദ്ദീഖ്‌ സി സൈനുദ്ദീന്‍

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: