കുട്ടികളെ പഴിച്ചതുകൊണ്ടായോ?
സ്‌ത്രീപീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും വാര്‍ത്തകളില്‍ നിറയുന്നതിനിടെ, മനസ്സാക്ഷിയുള്ള ആരെയും ഞെട്ടിപ്പിക്കുന്നതാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ വന്‍തോതില്‍ ചെറുപ്രായക്കാര്‍ പ്രതിചേര്‍ക്കപ്പെടുന്നു എന്നത്. മോഷണം, പിടിച്ചുപറി, അതിക്രമങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങി എല്ലാ തരത്തില്‍പെട്ട ക്രിമിനല്‍ കേസുകളിലും അഞ്ചുവയസ്സു മുതല്‍ 17 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ അകപ്പെടുന്നു.
അന്തര്‍ദേശീയ തലത്തിലും ദേശീയതലത്തിലും ഇതിനകം പുറത്തുവന്നിട്ടുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്, മുമ്പില്ലാത്ത വിധം കുട്ടിക്കുറ്റവാളികള്‍ പെരുകിക്കൊണ്ടിരിക്കുകയാണ് എന്നാണ്.
1990 മുതല്‍ ഒമ്പതു രാഷ്‌ട്രങ്ങള്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളെ വധശിക്ഷയ്‌ക്കു വിധേയമാക്കേണ്ടിവന്നു. ഇറാനില്‍ 46-ഉം അമേരിക്കയില്‍ 19-ഉം സുഊദി അറേബ്യയില്‍ 5-ഉം പാകിസ്‌താനില്‍ 4-ഉം യമനില്‍ 2-ഉം ചൈനയില്‍ 2-ഉം കോംഗോ, നൈജീരിയ എന്നിവിടങ്ങളില്‍ 1 വീതവും പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളെ വധശിക്ഷയ്‌ക്ക് വിധേയമാക്കുകയുണ്ടായി. ഇന്ത്യയില്‍ 2011-ലെ കണക്കനുസരിച്ച് 1.7 ദശലക്ഷം കൗമാരക്കാര്‍ കുറ്റാരോപിതരാണ്. മഹാരാഷ്‌ട്രയില്‍ 145-ഉം മധ്യപ്രദേശില്‍ 112-ഉം യു പിയില്‍ 81-ഉം കൊലപാതകങ്ങള്‍ കുട്ടികള്‍ ആസൂത്രണം ചെയ്‌ത് നടപ്പാക്കുകയുണ്ടായി. ഒരു ദശാബ്‌ദത്തിനകം രാജ്യത്ത് ജുവനൈല്‍ കുറ്റകൃത്യങ്ങളില്‍ 65.7% വര്‍ധന ഉണ്ടായതായി നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ വെളിപ്പെടുത്തുന്നു. 2001-ല്‍ 16,509 ജുവനൈല്‍ ക്രിമിനല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2011-ല്‍ അത് 25,125 ആയി കുതിച്ചുയര്‍ന്നിരിക്കുന്നു. 2001-ല്‍ ജുവനൈല്‍ ബലാത്സംഗങ്ങള്‍ 399 ആയിരുന്നു. 2011-ല്‍ അത്, 1,149 ആയാണ് ഉയര്‍ന്നിരിക്കുന്നത്. ജുവനൈല്‍ ബലാത്സംഗങ്ങള്‍ ഇന്ത്യയുടെ ഇരട്ടിയാണ് അമേരിക്കയില്‍ ഉണ്ടായിട്ടുള്ളത്.
ഈ കണക്കുകള്‍ നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. വളരെ ചെറുപ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ കുറ്റവാളികളായി മാറുന്ന പ്രവണത അപകടകരമായ ഒരു ഭാവിയെക്കുറിച്ചുള്ള താക്കീതു കൂടിയാണ്. മതപണ്ഡിതന്മാരും സാമൂഹ്യചിന്തകന്മാരും കൂടിയിരുന്ന് ആലോചിക്കേണ്ട വിഷയമാണിത്. എന്തുകൊണ്ട് കുട്ടിക്കുറ്റവാളികള്‍ പെരുകുന്നു? കുട്ടികളെ മാത്രം പഴിചാരി സമൂഹത്തിന് ഒഴിഞ്ഞുമാറാന്‍ സാധിക്കുമോ? മുതിര്‍ന്നവര്‍ സൃഷ്‌ടിക്കുന്ന സാമൂഹ്യ സാഹചര്യങ്ങളുടെ ബലിയാടുകള്‍ മാത്രമല്ലേ കുട്ടികള്‍? കുറ്റങ്ങളില്‍ അകപ്പെടുന്ന കുട്ടികളെ വീണ്ടെടുക്കാനും ഗുണപരമായി അടുത്ത തലമുറയെ വാര്‍ത്തെടുക്കാനും സമൂഹം മതിയായ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടോ?
കുട്ടികളില്‍ വ്യാപകമായിത്തീര്‍ന്ന അക്രമണോത്സുകത ഒരു വന്‍ സാമൂഹ്യ പ്രതിസന്ധിയായി പരിണമിച്ചിട്ടുള്ള പാശ്ചാത്യ സമൂഹങ്ങള്‍ ഇപ്പോള്‍ ഉത്‌കണ്‌ഠപ്പെട്ടു തുടങ്ങിയിരിക്കുന്നു. സ്‌കൂളുകളില്‍ തോക്കുമായി കയറിച്ചെന്ന് അധ്യാപകരെയും സഹപാഠികളെയും നിര്‍ദാക്ഷിണ്യം വെടിവെച്ചു കൊല്ലുകയും കൂട്ടുകാരികളെ ബലാത്സംഗം ചെയ്‌ത് നശിപ്പിക്കുകയും ചെയ്യുന്ന തലതിരിഞ്ഞ ടീനേജ് പറ്റങ്ങള്‍ അമേരിക്കയിലും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളിലും പതിവു വാര്‍ത്തകളായിത്തീര്‍ന്നിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ നടന്നിട്ടുള്ള പഠനങ്ങള്‍, കുട്ടികളെ വഴിതെറ്റിക്കുന്ന മുഖ്യവില്ലന്മാരായി വിരല്‍ചൂണ്ടുന്നത് നമ്മുടെ കിടപ്പറകളില്‍ രാവേറെ ചെന്നിട്ടും വെളിച്ചം കെടാത്ത ടെലിവിഷനുകളിലേക്കാണ്. ദൃശ്യ മാധ്യമങ്ങളുടെ അതിപ്രസരം ശക്തമായ ശേഷമുള്ള കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലാണ് ലോകത്ത് കുട്ടികള്‍ക്കിടയില്‍ മനോവൈകല്യങ്ങളും അക്രാമകതയും പെരുകിയതെന്ന് മനശ്ശാസ്‌ത്രജ്ഞര്‍ ആണയിടുന്നു. സങ്കല്‌പവും യാഥാര്‍ഥ്യവും തിരിച്ചറിയാന്‍ കഴിയാത്ത ചെറുപ്രായത്തില്‍ കുട്ടികളുടെ ദൃശ്യവൃത്തത്തില്‍ വന്നടിയുന്ന കാഴ്‌ചകള്‍, അവരുടെ മനോഭാവ രൂപീകരണത്തില്‍ നിര്‍ണായകമായിത്തീരുന്നു. മാനുഷികമായ സകലഗുണങ്ങളും നിഷ്‌ക്രമിക്കുകയും തല്‍സ്ഥാനത്ത് അധമവികാരങ്ങളും ഭ്രാന്തമായ വൈകാരികതയും സ്ഥാനമുറപ്പിക്കുകയും ചെയ്യുന്നു. തീര്‍ത്തും കമ്പോളനിര്‍മിതമായ ഭൗതികമോഹങ്ങള്‍ ചെറുപ്പം മുതല്‍ക്കേ കുട്ടികളില്‍ ജീവിതലക്ഷ്യമായി രൂപപ്പെട്ടുവരുന്നു.
ടെലിവിഷന്റെയും സിനിമയുടെയും സ്ഥിരം പ്രേക്ഷകരായ കുട്ടികളും ടീനേജുകാരും ഓരോ മാസവും നൂറുകണക്കിന് വയലന്‍സ് കാണാനിടയാകുകയും അവരില്‍ അതിനോട് ഒരുതരത്തിലുള്ള നിര്‍വികാരത ഉടലെടുക്കുകയും ചെയ്യുന്നു. റസ്‌ലിംഗ് പോലുള്ള ഭീകരമായ വിനോദങ്ങള്‍ക്ക് അടിമപ്പെടുന്ന കുട്ടികള്‍, ക്രൂരതകളെ സാഹസികമായി ആരാധിക്കാന്‍ തുടങ്ങുമെന്ന് മനശ്ശാസ്‌ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ടി വി സീരിയലുകളിലെയും സിനിമകളിലെയും മെഗാസ്റ്റാറുകള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്ക് `ജനകീയ സ്വീകാര്യത' കൈവരുന്നു. നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ എട്ടാമത്തെ വയസ്സു മുതല്‍ തങ്ങളുടെ ശരീരലാവണ്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തി തുടങ്ങുന്നുണ്ടെന്ന് ഒരു പഠനത്തില്‍ വ്യക്തമാക്കുകയുണ്ടായി. ഭക്ഷണം നിയന്ത്രിച്ചും പ്രത്യേക വ്യായാമ മുറകള്‍ ശീലിച്ചും ശരീരത്തെ മെലിയിക്കാന്‍ കുട്ടികള്‍ ഉത്സുകരാകുന്നു!
പ്രവാചകന്മാരുടെയും മഹത്തുക്കളുടെയും ഉദാത്തമായ മാതൃകകളും മൂല്യപോഷണത്തിനുപകരിക്കുന്ന സന്മാര്‍ഗ കഥകളും മുതിര്‍ന്നവരില്‍ നിന്നു കേട്ടുവളരുന്ന അനുഭവം കുറ്റിയറ്റു പോയിരിക്കുന്നു. മുലപ്പാലിനൊപ്പം മാതാക്കള്‍ കുട്ടികള്‍ക്കു പകര്‍ന്നു നല്‍കുന്ന താരാട്ടിലും കഥകളിലുമാണ് ധാര്‍മികമായ ഉത്തേജനത്തിന്റെ ആദ്യബീജങ്ങള്‍ കുടിക്കൊള്ളുന്നത്. ഇന്ന് ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ടി വി സ്‌ക്രീനിനു മുന്നില്‍ നിശ്ശബ്‌ദരാണ്. കുഞ്ഞുങ്ങളെയാകട്ടെ, കാര്‍ട്ടൂണ്‍ ഷോകള്‍ക്കു മുന്നില്‍ കെട്ടിയിട്ടാണ് അവര്‍ അടുക്കളയിലേക്ക് പോകുന്നത്.
ഈ യാഥാര്‍ഥ്യങ്ങള്‍ വിരല്‍ചൂണ്ടുന്നത് ദുരന്തങ്ങളില്‍ കൂപ്പുകുത്തിയ പുതിയ തലമുറയെ വീണ്ടെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കേണ്ടത് അവരിലല്ല എന്നാണ്. പ്രത്യുത രക്ഷിതാക്കളും സമൂഹവുമാണ് അടിയന്തിരമായ തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളേണ്ടത്. കുട്ടികളെ കീഴ്‌പ്പെടുത്തുന്ന താരാരാധനയില്‍ നിന്നും അനുകരണഭ്രമത്തില്‍ നിന്നും അവരെ രക്ഷപ്പെടുത്താനുള്ള ഏറ്റവും പ്രാഥമികമായ വഴി, ദൃശ്യ മാധ്യമങ്ങളുടെ പിടുത്തത്തില്‍ നിന്ന് പതുക്കെ അവരെ മോചിപ്പിക്കുക എന്നതു തന്നെയാണ്. ഇക്കാലത്ത് ടി വിയും ഇലക്‌ട്രോണിക് മാധ്യമങ്ങളും പൂര്‍ണമായും വര്‍ജിക്കാന്‍ കഴിഞ്ഞില്ലെന്നു വരാം. എന്നാല്‍, ഗൃഹാന്തരീക്ഷത്തില്‍ അതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കും. ടി വിയില്‍ എന്തൊക്കെ കാണരുതെന്നും എത്രസമയം അത് തുറന്നിടാമെന്നുമൊക്കെ കണിശമായ ഒരു ചിട്ട വീട്ടില്‍ ഏര്‍പ്പെടുത്താന്‍ സാധിക്കും. ഇത്തരം വിനോദ മാധ്യമങ്ങള്‍ കുടുംബമൊന്നിച്ചല്ലാതെ, കുട്ടികള്‍ക്ക് ലഭ്യമാകുന്ന അവസരങ്ങള്‍ തീരെ ഒഴിവാക്കുകയാണ് വേണ്ടത്.
കൂട്ടുകുടുംബങ്ങള്‍ നിലനിന്നപ്പോള്‍ കുടുംബാന്തരീക്ഷത്തില്‍ പൂത്തു തിടംവെച്ച നന്മയുടെ സൗഭഗങ്ങള്‍ ഇന്ന് അന്യംപോയിരിക്കുന്നു. ന്യൂക്ലിയര്‍ കുടുംബങ്ങള്‍ക്കകത്തെ ഏകാന്തതയും നിര്‍ജീവതയും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെ തന്നെ. കൂട്ടുകുടുംബത്തിലേക്ക് ഇനിയൊരു മടക്കയാത്ര അസാധ്യമാണെങ്കിലും, അനുഭവസമ്പത്തും വാത്സല്യ ധന്യതയുമുള്ള വല്യുപ്പമാരും വല്യുമ്മമാരുമായി സന്ധിക്കുന്ന ധാരാളം അവസരങ്ങള്‍ കുടുംബത്തില്‍ ഒരുക്കാന്‍ കഴിയാതിരിക്കില്ല. മുതിര്‍ന്നവര്‍ക്കും മാതാപിതാക്കള്‍ക്കും ഗൃഹാന്തരീക്ഷത്തില്‍ വലിയ പ്രസക്തി കല്‍പിച്ച ഇസ്‌ലാം, അത് ഒരു തലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ വഹിക്കുന്ന മനശ്ശാസ്‌ത്രപരമായ പങ്കിനെ കണക്കിലെടുക്കുന്നുണ്ട്.
മത ധാര്‍മിക രംഗങ്ങളിലേക്ക് കുട്ടികളെ കിട്ടുന്നില്ലെന്ന പരാതി മതപ്രബോധകര്‍ ഉന്നയിക്കാറുണ്ട്. കുട്ടികളുടെ മനശ്ശാസ്‌ത്രവും അവരുടെ താല്‍പര്യങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട്, പുതില ബാല്യത്തെ ആകര്‍ഷിക്കാനുള്ള പദ്ധതികളും പരിപാടികളും മുന്നോട്ടുവെക്കുന്നതില്‍ പ്രബോധകര്‍ക്ക് സംഭവിക്കുന്ന വീഴ്‌ചയാണ് യഥാര്‍ഥ പ്രശ്‌നം. സാമ്പ്രദായികമായ പ്രസംഗപരമ്പരകള്‍കൊണ്ട് മാത്രം കുട്ടികളെ നേരെയാക്കിക്കളയാമെന്ന പഴഞ്ചന്‍ ധാരണ തിരുത്തേണ്ട സമയമായി. മാനസികോല്ലാസവും കായികമായ ഉന്മേഷവും ബുദ്ധിപരമായ വളര്‍ച്ചയും ധാര്‍മികമായ ഉത്തേജനവും സമ്യക്കായി മേളിപ്പിച്ചുകൊണ്ടുള്ള പഠനപരിശീലന പരിപാടികളാണ് കുട്ടികള്‍ക്ക് ആവശ്യമായിട്ടുള്ളത്. മത ധാര്‍മിക വേദികള്‍ കുട്ടികള്‍ക്ക് ഒരു ശിക്ഷയായോ കാരാഗൃഹമായോ അനുഭവപ്പെടാതെ അവ ഹൃദ്യമായി ആസ്വദിക്കാന്‍ സാധിക്കണം. പലപ്പോഴും മതവേദികള്‍ സര്‍ഗാത്മകത ഒട്ടും തീണ്ടാത്ത അരസിക ഇടങ്ങളായി തരംതാഴാറുണ്ടെന്ന് ഓര്‍ക്കാതെ വയ്യ.
സംസ്ഥാനത്തെ സ്‌കൂള്‍, കോളെജുകളില്‍ മധ്യവേനല്‍ അവധി ആരംഭിക്കാന്‍ പോകുന്ന സന്ദര്‍ഭമാണിത്. കുട്ടികള്‍ക്കുവേണ്ടിയുള്ള സമ്മര്‍ വെക്കേഷന്‍ ക്യാമ്പുകള്‍ ആസൂത്രണം ചെയ്‌തുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍, കുറേകൂടി വ്യത്യസ്‌തമായ രീതികളെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. വര്‍ണശബളമായ യൗവനത്തെ വരവേല്‍ക്കാന്‍ പര്യാപ്‌തമായ നിറക്കൂട്ടുകളില്‍ മതത്തിന്റെ സൗന്ദര്യാനുഭൂതികള്‍ ചാലിച്ചുനല്‍കാന്‍ മതസംഘടനകള്‍ മനസ്സുവെക്കണം. ഈ കാര്യത്തില്‍ മതപ്രബോധകരും മുതിര്‍ന്നവരും പരാജയപ്പെട്ടാല്‍, വരും തലമുറയെയാകും നമുക്ക് നഷ്‌ടമാകുക. അതിനു സമാധാനം പറയേണ്ടത് മുതിര്‍ന്നവരായിരിക്കുമെന്ന കാര്യത്തില്‍ സംശയംവേണ്ട.
പരലോകത്തുവെച്ച് മതപ്രബോധകരും നേതാക്കളുമുള്‍പ്പെടുന്ന പ്രമുഖരെ ചൂണ്ടിക്കൊണ്ട്, തങ്ങള്‍ വഴിതെറ്റിയതിന്റെ സാക്ഷാല്‍ ഉത്തരവാദിത്വം ഇവര്‍ക്കാണെന്നും അതിനാല്‍ അവര്‍ക്ക് തങ്ങളുടെ ശിക്ഷയുടെ ഇരട്ടി ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെടുന്ന ഒരു തലമുറയെക്കുറിച്ച് ഖുര്‍ആന്‍ സൂചന നല്‍കിയിട്ടുണ്ട് (33:67,68). ഖുര്‍ആനിന്റെ ഈ താക്കീതു മുഖവിലക്കെടുത്ത് ഉത്തരവാദിത്വ നിര്‍വഹണത്തിന് മുതിര്‍ന്നവര്‍ രംഗത്തിറങ്ങേണ്ട അവസാന സന്ദര്‍ഭമാണിത്.
0 comments: