താബിഉകളുടെ ചരിത്രം

  • Posted by Sanveer Ittoli
  • at 7:36 AM -
  • 0 comments
താബിഉകളുടെ ചരിത്രം


- പുസ്‌തകപരിചയം -
സി കെ റജീഷ്‌
വര്‍ത്തമാനകാല സമൂഹത്തില്‍ ഇന്നലെകളെ കുറിച്ച അറിവ്‌ പ്രദാനം ചെയ്യുന്നതാണ്‌ ചരിത്രം. അടര്‍ത്തി മാറ്റാന്‍ കഴിയാത്ത അതിലെ അധ്യായങ്ങള്‍ അണയാത്ത ആവേശം പകര്‍ന്ന്‌ ഭാവിയിലേക്കുള്ള വികാസത്തിന്‌ ദിശാബോധം നല്‌കുന്നു. സ്ഥലകാല പ്രാധാന്യത്തോടെ സംഭവ കഥനം നടത്തുന്ന ശൈലിയില്‍ നിന്ന്‌ വ്യത്യസ്‌തമായി പകര്‍ത്താനും പ്രയോഗവത്‌കരിക്കാനുമുള്ള ജീവിതപാഠങ്ങളുടെ അധ്യാപനമാണ്‌ ഇസ്‌ലാമിലെ ചരിത്രം. വിജ്ഞാനത്തിന്റെ സ്രോതസ്സുകളിലൊന്നായി ചരിത്രത്തെ എണ്ണിയ വിശുദ്ധ ഖുര്‍ആനില്‍ പ്രവാചകരുടെയും പൂര്‍വിക സമുദായങ്ങളുടെയും ചരിത്രവായന അര്‍ഥപൂര്‍ണമാവുന്നത്‌ ഗുണപാഠങ്ങള്‍ ഉള്‍ക്കൊണ്ട്‌ ജീവിതം മാറ്റിപ്പണിയുമ്പോഴാണ്‌.മുഹമ്മദ്‌ നബി(സ)യുടെ മാതൃകാജീവിതത്തെ മനസ്സിലാക്കുന്നത്‌ പ്രവാചകചര്യകളെ അനുധാവനം ചെയ്യാന്‍ മത്സരിച്ചിരിക്കുന്ന അനുചരന്മാരുടെ ജീവിതവും കൂടി അനുബന്ധമായി വായിക്കപ്പെടുന്നതിലൂടെയാണ്‌. നബി(സ)യോടൊപ്പം സഹവസിക്കാന്‍ ഭാഗ്യം സിദ്ധിച്ചതിലൂടെ തിരുചര്യകളെ നേരില്‍ പകര്‍ത്തിയ സ്വഹാബികള്‍ സച്ചരിത ശാഖയിലെ ഒന്നാം തലമുറയാണ്‌. ഉത്തമ തലമുറയില്‍ പെട്ട സ്വഹാബികളില്‍ നിന്ന്‌ പഠിക്കുകയും പകര്‍ത്തുകയും ചെയ്‌തവരാണ്‌ താബിഉകള്‍. അന്ത്യപ്രവാചകന്റെ പ്രബോധിത സമൂഹത്തിന്റെ രണ്ടാം തലമുറയായ താബിഉകള്‍ ആദര്‍ശ ദാര്‍ഢ്യവും ജന്മവിശുദ്ധിയും കാത്തുസൂക്ഷിച്ച മാതൃകാ പുരുഷനായിരുന്നു. ഭൗതിക ഭക്തിയും ഭൗതിക വിരക്തിയും സമ്മേളിച്ച ആ ജീവിതത്തെ മനസ്സിലാക്കിത്തരുന്ന കൃതികള്‍ മലയാളത്തില്‍ വിരളമാണെന്ന്‌ പറയാം. ഈ വിടവ്‌ നികത്തുന്നതിനുള്ള പ്രശംസനീയ ശ്രമമാണ്‌ ഉത്തമ തലമുറയിലെ ഏതാനും താബിഉകളുടെ ജീവിതചരിത്രം പ്രതിപാദ്യമാക്കി ചരിത്രാന്വേഷകനായ അബ്‌ദുര്‍റഹ്‌മാന്‍ മങ്ങാട്‌ രചിച്ച സച്ചരിതര്‍ - താബിഉകളുടെ ജീവിതം (ഭാഗം-1) എന്ന കൃതി. ഈയിടെ അന്തരിച്ച പ്രമുഖ ഈജിപ്‌ഷ്യന്‍ പണ്ഡിതനായിരുന്ന അബ്‌ദുര്‍റഹ്‌മാന്‍ റഅ്‌ഫത്‌ ബാഷയുടെ സ്വുവറുല്‍ മിന്‍ ഹയാത്ത്‌ താബിഈന്‍ എന്ന ഗ്രന്ഥത്തിന്റെ ആശയ വിവര്‍ത്തനമായ ഈ പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌ യുവത ബുക്‌ഹൗസ്‌ ആണ്‌.
മക്കയിലെ ഒരു സാധാരണ സ്‌ത്രീയുടെ അടിമയായി വളര്‍ന്ന്‌ മസ്‌ജിദുല്‍ ഹറമിലെ മുഫ്‌തി എന്ന ആദരണീയ പദവിയിലേക്കുയര്‍ന്ന അത്വാഅ്‌ബ്‌നു അറബി റബാഹ്‌, ഭൗതിക സുഖാഡംബരങ്ങളില്‍ കഴിയാന്‍ അവസരങ്ങളെല്ലാമുണ്ടായിട്ടും വിരക്തി കാണിച്ച്‌ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ആരാധനാനിരതമാവുന്ന ആമിര്‍ബ്‌നു അബ്‌ദുല്ലാഹിത്തമീമി, വിശ്വാസത്തിന്റെ കരുത്തുകൊണ്ട്‌ ദൈവിക പരീക്ഷണങ്ങളെ അതിജയിക്കുകയും ഉദാരതയുടെ ഏറ്റവും നല്ല ഉദാഹരണമായിത്തീരുകയും ചെയ്‌ത ഉര്‍വത്‌ബ്‌നു സുബൈര്‍, യുവാവായിരിക്കെ ബസ്വറിയലെ ന്യായാധിപസ്ഥാനം അലങ്കരിച്ച ബുദ്ധിശാലിയായ ഇയാസ്‌ബ്‌നു മുആവിയ, ഖിലാഫത്തിന്റെ പദവി വഹിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ച ഭക്തനായ ഉമര്‍ബ്‌നു അബ്‌ദുല്‍അസീസ്‌, മതകാര്യത്തില്‍ അദ്ദേഹത്തെ സഹാക്കുന്ന മകന്‍ മലിക്‌, പരലോകഭയം കാരണം പാപങ്ങളെക്കുറിച്ച്‌ ഓര്‍ത്ത്‌ കരഞ്ഞ കൂഫയിലെ ശൈഖായിരുന്ന റബീഉബ്‌നു ഖുസൈം തുടങ്ങിയ താബിഉകളുടെ ജീവിതം വിവരിക്കുന്ന ഈ കൃതി ഇസ്‌ലാമിക വ്യക്തിത്വ രൂപീകരണത്തിനുള്ള മികച്ച പാഠങ്ങളാണ്‌ പകര്‍ന്നു തരുന്നത്‌.
അചഞ്ചലമായ വിശ്വാസവും അഗാധമായ വിജ്ഞാനവും കൈമുതലാക്കിയ താബിഉകളുടെ ജീവിതം തന്നെ പ്രബോധനമായിരുന്നുവെന്ന്‌ ഓരോ ചരിത്രവും പറഞ്ഞുതരുന്നു. ഐഹിക വിഭവങ്ങളുടെ സുഖലോലുപതയില്‍ ആകൃഷ്‌ടരാവാതെ ആരാധനകള്‍ കൊണ്ട്‌ നിര്‍വൃതിയടയുന്ന സച്ചരിതര്‍ ജീവിതത്തിന്റെ സമസ്‌ത മണ്ഡലങ്ങളിലും കാത്തുസൂക്ഷിക്കേണ്ട വിശുദ്ധിയെ പഠിപ്പിക്കുന്നു. ത്വാബിഉകളില്‍ പ്രമുഖരായ പതിനഞ്ച്‌ പേരുടെ ജീവിത ചരിത്രം സംക്ഷിപ്‌തവും ആകര്‍ഷകവുമായ ശൈലിയില്‍ പ്രതിപാദിക്കുന്ന ഈ കൃതി അനുവാചക മനസ്സില്‍ അനല്‌പ സ്വാധീനം ചെലുത്തുക തന്നെ ചെയ്യും.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: