ചെമനാട്‌ നവോത്ഥാനത്തിന്‍െറ രണ്ടു നൂറ്റാണ്ടുകള്‍

  • Posted by Sanveer Ittoli
  • at 9:34 AM -
  • 0 comments
ചെമനാട്‌ നവോത്ഥാനത്തിന്‍െറ രണ്ടു നൂറ്റാണ്ടുകള്‍
കേരളത്തിലെ മറ്റു ജില്ലകളില്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്‌ വേരോട്ടം ലഭിക്കുന്നതിന്‌ മുമ്പേ, അല്ലെങ്കില്‍ അതോടൊപ്പം, നവോത്ഥാന മുന്നേറ്റങ്ങളെ ഏറ്റുപിടിച്ച നേതാക്കളും പണ്ഡിതരും കാസര്‍ഗോഡുണ്ടായിരുന്നു. മുസ്‌ലിം ജമാഅത്തിനു കീഴില്‍ ഒരു സ്‌കൂള്‍ ആദ്യമായി സ്ഥാപിതമായതും മുസ്‌ലിം പെണ്‍കുട്ടി ട്രെയ്‌നിംഗ്‌ കഴിഞ്ഞ്‌ ഉദ്യോഗത്തില്‍ കയറിയതും ജുമുഅ ഖുതുബ ഇന്നും മലയാളത്തില്‍ തുടരുന്നതുമായ മുസ്‌ലിം ജമാഅത്തിന്റെ പള്ളി സ്ഥാപിതമായതും ചെമനാടിലാണ്‌. 
പല നവോത്ഥാന മുന്നേറ്റങ്ങളുടെയും പിറവി ചെമനാടിന്റെ മണ്ണില്‍ നിന്നാണെന്നത്‌ അഭിമാനകരമാണ്‌. ഈ പരിഷ്‌കരണ സംരംഭങ്ങളില്‍ ശംനാട്‌, ശെറൂല്‍, മഹിന്‍ക തുടങ്ങിയ കുടുംബങ്ങളുടെ പങ്ക്‌ വിസ്‌മരിക്കാനാവില്ല.
ശംനാട്‌, ശെറൂല്‍, മഹിന്‍ക കുടുംബങ്ങള്‍
കാസര്‍ഗോഡിന്റെ മുസ്‌ലിം ചരിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്ത നാമങ്ങളാണിവ. ചെമനാടില്‍ നവോത്ഥാനത്തിന്റെ വിത്തു പാകുന്നതിലും ഉത്തരകേരളത്തിലാകമാനം ഇസ്‌ലാഹിന്റെ പ്രകാശമെത്തിക്കുന്നതിലും ഈ കുടുംബങ്ങള്‍ വലിയ പങ്കുവഹിച്ചു. പണ്ഡിതനും ബഹുഭാഷാ ജ്ഞാനിയുയമായിരുന്ന കമ്മട്ടി അബ്‌ദുല്‍ ഖാദര്‍ സാഹിബ്‌, മക്കളായ മുഹമ്മദ്‌ ശംനാട്‌, അറബി ശംനാട്‌, മാഹിന്‍ ശംനാട്‌ തുടങ്ങിയവര്‍ 18-ാം നൂറ്റാണ്ടിന്റെ മധ്യകാലം മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ ഉത്തര കേരളത്തിലെ മത-സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളില്‍ നിറഞ്ഞുനിന്നവരായിരുന്നു. അബ്‌ദുല്‍ ഖാദര്‍ സാഹിബിന്റെ മാതാവ്‌ പകൃച്ചു ഹജ്ജുമ്മയും ഭാര്യ ദൈനബി ഉമ്മയും വിജ്ഞാന കുതുകികളായിരുന്നു. മഹാ പണ്ഡിതനായിരുന്ന സഅദ്‌ മുസ്‌ല്യാരുടെ ശിഷ്യയായിരുന്ന പകൃച്ചു ഹജ്ജുമ്മ ഫിഖ്‌ഹ്‌, തഫ്‌സീര്‍, തര്‍ക്കശാസ്‌ത്രം തുടങ്ങിയവയില്‍ അഗാധജ്ഞാനം നേടിയിരുന്നു.
1934-ല്‍ കാസര്‍ഗോഡ്‌ വെച്ച്‌ നടന്ന കേരള മുസ്‌ലിം ഐക്യ സംഘത്തിന്റെ വാര്‍ഷിക സമ്മേളന സംഘാടകരില്‍ പ്രധാനിയായിരുന്നു മുഹമ്മദ്‌ ശംനാട്‌. മദ്രാസ്‌ ജമാലിയ അറബി കോളെജ്‌ പ്രിന്‍സിപ്പലായിരുന്ന അബ്‌ദുല്‍ വഹാബ്‌ ബുഖാരി സാഹിബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രസ്‌തുത സമ്മേളനത്തിന്റെ നേതൃത്വം മൗലവി അറബി ശംനാട്‌, മുഹമ്മദ്‌ ശംനാട്‌, സി എച്ച്‌ കുഞ്ഞിക്കലന്തര്‍, മുഹമ്മദ്‌ ശെറൂല്‍ തുടങ്ങിയവര്‍ക്കായിരുന്നു. വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ മൗലവി അറബി ശംനാട്‌, മലയാളം, തെലുങ്ക്‌, തമിഴ്‌, കന്നട എന്നീ ഭാഷകള്‍ കൈകാര്യം ചെയ്‌തിരുന്നു. കെ എം മൗലവിയുടെ നാല്‌പതു ദിവസം നീണ്ടുനില്‌ക്കുന്ന പ്രഭാഷണ പരമ്പരക്ക്‌ മുന്‍കൈയെടുത്തത്‌ അദ്ദേഹമാണ്‌.
ചെമനാടിലും പരിസര പ്രദേശങ്ങളിലും ഇസ്‌ലാഹിന്റെ വെളിച്ചം എത്തിക്കുന്നതില്‍ ഈ പ്രഭാഷണ പരമ്പര സുപ്രധാന പങ്കുവഹിച്ചു. കെ എം സീതി സാഹിബ്‌, പോക്കര്‍ സാഹിബ്‌, മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ തുടങ്ങിയവരുമായി നല്ല ബന്ധം നിലനിര്‍ത്തിയിരുന്നു. ഐക്യസംഘത്തിന്റെ വാര്‍ഷിക സമ്മേളനം അലങ്കോലമാക്കാന്‍ ചില യാഥാസ്ഥിതികര്‍ ശ്രമിച്ചപ്പോള്‍ അതിനു സംരക്ഷണം നല്‌കിയ പൊലീസ്‌ ഇന്‍സ്‌പെക്‌ടായിരുന്നു മാഹിന്‍ ശംനാട്‌. ശംനാട്‌ സഹോദരങ്ങളില്‍ മൂന്നാമനാണ്‌ ഇദ്ദേഹം.
കാസര്‍ഗോഡ്‌ ടൗണില്‍ നിന്നും കുറച്ചകലെയുള്ള അംഗടിമുഗറിലെ മുഹമ്മദ്‌ ശറൂല്‍ സാഹിബ്‌ ഉത്തരകേരളത്തിലെ മറ്റൊരു നവോത്ഥാന നായകനാണ്‌. യുവത്വത്തില്‍ തന്നെ ഈ നാടിനോട്‌ വിട പറഞ്ഞ ശറൂല്‍ സാഹിബ്‌ `രണ്ടാമത്തെ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബാ'ണെന്ന്‌ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. പ്രദേശത്ത്‌ സ്‌കൂളുകള്‍ വ്യാപിപ്പിക്കുന്നതിലും മതവിദ്യാഭ്യാസം സജീവമാക്കുന്നതിലും വ്യാപൃതനായി. തന്റെ സ്വത്തിന്റെ നല്ലൊരുഭാഗം അതിനുവേണ്ടി നീക്കിവെച്ചു. അദ്ദേഹം മുതവല്ലിയായിരുന്ന പള്ളിദര്‍സില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി. കവിയും പരിഷ്‌കര്‍ത്താവുമായിരുന്ന ടി ഉബൈദ്‌ സാഹിബ്‌ മുഹമ്മദ്‌ ശറൂലിന്റെ ഉറ്റ മിത്രമായിരുന്നു. ഉബൈദ്‌ സാഹിബിന്‌ സാമ്പത്തിക പിന്തുണ നല്‌കുന്നതിലും കൃതികള്‍ അച്ചടിച്ച്‌ വിതരണം ചെയ്യുന്നതിലും ശറൂലിന്റെ സേവനങ്ങള്‍ സ്‌മരണീയമാണ്‌. കന്നട ഭാഷയില്‍ `ജ്യോതി' എന്നൊരു മാസിക അദ്ദേഹത്തിനുണ്ടായിരുന്നു. ജ്യോതിയുടെ താളുകളിലൂടെ ഇസ്വ്‌ലാഹി ആദര്‍ശവും നവോത്ഥാന ചിന്തകളും പ്രചരിക്കപ്പെട്ടു. അഹമ്മദ്‌ ശംനാട്‌, ഉത്തര കേരളത്തിന്റെ മുസ്‌ലിം ചരിത്രകാരനെന്ന്‌ വിശേഷിപ്പിക്കാവുന്ന എ ക്യൂ ശംനാട്‌, സി എം അഹമ്മദ്‌ സാഹിബ്‌, സി എച്ച്‌ അബ്ബാസ്‌ കുട്ടി സാഹിബ്‌, തുടങ്ങിയ നിരവധിയാളുകള്‍ നവോത്ഥാനത്തിന്റെ ദീപശിഖയേന്തിയവരാണ്‌.
ടിപ്പുസുല്‍ത്താന്റെ വിശ്വസ്‌തനായിരുന്ന മഹിന്‍ക്ക, വീടുവെക്കാന്‍ ചെമനാടിലെ സുഹൃത്ത്‌ കണ്ണന്‍ കാരണവര്‍ നല്‌കിയ സ്ഥലത്ത്‌ പള്ളി നിര്‍മിക്കുകയാണുണ്ടായത്‌. ശംനാട്‌ കുടുംബം മഹിന്‍ക തറവാട്ടിലുള്‍പ്പെടുന്നതു തന്നെയാണ്‌. ശെറൂല്‍, ശംനാട്‌ കുടംബങ്ങള്‍ തമ്മില്‍ വിവാഹ ബന്ധവുമുണ്ട്‌. ഇക്കാലയളവില്‍ തന്നെ പട്‌ള പോലുള്ള കാസര്‍ഗോഡിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്വ്‌ലാഹീ ചലനങ്ങളുണ്ടായിരുന്നു. ആത്മാര്‍ഥത കൈമുതലായ നിരവധി പ്രവര്‍ത്തകര്‍ ഇന്നും ഈ പ്രദേശങ്ങളിലുണ്ട്‌.
ഉബൈദ്‌ സാഹിബ്‌
കവിയും സമുദായ പരിഷ്‌കര്‍ത്താവുമായിരുന്ന ഉബൈദ്‌ സാഹിബിനെ മാറ്റിനിര്‍ത്തി ഉത്തരകേരളത്തിന്റെ മുസ്‌ലിം ചരിത്രം രചിക്കാന്‍ സാധ്യമല്ല. സപ്‌തഭാഷകളുടെ സംഗമ ഭൂമിയായ കാസര്‍ഗോഡിലെ ധീരനായ ഭാഷാപണ്ഡിതന്‍ കൂടായണദ്ദേഹം. പൗരോഹിത്യത്തിനെതിരെയും വിശ്വാസ വൈകൃതങ്ങള്‍ക്കെതിരെയും തൂലിക നയിക്കാന്‍ ഉബൈദ്‌ സാഹിബിന്‌ സാധിച്ചു. 

മുറ്റിയൊരിരുള്‍ തന്നില്‍
സമുദായം നിലനില്‌പ്പാന്‍
ഒട്ടല്ല, പൗരോഹിത്യമാശിപ്പൂ
പക്ഷേ മൂങ്ങകള്‍
വെറുത്താലും
പുലരി പുഞ്ചിരിച്ചുടന്‍
പൊങ്ങിയക്കതിരോന്‍
പ്രകാശിപ്പൂ...
(ഇന്നിന്റെ താക്കീത്‌)
പ്രവാചകാധ്യാപനങ്ങളെയും ഖുര്‍ആനിക കല്‌പനകളെയും നെഞ്ചില്‍ കുത്തുന്ന ഭാഷകളില്‍ അവതരിപ്പിക്കാന്‍ ഉബൈദ്‌ സാഹിബ്‌ നിപുണനായിരുന്നു. `വരച്ചിടും വിജയം' `ഇന്നിന്റെ താക്കീത്‌' തുടങ്ങിയ കവിതകള്‍ ഉബൈദ്‌ സാഹിബെന്ന പരിഷ്‌കര്‍ക്കാവിനെ ഇന്നും തിളങ്ങുന്ന ഓര്‍മയാക്കി മാറ്റുന്നു.
സംഘടിത ഇസ്വ്‌ലാഹീ പ്രവര്‍ത്തനം
സംഘടിത ഇസ്വ്‌ലാഹി പ്രവര്‍ത്തനങ്ങള്‍ കാസര്‍ഗോഡിലും ചെമനാടിലും ഉണ്ടാക്കിയ നവോത്ഥാന മുന്നേറ്റങ്ങള്‍ ഏറെ വലുതാണ്‌. വളരെ ചലനാത്മകമായിരുന്ന കാസര്‍ഗോഡിലെ നവോത്ഥാന ചരിത്രം ഇടക്കാലത്ത്‌ മന്ദഗതിയിലായിരുന്നു. പിന്നീടതിന്‌ തുടര്‍ച്ചയുണ്ടാവുന്നത്‌ അറുപതുകളുടെ അവസാനത്തിലാണ്‌. എ ബി ഹസന്‍ കുട്ടി, എം അബ്‌ദുര്‍റഹ്‌മാന്‍, സി എല്‍ അഹ്‌മദ്‌, കെ ടി എം ജമാല്‍, സി എല്‍ അബ്‌ദുല്ല തുടങ്ങിയവര്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ ഒരു പ്രാദേശിക കമ്മിറ്റി രൂപീകരിച്ചു. രണ്ടത്താണി സൈദ്‌ മൗലവി, എ വി അബ്‌ദുര്‍റഹ്‌മാന്‍ ഹാജി, ഇബ്‌റാഹീം സുലൈമാന്‍ സേട്ട്‌ തുടങ്ങിയവരെ പങ്കെടുപ്പിച്ച്‌ കൊണ്ട്‌ 1970-ല്‍ കാസര്‍ഗോഡ്‌ ഒരു മുജാഹിദ്‌ സമ്മേളനം സംഘടിപ്പിച്ചു. പട്‌ല, അംഗടിമുഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എ കെ അബ്‌ദുല്ലത്തീഫ്‌ മൗലവിയുടെ പ്രഭാഷണങ്ങള്‍ ഏറെ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്‌. കരുവള്ളി മുഹമ്മദ്‌ മൗലവി ജോലിയാവശ്യാര്‍ഥം ഇവിടെ എത്തിയ കാലത്ത്‌ പ്രബോധന പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. എന്നാല്‍ വീണ്ടും ഇവിടെ പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങള്‍ നിദ്രയിലാണ്ടു. പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ പള്ളിയോ മറ്റു കേന്ദ്രങ്ങളോ ഇല്ലാത്തതായിരുന്നു മുഖ്യ കാരണം. എച്ച്‌ എ മുഹമ്മദ്‌ മാസ്റ്റര്‍, അബ്‌ദുസ്സലാം പുത്തൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രൂപീകൃതമായ നദ്‌വത്തിന്റെ ജില്ലാ കമ്മറ്റിയാണ്‌ പള്ളികളടക്കമുള്ള ഇസ്വ്‌ലാഹി സംരംഭങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌. 1996 ല്‍ പള്ളിക്കുവേണ്ടി അമേയ്‌ റോഡില്‍ സ്ഥലം വാങ്ങുകയും അവിടെവെച്ച്‌ വിപുലമായ ഒരു സമ്മേളനം നടത്തുകയും ചെയ്‌തു. പള്ളിയും മറ്റു അനുബന്ധ സ്ഥാപനങ്ങളും നിര്‍മിക്കുന്നതിനു വേണ്ടി ഫണ്ട്‌ കണ്ടെത്താന്‍ തുടങ്ങി. ഈ വേളയില്‍ ഹുസൈന്‍ മടവൂര്‍ മുഖേന വിദേശത്തുനിന്ന്‌ നല്ലൊരു തുക പള്ളിനിര്‍മാണത്തിനു വേണ്ടി ലഭിക്കുകയുണ്ടായി.
വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ചെമനാടില്‍ ഈദ്‌ ഗാഹ്‌ ആരംഭിച്ചിരുന്നു. ഇടക്കാലത്ത്‌ കെ കെ മുഹമ്മദ്‌ സുല്ലമിയായിരുന്നു നേതൃത്വം. പള്ളിക്കുവേണ്ടി സ്ഥലമെടുത്തതിനു ശേഷം അവിടെവെച്ച്‌ നജ്‌നത്തുല്‍ ഈദിന്റെ ആഭിമുഖ്യത്തില്‍ ഈദ്‌ഗാഹ്‌ സംഘടിപ്പിച്ചു. അന്ന്‌ പത്രമാധ്യമങ്ങളില്‍ ഇതോടനുബന്ധിച്ച്‌ ഏറെ വാദകോലാഹലങ്ങള്‍ നടന്നിരുന്നു. പട്‌ല, കാലിക്കടവ്‌, കാസര്‍ഗോഡ്‌ ടൗണ്‍, പുലികുന്ന്‌, ചട്ടഞ്ചാല്‍, പാലകുന്ന്‌ തുടങ്ങിയ ഇടങ്ങളില്‍ പള്ളിയും മദ്‌റസയും നിലവില്‍ വന്നു. ഉദാരമതികളായ പല സമുദായ സ്‌നേഹികളുടെ നിസ്വാര്‍ഥ സേവനങ്ങളും വഖഫ്‌ ചെയ്യാനുള്ള സന്നദ്ധതയുമാണ്‌ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കിയത്‌.
എന്നാല്‍ 2002 ല്‍ സംഘടനയിലുണ്ടായ പിളര്‍പ്പ്‌ കാസര്‍ഗോഡിന്റെ സംഘടിത ഇസ്വ്‌ലാഹി മുന്നേറ്റങ്ങളിലുണ്ടാക്കിയ വിള്ളല്‍ ചെറുതൊന്നുമല്ല. ജോലിയാവശ്യാര്‍ഥം കാസര്‍ഗോഡിലെത്തിയ അബ്‌ദുല്‍ ഖയ്യും സുല്ലമി, ഇബ്‌റാഹീം പാലത്ത്‌ പോലുള്ളവരും മലപ്പുറം, കോഴിക്കോട്‌ ജില്ലകളില്‍ നിന്നെത്തിയിരുന്ന നിരവധി അറബി അധ്യാപകരും കാസര്‍ഗോഡിന്റെ സംഘടിത ഇസ്വ്‌ലാഹീ പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടേതായ പങ്ക്‌ നിര്‍വഹിച്ചിട്ടുണ്ട്‌. പള്ളികളോടനുബന്ധിച്ചുള്ള മദ്‌റസകളും ചളയന്‍കോടിലെ കാസര്‍ഗോഡ്‌ അറബിക്‌ കോളെജും ദീനി വിദ്യാഭ്യാസ രംഗത്ത്‌ നിറഞ്ഞുനില്‌ക്കുന്നുവയാണ്‌.
ജുമുഅ നമസ്‌കാരത്തിനുശേഷം മടങ്ങിവരുന്ന വഴിയില്‍ ഞങ്ങള്‍ ചെമനാട്‌ മുസ്‌ലിം ജമാഅത്തിന്റെ കീഴിലുള്ള ജുമാമസ്‌ജിദ്‌ സന്ദര്‍ശിച്ചു. ചന്ദ്രഗിരി പുഴയുടെ തീരത്ത്‌ സ്ഥിതിചെയ്യുന്ന ഈ പള്ളി സംഘടിത ഇസ്വ്‌ലാഹി പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പുള്ള നവോത്ഥാന മുന്നേറ്റങ്ങളുടെ ജീവിക്കുന്ന സാക്ഷിയാണ്‌. സംഘടനാ പക്ഷപാതിത്വമില്ലാത്ത ഈ പള്ളിയില്‍ ഇന്നും മലയാളത്തിലാണ്‌ ഖുതുബ നിര്‍വഹിക്കുന്നത്‌. നദ്‌വത്തിന്റെ ജില്ലയിലെ പ്രധാനികളിലൊരാളായ കെ ടി എം ജമാല്‍ ദീര്‍ഘകാലം ഇതിന്റെ സെക്രട്ടറിയായിരുന്നു. ഇസ്‌ലാഹിന്റെ വിപ്ലവ മുന്നേറ്റങ്ങള്‍ക്ക്‌ മുമ്പേ സാക്ഷ്യംവഹിച്ച ഉത്തരകേരളം ഇടക്കാലത്തുണ്ടായ മന്ദഗതിയെ തരണംചെയ്‌ത്‌ ഇന്ന്‌ ഏറെ മുന്നോട്ടുപോയിട്ടുണ്ട്‌. ഇപ്പോള്‍ ജില്ലയിലെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‌കുന്നത്‌ ഡോ. കെ അബൂബക്കറും പി എ അബ്‌ദുര്‍റഊഫ്‌ മദനിയുമടങ്ങുന്ന ഊര്‍ജസ്വലരായ പ്രവര്‍ത്തകരാണ്‌. ഒരു നൂറ്റാണ്ടിനപ്പുറമുള്ള നവോത്ഥാന മുന്നേറ്റങ്ങളുടെ അഭിമാനികളായ പിന്മുറക്കാരണവര്‍.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: