ഖബ്‌റിന്മേല്‍ ചെടി നടുന്നത്‌ പുണ്യകരമാണോ?

  • Posted by Sanveer Ittoli
  • at 7:50 AM -
  • 0 comments
ഖബ്‌റിന്മേല്‍ ചെടി നടുന്നത്‌ പുണ്യകരമാണോ?

ഖബ്‌റിന്മേല്‍ ചെടി നടുന്നത്‌ പുണ്യകരമാണോ?

മയ്യിത്ത്‌ മറമാടിയാല്‍ മീസാന്‍ കല്ലിനടുത്ത്‌ ചെടിത്തണ്ട്‌ കുഴിച്ചിടല്‍ ഹദീസില്‍ സ്ഥിരപ്പെട്ടതാണോ? ഈയിടെ ഒരു ഖബര്‍സ്ഥാനില്‍ മയ്യിത്ത്‌ മറമാടി തസ്‌ബീത്ത്‌ ചൊല്ലലും മറ്റും കഴിഞ്ഞ്‌ പിരിഞ്ഞു പോരുമ്പോള്‍ കൂട്ടത്തിലൊരാള്‍ ഖബറിനു മുകളില്‍ കുഴിച്ചിട്ട ചെടിത്തണ്ട്‌ മുഴുവന്‍ പിഴുതെടുത്ത്‌ ഒഴിവാക്കുന്നത്‌ കണ്ടു. ഇങ്ങനെ ചെയ്യേണ്ടതുണ്ടോ?
ഇബ്‌നുഅബ്ബാസ്‌ തലശ്ശേരി
നബി(സ) അനുചരന്മാരില്‍ ആരുടെയെങ്കിലും ഖബ്‌റിന്മേല്‍ ചെടി നട്ടതായോ നടാന്‍ കല്‌പിച്ചതായോ പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. എന്നാല്‍ ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: നബി(സ) രണ്ടു ഖബ്‌റുകള്‍ക്കരികിലൂടെ കടന്നുപോയി. അവയില്‍ മറവ്‌ ചെയ്യപ്പെട്ടവര്‍ ശിക്ഷിക്കപ്പെടുന്നുണ്ടായിരുന്നു. അവിടുന്ന്‌ പറഞ്ഞു: അവര്‍ രണ്ടുപേരും ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വലിയ കുറ്റത്തിനല്ല അവര്‍ ശിക്ഷിക്കപ്പെടുന്നത്‌. അവരിലൊരാള്‍ മൂത്രത്തില്‍ നിന്ന്‌ മറഞ്ഞുനില്‌ക്കാറുണ്ടായിരുന്നില്ല. മറ്റൊരാള്‍ ഏഷണിയുമായി നടക്കുമായിരുന്നു. പിന്നീട്‌ നബി(സ) ഒരു പച്ചമട്ടല്‍ (ഈന്തപ്പനയോലയുടെ തണ്ട്‌) എടുത്ത്‌ രണ്ടായി ചീന്തിയിട്ട്‌ ഓരോ ഖബ്‌റിലും ഓരോ ചീന്ത്‌ നാട്ടിനിര്‍ത്തി. അപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, താങ്കള്‍ എന്തിനാണ്‌ ഇങ്ങനെ ചെയ്‌തത്‌? അവിടുന്ന്‌ പറഞ്ഞു: ``അവ രണ്ടും ഉണങ്ങാതിരിക്കുവോളം അവര്‍ക്ക്‌ ശിക്ഷ ലഘൂകരിക്കപ്പെട്ടേക്കാം.''
ആ ഖബ്‌റുകളിലുള്ളവര്‍ ശിക്ഷിക്കപ്പെടുന്നുണ്ടെന്ന്‌ നബി(സ) അറിഞ്ഞത്‌ അല്ലാഹു അദ്ദേഹത്തിന്‌ വെളിപാട്‌ നല്‌കിയതുകൊണ്ടായിരിക്കും. മൂത്രത്തില്‍ നിന്ന്‌ മറഞ്ഞു നില്‌ക്കാറുണ്ടായിരുന്നില്ല എന്നതിന്റെ വിവക്ഷ, മൂത്രം ശരീരത്തിലും വസ്‌ത്രത്തിലും ആകാതെ സൂക്ഷിച്ചിരുന്നില്ല എന്നാണെന്ന്‌ ഈ ഹദീസിന്റെ മറ്റു റിപ്പോര്‍ട്ടുകളില്‍ നിന്ന്‌ ഗ്രഹിക്കാം. മട്ടല്‍ ഏറെത്താമസിയാതെ ഉണങ്ങുമെന്ന്‌ ഉറപ്പായിട്ടും, ഖബ്‌റിന്മേല്‍ എന്നും പച്ചപിടിച്ചു നില്‌ക്കുന്ന ചെടികള്‍ നബി(സ) നട്ടു പിടിപ്പിച്ചില്ല എന്നതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌ ഖബ്‌റിസ്ഥാന്റെ വനവല്‍കരണം അദ്ദേഹം ലക്ഷ്യമാക്കിയിരുന്നില്ല എന്നാണ്‌.


Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: