ക്രിമിനല്‍ ഭേദഗതി ബില്ലും വ്യഭിചാര പ്രായപരിധി നിര്‍ണയവും

  • Posted by Sanveer Ittoli
  • at 7:32 AM -
  • 0 comments
ക്രിമിനല്‍ ഭേദഗതി ബില്ലും വ്യഭിചാര പ്രായപരിധി നിര്‍ണയവും


രാജ്യത്തെ നടുക്കിക്കൊണ്ട്‌ 2012 ഡിംസബര്‍ 16-ന്‌ ന്യൂഡല്‍ഹിയില്‍ നടന്ന ക്രൂരവും നീചവുമായ കൂട്ടബലാത്സംഗവും കൊലപാതകവും വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. കേന്ദ്ര ഗവണ്‍മെന്റ്‌ ആദ്യമൊന്ന്‌ ഉറക്കം നടിച്ചെങ്കിലും
സ്ഥിതിഗതികള്‍ വിലയിരുത്തിയപ്പോള്‍ ഉണര്‍ന്നെണീറ്റ്‌ ഊര്‍ജസ്വലമായി നീങ്ങേണ്ടിവന്നു. സംഭവത്തിന്റെ ഏഴാംദിവസം അന്വഷണ കമ്മീഷന്‍ നിയമനം. ഒരു മാസം കൊണ്ട്‌ കമ്മീഷന്‍ റിപ്പോര്‍ട്ട്‌. കമ്മീഷന്‍ ശിപാര്‍ശ ചെയ്‌തതിലും ശക്തമായ നിലപാടില്‍ ക്രിമിനല്‍ നിയമ ഭേദഗതികള്‍ ഓര്‍ഡിനന്‍സ്‌ (03-02-13). ഓര്‍ഡിനന്‍സിന്റെ കാലാവധി തീരുമ്പോഴേക്ക്‌ നിയമഭേദഗതി ലോക്‌ സഭ പാസ്സാക്കി (19-03-13). എല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍. സര്‍ക്കാര്‍ സംവിധാനത്തെ ഇത്രമാത്രം സജീവമാക്കാന്‍ പോന്നതായിരുന്നു ഡല്‍ഹി സംഭവം.
ജസ്റ്റിസ്‌ ജെ എസ്‌ വര്‍മ കമ്മീഷന്‍ ബലാത്സംഗത്തിനും അനുബന്ധ കൊലപാതകത്തിനും നിലവിലുള്ള ശിക്ഷാനിയമങ്ങള്‍ അപര്യാപ്‌തമാണെന്ന്‌ കണ്ടെത്തുകയും ഭേദഗതി നിര്‍ദേശിക്കുകയുമായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിച്ചട്ടം, തെളിവുനിയമം, കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം തുടങ്ങിയവയില്‍ ഭേദഗതി വരുത്തിയാണ്‌ ബില്‍ അവതരിപ്പിച്ചത്‌. രാജ്യസഭയും അത്‌ ഉടനെ പാസ്സാക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. ഇന്ത്യയൊട്ടാകെ ഉറ്റുനോക്കിയ ഈ നിയമം ലോക്‌സഭ ഐകകണ്‌ഠ്യേനയാണ്‌ പാസ്സാക്കിയത്‌ എന്നതും ശ്രദ്ധേയമാണ്‌.
ബലാത്സംഗത്തിന്റെ ഇര മരിക്കുകയോ ജീവച്ഛവമാകുകയോ ചെയ്‌താല്‍ പ്രതിക്ക്‌ വധശിക്ഷയോ മരണം വരെ തടവോ ശിക്ഷ വിധിക്കാവുന്നതാണ്‌. ആസിഡ്‌ ആക്രമണവും ഒളിഞ്ഞുനോട്ടവും പിന്‍തുടരലും കുറ്റകരമാക്കിയിട്ടുണ്ട്‌. ഇരകള്‍ക്ക്‌ ഏത്‌ ആശുപത്രികളിലും സൗജന്യചികിത്സ നല്‌കണമെന്നും ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലില്‍ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌.
എന്നാല്‍ ഈ ബില്ല്‌ സഭയില്‍ അവതരിപ്പിക്കുന്നതിനു മുന്‍പ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടാകാതെ പോയ ഒരു കാര്യം അറുവഷളനും അതീവ ഗുരുതരവുമായി മാത്രമേ സംസ്‌കാരിക സമൂഹത്തിനു കാണാന്‍ കഴിയൂ. അതായത്‌ ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്‌ കോണ്‍ഗ്രസ്‌ നിശ്ചയിച്ച പതിനാറു വയസ്സ്‌ പ്രായപരിധി ഇതര പാര്‍ട്ടികള്‍ അംഗീകരിച്ചില്ല. ഒടുവില്‍ അത്‌ പതിനെട്ടു വയസ്സാക്കി സ്ഥിരപ്പെടുത്തിയത്രെ! എന്താണീ പറഞ്ഞത്‌? ബലാത്‌ക്കാരമായി ഒരു പെണ്ണിനെ ഉപയോഗിച്ചാല്‍ ശിക്ഷ നല്‌കണമെന്ന കാര്യത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ തര്‍ക്കമില്ലാത്തതുപോലെ ബലാത്‌ക്കാരമല്ലെങ്കില്‍ അത്‌ അനുവദനീയമാണെന്ന കാര്യത്തിലും ഏകാഭിപ്രായക്കാരാണ്‌ എന്നര്‍ഥം. വിവാഹിതരല്ലാത്ത സ്‌ത്രീപുരുഷന്മാര്‍ ഉഭയ സമ്മതത്തോടെ നടത്തുന്ന ലൈംഗിക ബന്ധത്തിനാണ്‌ മലയാളത്തില്‍ വ്യഭിചാരമെന്ന്‌ പറയുന്നത്‌.
വ്യഭിചാരം കുറ്റകരമായ പ്രവൃത്തി മാത്രമല്ല, ദൂരവ്യാപകമായ സാമൂഹിക പ്രശ്‌നമുണ്ടാക്കുന്ന ജീര്‍ണത കൂടിയാണ്‌. വ്യഭിചാരം തിന്മയും മ്ലേച്ഛവുമായി കാണാത്ത ഒരു മതവുമില്ല. മതമില്ലാത്ത യുക്തിവാദികള്‍ക്ക്‌ വിവാഹമെന്ന `മതകീയ സംസ്‌കാര'ത്തിന്‌ ന്യയീകരണമില്ലെങ്കിലും വ്യഭിചാരം അവരും ചീത്തകാര്യമായി കാണുന്നു. `വ്യഭിചാരത്തിന്‌ എന്താണ്‌ തെറ്റ്‌' എന്ന ചോദ്യത്തിന്‌ സഖാവ്‌ ലെനിന്‍ പോലും പറഞ്ഞത്‌, `ഓരോരുത്തര്‍ക്ക്‌ ഓരോ പാത്രം ഉണ്ടാവുന്നതല്ലേ നല്ലത്‌' എന്ന യുക്തിസഹമായ ഒരു മറുചോദ്യമായിരുന്നു. 
ഇരുപതാം നൂറ്റാണ്ടില്‍ ലോകത്തിനു മീതെ ആപതിച്ച മഹാമാരിയായ അക്വയേര്‍ഡ്‌ ഇമ്യൂണ്‍ ഡിഫിഷ്യന്‍സി സിന്‍ഡ്രം എന്ന എയ്‌ഡ്‌സിന്‌ മുഖ്യഹേതു അനിയന്ത്രിതമായ ലൈംഗികതയാണ്‌ എന്ന്‌ ലോകത്തോട്‌ വിളിച്ചു പറഞ്ഞത്‌ ശാസ്‌ത്രമാണ്‌. ഇതിനര്‍ഥം വഴിവിട്ട ലൈംഗികത മനുഷ്യപ്രകൃതിക്കു വിരുദ്ധമാണ്‌ എന്നാണ്‌. വംശവര്‍ധനവെന്ന ജന്മബോധത്തിനപ്പുറം ഇണചേരാന്‍ ശ്രമിക്കാത്ത ഇതര ജന്തുക്കളില്‍ ലൈംഗിക രോഗങ്ങളില്ല എന്ന വസ്‌തുത വിസ്‌മരിക്കരുത്‌. മനുഷ്യപ്രകൃതി വിവാഹ ജീവിതമാണ്‌. അഥവാ ലൈംഗികത എന്ന ജൈവതൃഷ്‌ണ ക്ലിപ്‌തപ്പെടുത്തുകയും നിയന്ത്രിക്കുകയും അതേയവസരം യഥേഷ്‌ടം അനുഭവിക്കുകയും ചെയ്യുക എന്നതാണ്‌ മാനുഷികത. വ്യഭിചാരമെന്ന ജീര്‍ണത എക്കാലത്തുമുണ്ടെങ്കിലും അത്‌ മ്ലേച്ഛമാണെന്ന സമൂഹസങ്കല്‌പം അത്‌ ഗോപ്യമാക്കാനും കര്‍ശനമായി നിയന്ത്രിക്കപ്പെടാനും കാരണമായിത്തീരുന്നു. നിര്‍ഭാഗ്യവശാല്‍ മാനവികതയുടെ ഈ അടിസ്ഥാന വസ്‌തുത കളഞ്ഞുകുളിച്ചുകൊണ്ടുള്ള ഒരു പോക്കാണ്‌ പാശ്ചാത്യലോകത്തുനിന്ന്‌ കേട്ടുകൊണ്ടിരിക്കുന്നത്‌. താരതമ്യേന മതമൂല്യങ്ങളില്‍ ഉറച്ചുനില്‌ക്കുന്ന നമ്മുടെ നാടിനെ പാശ്ചാത്യവത്‌കരിക്കുന്നതിന്റെ ഭാഗമാണോ കേന്ദ്ര ഗവണ്‍മെന്റിന്റെ `വ്യഭിചാരനയം' എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.
രഹസ്യമായി നടക്കുന്ന വ്യഭിചാരത്തിന്‌ ശിക്ഷ വിധിക്കാന്‍ ഗവണ്‍മെന്റിനോ കോടതിക്കോ ആവില്ലെന്നത്‌ നേര്‌. വിവാഹേതര ലൈംഗികബന്ധം കടുത്ത ശിക്ഷയുള്ള വലിയ കുറ്റമായി കാണുന്ന ഇസ്‌ലാമിക നിയമത്തിലും രഹസ്യാന്വേഷണത്തിലൂടെ കുറ്റങ്ങള്‍ കണ്ടെത്തി ശിക്ഷിക്കണമെന്ന്‌ പറഞ്ഞിട്ടില്ല. പരാതിയും സാക്ഷികളും ഉണ്ടെങ്കില്‍ മാത്രമേ കുറ്റവാളി ശിക്ഷിക്കപ്പെടൂ. എന്നാല്‍ പതിനെട്ടു വയസ്സായാല്‍ വ്യഭിചാരമാവാം എന്നാണല്ലോ ഇന്ത്യന്‍ നിയമത്തില്‍ നിന്ന്‌ വായിച്ചെടുക്കാവുന്നത്‌. ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്‌ പ്രായപരിധി പതിനെട്ടാക്കി എന്നതില്‍ എത്രയെത്ര വൈരുധ്യങ്ങള്‍ നിലനില്‌ക്കുന്നു എന്ന്‌ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല.
പ്രണയ കേളികളും ചാടിപ്പോക്കും വീടുവിട്ടിറങ്ങലുമെല്ലാം ഉഭയസമ്മത പ്രകാരമാണല്ലോ നടക്കുന്നത്‌! ഇതിന്റെ പേരില്‍ എത്ര കേസുകള്‍ കുടംബക്കോടതിയിലും മറ്റും നിലനില്‌ക്കുന്നു! വിവാഹപൂര്‍വ ലൈംഗികതയും വിവാഹബാഹ്യബന്ധങ്ങളും ഉഭയസമ്മതമാണെങ്കില്‍ ആവാമെന്നു പറയുന്ന സര്‍ക്കാര്‍ നിയമത്തിന്റെ മുന്നില്‍ ഒരു പുരുഷന്‍ രണ്ടാമതൊരു സ്‌ത്രീയെ നിയമ പ്രകാരം സമൂഹത്തിന്റെ അംഗീകാരത്തോടെ വിവാഹം കഴിച്ച്‌ ജീവിതം നയിക്കുന്നത്‌ തെറ്റും കുറ്റവുമാണ്‌! പച്ചയായി പറഞ്ഞാല്‍, ബലാല്‌ക്കാരമില്ലെങ്കില്‍ വ്യഭിചാരമാവാം; വിവാഹം പാടില്ല! സര്‍ക്കാറുദ്യോഗസ്ഥന്‍ രണ്ടാം വിവാഹം കഴിച്ചാല്‍ നിരവധി കടമ്പകള്‍ കടക്കണം. ഒളിഞ്ഞുനോട്ടവും പിന്‍തുടരലും പുതിയ നിയമപ്രകാരം കുറ്റമാണ്‌. അതിനും പ്രായപരിധി പതിനെട്ടെങ്കില്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി തലത്തില്‍ യഥേഷ്‌ടമാവാം!
ബീവറേജസ്‌ കോര്‍പ്പറേഷന്റെ വിദേശമദ്യ വില്‌പന ശാലയില്‍ ക്യൂ നിന്ന്‌ മദ്യം വാങ്ങണമെങ്കില്‍ പതിനെട്ടു വയസ്സാകണമെന്ന്‌ പറയുന്നതുപോലെ തന്നെയാണ്‌ വ്യഭിചരിക്കാന്‍ പതിനെട്ടു വയസ്സാകണമെന്ന്‌ പറയുന്നതും. സംസ്‌കാരമുള്ള സമൂഹത്തില്‍ ഈ നിയമങ്ങളുടെയൊക്കെ ദുസ്സ്വാധീനം എത്ര വലുതായിരിക്കും! പ്രായപൂര്‍ത്തിയും തന്റേടവുമെത്തിയ ആണ്‍-പെണ്‍ കുട്ടികള്‍ പതിനേഴര വയസ്സില്‍ വിവാഹിതരായാല്‍ അത്‌ നിയമത്തിന്‌ മുന്നില്‍ കുറ്റം. കാരണം വിവാഹ പ്രായം പതിനെട്ട്‌. കോണ്‍ഗ്രസ്‌ കൊണ്ടുവന്ന വ്യഭിചാര പ്രായപരിധി പതിനാറായിരുന്നു. അതനുസരിച്ച്‌ പതിനാറു മുതല്‍ പതിനെട്ടു വയസ്സുവരെ യുവതീയുവാക്കള്‍ക്ക്‌ വ്യഭിചരിക്കാം; നിയമവിധേയം. വിവാഹം ചെയ്‌തുകൂടാ; നിയമവിരുദ്ധം!
ഏതായാലും ബി ജെ പി ഉള്‍പ്പെടെ ഇതര പാര്‍ട്ടികള്‍ ചേര്‍ന്ന്‌ വ്യഭിചാര പ്രായപരിധി പതിനെട്ടാക്കി നിശ്ചയിച്ചുവത്രെ. മനുഷ്യ സംസ്‌കാരത്തിന്റെ മുഖത്തു കരിതേക്കുന്ന ഇത്തരം നിയമങ്ങള്‍ ജനാധിപത്യത്തിന്റെ പേരിലായാലും സ്വീകരിക്കാനാവില്ല. മദ്യവും മദിരയും ഒഴുകുന്ന നാട്ടില്‍ ഇത്തരം നിയമ പരിരക്ഷയും കൂടിയായാല്‍ അത്‌ കുരങ്ങിന്‌ ഏണിവച്ചുകൊടുക്കലായിരിക്കും. ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ മുഖ്യ പ്രതിയായ `പ്രായപൂര്‍ത്തിയാകാത്ത'വന്റെ കൊടും ക്രൂരതയാണത്രെ പെണ്‍കുട്ടിയുടെ മരണകാരണം. എന്നിട്ടും അവന്‌ നിയമപരിരക്ഷയും മൃദുലമായ ജുവനൈല്‍ വിചാരണയും! കുറ്റവാളിയുടെ പ്രായം പരിഗണിക്കണമെന്നത്‌ നേര്‌. ബാലകൗമാര കുറ്റവാളികള്‍ വര്‍ധിക്കുന്നതെന്തുകൊണ്ട്‌ എന്ന ചിന്തയും പഠനവും പരിഹാരവും ഉത്തരവാദപ്പെട്ടവരുടെ ബാധ്യതയാണെന്നു കൂടി ഓര്‍മപ്പെടുത്തട്ടെ. 

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: