പ്രവാചകചരിത്രത്തിന്റെ ചരിത്രം

  • Posted by Sanveer Ittoli
  • at 7:46 AM -
  • 0 comments
പ്രവാചകചരിത്രത്തിന്റെ ചരിത്രം

- വായന -
ശഫ്‌ന സെയ്‌ദ്‌
പതിനാലിലേറെ നൂറ്റാണ്ടിനിപ്പുറവും, ഏതൊരു വിദ്യാര്‍ഥിക്കും പഠിച്ചെടുക്കാവുന്നത്ര സുതാര്യമായി പ്രവാചകതിരുമേനിയുടെ ജീവിതം ലഭ്യമാണ്‌. തിരുനബിയുടേതല്ലാത്തൊരു ജീവിതം ഇത്രയും പഴക്കത്തിലും ഇത്രയേറെ വ്യക്തതയോടെ ലഭ്യമാണോ എന്നത്‌ സംശയകരമാണ്‌. അതുകൊണ്ട്‌ തന്നെയാകാം പല കാലങ്ങളില്‍ ലോകത്തിന്റെ പല ദിക്കില്‍ ജീവിച്ച അനേകം ബുദ്ധിശാലികളും ചരിത്രകുതുകികളും പ്രവാചക ജീവിതം തെരഞ്ഞുപിടിച്ച്‌ പഠിച്ചതും പകര്‍ത്തിവെച്ചതും. അതില്‍ പലതിനോടും യോജിക്കാന്‍ ഒരു പക്ഷേ നമുക്ക്‌ കഴിയണമെന്നില്ല. വിയോജിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടേതാണ്‌. ചരിത്ര വായന ഓരോരുത്തരുടേതും ഓരോ വിധമാകുമ്പോഴാണല്ലോ അത്‌ ജീവസുറ്റതാകുന്നത്‌. ഒരേ അച്ചിലുള്ള എഴുത്തും വിശകലനവും അരോചകം മാത്രമല്ല അനാവശ്യവുമാണ്‌. പ്രവാചക ചരിത്രത്തിന്റെ സാരവും സൗന്ദര്യവും അതി വിദഗ്‌ധമായി വിശകലനം ചെയ്യുന്ന പുസ്‌തകമാണ്‌ അല്ലാമാ ശിബ്‌ലി നുഅ്‌മാനിയുടെ സീറത്തുന്നബി. പ്രവാചകജീവിതം ആഴത്തിലുള്ള അനുരാഗത്തോടെ വരച്ചിട്ട സീറത്തുന്നബിയുടെ ആമുഖം ചരിത്രരചനകളിലേക്കുള്ള സഞ്ചാരമെന്ന നിലയില്‍ അത്ര തന്നെ പ്രസക്തമാണ്‌. ആമുഖം മാത്രമെടുത്ത്‌ മലയാളത്തിലേക്ക്‌ കൊണ്ടുവന്നിരിക്കുകയാണ്‌ യുവത. പ്രമുഖ പണ്ഡിതന്‍ അബ്‌ദുര്‍റഹ്‌മാന്‍ ആദൃശ്ശേരിയാണ്‌ വിവര്‍ത്തകന്‍.
നബിചരിത്രത്തിന്റെ ആവശ്യമെന്ത്‌ എന്നതില്‍ തുടങ്ങി, ചരിത്രമെഴുത്തിന്റെ നാള്‍വഴികളിലൂടെ വിദഗ്‌ധമായി യാത്ര പോവുകയാണ്‌ ശിബിലി നുഅ്‌മാനി. ഇമാം ഇബ്‌നുഹജറിന്റെ ഗുരുനാഥന്‍ ഇമാം ഹാഫിദ്‌ ഇറാഖിയുടെ ഒരു നിരീക്ഷണം ശിബിലി തുടക്കത്തിലേ ഉദ്ധരിക്കുന്നുണ്ട്‌: ``നബിചരിത്ര ഗ്രന്ഥങ്ങളില്‍ നെല്ലും പതിരുമുണ്ടെന്ന്‌ പഠിതാക്കള്‍ മനസ്സിലാക്കണം.''
ഈ വചനത്തിന്റെ സാരാംശം ഉള്‍ക്കൊണ്ട്‌, നബിചരിത്ര രചനക്ക്‌ ഏറ്റവുമാദ്യം ആവശ്യമുള്ളത്‌ സത്യസന്ധമായ ഹദീസുകള്‍ തേടിപ്പിടിക്കലാണെന്ന്‌ ശിബിലി തീര്‍ച്ചപ്പെടുത്തുന്നു. ദുര്‍ബലമായ ഹദീസുകളില്‍ പ്രവാചകജീവിതത്തെ സംബന്ധിച്ച കെട്ടുകഥകള്‍ കടന്നുകൂടുകയും അത്‌ ചരിത്രമെഴുത്തില്‍ സ്വാധീനിക്കപ്പെടുകയും ചെയ്യുമ്പോള്‍ മഹത്തായൊരു ജീവിതത്തിലാണ്‌ സമൂഹം ഇല്ലാക്കഥകള്‍ വായിക്കുക. അത്തരം പോരായ്‌മകള്‍ പല ഗ്രന്ഥങ്ങളിലും കണ്ടെത്തിയതിന്റെ കാരണമാണ്‌ പരമാവധി നീതിയുക്തമായൊരു ചരിത്ര ഗ്രന്ഥം എന്ന സ്വപ്‌നം അദ്ദേഹത്തിലുണ്ടാകുന്നതും സീറത്തുന്നബി?എന്ന ഇതിഹാസകരമായ സാഹസികതയില്‍ അദ്ദേഹം എത്തിയതും.
അറബ്‌ ലോകത്ത്‌ ചരിത്ര രചനയ്‌ക്ക്‌ തുടക്കമിട്ട അബൂ ജഅ്‌ഫര്‍ അല്‍ മന്‍സൂറിന്റ കാലം വരെ (ഹിജ്‌റ 142) നബിചരിത്രം സംബന്ധിച്ചൊരു ഗ്രന്ഥം അറബിയിലുണ്ടായിട്ടില്ല. അന്നു വരെ വാചികമായ കൈമാറ്റം മാത്രമാണുണ്ടായിരുന്നത്‌. ഹി. 142 മുതലുള്ള ചരിത്രത്തിലേക്ക്‌ ശിബിലി നമ്മെ കൊണ്ടുപോകുന്നുണ്ട്‌. ?പ്രവാചകകാലത്തെ എഴുത്തുകള്‍,?യുദ്ധചരിത്രങ്ങള്‍,?ഔദ്യോഗിക ക്രോഡീകരണത്തിന്റെ ചരിത്രം,?ആഇശയുടെ നിവേദനങ്ങള്‍?എന്നിങ്ങനെയാണ്‌ പുസ്‌തകത്തിന്റെ തുടക്കം.
ഇമാം സുഹ്‌രിയുടേയും ശിഷ്യന്മാരുടേയും സംഭാവനകളിലേക്ക്‌ വിശദമായി ശിബിലി കടന്നുപോകുന്നു. ഇമാമുല്‍ ഗാസി എന്നറിയപ്പെടുന്ന മുഹമ്മദ്‌ ഇബ്‌നു ഇസ്‌ഹാഖിന്റെ സംഭാവനകള്‍ നബിചരിത്രമെഴുത്തില്‍ ഇന്നും വിലപ്പെട്ടതാണ്‌. അദ്ദേഹത്തിന്റെ രചനാ കൗശലത്തിലേക്ക്‌ വെളിച്ചം വീശുന്നതോടൊപ്പം തന്നെ അതിനെ സംബന്ധിച്ച്‌ പല പണ്ഡിതന്മാരും വിയോജിപ്പ്‌ രേഖപ്പെടുത്തിയതും എടുത്തുദ്ധരിക്കുന്നു.
ഇമാം ഇബ്‌നുഹിബ്ബാന്‍ ഈ ഗ്രന്ഥത്തെ വിശകലനം ചെയ്യുന്നതിങ്ങനെയാണ്‌: ``ഹദീസ്‌ പണ്ഡിതന്മാര്‍ ഇബ്‌നു ഇസ്‌ഹാഖിന്റെ ഗ്രന്ഥത്തോട്‌ വിയോജിക്കാന്‍ കാരണം, അദ്ദേഹം ഖൈബര്‍ പോലുള്ള ചില സംഭവങ്ങളില്‍ ഇസ്‌ലാം സ്വീകരിച്ച ജൂതന്മാരുടെ സന്താനങ്ങളില്‍ നിന്ന്‌ ലഭിച്ച വിവരങ്ങള്‍ തന്റെ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതുകൊണ്ടാണ്‌. പ്രസ്‌തുത നിവേദനങ്ങള്‍ അദ്ദേഹം അവരില്‍ നിന്ന്‌ ഉദ്ധരിച്ചതിനാല്‍ ഈ സംഭവങ്ങളെക്കുറിച്ച്‌ ഇബ്‌നു ഇസ്‌ഹാഖ്‌ ഉദ്ധരിച്ചത്‌ നമുക്ക്‌ വിശ്വസിക്കാന്‍ സാധിക്കുകയില്ല?
ഇബ്‌നു ഹിശാം, ഇബ്‌നു സഅദ്‌, ഇമാം ബുഖാരി, ഇമാം ത്വബ്‌രി എന്നി മഹാപണ്ഡിതര്‍ നബിചരിത്ര രചനക്ക്‌ നല്‍കിയ സംഭാവനകള്‍ ഗ്രന്ഥം വിശകലനം ചെയ്യുന്നുണ്ട്‌. ഉര്‍വത്‌ ബിന്‍ സുബൈര്‍, അശ്ശഅബി, വഹബ്‌ ബ്‌നു മുനബ്ബഹ്‌, ആസിം ഇബ്‌നു അംറ്‌, ഇബ്‌നു ഖതാദ അല്‍ അന്‍സ്വാരി, അബ്‌ദുര്‍റഹ്‌മാനുബ്‌നു അബ്‌ദില്‍ അസീസ്‌ അല്‍ ഔസി, മുഹമ്മദ്‌ അത്തമ്മാര്‍, അബൂ മഹ്‌ശര്‍ അല്‍മദനി തുടങ്ങിയ പൂര്‍വികരായ ചരിത്ര രചയിതാക്കളില്‍ നിന്ന്‌ തുടങ്ങി ആധുനിക കാലം വരെയുള്ള ചരിത്ര പണ്ഡിതരെ ശിബിലി ഓര്‍ത്തെടുക്കുന്നു.
ഹദീസ്‌ ഗ്രന്ഥങ്ങളും നബി ചരിത്ര ഗ്രന്ഥങ്ങളുമെന്ന ഭാഗം ഏറെ ഫലപ്രദമായ പാഠങ്ങളാണ്‌ പകര്‍ന്നുതരുന്നത്‌. ഗ്രന്ഥങ്ങളിലെ തെറ്റും ശരിയും എന്നൊരു അധ്യായവുമുണ്ട്‌. ഹദീസ്‌ പണ്ഡിതരുടെ അവഗണന, ശ്രദ്ധക്കുറവ്‌, നബിചരിത്ര രചനയിലെ ചതിക്കുഴികള്‍, മാനദണ്ഡങ്ങള്‍ പാലിക്കാത്ത നിവേദകര്‍, തുടങ്ങിയ കാര്യങ്ങളും ചേര്‍ത്തിരിക്കുന്നു.
പാശ്ചാത്യരുടെ രചനകള്‍ എന്ന അധ്യായത്തില്‍ പുസ്‌തകം അവസാനിക്കുന്നു. മലയാളത്തില്‍ ഇങ്ങനെയൊരു പുസ്‌തകം ആദ്യമായിട്ടായിരിക്കും. ചരിത്ര കൗതുകമുള്ളവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രവാചക പ്രേമികള്‍ക്കും ഇതൊരു വിശേഷ സമ്മാനം തന്നെ.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: