അനുഭുതി പകരുന്ന അത്മീയത

  • Posted by Sanveer Ittoli
  • at 3:48 AM -
  • 0 comments
അനുഭുതി പകരുന്ന അത്മീയത

സയ്യിദ്‌ അബ്‌ദുര്‍രഹ്‌മാന്‍
ഇതര ജീവികളില്‍ നിന്ന്‌ മനുഷ്യനെ വ്യതിരിക്തനാക്കുന്നത്‌ അവന്റെ ബുദ്ധിയാണെന്നും വിവേചനശേഷിയാണെന്നും, ചിന്താശേഷിയാണെന്നും ധൈഷണിക ഭാവമാണെന്നുമൊക്കെ ജീവശാസ്‌ത്ര ലോകത്തും സാമൂഹ്യശാസ്‌ത്രലോകത്തും ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്‌. എന്നാല്‍ മനുഷ്യാസ്‌തിത്വത്തിലെ അതുല്യവും അത്ഭുതാവഹവുമായ ഘടകം ഏകമുഖമായ ഈ വിശകലനത്തില്‍ നിഷേധിക്കപ്പെടുകയോ നിരാകരിക്കപ്പെടുകയോ ചെയ്യുന്നു. ദൃശ്യമല്ലാത്തതും അനുഭവവേദ്യമല്ലാത്തതും നിര്‍വചിക്കാനാവില്ലെന്നും പലരും നിര്‍വചിക്കപ്പെടാന്‍ കഴിയാത്തതിന്‌ അസ്‌തിത്വമില്ലെന്നും ഭൗതികവാദികള്‍ വിശ്വസിക്കുന്നു. ഭൗതിക വാദത്തിന്റെ സൂക്ഷ്‌മദര്‍ശനിയിലൂടെ ദര്‍ശിക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ മനുഷ്യനെ വ്യതിരിക്തനാക്കിയ ആത്മാവ്‌ ഇന്നും ജീവശാസ്‌ത്രലോകത്ത്‌ അംഗീകരിക്കപ്പെടാത്ത കേവല സമസ്യയാണ്‌.

അദൃശ്യനായ ദൈവത്തിന്റെ ആസ്‌തിക്യത്തെ നിരാകരിക്കുന്ന വിധം തന്നെയാണ്‌ മനുഷ്യനിലെ ആത്മീയതലത്തെയും ശാസ്‌ത്രം നിഷേധിക്കുന്നത്‌. മനുഷ്യനെ ഇതര സൃഷ്‌ടിജാലങ്ങളില്‍ നിന്ന്‌ വേര്‍തിരിക്കുന്നതില്‍ പ്രധാനം അവനിലെ ആത്മാവ്‌ തന്നെയാണ്‌. മതഗ്രന്ഥങ്ങളെല്ലാം വളരെ പ്രാധാന്യത്തോടെയാണ്‌ ആത്മാവിനെ ചര്‍ച്ച ചെയ്‌തിട്ടുള്ളത്‌. ശരീരവും ആത്മാവുമെന്ന രണ്ട്‌ തലങ്ങളുടെ സമന്വയമാണ്‌ മനുഷ്യന്‍. അതുകൊണ്ടു തന്നെ മനുഷ്യന്റെ പൂര്‍ണത എന്നത്‌ ഇവ രണ്ടിന്റെയും സജീവതയാണ്‌. മനുഷ്യശരീരം ഭൗമികമാണ്‌, ആത്മാവ്‌ അഭൗമികവുമാണ്‌. ശരീരവും ആന്തരിക ബാഹ്യ അവയവങ്ങളുടെ നിര്‍മിതിയും സാധ്യമായത്‌ ഭൂമിയിലുള്ള മുഖ്യധാതുവായ മണ്ണില്‍ നിന്നാണ്‌ എന്ന്‌ വേദഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ട്‌.
എന്നാല്‍ ശരീരത്തില്‍ കുടികൊള്ളുന്ന ആത്മാവെന്ന അതുല്യാസ്‌തിത്വം തികച്ചും ദൈവികമാണ്‌. മനുഷ്യനെ കേവലം സൂപ്പര്‍ ആനിമലായി വിലയിരുത്തുന്ന ഭൗതികവാദത്തിന്റെ വിഭാവനയ്‌ക്കും വിലയിരുത്തലുകള്‍ക്കുമപ്പുറമാണ്‌ മനുഷ്യാസ്‌തിത്വം എന്ന്‌ തിരിച്ചറിയുമ്പോഴാണ്‌ `ഞാന്‍' എന്ന ഞാന്‍ ആരാണെന്നറിയുന്നത്‌. ``ആത്മാവ്‌ അത്‌ മനുഷ്യാധാരമാണ്‌, അത്‌ മനുഷ്യനിലെ ദൈവിക വൈഭവത്തിന്റെ പ്രകാശനമാണ്‌'' (ഇമാം ഗസ്സാലി, കീമിയാഉ സ്സആദ)
മനുഷ്യജീവിതത്തിന്റെ സന്തുലിത വ്യവസ്ഥ നിലനിര്‍ത്തുന്നതിലും തകരാറിലാക്കുന്നതിലും അവനിലെ ആത്മാവെന്ന ആന്തരിക ശക്തിയുടെ സാന്നിധ്യം പ്രസക്തമാണ്‌. അതിദ്രുതഗതിയില്‍ പുരോഗമിക്കുന്ന വൈദ്യശാസ്‌ത്രത്തിന്‌ ഇന്നും മനുഷ്യനിലെ ചില രോഗങ്ങളെ ചികിത്സിച്ച്‌ ഭേദമാക്കാന്‍ കഴിയുന്നില്ലെന്ന്‌ മാത്രമല്ല ഗവേഷണാനന്തരം നിര്‍ദേശിക്കപ്പെടുന്ന ചികിത്സാരീതികള്‍ക്ക്‌ രോഗിയില്‍ കാര്യമായ മാറ്റമുണ്ടാക്കാന്‍ കഴിയുന്നില്ല. ഇവിടെയാണ്‌ `ഹൊളിസ്റ്റിക്‌ കാഴ്‌ചപ്പാടിന്റെ' പ്രസക്തി കടന്നുവരുന്നത്‌. അദൃശ്യനായിട്ടും `ദൈവമെന്ന പരമാര്‍ഥത്തെ' അംഗീകരിക്കുന്നതു പോലെ ദൃശ്യമല്ലാത്ത ആത്മാവെന്ന സത്യത്തെ അംഗീകരിക്കുന്നവര്‍ക്കാണ്‌ ആത്മീയതയുടെ അര്‍ഥശാസ്‌ത്രം അറിയാന്‍ കഴിയുന്നത്‌. അവര്‍ തന്നെയാണ്‌ ആത്മീയാനുഭൂതിയും തിരിച്ചറിയുന്നത്‌.
എവിടെയാണ്‌ അനുഭൂതി
ന്തരീക്ഷത്തില്‍ നിന്ന്‌ വിഭൂതിയെടുത്ത്‌ ആഗതരെ അന്ധാളിപ്പിക്കുന്ന ആത്മീയ ആചാര്യരായി സ്വയം രംഗപ്രവേശം ചെയ്യുന്നവരുടെ കേവല കണ്‍കെട്ടുവിദ്യകളില്‍ നിന്നോ പ്രമാണങ്ങള്‍ക്കന്യമായി ആത്മീയതയുടെ നിറക്കൂട്ടുകള്‍ തീര്‍ത്ത്‌ ഇരകളെ കാത്തിരിക്കുന്ന സിദ്ധ-സ്വാമി-പാതിരികളില്‍ നിന്നോ അവരുടെ ആലയങ്ങളില്‍ നിന്നോ ലഭ്യമാവുന്നതല്ല ആത്മീയാനുഭൂതി. മറിച്ച്‌, സങ്കീര്‍ണതകളില്ലാതെ, സുതാര്യവും ലളിതവും പ്രവാചകാധ്യാപനങ്ങളുടെ പൂമരത്തണലില്‍ തീര്‍ക്കുന്നതുമായ ആനന്ദദായകമായ സൃഷ്‌ടി-സ്രഷ്‌ടാവ്‌ ബന്ധത്തില്‍ നിന്നാണ്‌ ആത്മീയാനുഭൂതി നിര്‍ഗളിക്കുന്നത്‌. ബലിഷ്‌ഠവും അചഞ്ചലവുമായ ഏകദൈവ വിശ്വാസമാണ്‌ തെളിമയാര്‍ന്ന ആത്മീയാനുഭൂതി പകര്‍ന്നുതരുന്ന അടിസ്ഥാന ഘടകം.
പ്രവാചകരും പൂര്‍വസൂരികളും ജീവിതത്തെ ധന്യമാക്കിയത്‌ ആത്മീയതയുടെ വെളിച്ചത്തിലായിരുന്നു. അതുകൊണ്ട്‌ തന്നെയാണ്‌ മധുരിമയൂറുന്ന ജീവിതചിന്തകള്‍ അവര്‍ തങ്ങളുടെ അനുയായികള്‍ക്ക്‌ പകര്‍ന്നുകൊടുത്തത്‌. ആന്തരിക സംഘര്‍ഷം അനുഭവിക്കുമ്പോള്‍ തങ്ങളുടെ അനുയായി വൃന്ദങ്ങള്‍ക്ക്‌ അവരെന്നും ആശ്വാസ കേന്ദ്രമായിരുന്നു. പ്രവാചകന്മാര്‍ക്ക്‌ ഊര്‍ജസ്രോതസ്സായിരുന്ന വേദഗ്രന്ഥങ്ങള്‍ ക്ഷണിച്ചത്‌ നിഗൂഢ ആത്മീയതയിലേക്കോ (മിസ്റ്റിസിസം) വ്യക്ത്യാധിഷ്‌ഠിത ആത്മീയ പ്രസ്ഥാനങ്ങളിലേക്കോ ആയിരുന്നില്ല. പ്രത്യുത ദൈവദത്തവും ആദര്‍ശബന്ധിതവുമായ ആത്മീയ ചിന്തയിലേക്കായിരുന്നു. അത്തരം ആത്മീയ ചിന്തകള്‍ മനുഷ്യനെ ആത്യന്തികമായി ക്ഷണിച്ചത്‌ ശാന്തിയുടെ തീരത്തേക്കായിരുന്നു.
``അറിയുക, അല്ലാഹുവെ കുറിച്ചുള്ള സ്‌മരണകൊണ്ടാണ്‌ ഹൃദയങ്ങള്‍ ശാന്തിയടയുന്നത്‌.'' (വി.ഖു 13:28)
ഈ വചനത്തില്‍ പ്രതിപാദിക്കപ്പെട്ട ശാന്തി അടിയുറച്ച വിശ്വാസത്താലും സമര്‍പ്പണത്താലും മാത്രം സാധ്യമാകുന്നതാണ്‌.
ആത്മാവിന്‌ വേണ്ടതെന്ത്‌?
ശരീരത്തെ യഥാവിധം നിലനിര്‍ത്താന്‍ സഹായിക്കുന്നതും രോഗങ്ങളില്‍ നിന്ന്‌ മുക്തമാക്കുന്നതും നല്ല പരിചരണമാണ്‌. അത്‌ ഭക്ഷണം, വിശ്രമം, വ്യായാമം എന്നിങ്ങനെ പോകുന്നു. ഇവയിലുണ്ടാകുന്ന താളപ്പിഴകള്‍ ശരീരത്തെ രോഗത്തിന്നടിമപ്പെടുത്തുന്നു. ഒരുവേള ശരീരം എന്നെന്നേക്കുമായി നിശ്ചലമാകുന്നു. ആത്മാവിന്റെ വിഷയത്തില്‍ ഒരു വ്യത്യാസം, അത്‌ നിശ്ചലമാകുന്നില്ല. മറ്റൊരു വ്യത്യാസം കൂടിയുണ്ട്‌. ജനിതക ശാസ്‌ത്രമനുസരിച്ച്‌ ശരീരത്തിന്‌ പാരമ്പര്യരോഗബാധ സാധ്യത അല്‍പമെങ്കിലുമുണ്ട്‌. എന്നാല്‍ ആത്മാവിന്‌ അതില്ലേയില്ല. `എല്ലാവരും ജനിക്കുന്നത്‌ ശുദ്ധ പ്രകൃതിയോടു കൂടിയാണ്‌' എന്ന പ്രവാചകവചനം അവന്റെ ആത്മീയ തലത്തെയാണ്‌ സൂചിപ്പിക്കുന്നത്‌.
ഭൂമിയില്‍ പിറന്നുവിഴുന്ന കുഞ്ഞിന്‌ ശരീരത്തിന്‌ നല്‍കുന്ന പരിചരണം പോലെ അവനിലെ ആത്മാവിനും പോഷണം നല്‍കേണ്ടതുണ്ട്‌. ഇവിടം മുതലാണ്‌ ആത്മീയത മനുഷ്യജീവിതത്തില്‍ ആരംഭിക്കുന്നത്‌. കുഞ്ഞിന്റെ ശരീരസംരക്ഷണത്തിന്‌ മുലപ്പാല്‍ കൊടുക്കുന്ന ഉമ്മ തന്നെയാണ്‌ ആത്മസുരക്ഷയുടെ ആത്മീയചിന്തയും പകരേണ്ടത്‌. അത്‌ കുഞ്ഞിന്‌ നല്‍കുന്ന സുരക്ഷിതത്വം വളരെ വിലപ്പെട്ടതാണ്‌.
ഉമ്മ ഉരുവിടുന്ന സ്രഷ്‌ടാവിന്റെ നാമങ്ങള്‍, സ്‌തോത്രങ്ങള്‍, പ്രകീര്‍ത്തനങ്ങള്‍, ദിക്‌റുകള്‍ എന്നിവ കുഞ്ഞില്‍ ആത്മീയതയുടെ ബീജാങ്കുരമാണ്‌. മുലപ്പാല്‍ ശരീരത്തിന്റെ സമീകൃതാഹാരമാകുമ്പോള്‍ ദിക്‌റുകള്‍ ആത്മാവിന്റെ ഭക്ഷണമായി മാറുന്നു. ഉമ്മയെന്ന വിലപ്പെട്ട വിദ്യാലയത്തില്‍ നിന്ന്‌ ലഭ്യമാകുന്ന ഈ പോഷകസത്ത്‌ (ശരീരത്തിനും ആത്മാവിനുമുള്ള ഭക്ഷണം) നഷ്‌ടപ്പെടാതെ നിലനിര്‍ത്തുമ്പോള്‍ അവിടം ആത്മശാന്തി പരിലസിക്കുന്നു, ഭക്തി നിര്‍ഗളിക്കുന്നു. സുകൃതങ്ങളുടെയും സുവാര്‍ത്തകളുടെയും ഉത്ഭവമായി മാറുന്നു. ആത്മാവിന്റെ `ഭക്ഷണം' എന്ന തിരിച്ചറിവ്‌ നഷ്‌ടപ്പെട്ടവരില്‍ മതനിഷേധികള്‍ മാത്രമല്ല, മതവിശ്വാസികള്‍ കൂടിയുണ്ട്‌. `നീ എന്ന സത്തയിലെ സത്യമാണ്‌ ആത്മാവ്‌' എന്ന ഇമാം ഗസ്സാലിയുടെ പ്രഖ്യാപനം പ്രസക്തമാണ്‌. പ്രസ്‌തുത ജ്ഞാനം ആര്‍ജിച്ചവരും താന്‍ ആരാണെന്നും എവിടെയാണെന്നും എവിടേക്ക്‌ പോകേണ്ടവനാണെന്നും തിരിച്ചറിഞ്ഞവനുമാണ്‌ വിശുദ്ധ വേദം പരാമര്‍ശിച്ച പരമകാരുണികന്റെ ദാസന്മാര്‍ അഥവാ ഇബാദുര്‍റഹ്‌മാന്‍.
``പരമകാരുണികന്റെ ദാസന്മാര്‍ ഭൂമിയില്‍ വിനയാന്വിതരായി നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട്‌ സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാണ്‌. തങ്ങളുടെ രക്ഷിതാവിന്‌ പ്രണാമം ചെയ്യുന്നവരായിക്കൊണ്ടും നമസ്‌കരിച്ചുകൊണ്ടും രാത്രി ചെലവഴിക്കുന്നവരാണവര്‍. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന്‌ നരകശിക്ഷ നീ ഒഴിവാക്കേണമേ, തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു. തീര്‍ച്ചയായും അത്‌ (നരകം) ചീത്തയായ ഒരു താവളവും പാര്‍പ്പിടവും തന്നെയാകുന്നു എന്ന്‌ പറയുന്നവരുമാകുന്നു അവര്‍. ചെലവ്‌ ചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിന്നിടയിലുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍. അല്ലാഹുവോടൊപ്പം വേറൊരു ദൈവത്തെയും വിളിച്ച്‌ പ്രാര്‍ഥിക്കാത്തവരും അല്ലാഹു പവിത്രമാക്കിയ ജീവനെ ന്യായീകരണത്താലല്ലാതെ ഹനിച്ചുകളയാത്തവരും വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യം വല്ലവനും ചെയ്യുന്നപക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും.'' (വി.ഖു25:63-68)

ആത്മീയത അനുഭവിച്ചറിഞ്ഞവരുടെ അതുല്യമായ ഗുണങ്ങളും അവരുടെ സദ്‌ഗുണങ്ങള്‍ പരത്തുന്ന അമൂല്യമായ സുഗന്ധങ്ങളുമാണ്‌ സൂറതുല്‍ ഫുര്‍ഖാനിലെ പ്രസ്‌തുത വചനങ്ങള്‍ മനുഷ്യന്‌ പകര്‍ന്നുനല്‍കുന്നത്‌. ആധുനികമനുഷ്യന്‍ അനുഭവിക്കുന്ന അന്തസ്സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കുന്ന സ്വഭാവ ദൂഷ്യങ്ങളുടെ ദാരുണ ദുരന്തം ഏറ്റുവാങ്ങുന്ന ജനതയ്‌ക്ക്‌ മുമ്പില്‍ സവിശേഷ സ്വഭാവങ്ങളുടെ വാഹകര്‍ ആത്മാവിനെ യഥാവിധം ജീവിപ്പിച്ചവരാണെന്ന്‌ ദൈവികഗ്രന്ഥം വിളിച്ചോതുന്നു.
``വ്യാജത്തിന്‌ സാക്ഷി നില്‍ക്കാത്തവരും അനാവശ്യവൃത്തികള്‍ സംഭവിക്കുന്നിടത്തു കൂടി പോകുകയാണെങ്കില്‍ മാന്യന്മാരായി കടന്നുപോവുന്നവരുമാകുന്നു അവര്‍. തങ്ങളുടെ രക്ഷിതാവിന്റെ വചനങ്ങള്‍ മുഖേന ഉദ്‌ബോധനം നല്‍കപ്പെട്ടാല്‍ ബധിരരും അന്ധരുമായിക്കൊണ്ട്‌ അതിന്മേല്‍ ചാടിവീഴാത്തവരുമാണവര്‍. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക്‌ നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മനിഷ്‌ഠ പാലിക്കുന്നവര്‍ക്ക്‌ ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന്‌ പറയുന്നവരുമാകുന്നു അവര്‍.'' (വി.ഖു 16:72-74)
പ്രപഞ്ചനാഥന്‍ ലോകസമക്ഷം പ്രഖ്യാപിച്ചത്‌
ദൈവചിന്തയും ദൈവസ്‌മരണയും മനുഷ്യന്‌ ആത്മീയ ഔന്നത്യം നല്‍കുന്ന രണ്ട്‌ വഴിത്താരകളാണ്‌. പ്രസ്‌തുത മാര്‍ഗങ്ങളെ ധന്യവും ഊഷ്‌മളവുമാക്കുകയാണ്‌ ആത്മീയാനുഭൂതി ലഭ്യമാകാന്‍ വിശ്വാസികള്‍ ചെയ്യേണ്ടത്‌.
അല്ലാഹുവെക്കുറിച്ചുള്ള ഭയവും പ്രതീക്ഷയും ഒടിഞ്ഞുപോകാന്‍ പാടില്ലാത്ത വിശ്വാസിയുടെ രണ്ട്‌ ചിറകുകളാണ്‌. ഈ ചിറകുകളാണ്‌ അവനെ ജീവിതമെന്ന അന്തരീക്ഷത്തില്‍ സദാ വിശ്വാസിയായി നിലനിര്‍ത്തുന്നത്‌. ഇതുതന്നെയാണ്‌ അവനിലെ ദൈവചിന്ത വളര്‍ത്തുന്നതും അവനെ മാലാഖയോളം ഉയര്‍ത്തുന്നതും. ഭയവും പ്രതീക്ഷയും കൊണ്ട്‌ ഫലഭൂയിഷ്‌ഠമായ, ദൈവചിന്തയും ദൈവസ്‌മരണയും കൊണ്ട്‌ ജലനിബിഡമായ മനസ്സെന്ന ഭൂമികയിലാണ്‌ ഭക്തി തളിര്‍ത്തുവളരുന്നത്‌. അവിടെയാണ്‌ ആത്മീയാനുഭൂതി പൂത്തുലഞ്ഞ്‌ നില്‍ക്കുന്നതും. ഭക്തി അഥവാ തഖ്‌വയാണ്‌ ആത്മീയാനുഭൂതിയിലേക്ക്‌ മനസ്സിനെ നയിക്കുന്ന ഘടകം. അതുകൊണ്ടു തന്നെ കപടഭക്തിയും അന്ധവിശ്വാസവും നിറഞ്ഞുനില്‌ക്കുന്ന ആശ്രമ ആലയങ്ങളില്‍ ആത്മഘാതകരെയാണ്‌ ആത്യന്തികമായി കാണാന്‍ കഴിയുന്നത്‌.
ആത്മീയനിര്‍വൃതി കൊള്ളുന്ന വിശ്വാസികളുടെ ഗുണങ്ങള്‍ ഖുര്‍ആന്‍ വ്യത്യസ്‌ത രീതികളില്‍ ഓര്‍മപ്പെടുത്തിയിരിക്കുന്നു. ``തങ്ങളുടെ രക്ഷിതാവിനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരും തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്‌ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും തങ്ങളുടെ രക്ഷിതാവിനോട്‌ പങ്കുചേര്‍ക്കാത്തവരും രക്ഷിതാവിങ്കലേക്ക്‌ തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന്‌ മനസ്സില്‍ ഭയമുള്ളതോടു കൂടി തങ്ങള്‍ ദാനംചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരുമായവരാണ്‌ നന്മകളില്‍ മുന്നേറുന്നവര്‍. അവരാണ്‌ മുന്നിലെത്തുന്നവരും.'' (വി.ഖു 23:57-61)
``ഉയരങ്ങളിലുള്ള തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരും കല്‍പിക്കപ്പെട്ടത്‌ പ്രവര്‍ത്തിക്കുന്നവരുമാണവര്‍.'' (വി.ഖു 16:50)
ധര്‍മവും കര്‍മവും കൊണ്ട്‌ ജീവിതത്തെ ധന്യമാക്കിയവരാണ്‌ ആത്മീയതയെ തിരിച്ചറിഞ്ഞവര്‍. അവരുടെ മനസ്സുകള്‍ ദൈവവചനത്തിന്റെ മുമ്പില്‍ വിനയാന്വിതമാകുന്നു. ``പരമകാരുണികന്റെ തെളിവുകള്‍ വായിച്ച്‌ കേള്‍പിക്കപ്പെട്ടാല്‍ പ്രണമിക്കുന്നവരും കരയുന്നവരുമായി വിനയപുരസ്സരം അവര്‍ താഴെ വീഴുന്നു.'' (19:58)
വേദവാക്യങ്ങള്‍ അവര്‍ കേട്ടാല്‍ അവരത്‌ അനുഭവിക്കുകയും അവരുടെ വിശ്വാസമണ്ഡലം പ്രോജ്വലിക്കുന്നതുമാണ്‌. ``അവന്റെ വചനങ്ങള്‍/ദൃഷ്‌ടാന്തങ്ങള്‍ വായിച്ച്‌ കേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം അവര്‍ക്ക്‌ വര്‍ധിക്കുന്നു. തങ്ങളുടെ രക്ഷിതാവില്‍ ഭരമേല്‌പിക്കുന്നവരുമാണവര്‍.'' (8:2). ``വിശ്വാസികളേ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നാളേക്ക്‌ വേണ്ടി എന്ത്‌ സമര്‍പ്പിച്ചിട്ടുണ്ടെന്ന്‌ ഓരോരുത്തരും ചിന്തിക്കുക'' എന്ന നാഥന്റെ വിളിക്ക്‌ (വി.ഖു 59:18) ഉത്തരം നല്‍കിയവരാണ്‌ ആത്മീയാനുഭൂതി തിരിച്ചറിഞ്ഞവര്‍.
ക്ഷണികവും നൈമിഷികവുമായ ഈ ലോകത്തിന്റെ ജീവിത സൗകര്യങ്ങളില്‍ മതിമറന്ന്‌ ജീവിതത്തിന്റെ അമൃത്‌ ആസ്വദിച്ചപ്പോള്‍ അവന്‌ നഷ്‌ടമായത്‌ ഐഹികജീവിതത്തില്‍ ലഭ്യമാകേണ്ട ആത്മീയാനുഭൂതിയും പാരത്രിക ജീവിതത്തിലെ അനന്തമായ ആസ്വാദനവുമാണ്‌. കാലത്തും വൈകുന്നേരവും രക്ഷിതാവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട്‌ അവനോട്‌ പ്രാര്‍ഥിക്കുന്നവരുടെ കൂടെ നിന്റെ മനസ്സിനെ ക്ഷമിച്ച്‌ നിര്‍ത്തുക. ഇഹലോക ജീവിതത്തിന്റെ അലങ്കാരം താല്‌പര്യപ്പെട്ട നിന്റെ ദൃഷ്‌ടികള്‍ അവരില്‍ നിന്ന്‌ മാറിപ്പോകാതിരിക്കട്ടെ'' എന്ന അല്ലാഹുവിന്റെ നിര്‍ദേശം (18:28) തകര്‍ന്നുപോകാത്ത ആത്മീയതയുടെ മതില്‍ക്കെട്ടുകള്‍ തീര്‍ക്കാനുള്ള അല്ലാഹുവിന്റെ ആജ്ഞയാണ്‌ ഈ വചനത്തിലൂടെ പഠിപ്പിക്കപ്പെടുന്നത്‌.
സുരക്ഷിതവും തെളിമയാര്‍ന്നതുമായ മനസ്സിനുടയവരാണ്‌ ആത്മീയത തിരിച്ചറിഞ്ഞവര്‍. ``അല്ലാഹു സമാധാനത്തിന്റെ ഭവനത്തിലേക്കാണ്‌ ക്ഷണിക്കുന്നതെന്ന ഖുര്‍ആനികാഹ്വാനത്തെ (10:25) തിരിച്ചറിഞ്ഞവരാണവര്‍. ``സമാധാനമടഞ്ഞ മനസ്സേ, നീ നിന്റെ നാഥനിലേക്ക്‌ മടങ്ങൂ'' എന്ന ആശീര്‍വാദ വാക്കുകളെ കാത്തിരിക്കുകയാണവര്‍. ഭക്തികൊണ്ടും ജ്ഞാനംകൊണ്ടും ജീവിതത്തെ പ്രകാശിപ്പിച്ചവരാണവര്‍, നന്മയുടെ വീഥിയില്‍ വിശ്രമമില്ലാതെ പണിയെടുത്തവരാണവര്‍. പ്രപഞ്ചവിസ്‌മയങ്ങളില്‍ ദൈവാസ്‌തിക്യത്തെ കണ്ടെത്തുന്ന വിനയാന്വിതരായ ദാസന്മാരാണവര്‍. അഭൂതപൂര്‍വമായ ആത്മീയാനുഭൂതിയില്‍ വിരാജിക്കുന്നവര്‍. താല്‍ക്കാലിക സങ്കീര്‍ണതകള്‍ മറന്ന്‌ സന്തോഷത്തോടെ ജീവിക്കുന്നവരാണവര്‍.
വിശ്വാസംകൊണ്ട്‌ ജീവിതത്തിന്‌ സൗരഭ്യവും സദ്‌ഗുണങ്ങള്‍കൊണ്ട്‌ സൗന്ദര്യവും പകര്‍ന്നവരാണവര്‍. ശരീരത്തിലെ ആത്മാവെന്ന സത്യാസ്‌തിത്വത്തെ തിരിച്ചറിഞ്ഞ്‌ പരിചയിച്ചവരാണവര്‍. പാരത്രിക ജീവിതത്തില്‍ പ്രശാന്തമായ സ്വര്‍ഗവാസവും ശാശ്വതരക്ഷയും അവര്‍ക്കര്‍ഹതപ്പെട്ടതാണ്‌.
``തങ്ങള്‍ ക്ഷമിച്ചതിന്റെ പേരില്‍ (സ്വര്‍ഗത്തില്‍) ഉന്നതമായ സ്ഥാനം പ്രതിഫലമായി നല്‍കപ്പെടുന്നതാണ്‌, അഭിവാദ്യത്തോടും സമാധാനത്തോടും കൂടി അവര്‍ അവിടെ സ്വീകരിക്കപ്പെടുന്നതുമാണ്‌. അവരതില്‍ നിത്യവാസികളായിരിക്കും. എത്ര നല്ല താവളവും പാര്‍പ്പിടവുമത്രെ അത്‌.'' (വി.ഖു 25:75,76)

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: