ജിന്ന് വിഭാഗം മുജാഹിദ് ഗ്രൂപ്പിലെ ഒരു പണ്ഡിതന്റെ പ്രസംഗത്തില്‍ ഇപ്രകാരം കേട്ടു: `യാ ഇബാദല്ലാഹ് അഈനൂനീ' (അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങള്‍ എന്നെ സഹായിക്കേണമേ) എന്ന് സഹായം തേടാന്‍ പഠിപ്പിക്കുന്ന ഹദീസനുസരിച്ച് അഹ്‌മദുബ്‌നു ഹമ്പലും ഇബ്‌നു അബീശൈബയും ഇബ്‌നു തൈമിയയും ശൗകാനിയും ഉള്‍പ്പെടെ അനേകം സലഫീ പണ്ഡിതന്മാര്‍ പ്രവര്‍ത്തിക്കുകയും അവര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്‌തിട്ടുണ്ട്.' -ഇതിനെക്കുറിച്ച് `മുസ്‌ലിമി'ന് പറയാനുള്ളത് എന്താണ്?
ഫാറൂഖ് എടത്തനാട്ടുകര
ഈ ഹദീസിന്റെ സനദ് (നിവേദകപരമ്പര) ന്യൂനതയില്ലാത്തതാണെന്ന് മേല്‌പറഞ്ഞ പണ്ഡിതന്മാരാരെങ്കിലും ഉറപ്പിച്ചു പറഞ്ഞിട്ടുണ്ടോ എന്നാണ് `മുസ്‌ലിമി'ന് അറിയേണ്ടത്. ഉത്തമ തലമുറകളെന്ന് നബി(സ) വിശേഷിപ്പിച്ച സൂക്ഷ്‌മതയുള്ള പൂര്‍വികരൊക്കെ സ്വീകരിച്ച നിലപാട് സ്വഹീഹല്ലാത്ത (സനദ് കുറ്റമറ്റതല്ലാത്ത) ഹദീസുകള്‍ പ്രമാണമായി സ്വീകരിക്കാതിരിക്കുക എന്നതായിരുന്നു. കേരളത്തിലെ പൂര്‍വകാല സലഫീ പണ്ഡിതന്മാരുടെ നിലപാടും ഇതുതന്നെയായിരുന്നു. `ഉസൂലുല്‍ ഹദീസ്' എന്നൊരു വിജ്ഞാനശാഖ നിലവില്‍ വന്നതും നിലനില്‌ക്കുന്നതും പതിനായിരക്കണക്കിന് ഹദീസുകളില്‍ നിന്ന് സഹീഹ് അല്ലാത്തവ തെരഞ്ഞൊഴിവാക്കാനുള്ള പ്രായോഗികമാര്‍ഗം എന്ന നിലയിലാകുന്നു. പ്രാമാണികരായ പണ്ഡിതന്മാര്‍ അസ്വീകാര്യമെന്ന് വിലയിരുത്തി ചവറ്റുകൊട്ടയില്‍ തള്ളിയ ഹദീസുകള്‍ക്ക് വീണ്ടും പ്രാമാണികത നല്‌കാന്‍ ശ്രമിച്ചാല്‍ അതിന്റെ ഫലം ഇസ്‌ലാമിന്റെ അഖണ്ഡത തകരുകയായിരിക്കും.
`അല്ലാഹുവിന്റെ അടിയന്മാരേ, നിങ്ങള്‍ എന്നെ സഹായിക്കണമേ' എന്ന് പറഞ്ഞുകൊണ്ട് ജിന്നുകളോടും മലക്കുകളോടും സഹായംതേടുന്നത് ശിര്‍ക്കല്ല, ഹറാമാണ് എന്നാണല്ലോ ഇവിടത്തെ ജിന്ന് വിഭാഗം പണ്ഡിതന്മാര്‍ പ്രസംഗിച്ചു നടക്കുന്നത്. അത് ശരിയാണെങ്കില്‍ അഹ്‌മദുബ്‌നു ഹമ്പലും ഇബ്‌നു തൈമിയയും ഹറാമായ കാര്യം ചെയ്‌തുകൊണ്ട് പ്രയോജനം നേടി എന്ന് വരില്ലേ? ഇത് യഥാര്‍ഥത്തില്‍ ആ പണ്ഡിതന്മാരെ അവഹേളിക്കലല്ലേ?
നീ സഹായം തേടുകയാണെങ്കില്‍ അത് അല്ലാഹുവോടായിരിക്കണം എന്നാണ് നബി(സ) കല്‌പിച്ചത്. അതനുസരിച്ച് തേടുന്ന സത്യവിശ്വാസികളെ അല്ലാഹു സഹായിക്കുന്നത് അവന്റെ സൃഷ്‌ടികളില്‍ ആര്‍ മുഖേനയും ആകാം. ഇസ്‌റാഈല്യര്‍ക്ക് `മന്നും സല്‍വയും' ഇറക്കിക്കൊടുത്ത രീതിയിലും നമ്മെ സഹായിച്ചെന്ന് വരാം. അല്ലാഹു എന്തിനും കഴിവുള്ളവനാണ്.
0 comments: