ഇപ്പോള്‍സംഭവിച്ചതാണ്‌ആദര്‍ശവ്യതിയാനം

  • Posted by Sanveer Ittoli
  • at 12:27 AM -
  • 0 comments
ഇപ്പോള്‍സംഭവിച്ചതാണ്‌ആദര്‍ശവ്യതിയാനം

അഭിമുഖം -
സി പി ഉമര്‍ സുല്ലമി
സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി മുജാഹിദ്‌ പ്രസ്ഥാനത്തെ പിളര്‍ത്തിയവര്‍ ഇന്ന്‌ പരസ്‌പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുകയാണല്ലോ. അന്നത്തെ ആദര്‍ശവ്യതിയാന ആരോപണങ്ങളെ ഇന്ന്‌ എങ്ങനെ വിലയിരുത്തുന്നു?
മുജാഹിദുകള്‍ക്ക്‌ പരിചയമില്ലാത്ത ഒരു പുതിയ ആദര്‍ശം ഇറക്കുമതി ചെയ്യാനുള്ള വഴിതുറക്കലായിരുന്നു അന്നത്തെ ആദര്‍ശവ്യതിയാനാരോപണം. കഴിഞ്ഞ പത്തു വര്‍ഷങ്ങളിലെ സംഭവ വികാസങ്ങള്‍ ഇതാണ്‌ തെളിയിക്കുന്നത്‌.
സലഫി മന്‍ഹജ്‌ എന്നാണ്‌ ഈ പുതിയ ഇറക്കുമതിക്ക്‌ അവര്‍ പേരിട്ടത്‌. ഖുര്‍ആനും സുന്നത്തും പ്രചരിപ്പിക്കുന്നതിനുള്ള ഇസ്‌ലാമിക മാസിക എന്നായിരുന്നു അല്‍മനാറിനെ നേരത്തെ പരിചയപ്പെടുത്തിയിരുന്നത്‌. എന്നാല്‍ പില്‍ക്കാലത്തിത്‌ തിരുത്തി ഏതോ ഒരു സലഫിയുടെ മന്‍ഹജ്‌ എന്നര്‍ഥം വരുന്ന വചനം എഴുതിച്ചേര്‍ത്തു. ഈ പുതിയ മന്‍ഹജിന്റെ മറവിലാണ്‌ ജിന്ന്‌ സേവയും പിശാച്‌ബാധയും അടിച്ചിറക്കലും മാരണവുമെല്ലാം മുജാഹിദ്‌ പ്രസ്ഥാനത്തിലേക്ക്‌ ഇറക്കുമതി ചെയ്‌തത്‌.
മന്‍ഹജിന്റെ മറവില്‍ ആദര്‍ശരംഗത്ത്‌ കടന്നുവരാനുള്ള അപകടങ്ങളെക്കുറിച്ച അന്നു തന്നെ താങ്കളെപ്പോലുള്ളവര്‍ ചൂണ്ടിക്കാണിച്ചിരുന്നില്ലേ?
ഖുര്‍ആന്‍, സുന്നത്ത്‌, ഇജ്‌മാഅ്‌, ഖിയാസ്‌ എന്നിവയാണല്ലോ പ്രമാണങ്ങള്‍. എന്നാല്‍, സമൂഹത്തില്‍ നിലനില്‍ക്കുന്ന എല്ലാ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രമാണവത്‌കരിക്കാനാണ്‌ പണ്ട്‌ ഇ കെ ഹസന്‍ മുസ്‌ലിയാര്‍ സബീലുല്‍ മുഅ്‌മിനീന്‍ എന്ന അഞ്ചാംപ്രമാണം കൊണ്ടുവന്നത്‌. അതേ ചുവട്‌ പിടിച്ച്‌ ലോകത്ത്‌ സലഫികള്‍ എന്നറയിപ്പെടുന്നവര്‍ ചെയ്യുന്നതൊക്കെ പ്രമാണമാക്കാന്‍ സലഫി മന്‍ഹജ്‌ എന്ന ഒരു അഞ്ചാംപ്രമാണം കൊണ്ടുവരുന്നതിനെ കെ ജെ യു ചര്‍ച്ചയില്‍ ശക്തമായി എതിര്‍ത്തിരുന്നു. പുതിയ ഒരു മന്‍ഹജിന്റെ ആവശ്യമില്ല എന്നായിരുന്നു അന്ന്‌ കെ ജെ യുവിന്റെ തീരുമാനം.
ഈ ആദര്‍ശ അട്ടിമറിക്ക്‌ കൂട്ടുനിന്നില്ല എന്ന കാരണത്താലാണല്ലോ തൗഹീദ്‌ പ്രബോധന രംഗത്ത്‌ ഏറെക്കാലമായി നിലകൊണ്ട താങ്കള്‍ക്കെതിരെയും വ്യതിയാനാരോപണം ഉന്നയിച്ചത്‌.
തൗഹീദിന്റെ വിഭജനം പറയുന്നില്ല എന്നതായിരുന്നു എനിക്കെതിരെയുള്ള പ്രധാന ആരോപണം. റുബൂബിയത്ത്‌, ഉലൂഹിയത്ത്‌, അസ്‌മാഉസ്സിഫാത്ത്‌ എന്നിങ്ങനെ തൗഹീദിനെ വിഭജിച്ചത്‌ പഠനസൗകര്യത്തിനു വേണ്ടിയാണ്‌. പണ്ഡിതന്മാര്‍ പലരും പഠന സൗകര്യാര്‍ഥം തൗഹീദിനെ രണ്ടായിട്ടും മൂന്നായിട്ടുമൊക്കെ വിശദീകരിച്ചിട്ടുണ്ട്‌. എന്നാല്‍, യഥാര്‍ഥ തൗഹീദ്‌ ലാഇലാഹ ഇല്ലല്ലാഹ്‌ എന്നതാണ്‌. ഈ വിഭജനങ്ങളെല്ലാം അടിസ്ഥാനപരമായി ലാഇലാഹ ഇല്ലല്ലാഹ്‌ എന്ന തൗഹീദിന്റെ വ്യത്യസ്‌ത ഭാഗങ്ങള്‍ തന്നെയാണ്‌. ശൈഖ്‌ ഇബ്‌നുബാസ്‌ ഉള്‍പ്പെടെയുള്ള പണ്ഡിതന്മാരും ഇതേ അഭിപ്രായക്കാരാണ്‌.
തൗഹീദിന്‌ പ്രാമുഖ്യം നല്‍കുന്നില്ല, തൗഹീദില്‍ വ്യതിയാനം സംഭവിച്ചു എന്നിങ്ങനെ ആരോപണങ്ങള്‍ ഉന്നയിച്ച നവയാഥാസ്ഥിതികരുടെ കഴിഞ്ഞ പത്തുവര്‍ഷത്തെ തൗഹീദ്‌ പ്രബോധനത്തെക്കുറിച്ച്‌?
താരതമ്യേന നിസ്സാരമായ അഭിപ്രായാന്തരങ്ങളെ പര്‍വതീകരിച്ച്‌ തൗഹീദില്‍ നിന്നുള്ള വ്യതിയാനമായി പരിഗണിച്ചവര്‍ പിന്നീട്‌ തൗഹീദിന്റെ അടിത്തറ തന്നെ തകര്‍ക്കുന്നതാണ്‌ കണ്ടത്‌. മനുഷ്യകഴിവിന്‌ അതീതമായത്‌ അല്ലാഹുവോട്‌ മാത്രമേ ചോദിക്കാവൂ എന്നത്‌ തിരുത്തി, സൃഷ്‌ടികളുടെ കഴിവിന്‌ അതീതം എന്നാക്കി. ജിന്നുകളോടുള്ള സഹായാര്‍ഥന കടന്നുവന്നത്‌ ഇതിലൂടെയാണ്‌.
സൃഷ്‌ടികളില്‍ ഏറ്റവും ശ്രേഷ്‌ഠന്‍ മനുഷ്യനാണ്‌. അതുകൊണ്ടാണ്‌ മലക്കുകളോട്‌ ആദമിന്‌ സുജൂദ്‌ ചെയ്യാന്‍ പറഞ്ഞത്‌. അതിനാല്‍ സൃഷ്‌ടികളില്‍ ശ്രേഷ്‌ഠനായ മനുഷ്യന്റെ കഴിവിന്‌ അപ്പുറമുള്ളത്‌ ചോദിക്കേണ്ടത്‌ സ്രഷ്‌ടാവായ പടച്ചവനോട്‌ മാത്രമാണ്‌. ഈ മൗലിക അടിത്തറയാണ്‌ കഴിഞ്ഞ പത്തുവര്‍ഷമായി നവയാഥാസ്ഥിതികര്‍ തകര്‍ത്തുകളഞ്ഞത്‌.
ഇത്തരം വാദമുഖങ്ങളുണ്ടായിരുന്നത്‌ സകരിയ്യ സ്വലാഹിക്കും കൂട്ടര്‍ക്കും മാത്രമാണെന്നും അവരെയും അവരെ സഹായിക്കുന്ന പോഷകഘടകങ്ങളെയും പിരിച്ചുവിട്ടതിലൂടെ തങ്ങള്‍ ഒരു ശുദ്ധീകരണം നടത്തി എന്നുമാണ്‌ ഇപ്പോള്‍ മറുപക്ഷത്തുള്ള നേതാക്കള്‍ പറയുന്നത്‌.
തികച്ചും സംഘടനാപരമായ സ്ഥാപിത താല്‍പര്യങ്ങളാണ്‌ ഇപ്പോഴത്തെ നടപടിക്കു പിന്നില്‍. അതിന്‌ ആദര്‍ശത്തിന്റെ മുഖം നല്‍കാനുള്ള ശ്രമം കാപട്യമാണ്‌. കാരണം, സകരിയ്യ സ്വലാഹിയും മറ്റും ഉയര്‍ത്തുന്ന വാദമുഖങ്ങള്‍ കൊണ്ടുവരാനുള്ള എല്ലാ സഹായവും ചെയ്‌തുകൊടുത്തത്‌ ടി പി അബ്‌ദുല്ലക്കോയ മദനിയും അബ്‌ദുര്‍റഹ്‌മാന്‍ സലഫിയും ഉള്‍പ്പെടെയുള്ളവരാണ്‌. ഖുര്‍ആനും സുന്നത്തും പ്രചരിപ്പിക്കുന്ന ഇസ്‌ലാമിക മാസിക എന്ന അല്‍മനാറിന്റെ തലവാചകം തിരുത്തി സലഫി മന്‍ഹജ്‌ എന്ന്‌ എഴുതിച്ചേര്‍ത്ത പഴുതിലൂടെ ഗള്‍ഫ്‌ സലഫിസം ഇറക്കുമതി ചെയ്യുക മാത്രമാണ്‌ സകരിയ്യ സ്വലാഹിയും അബ്‌ദുര്‍റഹ്‌മാന്‍ സലഫിയും ഉള്‍പ്പെടെയുള്ളവര്‍ ചെയ്‌തത്‌. അതുകൊണ്ടു തന്നെയാണ്‌ ഗള്‍ഫ്‌ സലഫികള്‍ക്കിടയില്‍ സകരിയ്യ സ്വലാഹിക്കും കൂട്ടര്‍ക്കും ഇന്നും സ്വാധീനമുള്ളത്‌. ജിന്ന്‌ ബാധിക്കും, പിശാചിന്‌ ശാരീരിക ഉപദ്രമേല്‍പിക്കാന്‍ സാധിക്കും, നബിക്ക്‌ സിഹ്‌റ്‌ ബാധിച്ചു തുടങ്ങിയ വിഷയങ്ങളില്‍ ഇവരിലെ രണ്ടുവിഭാഗവും ഒരേവീക്ഷണക്കാരാണ്‌.
ഹദീസ്‌ നിഷേധമായിരുന്നല്ലോ മറ്റൊരു പ്രധാന ആരോപണം?
ഖുര്‍ആനാണ്‌ ഒന്നാമത്തെ പ്രമാണം. ഹദീസ്‌ രണ്ടാം പ്രമാണമാണ്‌. ഇത്‌ തിരുത്തി ഖുര്‍ആനും ഹദീസും ഒരുപോലെ ഒന്നാം പ്രമാണങ്ങളായി അവതരിപ്പിക്കുകയാണ്‌. എന്നാല്‍, ഖുര്‍ആനിന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിട്ടുണ്ട്‌. ഖുര്‍ആനില്‍ തള്ളിക്കളയേണ്ടതായി ഒന്നുമില്ല. നേരെമറിച്ച്‌, ഹദീസുകളില്‍ നെല്ലും പതിരുമുണ്ട്‌. ഖുര്‍ആനിന്റെ വിശദീകരണമാണ്‌ ഹദീസ്‌. ഇത്‌ മാറ്റിമറിച്ച്‌ ഹദീസുകളോട്‌ യോജിപ്പിക്കാവുന്ന വിധത്തില്‍ ഖുര്‍ആനെ വ്യാഖ്യാനിക്കുന്ന ഒരു വൈരുധ്യാത്മക സമീപനമാണ്‌ ഇപ്പോള്‍ കടന്നുവന്നിട്ടുള്ളത്‌.
ഹദീസ്‌ സ്വീകരിക്കുന്നതിന്‌ ചില മാനദണ്ഡങ്ങളുണ്ട്‌. ഇത്‌ മാറ്റിവെച്ച്‌ ഹദീസുകള്‍ എന്ന പേരില്‍ വന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കണമെന്ന്‌ പറയുന്നത്‌ ശരിയല്ല. ഈത്തപ്പനയുടെ പരാഗണത്തെക്കുറിച്ച്‌ പ്രവാചകന്‍ സ്വഹാബികളോട്‌ പറഞ്ഞത്‌, ഭൗതിക കാര്യങ്ങള്‍ എന്നെക്കാള്‍ അറിയുന്നവര്‍ നിങ്ങളാണ്‌ എന്നാണ്‌. പ്രവാചകന്റെ കാലഘട്ടത്തില്‍ നിലനിന്നിരുന്ന ചികിത്സാരീതികള്‍ പ്രവാചകവൈദ്യം എന്ന പേരില്‍ ഇന്നും തുടരണമെന്ന്‌ ശഠിക്കുന്നത്‌ ശരിയല്ല. അങ്ങനെ ഒരു ചികിത്സാവിധി സ്വീകരിക്കാന്‍ അല്ലാഹുവോ റസൂലോ നിര്‍ദേശിച്ചിട്ടില്ല. 
നവയാഥാസ്ഥിതികരുടെ ആദര്‍ശചര്‍ച്ചകളില്‍ ഈയിടെ ഉയര്‍ന്നുകേട്ട റുഖിയ ശറഇയ്യയെക്കുറിച്ച്‌?
റുഖിയ ശറഇയ്യ എന്നാല്‍, ശറഇനോട്‌ യോജിച്ച മന്ത്രം എന്നാണ്‌ ഉദ്ദേശ്യം. ജാഹിലിയ്യ കാലഘട്ടത്തില്‍ പല മന്ത്രങ്ങളും നിലനിന്നിരുന്നു. ആദ്യകാലത്ത്‌ ഇത്തരം മന്ത്രങ്ങളില്‍ ശിര്‍ക്കില്ലാത്ത പ്രാര്‍ഥനകള്‍ നബി(സ) അംഗീകരിച്ചു. പിന്നീട്‌, അല്ലാഹുവോട്‌ പ്രാര്‍ഥിക്കേണ്ടത്‌ എങ്ങനെയാണെന്ന്‌ പഠിപ്പിക്കപ്പെടുകയുണ്ടായി. ഈ പ്രാര്‍ഥനകള്‍ നിര്‍വഹിക്കുന്നതിനു പകരം, റുഖിയ ശറഇയ്യ എന്ന പേരില്‍ മുജാഹിദുകളില്‍ പെട്ട ചിലര്‍ മന്ത്രവാദ ചികിത്സ നടത്തുന്നതാണ്‌ പിന്നീട്‌ നാം കണ്ടത്‌. ഗര്‍ഭിണികള്‍ക്ക്‌ സുഖപ്രസവത്തിനും തീപ്പൊള്ളലേല്‍ക്കാതിരിക്കാനും തുടങ്ങി ഓരോ കാര്യങ്ങള്‍ക്കും പ്രത്യേകം ആയത്തോതി മന്ത്രവാദ ചികിത്സ നടത്തുന്ന രീതി അല്ലാഹുവോ റസൂലോ പഠിപ്പിച്ചിട്ടില്ല. മുജാഹിദ്‌ പ്രസ്ഥാനം എതിര്‍ത്തു തോല്‍പിച്ച അന്ധവിശ്വാസങ്ങള്‍ മുജാഹിദുകളുടെ പേരില്‍ തന്നെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതാണ്‌ ഇപ്പോള്‍ നാം കാണുന്നത്‌.
തറാവീഹിന്റെ റക്‌അത്ത്‌, ഖുനൂത്ത്‌, പാലംപണി... 2002ലെ പിളര്‍പ്പിന്റെ ഘട്ടത്തില്‍ മുഴങ്ങിക്കേട്ട കുറെ ആരോപണങ്ങളുണ്ടായിരുന്നല്ലോ. തിരിഞ്ഞുനോക്കുമ്പോള്‍ ഇവയെ എങ്ങനെ വിലയിരുത്തുന്നു?
മുജാഹിദുകളാരും സുബ്‌ഹിക്ക്‌ ഖുനൂത്ത്‌ നിര്‍വഹിക്കുന്നവരായിരുന്നില്ല. പതിനൊന്നില്‍ കൂടുതല്‍ തറാവീഹിന്റെ റക്‌അത്തുകള്‍ വര്‍ധിപ്പിക്കുന്നവരുമായിരുന്നില്ല. എന്നിട്ടും തികഞ്ഞ ദുഷ്‌ടലാക്കോടെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചവരില്‍ അതിലും ഗുരുതരമായതാണ്‌ ഇപ്പോള്‍ പുലര്‍ന്നുകാണുന്നത്‌. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതുവഴി ആളുകളില്‍ സത്യസന്ദേശം എത്തണമെന്നത്‌ കരുതുന്നതുപോലും തെറ്റാണെന്ന മട്ടിലായിരുന്നു പ്രചാരണം. ഈ ആരോപണങ്ങളോരോന്നും അപ്രസക്തമാകുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ്‌ പിന്നീട്‌ ആരോപകരില്‍ കഴിഞ്ഞ പത്തുവര്‍ഷമായി കണ്ടത്‌.
പുതിയ പശ്ചാത്തലത്തില്‍ മുജാഹിദുകള്‍ക്ക്‌ നല്‍കാനുള്ള സന്ദേശം?
ഖുര്‍ആനും സുന്നത്തും അംഗീകരിച്ച്‌ മുജാഹിദ്‌ പ്രസ്ഥാനം ഇതുവരെ പുലര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറുള്ളവര്‍ക്ക്‌ ഐക്യപ്പെടാന്‍ കഴിയണം. ആദര്‍ശപ്പൊരുത്തമുള്ളവര്‍ സംഘടനയില്‍ അംഗത്വമെടുത്ത്‌ ഭരണഘടനയ്‌ക്ക്‌ അനുസൃതമായി തെരഞ്ഞെടുപ്പ്‌ നടത്തുകയും തെരഞ്ഞെടുക്കപ്പെടുന്ന നേതൃത്വത്തെ അംഗീകരിക്കുകയും വേണം. മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ആദര്‍ശവിശുദ്ധിയും സുതാര്യമായ സംഘടനാ സംവിധാനവും ഇവിടെ നിലനില്‍ക്കുന്നുണ്ട്‌.
വെട്ടിമുറിക്കാന്‍ ശ്രമിച്ചവര്‍, വീണ്ടും വീണ്ടും വിഘടിച്ചുകൊണ്ടിരിക്കുന്നത്‌ നാം കാണുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കാം. എന്നിട്ടും നിലനില്‍ക്കുന്ന വീക്ഷണ വ്യത്യാസങ്ങള്‍ വീക്ഷണ വ്യത്യാസങ്ങളായി തന്നെ നിലനില്‍ക്കട്ടെ. സ്ഥാനമാനങ്ങളും അതിനുവേണ്ടിയുള്ള സ്ഥാപനവല്‍കരണവുമല്ല, അല്ലാഹു നമ്മെ ഏല്‍പിച്ച ദഅ്‌വത്ത്‌ എന്ന ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള വേദിയാണ്‌ സംഘടന എന്ന്‌ തിരിച്ചറിയാനാവണം. അതാണ്‌ പരിഹാരം.
(തയ്യാറാക്കിയത്‌: പി സുഹൈല്‍ സാബിര്‍)

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: