ജിന്നുതേട്ടത്തിലെ വൈരുധ്യങ്ങള്‍

  • Posted by Sanveer Ittoli
  • at 8:44 AM -
  • 0 comments
ജിന്നുതേട്ടത്തിലെ വൈരുധ്യങ്ങള്‍

- പ്രതികരണം -
പി കെ മൊയ്‌തീന്‍ സുല്ലമി
2012 ഡിസംബറിലെ അല്‍ഇസ്വ്‌ലാഹ്‌ മാസികയില്‍ വന്ന സകരിയ്യാ സ്വലാഹിയുടെയും അനുയായികളുടെയും വൈരുധ്യങ്ങള്‍ നിറഞ്ഞ ചില ലേഖനങ്ങളാണ്‌ ഈ ലേഖനത്തിന്നാധാരം. സകരിയ്യാ സ്വലാഹി കുറച്ചുകാലമായി എല്ലാ സ്റ്റേജുകളിലും ആവര്‍ത്തിച്ച്‌ പറയാറുള്ളത്‌ ഇപ്രകാരമാണ്‌: ``ജിന്നിനോടും മലക്കിനോടും സഹായംതേടാമെന്നോ പ്രാര്‍ഥിക്കാമെന്നോ ഞാനോ മറ്റുള്ളവരോ ഇന്നേവരെ ഒരിടത്തും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞതായി ആര്‍ക്കും തെളിയിക്കാന്‍ സാധ്യവുമല്ല.'' അദ്ദേഹം പറഞ്ഞുപോയതും രേഖപ്പെടുത്തിയതുമായ കാര്യങ്ങള്‍ നിഷേധിക്കുന്നതും, നിഷേധിക്കുന്ന കാര്യങ്ങള്‍ വീണ്ടും പറഞ്ഞും രേഖപ്പെടുത്തിയും സ്ഥാപിക്കുകയും ചെയ്യുമ്പോള്‍ രണ്ടിലൊന്നില്‍ അദ്ദേഹം അകപ്പെട്ടിരിക്കുന്നു എന്ന കാര്യത്തില്‍ ഇതെല്ലാം കേള്‍ക്കുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും സംശയമുണ്ടാവുക സ്വാഭാവികം.രണ്ടിലൊന്നില്‍ അദ്ദേഹം അകപ്പെട്ടിട്ടുണ്ടെന്ന്‌ പറഞ്ഞാല്‍, ഒന്നുകില്‍ അദ്ദേഹത്തിന്‌ മാനസിക വിഭ്രാന്തി ബാധിച്ചിരിക്കുന്നു. അല്ലെങ്കില്‍ അദ്ദേഹത്തെ പിശാചിന്റെ ദുര്‍ബോധനം കീഴ്‌പ്പെടുത്തിയിരിക്കുന്നു. രണ്ടാമത്തേതിനാണ്‌ കൂടുതല്‍ സാധ്യത. കാരണം, കുറച്ചുകാലമായി അദ്ദേഹം പ്രസംഗിക്കുന്നതും എഴുതുന്നതും അല്ലാഹുവിന്റെ സകല കഴിവുകളും പിശാചിനുണ്ടെന്ന്‌ ന്യായീകരിച്ചുകൊണ്ടാണല്ലോ. രോഗം, മറവി എന്നീ കാര്യങ്ങള്‍ അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്നതാണ്‌. അതൊക്കെ പിശാചിന്റെ സംഭാവനയാണെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം.
അദൃശ്യമായ നിലയില്‍ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി നന്മയും തിന്മയും വരുത്തിവെക്കാന്‍ അല്ലാഹുവിനു മാത്രമേ സാധിക്കൂ എന്നാണ്‌ വിശുദ്ധ ഖുര്‍ആനും മുതവാതിറായ ഹദീസുകളും പഠിപ്പിക്കുന്നത്‌. മാത്രമല്ല, അത്‌ ഈമാന്‍ കാര്യത്തിന്റെ ഒരു ഭാഗവുമാണ്‌. എന്നാല്‍ മേല്‍പറഞ്ഞ വിധം നന്മയും തിന്മയും വരുത്തിവെക്കാന്‍ മനുഷ്യപ്പിശാചായ സാഹിര്‍ നിയോഗിച്ചയക്കുന്ന ജിന്ന്‌പിശാചിനും സാധിക്കും എന്നാണ്‌ അദ്ദേഹത്തിന്റെ പുതിയ വാദം. മേല്‍പറഞ്ഞ അദ്ദേഹത്തിന്റെ വാദങ്ങള്‍ ഇസ്‌ലാമിന്റേതല്ല. മറിച്ച്‌, പൈശാചികമാണ്‌. ഇത്തരക്കാരെ സ്വാധീനിക്കാന്‍ പിശാചിന്‌ വളരെ എളുപ്പവുമാണ്‌. അല്ലാഹു പറയുന്നു: ``തീര്‍ച്ചയായും എന്റെ ദാസന്മാരുടെ മേല്‍ നിനക്ക്‌ യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍തുടര്‍ന്ന ദുര്‍മാര്‍ഗികളുടെ മേലല്ലാതെ.'' (ഹിജ്‌ര്‍ 42)
അല്ലാഹുവിന്റെ അധികാരവും കഴിവും പിശാചിന്‌ വകവെച്ചുകൊടുക്കുന്നവരെ വഴിപിഴപ്പിക്കാന്‍ പിശാചിന്‌ എളുപ്പം സാധിക്കുന്നതാണ്‌. മറിച്ച്‌, അല്ലാഹുവിന്റെ അധികാരത്തിലും കഴിവിലും ഏകത്വത്തിലും അടിയുറച്ചു വിശ്വസിക്കുന്നവരെ വഴിതെറ്റിക്കാന്‍ പിശാചിന്‌ അത്ര പെട്ടെന്ന്‌ സാധ്യമല്ല.
ഒരിക്കല്‍ ഒരു വാദമുന്നയിക്കുകയും പിന്നീട്‌ തിരുത്തിപ്പറയുകയും വീണ്ടും ആദ്യം പറഞ്ഞതുതന്നെ തിരുത്തിപ്പറയുകയും ചെയ്യുന്നതും പൈശാചിക പ്രേരണയ്‌ക്ക്‌ വഴങ്ങിയതിന്റെ ലക്ഷണം തന്നെയാണ്‌. ജിന്നിനോട്‌ പ്രാര്‍ഥിക്കാമെന്നോ സഹായം തേടാമെന്നോ ഇന്നേവരെ ഞങ്ങളാരും പറയുകയോ എഴുതുകയോ ചെയ്‌തിട്ടില്ല. അത്‌ ഞങ്ങളുടെ മേല്‍ അപവാദ പ്രചാരണം നടത്തുകയാണ്‌ എന്നതാണല്ലോ സകരിയ്യാ സ്വലാഹിയും കൂട്ടരും വാദിച്ചുകൊണ്ടിരിക്കുന്നത്‌. എന്നാല്‍ 2012 ഡിസംബറില്‍ ഇറങ്ങിയ അല്‍ഇസ്വ്‌ലാഹ്‌ മാസിക മാത്രം വായിച്ചാല്‍ ഈ വാദം പൊള്ളയാണെന്നു ബോധ്യപ്പെടും. മരുഭൂമിയില്‍ ഒറ്റപ്പെട്ട്‌ കഷ്‌ടപ്പെടുമ്പോള്‍ സഹായിക്കാനും വാഹനം നഷ്‌ടപ്പെടുമ്പോള്‍ പിടിച്ചുവെക്കാനും `അല്ലാഹുവിന്റെ അടിമകളേ, എന്നെ നിങ്ങള്‍ സഹായിക്കണേ' എന്ന നിലയില്‍ വന്നിട്ടുള്ള ഹദീസുകളെ സംബന്ധിച്ച്‌ ബശീര്‍ സലഫി പൂളപ്പൊയില്‍ എഴുതിയത്‌ ശ്രദ്ധിക്കുക: ``ഹദീസുകള്‍ ദുര്‍ബലമായതുകൊണ്ട്‌ അവര്‍ അവഗണിക്കേണ്ടതാണ്‌. ഈ ഹദീസനുസരിച്ച്‌ അമല്‍ ചെയ്യാമെന്ന്‌ സലഫീ പണ്ഡിതന്മാര്‍ക്ക്‌ അഭിപ്രായമില്ല.'' (അല്‍ഇസ്വ്‌ലാഹ്‌, 2012 ഡിസംബര്‍, പേജ്‌ 8)
മേല്‍പറഞ്ഞത്‌ ജിന്നിനോടും മലക്കിനോടും സഹായംതേടാം എന്ന നിലയില്‍ വ്യാഖ്യാനിക്കപ്പെടുന്ന ഹദീസുകള്‍ ദുര്‍ബലവും തെളിവിന്‌ കൊള്ളാത്തതുമായതിനാല്‍ അത്‌ സലഫികള്‍ വര്‍ജിക്കണം എന്നാണ്‌. എന്നാല്‍ അതിനു വിരുദ്ധമായി അദ്ദേഹം തന്നെ രേഖപ്പെടുത്തിയത്‌ കാണുക: ``സുലൈമാന്‍ നബി(അ)യുടെ പ്രവൃത്തി അഭൗതിക മാര്‍ഗത്തിലുള്ള സഹായതേട്ടമാണെന്ന്‌ പറയാന്‍ പറ്റുമോ? എങ്കില്‍ അത്‌ ശിര്‍ക്കാണെന്ന്‌ പറയേണ്ടിവരില്ലേ?'' (അല്‍ഇസ്വ്‌ലാഹ്‌ -2012, ഡിസംബര്‍ പേജ്‌ 13).
മേല്‍പറഞ്ഞ രണ്ട്‌ വാദങ്ങളും വൈരുധ്യം നിറഞ്ഞതാണെന്ന്‌ പറയേണ്ടതില്ലല്ലോ? 8-ാം പേജില്‍ ബശീര്‍ സലഫി രേഖപ്പെടുത്തിയത്‌ സലഫികള്‍ ജിന്നിനോടോ മലക്കിനോടോ തേടുന്നവരല്ല. കാരണം, ആ വിഷയത്തില്‍ വന്ന ഹദീസുകള്‍ ദുര്‍ബലവും തെളിവിന്‌ കൊള്ളാത്തതുമാണ്‌. എന്നാല്‍ 13-ാം പേജില്‍ അദ്ദേഹം രേഖപ്പെടുത്തിയത്‌ സുലൈമാന്‍ നബി(അ) തേടിയതുകൊണ്ട്‌ നമുക്കും തേടാം എന്ന നിലയിലാണ്‌.
സുലൈമാന്‍ നബി(അ) ജിന്നുകളോട്‌ മാത്രം സഹായം തേടി എന്ന്‌ എവിടെയാണ്‌ പറഞ്ഞത്‌? നംല്‌ 38-ാം വചനത്തില്‍ ബില്‍ഖീസ്‌ രാജ്ഞിയുടെ സിംഹാസനം കൊണ്ടുവരുന്ന വിഷയത്തില്‍ അദ്ദേഹം ഒരു ചര്‍ച്ച മാത്രമാണ്‌ നടത്തിയത്‌. അദ്ദേഹം ചര്‍ച്ച നടത്തിയത്‌ തന്റെ പ്രജകളില്‍ പെട്ട മനുഷ്യരും, ജിന്നുകളും പക്ഷികളും ഉള്‍പ്പെടുന്ന സദസ്സിനോടായിരുന്നുവെന്ന്‌ നംല്‌ 17-ാം വചനത്തില്‍ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്‌. അതൊക്കെ ജിന്നുകളോട്‌ സഹായംതേടാനുള്ള തെളിവാണെങ്കില്‍ പക്ഷികളോടും സഹായം തേടാം എന്നതിനും ഇത്‌ തെളിവായി സകരിയ്യാക്കള്‍ക്ക്‌ ഉദ്ധരിക്കേണ്ടിവരും. മാത്രമല്ല, ജിന്നുകളെ കീഴ്‌പ്പെടുത്തിക്കൊടുത്തു എന്നത്‌ സുലൈമാന്‍ നബി(അ)ക്ക്‌ മാത്രം അല്ലാഹു നല്‍കിയ `മുഅ്‌ജിസത്തില്‍' പെട്ടതാണ്‌. മുഅ്‌ജിസത്തുകള്‍ പൊതുവല്‍കരിക്കാനും സമാന്യവത്‌കരിക്കാനും പാടില്ല എന്ന പൊതുതത്വം മദ്‌റസാ വിദ്യാര്‍ഥികള്‍ക്കു പോലും അറിയാവുന്ന കാര്യമാണ്‌.
മുഅ്‌ജിസത്തുകള്‍ എന്നത്‌ അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ പ്രവാചകന്മാര്‍ മുഖേന അവന്‍ വെളിപ്പെടുത്തുന്ന കഴിവുകളാണ്‌. അത്‌ പൊതുവല്‍കരണം നടത്തല്‍ കുറ്റകരമാണ്‌. ജിന്നുകളെ കീഴ്‌പ്പെടുത്തിക്കൊടുത്തു എന്നത്‌ സുലൈമാന്‍ നബി(അ)ക്കു മാത്രം അല്ലാഹു നല്‍കിയ മുഅ്‌ജിസത്താണ്‌. ജിന്നുകളുടെ പ്രകൃതിയും രൂപവും ഭാഷയും കഴിവും അല്ലാഹു മറ്റൊരു പ്രവാചകനും അറിയാനുള്ള കഴിവ്‌ നല്‍കിയിട്ടില്ല. ഇനി ഇത്തരം കഴിവുകള്‍ പൊതുവല്‍കരണം നടത്താം എന്ന്‌ വാദിക്കുന്നവര്‍ താഴെ വരുന്ന ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയേണ്ടതുണ്ട്‌:
സുലൈമാന്‍നബി(അ) ജിന്നുകളോട്‌ സഹായംതേടി എന്നുതന്നെ വെക്കുക. ആ സഹായതേട്ടം അഭൗതികമോ അദൃശ്യമോ ആയിരുന്നില്ല. നഗ്‌നനേത്രങ്ങള്‍ കൊണ്ട്‌ ജിന്നിനെ ദര്‍ശിക്കാന്‍ സാധ്യമല്ല. അതിനാല്‍ സുലൈമാന്‍ നബി(അ)യുടെ തേട്ടം ഭൗതികമായിരുന്നു. ഇനി സുലൈമാന്‍ നബി(അ) ചെയ്‌തതെല്ലാം നമുക്കും ചെയ്യാം എന്നാണെങ്കില്‍ സൂറതു അന്‍ബിയാഅ്‌ 81-ാം വചനത്തില്‍ കാറ്റ്‌ അദ്ദേഹത്തെ വിദൂരസ്ഥലങ്ങളിലേക്ക്‌ കൊണ്ടുപോയിരുന്നതായും, അന്‍ബിയാഅ്‌ 82-ാം വചനത്തില്‍ പിശാചുക്കള്‍ അദ്ദേഹത്തിന്‌ സമുദ്രത്തില്‍ നിന്നും രത്‌നങ്ങളും മുത്തുകളും വാരിക്കൊടുത്തിരുന്നതായും, നംല്‌ 19-ാം വചനത്തില്‍ ഉറുമ്പിന്റെ സംസാരംകേട്ട്‌ അദ്ദേഹം പുഞ്ചിരിച്ചതായും പറയുന്നു. മുഅ്‌ജിസത്തുകളുടെ ഈ ആനുകൂല്യങ്ങള്‍ നടപ്പില്‍ വരുത്താനോ പ്രയോജനപ്പെടുത്താനോ സകരിയ്യാക്കള്‍ക്ക്‌ സാധിക്കുമോ?
സകരിയ്യാ സ്വലാഹി തന്നെ എഴുതുന്നു: ``ഈ ഹദീസ്‌ തെളിവിന്‌ കൊള്ളാത്തതും അസ്വീകാര്യവുമാണെന്നതിനാല്‍ ആ ഹദീസനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നത്‌ ഹറാമാകുന്നു എന്നതില്‍ മുജാഹിദുകള്‍ ഏകാഭിപ്രായക്കാരാണ്‌'' (അല്‍ഇസ്വ്‌ലാഹ്‌ -2012 ഡിസംബര്‍, പേജ്‌ 21). ജിന്നിനോടും മലക്കിനോടും സഹായംതേടാം എന്ന നിലയില്‍ വ്യാഖ്യാനിക്കപ്പെടുന്ന ഹദീസ്‌ തെളിവിനു കൊള്ളാത്തതായതിനാല്‍ അപ്രകാരം സഹായംതേടല്‍ ഹറാമാണ്‌. മുജാഹിദുകള്‍ അക്കാര്യത്തില്‍ തര്‍ക്കമില്ലാത്തവരാണ്‌ എന്നാണ്‌ അദ്ദേഹം രേഖപ്പെടുത്തിയത്‌. പക്ഷേ, അതിനു മുമ്പുതന്നെ അദ്ദേഹം ഹാജറുള്ള ജിന്നിനോട്‌ സഹായംതേടാമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌. അതിപ്രകാരമാണ്‌: ``മനുഷ്യനെ സംബന്ധിച്ചേടത്തോളം അദൃശ്യവും അഭൗതികവുമായ ജിന്നിനോട്‌ എന്ന്‌ പറഞ്ഞാല്‍ `ഗാഇബായ' (ശബ്‌ദംകേള്‍ക്കുന്ന പരിധിയില്‍ ഹജരില്ലാത്ത) ജിന്നിനോട്‌ എന്ത്‌ ചോദിച്ചാലും അത്‌ ശിര്‍ക്കാണ്‌.'' (അല്‍ഇസ്വ്‌ലാഹ്‌ -2012 ഡിസംബര്‍ പേജ്‌ 19).
അപ്പോള്‍ മനുഷ്യന്റെ ശബ്‌ദംകേള്‍ക്കുന്ന പരിധിയില്‍ നിലക്കൊള്ളുന്ന ഹാദ്വിറായ ജിന്നിനോട്‌ സഹായംതേടല്‍ ശിര്‍ക്കല്ല എന്നാണ്‌ അദ്ദേഹം സ്ഥാപിക്കുന്നത്‌. മറ്റു പല മഹാന്മാരും സഹായം തേടിയതായും അദ്ദേഹം അതേ പേജില്‍ തന്നെ സ്ഥാപിക്കുന്നുമുണ്ട്‌. അതിനാല്‍ സകരിയ്യാ സ്വലാഹിയോട്‌ ഒരപേക്ഷയുണ്ട്‌: മേലില്‍ ഞാന്‍ ജിന്നിനോട്‌ തേടാം എന്ന്‌ പറഞ്ഞിട്ടില്ല എന്ന്‌ ആവര്‍ത്തിക്കരുത്‌. ഇനിയും ഇത്തരം വാദത്തിലൂടെ കൂടുതല്‍ അപഹാസ്യനും പരിഹാസ്യനുമായിത്തീരുകയാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌.
അദ്ദേഹത്തിന്റെ വാദങ്ങളിലെ ചില അബദ്ധങ്ങള്‍ കൂടി നോക്കൂ: പരിധിയില്‍ നിലക്കൊള്ളുന്ന ഹാജറുള്ള ജിന്നിനോട്‌ തേടാം എന്നാണല്ലോ സ്വലാഹിയുടെ വാദം. ഈ പരിധി എത്രയാണ്‌? ആരാണ്‌ അത്‌ നിശ്ചയിച്ചുതന്നത്‌? ഏത്‌ തെളിവിന്റെ അടിസ്ഥാനത്തിലാണ്‌ അത്തരം ജിന്നുകളോട്‌ തേടാം എന്ന്‌ പറയുന്നത്‌? ഹാജറുണ്ട്‌ എന്നതിന്റെ തെളിവെന്ത്‌? കാണാത്ത ഒരു വസ്‌തുവിന്റെ സാന്നിധ്യം താങ്കള്‍ നിര്‍ണയിച്ചത്‌ ഏത്‌ തെളിവിന്റെ അടിസ്ഥാനത്തിലാണ്‌? അതോ പറഞ്ഞു കുടുങ്ങിയതുകൊണ്ട്‌ വീണേടത്തുകിടന്ന്‌ ഉരുളുകയാണോ? താങ്കള്‍ക്ക്‌ വീണേടത്ത്‌ കിടന്നുരുളാം. പക്ഷേ, അല്ലാഹുവിന്റെ ഏകത്വം സംരക്ഷിക്കേണ്ട ചുമതല വിശ്വാസികള്‍ക്കുണ്ട്‌. അതിനാല്‍ താങ്കള്‍ യഥാര്‍ഥ തൗഹീദിലേക്ക്‌ തിരിച്ചുവരിക. തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം. നാം ആരുംതന്നെ പാപസുരക്ഷിതരല്ല. ആകാശത്തും ഭൂമിയിലും കടലിലും കരയിലും മരുഭൂമിയിലും നീര്‍ത്തടങ്ങളിലും പ്രാര്‍ഥനക്കുത്തരം നല്‍കുന്ന ഒരേയൊരു ദൈവം മാത്രമേയുള്ളൂ. അവനാണ്‌ അല്ലാഹു.
അല്ലാഹു പറയുന്നു: ``അവനാകുന്നു ആകാശത്ത്‌ ദൈവമായിട്ടുള്ളവനും ഭൂമിയില്‍ ദൈവമായിട്ടുള്ളവനും.'' (സുഖ്‌റുഫ്‌ 84)
മേല്‍പറഞ്ഞ കരയില്‍ (ഭൂമിയില്‍) പെട്ടതാണ്‌ മരുഭൂമി. അവിടെവെച്ച്‌ കഷ്‌ടപ്പെടുമ്പോഴും വാഹനം നഷ്‌ടപ്പെടുമ്പോഴും രക്ഷിക്കാന്‍ അല്ലാഹു ജിന്നിനെയും മലക്കിനെയും ഏല്‍പിച്ചിട്ടില്ല. മേല്‍പറഞ്ഞ ആകാശത്തും ഭൂമിയിലും അത്‌ ഏതു സ്ഥലത്തുവെച്ചായിരുന്നാലും നാം സഹായം തേടേണ്ടതും നമുക്ക്‌ രക്ഷ നല്‍കുന്നതും അല്ലാഹു മാത്രമാണ്‌. അല്ലാതെ മരുഭൂമിയില്‍ ജിന്നും മറ്റുള്ള സ്ഥലങ്ങളില്‍ അല്ലാഹുവും സംരക്ഷണം നല്‍കും എന്ന്‌ വിശ്വസിക്കലും പ്രവര്‍ത്തിക്കലും കലര്‍പ്പില്ലാത്ത ശിര്‍ക്ക്‌ തന്നെയാണ്‌. മരുഭൂമിയില്‍ വെച്ച്‌ സഹായം തേടേണ്ടതും പ്രാര്‍ഥിക്കേണ്ടതും അല്ലാഹുവോട്‌ തന്നെയാണ്‌. താഴെ വരുന്ന ഹദീസ്‌ അക്കാര്യം നമ്മെ പഠിപ്പിക്കുന്നു.
ഇബ്‌നുമസ്‌ഊദ്‌(റ) പറയുന്നു: അല്ലാഹു ഏറ്റവുമധികം സന്തോഷിക്കുന്ന സന്ദര്‍ഭം ഒരടിമ അവനോട്‌ പാപമോചനം തേടുമ്പോഴാണ്‌. അത്‌ എത്രത്തോളമെന്നാല്‍ ഒരാള്‍ തന്റെ ഭക്ഷണവും പാനീയവും നിലക്കൊള്ളുന്ന വാഹനത്തോടൊപ്പം നാശം പതിയിരിക്കുന്ന വിജനമായ ഒരു സ്ഥലത്ത്‌ ഇറങ്ങിയതിനു ശേഷം തന്റെ തല നിലത്തുവെച്ച്‌ ഉറങ്ങിപ്പോവുകയുണ്ടായി. അദ്ദേഹം ഉണര്‍ന്നപ്പോള്‍ വാഹനം എവിടേക്കോ പോയിരിക്കുന്നു. അങ്ങനെ ചൂടും ദാഹവും അദ്ദേഹത്തിന്‌ കഠിനമായി. അപ്പോള്‍ അദ്ദേഹം മനസ്സില്‍ കരുതി. മടങ്ങിച്ചെന്ന്‌ ഉറങ്ങാം. അങ്ങനെ അദ്ദേഹം മടങ്ങിപ്പോയി ഉറങ്ങി. അല്‌പം കഴിഞ്ഞ്‌ തലയുയര്‍ത്തി നോക്കിയപ്പോഴതാ തന്റെ നഷ്‌ടപ്പെട്ട വാഹനം തന്റെ അരികെ. (ഈ യാത്രക്കാരനേക്കാള്‍ അല്ലാഹു ഇഷ്‌ടപ്പെടുന്ന കാര്യമാണ്‌ അവനോട്‌ പശ്ചാത്തപിക്കുക എന്നത്‌).'' (ബുഖാരി, ഫത്‌ഹുല്‍ബാരി 14/159)
മേല്‍പറഞ്ഞ ഹദീസില്‍ നിന്ന്‌ നമുക്ക്‌ പഠിക്കാവുന്ന കാര്യം ഇതാണ്‌: വിജനമായ സ്ഥലത്ത്‌ ഇറങ്ങിയ വ്യക്തിയുടെ നഷ്‌ടപ്പെട്ട വാഹനം തിരിച്ചുകൊടുത്തത്‌ അല്ലാഹുവാണ്‌. അതിനു കാരണം, അവനോട്‌ പാപമോചനം തേടുകയും അവനോട്‌ പ്രാര്‍ഥിക്കുകയും ചെയ്‌തതാണ്‌. ആ യാത്രക്കാരന്‌ തന്റെ വാഹനം തിരിച്ചുകിട്ടിയപ്പോള്‍ എത്രകണ്ട്‌ അദ്ദേഹം സന്തോഷിച്ചുവോ അതിലേറെ അല്ലാഹു സന്തോഷിക്കുന്ന കാര്യമാണ്‌ പാപമോചനം നടത്തുകയെന്നത്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: