മനുഷ്യനും ഖലീഫയും

  • Posted by Sanveer Ittoli
  • at 10:51 PM -
  • 0 comments
മനുഷ്യനും ഖലീഫയും

മനുഷ്യനും ഖലീഫയും

മനുഷ്യനെ ഭൂമിയിലെ പ്രതിനിധിയാക്കിയിരിക്കുന്നുവെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. പ്രപഞ്ചത്തിലെ ഓരോ ജീവിയും പ്രത്യേകമായിടത്ത്‌ വസിക്കുന്നവരാണ്‌. ഒരു കാട്ടില്‍ കാണുന്നതിനെ മറ്റൊരു കാട്ടില്‍ കാണുന്നില്ല. ഒരു മണ്ണില്‍ കഴിയുന്നതിനെ വേറൊരു മണ്ണില്‍ കാണുന്നില്ല. കടലിലുള്ള മത്സ്യമല്ല പുഴയിലുള്ളത്‌. എന്നാല്‍ മനുഷ്യനാകട്ടെ, എല്ലായിടത്തും വസിക്കുന്നു. വ്യത്യസ്‌ത കാലാവസ്ഥകളും ഭൂപ്രകൃതിയും അവന്‍ അതിജീവിക്കുന്നു. ഇങ്ങനെ ഭൂമിയില്‍ എല്ലായിടത്തും ജീവിക്കാവുന്ന ഒരു സൃഷ്‌ടി മനുഷ്യനാണെന്ന അര്‍ഥത്തിലായിരിക്കുമോ ഖലീഫ എന്ന പ്രയോഗം?
പി കെ സലീം നരിക്കുനി
പിന്‍ഗാമിയായി, പകരക്കാരനായി, പ്രതിനിധിയായി എന്നൊക്കെ അര്‍ഥമുള്ള ഖലഫ എന്ന ക്രിയാധാതുവില്‍ നിന്നുള്ള വിശേഷണനാമമാണ്‌ ഖലീഫഃ. ഈ പദം ഏകവചനമാണെങ്കിലും മനുഷ്യവര്‍ഗത്തിന്റെ മൊത്തം വിശേഷണമാകാനും സാധ്യതയുണ്ട്‌.
ഓരോരുത്തരും തുടങ്ങിവെച്ച ദൗത്യം അവരുടെ പിന്‍ഗാമികള്‍ പൂര്‍ത്തിയാക്കുകയോ അവര്‍ പുതിയ സംരംഭങ്ങളുമായി മുന്നേറുകയോ ചെയ്യുന്ന, തലമുറകളിലൂടെ അനുസ്യൂതമായ നാഗരിക വികാസം നടക്കുന്ന അവസ്ഥ മാനവരാശിക്ക്‌ മാത്രമേ ഉള്ളൂ എന്നതായിരിക്കാനിടയുണ്ട്‌ മനുഷ്യനെ ഭൂമിയിലെ ഖലീഫയാക്കി എന്നതിന്റെ വിവക്ഷ. മനുഷ്യര്‍ക്കു മുമ്പ്‌ ഭൂമുഖത്തുണ്ടായിരുന്ന ഒരു സൃഷ്‌ടി വിഭാഗം കുഴപ്പങ്ങളുണ്ടാക്കിയപ്പോള്‍ അവരെ നശിപ്പിച്ചിട്ടാണ്‌ അല്ലാഹു മനുഷ്യനെ സൃഷ്‌ടിച്ച്‌ ഭൂമിയിലേക്ക്‌ അയച്ചതെന്നും നശിപ്പിക്കപ്പെട്ട വര്‍ഗത്തിന്റെ പകരക്കാരന്‍ എന്ന നിലയിലാണ്‌ മനുഷ്യനെ ഭൂമിയില്‍ ഖലീഫയാക്കിയത്‌ എന്നും ചില ഖുര്‍ആന്‍ വ്യാഖാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.
ഒരു രാജാവ്‌ ഒരു പ്രധാന കാര്യത്തിന്‌ ഒരാളെ പ്രതിനിധിയായി നിയോഗിക്കുന്നത്‌ അറിവും പ്രാപ്‌തിയും സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള കഴിവും നോക്കിയാണ്‌. മനുഷ്യരൊഴികെ ഭൂമിയിലെ ജന്തുജാലങ്ങള്‍ക്കൊന്നും ഇങ്ങനെ പ്രതിനിധിയോ സ്ഥാനപതിയോ ആകാനുള്ള യോഗ്യതയില്ല. മനുഷ്യന്റെ സവിശേഷമായ ഈ സ്ഥാനവുമാകാം ഖലീഫ എന്ന പദം കൊണ്ട്‌ സൂചിപ്പിക്കപ്പെട്ടത്‌.
മറ്റു ജന്തുക്കള്‍ പ്രകൃത്യാ ഉള്ള അനുകൂലനങ്ങളുടെ പിന്‍ബലത്താല്‍ നിലനില്‌ക്കുമ്പോള്‍ പ്രകൃതിയെ ആവശ്യാനുസൃതം ഉപയോഗപ്പെടുത്താനും പരുവപ്പെടുത്താനുമുള്ള കഴിവുകൊണ്ടാണ്‌ മനുഷ്യര്‍ നിലനില്‌ക്കുന്നത്‌. സമൃദ്ധമായ രോമം കൊണ്ടാണ്‌ ചില ജന്തുക്കള്‍ അതിശൈത്യത്തെ തരണം ചെയ്യുന്നത്‌. മനുഷ്യനാകട്ടെ ജന്തുക്കളുടെ രോമം കത്രിച്ചെടുത്ത്‌ കമ്പിളി വസ്‌ത്രങ്ങള്‍ നിര്‍മിച്ചാണ്‌ കൊടും തണുപ്പിനെ മറികടക്കുന്നത്‌. ഇതുപോലുള്ള സ്വതന്ത്രമായ കഴിവുകളാണ്‌ ഭൂമുഖത്തെങ്ങും അധിവസിക്കാന്‍ മനുഷ്യനെ പ്രാപ്‌തനാക്കിയത്‌. ഈ കഴിവുകള്‍ ഖലീഫ എന്ന പദത്തിന്റെ അര്‍ഥപരിധിയില്‍ വരുന്നതത്രെ. 
ജമാഅത്തിന്റെ സലഫി പ്രേമം
``ഹദീസുകളോട്‌ ഏറ്റവും യോജിച്ച വീക്ഷണം സ്വീകരിക്കുമ്പോള്‍ തന്നെ, ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ എത്തിച്ചേരാവുന്ന കര്‍മശാസ്‌ത്രത്തിലെ മറുവീക്ഷണങ്ങളെ അടച്ചാക്ഷേപിക്കുന്ന ശൈലി പൊതുവെ അവര്‍ക്കില്ലായിരുന്നു. ഇമാം അഹ്‌മദുബ്‌നു ഹന്‍ബല്‍, ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ, ഇബ്‌നു ഖയ്യിമുല്‍ ജൗസിയ്യ, മുഹമ്മദുബ്‌നു അബ്‌ദില്‍ വഹ്‌ഹാബ്‌ തുടങ്ങി സലഫി ധാരയില്‍ സര്‍വാംഗീകൃതരായ പണ്ഡിതന്മാരെല്ലാം ഈ വിഷയത്തില്‍ മാതൃകാപരമായ നിലപാടുള്ളവരായിരുന്നു.'' (പ്രബോധനം, പേജ്‌ 19, 2012 ഡിസംബര്‍ 22)
`മുസ്‌ലിം' എന്തുപറയുന്നു?
അബ്‌ദുസ്സലാം കൂരാച്ചുണ്ട്‌
പ്രാമാണികമായ ഹദീസ്‌ തള്ളിക്കളഞ്ഞ്‌ സ്വന്തമായി ഗവേഷണം നടത്തി നയനിലപാടുകള്‍ സ്വീകരിക്കുന്ന സമ്പ്രദായം മഹാന്മാരായ സ്വഹാബികളോ സച്ചരിതരായ മുന്‍ഗാമികളോ മദ്‌ഹബ്‌ ഇമാമുകളോ സ്വീകരിച്ചിട്ടില്ല. ചില ഇമാമുകളുടെ അഭിപ്രായങ്ങള്‍ പ്രാമാണികമായ ഹദീസുകളോട്‌ യോജിക്കാതെ വന്നത്‌ അവര്‍ക്ക്‌ ആ ഹദീസുകളെക്കുറിച്ച്‌ അറിവ്‌ ലഭിക്കാതിരുന്നതു കൊണ്ടാണ്‌. തങ്ങളുടെ അഭിപ്രായം പ്രബലമായ ഹദീസിന്‌ എതിരാണെന്ന്‌ കണ്ടാല്‍ ആ അഭിപ്രായം തള്ളിക്കളഞ്ഞ്‌ ഹദീസ്‌ പ്രകാരം പ്രവര്‍ത്തിക്കണമെന്ന്‌ പ്രമുഖ ഇമാമുകള്‍ തങ്ങളുടെ ശിഷ്യന്മാരോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇബ്‌നുതൈമിയ്യയോ ഇബ്‌നുല്‍ ഖയ്യിമോ മുഹമ്മദുബ്‌നു അബ്‌ദില്‍ വഹ്‌ഹാബോ പ്രാമാണികമായ ഹദീസുകളെ അവഗണിച്ചുകൊണ്ട്‌ ഗവേഷണം നടത്തിയിട്ടില്ല.
ആരെയും അടച്ചാക്ഷേപിക്കല്‍ സലഫീ മാര്‍ഗമല്ല. ഇമാം ശാഫിഈ, അബൂഹനീഫ പോലുള്ള ഇമാമുകളോട്‌ ചില വിഷയങ്ങളില്‍ വിയോജിക്കുമ്പോഴും ദീനിന്‌ വേണ്ടി അവര്‍ ചെയ്‌ത അമൂല്യമായ സേവനങ്ങളെ വിലമതിക്കുകയാണ്‌ സലഫികള്‍ ചെയ്യുന്നത്‌.
ഏതാനും പതിറ്റാണ്ടുകള്‍ മുമ്പുവരെ ജീവിച്ച സലഫീ പണ്ഡിതന്മാരെ വാഴ്‌ത്തുകയും സമകാലികരായ സലഫികളെ അടച്ച്‌ ആക്ഷേപിക്കുകയുമാണ്‌ ജമാഅത്തുകാരുടെ പോളിസി. സമകാലികര്‍ക്കിടയില്‍ വ്യതിരിക്തത സ്ഥാപിക്കാന്‍ വേണ്ടി ചില രാഷ്‌ട്രീയ കക്ഷികളും മാധ്യമങ്ങളും സ്വീകരിക്കാറുള്ളതും ഇതേ പോളിസി തന്നെയാണ്‌. സലഫികള്‍ക്ക്‌ മതപ്രമാണങ്ങള്‍ ഒരു പോളിസി മാറ്ററല്ലാത്തതുകൊണ്ട്‌ ഹദീസുകളെ അവഗണിച്ചുകൊണ്ട്‌ മതഗവേഷണം നടത്താനൊക്കാത്തത്‌ സ്വാഭാവികമാകുന്നു.
മക്തിതങ്ങളും സത്യധാരയുടെ മൊഴിമാറ്റവും
``ക്രൈസ്‌തവ പാതിരിമാരോടെന്ന പോലെ മുസ്‌ലിം സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗത്തോടും പടപൊരുതാന്‍ അദ്ദേഹം മടി കാണിച്ചില്ല...മത കാര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ പരിജ്ഞാനം ആരെയും മുട്ടുകുത്തിക്കാന്‍ അനുയോജ്യമായിരുന്നു.'' (സയ്യിദ്‌ സനാഉല്ല മക്തി തങ്ങള്‍ ആറാമാണ്ട്‌ തികയുമ്പോള്‍, മുബശ്ശിര്‍ പി പാഴൂര്‍, മറുമൊഴി, സത്യധാര ജനു.16-31)
മദ്‌റസയെപ്പറ്റിയും ഇംഗ്ലീഷ്‌ പഠനത്തെപ്പറ്റിയും പണ്ട്‌ പറഞ്ഞതെല്ലാം വിഴുങ്ങിയ സമസ്‌തയുടെ മറ്റൊരു വിഴുങ്ങലിന്റെ സാംപിള്‍ വെടിക്കെട്ടായിരിക്കുമോ ഇത്‌?
ഇ കെ ഹസന്‍ തലശ്ശേരി
ഇപ്പോള്‍ നവോത്ഥാനം കീഴ്‌മേല്‍ മറിക്കാന്‍ വേണ്ടി രണ്ടു സമസ്‌തകളും വമ്പിച്ച ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന കാലമാണല്ലോ. യാഥാസ്ഥിതികര്‍ എന്നാല്‍ മുജാഹിദുകളാണെന്നും അവരെ എതിര്‍ക്കുകയായിരുന്നു മക്‌തി തങ്ങളുടെ ദൗത്യമെന്നും സ്ഥാപിക്കാന്‍ സമസ്‌തക്കാര്‍ക്ക്‌ ഗൂഢലക്ഷ്യമുണ്ടോ എന്നറിയില്ല. അദ്ദേഹത്തിന്റെ പേരില്‍ ഒരു ജാറമുണ്ടാക്കിയാല്‍ വലിയ വരുമാനമുണ്ടാക്കാമെന്ന ആലോചനയും ഏതെങ്കിലും മുസ്‌ല്യാരുടെ തലയില്‍ ഉദിച്ചു കൂടായ്‌കയില്ല.
സലാമും പരലോകമോക്ഷത്തിനുള്ള പ്രാര്‍ഥനയും
``നിങ്ങള്‍ക്ക്‌ വല്ല അഭിവാദ്യവും അര്‍പ്പിക്കപ്പെട്ടാല്‍ അതിനേക്കാള്‍ നല്ലതിനെ (അങ്ങോട്ടും) അഭിവാദ്യമര്‍പ്പിക്കുക. അല്ലെങ്കില്‍ അത്‌ (പ്രകാരം തന്നെ) മടക്കുക.'' (സൂറതുന്നിസാഅ്‌ 86). മുസ്‌ലിമെന്നോ അമുസ്‌ലിമെന്നോ വ്യത്യാസമില്ലാതെ -മുസ്‌ലിംകളോട്‌ എതിര്‍പ്പും പകയും വെച്ചുപുലര്‍ത്താത്ത- എല്ലാവരോടും, അല്ലാഹുവിന്റെ കാരുണ്യവും രക്ഷയും അനുഗ്രഹവും താങ്കള്‍ക്ക്‌ ഉണ്ടാവട്ടെ എന്നര്‍ഥം വരുന്ന സലാം പറയാമെന്നും സലാം മടക്കാമെന്നും അത്‌ പുണ്യകരമാണെന്നും ഒരു മുജാഹിദ്‌ പണ്ഡിതന്റെ പ്രസംഗത്തില്‍ നിന്നും കേള്‍ക്കാനിടയായി. ഈ പ്രസ്‌താവന ശരിയെങ്കില്‍ നബി(സ)ക്ക്‌ തന്റെ മരണപ്പെട്ടുപോയ മാതാവിന്റെ പരലോക മോക്ഷത്തിനായി പ്രാര്‍ഥിക്കാന്‍ എന്തുകൊണ്ടാണ്‌ അല്ലാഹു അനുവാദം നിഷേധിച്ചത്‌?
കെ ഉമ്മര്‍ ആമയൂര്‍
അല്ലാഹുവിന്റെ കാരുണ്യവും രക്ഷയും അനുഗ്രഹങ്ങളും ഈ ലോകത്ത്‌ എല്ലാ മനുഷ്യരും പല അളവില്‍ അനുഭവിക്കുന്നുണ്ടല്ലോ. എന്നാല്‍ പരലോകത്ത്‌ ഇതെല്ലാം സത്യവിശ്വാസികള്‍ക്ക്‌ മാത്രമേ ലഭിക്കൂ. അതിനാല്‍ ഇഹലോകത്ത്‌ ഇതെല്ലാം താങ്കള്‍ക്ക്‌ ലഭിക്കുമാറാകട്ടെ എന്ന്‌ ആര്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കാവുന്നതാണ്‌. പരലോകമോക്ഷത്തിന്‌ വേണ്ടിയുള്ള പ്രാര്‍ഥന സത്യവിശ്വാസികള്‍ക്കു വേണ്ടി മാത്രമേ പാടുള്ളൂ.
``ബഹുദൈവ വിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന്‌ തങ്ങള്‍ക്ക്‌ വ്യക്തമായിക്കഴിഞ്ഞതിനു ശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടാന്‍- അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും- പ്രവാചകനും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല.'' (വി.ഖു 9:113)
സ്‌ത്രീപീഡനത്തിന്റെ പിന്നാമ്പുറം
``സ്‌ത്രീപീഡനങ്ങള്‍ക്കുള്ള പരിഹാരം സ്‌ത്രീകള്‍ പര്‍ദ ധരിക്കല്‍ മാത്രമാണെന്ന്‌ ഇസ്‌ലാം എവിടെയും പറഞ്ഞിട്ടില്ലെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ പറഞ്ഞു'' -സമസ്‌ത മിലാദ്‌ കോണ്‍ഫറന്‍സ്‌ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പറഞ്ഞ ഇതേ അഭിപ്രായം തന്നെയല്ലേ അല്‍പം വിസ്‌തരിച്ച്‌ ഡോ. എം എന്‍ കാരശ്ശേരി മാതൃഭൂമി പത്രത്തില്‍ എഴുതിയതും?
ഉമര്‍കോയ നരിക്കുനി
സ്‌ത്രീപീഡനത്തിന്‌ പര്‍ദ മാത്രമാണ്‌ പരിഹാരമെന്ന്‌ അല്ലാഹുവോ റസൂലോ(സ) പറഞ്ഞിട്ടില്ല എന്നത്‌ ശരിയാണ്‌. സ്‌ത്രീകളും പുരുഷന്മാരും ഒരുപോലെ ഇസ്‌ലാം പഠിപ്പിക്കുന്ന ധാര്‍മിക മുറകള്‍ പാലിക്കാന്‍ തയ്യാറായാല്‍ പ്രശ്‌നത്തിന്‌ ഒട്ടൊക്കെ പരിഹാരമാകും. എന്നാല്‍ ഏത്‌ സമൂഹത്തിലും പല കാരണങ്ങളാല്‍ കടുത്ത അതിക്രമകാരികളും അധര്‍മകാരികളും ഉണ്ടാകും. അവരെ ഒതുക്കി നിര്‍ത്താന്‍ കഴിയണമെങ്കില്‍ നാട്ടിലെ ക്രമസമാധന പാലനവും നീതി നിര്‍വഹണവും അന്യൂനമാകണം.
സ്‌ത്രീകള്‍ ശരീരസൗന്ദര്യം മറയ്‌ക്കുന്ന വസ്‌ത്രധാരണരീതി സ്വീകരിക്കുന്നത്‌ അവര്‍ പീഡിപ്പിക്കപ്പെടാതിരിക്കാന്‍ നല്ലതാണെന്ന്‌ അല്ലാഹുവാണ്‌ പറഞ്ഞത്‌; ഏതെങ്കിലും ഭൗതിക വാദിക്ക്‌ അത്‌ ഇഷ്‌ടമായാലും ഇല്ലെങ്കിലും.
``നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ ഭാര്യമാരോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്‌ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടാനും ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ്‌ ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'' (വി.ഖു 33:59)

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: