വിരലിനോടുള്ള ഇസ്‌തിഗാസ

  • Posted by Sanveer Ittoli
  • at 10:50 PM -
  • 0 comments
വിരലിനോടുള്ള ഇസ്‌തിഗാസ

നെല്ലുംപതിരും -
എ അബ്‌ദുസ്സലാം സുല്ലമി
ഹേ...എന്നു വിളിക്കുന്നതെല്ലാം ഇസ്‌തിഗാസയാണെന്ന്‌ തെറ്റിദ്ധരിച്ച ചിലരുണ്ട്‌. എന്നാല്‍ വിളി കേള്‍ക്കാനോ ഉത്തരം പ്രതീക്ഷിച്ചു കൊണ്ടോ അല്ലാത്ത വിളിയുടെ ശൈലി ഒരു സാഹിത്യപ്രയോഗമാണ്‌. വ്യക്തികളെയും കല്ലിനെയും നാടിനെയും മറ്റും വിളിച്ചുകൊണ്ടുള്ള പ്രയോഗങ്ങള്‍ കഴിഞ്ഞ ലക്കങ്ങളില്‍ നാം വിശദീകരിച്ചത്‌ ഓര്‍ക്കുക. ഇനിയും ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.
നബി(സ)യുടെ വിരല്‍, യുദ്ധത്തില്‍ മുറിവായ സന്ദര്‍ഭത്തില്‍ ആ വിരലിനോട്‌ നബി(സ) ഇപ്രകാരം പദ്യരൂപത്തില്‍ പറഞ്ഞു: ``നീ രക്തം കലര്‍ന്ന ഒരു വിരലാണ്‌. അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്‌ നീ ഇതെല്ലാം കണ്ടുമുട്ടിയത്‌.'' (ബുഖാരി)
ഇവിടെ വിരല്‍ കേള്‍ക്കാനല്ല നബി(സ) ഇപ്രകാരം പാടിയത്‌. തന്റെ സദസ്സിലുള്ളവര്‍ കേള്‍ക്കാനും തന്റെ മനസ്സിലെ വേദനക്ക്‌ ശമനം ലഭിക്കാനും വേണ്ടിയാണ്‌. വിരല്‍ കേള്‍ക്കുന്ന പ്രശ്‌നം ഇവിടെയില്ല. സംബോധനം ഒരാളോടും ഉദ്ദേശ്യം മറ്റുള്ളവരും എന്ന സാഹിത്യശൈലി വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പോലും പ്രയോഗിച്ചിട്ടുണ്ടെന്ന്‌ ചില സൂക്തങ്ങള്‍ക്ക്‌ വ്യാഖ്യാനം നല്‌കിയപ്പോള്‍ ചില മഹാന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്‌.
സൂറതു ത്വലാഖിലെ ആദ്യത്തെ ആയത്തിന്‌ വ്യാഖ്യാനം നല്‌കിയപ്പോള്‍ ജലാലൈനിയില്‍ എഴുതുന്നു: ``സംബോധനം നബി(സ)യാണെങ്കിലും ഉദ്ദേശ്യം നബി(സ)യുടെ സമുദായമാണ്‌'' (ജലാലൈനി). ``തീര്‍ച്ചയായും ഇങ്ങനെ പറയപ്പെടുന്നു: നിശ്ചയം ഈ സംഭാഷണം നബി(സ)യോടാണ്‌. ഉദ്ദേശ്യം അവിടുത്തെ ജനതയും.'' (ഖുര്‍തുബി)
തീര്‍ച്ചയായും നീ ശിര്‍ക്ക്‌ ചെയ്‌താല്‍ നിന്റെ പ്രവര്‍ത്തനം നിഷ്‌ഫലമാകും എന്ന്‌ അല്ലാഹു പറഞ്ഞ സൂറതുസ്സുമറിലെ 65-ാം ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട്‌ തഫ്‌സീര്‍ ഖുര്‍തുബി ഉദ്ധരിക്കുന്നു: ``ഇവിടെ സംബോധനം നബി(സ)യോടാണെങ്കിലും ഉദ്ദേശ്യം അവിടുത്തെ സമുദായമാണ്‌. കാരണം നബി(സ) ഒരിക്കലും ശിര്‍ക്ക്‌ ചെയ്യുകയില്ലെന്നും നബിയില്‍ നിന്ന്‌ ശിര്‍ക്ക്‌ സംഭവിക്കുകയില്ലെന്നും അല്ലാഹു മുന്‍കൂട്ടി അറിഞ്ഞിട്ടുണ്ട്‌.'' (ഖുര്‍തുബി)
വസ്‌അല്‍ മന്‍ അര്‍സല്‍നാ മിന്‍ ഖബ്‌ലിക...
അല്ലാഹു കല്‌പിക്കുന്നു: ``നിനക്ക്‌ മുമ്പ്‌ നമ്മുടെ ദൂതന്‍മാരായി നാം അയച്ചവരോട്‌ നീ ചോദിച്ചുനോക്കുക; പരമകാരുണികന്‌ പുറമെ ആരാധിക്കപ്പെടേണ്ട വല്ല ആരാധ്യന്മാരെയും നാം അവര്‍ക്ക്‌ നിശ്ചയിച്ചിട്ടുണ്ടോ എന്ന്‌.'' (സുഖ്‌റുഫ്‌ 45)
ഈ സൂക്തത്തില്‍ മരണപ്പെട്ടുപോയ നബിമാരോട്‌ മുഹമ്മദ്‌ നബി(സ) തൗഹീദിലെ ഒരു പ്രധാന അറിവ്‌ ചോദിച്ചറിയണമെന്ന്‌ കല്‌പിക്കുകയാണ്‌. ഇതിനെക്കാള്‍ വലിയ സഹായതേട്ടമില്ല. അതിനാല്‍ (മരണപ്പെട്ടവരെ വിളിച്ച്‌ ചെറിയ പടച്ചവന്മാരെ ഉണ്ടാക്കുന്നു. ഇസ്‌തിഗാസക്ക്‌ ഈ സൂക്തം തെളിവാണ്‌ (പേരോട്‌, കാന്തപുരം മുസ്‌ലിയാര്‍, സമസ്‌ത ഭിന്നിക്കുന്നതിന്റെ മുമ്പ്‌ സര്‍വ ഖുബൂരികളും). മരണപ്പെട്ടവരോട്‌ സഹായം തേടാന്‍ പറയുമ്പോള്‍ തന്നെ ഉദ്ദേശ്യം മറ്റുള്ളവരാകുമെന്ന്‌ ഖുബൂരികളുടെ വ്യാഖ്യാനപ്രകാരം കൂടുതല്‍ സ്ഥിരപ്പെടുന്നു. കാരണം ഇതില്‍ സഹായം തേടല്‍ ഉണ്ടെന്ന്‌ ഇവര്‍ സമ്മതിക്കുന്നു. എന്നാല്‍ നിനക്ക്‌ മുമ്പ്‌ നിയോഗികപ്പെട്ട നബിമാര്‍ എന്നതിന്റെ ഉദ്ദേശ്യം മരണപ്പെട്ട നബിമാരോട്‌ ഭൂമിയില്‍ വെച്ച്‌ നബി(സ)യോട്‌ ചോദിക്കുവാനുള്ള നിര്‍ദേശമാണിതെന്ന്‌ മറ്റൊരു ഖുര്‍ആന്‍ വ്യാഖ്യാതാവും മുസ്‌ലിം പണ്ഡിതനും പ്രസ്‌താവിക്കുന്നില്ല. ഈ വ്യാഖ്യാനം സമസ്‌തയിലെ ഖുബൂരികളുടെ മാത്രം ദുര്‍വ്യാഖ്യാനമാണ്‌. ആയത്തിന്‌ മുസ്‌ലിം ലോകം നല്‌കുന്ന അര്‍ഥം കാണുക:
1. ഇമാം റാസി(റ) വ്യാഖ്യാനിക്കുന്നത്‌ ശ്രദ്ധിക്കുക: പലവ്യാഖ്യാനങ്ങള്‍ ഈ സൂക്തത്തിന്‌ നല്‌കപ്പെടുന്നു.
ഒന്ന്‌), വേദക്കാരില്‍ ഉള്‍പ്പെട്ട സത്യവിശ്വാസികളോട്‌ നീ ചോദിച്ചുനോക്കുക.
രണ്ട്‌), ഇബ്‌നു അബ്ബാസ്‌(റ) പറയുന്നു: നബി(സ) ബൈതുല്‍ മുഖദ്ദസിലേക്ക്‌ നിശായാത്ര ചെയ്‌തപ്പോള്‍ നബി(സ)ക്കുവേണ്ടി ആദമിനെയും സര്‍വ നബിമാരെയും അല്ലാഹു ഉയര്‍ത്തെഴുന്നേല്‌പിച്ചു. ശേഷം അവരോട്‌ ചോദിക്കുവാന്‍ പറഞ്ഞതാണ്‌.
മൂന്ന്‌), ചോദിക്കുവാനും മറുപടി നല്‌കുവാനും സാധ്യമല്ലാത്ത സ്ഥലത്ത്‌ ചോദിക്കുവാന്‍ പറയുമ്പോള്‍ അതിന്റെ ഉദ്ദേശ്യം മറ്റൊന്നാവുന്നതാണ്‌. അതായത്‌ തെളിവ്‌ അന്വേഷിക്കലും ചിന്തയുമാണ്‌. ഇപ്രകാരം പറയാറുണ്ട്‌, നീ ഭൂമിയോടു ചോദിക്കുക. നിന്നിലുള്ള നദികള്‍ ആരാണ്‌ പിളര്‍ത്തി ഉണ്ടാക്കിയത്‌. നിന്നിലുള്ള മരങ്ങള്‍ ആരാണ്‌ കൃഷി ചെയ്‌തത്‌. നിന്നില്‍ ഉണ്ടായിരുന്ന ഫലവര്‍ഗങ്ങള്‍ ആരാണ്‌ പറിച്ചെടുത്തത്‌? ഇവര്‍ നിനക്ക്‌ മറുപടി നല്‌കുകയില്ലെങ്കിലും പഠനം നിനക്ക്‌ മറുപടി നല്‌കും. ഇതുപോലെയാണ്‌ ഇവിടെ. കാരണം മരണപ്പെട്ടുപോയ നബിമാര്‍ ഇവിടെ ഉദ്ദേശിക്കല്‍ തള്ളപ്പെടുന്നതാണ്‌. അപ്പോള്‍ ഉദ്ദേശ്യം മറ്റൊന്നാണ്‌. നിന്റെ ബുദ്ധികൊണ്ടും ചിന്തകൊണ്ടും നിനക്ക്‌ മറുപടി ലഭിക്കുന്നതാണ്‌(തഫ്‌സീര്‍ റാസി: 14-217)
മൂന്നാമത്തെ ഈ വ്യാഖ്യാനം ഇമാം റാസി(റ)യുടെ തന്നെ സ്വയം വ്യാഖ്യാനമാണ്‌. പൂര്‍വികന്‍മാരുടേത്‌ ഉദ്ധരിക്കുക മാത്രം ചെയ്‌തതല്ല. അപ്പോള്‍ മരണപ്പെട്ട നബിമാരെ മുഹമ്മദ്‌ നബി(സ) പോലും വിളിച്ച്‌ സഹായം തേടിയാല്‍ ആ സഹായ തേട്ടം അവര്‍ കേള്‍ക്കുകയും നബി(സ)ക്ക്‌ യാതൊരു രീതിയിലും ഉത്തരം ചെയ്യുവാന്‍ സാധ്യമല്ലെന്നും സാക്ഷാല്‍ ഇമാം റാസി(റ) ഇവിടെ പറയുന്നു. അതിനാല്‍ ഉദ്ദേശ്യം മറ്റൊന്നാണെന്നും സ്ഥാപിക്കുന്നു. ധാരാളം ഉദാഹരണങ്ങള്‍ നല്‌കിക്കൊണ്ട്‌ ഈ ചോദ്യത്തില്‍ ഇസ്‌തിഗാസ ഉണ്ടെന്ന്‌ ഖുബൂരികള്‍ സമ്മതിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇസ്‌തിഗാസ ജീവിക്കുന്നവരോടാണെന്ന്‌ ഇമാം റാസി(റ) പ്രഖ്യാപിക്കുന്നു.
2. തഫ്‌സീര്‍ ജലാലൈനിയില്‍ എഴുതുന്നു: ഇത്‌ ബാഹ്യ അര്‍ഥത്തില്‍ തന്നെ ഉദ്ദേശിക്കപ്പെടുമെന്ന്‌ പറയപ്പെടുന്നു. തീര്‍ച്ചയായും നിശാപ്രയാണ രാത്രിയില്‍ എല്ലാ പ്രവാചകന്മാരെയും നബി(സ)ക്കു വേണ്ടി ഒരുമിച്ച്‌ കൂട്ടപ്പെട്ടു. അവരോട്‌ ചോദിക്കുവാന്‍ പറഞ്ഞതാണ്‌ എന്ന്‌ ഉദ്ദേശ്യം. മുമ്പ്‌ നിയോഗിക്കപ്പെട്ട പ്രവാചകന്മാരുടെ സമുദായങ്ങളാണെന്നും പറയപ്പെടുന്നു. രണ്ട്‌ അഭിപ്രായപ്രകാരവും നബി(സ) ഒരാളോടു ചോദിച്ചിട്ടില്ല. കാരണം ഈ കല്‌പനയുടെ ഉദ്ദേശ്യം തെളിവ്‌ അന്വേഷിക്കലാണ്‌ (ജലാലൈനി)
മരണപ്പെട്ടവരോട്‌ ചെറിയ പടച്ചവനെ ഉണ്ടാക്കുന്ന രീതിയിലുള്ള ഇസ്‌തിഗാസ അതായത്‌ ഈ പ്രപഞ്ചത്തിന്റെ ഏത്‌ സ്ഥലത്ത്‌ വെച്ചു ഏത്‌ ഭാഷയില്‍ ഏത്‌ സമയത്ത്‌ ഏത്‌ ഉദ്ദേശ്യം മനസ്സില്‍ വെച്ചുകൊണ്ടോ അല്ലാതെയോ വിളിച്ചു സഹായം തേടിയാല്‍ ഉത്തരം നല്‌കുമെന്ന്‌ വിശ്വസിക്കപ്പെടുന്ന ഇസ്‌തിഗാസ ചെയ്യുവാന്‍ യാതൊരു സൂചനപോലും ഈ സൂക്തത്തില്‍ ഇല്ലെന്ന്‌ തഫ്‌സീര്‍ ജലാലൈനി തന്നെ വ്യക്തമാക്കുന്നു. മരണപ്പെട്ടവരോട്‌ സഹായം തേടുവാന്‍ കല്‌പിക്കപ്പെടുകയാണെങ്കില്‍ അതിന്റെ ഉദ്ദേശ്യം മരണപ്പെടാത്ത തന്റെ ശബ്‌ദം കേള്‍ക്കുന്ന മറ്റുള്ളവരാണെന്ന്‌ വ്യാഖ്യാനിക്കുന്നതിലും തെറ്റില്ലെന്ന്‌ ജലാലൈനി ഇവിടെ എഴുതുന്നു.
ജലാലൈനിയുടെ പരിഭാഷയില്‍ ഇവര്‍ തന്നെ എഴുതുന്നത്‌ പ്രത്യേകം ശ്രദ്ധിക്കുക: നിശാ പ്രയാണ രാത്രിയില്‍ ദൂതന്മാരെയെല്ലാം സമ്മേളിപ്പിച്ചുകൊണ്ടു ബാഹ്യാര്‍ഥത്തില്‍ തന്നെയാണിതെന്നഭിപ്രായമുണ്ട്‌. ഗ്രന്ഥം നല്‌കപ്പെട്ട സമുദായങ്ങളാണുദ്ദേശമെന്നും അഭിപ്രായമുണ്ട്‌ (പേ.495) ഈ പരിഭാഷക്ക്‌ സന്ദേശം എഴുതുന്നത്‌. പി എം എസ്‌ എ പൂക്കോയ തങ്ങള്‍ (പാണക്കാട്‌) ആണ്‌. അദ്ദേഹത്തിന്റെ ചില വരികള്‍ കാണുക. സുന്നത്ത്‌ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കും വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ക്കും പൂര്‍വീക മുഫസ്സിറുകളുടെ വ്യാഖ്യാനങ്ങള്‍ക്കും വിരുദ്ധമായി ദുരര്‍ഥങ്ങളും ദുര്‍വ്യാഖ്യാനങ്ങളും നല്‌കിക്കൊണ്ട്‌ ചെറുതും വലുതുമായ പല പുത്തന്‍ പരിഭാഷകളും വെളിക്കിറങ്ങിയ സ്ഥിതിക്കും സുന്നത്ത്‌ ജമാഅത്തിന്റെ ഈ പരിഭാഷ വളരെ മുമ്പുതന്നെ വെളിക്കിറക്കേണ്ടതായിരുന്നുവെന്നാണ്‌ എന്റെ അഭിപ്രായം.''
പോരോടും കാന്തപുരവും ഖുബൂരി മുസ്‌ലിയാക്കന്മാരും ഈ സൂക്തത്തിന്‌ നല്‌കുന്ന വ്യാഖ്യാനം ഒരൊറ്റ പൂര്‍വിക പണ്ഡിതനും നല്‌കാത്ത വ്യാഖ്യാനമാണ്‌. നിനക്ക്‌ മുമ്പ്‌ നാം അയച്ച നബിമാര്‍' എന്നതിന്റെ ഉദ്ദേശ്യം മരണപ്പെട്ടുപോയ നബിമാര്‍ തന്നെയാണെന്ന്‌ നാം പരിഗണിച്ചാലും അതിന്റെ ഉദ്ദേശ്യം ആ നബിമാരുടെ സമുദായം മാത്രമാണെന്ന്‌ ഖുബൂരികളുടെ പരിഭാഷയില്‍ തന്നെ ഇവിടെ എഴുതുന്നു.
3. തഫ്‌സീര്‍ ഖുര്‍ത്വുബി, 16-83, ഇബ്‌നു കസീര്‍ : 4-164 മദാരിക്ക്‌. 2-120, ഇബ്‌നു ജരീര്‍ 25-78 റൂഹുല്‍ മുആനി 25-118 മുതലായ സര്‍വ തഫ്‌സീറുകളില്‍ ഇപ്രകാരം തന്നെ വ്യാഖ്യാനം നല്‌കുന്നു. ബാഹ്യാര്‍ഥം നല്‌കുന്നവര്‍ പോലും മരണപ്പെട്ടുപോയ നബിമാര്‍ തന്നെയാണ്‌ ഉദ്ദേശ്യമെന്നു പറയുന്നില്ല. അവരുടെ സമുദായം അല്ലെങ്കില്‍ അവരെയെല്ലാം നബി(സ)യുടെ നിശായാത്രയില്‍ നബി(സ)യുടെ അടുത്ത്‌ അവര്‍ക്കെല്ലാം ജീവന്‍ നല്‌കി ഒരുമിച്ച്‌ കൂട്ടിയശേഷം അവരോട്‌ ചോദിക്കുവാനുള്ള കല്‌പനയാണെന്നാണ്‌ വ്യാഖ്യാനിക്കുന്നത്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: