പിശാചും ഭൗതികമായ കഴിവുകളും

  • Posted by Sanveer Ittoli
  • at 8:21 PM -
  • 0 comments
പിശാചും ഭൗതികമായ കഴിവുകളും



നെല്ലുംപതിരും -

എ അബ്‌ദുസ്സലാം സുല്ലമി

ഹിംസ്ര ജന്തുക്കള്‍, വിഷപ്പാമ്പുകള്‍, പേപ്പട്ടി, തീ, വെള്ളം... തുടങ്ങി പലതിനെയും ഭൗതികമായി മനുഷ്യര്‍ പേടിക്കാറുണ്ട്‌. ഇവയെ പേടിക്കുന്നത്‌ അല്ലാഹുവിനെ മാത്രം ഭയപ്പെടുക എന്ന തൗഹീദിന്റെ തത്വത്തിനെതിരല്ലാത്തതു പോലെ പിശാചിന്‌ അല്ലാഹു നല്‌കിയ ഭൗതികപ്രകൃതി കൊണ്ടു അവന്‍ ഉണ്ടാക്കുന്ന ഉപദ്രവങ്ങളെ പേടിക്കുന്നതും ഈ തത്വത്തിനെതിരല്ല.
എന്നാല്‍ ഗൈ്വബിയായ നിലക്ക്‌ അഥവാ അഭൗതികമായി, കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി മനുഷ്യരെ ഉപദ്രവിക്കാന്‍ പിശാചിന്‌ കഴിയും എന്നൊരാള്‍ വിശ്വസിച്ചാല്‍ ആ ഭയം ശിര്‍ക്കിലെത്തുമെന്നതില്‍ സംശയമില്ല.'' (കെ കെ സകരിയ്യ സ്വലാഹി, ഇസ്വ്‌ലാഹ്‌ മാസിക -2013 ഫെബ്രുവരി, പേജ്‌ 44)
സത്യവും അസത്യവും കൂട്ടിക്കലര്‍ത്തി അതിനീചമായി, മുജാഹിദുകളെ മുശ്‌രിക്കുകളാക്കുന്ന കുതന്ത്രമാണ്‌ ജിന്നുവാദികള്‍ എഴുതിവിടുന്നത്‌. പിശാചിന്‌ അല്ലാഹു ഭൗതികമായ കഴിവുകള്‍ നല്‌കിയിട്ടുണ്ടെന്നും അവയില്‍ പിശാചിന്റെ ഉപദ്രവത്തെ ഭയപ്പെടല്‍ ശിര്‍ക്കല്ലെന്നും, എന്നാല്‍ അഭൗതികമായ നിലക്ക്‌ പിശാചിനെ ഭയപ്പെടല്‍ ശിര്‍ക്കാണെന്നും പ്രാര്‍ഥനയാണെന്നുമാണ്‌ ഇവരിവിടെ എഴുതുന്നത്‌. അഭൗതികം, കാര്യകാരണ ബന്ധങ്ങള്‍ക്കതീതം, അദൃശ്യം എന്നെല്ലാം പറയുക പിശാചിന്റെ കഴിവില്‍ പെടാത്തത്‌ ചോദിക്കലാണെന്നും ഇവര്‍ വിശദീകരിക്കുന്നു.
ഇവിടെ വിവരിച്ച ഹിംസ്ര ജന്തുക്കള്‍, വിഷ സര്‍പ്പങ്ങള്‍, പേപ്പട്ടി, തീ, വെള്ളം ഇവയുടെ ഭൗതികമായ കഴിവുകള്‍ മുജാഹിദുകള്‍ക്ക്‌ അറിയാം. കഴിവിന്റെ പരിധികളും. അതിനാല്‍ മുജാഹിദുകള്‍ ഇവയെ ഭയപ്പെടുമ്പോള്‍ ശിര്‍ക്ക്‌ വരികയില്ല. ഇവയെ ഏത്‌ രീതിയില്‍ ഭയപ്പെട്ടാലാണ്‌ ശിര്‍ക്ക്‌ വരിക എന്നും മുജാഹിദുകള്‍ക്കറിയാം. യാഥാസ്ഥിതികര്‍ പറയുന്നത്‌ ഈ പ്രപഞ്ചത്തെ സൃഷ്‌ടിക്കുകയും നിയന്ത്രിക്കുകയും സംഹരിക്കുകയും ചെയ്യുന്ന ഇലാഹാക്കിക്കൊണ്ട്‌ ഇവയെ ആരാധിച്ചാലാണ്‌ ശിര്‍ക്ക്‌ വരിക എന്നാണ്‌. അല്ലെങ്കില്‍ സ്വയം കഴിവുണ്ടെന്ന്‌ വിശ്വസിച്ചാല്‍. (സ്വയം കഴിവില്‍ വിശ്വസിച്ചാലാണ്‌ ശിര്‍ക്ക്‌ വരിക എന്ന്‌ മറ്റൊരാള്‍ ഈ മാസികയില്‍ തന്നെ എഴുതിയിട്ടുണ്ട്‌). ഏകദൈവ വിശ്വാസികളായ മുജാഹിദുകള്‍ പറയുന്നത്‌ ഇങ്ങനെ: ഇപ്രകാരം വിശ്വസിക്കല്‍ ശിര്‍ക്കാണ്‌. ഇപ്രകാരം വിശ്വസിക്കാതെത്തന്നെ അദൃശ്യവും അഭൗതികവുമായ നിലക്ക്‌ ഇവയെ ഭയപ്പെട്ടാല്‍ തന്നെ ശിര്‍ക്കാവുന്നതാണ്‌. ഇവയുടെ ശാപത്തെയോ ശകുനത്തെയോ ഭയപ്പെടല്‍ അദൃശ്യവും അഭൗതികവുമായി ഭയപ്പെടുന്നതിന്റെ പരിധിയില്‍ വരുന്നു. ഹിംസ്രജന്തുക്കള്‍, വിഷപ്പാമ്പുകള്‍, പേപ്പട്ടി, തീ, വെള്ളം എന്നിവയെല്ലാം ദൃശ്യവും ഭൗതികവുമായ അല്ലാഹുവുവിന്റെ സൃഷ്‌ടികളാണ്‌, ജിന്നും മലക്കും അദൃശ്യവും അഭൗതികവുമായ സൃഷ്‌ടികളാണ്‌.
അമാനി മൗലവി അദൃശ്യത്തെയും അഭൗതിക മാര്‍ഗത്തെയും വിശദീകരിക്കുന്നതു കാണുക: ഗയ്‌ബില്‍ വിശ്വസിക്കുക എന്നതുകൊണ്ടുദ്ദേശ്യം അല്ലാഹുവിന്റെ സത്ത, മലക്കുകള്‍, പരലോക വിചാരണ, സ്വര്‍ഗം, നരകം, ഖബ്‌റിലെ അനുഭവങ്ങള്‍ ആദിയായി ബാഹ്യേന്ദ്രിയങ്ങള്‍ വഴിയോ ആന്തരേന്ദ്രിയങ്ങള്‍ വഴിയോ അല്ലെങ്കില്‍ ബുദ്ധികൊണ്ടോ സ്വയം കണ്ടെത്താന്‍ കഴിയാത്തതും വേദഗ്രന്ഥങ്ങളുടെയും പ്രവാചകന്മാരുടെയും പ്രസ്‌താവനകള്‍ കൊണ്ടുമാത്രം അറിയാന്‍ കഴിയുന്നതുമായ കാര്യങ്ങളാകുന്നു (വിശുദ്ധ ഖുര്‍ആന്‍ വിവരണം: 1-124). ഹിംസ്രജന്തുക്കളും, വിഷപ്പാമ്പുകളും, പേപ്പട്ടിയും, തീയും, വെള്ളവും, വിഷപ്പാമ്പിന്റെയും പേപ്പട്ടിയുടെയും വിഷമുള്ള വായയും തൂലികയും ലഭിച്ച മൗലവിമാരും വേദഗ്രന്ഥങ്ങളുടെയും പ്രവാചകന്മാരുടെയും പ്രസ്‌താവനകള്‍ കൊണ്ടുമാത്രം അറിയുവാന്‍ കഴിയുന്ന കാര്യങ്ങളാണോ? അല്ലയോ?
പിശാചിന്‌ ഭൗതിക കഴിവുകളുണ്ട്‌ എന്ന്‌ പറയുന്നവര്‍ ഈ സംശയങ്ങള്‍ക്ക്‌ മറുപടി പറയേണ്ടതുണ്ട്‌.
1. ഒരു മനുഷ്യന്‍ ഒരു കിണറ്റിന്റെ അല്ലെങ്കില്‍ പുഴയുടെ അടുത്ത്‌ നില്‌ക്കുമ്പോള്‍ പിശാച്‌ ഇയാളെ അതിലേക്ക്‌ തള്ളിവീഴ്‌ത്തും എന്ന്‌ ഭയപ്പെട്ടാല്‍ ഈ ഭയം ശിര്‍ക്കാണോ? പേപ്പട്ടിയെ ഭയപ്പെടുന്നതുപോലെ അനുവദനീയമായതാണോ? ഒരു തെമ്മാടിയായ മനുഷ്യനാണെങ്കില്‍ മലക്കുകള്‍ എന്നെ തള്ളി വീഴ്‌ത്തും എന്ന്‌ ഭയപ്പെട്ടാല്‍ ഈ ഭയം ശിര്‍ക്കാണോ? പിശാചിനും മലക്കുകള്‍ക്കും ഒരാളെ തള്ളിവീഴ്‌ത്താന്‍ ഭൗതികമായ കഴിവുകള്‍ നല്‌കിയിട്ടുണ്ടോ?
3. ഒരു മനുഷ്യന്‍ തന്റെ മകളെ പിശാച്‌ റാഞ്ചിക്കൊണ്ടു പോകും എന്നു ഭയപ്പെട്ടാല്‍ ഈ ഭയം ശിര്‍ക്കാണോ?
4. ഒരു മനുഷ്യന്‍ ഭക്ഷണം കഴിക്കുമ്പോള്‍ പിശാച്‌ തന്റെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി വധിക്കുമെന്ന്‌ ഭയപ്പെട്ടാല്‍ ഈ ഭയം ശിര്‍ക്കാണോ? അല്ല വിഷപ്പാമ്പിനെ ഭയപ്പെടുന്നതുപോലെയാണോ?
5. വെള്ളത്തില്‍ ഒഴുകിപ്പോകുന്ന ഒരു മനുഷ്യന്‍ നീന്തി രക്ഷപ്പെടുമ്പോള്‍ പിശാച്‌ അയാളെ വെള്ളത്തില്‍ മുക്കിക്കൊല്ലുമെന്ന്‌ ഭയപ്പെട്ടാല്‍ ഈ ഭയം ശിര്‍ക്കാണോ? ഇതിനുള്ള ഭൗതിക കഴിവ്‌ പിശാചിന്‌ നല്‌കിയിട്ടുണ്ടോ?
6. പിശാച്‌ ഒരാളുടെ ശരീരത്തില്‍ പ്രവേശിച്ച്‌ ഹൃദയത്തിന്റെ വാല്‍വ്‌ വലിച്ചെടുക്കുമെന്നും രക്തക്കുഴലില്‍ ഇരുന്ന്‌ തടസ്സമുണ്ടാക്കുമെന്നും ഭയപ്പെട്ടാല്‍ ഈ ഭയം ശിര്‍ക്കാണോ? ഇതിനുള്ള ഭൗതികമായ കഴിവ്‌ പിശാചിന്ന്‌ നല്‌കിയിട്ടുണ്ടോ? പ്രമേഹത്തെയും കൊളസ്റ്ററോളിനെയും ഭയപ്പെടുന്നതുപോലെയാണോ ഈ ഭയം?
7. തന്റെ ധനത്തില്‍ പിശാച്‌ നഷ്‌ടമുണ്ടാക്കുമെന്ന്‌ ഭയപ്പെട്ടാല്‍ ഈ ഭയം ശിര്‍ക്കാണോ? ഈ മനുഷ്യന്റെ തെമ്മാടികളായ മക്കളെ ഭയപ്പെടുന്നതുപോലെയാണോ ഈ ഭയവും. പിശാചിന്‌ ഇതിനുള്ള ഭൗതികമായ കഴിവ്‌ നല്‌കിയിട്ടുണ്ടോ?
8. ഹിംസ്ര ജന്തുക്കള്‍, വിഷപ്പാമ്പുകള്‍, പേപ്പട്ടി, തീ, വെള്ളം ഇവയുടെ ഉപദ്രവങ്ങളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ അല്ലാഹു മനുഷ്യര്‍ക്ക്‌ അറിവും കഴിവും നല്‌കിയിട്ടുണ്ട്‌. പിശാചിന്‌ അല്ലാഹു നല്‌കിയ ഭൗതികമായ ഉപദ്രവങ്ങളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ മാര്‍ഗമെന്താണ്‌? മുകളില്‍ വിവരിച്ച കാര്യങ്ങള്‍ ചെയ്യുവാന്‍ പിശാചിനു ഭൗതിക കഴിവ്‌ നല്‌കിയിട്ടുണ്ടെങ്കില്‍ രക്ഷപ്പെടാന്‍ മനുഷ്യന്‌ എന്താണ്‌ ഭൗതികമായ കഴിവ്‌ നല്‌കിയിട്ടുള്ളത്‌? ഖുര്‍ആന്‍ തറാഫിയാണോ?
9. പേപ്പട്ടി കടിക്കുമെന്ന്‌ ഒരാള്‍ ഭയപ്പെടുന്നതുപോലെ പിശാച്‌ എന്നെ കടിക്കുമെന്ന്‌ ഭയപ്പെടല്‍ അനുവദനീയമാണോ? കടിക്കാനുള്ള ഭൗതിക കഴിവ്‌ പിശാചിന്‌ നല്‌കിയിട്ടുണ്ടോ? 8. ഒരാള്‍ തന്റെ ഭക്ഷണം പിശാച്‌ തിന്നുമെന്നു ഭയപ്പെട്ടാല്‍ തന്റെ ഭാര്യ തിന്നുമെന്ന്‌ ഭയപ്പെടുന്നതുപോലെ അനുവദനീയമായ ഭയമാണോ? പിശാചിന്‌ തിന്നുവാനുള്ള ഭൗതിക കഴിവ്‌ നല്‌കിയിട്ടുണ്ടോ?
10. രോഗാണുക്കള്‍ രോഗമുണ്ടാക്കുമെന്ന്‌ ഭയപ്പെടുന്നതുപോലെ തന്നെയാണോ പിശാച്‌ രോഗമുണ്ടാക്കുമെന്ന്‌ ഭയപ്പെടുന്നത്‌? രണ്ടു സൃഷ്‌ടികളും ഭൗതിക സൃഷ്‌ടികളാണോ? 10.അമാനി മൗലവി എഴുതുന്നു: മനുഷ്യരെ സംബന്ധിച്ചിടത്തോളം ജിന്നുവര്‍ഗവും മലക്കുകളും ഒരുപോലെ അദൃശ്യങ്ങളാകകൊണ്ടു ചില നിഘണ്ടുകളില്‍ ജിന്ന്‌ എന്നതില്‍ മലക്കുകളും കൂടി ഉള്‍പ്പെടുന്ന അര്‍ഥം നല്‌കിയിട്ടുണ്ട്‌. (അമാനി മൗലവി , 2-1681 ഹിജ്‌റിന്റെ വ്യാഖ്യാനത്തില്‍).
എന്നാല്‍ ഹിംസ്ര ജന്തുക്കള്‍, വിഷപ്പാമ്പുകള്‍, പേപ്പട്ടി, തീ, വെള്ളം ഇവയെല്ലാം അദൃശ്യസൃഷ്‌ടികളാണെന്ന്‌ വല്ല മനുഷ്യനും എഴുതിയിട്ടുണ്ടോ?
11. പിശാചിനും മലക്കുകള്‍ക്കും അല്ലാഹു നല്‌കിയ ഭൗതികമായ കഴിവുകള്‍ അവരോടു ചോദിച്ചാല്‍ അതിന്റെ വിധി എന്താണ്‌? ഹറാമും ശിര്‍ക്കിലേക്കുള്ള മാര്‍ഗവുമാണെങ്കില്‍ എന്തുകൊണ്ട്‌? ഭൗതിക കഴിവിനെ ഭയപ്പെടല്‍ ഹറാമും ശിര്‍ക്കിലേക്കുള്ള മാര്‍ഗവുമില്ല. അനുവദനീയമാണ്‌. എങ്കില്‍ പിശാചിനും മലക്കുകള്‍ക്കുമുള്ള ഭൗതികമായ കഴിവുകള്‍ ചോദിക്കല്‍ അനുവദനീയമാവാതിരിക്കാനുള്ള കാരണമെന്ത്‌?
12. നബി(സ) യുദ്ധത്തില്‍ കുന്തം, വാള്‍, കുതിര, ഒട്ടകം, മനുഷ്യന്‍ മുതലായവര്‍ക്ക്‌ നല്‌കിയ ഭൗതിക കഴിവുകള്‍ നബി(സ)യുടെ ഉദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉപകാരമെടുത്തിട്ടുണ്ട്‌. എന്നാല്‍ ജിന്നുകള്‍ക്കും മലക്കുകള്‍ക്കും നല്‌കിയ ഏതെല്ലാം ഭൗതിക കഴിവുകളാണ്‌ നബി(സ)യുടെ ഉദ്ദേശപ്രകാരം ഉപകാരമെടുത്തത്‌? മലക്കുകള്‍ക്കും ജിന്നുകള്‍ക്കും നല്‌കിയ ഏതെല്ലാം ഭൗതിക കഴിവുകളാണ്‌ ജിന്നുവാദികള്‍ ഉപകാരമെടുത്തുകൊണ്ടിരിക്കുന്നത്‌? ഭൗതിക വസ്‌തുക്കളെ മനുഷ്യന്‍ കീഴ്‌പ്പെടുത്തി ഉപകാരം എടുക്കുന്നതുപോലെ ജിന്നുകളെയും മലക്കുകളെയും കീഴ്‌പ്പെടുത്തി ഉപകാരം എടുക്കുവാന്‍ സാധിക്കുമോ? ഇല്ലെന്നാണ്‌ മറുപടിയെങ്കില്‍ എന്തുകൊണ്ട്‌?
13. പട്ടിയും ആനയും സിംഹവും പുലിയുമെല്ലാം മനുഷ്യന്റെ കഴിവിന്റെ അധീനത്തിലും നിയന്ത്രണത്തിലും വരുന്നവയാണ്‌. ഇവയെ കീഴ്‌പ്പെടുത്തിയും പരിശീലനം നല്‌കിയും ഉപകാരപ്പെടുന്നതുപോലെ ജിന്നുകളെയും മലക്കുകളെയും കീഴ്‌പ്പെടുത്തി മനുഷ്യന്‌ ഉപകാരമെടുക്കുവാന്‍ സാധിക്കുമോ? ഇവര്‍ മനുഷ്യന്റെ നിയന്ത്രണത്തിലും കഴിവിന്റെ അധീനത്തിലും വരുന്ന സൃഷ്‌ടികളാണോ?
ജിന്നുവാദികള്‍ ഈ കാര്യങ്ങള്‍ക്ക്‌ മറുപടി പറഞ്ഞാലും ഇല്ലെങ്കിലും തൗഹീദ്‌ മനസ്സിലാക്കിയ ആളുകള്‍ ചിന്തിക്കുക. മലക്കും ജിന്നും മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്കോ ബുദ്ധിക്കോ വിധേയമാകുന്ന ഭൗതിക സൃഷ്‌ടികളല്ല. വഹ്‌യിലൂടെ മാത്രം മനുഷ്യര്‍ക്ക്‌ അറിവു ലഭിച്ച അഭൗതിക സൃഷ്‌ടികള്‍. ഇതില്‍ മുസ്‌ലിം ലോകത്തിന്‌ ഭിന്നാഭിപ്രായമുണ്ടായിട്ടില്ല; ഈ ജിന്നുവാദികള്‍ക്കല്ലാതെ. അതുകൊണ്ടുതന്നെ അവരോടുള്ള സഹായം തേടല്‍ ശിര്‍ക്കായിത്തീരുന്നു.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: