നബി(സ)യുടെ ജീവിതവും മരണവും യാഥാസ്ഥിതികരുടെ വാദങ്ങളും-2

  • Posted by Sanveer Ittoli
  • at 12:35 AM -
  • 0 comments
നബി(സ)യുടെ ജീവിതവും മരണവും യാഥാസ്ഥിതികരുടെ വാദങ്ങളും-2

നെല്ലുംപതിരും -
എ അബ്‌ദുസ്സലാം സുല്ലമി
നബി(സ)യുടെ മരണശേഷവും നബി(സ)യുടെ ഖബറിന്റെ അടുത്തു ചെന്ന്‌ പാപമോചനം തേടണമെന്നും കാരണം നബി(സ)യുടെ പവിത്രതയും കഴിവും മരണശേഷവും തുല്യമാണെന്ന്‌ ജല്‌പിക്കുവാന്‍ ഖുബൂരികള്‍ തെളിവ്‌ പിടിക്കുന്ന സൂറതുന്നിസാഇലെ 64-ാം സൂക്തത്തിന്റെ ശേഷമുള്ള സൂക്തം വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക- ഇല്ല, നിന്റെ രക്ഷിതാവ്‌ തന്നെയാണ്‌ സത്യം, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും നീ വിധി കല്‌പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത്‌ പൂര്‍ണമായി സമ്മതിച്ച്‌ അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല (സൂറ: അന്നിസാഅ്‌ 65).
ഈ സൂറത്തിലെ തന്നെ 58-ാം ആയത്തില്‍ അല്ലാഹു കല്‌പിക്കുന്നതു കാണുക: ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുകയാണെങ്കില്‍ നിങ്ങളത്‌ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (സൂറ: അന്നിസാഅ്‌ 59) ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട്‌ ഇവരുടെ പ്രധാന തഫ്‌സീറായ ജലാലൈനിയില്‍ എഴുതുന്നു. നബി(സ) ജീവിച്ചിരുന്ന കാലത്താണ്‌ നബിയിലേക്ക്‌ മടക്കുക. മരണശേഷം നബി(സ)യുടെ സുന്നത്തിലേക്ക്‌ മടക്കണം (മുദുതഹയാതിഹീ വബഅ്‌ദഹുഇലാ സുന്നത്തിഹീ) (ജലാലൈനി) സുന്നികള്‍ പ്രസിദ്ധീകരിച്ച - പി എം എസ്‌ എ പൂക്കോയ തങ്ങള്‍ (പാണക്കാടിന്റെ സന്ദേശത്തോടുകൂടി - തഫ്‌സീറുല്‍ ഖുര്‍ആനില്‍ എഴുതുന്നു: റസൂലിലേക്ക്‌ മടക്കുക അവിടുത്തെ ജീവിതകാലത്ത്‌ അനന്തരം തിരുസന്നത്തിലേക്ക്‌ (പേജ്‌ 90) ഖബറിലേക്ക്‌ മടക്കുവാന്‍ പറയാതെ ഹദീസിലേക്ക്‌ മടക്കുവാന്‍ പറഞ്ഞുകൊണ്ട്‌ പ്രവാചകന്റെ പവിത്രതയെ നശിപ്പിക്കുകയും ജീവിതവും മരണവും രണ്ടാക്കുകയും ചെയ്യുന്നത്‌ പള്ളി ദര്‍സുകളില്‍ ഇവര്‍ അവലംബിക്കുന്ന സാക്ഷാല്‍ ജലാലൈനിമാരാണ്‌. ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ ഇമാമ്‌ എന്ന്‌ വിശേഷിപ്പിക്കുന്ന മുസ്‌ലിയാക്കന്മാരെല്ലാം വളരെയധികം ആദരിക്കുന്ന ഇബ്‌നുജരീര്‍ ത്വബ്‌രി(റ) എഴുതുന്നത്‌ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കുക. നബി(സ) ജീവിക്കുന്ന പക്ഷമാണ്‌ നബിയിലേക്ക്‌ മടക്കുക. നബി(സ) മരണപ്പെട്ടവനാണെങ്കില്‍ നബിയുടെ സുന്നത്തില്‍ നിന്നും മതവിധി ഗ്രഹിക്കണം. അല്ലാഹുവിലും പരലോകത്തിലും നിങ്ങള്‍ക്ക്‌ വിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ ഇപ്രകാരം ചെയ്യുവീന്‍ (ഇബ്‌നു ജരീര്‍ 5-178) (ഇന്‍കാനഹയ്യന്‍, വഇന്‍ കാന മയ്യിത്തന്‍ ഫമിന്‍ സുന്നതിഹീ. ഇഫ്‌അലൂദാലിക ഇന്‍കുന്‍തുന്‍ തുസ്വദിഖൂനബില്ലാഹിവല്‍ യൗമില്‍ ആഖിറി) പള്ളി ദര്‍സുകളില്‍ ഇവര്‍ അവലംബിക്കുന്ന തഫ്‌സീര്‍ ബൈളാവിയില്‍ എഴുതുന്നു: നബി(സ)യുടെ കാലത്താണെങ്കില്‍ നബി(സ)യോട്‌ ചോദിച്ചുകൊണ്ട്‌ പ്രശ്‌നം പരിഹരിക്കുക. നബി(സ)യുടെ ശേഷമാണെങ്കില്‍ നബിചര്യയിലേക്കു മടക്കിക്കൊണ്ട്‌ (ബിസ്സുആലിഅന്‍ഹുഫീ സമാനി ഹീ വല്‍ മുറാജഅത്തി ഇലല്‍ സുന്നതി ബഅ്‌ദഹൂ) (ബൈളാവി. 1-192) നബി(സ)യുടെ മരണശേഷം നബിയുടെ ഖബറിലേക്ക്‌ മടക്കി പ്രശ്‌നം പരിഹരിക്കണമെന്ന്‌ ഒരൊറ്റ മുസ്‌ലിം പണ്ഡിതനും എഴുതുന്നില്ല. നബിയുടെ ജീവിതവും മരണവും പവിത്രതയും (തഅ്‌ളീമ്‌) മരണശേഷവും ഒരുപോലെയാണെങ്കില്‍ എന്തുകൊണ്ട്‌ മരണശേഷവും നബിയിലേക്ക്‌ അല്ലെങ്കില്‍ നബിയുടെ ഖബറിലേക്ക്‌ എന്ന്‌ ഇവരില്‍ ഒരാളും എഴുതിയില്ല? ഖുബൂരികള്‍ ഇതിന്റെ കാരണം വ്യക്തമാക്കണം. ശേഷം ആ കാരണത്തെക്കുറിച്ച്‌ നമുക്ക്‌ ചര്‍ച്ച ചെയ്യാം.
നബി(സ) മരണപ്പെട്ടാലും ശേഷം നബി(സ)യുടെ ഖബറിന്റെ അടുത്തുചെന്ന്‌ പാപമോചനം തേടണമെന്ന്‌ ജല്‌പക്കുവാന്‍ ഇവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന സൂക്തത്തിന്റെ ശേഷമുള്ള സൂക്തത്തില്‍ പറയുന്നത്‌ മുസ്‌ലിംകള്‍ക്കിടയില്‍ എന്തു അഭിപ്രായഭിന്നതയുണ്ടായാലും നബിയെ വിധികര്‍ത്താവാക്കി പ്രശ്‌നത്തിന്‌ പരിഹാരം കണ്ടെത്തണമെന്നും അല്ലാത്തപക്ഷം അവര്‍ വിശ്വാസികളാവുകയില്ലെന്നും ഖണ്ഡിതമായി അല്ലാഹു പ്രഖ്യാപിക്കുന്നു. മരണവും ജീവിതവും തുല്യമായതിനാലും പവിത്രതയുടെ അടിസ്ഥാനത്തിലും നബി(സ)യുടെ മരണശേഷവും നിലനില്‌ക്കുന്നുണ്ടെന്നും അതിനാല്‍ മരണപ്പെട്ട നബി(സ)യോടും പാപമോചനം തേടുന്നുവെന്നുമുള്ള ഖുബൂരികളുടെ കണ്ടുപിടുത്തം ശരിയാണെങ്കില്‍ ഇവര്‍ പറയുന്ന തത്വത്തിന്റെയും പവിത്രതയുടെയും അടിസ്ഥാനത്തില്‍ അടുത്ത സൂക്തത്തില്‍ പറഞ്ഞ നബിയെ വിധികര്‍ത്താവായി പ്രശ്‌നം പരിഹരിക്കലും നബി(സ)യുടെ മരണശേഷവും നിലനില്‌ക്കുന്നു. അപ്പോള്‍ ചില ചോദ്യങ്ങള്‍ ഇവരോട്‌ നമുക്ക്‌ ചോദിക്കുവാനുണ്ട്‌.
1. സമസ്‌തക്ക്‌ ഇടയില്‍ പല പ്രശ്‌നങ്ങള്‍ ഉണ്ടായി. ഉദാഹരണം:
(എ) കുവൈത്ത്‌ കരാര്‍: ഈ കരാര്‍ വ്യവസ്ഥയില്‍ സുന്നികള്‍ക്ക്‌ മഹാനഷ്‌ടമാണ്‌ ഉണ്ടായതെന്ന്‌ ഇ കെ വിഭാഗം മുസ്‌ലിയാക്കള്‍ ശക്തമായി പ്രസംഗിക്കുകയും എഴുതുകയും ചെയ്‌തു. എ പി വിഭാഗം സുന്നികള്‍ക്ക്‌ വലിയ വിജയമാണെന്നും എഴുതുകയും പ്രസംഗിക്കുകയും ചെയ്‌തു. രാമനാട്ടുകരയുടെ അടുത്തുള്ള ഇടിമൂഴിക്കല്‍ വെച്ച്‌ സംവാദത്തിനുവരെ തയ്യാറെടുത്തു. എങ്കിലും ഒരു വിഭാഗം സംവാദത്തില്‍ നിന്ന്‌ തടിയൂരി. ആരാണ്‌ തടിയൂരിയത്‌ എന്നതിലും തര്‍ക്കവും ഭിന്നതയും നിലനില്‌ക്കുന്നു. ഈ പ്രശ്‌നം നബയിലേക്കോ നബി(സ)യുടെ ഖബറിലേക്കോ മടക്കി ആര്‍ക്കാണ്‌ വിജയമെന്ന്‌ നിങ്ങള്‍ തീരുമാനിച്ചുവോ? ഈ തര്‍ക്കം പ്രവാചകന്റെ കാലത്താണ്‌ ഉണ്ടായതെന്ന്‌ സങ്കല്‌പിക്കുക. അന്ന്‌ നിങ്ങള്‍ പ്രശ്‌നം നബിയിലേക്ക്‌ മടക്കാതെ നിങ്ങള്‍ തമ്മില്‍ സംവാദവും ഖണ്ഡന പ്രസംഗങ്ങളുമായി നടക്കുകയാണെങ്കില്‍ നബി(സ)യുടെ മരണശേഷം നബിയോട്‌ പാപമോചനം തേടുവാന്‍ നിങ്ങള്‍ തെളിവ്‌ പിടിക്കുന്ന ആയത്തിന്റെ നേരെ താഴെയുള്ള ആയത്തിന്റെയും മുകളിലുള്ള ആയത്തിന്റെയും അടിസ്ഥാനത്തില്‍ നിങ്ങള്‍ തനിച്ച കാഫിറായിത്തീരില്ലേ? പ്രവാചകന്റെ മരണവും ജീവിതവും മരണശേഷവും തുല്യമാണെങ്കില്‍ നിങ്ങള്‍ ഈ ഒരു കുവൈത്ത്‌ കരാര്‍ മുഖേന തന്നെ നിങ്ങള്‍ കാഫിറുളുടെ ഗണത്തില്‍ പെടില്ലേ?
(ബി) ഒരു മനുഷ്യന്‍ തന്റെ ഭാര്യയെ മൂന്ന്‌ ത്വലാഖ്‌ ചൊല്ലിയ മറ്റൊരു പ്രശ്‌നം നിങ്ങള്‍ക്കിടയില്‍ ഉണ്ടായി. ത്വലാഖ്‌ പോയിട്ടുണ്ടെന്ന്‌ എ പി വിഭാഗവും പോയിട്ടില്ലെന്ന്‌ ഇ കെ വിഭാഗവും വാദിക്കുകയും അവസാനം മലപ്പുറത്ത്‌ വെച്ച്‌ നിങ്ങള്‍ തമ്മില്‍ സംവാദം വരെ സംഘടിപ്പിച്ചു. സംവാദത്തിന്‌ ശേഷം ഞങ്ങള്‍ക്കാണ്‌ വിജയം എന്ന്‌ നിങ്ങള്‍ രണ്ടുകൂട്ടരും വാദിച്ചുകൊണ്ട്‌ കവലകള്‍ തോറും വിശദീകരണ യോഗങ്ങള്‍ ഇരു വിഭാഗവും സംഘടിപ്പിച്ചു. നിങ്ങള്‍ ഈ പ്രശ്‌നം മരണപ്പെട്ട നബിയിലേക്കോ അവിടുത്തെ ഖബറിലേക്കോ മടക്കി പരിഹാരം കണ്ടെത്തിയോ? ആര്‍ക്കാണ്‌ വിജയം? ത്വലാഖ്‌ പിരിഞ്ഞുവോ? നബി(സ)യുടെ തീരുമാനം എന്തായിരുന്നു? പ്രവാചകന്റെ കാലത്താണ്‌ ഈ തര്‍ക്കം ഉണ്ടായിരുന്നതെങ്കില്‍ നബി(സ)യിലേക്ക്‌ മടക്കാതെ ഇപ്രകാരം നിങ്ങള്‍ തമ്മില്‍ സംവാദവും വിശദീകരണയോഗവും നടത്തിക്കൊണ്ടിരിക്കുകയാണെങ്കിലും നിങ്ങള്‍ കാഫിറുകള്‍ ആകുമെന്ന്‌ നിങ്ങള്‍ തന്നെ സമ്മതിക്കുന്നതാണ്‌. അപ്പോള്‍ നബി(സ)യുടെ മരണശേഷം നബിയെ വിളിച്ച്‌ തേടുവാന്‍ നിങ്ങള്‍ നല്‌കുന്ന വ്യാഖ്യാനപ്രകാരം നിങ്ങള്‍ക്കിടയില്‍ ഉണ്ടായ ഈ ത്വലാഖിന്റെ പ്രശ്‌നവും നിങ്ങളുടെ സമീപന ശൈലി മുഖേനയും നിങ്ങള്‍ ഇന്നുവരെ തനിച്ച കപട വിശ്വാസികളും കാഫിറുകളുമായിത്തീരില്ലേ. നബി(സ)യുടെ പവിത്രതയുടെ പ്രശ്‌നം നിങ്ങള്‍ എന്തുകൊണ്ട്‌ ഇവിടെ പരിഗണിക്കുന്നില്ല.
(സി) വെള്ളിയാഴ്‌ച ഖുതുബ: പ്രശ്‌നം, ഖുര്‍ആന്‍ പരിഭാഷയുടെ വിഷയം. ഖുതുബ:യുടെ മുമ്പുള്ള തറപ്രസംഗം, സ്‌ത്രീജുമുഅ:യുടെ പ്രശ്‌നം പോലെയുള്ള ധാരാളം വിഷയങ്ങളില്‍ സമസ്‌തക്കിടയിലും സംസ്ഥാനക്കിടയിലും ഭിന്നത ഇന്നും നിലനില്‌ക്കുന്നു. സംഘടന മൂന്നും നാലുമായി പല പ്രശ്‌നങ്ങള്‍ മുഖേന പിളര്‍ന്നു. ഈ വിഷയങ്ങളില്‍ വല്ല വിഷയവും മരണപ്പെട്ട നബിയിലേക്കോ ഖബറിലേക്കോ നിങ്ങള്‍ മടക്കി ആരുടെ ഭാഗത്താണ്‌ സത്യവും നീതിയുമെന്ന്‌ തീരുമാനിച്ചുവോ? നബി(സ)യുടെ കാലത്താണ്‌ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായതെങ്കില്‍ ഇപ്പോള്‍ ഈ പ്രശ്‌നങ്ങളില്‍ നിങ്ങള്‍ സ്വീകരിക്കുന്ന സമീപനം അന്നും സ്വീകരിച്ചാല്‍ നിങ്ങള്‍ തനിച്ച കാഫിറുകള്‍ ആകുമെന്ന്‌ നിങ്ങള്‍ തന്നെ സമ്മതിക്കുന്നതാണ്‌. അപ്പോള്‍ മരണപ്പെട്ട നബിയെ വിളിച്ചുതേടുവാന്‍ സൂറ അന്നിസാഅ്‌ 64-ാം സൂക്തത്തിന്‌ നിങ്ങള്‍ നല്‌കുന്ന ജല്‌പനപ്രകാരം 65-ാം ആയത്തുകൊണ്ട്‌ തന്നെ നിങ്ങള്‍ തനിച്ച കപടവിശ്വാസികളും ദൈവ നിഷേധികളും പരലോക നിഷേധികളുമായിത്തീരില്ലേ? നബി(സ)യോടുള്ള ആദരവ്‌ എന്തുകൊണ്ട്‌ നിങ്ങള്‍ ഇവിടെ കൈവിട്ടു?
(ഡി) ഈ ഹദീസ്‌ നബി(സ) പറഞ്ഞതാണോ അല്ലയോ എന്ന വിഷയത്തില്‍ ഇമാം ബുഖാരി, മുസ്‌ലിം, തിര്‍മിദി, അബൂദാവൂദ്‌ പോലെയുള്ള ഹദീസ്‌ പണ്ഡിതന്‍മാര്‍ക്കിടയില്‍ ധാരാളം ഭിന്നതയുണ്ടായി. നബി(സ)യുടെ കാലത്താണ്‌ ഈ ഭിന്നതയുണ്ടായതെങ്കില്‍ നബി(സ)യെ സമീപിച്ച്‌ ഇന്നത്‌ താങ്കള്‍ പറഞ്ഞതു തന്നെയാണോ എന്ന ഉറപ്പ്‌ വരുത്താത്ത പക്ഷം അവരെല്ലാം കാഫിറുകളാകുന്നതാണ്‌. എന്നാല്‍ ഇമാമുകള്‍ ഒരൊറ്റ ഹദീസ്‌ പോലും നബി(സ)യുടെ ഖബറിലേക്കോ നബിയിലേക്കോ മടക്കി സ്വഹീഹാണെന്ന്‌ ഉറപ്പ്‌ വരുത്തിയിട്ടില്ല. മരണപ്പെട്ട നബി(സ)യെ വിളിച്ചു തേടുവാന്‍ ഖുര്‍ആന്‍ സക്തങ്ങള്‍ക്ക്‌ ഇവര്‍ നല്‌കുന്ന വ്യാഖ്യാന പ്രകാരം ഹദീസ്‌ പണ്ഡിതന്മാര്‍ എല്ലാം കപട വിശ്വാസികളും കാഫിറുകളുമായിത്തീരില്ലേ?
(ഇ) മദ്‌ഹബിന്റെ ഇമാമുകള്‍ക്കിടയിലും കര്‍മശാസ്‌ത്ര പണ്ഡിതന്മാര്‍ക്കിടയിലും ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ ഇടയിലും ധാരാളം വിഷയങ്ങളില്‍ ഭിന്നത നിലനില്‌ക്കുന്നു. ഇവരില്‍ ആരും തന്നെ പ്രശ്‌നം മരണപ്പെട്ട നബിയിലേക്കും അവിടുത്തെ ഖബറിലേക്കും മടക്കി സത്യാവസ്ഥ ആരുടെ ഭാഗത്താണെന്ന്‌ ഉറപ്പാക്കുവാന്‍ ശ്രമിച്ചിട്ടില്ല. അതിനാല്‍ മരണപ്പെട്ട നബി(സ)യെയും മറ്റുള്ള മഹാന്മാരെയും വിളിച്ച്‌ തേടുവാന്‍ സമസ്‌ത ഖുബുരികള്‍ അവലംബിക്കുന്ന അടിസ്ഥാനതത്വങ്ങള്‍ മുഖേന ഇവര്‍ സ്വയം തന്നെ മുനാഫിക്കുകളും കാഫിറുകളുമാണെന്ന്‌ സ്ഥാപിക്കുകയല്ലേ?
(തുടരും)
തിരുത്ത്‌
നെല്ലുംപതിരും പരമ്പരയില്‍ ലക്കം 23ലെ ലേഖനത്തില്‍ 18ാം പേജില്‍ രണ്ടാംകോളത്തിലെ `ഈ രീതിയില്‍ വല്ലവരും' എന്ന ഖണ്ഡികയില്‍, ``എന്നാല്‍ ഭാര്യയെ സ്രഷ്‌ടാവും രക്ഷിതാവും ദൈവവും ആകാതെ തന്നെ അവള്‍ക്ക്‌ എന്തോ ആവശ്യവും'' എന്നതിനു പകരം ``എന്നാല്‍ ഭാര്യയെ സ്രഷ്‌ടാവും രക്ഷിതാവും ദൈവവും ആകാതെ തന്നെ അവള്‍ക്ക്‌ എന്തോ അദൃശ്യവും'' എന്ന്‌ തിരുത്തുവായിക്കേണ്ടതാണ്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: