കെ കെ മുഹമ്മദ്‌ അബ്‌ദുല്‍കരീം ചരിത്രത്തെ ജീവിതമാക്കിയ അതുല്യ പ്രതിഭ

  • Posted by Sanveer Ittoli
  • at 8:36 AM -
  • 0 comments
കെ കെ മുഹമ്മദ്‌ അബ്‌ദുല്‍കരീം ചരിത്രത്തെ ജീവിതമാക്കിയ അതുല്യ പ്രതിഭ

അബ്‌ദുര്‍റഹ്‌മാന്‍ മങ്ങാട്‌
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംബന്ധിച്ചേടത്തോളം ചരിത്രം അവന്റെ ജീവന്റെ തുടിപ്പായിരുന്നു. ചരിത്ര വിജ്ഞാനശാഖയ്‌ക്ക്‌ ഇസ്‌ലാമിനോളം സംഭാവന നല്‍കിയ മറ്റൊരു ജനവിഭാഗത്തെയും ലോകചരിത്രത്തില്‍ കണ്ടെത്തുക പ്രയാസകരമായിരിക്കും. പ്രവാചകന്റെ(സ) ജീവിതരീതികളും വചനങ്ങളുമാണ്‌ ആദ്യകാലത്ത്‌ അവര്‍ ക്രോഡീകരിക്കാന്‍ തുടങ്ങിയത്‌.
പവിത്രമായ ആ ജീവിതം പില്‍ക്കാലക്കാര്‍ക്കു വേണ്ടി പകര്‍ത്തുവെക്കേണ്ടത്‌ അനിവാര്യമായി അവര്‍ കരുതി. തന്റെ കാലത്തു തന്നെ നബി(സ)യും അറേബ്യയിലെ ചില ഗോത്രങ്ങളും തമ്മിലുണ്ടായ ഉടമ്പടികള്‍, രാജാക്കന്മാര്‍ക്ക്‌ അയച്ച കത്തുകള്‍, ചില ഉപദേശ നിര്‍ദേശങ്ങള്‍ എന്നിവ എഴുതി സൂക്ഷിച്ചിരുന്നു. തിരുവചനങ്ങളും മറ്റും അബ്‌ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്‌ എന്ന സ്വഹാബി പണ്ഡിതന്‍ എഴുതി ക്രോഡീകരിച്ചിരുന്നു. പൂര്‍വ പ്രവാചകന്മാരുടെ ചരിത്രങ്ങള്‍ അന്വേഷിച്ച്‌ രേഖപ്പെടുത്തിയ ഇബ്‌നു അബ്ബാസിന്റെ(റ) ശ്രമം എടുത്തുപറയേണ്ടതാണ്‌. ചരിത്ര സ്വഭാവത്തിലുള്ള കരട്‌ കൃതികള്‍ മുസ്‌ലിംകള്‍ ക്രോഡീകരിക്കാന്‍ തുടങ്ങിയത്‌ സിയാദുബ്‌നു അബീഹി എന്ന ഉമവി ഗവര്‍ണരുടെ ശ്രമഫലമായാണെന്ന്‌ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.
`മഗാസി'ക്ക്‌ യുദ്ധ വൃത്താന്തമെന്നായിരുന്നു ആദിയില്‍ അര്‍ഥമെങ്കിലും പിന്നീടത്‌ പ്രവാചകന്റെ ചരിത്രവും തനത്‌ സംഭവങ്ങളും ഉള്‍ക്കൊള്ളുന്ന സീറ എന്ന പദത്തിന്റെ പര്യായമായി. സീറ എന്ന വിഷയത്തില്‍ ഒന്നാമതായി ഗ്രന്ഥരചന നടത്തിയത്‌ ഉസ്‌മാന്റെ(റ) പുത്രനായ ഇബ്ബാന്‍ ആകുന്നു. ഇമാം സുഹ്‌രിയും ഇബ്‌നുഹിശാമും പില്‍ക്കാലത്ത്‌ ഈ ശ്രമങ്ങളെ വളര്‍ത്തുകയും വികസിപ്പിക്കുകയും ചരിത്രത്തില്‍ ആധികാരിക ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്‌തു.
പിന്നീട്‌ ഹദീസ്‌ സമാഹരണവും ക്രോഡീകരണവും വ്യവസ്ഥാപിതമായി ആരംഭിച്ചപ്പോള്‍ അതിന്റെ ബലാബല പരിശോധന അനിവാര്യമായി. റിപ്പോര്‍ട്ടര്‍മാരെയും റിപ്പോര്‍ട്ട്‌ രീതിയെയും പഠനവിധേയമാക്കി. ഇതിന്‌ സാങ്കേതികമായി രിവായത്‌, ദിറായത്‌ എന്ന്‌ പറയുന്നു. ഇതിനുവേണ്ടി അഞ്ചുലക്ഷത്തിലധികം മുഹദ്ദിസുകളുടെ ജീവചരിത്ര ക്രോഡീകരണമെന്ന ഭാരിച്ച ചുമതലയാണ്‌ അവര്‍ക്ക്‌ നിര്‍വഹിക്കാനുണ്ടായിരുന്നത്‌.
തുടര്‍ന്നുവന്ന കാലഘട്ടം ചരിത്രരചനയുടെ സുവര്‍ണകാലഘട്ടമായിരുന്നു. നൂറുകണക്കിന്‌ വാല്യങ്ങളുള്ള ഗ്രന്ഥങ്ങള്‍ വിരചിതമായി. ഇസ്‌ലാമിന്റെ ആവിര്‍ഭാവകാലം മുതലുള്ള ഇബ്‌നുകസീറിന്റെ അല്‍ബിദായ, ഇമാം ത്വബ്‌രിയുടെ താരീഖുല്‍ ഉമരി വല്‍മുലൂക്‌, ഇബ്‌നുല്‍ അസ്വീറിന്റെ അല്‍കാമില്‍ എന്നിവ ഉദാഹരണങ്ങള്‍. ഓരോ പ്രദേശത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള താരീഖുദിമശ്‌ഖ്‌, താരീഖുല്‍ ബഗ്‌ദാദ്‌ എന്നിവയും രചിക്കപ്പെട്ടു. ഓരോന്നും നൂറുകണക്കിന്‌ വാല്യങ്ങളുള്ള ഗ്രന്ഥങ്ങളാണ്‌. കൂടാതെ ചരിത്ര സ്ഥലനാമങ്ങളുടെ നിഘണ്ടുക്കളും രചിക്കപ്പെട്ടു. ഉദാഹരണം മുഅ്‌ജമുല്‍ ബുല്‍ദാന്‍.
ഇത്രയും പറഞ്ഞുവന്നത്‌ കേരള മുസ്‌ലിം ചരിത്രത്തിന്റെ അവസ്ഥയെക്കുറിച്ച്‌ ചിന്തിക്കാന്‍ കൂടിയാണ്‌. കേരളീയരെപ്പോലെ ചരിത്രമില്ലാത്ത ജനവിഭാഗമാണ്‌ മുസ്‌ലിംകളും. കേരള മുസ്‌ലിം ചരിത്രരചനയില്‍ പി എ സെയ്‌തുമുഹമ്മദ്‌, ഡോ. സി കെ കരീം, കെ കെ മുഹമ്മദ്‌ അബ്‌ദുല്‍കരീം എന്നിവര്‍ക്കുശേഷം മൗലികമായ രചനകളൊന്നും തന്നെ ഉണ്ടായിട്ടില്ല. ഇവരില്‍ തന്നെ കേരള മുസ്‌ലിം പൈതൃകവും അതിന്റെ ശേഷിപ്പുകളും തേടി കേരളം മുഴുവന്‍ സഞ്ചരിക്കുകയും പരമാവധി രേഖകള്‍ സമാഹരിക്കുകയും ചെയ്‌തത്‌ കരീം മാഷ്‌ എന്ന ഒറ്റ വ്യക്തി മാത്രമാണ്‌.
വീരാന്‍കുട്ടി മുസ്‌ല്യാരുടെയും കെ ടി ഫാത്വിമക്കുട്ടിയുടെയും മകനായി 1932-ല്‍ കെ കെ മുഹമ്മദ്‌ അബ്‌ദുല്‍കരീം കൊണ്ടോട്ടിക്കടുത്തുള്ള കരിപ്പൂര്‍ അംശം വെള്ളാര്‌ ദേശത്ത്‌ ജനിച്ചു. അറിവിന്റെ അക്ഷയവെളിച്ചം പരമ്പരാഗതമായിത്തന്നെ കീടക്കാടന്‍ തറവാടിനെ അനുഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രപിതാമഹന്മാരില്‍ ഒരാളായ ആലിക്കുട്ടി മുസ്‌ല്യാര്‍ മൂന്ന്‌ മൗലിദുകളുടെയും ഏതാനും മര്‍ഥിയകളുടെയും കര്‍ത്താവായിരുന്നു. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ഗുരുവും തബൂക്‌ കിസ്സപ്പാട്ട്‌ രചയിതാവുമായ ചുള്ളിയാടന്‍ വീരാന്‍കുട്ടി പിതാമഹനാണ്‌. പിതാവിന്റെ സുഹൃത്തുക്കളായ ഫലകി മുഹമ്മദ്‌ മൗലവിയുടെയും കെ സി കോമുക്കുട്ടി മൗലവിയുടെയും സര്‍ഗസംഭാഷണങ്ങള്‍ ശ്രദ്ധിച്ചുവളര്‍ന്ന അബ്‌ദുല്‍കരീമില്‍ കൗമാരദശയില്‍ തന്നെ ചരിത്രാന്വേഷണ കൗതുകവും എഴുതാനുള്ള വാസനയും വളര്‍ന്നുവന്നിരുന്നു. സ്‌കൂള്‍ പഠനത്തോടൊപ്പം സമാന്തരമായി ദര്‍സ്‌ പഠനവും മുന്നോട്ടുകൊണ്ടുപോയിരുന്ന അദ്ദേഹത്തിന്റെ ഗുരുനാഥന്‍ മുഹമ്മദ്‌ അമാനി മൗലവിയായിരുന്നു.
കേരളത്തിലെ മത-കക്ഷി രാഷ്‌ട്രീയ ഭേദമന്യെ നേതാക്കളോടും പണ്ഡിതന്മാരോടും അടുത്തബന്ധം പുലര്‍ത്തുകയും അവ കാത്തുസൂക്ഷിക്കുകയും ചെയ്‌തുപോന്ന കരീം മാഷ്‌ നവോത്ഥാനരംഗത്തുള്ള പണ്ഡിത നേതാക്കന്മാരുമായി ആത്മബന്ധം പുലര്‍ത്തിയിരുന്നു. വക്കം മൗലവി, ഹമദാനി തങ്ങള്‍, സനാഉല്ല മക്തിതങ്ങള്‍, ചാലിലകത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി, അത്തൗഹീദിന്റെ കര്‍ത്താവ്‌ പി അബ്‌ദുല്‍ഖാദര്‍ മൗലവി തുടങ്ങിയവരെ ആധുനിക തലമുറയ്‌ക്ക്‌ പരിചയപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക്‌ നിസ്‌തുലമാണ്‌. കെ എം സീതി സാഹിബ്‌, മക്തി തങ്ങള്‍, ചാലിലകത്ത്‌, കെ എം മൗലവി എന്നിവരുടെ ജീവചരിത്രം മലയാളിക്ക്‌ അദ്ദേഹത്തിന്റെ സംഭാവനയാണ്‌. മക്തി തങ്ങളുടെ സമ്പൂര്‍ണ കൃതികള്‍ സമാഹരിക്കുന്നതിനുവേണ്ടി അദ്ദേഹം കേരളത്തിന്റെ മുക്കുമൂലകളില്‍ പല പ്രാവശ്യം സഞ്ചരിച്ചിട്ടുണ്ട്‌. ഭാഷാ സാഹിത്യത്തിനും ഇസ്‌ലാമിക ചരിത്രശാഖക്കും വലിയ മുതല്‍ക്കൂട്ടായ പ്രസ്‌തുത ഗ്രന്ഥം 1981-ല്‍ കേരള ഇസ്‌ലാമിക്‌ മിഷന്‍ പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ വചനം ബുക്‌സ്‌ അതിന്റെ രണ്ട്‌ പതിപ്പുകള്‍ പുറത്തിറക്കി. കൂടാതെ മക്തി തങ്ങളുടെ ജീവചരിത്രവും കേരള ഇസ്‌ലാമിക്‌ മിഷന്‍ പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ യുവത പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു.
കെ എം മൗലവി സാഹിബിന്റെ ജീവചരിത്ര കൃതിയിലൂടെ ഒരു കാലഘട്ടത്തിന്റെ സമൂഹത്തിന്റെ വളര്‍ച്ചയുടെ ചരിത്രമാണ്‌ അദ്ദേഹം രേഖപ്പെടുത്തിയത്‌. നവോത്ഥാന പണ്ഡിത്മാരെയും പ്രസ്ഥാനത്തെയും പരിചയപ്പെടുത്തുമ്പോഴും തനിക്ക്‌ ശരിയാണെന്ന്‌ തോന്നുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്ന്‌ പറയുന്നതില്‍ അദ്ദേഹം ആരെയും ഭയന്നിരുന്നില്ല.
അദ്ദേഹം എഴുതുന്നു: കെ എം മൗലവി സാഹിബ്‌ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമനുസരിച്ച്‌ ജീവിച്ചിരുന്ന ഒരു മിതവാദിയായ പണ്ഡിതനായിരുന്നു. ഉല്‍പ്പതിഷ്‌ണുത്വ തിരശ്ശീലയില്‍ മറഞ്ഞിരുന്ന്‌ എന്ത്‌ അസംബന്ധങ്ങള്‍ വാദിക്കാനും ദുര്‍വ്യാഖ്യാനങ്ങള്‍ മുഖേന നിര്‍മിത മിഥ്യകള്‍ സ്ഥാപിക്കുവാനും ചില പണ്ഡിതന്മാര്‍ വ്യഗ്രത കാണിക്കാറുണ്ട്‌. മുഅ്‌ജിസത്‌-കറാമത്‌ നിഷേധങ്ങളും ഇസ്‌റാഅ്‌-മിഅ്‌റാജ്‌ സംഭവങ്ങളെ തള്ളിപ്പറയലും സ്വഹീഹായ ഹദീസുകള്‍ വ്യാജമാക്കലുമെല്ലാം വിനാശകരമായ പ്രവണതകളാണ്‌. (കെ എം മൗലവി ജീവചരിത്രം, യുവത, പേജ്‌ 150)
മൗലാനാ മുഹമ്മദ്‌ മന്‍സൂര്‍ നുഅ്‌മാനി എഴുതിയ ശൈഖ്‌ മുഹമ്മദുബ്‌നു അബ്‌ദുല്‍ വഹ്‌ഹാബിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്കുള്ള മറുപടിയായ `ദി ആയ മുകസ്സഫ അനിശ്ശൈഖ്‌ മുഹമ്മദുബ്‌നു അബ്‌ദില്‍ വഹ്‌ഹാബ്‌' എന്ന കൃതി കരീം സാഹിബ്‌ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. അത്‌ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കപ്പെടുന്നതാണ്‌.
1949-ല്‍ തന്നെ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനമെഴുതിത്തുടങ്ങിയ കരീം സാഹിബ്‌ പഴയ കാല പ്രസിദ്ധീകരണങ്ങള്‍ സൂക്ഷിക്കുന്നതില്‍ കാണിച്ചിരുന്ന താല്‌പര്യം അത്ഭുതകരമാണ്‌. 1923-ല്‍ ഇറങ്ങിയ അല്‍ഇസ്വ്‌ലാഹ്‌, അല്‍ഇര്‍ശാദ്‌, 1928-ല്‍ ഇറങ്ങിയ നിസാതുല്‍ ഇസ്‌ലാം തുടങ്ങിയവയുടെ ബൈന്റുകള്‍ ഈയുള്ളവന്‍ കണ്ടത്‌ അദ്ദേഹത്തിന്റെ സ്വകാര്യ ലൈബ്രറിയില്‍ വെച്ചാണ്‌.
അല്‍മനാര്‍, ശബാബ്‌, യുവകേസരി, അല്‍ഫാറൂഖ്‌ തുടങ്ങിയ കേരളത്തില്‍ നിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന ഒട്ടെല്ലാ മാസിക-വാരികകളിലും അദ്ദേഹം എഴുതിയിട്ടുണ്ട്‌. കേരള ജംഇയ്യത്തുല്‍ ഉലമാ, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, ഐ എസ്‌ എം, എം എസ്‌ എം തുടങ്ങിയവയുടെ വാര്‍ഷിക സമ്മേളന സുവനീറുകള്‍ അദ്ദേഹത്തിന്റെ ഇസ്വ്‌ലാഹീ ലേഖനങ്ങളാല്‍ സമ്പന്നമാണ്‌. ഇസ്വ്‌ലാഹീ പ്രസ്ഥാനവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ സമാഹരിച്ച്‌ പുസ്‌തകമാക്കുന്നത്‌ ഭാവിതലമുറയ്‌ക്ക്‌ പ്രയോജനപ്രദമായിരിക്കും.
പഴയകാല രേഖകളും ഗ്രന്ഥങ്ങളും പഠനങ്ങളും ശേഖരിക്കാനും തദടിസ്ഥാനത്തില്‍ ചരിത്രങ്ങള്‍ രചിക്കാനും നാം തയ്യാറാവുന്നില്ലെങ്കില്‍ ചരിത്രത്തിന്റെ പുനര്‍വായനകളും അടിസ്ഥാനരഹിതങ്ങളായ അവകാശവാദങ്ങളും തുടര്‍ന്നുകൊണ്ടിരിക്കും. ഇത്തരം വിഷയങ്ങളില്‍ ഇനിയെങ്കിലും സംഘടനകള്‍ താല്‌പര്യം കാണിക്കേണ്ടിയിരിക്കുന്നു.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: