മണ്ണിനെപ്പറ്റിയും വേണം വ്യാകുലതകള്‍

  • Posted by Sanveer Ittoli
  • at 7:31 AM -
  • 0 comments
മണ്ണിനെപ്പറ്റിയും വേണം വ്യാകുലതകള്‍

- കാക്കനോട്ടം -
എ പി കുഞ്ഞാമു
കേരളത്തിലെ ഏറ്റവും ചലനാത്മകമായ ജനവിഭാഗമാണ്‌ മുസ്‌ലിംകള്‍. സാമൂഹ്യ മുന്നേറ്റങ്ങളിലൂടെ മുസ്‌ലിം സമുദായം സദാ സ്വയം നവീകരിച്ചുകൊണ്ടിരിക്കുന്നു. വിവിധ മതവിഭാഗങ്ങള്‍, രാഷ്‌ട്രീയ ധാരകള്‍ എന്നിവ വളരെ പ്രബലമാണ്‌ മുസ്‌ലിം സമുദായത്തില്‍. അവ പരസ്‌പരം സഹകരിച്ചും തര്‍ക്കിച്ചും കലഹിച്ചുമൊക്കെ സദാ അരങ്ങ്‌ കൊഴുപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രബോധന പ്രവര്‍ത്തനങ്ങള്‍ മറ്റേതു സമുദായത്തിലുള്ളതിനേക്കാളുമേറെ മുസ്‌ലിംകള്‍ നടത്തുന്നു.
പത്രങ്ങളും ഇതര പ്രസിദ്ധീകരണങ്ങളും മുസ്‌ലിം സാക്ഷരതയുടെ തോതും ജനസംഖ്യയും വെച്ചു നോക്കുമ്പോള്‍ കേരളത്തില്‍ കൂടുതലാണ്‌. ഇലക്‌ട്രോണിക്‌ മാധ്യമങ്ങളുടെ ലോകത്തും പുതിയ സംരംഭങ്ങളുണ്ടാവുന്നു. ഹോം സിനിമ എന്ന പേരില്‍ മുസ്‌ലിംകള്‍ക്കിടയില്‍ മാത്രം കാണികളുള്ള ഒരു ദൃശ്യമാധ്യമരൂപമുണ്ട്‌. വിദ്യാഭ്യാസരംഗത്ത്‌ അമ്പരപ്പിക്കുന്ന മുന്നേറ്റമാണ്‌ മുസ്‌ലിം സമുദായത്തില്‍ കാണാനാവുന്നത്‌. പ്രാദേശിക മദ്‌റസകള്‍ ഒട്ടുമുക്കാലും ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളായി പരിണമിച്ചുകഴിഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗത്തും മുസ്‌ലിം മുന്‍കൈകള്‍ പ്രബലമാണ്‌. കേരളത്തില്‍ ഇത്രയും `ആക്‌ടീവ്‌' ആയ സമുദായം വേറെയില്ല. അവരുണ്ടാക്കുന്ന `ഒച്ചപ്പാടു'കള്‍ ഇതര സമുദായങ്ങളെ അമ്പരപ്പിക്കുന്നുണ്ട്‌ എന്നതും സത്യം.
ഈ മുസ്‌ലിം സാന്നിധ്യത്തെ പല നിലയ്‌ക്കും നാം നോക്കിക്കാണുന്നു. ഒരര്‍ഥത്തില്‍ കേരളത്തിലെ മുസ്‌ലിം സമുദായ പൊതുജീവിതത്തില്‍, സ്വയം പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്ന ഈ ഇടം, അവരുടെ വ്യക്തിത്വ രൂപീകരണത്തില്‍ വലിയ പങ്കു വഹിക്കുന്നു. ആശയങ്ങളോട്‌ നമുക്ക്‌ യോജിക്കാന്‍ കഴിഞ്ഞാലുമില്ലെങ്കിലും മുസ്‌ലിം രാഷ്‌ട്രീയം, കേരളത്തില്‍ മുസ്‌ലിം സമുദായത്തിന്റെ സ്വത്വ രൂപീകരണത്തില്‍ പ്രസക്തമായ പങ്കുവഹിച്ചിട്ടുണ്ട്‌ എന്നത്‌ നിരാകരിക്കാനുമാവുകയില്ല. കേരളത്തിന്റെ പൊതു രാഷ്‌ട്രീയ മണ്ഡലം രൂപപ്പെടുത്തുന്നതിലും, അത്‌ അതിന്റേതായ പങ്കു വഹിച്ചു. മതപാരമ്പര്യങ്ങളും അവക്കിടയിലെ കിടമത്സരങ്ങളുമാണ്‌ മുസ്‌ലിം മുന്നേറ്റത്തെ ത്വരിതപ്പെടുത്തിയ മറ്റൊരു ഘടകം. കേരളത്തിന്റെ സാമൂഹ്യഘടനയെ ആഴത്തില്‍ ബാധിച്ച രണ്ടു കുടിയേറ്റങ്ങളും- മലബാറിലേക്ക്‌ തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റവും ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ മലബാറില്‍ നിന്നുള്ള കുടിയേറ്റവും-ഒരു സമുദായമെന്ന നിലയില്‍ ഏറ്റവും ബാധിച്ചത്‌ മുസ്‌ലിംകളെയാണ്‌. തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റം മലാബാറിന്റെ സാമൂഹ്യ-വിദ്യാഭ്യാസ സാംസ്‌കാരിക മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിച്ചു. വിദ്യാഭ്യാസ രംഗത്ത്‌ മുസ്‌ലിംകളുടെ പുരോഗതിയെ ഈ പുനര്‍നിര്‍ണയം ത്വരിതപ്പെടുത്തി. ആധുനികതയുടെ മൂല്യങ്ങള്‍ സ്വാംശീകരിക്കാന്‍ അതു മുസ്‌ലിംകളെ പ്രേരിപ്പിച്ചു. അതേ സമയം ഗള്‍ഫിലേക്കുള്ള കുടിയേറ്റം, അവരുടെ അവസ്ഥ അടിമുടി മാറ്റി. സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുസ്‌ലിം സമുദായത്തിന്റെ മുഖച്ഛായ തന്നെ അതു മറ്റിക്കളഞ്ഞു. ഈ മാറ്റങ്ങളോടൊപ്പം സാമുദായിക സംഘടനകള്‍ നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ കൂടി ആയപ്പോള്‍, പുതിയൊരു സമുദായ രൂപീകരണം സംഭവിച്ചു. മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ കേരളത്തില്‍ അനാശാസ്യമായ തോതില്‍ കലഹങ്ങളും തര്‍ക്കങ്ങളും നടക്കുന്നുവെന്നും, മുസ്‌ലിം ഐക്യം അടിയന്തിരമായും സാധിച്ചെടുക്കേണ്ട ഒരു ലക്ഷ്യമാണെന്നും മറ്റും പറയാറുണ്ട്‌. അനൈക്യം സമുദായത്തെ ദുര്‍ബലപ്പെടുത്തും എന്ന തിരിച്ചറിവും അതേച്ചൊല്ലിയുള്ള ആശങ്കയുമാണ്‌ ഈ പറച്ചിലിന്‌ പ്രേരകമായി ഭവിക്കുന്നത്‌. എന്നാല്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ കേരളത്തില്‍ മുസ്‌ലിം സമുദായം നേടിയ സാമൂഹ്യ-സാംസ്‌കാരിക പുരോഗതിയുടെ അടിത്തറ ഈ `അനൈക്യം' കൂടി പണിതുണ്ടാക്കിയതാണെന്ന വസ്‌തുത കാണാതിരുന്നകൂടാ. തികച്ചും `മോണോലിത്തിക്‌ ആയും, നിശ്ചലമായുമാണ്‌ മുസ്‌ലിം സമുദായം നിലകൊള്ളുന്നതെങ്കില്‍, അതിന്‌ കേരളീയ സമൂഹത്തില്‍ ഇത്രയും പ്രാമുഖ്യം കൈവരിക്കാന്‍ സാധിക്കുമായിരുന്നില്ല. ആന്തരിക സംഘര്‍ഷങ്ങളാണ്‌ മുസ്‌ലിം സമുദായത്തെ നവീകരിച്ചത്‌. അതിന്റെ ബാഹ്യാവിഷ്‌കാരങ്ങള്‍ ഒരുപക്ഷേ സമുദായ സ്‌നേഹികളെ നൊമ്പരപ്പെടുത്തി എന്നു വരാം. ജിന്നിന്റെയും സിഹ്‌റിന്റെയും പേരില്‍, സമുദായത്തിലെ പണ്ഡിതന്മാര്‍ മൈക്ക്‌ കെട്ടി തര്‍ക്കവും ബഹളവും കൊഴുപ്പിക്കുമ്പോള്‍ ഒരുപാട്‌ ഊര്‍ജം വെറുതെയാവുന്നുണ്ട്‌. പള്ളികളും മതപ്രസംഗങ്ങളും ദിക്‌ര്‍ ഹല്‍ഖകളും മറ്റും വര്‍ധിക്കുമ്പോഴും ഒരുപാട്‌ പണം വ്യര്‍ഥമാക്കുന്നുണ്ട്‌, ശരിതന്നെ. എന്നാല്‍ മുസ്‌ലിം സമുദായ രൂപീകരണത്തില്‍ അത്തരം മുന്‍കൈകള്‍ വഹിച്ച പങ്ക്‌, സാമൂഹ്യശാസ്‌ത്രപരമായി വിലയിരുത്തുമ്പോള്‍, നിഷേധാത്മകമെന്നതിനേക്കാളേറെ ക്രിയാത്മകമാണ്‌, മുസ്‌ലിംകളുടെ സാമൂഹ്യ സ്ഥാനം അടയാളപ്പെടുത്തുന്നതിനും അവരുടെ ആത്മബോധത്തിനും കരുത്തു നല്‌കുന്നതിനും അവര്‍ക്കിടയിലെ ആന്തരിക ശൈഥില്യം വലിയൊരു പ്രേരണയായി എന്നതാണ്‌ വസ്‌തുത. സമുദായ ഐക്യത്തിന്നുവേണ്ടി ആവേശപൂര്‍വം മുന്നിട്ടിറങ്ങുമ്പോള്‍, `അനൈക്യം' നിറവേറ്റിയ സാമൂഹ്യശാസ്‌ത്രപരമായ പരിവര്‍ത്തന പ്രക്രിയയെക്കൂടി ഉള്‍ക്കൊള്ളണമെന്നാണ്‌ പറയുന്നത്‌. അതിന്റെ ഗുണദോഷവിചാരം മറ്റൊരു വിഷയമാണ്‌.
പുരോഗതിയും മൂല്യവിചാരങ്ങളും
മുസ്‌ലിംകള്‍ ഇത്രയും ചലനാത്മകവും സക്രിയവുമാണെങ്കിലും, അവര്‍ക്ക്‌ എന്തുകൊണ്ടാണ്‌ അവരുടെ മൂല്യബോധ രൂപീകരണത്തില്‍, ചലനാത്മകതയുടെ ഈ അന്തരീക്ഷത്തെ ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തത്‌? ഇക്കണ്ട രീതിയില്‍ നവീകരണം സംഭവിച്ചുകഴിഞ്ഞ ഒരു സമുദായത്തിന്റെ മൂല്യബോധത്തിന്‌ വേണ്ടത്ര ആരോഗ്യകരമായ ഉള്ളടക്കമുണ്ടാവാതെ പോയത്‌ എന്തുകൊണ്ടാണ്‌? മുസ്‌ലിംകളില്‍ നിന്ന്‌ അവരുടെ മതം ജീവിതത്തില്‍ കര്‍ശനമായ അച്ചടക്കം ആവശ്യപ്പെടുന്നുണ്ട്‌. പ്രത്യയശാസ്‌ത്രപരമായും ചരിത്രപരമായും ആധുനിക പാശ്ചാത്യ സംസ്‌കാരത്തെ ഇസ്‌ലാമിക ജീവിതം നിരാകരിക്കുന്നു. കൊളോണിയല്‍ സങ്കല്‌പങ്ങള്‍ ഇസ്‌ലാമിക വിരുദ്ധമാണ്‌. അതേപോലെ തന്നെ ലാഭേച്ഛയില്‍ അധിഷ്‌ഠിതമായ പാശ്ചാത്യ ക്യാപിറ്റലിസ്റ്റ്‌ രീതികളും ഇസ്‌ലാമിനോട്‌ പൊരുത്തപ്പെട്ടു പോകുന്നതല്ല. പടിഞ്ഞാറന്‍ സാമ്രാജ്യത്വ അജണ്ടകളോടുള്ള മുസ്‌ലിംകളുടെ എതിര്‍പ്പിന്‌ സമകാലിക രാഷ്‌ട്രീയത്തില്‍ മാത്രമല്ല വേരുകളുള്ളത്‌ എന്ന്‌ ചുരുക്കം. അതിന്ന്‌ അതിന്റേതായ പ്രത്യയശാസ്‌ത്ര ഉള്ളടക്കം തന്നെയുണ്ട്‌. ബാഹ്യാവിഷ്‌കാരങ്ങളില്‍ കേരളത്തിലെ മുസ്‌ലിംസംഘടനകളെല്ലാം ഈ ആശയാടിത്തറ വെളിപ്പെടുത്താറുമുണ്ട്‌. സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭങ്ങളുടെ മുന്നണിയില്‍ മുസ്‌ലിം സംഘടനകളുണ്ട്‌. എന്നാല്‍ എന്തുകൊണ്ട്‌ പാശ്ചാത്യ മൂല്യങ്ങള്‍ ഏറ്റവുമധികം ഉള്‍ക്കൊള്ളുന്ന സമുദായമായി മുസ്‌ലിംകള്‍ മാറുന്നു എന്ന വൈരുദ്ധ്യം പിടികിട്ടാത്ത ഒന്നാണ്‌. മതത്തിന്റെ കര്‍ക്കശമായ വിലക്കുകള്‍ ഇല്ലായിരുന്നുവെങ്കില്‍, കേരളത്തിലെ മുസ്‌ലിംകളായേനെ പടിഞ്ഞാറന്‍ സംസ്‌കൃതിയുടെ എല്ലാ അധാര്‍മിക രൂപങ്ങളെയും ഏറ്റവും കൂടുതല്‍ ഉള്‍ക്കൊള്ളുന്നവര്‍. വേഷത്തിലും ആചാരങ്ങളിലും ഭക്ഷ്യശീലങ്ങളിലും ഉപഭോക്ത സങ്കല്‌പങ്ങളിലുമെല്ലാം ഇപ്പോള്‍ തന്നെ പടിഞ്ഞാറന്‍ വിപണി മൂല്യങ്ങളെ ഏറ്റവും കൂടുതല്‍ സ്വീകരിക്കുന്നത്‌ മുസ്‌ലിംകളാണ്‌. ഈ ശീലമാണ്‌ മുസ്‌ലിം സമുദായത്തില്‍ പ്രകടമാവുന്ന ആഢംബരശീലത്തിന്റെയും പൊങ്ങച്ചങ്ങളുടെയും അടിത്തറ. കമ്പോളവ്യവസ്ഥയുടെ അനിസ്‌ലാമികത തിരിച്ചറിയാന്‍ മുസ്‌ലിംകള്‍ക്ക്‌ സാധിക്കുന്നില്ല. പുറമേക്ക്‌ പടിഞ്ഞാറിന്നെതിരായി മുക്തകണ്‌ഠം കുരയ്‌ക്കുന്നുണ്ടെങ്കിലും പാശ്ചാത്യമൂല്യങ്ങള്‍ക്ക്‌ ഒരു കടി പറ്റിയ്‌ക്കാന്‍ കേരള മുസ്‌ലിംകളുടെ ഇസ്‌ലാമിക ബോധത്തിന്ന്‌ സാധ്യമാവുന്നില്ല എന്നത്‌ ഒരു വസ്‌തുതയാണ്‌.
മലയാളിയുടെ പാരമ്പര്യങ്ങളില്‍, ഒരുതരം പ്രാചീന വിശുദ്ധിയുടെ അംശങ്ങളുണ്ട്‌. പ്രകൃതിയോട്‌ ഇണങ്ങിപ്പോവുന്ന ശീലം. ഭക്ഷണത്തിലും ആചാരരീതികളിലും മരുന്നുകളിലുമെല്ലാം, ഈ തനിമ നാം നിലനിര്‍ത്തിപ്പോന്നു. എന്നാല്‍ ഇന്ന്‌ നാടന്‍ ഭക്ഷണത്തെ, ഏറ്റവും കൂടുതല്‍ ഉപേക്ഷിച്ചിട്ടുള്ളത്‌ മുസ്‌ലിം സമുദായമാണ്‌. `തേങ്ങാച്ചോറും താളിച്ചതും' ഇന്ന്‌ മലപ്പുറത്തിന്റെ ഓര്‍മയിലേയുള്ളൂ. `പത്തിരിക്കറി കൂട്ടി മണവാട്ടി നുണയുന്ന ഒപ്പനപ്പാട്ടി'ന്റെ നാടല്ല ഇന്ന്‌ മലപ്പുറം. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ്‌ ഇന്ന്‌ ഏറ്റവുമധികം ഫാസ്റ്റ്‌ ഫുഡ്‌ കടകള്‍ ഉള്ളത്‌. കബ്‌സയും മന്തിയും ഷവര്‍മയുമെന്നല്ല ഹോട്ട്‌ഡോഗും ബര്‍ഗറുമാണ്‌ നമ്മുടെ ഇഷ്‌ട വിഭവങ്ങള്‍. കേരളത്തില്‍ ഏറ്റവുമധികം ഇംഗ്ലീഷ്‌ മരുന്നുഷാപ്പുകളുള്ളത്‌ തൃശൂരിനും കാസര്‍ഗോഡിനുമിടയ്‌ക്കാണ്‌ പോലും. ചികിത്സയിലെ നാട്ടറിവുകള്‍ ഏറ്റവുമാദ്യം കൈവെടിഞ്ഞത്‌ മുസ്‌ലിംകളാണ്‌. വന്‍തോതിലുള്ള ചികിത്സാ വ്യവസായത്തിന്‌ യാതൊരുവിധ എതിര്‍പ്പുമില്ലാതെ നാം വഴങ്ങിക്കൊടുക്കുന്നു. മുസ്‌ലിം പ്രദേശങ്ങളില്‍ വളര്‍ന്നുവരുന്ന ഹൈടെക്‌ ആസ്‌പത്രികള്‍ അതിന്റെ സൂചകങ്ങളാണ്‌. പടിഞ്ഞാറിന്റെ കൈയൊപ്പോടെ വരുന്ന എന്തിനെയും സ്വീകരിക്കാന്‍, പാശ്ചാത്യ വിരോധത്തിന്റെ എല്ലാ പുറം പൂച്ചുകള്‍ക്കുമിടയിലും മുസ്‌ലിം സമുദായം തയ്യാര്‍. നമുക്കും നമ്മുടെ മണ്ണിനുമിടയിലുള്ള ബന്ധം നഷ്‌ടപ്പെടുകയാണോ?
ആര്‍ഭാടത്തിന്റെ ആശയാടിത്തറ
ഇതൊരു ധൃതിപിടിച്ച സാമാന്യവല്‌ക്കരണമാണെന്ന്‌ തോന്നിയേക്കാം. എന്നാല്‍ സൂക്ഷ്‌മ വിശകലനത്തില്‍ മുസ്‌ലിം സമുദായത്തിന്റെ പെരുകിക്കൊണ്ടിരിക്കുന്ന എല്ല ആര്‍ഭാട രൂപങ്ങള്‍ക്കും പിന്നില്‍, സ്വന്തം പാരമ്പര്യങ്ങളെ നിഷേധിക്കാനുള്ള വഞ്ചനയുടെ പ്രതിഫലനങ്ങള്‍ ഉണ്ട്‌ എന്നാണ്‌ എനിക്കു തോന്നുന്നത്‌. നവ സമ്പന്നതയുടെയും പുതുതായി കൈവരിച്ച സാമൂഹ്യ ശ്രേണിയിലെ ഉയര്‍ച്ചയുടെയും പിന്‍ബലത്തില്‍, നാം പുതിയൊരു മൂല്യവ്യവസ്ഥ പടുത്തുയര്‍ത്തുകയാണോ എന്ന്‌ സംശയിക്കണം. ഈയിടെ ഞാന്‍ പുതുതായി ചില മുസ്‌ലിം സമ്പന്നര്‍ പണിയുന്ന വീടുകള്‍ കാണാനിടയായി. നാല്‌പതിനായിരം ചതുരശ്ര അടി വിസ്‌തൃതിയുള്ള വീട്‌, വീടിനോടനുബന്ധിച്ച്‌ നീന്തല്‍കുളങ്ങള്‍, ടെന്നീസ്‌ കോര്‍ട്ട്‌, നൃത്തമണ്ഡപം ഓരോ വീടിനും നാല്‌പതോ അമ്പതോ കോടി ചെലവ്‌. ഇതിലൊന്നും യാതൊരു അതിശയോക്തിയുമില്ല. അല്ലാഹു നല്‌കിയ അനുഗ്രഹങ്ങള്‍ അവര്‍ നാട്ടുകാര്‍ക്ക്‌ വെളിവാക്കിക്കൊടുക്കട്ടെ (വി.ഖു 93:11). അതിലൊട്ട്‌ എതിര്‍പ്പുമില്ല. പക്ഷെ, ഇത്രയുമധികം ആര്‍ഭാടജീവിതം ഈ മണ്ണിന്ന്‌ താങ്ങാനാവുമോ എന്ന പ്രാഥമിക പാഠം മുസ്‌ലിം സമൂഹം സാമാന്യേന ഉള്‍ക്കൊള്ളുന്നുണ്ടോ? പ്രകൃതിയെക്കുറിച്ച്‌ ഏറെ വ്യാകുലപ്പെടുന്ന ഗ്രന്ഥമാണ്‌ ഖുര്‍ആന്‍. ഏറെ ഉത്‌ക്കണ്‌ഠാ ഭരിതമായ മതമാണ്‌ ഇസ്‌ലാം. എന്നാല്‍ നമ്മുടെ മതപണ്ഡിതന്മാരുടെ ആലോചനകളില്‍ പൊതുവെ പരിസ്ഥിതി ഒരു പ്രശ്‌നമായി വന്നിട്ടില്ല. അവര്‍ നോക്കുന്നില്ലേ ഒട്ടകത്തെ എങ്ങനെ സൃഷ്‌ടിച്ചുവെന്ന്‌, ആകാശത്തെ ഏതുവിധം ഉയര്‍ത്തിയെന്ന്‌, പര്‍വതത്തെ എങ്ങനെ പ്രതിവചിച്ചുവെന്ന്‌, ഭൂമിയെ എപ്രകാരം പ്രവിശാലമാക്കി'യെന്ന്‌ എന്നെല്ലാം വിവരിക്കുന്ന അല്‍ഗാശിയ സൂറത്ത്‌ നമസ്‌കാരത്തില്‍ ഓതുമെങ്കിലും ആ സൂക്തങ്ങളുടെ വിവക്ഷകളെപ്പറ്റി ഇസ്‌ലാമിക പണ്ഡിതര്‍ ശരിയായ ബോധമുള്‍ക്കൊണ്ടു എന്നു പറഞ്ഞുകൂടാ. കുന്നിടിക്കുന്നതും തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതും മഹാപാപങ്ങളായി ഇസ്‌ലാമിക സദാചാര ബോധത്തില്‍ പ്രതിഷ്‌ഠിക്കപ്പെട്ടിട്ടില്ല. കേരളത്തിലെ ക്രിസ്‌തീയ സഭാനേതൃത്വം പരിസ്ഥിതി നശീകരണം കുമ്പസരിക്കാവുന്ന മഹാപാപങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയത്‌, മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയെക്കുറിച്ചുള്ള ആധി മൂലമാണ്‌. എന്തുകൊണ്ട്‌ ജിന്നുകളെക്കുറിച്ചും ഇഫ്‌രീത്തുകളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്കിടയില്‍ അവ സൈ്വരവിഹാരം നടത്തുന്ന ഭൗമമണ്ഡലത്തെപ്പറ്റിയും നമുക്കൊന്ന്‌ ആലോചിച്ചു കൂടാ?
ആഢംബരശീലം, പ്രത്യക്ഷമായും പരോക്ഷമായും പ്രകൃതിയുടെ സന്തുലനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്‌. ഒരുദാഹരണം പറയാം; വിശാലമായ ബാത്ത്‌ ടബ്ബുകള്‍ ആഢംബരം തുളുമ്പുന്ന കുളിമുറികളിലെ അനിവാര്യതയാണ്‌; അറുനൂറ്‌ ലിറ്റര്‍ വെള്ളം നിറയ്‌ക്കാവുന്ന ബാത്ത്‌ ടബ്ബുകള്‍ ഉണ്ട്‌. അവയില്‍ ദിവസം രണ്ടു നേരം, സുഖകരമായ നീരാട്ട്‌. എത്ര വെള്ളമാണ്‌ നാം പാഴാക്കിക്കളയുന്നത്‌! കുടിവെള്ള ലഭ്യത, ലോകത്തിന്റെ തന്നെ ഏറ്റവും പൊള്ളുന്ന പ്രശ്‌നമായിക്കഴിഞ്ഞ കാലത്താണ്‌ ആഢംബര ത്വരയുടെ ഈ ദുര്‍വിനിയോഗം. ഇതൊക്കെ താരതമ്യേന ചെറിയ കാര്യങ്ങളാണ്‌; ഗൗരവം കുറഞ്ഞവ, ആശയ ഗാംഭീര്യം കമ്മിയായവ. പക്ഷേ, ഇത്തരം ചെറിയ കാര്യങ്ങളില്‍, നമ്മുടെ മഹാപ്രപഞ്ചത്തിന്റെ ഭാവി കുരുങ്ങിക്കിടക്കുന്നു എന്നു തീര്‍ച്ച.
ആര്‍ഭാടങ്ങള്‍ക്കെതിരില്‍ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ചില ഉണര്‍വുകളുണ്ട്‌ എന്നത്‌ മറക്കുന്നില്ല. പക്ഷേ, അത്തരം പ്രവര്‍ത്തനങ്ങള്‍ പോലും വിവാഹം, സ്‌ത്രീധനം തുടങ്ങിയ വിഷയങ്ങളില്‍ പരിമിതപ്പെട്ടുകിടക്കുകയാണ്‌. ഈ നില മാറണം. ആര്‍ഭാടത്തിന്റെ റേഞ്ച്‌ എത്രത്തളം വ്യാപിച്ചുകിടക്കുന്നു എന്ന്‌ ശരിയായ തിരിച്ചറിവുണ്ടാകണം. മുസ്‌ലിം സമുദായം കൈവരിച്ചുകൊണ്ടിരിക്കുന്ന ഉന്നതികള്‍ ഇസ്‌ലാമികമായി പരിവര്‍ത്തിക്കപ്പെടണമെങ്കില്‍, അവയ്‌ക്ക്‌ ഇത്തരം മാനങ്ങള്‍കൂടി ഉണ്ടായേ തീരൂ. 

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: