അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ നിത്യസംഭവങ്ങള്‍

  • Posted by Sanveer Ittoli
  • at 8:35 AM -
  • 0 comments
അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ നിത്യസംഭവങ്ങള്‍

ഒരു നിരപരാധിയെ അന്യായമായി കൊലപ്പെടുത്തിയ വ്യക്തിക്ക്‌ എന്തു ശിക്ഷയാണ്‌ നല്‌കേണ്ടത്‌? ലോകത്ത്‌ ഏകാഭിപ്രായം ലഭിക്കാത്ത ഒരു പ്രശ്‌നമായി ഈ ചോദ്യം ഇന്നും അവശേഷിക്കുന്നു. ഘാതകവധം അഥവാ കൊലയാളിക്ക്‌ വധശിക്ഷ എന്നത്‌ പൊതുവെ അംഗീകൃതമാണെങ്കിലും പരിഷ്‌കൃത ലോകം അത്‌ നിരാകരിച്ചുവരികയാണ്‌.
വധശിക്ഷ കാടത്തമാണെന്ന അഭിപ്രായമാണ്‌ പല ഭാഗത്തുനിന്നും ഉയര്‍ന്നുവരുന്നത്‌. ഇന്ത്യയില്‍ പൂര്‍ണമായും വധശിക്ഷ എടുത്തുകളഞ്ഞിട്ടില്ല. എങ്കിലും വധശിക്ഷ നിര്‍ത്തലാക്കണമെന്ന നിലയ്‌ക്കുതന്നെയാണ്‌ ചര്‍ച്ചകള്‍ നീങ്ങുന്നത്‌. അതേ സമയം ആധുനികതയുടെ മടിത്തട്ടിലേക്ക്‌ ഊര്‍ന്നു വീണുകൊണ്ടിരിക്കുന്ന ക്രൂരകൃത്യങ്ങള്‍ കണ്ടു മനസ്സു കരിഞ്ഞുപോകുന്ന ജനം പറയുന്നു, വധശിക്ഷയില്‍ കുറഞ്ഞ ഒന്നും നല്‌കിയാല്‍ ആ കുറ്റവാളിക്ക്‌ മതിയാകില്ല. അപ്പോള്‍ സാമാന്യമായിപ്പറയാതെ കുറ്റകൃത്യത്തിന്റെ ഭയാനകതയനുസരിച്ച്‌ ശിക്ഷയും കഠിനമാക്കേണ്ടിവരുമെന്ന പൊതു തത്വത്തെ നിരാകരിക്കാനും കഴിയില്ല. കയ്‌ച്ചിട്ട്‌ ഇറക്കാനും വയ്യ മധുരിച്ചിട്ട്‌ തുപ്പാനും വയ്യ.
വധശിക്ഷ `വേണ്ടണം' എന്ന തര്‍ക്കം നടക്കുമ്പോള്‍ തന്നെ നിരവധി വധശിക്ഷാവിധികള്‍ ഇന്ത്യന്‍ കോടതികളില്‍ നിന്നു പുറത്തുവന്നുകൊണ്ടിരുന്നു. വയനാട്ടിലെ അനിത വധക്കേസിലെ പ്രതികള്‍ക്ക്‌ വധശിക്ഷ വിധിച്ചു കണ്ട്‌ സെഷന്‍സ്‌ ജഡ്‌ജി ഇക്കഴിഞ്ഞ ദിവസം ഉത്തരവായിരിക്കുന്നു. വധശിക്ഷ വിധിക്കപ്പെടുന്നത്‌ കൊലക്കുറ്റത്തിനല്ല, അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കൊലപാതകങ്ങള്‍ക്കാണെന്നാണ്‌ ജഡ്‌ജ്‌മെന്റ്‌ വായിച്ചാല്‍ മനസ്സിലാവുക. അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ പാതകങ്ങള്‍ നിത്യസംഭവമായിത്തീരുന്ന സാഹചര്യം നാട്ടില്‍ സംജാതമായാലോ? നമ്മുടെ നാടിന്റെ അവസ്ഥ ഏതാണ്ട്‌ അതുപോലെയായി മാറിയിട്ടുണ്ടോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഡല്‍ഹി പീഡനക്കേസ്‌ അത്തരത്തിലുള്ളതാണെന്ന്‌ ജഡ്‌ജിമാര്‍ തന്നെ പറയുന്നു (ജസ്റ്റിസ്‌ കെ ടി തോമസിന്റെ പ്രസ്‌താവന) സൗമ്യയെ കൊന്ന ചാമിയോ? അന്‍പത്തൊന്നു വെട്ടുവെട്ടി ടി പി ചന്ദ്രശേഖരനെ കൊന്നവരോ? അരിയില്‍ ശുക്കൂര്‍ എന്ന കൗമാര പ്രായക്കാരനെ വളഞ്ഞുപിടിച്ച്‌ ആട്ടി പിന്നാലെ കൂടി വെട്ടിക്കൊന്നവരോ? കത്തികൊണ്ട്‌ മുപ്പതോളം മുറിവുണ്ടാക്കി തന്റെ ഭാര്യ ഷൈനിയെ കൊന്ന (20-2-2013) ഷാജിയോ? ഇതെല്ലാം ചൂടോടെ നമ്മുടെ മുന്നിലുള്ളവ. ഇന്ത്യന്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന എത്രയെത്ര അത്യപൂര്‍വ ക്രിമിനല്‍ കേസുകള്‍ തീര്‍പ്പുകല്‌പിക്കാതെ കിടക്കുന്നു. നീതിന്യായ സംവിധാനം കീഴ്‌മേല്‍ മറിഞ്ഞുപോകുന്ന ദുരവസ്ഥയിലേക്ക്‌ നാട്‌ നീങ്ങിയാല്‍!
വധശിക്ഷ വേണോ വേണ്ടയോ എന്നത്‌ നയപരമായ പ്രശ്‌നമാണ്‌. അതിന്‌ രാഷ്‌ട്രീയമായ തീരുമാനവും നിയമനിര്‍മാണവും വേണം. അത്‌ അതിന്റെ വഴിക്ക്‌ നടക്കട്ടെ. എന്നാല്‍ ഉള്ള നിയമങ്ങള്‍ നടപ്പിലാക്കുന്നേടത്ത്‌ വരുന്ന കുറ്റകരമായ വീഴ്‌ചയ്‌ക്ക്‌ ആരെയാണ്‌ ശിക്ഷിക്കേണ്ടത്‌? കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഇന്ത്യയില്‍ രണ്ടു പേര്‍ തൂക്കിലേറ്റപ്പെട്ടിരിക്കുകയാണ്‌. ബോംബെ സ്‌ഫോടനക്കേസിലെ അജ്‌മല്‍ കസബും പാര്‍ലമെന്റാക്രമണക്കേസിലെ അഫ്‌സല്‍ ഗുരുവും. പ്രസിഡന്റിന്‌ നല്‌കിയ ദയാഹര്‍ജികള്‍ തള്ളിക്കൊണ്ടാണ്‌ ഈ രണ്ട്‌ വധിശക്ഷയും നടപ്പിലാക്കിയത്‌. ഏറെ വൈകാതെ വീരപ്പന്റെ കൂട്ടാളികളുടെ ദയാഹര്‍ജിയും പ്രസിഡന്റ്‌ തള്ളിയതായി വാര്‍ത്തവന്നു. ഇപ്പോഴിതാ രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികളെയും ശിക്ഷ നടപ്പാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു. എന്നാല്‍ രാജീവ്‌ ഗാന്ധി വധക്കേസില്‍ പ്രതികളായവര്‍ക്ക്‌ വധശിക്ഷ നല്‌കണമെന്ന്‌ വിധി പറഞ്ഞ സുപ്രീംകോടതി ബഞ്ചിന്റെ തലവന്‍ ജസ്റ്റിസ്‌ കെ ടി തോമസ്‌ തന്നെ പറയുന്നു, ആ ശിക്ഷ നടപ്പാക്കരുതെന്ന്‌! ഇതെന്തു വൈരുധ്യമാണ്‌? എന്നാല്‍ ജസ്റ്റിസ്‌ കെ ടി തോമസ്‌ തന്റെ അഭിപ്രായത്തിന്‌ ന്യായം കൂടി പറഞ്ഞിട്ടുണ്ട്‌.
രാജീവ്‌ ഗാന്ധി വധിക്കപ്പെട്ടത്‌ ഏകദേശം കാല്‍ നൂറ്റാണ്ട്‌ മുന്‍പാണ്‌. ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രിയും ആ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രധാന മന്ത്രി സ്ഥാനാര്‍ഥിയുമായ രാജീവ്‌ ഗാന്ധിയെ അതി നിഷ്‌ഠൂരമായി കൊല ചെയ്‌ത അന്താരാഷ്‌ട്ര പ്രാധാന്യമുള്ള കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുവാന്‍ ഒരുങ്ങുകയാണിപ്പോള്‍. അപ്പോഴേക്കും പ്രതികള്‍ ഇരുപത്തിരണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചുകഴിഞ്ഞു. ഐ പി സി 302 പ്രകാരം കൊലക്കുറ്റത്തിന്‌ കേസെടുത്ത്‌ കുറ്റം തെളിഞ്ഞാല്‍ വധശിക്ഷയോ ജീവപര്യന്തം തടവോ ആണ്‌ ഇന്ത്യന്‍ ശിക്ഷാനിയമത്തിലുള്ളത്‌. ജീവപര്യന്തം തടവുകാര്‍ക്ക്‌ തന്നെ പതിനാലു വര്‍ഷം കഴിഞ്ഞാല്‍ പലവിധത്തിലുള്ള ഇളവുകള്‍ക്കും സാധ്യതയുണ്ട്‌. അപ്പോള്‍ ഇരുപത്തി രണ്ടു വര്‍ഷം ശിക്ഷയനുഭവിച്ചശേഷം തൂക്കിലേറ്റപ്പെടുമ്പോള്‍ ഇരട്ട ശിക്ഷയാകും ഫലം. ഇത്‌ ഭരണഘടന 21-ാം വകുപ്പിന്റെ അന്തസ്സത്തയ്‌ക്ക്‌ എതിരാകുമെന്നാണ്‌ ജസ്റ്റിസ്‌ തോമസിന്റെ കോടതിക്കു പുറത്തുള്ള വാദം. വധശിക്ഷ നിര്‍ത്തലാക്കണമെന്ന്‌ വ്യക്തിപരമായി അഭിപ്രായമുണ്ടായിട്ടും ഈ പ്രതികള്‍ക്ക്‌ വധശിക്ഷ വിധിച്ചത്‌ ന്യായമാണെന്ന്‌ തുറന്നുപറഞ്ഞ അതേ ജസ്റ്റിസ്‌, മേല്‌പറഞ്ഞ കാരണങ്ങളാല്‍ അവ നടപ്പാക്കരുതെന്ന്‌ ഇപ്പോള്‍ പറയുന്നതിലും ന്യായമുണ്ട്‌
തള്ളിക്കളയാവുന്നതല്ല കെ ടി തോമസിന്റെ ന്യായം. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലെത്തിയ ഒരാളെ നിഷ്‌ഠൂരമായി ബോംബ്‌ വച്ച്‌ കൊന്നവരെ വെറുതെ വിടുന്നത്‌ ന്യായമാണോ? `തോമസ്‌ ന്യായം' മുഖവിലക്കെടുത്താലോ, പല ഗുരുതരമായ പ്രശ്‌നങ്ങള്‍ പൊന്തിവരികയും ചെയ്യും. കഴിഞ്ഞ മാസം തൂക്കിക്കൊന്ന അഫ്‌സല്‍ ഗുരു 13 വര്‍ഷം (ജീവപര്യന്തകാലം) ജയില്‍ ശിക്ഷ അനുഭവിച്ച ശേഷമല്ലേ ഒരു ദിവസം പ്രഭാതത്തില്‍ വിളിച്ചുണര്‍ത്തി തൂക്കിലേറ്റിയത്‌? വിധിപറഞ്ഞിട്ട്‌ ആറു വര്‍ഷം ശിക്ഷ നടപ്പിലാക്കാതെ നീട്ടിവച്ചതെന്തിന്‌? അയാള്‍ക്കു നാം നല്‌കിയത്‌ ഇരട്ടി ശിക്ഷയല്ലേ? ആര്‍ട്ടിക്ക്‌ള്‍ ഇരുപത്തൊന്നിനു വിരുദ്ധമല്ലേ? മുപ്പതു വര്‍ഷം മുമ്പു നടന്ന സിഖ്‌ കൂട്ടക്കൊല, ബോംബെ കലാപം, ഗുജറാത്ത്‌ കലാപം തുടങ്ങി ഇനിയും തീര്‍പ്പു കല്‌പിക്കാത്ത എത്ര കേസുകളുണ്ട്‌. കീഴ്‌ക്കോടതി, സെഷന്‍സ്‌, ഹൈക്കോടതി, സുപ്രീംകോടതി എന്നീ വിചാരണക്കടമ്പകള്‍ കടന്നുവന്ന്‌ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ടവരാണ്‌ രാഷ്‌ട്രപതിക്ക്‌ ജീവന്‍ രക്ഷാ ദയാഹര്‍ജി നല്‌കിയത്‌. ദയാ ഹരജി അംഗീകരിച്ച്‌ ശിക്ഷ ഇളവു ചെയ്യുകയോ അത്‌ തള്ളി ശിക്ഷ സ്ഥിരീകരിക്കുകയോ ചെയ്യാന്‍ എത്രകാലം വേണം? പരമാവധി ഒരു മാസം കൊണ്ട്‌ ചെയ്യാവുന്ന ഈ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നത്‌, രാഷ്‌ട്രപതി എന്ന വ്യക്തിയുടെ പ്രയാസമോ രാഷ്‌ട്രപതി ഭവനിലെ ചുവപ്പു നാട പ്രശ്‌നമോ അതോ രാഷ്‌ട്രീയമായ മറ്റു താല്‍പര്യങ്ങളോ? ഇതറിയാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കും അവകാശമുണ്ട്‌. പ്രണബ്‌ മുഖര്‍ജി ഇന്ത്യന്‍ പ്രസിഡന്റായത്‌ ദയാഹര്‍ജികള്‍ തീര്‍പ്പുകല്‌പിക്കാന്‍ വേണ്ടിയാണെന്നു തോന്നുന്നു, ആ ഫയലുകള്‍ ഒന്നൊന്നായി പൊടി തട്ടി എടുക്കുന്നുണ്ട്‌. നീതി നിഷേധിക്കുകയോ വൈകിക്കുകയോ ചെയ്യുന്നത്‌ മറ്റു രംഗങ്ങളിലെ ചുവപ്പനാട പോലെയല്ലെന്ന്‌ പ്രത്യേകം പറയേണ്ടതില്ല.
അഫ്‌സല്‍ ഗുരുവിനെ വിധിച്ചതും രാജീവ്‌ വധക്കേസ്‌ പ്രതികളെ വധിക്കാന്‍ തീരുമാനിച്ചതും വിവാദമായിരിക്കുകയാണ്‌. ജസ്റ്റിസ്‌ കെ ടി തോമസ്‌ പറഞ്ഞ ന്യായപ്രകാരം ഒന്‍പതു വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ വിചാരണത്തടവനുഭവിച്ച, നിരപരാധിയെന്ന്‌ വിധിയെഴുതപ്പെട്ട അബ്‌ദുന്നാസര്‍ മഅ്‌ദനിയുടെ ജയില്‍ വാസം എങ്ങനെ വിലയിരുത്തും?! ഇപ്പോള്‍ വീണ്ടും അദ്ദേഹം അനിശ്ചിതമായി ബാംഗ്ലൂര്‍ ജയിലിലാണ്‌; ശിക്ഷ വിധിക്കപ്പെടാതെ. അദ്ദേഹത്തിന്‌ സര്‍ക്കാര്‍ നഷ്‌ടപരിഹാരം നല്‌കുമോ? അതോ ഇനിയദ്ദേഹം ഒരു ബോംബ്‌ സ്‌ഫോടനം നടത്തിയാല്‍ പോലും ശിക്ഷ അഡ്വാന്‍സിലേക്ക്‌ വക വയ്‌ക്കുമോ? ഇങ്ങനെ എത്ര `മഅ്‌ദനിമാര്‍' ഇന്ത്യന്‍ ജയിലുകളിലുണ്ട്‌! ജുഡീഷ്യറി കൊണ്ട്‌ കളിക്കുകയാണോ? അതോ നീതി നിര്‍വഹണത്തില്‍ വിവേചനം കാണിക്കുകയോ? അതോ നീതിന്യായ വ്യവസ്ഥ വിലകുറഞ്ഞ രാഷ്‌ട്രീയത്തിനുവേണ്ടി ഉപയോഗിക്കുകയോ?
രാഷ്‌ട്രീയ ഇച്ഛാശക്തിയോടെ പൗരാവകാശങ്ങള്‍ വകവച്ചുകൊടുത്തുകൊണ്ട്‌ വിവേചന രഹിതമായ നീതിനിര്‍വഹണത്തിലൂടെ സാമൂഹിക രംഗം ശക്തമാക്കാന്‍ കഴിഞ്ഞെങ്കിലേ രാഷ്‌ട്രത്തിന്‌ സുഗമമായ കുതിപ്പില്‍ കാലിടറാതിരിക്കൂ. സമൂഹത്തിന്‌ മനപ്പൂര്‍വം വിപത്തുവിതയ്‌ക്കുന്ന ക്രിമിനലുകള്‍ എത്രയും വേഗം അര്‍ഹമായ ശിക്ഷ നല്‌കുക എന്നതുതന്നെയാണ്‌ മാനവികതയുടെ തേട്ടം. ഈ രംഗത്ത്‌ ഇസ്‌ലാമിന്റെ ഉദാത്തമായ കാഴ്‌ചപ്പാട്‌ ലോകത്തിന്‌ മാതൃകയാണ്‌. പട്ടിക്ക്‌ ദാഹജലം നല്‌കിയവന്‍ സ്വര്‍ഗത്തില്‍, പൂച്ചയെ കെട്ടിയിട്ട്‌ കഷ്‌ടപ്പെടുത്തിയവള്‍ നരകത്തില്‍, പച്ചക്കരളുള്ള ജീവിയില്‍ പോലും ധര്‍മമുണ്ട്‌ എന്നെല്ലാം പഠിപ്പിച്ച ഇസ്‌ലാമിക മനുഷ്യാവകാശത്തിനും പൗരസ്വാതന്ത്ര്യത്തിനും ഏറെ വില കല്‌പിക്കുന്നു.
ഇസ്‌ലാമിന്റെ സാമൂഹ്യനീതിയുടെ നിദര്‍ശനമാണ്‌ കുറ്റവും ശിക്ഷയും കൈകാര്യം ചെയ്‌ത രീതി. അന്യായമായി ഒരു മനുഷ്യനെ കൊല്ലുക എന്നത്‌ ഏറ്റവും വലിയ സാമൂഹിക തിന്മയായി കാണുന്ന ഇസ്‌ലാം കൊലപാതകിക്ക്‌ വധശിക്ഷ വിധിക്കുന്നു. ഖുര്‍ആന്‍ പരാമര്‍ശം എത്ര ചിന്തനീയം! `ബുദ്ധിമാന്മാരേ, തുല്യശിക്ഷ (ഘാതകവധം) നല്‌കുന്നതിലാണ്‌ നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‌പ്‌'(2:179). അങ്ങനെ വിധിക്കപ്പെട്ട വധശിക്ഷ ഇളവുചെയ്യാന്‍, ദയാഹര്‍ജി പരഗണിക്കാന്‍ അധികാരമുള്ള ഒരേയൊരു വ്യക്തി ആരെന്നല്ലേ? വധിക്കപ്പെട്ടവന്റെ അടുത്ത ബന്ധു! ഖുര്‍ആന്‍ (17:33) അധ്യാപനം എത്ര ഉദാത്തം!

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: