ഹൈദരാബദ് സ്‌പോടനം അന്വേഷണം എന്തുകൊണ്ട്‌്‌ പരാജയപ്പെടുന്നു?

  • Posted by Sanveer Ittoli
  • at 8:11 PM -
  • 0 comments
ഹൈദരാബദ് സ്‌പോടനം അന്വേഷണം എന്തുകൊണ്ട്‌്‌ പരാജയപ്പെടുന്നു?

വിവ. യഹ് യ പരൊത്തയിൽ
എല്ലാ സ്‌ഫോടനങ്ങളെയും തുടര്‍ന്നുവരുന്ന അന്വേഷണങ്ങള്‍ക്ക്‌ സാധാരണ സംഭവിക്കാറുള്ളത്‌ പോലെ തന്നെ ഹൈദരാബാദ്‌ ദില്‍ഖുഷ്‌നഗര്‍
സ്‌ഫോടനക്കേസ്‌ അന്വേഷണത്തിന്റെലും പക്ഷപാതിത്വവും തെറ്റിദ്ധരിപ്പിക്കലും മാധ്യമ ആക്രമണവും അരങ്ങുതകര്‍ക്കുകയാണ്‌. സ്ഥിരം സംശയിക്കപ്പെടുന്നവരെയും (suspects) നിഴല്‍സംഘങ്ങളെയും തന്നെയാണ്‌ ഹൈദരാബാദ്‌ സ്‌ഫോടനക്കേസിന്റെയും നടത്തിപ്പുകാരായി ഉയര്‍ത്തിക്കാട്ടുന്നത്‌.
എന്നാല്‍ ഇതില്‍ അത്ഭുതപ്പെടാനെന്തെങ്കിലും ഉണ്ടോ? ആര്‍ എസ്‌ എസ്സിനും ബി ജെ പിക്കും അവരുടെ പോഷക സംഘടനകള്‍ക്കും ക്ലീന്‍ചിറ്റ്‌ കൊടുക്കുന്ന രീതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി നടത്തിയ നാണംകെട്ട പ്രസ്‌താവനയ്‌ക്ക്‌ തൊട്ടടുത്ത ദിവസം തന്നെ അന്വേഷണ സംഘങ്ങള്‍ക്ക്‌ കിട്ടുന്ന സന്ദേശം പകല്‍ വെളിച്ചം പോലെ വ്യക്തമല്ലേ? ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ഹിന്ദുത്വ സംഘടനകള്‍ക്കുള്ള പങ്കിലേക്ക്‌ വിരല്‍ചൂണ്ടുന്ന തെളിവുകളും അവര്‍ക്കെതിരിലുള്ള മിക്കവാറും എല്ലാ ആരോപണങ്ങളും രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി തന്നെ നിഷേധിക്കുമ്പോള്‍ അന്വേഷണ സംഘങ്ങള്‍ തങ്ങളുടെ ദൗത്യനിര്‍വഹണത്തില്‍ എല്ലാ കോണുകളും സാധ്യതകളും സത്യസന്ധമായി പരിശോധിക്കുമെന്ന്‌ നമുക്ക്‌ വിശ്വസിക്കാമോ? അവരുടെ മുന്‍കാല റെക്കോര്‍ഡുകള്‍ ഒരു ശുഭാപ്‌തി വിശ്വാസവും തരുന്നില്ല എന്നതാണ്‌ സത്യം! 2007-ലെ മക്കാമസ്‌ജിദ്‌ സ്‌ഫോടനക്കേസില്‍ അസീമാനന്ദയും കൂട്ടരും കുറ്റവിചാരണ നേരിട്ടുകൊണ്ടിരിക്കുന്നു എന്നും ഓര്‍ക്കുക. അഫ്‌സല്‍ ഗുരുവിനെയും കസബിനെയും തൂക്കിലേറ്റിയതിനോടുള്ള പ്രതികരണമാകാം ഹൈദരാബാദ്‌ ഇരട്ടസ്‌ഫോടനങ്ങള്‍ എന്ന്‌ ഊന്നിപ്പറയുന്നതിലൂടെ സത്യത്തില്‍ ആഭ്യന്തരമന്ത്രി തന്നെ ചെയ്‌തത്‌ ഏതെങ്കിലും തരത്തിലുള്ള നിഷ്‌പക്ഷ അന്വേഷണങ്ങള്‍ക്കുള്ള സാധ്യതകള്‍ കൊട്ടിയടക്കുകയാണ്‌.
ഹൈദരാബാദ്‌ പോലീസിനെ വിശ്വസിക്കാമോ?
മക്കാമസ്‌ജിദ്‌ സംഭവങ്ങളെ തുടര്‍ന്ന്‌ മുസ്‌ലിം മൊഹല്ലകളില്‍ നരനായാട്ട്‌ നടത്തുകയും നിരവധി ചെറുപ്പക്കാരെ വളഞ്ഞിട്ടുപിടിച്ച്‌ സ്വകാര്യ കളപ്പുരകളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും, ഉഗ്രശേഷിയുള്ള ആര്‍ ഡി എക്‌സും ജിഹാദി സാഹിത്യങ്ങളും ആയുധങ്ങളും സ്‌ഫോടകവസ്‌തുക്കളും കണ്ടെടുത്തുവെന്നും, ലാപ്‌ടോപും സെല്‍ഫോണ്‍ റെക്കോര്‍ഡുകളും തീവ്രവാദ പരിശീലനങ്ങള്‍ക്കായി ഈ ചെറുപ്പക്കാര്‍ വിദേശ രാജ്യങ്ങളിലേക്ക്‌ യാത്ര ചെയ്‌തതിന്റെ രേഖകളും പിടിച്ചെടുത്തുവെന്നുമൊക്കെ ആരോപിച്ച അതേ ഹൈദരാബാദ്‌ പോലിസിനെ തന്നെയാണ്‌ ദില്‍കുഷ്‌ നഗര്‍ സ്‌ഫോടന അന്വേഷണവും ഏല്‌പിച്ചിരിക്കുന്നത്‌! ഇപ്പറഞ്ഞ എല്ലാ ആരോപണങ്ങളും പച്ചക്കള്ളങ്ങളായിരുന്നുവെന്ന്‌ പിന്നീട്‌ തെളിയിക്കപ്പെട്ടു. പീഡനം വഴി നേടിയെടുത്ത കുറ്റസമ്മതങ്ങളല്ലാതെ കുറ്റാരോപിതര്‍ക്കെതിരെ മറ്റൊരു തെളിവും ഹാജരാക്കാന്‍ പോലിസിനായില്ല എന്ന്‌ നിരീക്ഷിച്ച്‌ അഡീഷണല്‍ മെട്രോപൊളിറ്റന്‍ സെഷന്‍സ്‌ ജഡ്‌ജ്‌ കേസ്‌ തള്ളുകയായിരുന്നല്ലോ. ഈ കുറ്റസമ്മതങ്ങള്‍ സംഘടിപ്പിച്ചത്‌ മൃഗീയവും നിഷ്‌ഠൂരവുമായ പീഡനങ്ങള്‍ മുഖേനയാണെന്ന കാര്യം വ്യക്തമാണെന്ന്‌ അഡ്വ. രവി ചന്ദര്‍ റിപ്പോര്‍ട്ടില്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്‌തിരുന്നു.
ഹൈദരാബാദ്‌ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘങ്ങള്‍ മുമ്പ്‌ ചെന്ന അതേ വാതിലുകളില്‍ തന്നെയാണ്‌ ഇപ്പോള്‍ മുട്ടുന്നത്‌ എന്ന്‌ കരുതേണ്ടിയിരിക്കുന്നു. ഡോ. ഇബ്‌റാഹിം അലി ജുനൈദിനെ ഫോണില്‍ പിന്തുടരുകയും മുഹമ്മദ്‌ റഈസുദ്ദീന്‍, മുഹമ്മദ്‌ അസ്‌മത്ത്‌, അര്‍ഷദ്‌ ഖാന്‍, അബ്‌ദുര്‍റഹീം, അബ്‌ദുല്‍ കരീം എന്നിവരെ ചോദ്യം ചെയ്യാനായി പിടിച്ചു വെക്കുകയും ചെയ്‌തിരിക്കുന്നു. ഒരേ വിഭാഗത്തില്‍ പെട്ട ആളുകളെ ലക്ഷ്യംവെക്കുന്നു എന്ന്‌ മാത്രമല്ല അതിനവര്‍ തെരഞ്ഞെടുത്ത രീതികളും 2007-ലേതില്‍ നിന്ന്‌ ഒട്ടും ഭിന്നമല്ല. 2007-ലെ ഭീതിദ രംഗങ്ങള്‍ ഓര്‍മ്മിപ്പിക്കും വിധം കുടുംബങ്ങളെ അറിയിക്കാതെയുള്ള നിഗൂഢമായ റാഞ്ചലുകള്‍ ആവര്‍ത്തിക്കുന്നു.
2007-ലെ മക്കാമസ്‌ജിദ്‌ സ്‌ഫോടനക്കേസിന്റെ കള്ളക്കഥകള്‍ മെനയാന്‍ മേല്‍നോട്ടം വഹിച്ച പോലീസുകാര്‍ എന്തുകൊണ്ട്‌ ശിക്ഷിക്കപ്പെടുന്നില്ല? മനപ്പൂര്‍വം കള്ളക്കഥകള്‍ കെട്ടിയുണ്ടാക്കുകയും ഒരു യഥാര്‍ഥ കേസന്വേഷണം താളംതെറ്റിക്കുകയും ചെയ്‌ത പൊലീസുകാരെയാണ്‌ ആദ്യം ശിക്ഷിക്കേണ്ടത്‌ എന്നതാണ്‌ ഹൈദരാബാദ്‌ അന്വേഷണങ്ങള്‍ ആവശ്യപ്പെടുന്നത്‌. ഇപ്പോഴുണ്ടായ ഇരട്ടസ്‌ഫോടന അന്വേഷണങ്ങളുടെ ഗതിയെ സ്വാധീനിക്കാന്‍ ഈ പൊലീസുകാര്‍ ഇനിയും ശ്രമിക്കില്ലെന്ന്‌ എന്തുറപ്പാണുള്ളത്‌? പഴയ കള്ളക്കേസിലെ ഇരകളില്‍ പലരും, തങ്ങളെ നിയമവിരുദ്ധമായി തടങ്കലില്‍ വെച്ചതിനും പീഡിപ്പിച്ചതിനും നഷ്‌ടപരിഹാരം തേടി കോടതിയില്‍ സിവില്‍ കേസുകള്‍ കൊടുത്തിരിക്കുകയാണ്‌. 2007-ലെ ഈ നെറികേടില്‍ നിന്നുണ്ടായ മാനക്കേടിന്‌ പകരംചോദിക്കാന്‍ തങ്ങളുടെ പഴയ ഇരകളെ ഇവര്‍ വീണ്ടും വേട്ടയാടില്ലെന്ന്‌ നാം വിശ്വസിക്കണോ?
സാമുദായികവേട്ടയിലും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലും ആന്ധ്ര-ഗുജറാത്ത്‌ പോലീസ്‌ സേനകളുടെ ഒത്തുകളികളും കൂട്ടിക്കൊടുപ്പും ഉണ്ടോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. റഈസുദ്ദീനെയും മറ്റും തടങ്കലില്‍ വെച്ചതില്‍ നിന്നും, പേടിച്ചത്‌ തന്നെ സംഭവിക്കുന്നു എന്ന്‌ വ്യക്തമായിക്കൊണ്ടിരിക്കുന്നു. ഗുജറാത്തിലെ ഏറ്റുമുട്ടല്‍ വിദഗ്‌ധനായ നരേന്ദ്ര അമിന്‍ നിഷ്‌ഠൂരം വെടിവെച്ചുകൊന്ന മുജാഹിദ്‌ സാലിം ഇസ്‌ലാഹിയുടെ കൊലപാതകക്കേസിലെ മുഖ്യ സാക്ഷിയാണ്‌ റഈസുദ്ദീന്‍. ഈ ഏറ്റുമുട്ടല്‍ വിദഗ്‌ധന്‍, സൊഹ്‌റാബുദ്ദീന്‍ വ്യാജഏറ്റുമുട്ടല്‍ കേസില്‍ ഇപ്പോള്‍ തടവിലാണ്‌. രണ്ടു സംസ്ഥാന പോലീസുകളുടെയും `സഹകരണം' പുറത്തുകൊണ്ടുവന്ന മറ്റൊരു കേസാണിത്‌.
നരേന്ദ്ര അമിനെതിരെയുള്ള കേസുമായി മുമ്പോട്ട്‌ പോകാനുള്ള യാതൊരു താല്‍പര്യവും ഗുജറാത്ത്‌ പോലീസ്‌ കാണിക്കുന്നില്ല എന്നത്‌ ശ്രദ്ധേയമാണ്‌. ഒരു പ്രാവശ്യമെങ്കിലും കസ്റ്റഡിയും ആവശ്യപ്പെട്ടിട്ടില്ല. ഇതില്‍ നിന്ന്‌ മനസ്സിലാകുന്നത്‌ ഇപ്പോള്‍ റഈസുദ്ദീനു മേല്‍ ചാര്‍ത്തിയിരിക്കുന്ന കേസുകള്‍ അയാളെ മറ്റു കേസുകളിലെ സാക്ഷിത്വത്തില്‍ നിന്ന്‌ പിന്‍വാങ്ങിക്കാന്‍ നടത്തുന്ന ഭീഷണികളാണെന്നാണ്‌. ഹൈദരാബാദിലെ ചെറുപ്പക്കാര്‍ക്കെതിരെയുള്ള ഒട്ടുമിക്ക തീവ്രവാദകേസുകളും 2004-ലെ ഈ കേസുമായി ബന്ധപ്പെട്ടതാണ്‌. ചുരുക്കത്തില്‍, തങ്ങള്‍ കടുത്ത വര്‍ഗീയതയും പക്ഷപാതിത്വവും കൊണ്ടുനടക്കുന്നവരാണെന്ന്‌ ഹൈദരാബാദ്‌ പൊലീസ്‌ ഇതിനകം തെളിയിച്ചുകഴിഞ്ഞു. അതിനാല്‍ തന്നെ ദില്‌കുഷ്‌ നഗര്‍ സ്‌ഫോടനക്കേസ്‌ അന്വേഷണം അവരെ എല്‍പിക്കാവതല്ല.
മാധ്യമ വിചാരണ:കേട്ടെഴുത്തുകാര്‍ തിരിച്ചുവരുന്നു
പത്രപ്രവര്‍ത്തന വൈദഗ്‌ധ്യത്തിന്റെയും നൈതികതയുടെയും അഭാവവും തലതിരിഞ്ഞ `ദേശതാല്‍പര്യ'വും, എങ്ങനെയും റേറ്റിംഗ്‌ കൂട്ടാനുള്ള വ്യഗ്രതയുമൊക്കെ ബ്രേക്കിംഗ്‌ ന്യൂസുകളെ കൊണ്ടുചെന്നെത്തിച്ചത്‌ വിനാശകരമായ അവിയല്‍ പരുവത്തിലേക്കാണ്‌. മാധ്യമങ്ങളുടെ ചേരുംപടി ചേര്‍ത്തുള്ള തുടര്‍ വാര്‍ത്തകളെ നമിക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ മുന്‍ അബദ്ധങ്ങളില്‍ നിന്ന്‌ പാഠംപഠിക്കാനുള്ള മാധ്യമങ്ങളുടെ വിമുഖതയും ഒരേസമയം ജൂറിയും ജഡ്‌ജും ആരാച്ചാരുമായി വേഷംകെട്ടാനുള്ള അവരുടെ വ്യഗ്രതയും അതിശയിപ്പിക്കുന്നത്‌ തന്നെ. ഈയടുത്ത്‌ കൊലചെയ്യപ്പെട്ട എം ക്യു എം നേതാവ്‌ മന്‍സാര്‍ ഇമാമിനെ ഈ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായി നമ്മുടെ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാലും അത്ഭുതപ്പെടാനില്ല. എം ക്യു എം, എം ഐ എം, ഇന്ത്യന്‍ മുജാഹിദീന്‍.... ആരായാലെന്ത്‌, താടിവെച്ച മുഖവും യോജിച്ച ഒരു പേരുമുണ്ടെങ്കില്‍!
കുറ്റസമ്മതങ്ങളും ചോദ്യംചെയ്യല്‍ റിപ്പോര്‍ട്ടുകളും െ്രെപം ടൈമില്‍ നാടകീയമായി അവതരിപ്പിക്കുകയാണ്‌. ദുബയ്‌ വഴിയുള്ള ഹവാലാ പണത്തെപ്പറ്റിയും ദുരൂഹമായ ഗൂഢാലോചനകളെ കുറിച്ചുമൊക്കെയുള്ള ശ്വാസമടക്കിപ്പിടിച്ചുള്ള അവതരണങ്ങള്‍ കൊഴുക്കുമ്പോള്‍ ഒരു അപരാധിയുടെ ചിത്രം സാവധാനം തെളിഞ്ഞുവരികയായി. കുറ്റാരോപിതരെ നാളുകളോളം തടങ്കലില്‍ വെക്കുന്നതിന്‌ ഇവയൊന്നും നിമിത്തമാകുമായിരുന്നില്ലെങ്കില്‍, റേറ്റിംഗ്‌ കൂട്ടാനുള്ള വെറും തുറുപ്പുശീട്ടുകളായി മാധ്യമങ്ങളുടെ ഈ കവലക്കോടതികളെ നമുക്ക്‌ അവഗണിക്കാമായിരുന്നു. ഒരുപക്ഷെ പല കേസുകളിലും ഇത്തരം മാധ്യമ വിചാരണയ്‌ക്ക്‌ കോടതികളുടെ അന്തിമ വിധിയെ സ്വാധീനിക്കാന്‍ കഴിയില്ലായിരിക്കാം. എന്നാല്‍ കുറ്റാരോപിതര്‍ക്ക്‌ നിരന്തരമായി ജാമ്യം നിഷേധിക്കപ്പെടാനും ഇരകളുടെ ജാമ്യാപേക്ഷ സമര്‍പ്പിക്കപ്പെടാതിരിക്കാനും ഈ മാധ്യമ വിചാരണകള്‍ സമ്മര്‍ദമായി വര്‍ത്തിക്കാറുണ്ട്‌.
ആറുമാസം മുമ്പാണ്‌ ഡെക്കാന്‍ ഹെറാള്‍ഡ്‌ പത്രത്തിന്റെ ലേഖകനായ മുതീഉര്‍റഹ്‌മാന്‍ സിദ്ദീഖിയെ `അക്രമണോത്സുക ഇസ്‌ലാമിന്റെ ആധുനിക മുഖം' എന്ന്‌ ഇവര്‍ ആഘോഷിച്ചു നടന്നത്‌. `ഇന്ത്യന്‍ മുജാഹിദീന്‍' എന്ന ബഹുമുഖ സംഘടനയ്‌ക്ക്‌ സമൂഹത്തിന്റെ ഏതുതുറയിലും എജന്റുമാര്‍ ഉണ്ടെന്നതിന്‌ വ്യക്തമായ തെളിവായും ഈ ഇരുപത്തേഴുകാരനെ ഉയര്‍ത്തിക്കാട്ടി. എന്നാല്‍ ഇതുവരെ മുതീഉര്‍റഹ്‌മാനോ അയാളുടെ കൂടെ അറസ്റ്റുചെയ്യപ്പെട്ട രണ്ടു സുഹൃത്തുക്കള്‍ക്കോ എതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ എന്‍ ഐ എ പരാജയപ്പെട്ടപ്പോള്‍ ഈ മുസ്‌ലിം ചെറുപ്പക്കാരെ നീണ്ട ആറുമാസം അഴിക്കുള്ളില്‍ തളച്ചിടാന്‍ മാധ്യമ ഹൈപ്പുകള്‍ക്ക്‌ കഴിഞ്ഞു എന്നതാണ്‌ വാസ്‌തവം. (തെളിവില്ലെന്ന്‌ കണ്ട്‌ ഫെബ്രുവരി 26-ന്‌ മുതീഉര്‍റഹ്‌മാന്‍ സിദ്ദീഖിയെ കോടതി വെറുതെ വിട്ടു). സംശയാതീതമായി കുറ്റം തെളിയിക്കപ്പെട്ടിരുന്നില്ലെങ്കിലും പ്രതികാരവാഞ്‌ഛയുടെ ഒരു പൊതുബോധം കുറ്റാരോപിതനെതിരെ സമൂഹത്തില്‍ സൃഷ്‌ടിച്ചെടുക്കാന്‍ ഇത്തരം ഏകപക്ഷീയ വാര്‍ത്താവിവരണം കാരണമാകാറുണ്ട്‌. മാധ്യമങ്ങളുടെ ഈ ശക്തിയാണ്‌ അവരുടെ ദുരഹന്തയും.
അന്വേഷണ എജന്‍സികള്‍ അറിഞ്ഞുകൊണ്ട്‌ ചോര്‍ത്തിക്കൊടുക്കുന്ന അപ്പക്കഷ്‌ണങ്ങളില്‍ അന്ധമായി വിശ്വസിച്ചും സ്‌കൂപ്പായി അവതരിപ്പിച്ചും കവലവിചാരണകള്‍ പൊടിപൊടിക്കുമ്പോള്‍ തങ്ങള്‍ ചവിട്ടിയരയ്‌ക്കുന്നത്‌ മനുഷ്യജീവനുകളാണെന്ന കാര്യം ഇവര്‍ മറന്നു പോകുന്നു. ഒരു കേസിലെ കുറ്റാരോപിതനെതിരെ മുന്‍വിധിയോടെയുള്ള തീരുമാനമെടുക്കാന്‍ മാധ്യമ വിചാരണ പ്രേരിപ്പിക്കുന്നു എന്ന്‌ ഈയടുത്ത്‌ ഇന്ത്യന്‍ ചീഫ്‌ ജസ്റ്റിസിന്‌ സമ്മതിക്കേണ്ടിവന്നു! അത്രയ്‌ക്കും ഭയാനകമാണ്‌ ഇന്നത്തെ അവസ്ഥ.
റിട്ടയേര്‍ഡ്‌ മേജര്‍ രമേശ്‌ ഉപാധ്യായയും, ഇപ്പോഴും സര്‍വീസിലുള്ള ആര്‍മി കേണല്‍ പുരോഹിതും തമ്മിലുള്ള സംഭാഷണം ഓര്‍ക്കുക. സ്‌ഫോടകവസ്‌തുക്കള്‍ സംഘടിപ്പിക്കാനുള്ള കഴിവുകള്‍ മാത്രമല്ല അവരുടെ അന്താരാഷ്‌ട്ര ബന്ധങ്ങളും അവയോടുള്ള വിധേയത്വവും വെളിവാക്കുന്നതായിരുന്നല്ലോ അത്‌. 
റിട്ട. മേജര്‍ രമേശ്‌ ഉപാധ്യായ: ``...ഉദാഹരണത്തിന്‌, ഹൈദരാബാദ്‌ പള്ളിയിലും മറ്റിടങ്ങളിലും സംഭവിച്ചത്‌ ഐ എസ്‌ ഐ ക്കാര്‍ ചെയ്‌തതൊന്നുമല്ല; നമ്മുടെ ആളാണ്‌ അത്‌ ചെയ്‌തത്‌. എന്റെടുത്തുള്ള അറിവ്‌ വച്ച്‌ അത്‌ ഇന്ന ആളാണെന്ന്‌ എനിക്ക്‌ പറയാന്‍ കഴിയും...''
ലെഫ്‌. കേണല്‍ പുരോഹിത്‌: ``...ഞാന്‍ രണ്ടു ഓപറേഷനുകള്‍ ചെയ്‌തിട്ടുണ്ട്‌. അവ രണ്ടും വിജയപ്രദമായിരുന്നു സ്വാമിജി (സ്വാമി ദയാനന്ദ്‌ പാണ്ഡെ). ഓപറേഷനുകള്‍ സംഘടിപ്പിക്കാന്‍ കഴിയും, സ്‌ഫോടകവസ്‌തുക്കളുടെ ദൗര്‍ലഭ്യതയും എനിക്കില്ല. വേണമെന്ന്‌ തീരുമാനിച്ചാല്‍ എനിക്കവ സംഘടിപ്പിക്കാനാകും.''
ലെഫ്‌. കേണല്‍ പുരോഹിത്‌: ``...ഞാന്‍ ഇസ്‌റാഈലുമായി ബന്ധം പുലര്‍ത്തി വരുന്നുണ്ട്‌. നമ്മുടെ ഒരു ക്യാപ്‌റ്റന്‍ ഇസ്‌റാഈല്‍ സന്ദര്‍ശിച്ചിട്ടുമുണ്ട്‌. നല്ല പ്രതികരണമാണ്‌ അവരില്‍ നിന്നുണ്ടായത്‌. അവരെന്നോട്‌ പറഞ്ഞത്‌, `പ്രായോഗിക തലത്തില്‍ ഞങ്ങള്‍ക്കെന്തെങ്കിലും കാണിച്ചു തരൂ' എന്നാണ്‌. മറ്റൊരുകാര്യം അവര്‍ പറയുന്നത്‌, ഇപ്പോഴത്തെ സാഹചര്യത്തില്‍ രണ്ടു വര്‍ഷത്തോളം അന്താരാഷ്‌ട്ര വേദിയില്‍ അവര്‍ക്ക്‌ നമ്മെ സഹായിക്കാന്‍ കഴിയില്ലെന്നാണ്‌; നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ചലിച്ചു തുടങ്ങുന്നത്‌ വരെ. എന്നാല്‍ രാഷ്‌ട്രീയ അഭയം ഏതു സമയത്തും ലഭ്യമാണ്‌; വെടിക്കോപ്പ്‌ സാമഗ്രികളും പരിശീലനങ്ങളും നമ്മള്‍ പ്രായോഗികത തെളിയിച്ചതിന്‌ ശേഷം മാത്രം. ഞാനത്‌ നേടിയെടുക്കാനുള്ള ശ്രമത്തിലാണ്‌...''
ഹേമന്ത്‌കര്‍ക്കരെ കണ്ടെടുത്ത ലാപ്‌ടോപ്പുകളിലെ പൂര്‍ണ വിവരങ്ങള്‍ക്കെന്തുപറ്റി? തീവ്ര വലതുപക്ഷ ഭീകരരുടെ പേരുവിവരങ്ങള്‍ പുറത്താകുന്നതൊഴിവാക്കാന്‍ അവയൊക്കെ നശിപ്പിച്ചിട്ടുണ്ടാകും എന്ന്‌ വേണം ഭയക്കാന്‍! ഒരുവശത്ത്‌ കുറ്റക്കാരനെന്നു സംശയിക്കപ്പെടുന്ന ഒരാളെ ചോദ്യംചെയ്‌ത റിപ്പോര്‍ട്ടുകള്‍ മുന്തിയ ഒരു തീവ്രവാദ വിരുദ്ധ ഏജന്‍സി മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തിക്കൊടുക്കുമ്പോള്‍ മറുവശത്ത്‌ ഈ രണ്ടു ലാപ്‌ടോപ്പുകളിലെ ഉള്ളടക്കത്തെപ്പറ്റി രഹസ്യ സ്വഭാവത്തോടെയുള്ള മൗനം പാലിക്കുന്നത്‌ അത്ഭുതകരം തന്നെ!
ലാപ്‌ടോപ്പുകളിലെ പൂര്‍ണ വിവരങ്ങള്‍ പകര്‍ത്തിയെടുത്ത്‌ എത്രയും വേഗം പൊതുമണ്ഡലത്തില്‍ വെക്കേണ്ടതാണ്‌. അവയൊന്നും കുറ്റസമ്മതങ്ങളോ വെളിപ്പെടുത്തലുകളോ പോലീസ്‌ കസ്റ്റഡിയിലുള്ളപ്പോള്‍ നടത്തിയ പ്രസ്‌താവനകളോ അല്ലല്ലോ. ഏതെങ്കിലും തരത്തിലുള്ള ഭയമോ സമ്മര്‍ദമോ കൂടാതെ അവര്‍ സ്വമേധയാ നടത്തിയ സംഭാഷണങ്ങള്‍ അവര്‍ തന്നെ റെക്കോര്‍ഡ്‌ ചെയ്‌തതാണ്‌.
ഒരു വശത്ത്‌ ബീഹാറിലെ നഗരഗ്രാമാന്തരങ്ങളില്‍ തേര്‍വാഴ്‌ച്ച നടത്തി എന്‍ ഐ എ സംഘങ്ങള്‍ `ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദി`കളെ ഓരോ പ്രാവശ്യവും പുതുതായി ചോദ്യം ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍, മറുവശത്ത്‌ ഒരാള്‍ സ്വതന്ത്രനായി വിരാജിക്കുന്നു. അജ്‌മീര്‍ സ്‌ഫോടനക്കേസിലെ കുറ്റപത്രത്തിലും, പുരോഹിതിന്റെ ചോദ്യം ചെയ്യലുകളിലും അസീമാനന്ദയുടെ കുറ്റസമ്മതങ്ങളിലും നിരന്തരം പേര്‌ പരാമര്‍ശിക്കപ്പെട്ട ഇന്ദ്രേഷ്‌ കുമാര്‍! ആര്‍ എസ്‌ എസ്സിന്റെ ദേശീയ എക്‌സിക്യുട്ടീവ്‌ അംഗവും സപ്രചാര്‍ പ്രമുഖും അജ്‌മീര്‍ സ്‌ഫോടനാസൂത്രണ രഹസ്യ യോഗങ്ങളിലെ സര്‍വസാന്നിധ്യവുമായിരുന്ന, ഇപ്പോള്‍ സൗകര്യപൂര്‍വ്വം കൊലചെയ്യപ്പെട്ട സുനില്‍ ജോഷിയുടെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക്‌ സാമ്പത്തികസഹായം ചെയ്‌തുവെന്ന്‌ അസീമാനന്ദ വെളിപ്പെടുത്തിയ അതേ ഇന്ദ്രേഷ്‌ കുമാര്‍. ഇയാളുടെ വീട്ടിലോ ഓഫീസിലോ ഒരു റെയ്‌ഡുമില്ല.
ഹൈദരാബാദിലെ ഒരു മദ്‌റസ ഇടിച്ചു നിരത്തുന്നതും അതിലെ അധ്യാപകനെ പിടിച്ചു ചോദ്യം ചെയ്യുന്നതുമൊക്കെയായിരിക്കാം നമ്മുടെ രാഷ്‌ട്രീയക്കാര്‍ക്ക്‌ കൂടുതല്‍ പ്രീതി സമ്പാദിച്ചുകൊടുക്കുക! അതുകൊണ്ട്‌ തന്നെ പ്രായംചെന്ന, രോഗഗ്രസ്‌തനായ, മിക്കവാറും അന്ധനായ മഅ്‌ദനിയെ ചോദ്യംചെയ്യാന്‍ പോകുന്നു എന്ന വിവരം വാര്‍ത്താമാധ്യമങ്ങളിലെ തങ്ങളുടെ സുഹൃത്തുക്കള്‍ വഴി `ഉന്നത ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍' പുറംലോകത്തെ അറിയിക്കുന്നു.
നാണംകെട്ട സ്ഥാപിത മുന്‍വിധികള്‍ അരങ്ങുവാഴുന്നത്‌ മാത്രമാണോ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്‌. അനീതി നടപ്പിലാക്കുന്നുവെന്ന്‌ ഉറപ്പാക്കുക മാത്രമല്ല അവ നടത്തുന്നുവെന്ന്‌ കാട്ടിക്കൊടുക്കുക കൂടിയാണ്‌ നമ്മുടെ നിയമവ്യവസ്ഥ ചെയ്‌തുകൊണ്ടിരിക്കുന്നത്‌ എന്നും തോന്നിപ്പോകും. `ഭീകരതയെ രാഷ്‌ട്രീയവത്‌കരിക്കാതിരിക്കുക' എന്ന്‌ പലരും നിഷ്‌കളങ്കതയോടെയെന്നോണം പറയുമ്പോഴും നാം അറിയേണ്ടത്‌, ഇതേ `ഭീകരത' തന്നെയായിരുന്നു കാലാകാലങ്ങളായുള്ള വൃത്തികെട്ട രാഷ്‌ട്രീയ കിടമത്സരങ്ങളുടെ പൊരുള്‍ എന്നതാണ്‌. ദുര്‍ബലമായ കരുക്കളെ കരുതലോടെ തെരഞ്ഞുപിടിക്കുന്നു. ആവേശഭരിതരായ വാര്‍ത്താമാധ്യമങ്ങളുടെയും ആര്‍ എസ്‌ എസ്‌, ബി ജെ പി കൂട്ടുകെട്ടിന്റെയും സമ്മര്‍ദത്താല്‍ ഹൈന്ദവ ഭീകരത തള്ളിപ്പറയപ്പെടുന്നു. കസബിനെ തൂക്കിലേറ്റുക വഴി ഭീകരവിരുദ്ധ പോരാട്ടത്തിന്റെ മുഖം മിനുക്കാന്‍ പുറപ്പെട്ട യു പി എയോ ശക്തരെന്നു കരുതുന്ന ബി ജെ പി യോ, ടീവിയില്‍ കൊലവിളി നടത്തുന്നവരോ ആരും തന്നെ, ഏറ്റവും വലിയ ഭീകരന്‍ അമേരിക്കയില്‍ ഒളിച്ചുപാര്‍ക്കുന്ന വിവരം ശ്രദ്ധിക്കുന്നേയില്ല. അയാള്‍ ഇന്ത്യയില്‍ ചെയ്‌തുകൂട്ടിയ ക്രൂരകൃത്യങ്ങള്‍ക്ക്‌ വിചാരണ ചെയ്യപ്പെടില്ലെന്ന കാര്യത്തില്‍ ആകുലരുമല്ല. ഹൈദരാബാദ്‌ സ്‌ഫോടനങ്ങളെ തുടര്‍ന്ന്‌ വിവിധ അന്വേഷണ ഏജന്‍സികള്‍ തുടര്‍ച്ചയായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ലഷ്‌കര്‍ വിളികള്‍ സത്യത്തില്‍ ആവശ്യപ്പെടേണ്ടത്‌ ഹെഡ്‌ലിയുടെ കൊണ്ടുവരവിനെയല്ലേ?
സത്യസന്ധവും നിഷ്‌പക്ഷവുമായ ഒരു അന്വേഷണം മാത്രമേ ദില്‌കുഷ്‌ നഗറിലെ ഹീനമായ ആക്രമണങ്ങളില്‍ ജീവന്‍ നഷ്‌ടപ്പെട്ടവര്‍ക്കുള്ള യഥാര്‍ഥ ആദരാഞ്‌ജലികളാകൂ. പക്ഷെ സങ്കടകരമെന്ന്‌ പറയട്ടെ, അതുണ്ടാകുമെന്ന്‌ തോന്നുന്നില്ല.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: