ആ യുവാക്കളെ ഓര്‍ത്ത് ലജ്ജിക്കുന്നു!
പ്രതികരണം -
അബ്‌ദുര്‍റഹ്‌മാന്‍ ഇരിവേറ്റി
കണ്ണേറ് ഫലിക്കുമെന്നൊരു ഹദീസുണ്ടത്രെ! അതിനാല്‍ കണ്ണേറും പ്രബോധന വിഷയമാക്കി. എന്നാല്‍ കണ്ണേറിന്റെ ഫലപ്രാപ്‌തിയുടെ ശക്തി സംബന്ധിച്ചൊന്നും ആരും പ്രസംഗിച്ചോ എഴുതിയോ കണ്ടില്ല. മത്തന്‍, ചിരങ്ങ, കുമ്പളങ്ങ തുടങ്ങിയ വള്ളികള്‍ക്ക് കണ്ണേറ് പറ്റിയ കഥകള്‍ ചില സീഡി കച്ചവടക്കാരായ മൗലവിമാരുടെ സീഡികളിലുണ്ട്. എന്നാല്‍ ജനലക്ഷങ്ങള്‍ കണ്ടുകഴിഞ്ഞതും ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നതുമായ നിലമ്പൂരിലെ വന്‍ തേക്കുകള്‍ക്കൊന്നും കണ്ണേറ് ബാധിച്ച് അപകടം സംഭവിച്ചതായി ഇതുവരെ കേട്ടിട്ടില്ല! താജ്‌മഹല്‍ കോടാനുകൂടി ആളുകള്‍ കണ്ടുകഴിഞ്ഞു. കണ്ണേറുകാരനും അല്ലാത്തവരും അതു കണ്ട് അത്ഭുതം കൂറുന്നു. എന്നിട്ടും അതിന്മേല്‍ നിന്ന് ഇന്നുവരെ ഒരു തരി മണ്ണ് പോലും നിലത്ത് വീണിട്ടില്ല!എന്നാല്‍ ഏറ്റവും വിചിത്രവും വൃത്തികെട്ടതും കണ്ണേറിന്റെ ഇവരുടെ `ഹദീസി'ലെ ചികിത്സയാണ്. കണ്ണേറുകാരന്റെ/കാരിയുടെ അടിവസ്‌ത്രം കഴുകിയ വെള്ളം കൊണ്ട് കണ്ണേറ് ബാധിതനെ കുളിപ്പിക്കുന്നതാണത്രേ ചികിത്സ!
അന്യസമുദായക്കാരിയായ ഒരു അന്യസ്‌ത്രീയുടെ കണ്ണേറ് തട്ടാമല്ലോ. ഒരു നിതാന്ത ശത്രുവിന്റെ കണ്ണേറ് തട്ടാമല്ലോ. അവരുടെയൊക്കെ അടിവസ്‌ത്രം എങ്ങനെ ലഭ്യമാകും? അതുപോകട്ടെ, ഒരാളുടെ കണ്ണ് തട്ടി മറ്റൊരാള്‍ക്ക് ഉപദ്രവമേറ്റു എന്ന് പറഞ്ഞാല്‍, അയാള്‍ അതംഗീകരിക്കുമോ? ഇഷ്‌ടപ്പെടുമോ? സഹകരിക്കുമോ? കഥയില്‍ ചോദ്യമില്ലല്ലോ. മനുഷ്യര്‍ മെനഞ്ഞെടുത്താല്‍ ഇതൊക്കെ തന്നെയാണ് ഫലം.
സകരിയ്യാ സ്വലാഹിയുടെയും കൂട്ടരുടെയും ഈ പിഴച്ച വാദങ്ങള്‍ ഏറെ പ്രോത്സാഹിപ്പിച്ചത്, സംഘടനയും അതിന്റെ ഉടമസ്ഥതയിലുള്ള വിചിന്തനം വാരികയുമാണ്. വിചിന്തനം പത്രാധിപകര്‍ ഇപ്പോള്‍ കൈ കഴുകുന്നത് ശരിയല്ല. കാവനൂരിലെ ബീവി സംഭവം (ജിന്ന്‌സംഭവം) കേരളത്തിലെ പ്രമുഖ മാധ്യമങ്ങളൊക്കെ ചര്‍ച്ച ചെയ്‌തപ്പോള്‍ വിചിന്തനം മിണ്ടിയില്ല. ഇത് സംബന്ധിച്ച് ഞാനെഴുതി അയച്ച രണ്ട് ലേഖനങ്ങള്‍ വിചിന്തനം പൂഴ്‌ത്തി. ജിന്ന് അവിഹിത ഗര്‍ഭമുണ്ടാക്കുമെന്ന സകരിയ്യ പ്രഭൃതികളുടെ വാദത്തിനെതിരായിരുന്നു ആ ലേഖനങ്ങള്‍ എന്നതാണ് പൂഴ്‌ത്താന്‍ കാരണം. സയ്യിദ് റശീദ് റിദയെ കൊച്ചാക്കുന്ന സകരിയ്യ സ്വലാഹിയുടെ ലേഖനങ്ങള്‍ വിചിന്തനം പ്രസിദ്ധീകരിച്ചു. ജിന്ന്-പിശാച്-മലക്ക്,
പല്ലിവധം, കറുത്തപൂച്ച, കറുത്ത നായ (ശകുനം), സിഹ്‌ര്‍, കണ്ണേറ് തുടങ്ങിയവ സംബന്ധിച്ച പിഴച്ച വാദങ്ങളെയും, തെളിവായുദ്ധരിച്ച വാറോലകളെയും ആദ്യമായി എതിര്‍ത്തത് ഈ ലേഖകനാണ്. അതിനായി ഇപ്പോള്‍ സംഘടനാ അംഗത്വം വരെ ഉപേക്ഷിക്കേണ്ടിവന്നു. വിചിന്തനം പത്രാധിപരുടെ അവകാശവാദം മറിഞ്ഞ തോണിയുടെ പുറത്ത് കയറലാണ്. വൈകിയുദിച്ച വിവേകമാണ്. ഇരുമ്പുലക്ക വിഴുങ്ങി ചുക്ക് വെള്ളം കുടിക്കലാണ്.
പല്ലിവധം, കറുത്തപൂച്ച, കറുത്ത നായ (ശകുനം), സിഹ്‌ര്‍, കണ്ണേറ് തുടങ്ങിയവ സംബന്ധിച്ച പിഴച്ച വാദങ്ങളെയും, തെളിവായുദ്ധരിച്ച വാറോലകളെയും ആദ്യമായി എതിര്‍ത്തത് ഈ ലേഖകനാണ്. അതിനായി ഇപ്പോള്‍ സംഘടനാ അംഗത്വം വരെ ഉപേക്ഷിക്കേണ്ടിവന്നു. വിചിന്തനം പത്രാധിപരുടെ അവകാശവാദം മറിഞ്ഞ തോണിയുടെ പുറത്ത് കയറലാണ്. വൈകിയുദിച്ച വിവേകമാണ്. ഇരുമ്പുലക്ക വിഴുങ്ങി ചുക്ക് വെള്ളം കുടിക്കലാണ്.
ഈ ലേഖകന്‍ മുജാഹിദ് സംഘടനാരംഗത്ത് പ്രവര്‍ത്തനം തുടങ്ങിയിട്ട് അര നൂറ്റാണ്ട് കഴിഞ്ഞു. ആ പ്രവര്‍ത്തനത്തില്‍ എല്ലാ രംഗങ്ങളും ഉള്‍പ്പെടും. സംഘാടകനായും ഖത്തീബായും കോളമിസ്റ്റായും ഗ്രന്ഥകര്‍ത്താവായും വിവിധ സമിതികളില്‍ അംഗമായും പ്രസംഗകനായും -അങ്ങനെ എല്ലാ രംഗങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാന്‍ പ്രവര്‍ത്തനമാരംഭിച്ച ഘട്ടത്തില്‍ അറബിക്കോളെജുകളിലും മറ്റും പഠിച്ചിരുന്ന ചിലര്‍ ഇപ്പോള്‍ പേശീബലം കൊണ്ടോ പണക്കൊഴുപ്പുകൊണ്ടോ ഒക്കെ സംഘടനയെ കയ്യടക്കിയിരിക്കുകയാണ്. തങ്ങള്‍ക്കിഷ്‌ടമില്ലാത്തവരെയൊക്കെ സംഘടനയില്‍ നിന്നും പുറംതള്ളാനായി അവര്‍ പലവിധ ഗൂഢാലോചനകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. എന്നെ സംഘടനയില്‍ നിന്നും പുറംതള്ളാന്‍ ഗൂഢാലോചന നടത്തിയവരില്‍ പ്രമുഖര്‍ അബ്‌ദുറഹ്‌മാന്‍ സലഫിയും പി എന്‍ അബ്‌ദുല്ലത്തീഫ് മദനി (പുളിക്കല്‍) യുമാണ്. ഇതില്‍ അബ്‌ദുല്ലത്തീഫ് മദനിക്ക് എന്നെ പുറംതള്ളിയിട്ട് ഒരു വര്‍ഷം പോലും സംഘടനയില്‍ തുടരാനായില്ല. അബ്‌ദുര്‍റഹ്‌മാന്‍ സലഫി സ്വന്തം യൂണിറ്റില്‍ രാഷ്‌ട്രീയ സ്വാധീനത്താലാണ് തല്‌ക്കാലം പിടിച്ചുനിന്നത്. അദ്ദേഹത്തിന്റെ ഭാവി ഒട്ടും സുരക്ഷിതമല്ല.
എന്നെ പുറംതള്ളിയപ്പോള്‍ സംഘടനയുടെ അഫിലിയേഷനുള്ള പള്ളികളില്‍ ഖുതുബക്കും അനുമതി നല്‌കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ സംഘടനയുടെ അഫിലിയേഷനുള്ള എത്രയോ പള്ളികളില്‍ സംഘടനാ വിരുദ്ധരായ പണ്ഡിതന്മാര്‍ മുമ്പും ഇപ്പോഴും ഖുതുബ നടത്തിപ്പോരുന്നുണ്ട്. പക്ഷെ, എന്റെ കാര്യം വേറെ!
എന്റെ രണ്ടുമൂന്ന് പുസ്‌തകങ്ങള്‍ എത്രയോ വര്‍ഷമായി സംഘടന അച്ചടിച്ചു വിതരണം ചെയ്‌തുവരുന്നവയാണ് (ഇസ്വ്‌ലാഹീ പ്രസ്ഥാനം, രോഗവും ചികിത്സയും, മാറ്റത്തിന്റെ നോവുകള്‍ (നോവല്‍). ഇതില്‍ ഇസ്വ്‌ലാഹി പ്രസ്ഥാനമെന്ന പുസ്‌തകം സംഘടനയുടെ ഏക ചരിത്രഗ്രന്ഥമാണ്. മദ്‌റസകളില്‍ ക്വിസ് പ്രോഗ്രാമില്‍ പോലും ഉപയോഗിക്കുന്ന ഈ ഗ്രന്ഥം ഒഴിവാക്കി! ഇത്തരത്തിലൊരു സംഭവം ഈ സംഘടനയുടെ ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ല.
ഞാന്‍ ബുഖാരിയെയും ഹദീസുകളെയും എതിര്‍ത്തുകൊണ്ട് പ്രസംഗിച്ചുവെന്നും എഴുതിയെന്നും വിശദീകരണ കത്തില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് അന്വേഷണ സമിതി മുമ്പാകെ പറഞ്ഞിട്ടുണ്ട്. കാരണം കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ഒരു റമദാന്‍ ക്ലാസില്‍ പോലും പ്രസംഗിച്ചിട്ടില്ല. മതകാര്യങ്ങള്‍ അല്‍മനാറിലും വിചിന്തനത്തിലുമല്ലാതെ എഴുതിയിട്ടുമില്ല. ഏഴ് വര്‍ഷത്തെ പുതിയങ്ങാടിയിലെ ഖുതുബകളില്‍ ബുഖാരിയെ ധാരാളമായി ഉദ്ധരിച്ചിട്ടുമുണ്ട്. ആ ഖുതുബകള്‍ സംഘടനയുടെ ഒന്നിലധികം എക്‌സിക്യുട്ടീവ് അംഗങ്ങള്‍ കേട്ടിട്ടുള്ളതാണ്.
ചെറുപ്പക്കാര്‍ എത്ര വേഗമാണ് ഈ പിഴച്ച ആശയങ്ങള്‍ നെഞ്ചേറ്റിയതെന്നോര്‍ക്കുമ്പോള്‍ ലജ്ജയും സങ്കടവും തോന്നുന്നു. തെളിവ് കണ്ടോ നോക്കിയോ അല്ല ഈ നെഞ്ചേറ്റല്‍. വീരാരാധനയാണതിന് കാരണം. ചില `വീരന്മാരെ' ചെറുപ്പക്കാര്‍ അതിരുവിട്ട് വിശ്വസിക്കുന്നു. അല്ലാഹുവും റസൂലും പറഞ്ഞിട്ടുണ്ട് എന്നതാണല്ലോ യഥാര്‍ഥ തെളിവ്. എന്നാല്‍ ഈ കൂട്ടര്‍ പറയുന്നത് `സകരിയ്യ സ്വലാഹി പറഞ്ഞിട്ടുണ്ട്, ഹുസൈന്‍ സലഫി പറഞ്ഞിട്ടുണ്ട്' എന്നൊക്കെയാണ്. നിഷിദ്ധമായ തഖ്‌ലീദാണിവിടെ അരങ്ങേറുന്നത്. ദുര്‍ബലമായ ഹദീസുകള്‍ പോലും ഉദ്ധരിച്ച് സ്വാഭിപ്രായങ്ങള്‍ തട്ടിമൂളിക്കുന്ന ഈ കൊച്ചു മൗലവിക്കൂട്ടവും, സംഘടനയിലേക്ക് ഇരച്ച് കയറിവന്ന മുസ്‌ല്യാക്കൂട്ടവും ചേര്‍ന്ന് മുജാഹിദ് പ്രസ്ഥാനത്തിന്റെ അടിക്കല്ല് മാന്തിയിരിക്കുന്നു. ഐഡന്റിറ്റി തകര്‍ത്തിരിക്കുന്നു.
ഉപ്പ് തിന്നവരൊക്കെ വെള്ളം കുടിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. ഖുര്‍ആനിനോടും, ഖുര്‍ആനുമായി യോജിക്കുന്ന ഹദീസുകളോടും പ്രതിബദ്ധത പുലര്‍ത്തുന്ന പ്രവര്‍ത്തകരെ ഇല്ലാത്ത കുറ്റംചുമത്തി അപമാനിച്ചവരും, അതേറ്റ് പിടിച്ചവരുമെല്ലാം അതിന്റെ ഫലങ്ങള്‍ അനുഭവിക്കേണ്ടിവരും. അതിന്റെ ഒന്നാംഘട്ടം ആരംഭിച്ചുകഴിഞ്ഞു. അല്ലാഹുവിന് സ്‌തുതി. എല്ലാവര്‍ക്കും വേണ്ടത് വേണ്ട സമയം അവന്‍ നല്‌കുന്നുണ്ടല്ലോ.
0 comments: