അര്‍ഥവും ആഹ്ലാദവും പകരുന്ന പുസ്‌തകം

  • Posted by Sanveer Ittoli
  • at 10:52 PM -
  • 0 comments
അര്‍ഥവും ആഹ്ലാദവും പകരുന്ന പുസ്‌തകം

വായന -
പി എം എ ഗഫൂര്‍
ഒരാള്‍ മുസ്‌ലിമാവുക എന്നതിനര്‍ഥം അയാളൊരു ഇസ്‌ലാമിക പ്രവര്‍ത്തകനാവുക എന്നുകൂടിയണ്‌. വ്യക്തിപരമായ അടിസ്ഥാന ബാധ്യതകളിലൊന്ന്‌ എന്ന നിലയ്‌ക്കാണ്‌ ഇസ്‌ലാമിക പ്രബോധനത്തെ നിര്‍ണയിച്ചിട്ടുള്ളത്‌. ചിലയാളുകള്‍ മാത്രം നിര്‍വഹിക്കേണ്ട പ്രവര്‍ത്തനമല്ല, അത്‌. സ്‌ത്രീപുരുഷ വ്യത്യാസമില്ലാതെ, സ്ഥലകാല നിര്‍ണയമില്ലാതെ, ജോലിയിലോ പദവിയിലോ വ്യത്യാസമില്ലാതെ, രാവെന്നോ പകലെന്നോ ഇല്ലാതെ ആര്‍ക്കും എവിടെവെച്ചും അനുവദനീയമായ ഏതു മാര്‍ഗത്തിലൂടെയും പ്രബോധനം നിര്‍വഹിക്കാമെന്നതാണ്‌ ഇസ്‌ലാമിന്റെ പ്രത്യേകത. 
മുസ്‌ലിമിന്റെ അടിസ്ഥാന ബാധ്യതയായ ഇസ്‌ലാമിക പ്രബോധനത്തിന്റെ വ്യവസ്ഥാപിത സംവിധാനമെന്ന നിലയില്‍ സംഘടനയ്‌ക്ക്‌ ഇന്ന്‌ പ്രസക്തിയേറെയുണ്ട്‌. ബാധ്യതാ നിര്‍വഹണത്തിന്റെ സാമൂഹിക സംവിധാനമെന്ന നിലയില്‍ സംഘടനകള്‍ പ്രസക്തവുമാണ്‌. ഒരേ ഉന്നമുള്ളവര്‍ ഒരുമിച്ചുചേരുമ്പോള്‍ ഒരു സംഘടന സംഭവിക്കുന്നു. അത്ര ലളിതമായിരിക്കുമ്പോള്‍ തന്നെ, ശാസ്‌ത്രീയമായ ചിട്ടയും വ്യവസ്ഥാപിതത്വവും മികവുറ്റ നേതൃത്വവും കര്‍മസജ്ജരായ അണികളുമില്ലെങ്കില്‍ സംഘടനകള്‍ക്ക്‌ ആയുസ്സും ആത്മാവും നഷ്‌ടപ്പെടും. എളിമയുള്ള ജീവിതവും ഉന്നത ചിന്തയും തികവുള്ള വിജ്ഞാനവും പുതുക്കപ്പെടുന്ന ലോകബോധവുമുള്ള നേതൃത്വം തന്നെയാണ്‌ സംഘടനയുടെ ഒന്നാമത്തെ മൂലധനം. അങ്ങനെയല്ലാത്ത നേതൃത്വത്തെ ചോദ്യം ചെയ്യാന്‍ കെല്‍പ്പുള്ള പോരാളികളാകണം അണികള്‍. ഭൗതിക സൗകര്യങ്ങള്‍ വളരെക്കുറവായിരുന്നാലും അങ്ങനെയുള്ള സഘടനയ്‌ക്ക്‌ പിടയ്‌ക്കാത്ത ജീവനും നിലയ്‌ക്കാത്ത പ്രവാഹവുമുണ്ടാകും. ഇല്ലെങ്കില്‍ വഴിയില്‍ തടഞ്ഞുനില്‍ക്കും. ഉത്തരങ്ങള്‍ നല്‍കേണ്ടിടത്ത്‌ ന്യായങ്ങള്‍ പരതുന്ന അവസ്ഥ വരും. ലോകവേഗത്തെ തിരിച്ചറിയാത്ത ഗുഹാവാസികളായിപ്പോകും അങ്ങനെയുള്ളവര്‍.

ഇസ്‌ലാമിക സഘടനയുടെ ഫ്രയിമു ം കര്‍മരീതിയും വിശകലനം ചെയ്‌ത്‌, ചോദ്യവും കരുതലും മുന്നറിയിപ്പും പകര്‍ന്ന്‌, സഘടനാ പ്രവര്‍ത്തകന്റെ സ്വകാര്യവും പരസ്യവും സാമ്പത്തികവും കുടുംബപരവും സാമൂഹികവുമായ ജീവിതത്തെ വിചാരണ ചെയ്‌തുകൊണ്ടുള്ള എഴുത്തുകള്‍ നമ്മുടെ ഭാഷയില്‍ തീരെയില്ലെന്ന്‌ തന്നെ പറയാം. അത്തരമൊരു ശൂന്യതയെ ഏറെ ഭംഗിയായി നികത്തിത്തരുന്ന പുസ്‌തകമാണ്‌ മുജീബുര്‍റഹ്‌മാന്‍ കിനാലൂരിന്റെ സംഘടന ഒരു പാഠശാല.
ഉപചാരങ്ങളുടെയും പതിവുകളുടെയും അപ്പുറത്ത്‌, സംഘടനാ ജീവിതം എത്രമാത്രം അര്‍ഥവത്തായ ദൗത്യങ്ങള്‍ നിര്‍വഹിക്കാനുള്ളതാണെന്ന്‌ ഈ പുസ്‌തകം പറഞ്ഞുതരുന്നുണ്ട്‌. ദൗത്യബോധവും സമര്‍പ്പണമനസ്സും വരുംകാലത്തെ കാണാനുള്ള ദീര്‍ഘദൃഷ്‌ടിയുമുള്ളവരെ കൊണ്ട്‌ മാത്രമേ സംഘടനാപ്രവര്‍ത്തനം അര്‍ഥസമ്പന്നമാകൂവെന്ന്‌ പുസ്‌തകം മുന്നറിയിപ്പ്‌ നല്‍കുന്നു. ചരിത്രത്തെക്കുറിച്ചുള്ള അവകാശവാദങ്ങളെക്കാള്‍ ചരിത്രസൃഷ്‌ടിപ്പില്‍ ഭാഗധേയം നിര്‍വഹിക്കുന്നിടത്താണ്‌ സംഘാടകന്റെ വിജയം അടയാളപ്പെടുന്നതെന്ന്‌ മുന്നറിയിപ്പ്‌ തരുന്നു. വിഭവശേഷിയെക്കുറിച്ചുള്ള ആശങ്കകളെക്കാള്‍, സമര്‍പ്പിതമാനസരായ നേതൃത്വത്തെയും പ്രവര്‍ത്തകരെയും രൂപപ്പെടുത്തുന്നതിലാകണം ശ്രദ്ധയെന്നും ആണയിടുന്നു. ചുറ്റുമുള്ള സാമൂഹിക യാഥാര്‍ഥ്യങ്ങളെ വിസ്‌മരിച്ചുകൊണ്ടുള്ള സംഘടനാ ശൈലിയുടെ അപകടങ്ങളിലേക്ക്‌ ചൂണ്ടുന്നു.
സംഘബോധവും സംഘടനയും, പ്രബോധനം ധാര്‍മിക ചുമതല, ത്യാഗം സഹനം, പ്രവത്തകന്റെ സ്വകാര്യജീവിതം, കുടുംബജീവിതം, സഹപ്രവര്‍ത്തകര്‍ക്കിടയില്‍, പ്രവര്‍ത്തകന്റെ പൊതുജീവിതം, അനിവാര്യ ഗുണങ്ങള്‍, നേതാവും അനുയായിയും, സംഘടനാ യോഗങ്ങള്‍, പദ്ധതികള്‍, പൊതുപരിപാടികള്‍, പരിശീലനക്കളരി, ഓഫീസ്‌ പ്രമാണങ്ങള്‍, ആഭ്യന്തര ഭദ്രതയും പ്രവര്‍ത്തന ഏകോപനവും, നിലപാടുകളിലെ മധ്യമ മാര്‍ഗം, ആശയവിനിമയവും പൊതുബന്ധവും, പ്രശ്‌ന നിവാരണ തന്ത്രങ്ങള്‍, വിജയമന്ത്രങ്ങള്‍, ടൈം മാനേജ്‌മെന്റ്‌, പ്രവര്‍ത്തനങ്ങളില്‍ ആത്മശാന്തി, സഘടനാ വിരുദ്ധതയുടെ വേരുകള്‍... ഇങ്ങനെ പോകുന്നു പുസ്‌തകത്തിന്റെ അകക്കാമ്പ്‌.
അതീവ പ്രധാനമായ വിഷയങ്ങള്‍ പറയുമ്പോഴും അങ്ങേയറ്റത്തെ ലാളിത്യത്തോടെ അവതരിപ്പിക്കുന്ന ഈ പുസ്‌തകം വായനക്കാരന്റെ ജീവിതത്തിലും ശീലങ്ങളിലും ശൈലിയിലും ഇളക്കങ്ങള്‍ സൃഷ്‌ടിക്കും. സംഘടനയിലും വ്യക്തിജീവിതത്തിലും കുടുംബത്തിനുള്ളിലും സമൂഹചലനങ്ങളിലും വിജയംവരിക്കാനുള്ള വഴികള്‍ നല്‍കുന്ന വരികളാണ്‌ 148 താളുകളുള്ള സംഘടന ഒരു പാഠശാല.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: