ഭരണകൂടം കണ്ണുതുറക്കാന്‍ ഇനിയെത്ര സോദരിമാര്‍ മാനം നല്‍കണം?

  • Posted by Sanveer Ittoli
  • at 8:51 PM -
  • 0 comments
ഭരണകൂടം കണ്ണുതുറക്കാന്‍ ഇനിയെത്ര സോദരിമാര്‍ മാനം നല്‍കണം?

അന്‍വര്‍ അഹമ്മദ്‌
ഓടിക്കൊണ്ടിരുന്ന ബസില്‍ വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തെതുടര്‍ന്ന്‌ ഡല്‍ഹിയിലെ തെരുവുകളില്‍ എരിഞ്ഞുതുടങ്ങിയ പ്രതിഷേധത്തിന്റെ കനല്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ആളിക്കത്തിയും പൊട്ടിത്തെറിച്ചും കനലായടങ്ങിയും പിന്നെയും ജ്വലിച്ചും രണ്ടാഴ്‌ചയായി അത്‌ ഇന്ദ്രപ്രസ്ഥത്തെ അസ്വസ്ഥമാക്കാന്‍ തുടങ്ങിയിട്ട്‌. സമീപകാല ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയും വലിയൊരു പ്രതിഷേധത്തെ നേരിടേണ്ടിവന്നിട്ടുണ്ടാവില്ലെന്നത്‌ തന്നെ ഈ സംഭവത്തെ മറ്റു പ്രതിഷേധങ്ങള്‍ക്കിടയില്‍ പ്രത്യേകം അടയാളപ്പെടുത്തുന്നുണ്ട്‌. സ്‌ത്രീയുടെ സുരക്ഷ സംബന്ധിച്ചു മാത്രമല്ല, അതിനപ്പുറത്തുള്ള അനേകം ആശങ്കകളും ഉത്‌കണ്‌ഠകളും പ്രത്യാശകളുമെല്ലാം ഡല്‍ഹി സംഭവവും അതേതുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും പങ്കുവെക്കുന്നുണ്ട്‌.
2012 ഡിസംബര്‍ 16ന്‌ ഡല്‍ഹിയിലെ മുനിര്‍ക്കയില്‍നിന്ന്‌ സുഹൃത്തിനൊപ്പം സിനിമ കണ്ട്‌ താമസസ്ഥലത്തേക്ക്‌ മടങ്ങും വഴിയാണ്‌ ഉത്തര്‍പ്രദേശില്‍നിന്നുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 23കാരി ബസില്‍ കൂട്ടമാനഭംഗത്തിന്‌ ഇരയായത്‌. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഇരുമ്പുദണ്ഡുകൊണ്ട്‌ അടിച്ചവശനാക്കി സീറ്റിനടയില്‍ തള്ളിയശേഷം ബലപ്രയോഗത്തിലൂടെ പെണ്‍കുട്ടിയെ പിച്ചിച്ചീന്തി തെരുവിലെറിയുകയായിരുന്നു.
12 ദിവസമായി ആസ്‌പത്രിയില്‍ ജീവിതത്തോട്‌ മല്ലടിച്ചുകിടന്ന ആ പെണ്‍കുട്ടി ശനിയാഴ്‌ച പുലര്‍ച്ചെ സിംഗപ്പൂരിലെ മൗണ്ട്‌ എലിസബത്‌ ആസ്‌പത്രിയില്‍ മരണത്തിന്റെ മഹാനിദ്രയിലേക്ക്‌ യത്രയായി. ഡല്‍ഹി നഗരത്തിലൂടെ ഓടിയ ആ ബസിലും പ്രാണന്‍ പിടഞ്ഞുകിടന്ന പാതയോരത്തും ആസ്‌പത്രിക്കിടയക്കയിലുമായി അതിനകം ഒരായുസിന്റെ വേദനയത്രയും അവള്‍ അനുഭവിച്ചു തീര്‍ത്തിരിക്കണം. ജീവനുവേണ്ടി പ്രാര്‍ത്ഥിച്ചവരെയും നീതിക്കുവേണ്ടി മുറവിളി കൂട്ടിയവരെയും നിരാശപ്പെടുത്തി കാമഭ്രാന്തന്മാര്‍ വേട്ടയാടാത്ത ലോകത്തേക്ക്‌ യാത്രയാവുമ്പോള്‍ ഇനിയൊരിക്കലും ഇങ്ങനെയൊരു ജന്മം ആര്‍ക്കും കൊടുക്കല്ലേ എന്നവള്‍ ദൈവത്തോട്‌ പ്രാര്‍ത്ഥിച്ചിരിക്കണം.
ഡിസംബര്‍ 17ന്റെ പ്രഭാതം മുതല്‍ തന്നെ പത്ര, ദൃശ്യ മാധ്യമങ്ങള്‍ സംഭവം ഏറ്റെടുത്ത്‌ ലൈവ്‌ ഷോകളുടെയും ചാനല്‍ ചര്‍ച്ചകളുടെയും പൊടിപ്പും തൊങ്ങലും ചേര്‍ത്ത്‌ `ആഘോഷിക്കാന്‍' തുടങ്ങിയിരുന്നു. എന്നാല്‍ പൊലീസിന്റെയോ അധികാരി വര്‍ഗത്തിന്റെയോ ഭാഗത്തുനിന്ന്‌ ഗൗരവമായ സമീപനമായിരുന്നില്ല ഇക്കാര്യത്തില്‍ ആദ്യഘട്ടത്തില്‍ പ്രകടമായത്‌. തലസ്ഥാനനഗരിയിലേക്ക്‌ ജനരോഷം അണപൊട്ടി ഒഴുകിയെത്താന്‍ ഇടയാക്കിയത്‌ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ ഈ അലംഭാവമായിരുന്നു.
തിന്മയുടെ ശക്തികള്‍ക്കെതിരെയും ഭരണകൂട പരാജയങ്ങള്‍ക്കെതിരെയും സാമാന്യജനത്തിന്റെ പ്രതികരണ ശേഷി ഇപ്പോഴും നഷ്‌ടമായിട്ടില്ലെന്ന്‌ തെളിയിക്കാന്‍ ഈ സംഭവം ഒരു പരിധിവരെ സഹായിക്കുന്നുണ്ട്‌. ജനകീയ പ്രതിഷേധങ്ങളെ രാഷ്‌ട്രീയ, ഭരണ വര്‍ഗങ്ങള്‍ ഇപ്പോഴും ഭയപ്പെടുന്നുണ്ടെന്ന സൂചനയാണ്‌ ഡല്‍ഹി സംഭവം നല്‍കുന്നത്‌. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവും ഭരണമുന്നണിയുടെ അധ്യക്ഷയും ഡല്‍ഹി മുഖ്യമന്ത്രിയുമെല്ലാം വൈകിയാണെങ്കിലും, ഇരയുടെ പക്ഷം പിടിച്ച്‌ നീതി ഉറപ്പാക്കുമെന്ന വാഗ്‌ദാനവുമായി രംഗത്തെത്തിയത്‌ ഇതിന്റെ സൂചനയാണ്‌.
സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതിന്‌ ജസ്റ്റിസ്‌ ഉഷാമിത്ര കമ്മീഷനെയും നിയമങ്ങള്‍ കര്‍ശനമാക്കിയും അതിവേഗ കോടതികള്‍ സ്ഥാപിച്ചും സാധ്യമായത്ര വേഗത്തില്‍ നീതി ലഭ്യമാക്കുന്നതിനുള്ള വഴികള്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കുന്നതിന്‌ മുന്‍ ചീഫ്‌ ജസ്റ്റിസ്‌ എ.എസ്‌ വര്‍മ അധ്യക്ഷനായ മൂന്നംഗ സമിതിയെയും കേന്ദ്രസര്‍ക്കാര്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നിയമിച്ചുവെന്നത്‌ പ്രതീക്ഷ പകര്‍ന്നുതരുന്നുണ്ട്‌. മാനഭംഗക്കേസുകളില്‍ കുറ്റവാളികള്‍ക്ക്‌ വധശിക്ഷ വരെ ശിപാര്‍ശ ചെയ്യുന്ന കര്‍ശന വ്യവസ്ഥകളോടെ നിയമഭേദഗതി കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ക്കും ചെറിയ ഇടവേളയില്‍ കേന്ദ്രസര്‍ക്കാര്‍ തയാറായി. കൂട്ടമാനംഭഗത്തിനിരയാക്കിയ ബസ്‌ ജീവനക്കാരായ പ്രതികളെയെല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ ഇരുമ്പഴിക്കുള്ളിലാക്കാന്‍ പൊലീസിനു കഴിഞ്ഞുവെന്നത്‌ ഈ പ്രതീക്ഷകള്‍ക്ക്‌ ആക്കം കൂട്ടുന്നുണ്ട്‌.
അതേസമയം സ്വതന്ത്ര ഭാരതത്തിന്റെ ഹൃദയഭൂമിയില്‍ ഒരു പെണ്‍കുട്ടി ഇവ്വിധം പിച്ചിച്ചീന്തപ്പെട്ടിട്ട്‌ നടപടിയെടുക്കാനും നിയമങ്ങള്‍ കര്‍ക്കശമാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്താനും അധികാരി വര്‍ഗത്തിന്‌ ഇത്രയും വലിയൊരു പ്രതിഷേധം അണപൊട്ടിയൊഴുകുംവരെ കാത്തിരിക്കേണ്ടി വന്നുവെന്നത്‌ നമ്മുടെ സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ്‌ ബാക്കിവെക്കുന്നത്‌. കൂലംകുത്തിയൊഴുകിയ പ്രതിഷേധങ്ങള്‍ക്ക്‌ നടുവിലും സമാനമായ ചില സംഭവങ്ങള്‍ക്ക്‌ ഡല്‍ഹി നഗരം വേദിയായി എന്നതും ആകുലതകള്‍ വര്‍ധിപ്പിക്കുന്നതാണ്‌. പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവവും 42കാരിയെ ഓടുന്ന കാറില്‍ മാനഭംഗപ്പെടുത്തിയശേഷം റോഡില്‍ തള്ളിയ സംഭവുമായിരുന്നു ഇത്‌. ക്രൈം റിക്കാര്‍ഡ്‌സ്‌ ബ്യൂറോയുടെ കണക്കനുസരിച്ച്‌ ഈ വര്‍ഷം ഇതുവരെ ഡല്‍ഹിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്‌തത്‌ 650 ബലാത്സംഗക്കേസുകളാണ്‌. തൊട്ടു മുമ്പത്തെ വര്‍ഷം അത്‌ 522 കേസുകളായിരുന്നു. 2007നും 2011നും ഇടയില്‍ പീഡനക്കേസുകളുടെ എണ്ണത്തില്‍ 9.7 ശതമാനത്തിന്റെ വര്‍ധനയാണ്‌ ഉണ്ടായത്‌. സ്വന്തം വീടുപോലെ സുരക്ഷിതമായ നഗരമായാണ്‌ ഒരുകാലത്ത്‌ ഡല്‍ഹി വിലയിരുത്തപ്പെട്ടിരുന്നത്‌. ഏതു പാതിരാത്രിയിലും ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ ഇറങ്ങിനടക്കാവുന്നതായിരുന്നു ഡല്‍ഹിയുടെ തെരുവുകള്‍. 1970കള്‍ വരെ ഈ സ്ഥിതിക്ക്‌ കാര്യമായ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്നത്‌ സ്വസ്ഥതയും സൗന്ദര്യവുമെല്ലാം ഡല്‍ഹിയുടെ പുറംമോടി മാത്രമാണ്‌. ഡല്‍ഹി സുല്‍ത്താനേറ്റിന്റെയും മുഗള്‍ ഭരണത്തിന്റെയും പ്രതീകങ്ങള്‍ പേറുന്ന, വിശാലമായ പൂന്തോപ്പുകളും മനോഹരമായ നിരത്തുകളുമുള്ള ഡല്‍ഹിയുടെ ഉടലിനുള്ളില്‍നിന്ന്‌ പുറത്തുവരുന്നത്‌ ചീഞ്ഞളിഞ്ഞ ദുര്‍ഗന്ധമാണ്‌. പിടിച്ചുപറിക്കാരുടെയും വേശ്യകളുടെയും തെരുവുഗുണ്ടകളുടെയും നഗരമായി ഡല്‍ഹി മാറിപ്പോയിരിക്കുന്നു. കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ അതിവേഗവളര്‍ച്ചയാണ്‌ ഡല്‍ഹി കൈവരിച്ചുകൊണ്ടിരിക്കുന്നത്‌. 1953ല്‍ നിന്ന്‌ 2003ല്‍ എത്തുമ്പോള്‍ സ്‌ത്രീ പീഡനക്കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധന 873 ശതമാനമാണ്‌. ഡല്‍ഹിയില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ കണക്കുകള്‍. മറ്റു പല സംസ്ഥാനങ്ങളിലും സമാനമോ ഇതിനേക്കാള്‍ മോശമോ ആയ നഗരങ്ങളും ഗ്രാമങ്ങളുമുണ്ട്‌.
ഒരു ഡസനിലധികം ലൈംഗീക പീഡനക്കേസുകളെങ്കിലും ഡല്‍ഹി സംഭവത്തിനുശേഷമുള്ള ദിവസങ്ങളില്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ പ്രതിദിനം പ്രത്യക്ഷപ്പെടുന്നുണ്ട്‌. മാധ്യമങ്ങളില്‍ വരാതെ പോകുന്ന സംഭവങ്ങള്‍ അതിലേറെ വരും. ഡല്‍ഹി സംഭവം നടക്കുന്നതിന്‌ മുമ്പും ഏറിയോ കുറഞ്ഞോ അളവില്‍ ഇത്തരം സംഭവങ്ങള്‍ രാജ്യത്തെങ്ങും നടക്കുന്നുണ്ട്‌. അതൊന്നും വാര്‍ത്തയാകാറില്ലെന്ന്‌ മാത്രം. പുതുമയില്ലാത്തതുകൊണ്ടു മാത്രമല്ല, മറ്റു പല കാരണങ്ങളും മാധ്യമങ്ങളുടെ ഈ `ആഘോഷിക്ക'പ്പെടാതെ പോകലിനു പിന്നിലുണ്ടെന്നാണ്‌ പ്രമുഖ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയി ഒരു അഭിമുഖത്തിലൂടെ തുറന്നടിച്ചത്‌. ഡല്‍ഹി സംഭവത്തിലെ ഇരയും പ്രതികളും രണ്ടു സാമൂഹ്യതലത്തില്‍നിന്നുള്ളവര്‍ ആണെന്നും മധ്യവര്‍ഗത്തിന്റെ കാപട്യം നിറഞ്ഞ കസര്‍ത്തുകള്‍ മാത്രമാണ്‌ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക്‌ പിറകിലെന്നുമാണ്‌ അവര്‍ ചൂണ്ടിക്കാണിക്കുന്നത്‌. അതിനവര്‍ നിരത്തുന്ന ന്യായങ്ങള്‍ നിഷേധിക്കാന്‍ കഴിയാത്തവിധം വസ്‌തുതകള്‍ ഉള്‍കൊള്ളുന്നതാണ്‌.
സര്‍ക്കാര്‍ ഖജനാവിലെത്തുന്ന നികുതിപ്പണംകൊണ്ട്‌ തീറ്റിപ്പോറ്റുന്ന സൈനികരും പൊലീസുകാരും തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ത്രീത്വത്തെ പിച്ചിച്ചീന്താന്‍ കാര്‍മികത്വം വഹിക്കുമ്പോള്‍ ഉയരാത്ത പ്രതിഷേധം എന്തുകൊണ്ട്‌ ഡല്‍ഹി സംഭവത്തിലുണ്ടായി. പ്രതിഷേധങ്ങളെയും എതിര്‍പ്പുകളെയും അടിച്ചമര്‍ത്താനുള്ള ആയുധമായിപ്പോലും ഇത്തരം പീഡനമുറകള്‍ കശ്‌മീരിലും മണിപ്പൂരിലുമെല്ലാം ഉപയോഗിക്കപ്പെടുന്നുണ്ടെന്ന വസ്‌തുത എത്രയധികം ഞെട്ടലുളവാക്കുന്നതാണ്‌. ഡല്‍ഹിയിലേത്‌ രാജ്യത്തെ മാനഭംഗക്കേസുകളില്‍ ആദ്യത്തേതല്ല.
അതിനേക്കാള്‍ ക്രൂരവും നീചവുമായ രീതിയിലല്ലേ നരേന്ദ്രമോഡി ഭരിക്കുന്ന ഗുജറാത്തില്‍ 2002ലെ കലാപത്തിനിടെ അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന ബല്‍ക്കീസ്‌ ബാനുവിനെ കശാപ്പുചെയ്‌തത്‌, 2009ല്‍ കശ്‌മീരിലെ ഷോപിയാനില്‍ സൈനികര്‍ സഹോദരിമാരെ പീഡിപ്പിച്ചുകൊന്നത്‌, 1991ല്‍ കശ്‌മീരിലെ തന്നെ കുനാന്‍പോഷ്‌പോറ എന്ന ഗ്രാമത്തിലെ സ്‌ത്രീകളെ ഒന്നാകെ സൈന്യം കൂട്ടമാനഭംഗത്തിനിരയാക്കിയത്‌, 2004 ജൂലൈ 11ന്‌ മണിപ്പൂരില്‍ മനോരമാദേവിയെന്ന സ്‌ത്രീയെ അസം റൈഫിള്‍സ്‌ സേന കൂട്ടമാനഭംഗത്തിനിരയാക്കിയതില്‍ പ്രതിഷേധിച്ച്‌ 40ഓളം സ്‌ത്രീകള്‍ ഉടുതുണിയുരിഞ്ഞ്‌ പ്രതിഷേധിച്ചപ്പോള്‍ സ്‌ത്രീകളെ ആദരിക്കുന്ന സമൂഹമെന്ന്‌ ഖ്യാതി കേട്ട ഭാരതത്തിന്റെ ഉടുതുണിതന്നെ ഉരിഞ്ഞുപോയില്ലേ, സൈന്യത്തിന്‌ നല്‍കിയിരിക്കുന്ന പ്രത്യേകാവകാശ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ 12 വര്‍ഷമായി നിരാഹാരം കിടക്കുന്ന മണിപ്പൂരി വനിത ഈറോം ശര്‍മിളയുടെ അവകാശപ്പോരാട്ടവും ഈ രാജ്യത്തുതന്നെയല്ലേ...
ഡല്‍ഹി സംഭവത്തിന്റെ പേരില്‍ പ്രതിഷേധത്തിന്റെ കനലുമായി തെരുവിലിറങ്ങിയ ഈ ഉപരിമധ്യവര്‍ഗം(അപ്പര്‍ മിഡില്‍ക്ലാസ്‌) എന്തേ പതിറ്റാണ്ടുകളായി രാജ്യത്ത്‌ നടക്കുന്ന അവകാശപ്പോരാട്ടങ്ങള്‍ കാണാതെപോകുന്നത്‌. ഈറോം ശര്‍മിളയെപ്പോലുള്ളവര്‍ക്ക്‌ പിന്തുണയറിയിച്ച്‌ ഒരു മെഴുകുതിരിവെട്ടമെങ്കിലും തെളിയിക്കാന്‍ ഇക്കൂട്ടര്‍ എന്തുകൊണ്ട്‌ മടിക്കുന്നു. ഡല്‍ഹി സംഭവത്തിന്റെ ഗൗരവവും പ്രതിഷേധത്തിന്റെ ന്യായാന്യായങ്ങളും വകവെച്ചുകൊടുത്തുകൊണ്ടുതന്നെ ചില പുനര്‍ചിന്തനങ്ങള്‍ അനിവാര്യമാണെന്നാണ്‌ ഈ വസ്‌തുതകള്‍ ആവശ്യപ്പെടുന്നത്‌. 
വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ ജോലിസ്ഥലത്തുനിന്ന്‌ വീട്ടിലേക്ക്‌ തിരിച്ച സൗമ്യയെന്ന പെണ്‍കുട്ടി 2011 ഫെബ്രുവരി ആറിന്‌ തൃശൂരിനടുത്ത്‌ ട്രെയിനില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവം കേരളത്തിന്റെ സാമൂഹ്യ, രാഷ്‌ട്രീയ മണ്ഡലങ്ങളിലുണ്ടാക്കിയ ചലനം എത്രവലുതായിരുന്നുവെന്ന്‌ മലയാളികള്‍ മറന്നുകാണില്ല. ദിവസങ്ങള്‍ മാത്രം നീണ്ടുനിന്ന ആ മാധ്യമ `ആഘോഷവും' പ്രതിഷേധവുമെല്ലാം എത്രവേഗമാണ്‌ കെട്ടടങ്ങിയത്‌. 
മാനഭംഗത്തിന്‌ വധശിക്ഷ തന്നെ വേണമെന്ന വാദം ഡല്‍ഹി സംഭവത്തോടെ ചില കോണുകളില്‍നിന്ന്‌ ശക്തമായിട്ടുണ്ട്‌. വധശിക്ഷ നല്‍കുന്നതില്‍ രണ്ടു വാദങ്ങളുണ്ടാവാമെങ്കിലും കടുത്ത ശിക്ഷ തന്നെ കുറ്റവാളികള്‍ക്ക്‌ ഉറപ്പാക്കണമെന്ന കാര്യത്തില്‍ പക്ഷാന്തരമുണ്ടാവുമെന്ന്‌ കരുതുന്നില്ല. ശിക്ഷയെന്നത്‌ ചെയ്‌ത തെറ്റിനുള്ള പ്രതിഫലം മാത്രമല്ല, ചെയ്യാന്‍ പോകുന്ന തെറ്റില്‍നിന്ന്‌ സമൂഹത്തെ പിന്തിരിപ്പിക്കാനുള്ള താക്കീത്‌ കൂടിയാണ്‌. ശിക്ഷയുടെ കാഠിന്യംകൊണ്ട്‌ മാത്രം ഈ സന്ദേശം സമൂഹത്തില്‍ എത്തില്ല. സമയബന്ധിതമായി അന്വേഷണ, വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി കുറ്റവാളികള്‍ക്ക്‌ ശിക്ഷ ഉറപ്പാക്കുക എന്നതാണ്‌ പ്രധാനം. ഇക്കാര്യത്തില്‍ നമ്മുടെ വ്യവസ്ഥാപിത സംവിധാനങ്ങള്‍ എവിടെ നില്‍ക്കുന്നുവെന്നത്‌ പരിശോധിക്കപ്പെടേണ്ടതാണ്‌.
നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ്‌ ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2010-11ല്‍ രാജ്യത്ത്‌ 1,26, 753 സ്‌ത്രീപീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഇതില്‍ വിചാരണ പൂര്‍ത്തിയായത്‌ 21,489 കേസുകള്‍ മാത്രമാണ്‌. അതായത്‌ മൊത്തം കേസുകളുടെ ആറിലൊന്ന്‌. 80 ശതമാനം കേസുകളും എങ്ങുമെത്തിയിട്ടില്ല. പീഡനത്തിനിരയായ 22,459 കേസുകളിലും ഇരകള്‍ക്ക്‌ പ്രതികള്‍ ആരെന്നത്‌ അറിയാമെന്നാണ്‌ രേഖകള്‍ പറയുന്നത്‌. ഈ കേസുകളില്‍ പോലും നടപടികളുണ്ടായില്ല എന്നത്‌ അന്വേഷണ സംവിധാനങ്ങളുടെ പരാജയമല്ലേ വിളിച്ചുപറയുന്നത്‌. 7835 കേസുകളില്‍ പ്രതിസ്ഥാനത്തുള്ളത്‌ അയല്‍വാസികളാണെന്നാണ്‌ രേഖകള്‍ വ്യക്തമാക്കുന്നത്‌. 1560 കേസുകളില്‍ ബന്ധുക്കളും 12,887 കേസുകളില്‍ സുഹൃത്തുക്കളാണ്‌ പ്രതികള്‍. 267 കേസുകളില്‍ സ്വന്തം അച്ഛന്മാര്‍ തന്നെയാണ്‌ പെണ്‍കുട്ടികളെ പീഡിപ്പിച്ചതെന്ന്‌ രേഖകള്‍ വ്യക്തമാക്കുന്നു. പറവൂരിലും മരടും വാരാപ്പള്ളിയിലും കോഴിക്കോട്ടും അടുത്തിടെ പുറത്തുവന്ന ലൈംഗീക പീഡനക്കേസുകളില്‍ പ്രതിസ്ഥാനത്തുവന്നത്‌ അച്ഛനും അമ്മയും സഹോദരങ്ങളുമായിരുന്നുവെന്ന വസ്‌തുതയും ഇതോട്‌ ചേര്‍ത്ത്‌ വായിക്കണം. 
നിയമത്തിന്റെ പോരായ്‌മയല്ല, നിയമം നടപ്പാക്കുന്നതിലെ പോരായ്‌മയാണ്‌ നീതി നിഷേധത്തിന്‌ വഴിയൊരുക്കുന്നതെന്ന വസ്‌തുതയാണ്‌ ഇതിലൂടെ വെളിപ്പെടുന്നത്‌. നീതി വൈകുന്നത്‌ നീതി നിഷേധിക്കപ്പെടുന്നതിന്‌ തുല്യമാണെന്ന്‌ ഭരണാധിപരും ന്യായാധിപ രംഗത്തുള്ളവരും തന്നെ പറഞ്ഞു നടക്കുമ്പോഴും ഇതിന്‌ പ്രതിവിധികള്‍ ഉണ്ടാകാത്തത്‌ എന്തുകൊണ്ടാണ്‌. മാനഭംഗത്തിന്‌ വധശിക്ഷ നല്‍കണമോ വേണ്ടയോ എന്ന ചര്‍ച്ചകളേക്കാള്‍ പ്രധാനം എങ്ങനെ സാധ്യമായത്ര വേഗത്തില്‍ നീതി ഉറപ്പാക്കാന്‍ കഴിയുമെന്ന ചര്‍ച്ചകളാണ്‌ നടക്കേണ്ടതെന്നാണ്‌ ഈ കണക്കുകള്‍ ആവശ്യപ്പെടുന്നത്‌.
നിയമവും പൊലീസും മാത്രം കര്‍ശനമായാല്‍ സാധ്യമാകുന്നതല്ല അത്തരമൊരന്തരീക്ഷം. പിച്ചിച്ചീന്താനും കാമവെറി തീര്‍ക്കാനുമുള്ളതല്ല സ്‌ത്രീത്വമെന്ന ബോധം ഓരോരുത്തരുടെയും ഉള്ളില്‍അങ്കുരിക്കണം. മദ്യവും മയക്കുമരുന്നും പോലുള്ള വിപത്തുകളാണ്‌ ഏത്‌ വലിയ തിന്മകള്‍ക്കും അടിക്കല്ല്‌ പാകുന്നതെന്ന വസ്‌തുത അറിഞ്ഞോ അറിയാതെയോ നമ്മുടെ അധികാരിവര്‍ഗം വിസ്‌മരിച്ചുകളയുന്നു. അതിനെ നിയന്ത്രിക്കാനുള്ള മുറവികളത്രയും നികുതിവരുമാനത്തിന്റെ പാഴ്‌കണക്കുകള്‍ നിരത്തി മുളയിലേ നുള്ളിക്കളയുന്നു. 
ഇന്റര്‍നെറ്റ്‌ പോലുള്ള സാങ്കേതിക സൗകര്യങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന തിന്മയുടെ വിഷച്ചിലന്തികള്‍ ഇത്തരം സംഭവങ്ങളില്‍ വഹിക്കുന്ന പങ്ക്‌ ചെറുതല്ല. അമ്മയും പെങ്ങളുമെന്നത്‌ ബന്ധങ്ങളെ സൂചിപ്പിക്കുന്ന സാങ്കേതിക പദങ്ങള്‍ മാത്രമാവുകയും മൂല്യവത്തായ സ്‌നേഹബന്ധങ്ങള്‍ അതിനിടയില്‍ അറ്റുപോവുകയും ചെയ്യുമ്പോള്‍ തിന്മയുടെ പിശാചുക്കള്‍ അവിടം താവളമാക്കിമാറ്റുന്നു. 
ഒന്നിനുമേലെ ഒന്നായി തെറ്റിന്റെ കൂമ്പാരങ്ങള്‍ തന്നെ സൃഷ്‌ടിക്കപ്പെടുന്നു. കുറ്റവാളികളെ കണ്ടെത്തുകയും യഥാസമയം നിയമത്തിന്‌ മുന്നില്‍ കൊണ്ടുവന്ന്‌ ഉചിതമായ ശിക്ഷ നല്‍കുകയും ചെയ്‌താല്‍ നല്ലൊരുശതമാനം വരെ ജനങ്ങളില്‍ ഇത്തരം ചെയ്‌തികള്‍ക്കെതിരായ അവബോധം സൃഷ്‌ടിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അടുത്തകാലത്തായി രാജ്യത്ത്‌ ആരംഭംകുറിച്ച അതിവേഗ കോടതികള്‍ ഇക്കാര്യത്തില്‍ വലിയ ആശ പകരുന്നുണ്ട്‌. 
സൗമ്യ വധക്കേസില്‍ ഗോവിന്ദച്ഛാമിക്ക്‌ വധശിക്ഷ വിധിച്ചത്‌ ഒരു വര്‍ഷത്തില്‍ താഴെ മാത്രമുള്ള ഇടവേളയിലാണെന്നത്‌ ഈ സൂചനയാണ്‌ നല്‍കുന്നത്‌. പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉയരുന്നതോടൊപ്പംതന്നെ കര്‍ശനമായ നിയമ, ശിക്ഷാ വ്യവസ്ഥകള്‍ രാജ്യത്ത്‌ രൂപപ്പെട്ട്‌ വരേണ്ടതുണ്ട്‌. എങ്കില്‍ മാത്രമേ ഇനിയൊരു ഡല്‍ഹികൂടി ആവര്‍ത്തിക്കപ്പെടാതിരിക്കൂ.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: