മഴക്കുറവിന്‌ പരിഹാരമെന്ത്‌?

  • Posted by Sanveer Ittoli
  • at 7:35 AM -
  • 0 comments
മഴക്കുറവിന്‌ പരിഹാരമെന്ത്‌?

കഴിഞ്ഞ ആഴ്‌ചയില്‍ മിക്ക പത്രങ്ങളും റിപ്പോര്‍ട്ടു ചെയ്‌ത ഞെട്ടിക്കുന്ന ഒരു വാര്‍ത്തയുണ്ടായിരുന്നു. `ഈ വര്‍ഷം കേരളത്തില്‍ അന്‍പതു ശതമാനം മാത്രം മഴയേ കിട്ടിയിട്ടുള്ളൂ' എന്നതായിരുന്നു ആ വാര്‍ത്ത. പലരും കാര്യമായെടുക്കാതെ വായിച്ചുതള്ളിയ ചെറിയൊരു വാര്‍ത്ത. ജില്ല തിരിച്ച്‌ പ്രത്യേകം കണക്കു കാണിച്ചിരുന്നു. കേരളം മൊത്തത്തിലെടുത്താല്‍ സാധാരണ പെയ്യുന്നതിന്റെ പകുതി മഴയാണ്‌ ലഭിച്ചത്‌ എന്നര്‍ഥം. 
എടവം മുതല്‍ ചിങ്ങം വരെ നീണ്ടുനില്‌ക്കുന്ന ശക്തമായ കാലവര്‍ഷവും തുലാമാസത്തിലെ താരതമ്യേന ശക്തികുറഞ്ഞ തുലാവര്‍ഷവും പിന്നെ ചിലപ്പോള്‍ ലഭിക്കുന്ന ഇടമഴകളുമാണ്‌ കേരളത്തെ ജലസമൃദ്ധമാക്കുന്നത്‌. നദികളും തടാകങ്ങളും കുളങ്ങളും കിണറുകളും കെട്ടിനിര്‍ത്തിയ തടയണകളും ഡാമുകളും മറ്റുമാണ്‌ നമ്മുടെ ജലസ്രോതസ്സ്‌. ഹിമാലയന്‍ നദികളെപ്പോലെ വേനല്‍ക്കാലത്ത്‌ ആശ്വാസമാകുന്ന മഞ്ഞുമലകള്‍ നമുക്കില്ല. നമ്മുടെ നാട്ടില്‍ ആകാശത്തു നിന്നുള്ള വര്‍ഷപാതം മാത്രമാണ്‌ നമ്മുടെ ആശ്രയം. അതാണ്‌ നേര്‍പകുതിയായി ചുരുങ്ങിയതായി നാം തിരിച്ചറിയുന്നത്‌. നമുക്ക്‌ എന്തു ചെയ്യാനാവും?
ശാസ്‌ത്രവും സാങ്കേതികവിദ്യയും വളരെയേറെ വളര്‍ന്നു. ജീവിതത്തിന്റെ സമസ്‌ത മേഖലകളിലും വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ സൃഷ്‌ടിക്കാന്‍ മനുഷ്യര്‍ക്കു കഴിഞ്ഞിട്ടുണ്ട്‌. ആയിരം മനുഷ്യര്‍ എത്രയോ വര്‍ഷങ്ങള്‍ ചെയ്‌തു തീര്‍ക്കാവുന്ന ജോലികള്‍, മനുഷ്യന്‍ രൂപപ്പെടുത്തിയ യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ ഒറ്റ ദിവസം കൊണ്ട്‌ ചെയ്‌തുതീര്‍ക്കുന്നു. ഒരു നിശ്ചിത അളവ്‌ ഭൂമിയില്‍ നിന്ന്‌ ഇരുപത്തിയഞ്ചു വര്‍ഷം മുമ്പ്‌ ലഭിച്ചിരുന്ന കാര്‍ഷിക വിളകളെക്കാള്‍ എത്രയോ ഇരട്ടി വിളവുകള്‍ ഇന്നു ലഭിക്കുന്നു. മനുഷ്യന്‍ നേരിട്ട്‌ ഹാജരാകാതെ തന്നെ ദൗത്യങ്ങള്‍ യന്ത്രസഹായം മൂലം ഇന്ന്‌ വിജയകരമായി നിര്‍വഹിക്കപ്പെടുന്നു. ഇതെല്ലാം ദൈവദത്തമായ മനുഷ്യബുദ്ധി ഉപയോഗിച്ച്‌ വികസിപ്പിച്ചെടുത്ത നേട്ടങ്ങളാകുന്നു. അപ്പോള്‍ മനുഷ്യന്‌ `സാധിക്കാത്തത്‌' എന്ന ഒന്നില്ല ഒന്ന്‌ തോന്നിപ്പിക്കുന്ന തരത്തിലാണ്‌ സയന്‍സിന്റെയും ടെക്‌നോളജിയുടെയും കുതിപ്പ്‌. ഇങ്ങനെയുള്ള മനുഷ്യന്‍ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ കരയാനല്ലാതെ ഒന്നും ചെയ്യാനാവാത്ത നിസ്സഹായവസ്ഥകളും നമുക്ക്‌ മുന്നിലുണ്ട്‌. പ്രകൃതിയിലെ പ്രതിഭാസങ്ങളധികവും അവയില്‍ പെട്ടതത്രെ. പ്രകൃതിക്ഷോഭം, ഭൂകമ്പം, സുനാമി, കൊടുങ്കാറ്റ്‌, പേമാരി, വെള്ളപ്പൊക്കം, ഇടി, സൂര്യാഘാതം, അതിശൈത്യം മുതലായ വിപത്തുകള്‍ അവയില്‍ പെട്ട ചിലതു മാത്രം.
മനുഷ്യജീവിതത്തിന്റെ, അല്ല ജീവന്‍ എന്ന പ്രതിഭാസത്തിന്റെ, നിലനില്‌പ്‌ വെള്ളത്തെ ആശ്രയിച്ച്‌ നില്‍ക്കന്നു. ഈ വെള്ളം നമുക്ക്‌ എവിടെ നിന്നു കിട്ടി? ആകാശത്തു നിന്ന്‌ പെയ്യുന്ന മഴയില്‍ നിന്ന്‌, ഭൂമിക്കടിയിലെ ഉറവയില്‍ നിന്ന്‌, ഭൂമിയുടെ പലഭാഗത്തും നിക്ഷേപിക്കപ്പെട്ട കൂറ്റന്‍ മഞ്ഞുമലകളില്‍ നിന്ന്‌. ഇതിലൊന്നും മനുഷ്യകരങ്ങള്‍ക്ക്‌ യാതൊരു പങ്കുമില്ല. ആയതിനാല്‍ മഴക്കുറവു മൂലം ജലലഭ്യത കുറഞ്ഞാല്‍ ബദല്‍ സംവിധാനം എന്ത്‌ എന്നാലോചിക്കേണ്ടതല്ലേ?! അതിനു ലഭിക്കുന്ന ഒരേയൊരുത്തരം `ബദല്‍ സംവിധാനമില്ല' എന്നാണ്‌.
പൂര്‍ണ നിസ്സഹായതയുടെ മറുപടി മാത്രം. ഇത്‌ പുതിയ ഒരറിവല്ല; ഒരു തിരിച്ചടിയാണ്‌. ഈ പരിതസ്ഥിതിയില്‍ സാധാരണ ക്വാട്ടയുടെ പകുതി മാത്രം മഴ ലഭിച്ചാല്‍ നമുക്ക്‌ എന്തു ചെയ്യാന്‍ സാധിക്കും! ഇതൊരു ചിന്താവിഷയമായി ഓരോ മനുഷ്യന്റെ മനസ്സിലും ഉണ്ടാവേണ്ടതാണ്‌. ഇവിടെയാണ്‌ ദൈവവിശ്വാസത്തിന്റെയും വിനയത്തിന്റെയും പ്രാധാന്യം നാം മനസ്സിലാക്കുന്നത്‌.
വിശുദ്ധ ഖുര്‍ആന്‍ വായിക്കുകയും പഠിക്കുകയും ചെയ്യുന്ന ഒരു വിശ്വാസിക്ക്‌, അഥവാ വിശുദ്ധ ഖുര്‍ആന്‍ ജീവിത പ്രമാണമായി അംഗീകരിക്കുന്ന ഒരു മുസ്‌ലിമിന്‌, ഇത്തരം പ്രശ്‌നങ്ങളിലും വ്യക്തമായ കാഴ്‌ചപ്പാടും സ്‌പഷ്‌ടമായ ഉത്തരവുമുണ്ട്‌. ഖുര്‍ആന്‍ ഒരു മതഗന്ഥമാണ്‌. എന്നാല്‍ മനുഷ്യബുദ്ധിയെ തട്ടിയുണര്‍ത്തുകയും ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്‌തുകൊണ്ടാണതിന്റെ പ്രതിപാദന ശൈലി. പ്രപഞ്ച സ്രഷ്‌ടാവായ അല്ലാഹുവിനെപ്പറ്റി ആലോചിക്കാന്‍ പറഞ്ഞതില്‍ പ്രധാനപ്പെട്ട ചിന്താവിഷയങ്ങളിലൊന്നായി ഖുര്‍ആന്‍ എടുത്തുകാണിച്ചത്‌ മഴയാണ്‌. ചില ഉദാഹരണങ്ങള്‍ നമുക്ക്‌ നോക്കാം.
``ആകാശത്തു നിന്ന്‌ നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും എന്നിട്ട്‌ അതു മൂലം പലതരം തോട്ടങ്ങളും കൊയ്‌തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്‌തു.'' (50:9)
``കാര്‍മേഘങ്ങളില്‍ നിന്ന്‌ കുത്തിയൊഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്‌തു. അതുമൂലം ധാന്യവും സസ്യവും ഇടതൂര്‍ന്ന തോട്ടങ്ങളും നാം പുറത്തുകൊണ്ടുവരാന്‍ വേണ്ടി.'' (78:14-16)
ഇതൊരു വസ്‌തു സ്ഥിതികഥനമാണ്‌. ഒന്നുകൂടി ആലോചിക്കാന്‍ ആഹ്വാനം ചെയ്യുന്നതു നോക്കൂ: ``ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത്‌ മേഘത്തില്‍ നിന്ന്‌ ഇറക്കിയത്‌; അതല്ല നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത്‌ നാം ദുസ്സ്വാദുള്ള ഉപ്പുജലമാക്കുമായിരുന്നു. എന്നിട്ടും നിങ്ങള്‍ നന്ദി കാണിക്കാത്തതെന്ത്‌?''(58:68-70)
ഖുര്‍ആനിലെ ആധിപത്യം എന്നര്‍ഥം വരുന്ന മുല്‍ക്‌ എന്ന അധ്യായം അല്ലാഹു അവസാനിപ്പിക്കുന്നത്‌ ചിന്താബന്ധുരമായ ഒരു ചോദ്യം മനുഷ്യന്റെ മുന്നില്‍ വച്ചുകൊണ്ടാണ്‌: ``പറയുക പ്രവാചകരേ, നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ്‌ നിങ്ങള്‍ക്ക്‌ ഒഴുകുന്ന ഉറവ വെള്ളം കൊണ്ടുവന്നു തരിക?'' (67:30)
``ദൈവമേ ഞങ്ങള്‍ക്ക്‌ കുടിവെള്ളം കൊണ്ടുവന്ന്‌ തരാന്‍ ആരുമില്ല; നീയല്ലാതെ'' എന്നു മറുപടി പറയാന്‍ മാത്രമേ മനുഷ്യനു സാധിക്കൂ. അതുകൊണ്ടാണ്‌ മഴ കിട്ടാതെ വരള്‍ച്ച അതിരൂക്ഷമാകുമ്പോള്‍ സമൂഹമൊന്നടങ്കം അല്ലാഹുവിന്റെ മുമ്പില്‍ വിനായാന്വിതരായി അണിനിരന്ന്‌ `ഞങ്ങള്‍ക്ക്‌ മഴ വര്‍ഷിപ്പിച്ചുതരണേ' എന്നു പ്രാര്‍ഥിക്കുന്ന ഇസ്‌തിസ്‌ഖാഅ്‌ നമസ്‌കാരം നബി(സ) മാതൃകയായി കാണിച്ചു തന്നത്‌.
ഇസ്‌തിസ്‌ഖാഅ്‌ന്റെ ആവശ്യം നമുക്ക്‌ ഇപ്പോള്‍ നേരിട്ടിട്ടില്ല. എന്നാല്‍ നിത്യ പ്രാര്‍ഥനയുടെ ഭാഗമായി മുസ്‌ലിമിന്റെ മനസ്സില്‍ നിന്നു വരേണ്ടതിങ്ങനെയാണ്‌: ``അല്ലാഹുവേ ജലപാതം കുറഞ്ഞുപോയി എന്ന്‌ ഞങ്ങളറിയുന്നു. കടുത്ത വരള്‍ച്ചയും ക്ഷാമവും കൊണ്ട്‌ ഞങ്ങളെ നീ പരീക്ഷിക്കരുതേ. ഞങ്ങള്‍ക്ക്‌ നീ മഴ വര്‍ഷിപ്പിച്ചു തരേണമേ.''
മഴ കുറവാണ്‌. ബദല്‍ സംവിധാനമില്ല താനും. മഴയ്‌ക്കുവേണ്ടി പ്രാര്‍ഥിക്കുന്നതോടൊപ്പം ചില കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ട്‌. ഉള്ളവെള്ളം മിതമായി ചെലവഴിക്കുക. ദുര്‍വിനിയോഗം തീര്‍ത്തും ഒഴിവാക്കുക. ഒരു തുള്ളിവെള്ളം പോലും പാഴാക്കാതിരിക്കുക. ഈ രീതിയിലേക്ക്‌ നമ്മുടെ ജീവിതത്തെ നാം നിയന്ത്രിക്കുക. നാം മലയാളികള്‍, മറ്റു പല ജീര്‍ണതകളുമെന്ന പോലെ, ജലധൂര്‍ത്തിന്റെ പര്യായമാണെന്ന്‌ ആക്ഷേപമുണ്ട്‌.
ഡാമുകളിലെ ജലവിതരണം ക്രമാതീതമായി കുറയുന്നു. പവര്‍കട്ട്‌ അനിവാര്യം. (അതിലെ രാഷ്‌ട്രീയം മാറ്റിവച്ച്‌ യാഥാര്‍ഥ്യത്തിലേക്കു വരാം). വൈദ്യുതോപയോഗം കുറയ്‌ക്കുക മാത്രമാണ്‌ പോംവഴി. എന്തൊക്കെ കുറയ്‌ക്കാം.
നമ്മുടെ അമിതോപഭോഗവും ആഡംബരങ്ങളും പാഴാകുന്ന വൈദ്യുതിയും കുറച്ചാല്‍ മതി. ആവശ്യോപയോഗത്തിന്‌ വൈദ്യുതി മതിയാകുന്നതാണ്‌. അടിസ്ഥാനാവശ്യമായ കൃഷി നനച്ചുണ്ടാക്കിയേ തീരൂ. എന്നാല്‍ പണക്കാരന്റെ വീട്ടിലെ സ്വിമ്മിംഗ്‌ പൂള്‍ ഒഴിവാക്കാമല്ലോ. വാട്ടര്‍ തീം പാര്‍ക്കില്‍ പാഴാക്കുന്ന ജലം പിടിച്ചുവച്ചേ മതിയാകൂ. വിദ്യാലയങ്ങളില്‍ ചിലതില്‍ കുടിവെള്ളമില്ല. എന്നാല്‍ ഉള്ളേടത്ത്‌ കുട്ടികള്‍ ശ്രദ്ധയില്ലാതെ ഒഴുക്കിക്കളയുന്ന ജലത്തിന്റെ അളവെത്രയാണ്‌?!~കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഈ ബോധം വേണം. 
മിതോപഭോഗത്തിന്റെ ഉപദേശം നല്‌കേണ്ട പള്ളികളില്‍ ഓരോന്നിലും പ്രതിദിനം ഓടയിലേക്കൊഴുക്കുന്നതു എത്ര വെള്ളം! വീടുകളില്‍ ശക്തമായ നിയന്ത്രണം ആവശ്യമാണ്‌. മുസ്‌ലിം കുട്ടികളില്‍ മിതോപയോഗത്തിന്റെ ശീലം വിശ്വാസത്തിന്റെ ഭാഗമായി വരേണ്ടതാണല്ലോ? വെള്ളത്തിന്റെ ഉപയോഗത്തിലും `ഇസ്‌ലാമു'ണ്ടെന്നര്‍ഥം. 
ഒഴുകുന്ന അരുവിയില്‍ നിന്നാണെങ്കിലും വുദ്വൂ ചെയ്യാന്‍ കണക്കറ്റ വെള്ളം ഉപയോഗിക്കരുത്‌ എന്നു പഠിപ്പിച്ച പ്രവാചകാധ്യാപനത്തില്‍ പ്രായോഗിക മതത്തിന്റെ പ്രഖ്യാപനമുണ്ട്‌. വിശ്വാസികള്‍ ഇതുള്‍ക്കൊള്ളുക. മറ്റുള്ളവരിലേക്ക്‌ പകരുക. പ്രവര്‍ത്തനത്തോടൊപ്പം പ്രാര്‍ഥിക്കുക. സ്രഷ്‌ടാവിന്റെ അനുഗ്രഹം നമുക്ക്‌ ലഭിക്കും, തീര്‍ച്ച.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: