മോഡി വീണ്ടും ഭീതിയുടെ രാഷ്‌ട്രീയം പുറത്തെടുക്കുമോ?
എൻ പി അൻഷിദ്
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ തുടര്‍ച്ചയായ മൂന്നാം വിജയത്തിന്റെ പേരിലാണെങ്കിലും ദേശീയ എക്‌സിക്യൂട്ടീവില്‍ മോഡിക്ക് ലഭിച്ച സ്വീകരണം, പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെയുള്ളവരുടെ പ്രസംഗം എന്നിവയെല്ലാം പറയാതെ പറയുന്ന കാര്യങ്ങളാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് എരിവും പുളിയും പകരുന്നത്.
സ്വാതന്ത്ര്യത്തിന്റെ സപ്‌തതിയാഘോഷം പടിവാതില്‍ക്കല്‍ നില്‌ക്കെയാണ് ഇന്ത്യ വീണ്ടും ഒരു പൊതു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.
2014-ലാണ് ലോകസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമോ എന്ന കാര്യത്തില്‍ ഭരണകൂടത്തിന് നേതൃത്വം നല്‌കുന്ന പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ പ്രത്യക്ഷമായും പരോക്ഷമായും ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ 2013 അവസാനത്തോടെ തന്നെ തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഭാവി ഭാരതത്തിന്റെ ഭരണചക്രം തിരിക്കാന്‍ ആരാവും നിയോഗിക്കപ്പെടുകയെന്ന ചര്‍ച്ചകള്‍ക്കൊപ്പമോ അതിനെക്കാള്‍ കൂടുതലോ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തെ കുറിച്ചാണ്. ഫെബ്രുവരി അവസാന വാരം ഡല്‍ഹിയില്‍ നടന്ന ബി ജെ പി ദേശീയ എക്‌സിക്യൂട്ടീവ് യോഗം, വര്‍ഷങ്ങള്‍ക്കു മുമ്പേ തുടങ്ങിവെച്ച ഇതു സംബന്ധമായ ചര്‍ച്ചകള്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. മോഡി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതിനെ ഇന്ത്യന്‍ പൊതുസമൂഹം എന്തുകൊണ്ട് ഇത്രയധികം ഉത്‌കണ്‌ഠയോടെ കാണുന്നുവെന്നത് ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
മോഡിയായിരിക്കും അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് ബി ജെ പി ഔപചാരികമായോ അനൗപചാരികമായിപ്പോലുമോ പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാല്‍ കാര്യങ്ങളുടെ പോക്ക് ആ ദിശയിലേക്കാണെന്ന സൂചന നല്‌കുന്നതായിരുന്നു ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നേതാക്കളുടെ പ്രതികരണങ്ങള്‍. കേന്ദ്ര നേതൃത്വവുമായി ഇടഞ്ഞ് തുടര്‍ച്ചയായി വിട്ടുനിന്നിരുന്ന മോഡി ചെറിയൊരു ഇടവേളയ്‌ക്കു ശേഷമാണ് ബി ജെ പി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കുന്നത്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ തുടര്‍ച്ചയായ മൂന്നാം വിജയത്തിന്റെ പേരിലാണെങ്കിലും ദേശീയ എക്‌സിക്യൂട്ടീവില്‍ മോഡിക്ക് ലഭിച്ച സ്വീകരണം, പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെയുള്ളവരുടെ പ്രസംഗം എന്നിവയെല്ലാം പറയാതെ പറയുന്ന കാര്യങ്ങളാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് എരിവും പുളിയും പകരുന്നത്. ഭാരതത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണെന്ന് അവകാശപ്പെടുമ്പോഴും ബി ജെ പിയുടെ കടിഞ്ഞാണ്‍ എല്ലാ കാലത്തും നിയന്ത്രിക്കുന്നത് നാഗ്‌പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്തു നിന്നാണ് എന്നതിനാല്‍ ഈ ചര്‍ച്ചകള്‍ പോലെത്തന്നെ കാര്യങ്ങള്‍ പരിണമിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിനു വേണ്ടിയുള്ള കിടമാത്സര്യം ബി ജെ പിയില്‍ നേരത്തെ തന്നെ ആരംഭിച്ചതാണ്. കൃത്യമായി പറഞ്ഞാല്‍ 2009-ലെ ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ ആര്‍ എസ് എസ് നീക്കം നടത്തിയിരുന്നു. അദ്വാനിയെ മുന്നില്‍ നിര്‍ത്തിയെങ്കിലും കൃത്യമായൊരു പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെയാണ് 2009-ല്‍ ബി ജെ പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ യു പി എ വീണ്ടും അധികാരത്തില്‍ എത്തിയതോടെ ആ ചര്‍ച്ചകള്‍ മുളയിലേ വാടിപ്പോയി.
എന്നാല്‍ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് കരകയറും മുമ്പുതന്നെ പ്രധാനമന്ത്രി ചര്‍ച്ചകള്‍ ബി ജെ പിക്കുള്ളില്‍ വീണ്ടും മുളപൊട്ടിയിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തില്‍ എത്തുമെന്നും അങ്ങനെ സംഭവിച്ചാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരാളെ നിര്‍ദേശിക്കേണ്ടത് അനിവാര്യമായി വരുമെന്നുമുള്ള മലര്‍പൊടിക്കാരന്റെ സ്വപ്‌നങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആ ചര്‍ച്ചകളെല്ലാം. നേതാക്കള്‍ തന്നെ ഒരു മുഴം മുമ്പേ എറിഞ്ഞുനോക്കിയതോടെ അസമയത്തു തന്നെ ചര്‍ച്ചകള്‍ ചൂടുപിടിക്കുകയും ചെയ്‌തു.
അദ്വാനി നായകനായി അദ്ദേഹം തന്നെ പ്രഖ്യാപിച്ച അഴിമതിക്കെതിരായ രഥയാത്രയായിരുന്നു ഇതില്‍ നിര്‍ണായകം. ആര്‍ എസ് എസിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ജാഥാമോഹം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുമെന്ന അവസ്ഥയിലേക്ക് ഒരു ഘട്ടത്തില്‍ കാര്യങ്ങള്‍ എത്തിയെങ്കിലും നാഗ്‌പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്തെത്തി നിരുപാധികം `ആയുധം' വെച്ച് കീഴടങ്ങാന്‍ അദ്വാനി തയ്യാറായതോടെയാണ് അഴിമതി വിരുദ്ധ രഥയാത്രയ്‌ക്ക് ആര്‍ എസ് എസ് അര്‍ധസമ്മതം മൂളിയത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിലേക്ക് ഇല്ല എന്ന് തുറന്നു പറയണമെന്നായിരുന്നു ഇതിന് ആര്‍ എസ് എസ് നേതൃത്വം മുന്നോട്ടുവെച്ച ഉപാധി.
പ്രധാനമന്ത്രി ചര്‍ച്ചകള്‍ മുറപോലെ നടക്കുമ്പോഴും സംഘടനാ ദൗര്‍ബല്യങ്ങള്‍ കൊണ്ട് ബി ജെ പി ഏറ്റവും വലിയ പാപ്പരത്തം നേരിട്ട വര്‍ഷങ്ങളായിരുന്നു പിന്നിട്ടത്. രണ്ടാം യു പി എ സര്‍ക്കാറിന്റെ ആയുസിന് ഇത്രയധികം പ്രധാനമന്ത്രിയും സോണിയയും കടപ്പെട്ടിരിക്കുന്നത് ബി ജെ പിയോടു തന്നെയാണ്. 2-ജി സ്‌പെക്‌ട്രം, എസ്‌ബാന്‍ഡ് സ്‌പെക്‌ട്രം, കോപ്‌റ്റര്‍ ഇടപാട് തുടങ്ങി അഴിമതി ആരോപണങ്ങളുടെ ഘോഷയാത്ര തന്നെ ഈ സര്‍ക്കാറിന്റെ കാലത്തുണ്ടായിട്ടും തൃണമൂല്‍ കോണ്‍ഗ്രസ് മുന്നണി ബന്ധം ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ന്യൂനപക്ഷമായിട്ടും അവസരം മുതലെടുക്കുന്നതില്‍ ബി ജെ പി ദയനീയ പരാജയമായിരുന്നു. ഒരു പൊതു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസം പോലും ആ പാര്‍ട്ടിക്ക് ഉണ്ടായിരുന്നില്ല. യെദിയൂരപ്പയുടെ നേതൃത്വത്തില്‍ കര്‍ണാടകത്തില്‍ രൂപംകൊണ്ട പുതിയ പാര്‍ട്ടി ഉള്‍പ്പെടെ ആ പാര്‍ട്ടി നേരിടുന്ന വെല്ലുവിളികള്‍ ഏറെയാണ്.
ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാറിനെ അധികാരത്തില്‍ എത്തിച്ചത് 1990-കളുടെ ആദ്യത്തില്‍ എല്‍ കെ അദ്വാനി നടത്തിയ രഥയാത്രയായിരുന്നു. അതിന് പശ്ചാത്തലമൊരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ 1977-ല്‍ അധികാരത്തിലെത്തിയ മൊറാര്‍ജി ദേശായി സര്‍ക്കാറിന്റെ കാലത്തുതന്നെ വിവരസാങ്കേതിക വകുപ്പ് കൈകാര്യം ചെയ്‌തിരുന്ന എല്‍ കെ അദ്വനിയുടെ നേതൃത്വത്തില്‍ രാജ്യത്ത് തുടക്കമിട്ടിരുന്നു. രാമരാജ്യ സങ്കല്‌പവും അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണവും അജണ്ടയാക്കി അദ്വാനി നടത്തിയ ആ രഥയാത്ര അവസാനിച്ചത് വര്‍ഗ, വര്‍ണ, ജാതി, മത ബഹുസ്വരതയില്‍ കെട്ടിപ്പടുത്ത ഭാരതത്തിന്റെ അഭിമാന സ്‌തംഭങ്ങളെ തച്ചുടച്ചുകൊണ്ടായിരുന്നു. എ ബി വാജ്‌പേയിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ആദ്യ എന്‍ ഡി എ ഗവണ്‍മെന്റിന് അധികം ആയുസ്സുണ്ടായില്ലെങ്കിലും രണ്ടാമത്തെ എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ അഞ്ചുവര്‍ഷം തികയ്‌ക്കുക തന്നെ ചെയ്‌തു. തീവ്ര ഹിന്ദുത്വ വാദത്തിലൂന്നിയ ബി ജെ പി, വാജ്‌പേയി പ്രധാനമന്ത്രി ആയപ്പോള്‍ ഉപപ്രധാനമന്ത്രിയാക്കിയത് തീവ്ര ഹിന്ദുത്വവാദിയായി അറിയപ്പെട്ടിരുന്ന എല്‍ കെ അദ്വാനിയെയായിരുന്നു. പാക് സന്ദര്‍ശനവും മുഹമ്മദലി ജിന്നയെക്കുറിച്ച പരാമര്‍ശങ്ങളുമാണ് ആര്‍ എസ് എസിന് അദ്വാനി ഇപ്പോള്‍ അനഭിമതനാവാന്‍ കാരണം.
1992-ലെ ബാബറി മസ്‌ജിദ് ധ്വംസനത്തിനുശേഷം കൃത്യം ഒരു പതിറ്റാണ്ടിന്റെ ഇടവേളയില്‍ `ആവര്‍ത്തിക്കപ്പെട്ട' ഗുജറാത്ത് കലാപമാണ് മോഡിയെ ആര്‍ എസ് എസ്സിന്റെ വീരപുത്രനാക്കി മാറ്റിയത്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഭരണകൂട പിന്തുണയോടെ നടന്ന ഏറ്റവും വലുതും ആസൂത്രിതവുമായ വംശഹത്യയ്‌ക്കാണ് 2002-ലെ ഗുജറാത്ത് കലാപത്തിലൂടെ നരേന്ദ്രമോഡി വഴിയൊരുക്കിയത്. പതിറ്റാണ്ടിലധികം കാലം പിന്നിട്ടിട്ടും വേട്ടയാടപ്പെട്ടുകൊണ്ടിരുന്ന ഇരകളുടെ വേദനയും കണ്ണീരും നിലവിളിയും ഗുജറാത്തിന്റെ മണ്ണില്‍ ഇനിയും പെയ്‌തു തോര്‍ന്നിട്ടില്ല. നീതിക്കു വേണ്ടി നിയമത്തിന്റെ വഴിയില്‍ ധീരമായ പോരാട്ടം തുടരുന്ന സാകിയ ജിഫ്‌രി, ടീസ്റ്റ സെത്തല്‍വാദ്, സഞ്‌ജീവ് ഭട്ട്, ആര്‍ ബി ശ്രീകുമാര്‍ പോലുള്ളവര്‍ മോഡിയുടെ പേരിനും ചിത്രത്തിനുമൊപ്പം ഒരു ചോദ്യചിഹ്‌നം ചേര്‍ത്തുവെക്കുന്നുണ്ട്.
സാമുദായിക ഭൂപടത്തിന്റെ അടിസ്ഥാനത്തില്‍ അവിഭക്ത ഇന്ത്യയില്‍ നിന്ന് പാകിസ്‌താനെ വെട്ടിമാറ്റുകയും ഹിന്ദു-മുസ്‌ലിം വേര്‍തിരിവ് അതിന്റെ പരകോടിയില്‍ നില്‌ക്കുകയും ചെയ്‌ത ഘട്ടത്തിലാണ് സര്‍വ ജാതി, മത, വര്‍ഗ, വര്‍ണ വിഭാഗങ്ങളെയും സമതുല്യമായി പരിഗണിക്കുകയും വിശ്വാസ, ആരാധനാ സ്വാതന്ത്ര്യങ്ങളോടെ അവരെ ഇന്ത്യയുടെ മണ്ണില്‍ ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന രാഷ്‌ട്ര സങ്കല്‌പവും ഭരണഘടനയും അന്നത്തെ ദേശീയ നേതാക്കള്‍ പടുത്തുയര്‍ത്തിയത്. പരസ്‌പര സഹവര്‍ത്തിത്വത്തില്‍ അധിഷ്‌ഠിതമായ ആ സങ്കല്‌പത്തിലേക്കാണ് ഗുജറാത്ത് കലാപം പോലുള്ള വംശഹത്യക്ക് തന്ത്രം മെനയുകയും ഭരണകൂട പിന്തുണ നല്‌കുകയും ചെയ്‌ത നരേന്ദ്ര മോഡിയെപ്പോലുള്ളവര്‍ കയറി വരാനൊരുങ്ങുന്നത്. അങ്ങനെയൊരു സാഹചര്യം ഉണ്ടാവില്ലെന്ന് തന്നെ പ്രത്യാശിക്കാം.
സാമുദായിക ഭൂപടത്തിന്റെ അടിസ്ഥാനത്തില്‍ അവിഭക്ത ഇന്ത്യയില്‍ നിന്ന് പാകിസ്‌താനെ വെട്ടിമാറ്റുകയും ഹിന്ദു-മുസ്‌ലിം വേര്‍തിരിവ് അതിന്റെ പരകോടിയില്‍ നില്‌ക്കുകയും ചെയ്‌ത ഘട്ടത്തിലാണ് സര്‍വ ജാതി, മത, വര്‍ഗ, വര്‍ണ വിഭാഗങ്ങളെയും സമതുല്യമായി പരിഗണിക്കുകയും വിശ്വാസ, ആരാധനാ സ്വാതന്ത്ര്യങ്ങളോടെ അവരെ ഇന്ത്യയുടെ മണ്ണില്‍ ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന രാഷ്‌ട്ര സങ്കല്‌പവും ഭരണഘടനയും അന്നത്തെ ദേശീയ നേതാക്കള്‍ പടുത്തുയര്‍ത്തിയത്. പരസ്‌പര സഹവര്‍ത്തിത്വത്തില്‍ അധിഷ്‌ഠിതമായ ആ സങ്കല്‌പത്തിലേക്കാണ് ഗുജറാത്ത് കലാപം പോലുള്ള വംശഹത്യക്ക് തന്ത്രം മെനയുകയും ഭരണകൂട പിന്തുണ നല്‌കുകയും ചെയ്‌ത നരേന്ദ്ര മോഡിയെപ്പോലുള്ളവര്‍ കയറി വരാനൊരുങ്ങുന്നത്. അങ്ങനെയൊരു സാഹചര്യം ഉണ്ടാവില്ലെന്ന് തന്നെ പ്രത്യാശിക്കാം.
ചുരുക്കം ചില സന്ദര്‍ഭങ്ങളിലേ ലോകത്തിന് മുന്നില്‍ ഇന്ത്യക്ക് അതിന്റെ തല താഴ്‌ത്തേണ്ടിവന്നിട്ടുള്ളൂ. ഒന്ന് ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടര്‍ന്ന് അരങ്ങേറിയ സിഖ് വിരുദ്ധ കലാപമായിരുന്നു. മറ്റൊന്ന് ബാബരി മസ്‌ജിദ് ധ്വംസനവും മൂന്നാമത്തേത് ഗുജറാത്ത് കലാപവും. ആദ്യത്തേത് കോണ്‍ഗ്രസിന്റെ സംഭാവനയായിരുന്നുവെങ്കില്‍ മറ്റു രണ്ടും മോഡിയുടെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെയും കരചലനങ്ങളുടെ ഫലമായിരുന്നു. സിഖ് വിരുദ്ധ കലാപത്തിന്റെ പേരില്‍ കോണ്‍ഗ്രസ് പലതവണ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള സന്മനസ്സ് പോലും ബി ജെ പി കാണിച്ചില്ല എന്നു മാത്രമല്ല, അന്നു ചെയ്‌തതെല്ലാം ശരിയായിരുന്നുവെന്ന് ആവര്‍ത്തിച്ചുരുവിടുകയാണ് മോഡിയും ബി ജെ പിയും ഇപ്പോഴും ചെയ്‌തു കൊണ്ടിരിക്കുന്നത്.
ഗുജറാത്ത് കലാപം പോലെ തന്നെ മോഡിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന മറ്റൊന്നാണ് ഏതാനും വര്‍ഷങ്ങള്‍ക്കിടെ ആ സംസ്ഥാനത്തുണ്ടായ വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍. നരേന്ദ്രമോഡിയെ വധിക്കാനത്തിയ ലഷ്‌കര്‍ ഭീകരര്‍ എന്നാരോപിച്ചാണ് സൊഹറാബുദ്ദീന്‍ ഷെയ്‌ഖിനെയും ഭാര്യ കൗസര്‍ബിയെയും ഗുജറാത്ത് പോലീസ് വകവരുത്തിയത്. പിടികൂടി അഹമ്മദാബാദ് നഗരപ്രാന്തത്തിലെ ഫാംഹൗസില്‍ എത്തിച്ച് വെടിവെച്ചുകൊന്ന ശേഷം വ്യാജഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇശ്‌റത് ജഹാന്‍, മലയാളിയായ ജാവേദ് ഷെയ്‌ഖ് എന്ന പ്രാണേഷ്‌കുമാര്‍ പിള്ള എന്നിവരുള്‍പ്പെടെ, മറ്റു നാലുപേരെയും വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചശേഷം ഇതേ ആരോപണവുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു.
യൂണിഫോമിലെ നക്ഷത്രത്തിളക്കം കൂട്ടാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങളെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പുറത്തുവിട്ട വിവരം. എന്നാല്‍ ആഭ്യന്തര മന്ത്രിക്കു തന്നെ ഈ കേസില്‍ ജയിലില്‍ പോകേണ്ടി വന്നുവെന്നത് സംഭവത്തിനു പിന്നിലെ ഭരണകൂട പങ്കാളിത്തവും മുഖ്യമന്ത്രി മോഡിക്കുള്ള ഉത്തരവാദിത്തവുമാണ് തെളിയിക്കുന്നത്. അത്തരമൊരാള്‍ മതേതര ഇന്ത്യയുടെ ഭരണാധികാരിയായി അവരോധിക്കപ്പെടുന്നതിലെ പൊരുത്തക്കേടുകള്‍ എല്ലാ കാലത്തും മുഴച്ചുനില്‌ക്കും.
ഇന്ത്യ മാത്രമല്ല, ലോക രാഷ്‌ട്രങ്ങള്‍ പോലും മോഡിയുടെ വരവിനെ ഉത്‌കണ്‌ഠയോടെയാണ് കാണുന്നത്. ഇതിനു തെളിവാണ് മോഡിക്ക് വിസാ നിഷേധം തുടരണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒപ്പിട്ട് വിദേശകാര്യ സെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്റനു നല്‌കിയ കത്ത്. ദശാബ്‌ദം നീണ്ട മോഡിക്കെതിരായ നയതന്ത്ര വിലക്ക് നീക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പോലും തയ്യാറായത് ഈയടുത്ത കാലത്താണ്. അതിനു പിന്നിലെ ചേതോവികാരം മോഡിയിലെ നേതാവിനോടുള്ള അംഗീകാര മനോഭാവമല്ല, സാമ്പത്തിക താല്‌പര്യങ്ങളാണ്. സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് നട്ടം തിരിയുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അതിജീവനത്തിനുവേണ്ടി സാമ്പത്തിക നിക്ഷേപങ്ങള്‍ക്കായി പുതിയ മേച്ചില്‍ പുറങ്ങള്‍ കണ്ടെത്തിയേ മതിയാകൂ. ഏതു കുത്തകകളെയും രണ്ടു കൈയും നീട്ടി സ്വീകരിക്കാന്‍ ഗുജറാത്ത് കാത്തിരിക്കുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാവുമെന്ന ചിന്തകളാണ് ഈ മനംമാറ്റത്തിനു പിന്നില്‍.
വ്യവസായിക രംഗത്ത് വന്‍ മുന്നേറ്റമുണ്ടായെന്ന തരത്തില്‍ നടത്തുന്ന `വൈബ്രന്റ് ഗുജറാത്ത്' പ്രചാരണങ്ങളാണ് ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവരാന്‍ മോഡി സ്വയം എടുത്തുകാണിക്കുന്ന നേട്ടം. പൊള്ളയായ അവകാശവാദമാണിത്. മോഡി അവകാശപ്പെടുന്ന ഗുജറാത്തിന്റെ വളര്‍ച്ച നഗരകേന്ദ്രീകൃതം മാത്രമാണ്. ഗ്രാമങ്ങളിലും നഗരപ്രാന്തങ്ങളിലെ ചേരികളിലും മൃഗതുല്യമായ ജീവിതം നയിക്കുന്ന മനുഷ്യരുടെ യാതനകള്‍ മാധ്യങ്ങളിലൂടെ ലോകമറിയുന്നുണ്ടെന്ന കാര്യം സൗകര്യപൂര്‍വം വിസ്‌മരിക്കുകയാണ്. നഗരപ്രദേശങ്ങളില്‍ ഉണ്ടായ ഈ നേട്ടങ്ങള്‍ക്കാകട്ടെ, മോഡിക്ക് അവകാശപ്പെടാന്‍ ഒന്നുമില്ലതാനും. അഹമ്മദാബാദും സൂറത്തും പോലുള്ള നഗരങ്ങള്‍ പതിറ്റാണ്ടുകളായിത്തന്നെ വ്യവസായ അഭ്യുന്നതിയുടെ കാര്യത്തില്‍ ലോകം മുഴുവന്‍ കേളികേട്ട നഗരങ്ങളാണ്. ആ നഗരങ്ങളെ സ്വന്തം നേട്ടങ്ങളുടെ അക്കൗണ്ടില്‍ വരവുവെക്കാനുള്ള അതിബുദ്ധിയാണ് മോഡിയുടെ `വൈബ്രന്റ് ഗുജറാത്ത്'.
എല്ലാ അവകാശ വാദങ്ങള്‍ക്കുമപ്പുറം നരേന്ദ്രമോഡി മുന്നോട്ടു വെക്കുന്ന രാഷ്‌ട്രീയം സാമുദായിക ധ്രുവീകരണത്തിലും ഭയപ്പാടിലും അടിസ്ഥാനപ്പെടുത്തിയതാണ്. 1992-ലെ ബാബറി മസ്‌ജിദ് തകര്‍ച്ച, 2002-ലെ ഗുജറാത്ത് കലാപം, തീവ്രഹിന്ദുത്വത്തില്‍ അധിഷ്‌ഠിതമായ ആര്‍ എസ് എസ്സിന്റെ രാഷ്‌ട്രീയ നയങ്ങള്‍, ഇതെല്ലാം കൂടിച്ചേരുന്നൊരു ഭീതിയുടെ സമവാക്യം മോഡിയെന്ന ആള്‍രൂപത്തിലൂടെ ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ താക്കോല്‍ സ്ഥാനത്തെത്തുമ്പോള്‍ അതിനെ ആശങ്കയോടെ മാത്രമേ ഏതൊരു പൗരനും വീക്ഷിക്കാനാവൂ.
ഗുജറാത്തില്‍ ഒരുപക്ഷേ മോഡിക്ക് വീണ്ടും അധികാരത്തില്‍ എത്താന്‍ കഴിഞ്ഞേക്കാം. ഭീഷണിയുടെയും പൊള്ളയായ അവകാശവാദങ്ങളുടെയും പശ്ചാത്തലമുണ്ടതിന്. എന്നാല്‍ ഇന്ത്യ മുഴുവന്‍ അങ്ങനെയാണെന്ന് വിശ്വസിക്കാന്‍ തരമില്ല. അതുകൊണ്ടുതന്നെ മോഡി പ്രധാനമന്ത്രി പദത്തില്‍ എത്തുമെന്ന സാധ്യതകള്‍ക്ക് സമീപകാലത്തൊന്നും ഒരു ഭാവി പ്രതീക്ഷിക്കേണ്ടതില്ല.
0 comments: