മര്‍ഡോക്ക്‌ സായ്‌വിന്റെ മാപ്പ്‌!

  • Posted by Sanveer Ittoli
  • at 10:57 PM -
  • 0 comments
മര്‍ഡോക്ക്‌ സായ്‌വിന്റെ മാപ്പ്‌!


ബ്രിട്ടനില്‍ പ്രസിദ്ധീകരിക്കുന്ന ടൈംസ്‌ ദിനപത്രത്തിന്റെ സണ്‍ഡേ എഡിഷന്‍ (ജനുവരി 27) ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വിമര്‍ശിക്കുന്നതാണ്‌ കാര്‍ട്ടൂണ്‍. ഫലസ്‌തീന്‍ ജനതയുടെ ശരീരാവയവങ്ങളും രക്തവും ഉപയോഗിച്ച്‌ നെതന്യാഹു ഒരു മതില്‍ പണിയുന്നതാണ്‌ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിട്ടുള്ളത്‌. അടിക്കുറിപ്പായി will cementing peace continue? എന്ന്‌ എന്നും ചേര്‍ത്തിരിക്കുന്നു.
ഇസ്‌റാഈല്‍-ഫലസ്‌തീന്‍ രാഷ്‌ട്രീയം നിരീക്ഷിക്കുന്ന ഒരാളില്‍ ഒരു പുതുമയോ കൗതുകമോ ഉളവാക്കുന്ന യാതൊന്നുമില്ല ഈ കാര്‍ട്ടൂണില്‍. ഫലസ്‌തീന്‍ മക്കളുടെ മജ്ജയും മാംസവും കൊണ്ടാണ്‌ ഇസ്‌റാഈല്‍ രാഷ്‌ട്രത്തിന്റെ ഭിത്തി പണിയുന്നതെന്ന വസ്‌തുത ലോകം അംഗീകരിക്കുന്ന അനുഭവസത്യമാണ്‌. ഈ മതില്‍ ആകട്ടെ, ഒരു രൂപകം പോലുമല്ല. കഴിഞ്ഞ ഒരു ദശാബ്‌ദമായി കൂറ്റന്‍ മതില്‍ പണിത്‌ ഇസ്‌റാഈല്‍ ഫലസ്‌തീന്‍ ജനതയെ ഒറ്റപ്പെടുത്തുന്നത്‌ യാഥാര്‍ഥ്യമാണ്‌. ജനുവരി 22-നു നടന്ന ഇസ്‌റാഈല്‍ തെരഞ്ഞെടുപ്പില്‍ നെതന്യാഹു നയിക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ലിക്കുഡ്‌ പാര്‍ട്ടി വന്‍ വിജയം നേടിയ പശ്ചാത്തലത്തിലാണ്‌ കാര്‍ട്ടൂണ്‍ പ്രസിദ്ധീകൃതമായത്‌.
സണ്‍ഡേടൈംസ്‌ പ്രസിദ്ധീകരിച്ച ഈ കാര്‍ട്ടൂണ്‍ ബ്രിട്ടനിലും അമേരിക്കയിലും വിവാദം സൃഷ്‌ടിക്കുകയുണ്ടായി. ബ്രിട്ടനിലെ ജൂത മതസംഘടനകളും റബ്ബികളുമാണ്‌ കാര്‍ട്ടൂണ്‍ വിവാദം കുത്തിപ്പൊക്കിയത്‌. ജൂത വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നതും ജൂതമതത്തെ അവഹേളിക്കുന്നതുമാണ്‌ ഈ കാര്‍ട്ടൂണ്‍ എന്ന്‌ അവര്‍ വാദിച്ചു. വിവാദം ഇതര രാജ്യങ്ങളിലെ ജൂതരും ഏറ്റുപിടിച്ചു. അറബ്‌ പ്രസ്സ്‌ പിന്തുരടുന്ന സെമിറ്റിക്‌ വിരുദ്ധതയെ അനുകരിക്കുകയാണ്‌ കാര്‍ട്ടൂണിസ്റ്റ്‌ ജെറാള്‍ഡ്‌ സ്‌ക്രെഫ്‌ ചെയ്‌തിട്ടുള്ളതെന്നും ജൂതര്‍ കുട്ടികളെ കൊല്ലുന്നവരാണെന്ന പഴയ ആരോപണത്തെ ശരിവെക്കുന്നതാണിതെന്നും ജൂത റബ്ബിമാര്‍ ആരോപണമുയര്‍ത്തി. മാത്രമല്ല, ഹോളോകോസ്റ്റ്‌ അനുസ്‌മരണ ദിനമായ ജനുവരി 27-ന്‌ ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധം ചെയ്‌തത്‌ ബോധപൂര്‍വമാണെന്ന്‌ അവര്‍ കുറ്റപ്പെടുത്തി.
ഹോളോകോസ്റ്റ്‌ അനുസ്‌മരണ ദിനം എന്നാണെന്ന്‌ തനിക്കറിയുമായിരുന്നില്ലെന്നാണ്‌ ഇതേക്കുറിച്ച്‌ കാര്‍ട്ടൂണിസ്റ്റ്‌ പ്രതികരിച്ചത്‌. ഇസ്‌റാഈല്‍ തെരഞ്ഞെടുപ്പു ഫലത്തിന്റെ സന്ദര്‍ഭത്തിലാണിത്‌ വരച്ചത്‌. അത്‌ നീട്ടി വെച്ചാല്‍ അതിന്റെ പ്രസക്തി നഷ്‌ടപ്പെട്ടേനെ. കാര്‍ട്ടൂണ്‍, യാദൃച്ഛികമായി ഈ ദിനത്തില്‍ വന്നുപോയതില്‍ കാര്‍ട്ടൂണിസ്റ്റ്‌ ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തു. സണ്‍ഡേ ടൈംസിന്റെ എഡിറ്ററും ഇത്‌ തീര്‍ത്തും പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ ആണെന്നും അതിന്റെ പ്രസിദ്ധീകരണം `ഹോളോകോസ്റ്റ്‌' ദിനത്തില്‍ ഒത്തുവന്നതില്‍ ഖേദമുണ്ടെന്നും അറിയിച്ചു. പക്ഷെ, ഇതുകൊണ്ടൊന്നും ജൂത മതമേധാവികള്‍ അടങ്ങിയില്ല.
ഒടുവില്‍, ജനുവരി 28-ന്‌ ആഗോള മാധ്യമ രാജാവും ടൈംസ്‌ ഉടമയുമായ സാക്ഷാല്‍ റൂപര്‍ട്ട്‌ മര്‍ഡോക്ക്‌ തന്നെ ട്വിറ്റര്‍ സന്ദേശത്തിലൂടെ, തന്റെ പത്രം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ ജൂത മതവിശ്വാസികളോട്‌ മാപ്പു പറഞ്ഞു. വികൃതവും പ്രകോപനപരവുമായ കാര്‍ട്ടൂണിന്റെ പേരില്‍ മാപ്പു പറയുന്നതായും, കാര്‍ട്ടൂണിസ്റ്റിന്റെ നിലപാട്‌ പത്രത്തിന്റെ നിലപാടല്ലെന്നും മര്‍ഡോക്ക്‌ വ്യക്തമാക്കി! ലോകത്ത്‌ ഏറ്റവും കൂടുതല്‍ സ്വാധീനശക്തിയുള്ള, നൂറു കണക്കിന്‌ പത്ര, ദൃശ്യമാധ്യമങ്ങളും പ്രസിദ്ധീകരണ ശൃംഖലകളുമുള്ള മര്‍ഡോക്ക്‌ സായിപ്പ്‌ ജൂത റബ്ബിമാര്‍ക്ക്‌ മുന്നില്‍ മുട്ടു മടക്കുമ്പോള്‍ ചില നഗ്‌ന സത്യങ്ങള്‍ ചുരുള്‍ നിവരുന്നുണ്ട്‌.
പാശ്ചാത്യ രാജ്യങ്ങളും അവയുടെ മാധ്യമ പ്രഭുക്കളും ജൂത ലോബിയുടെ കളിപ്പാട്ടങ്ങള്‍ മാത്രമാണെന്നതാണതില്‍ പ്രധാനം. പാശ്ചാത്യ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും പുറത്തുവിടുന്ന വാര്‍ത്തകള്‍ ഇസ്‌റാഈല്‍ അനുകൂലമാകുന്നതിന്റെ കാരണം മറ്റൊന്നല്ല. ഭീകരത, തീവ്രവാദം, ചാവേര്‍ തുടങ്ങിയ പദങ്ങള്‍ അറബികളും ഫലസ്‌ത്വീനുകളും മുസ്‌ലിംകളുമായി ചേരും പടി ചേര്‍ക്കുന്ന പൊതുബോധം സൃഷ്‌ടിച്ചെടുക്കുന്നതും മറ്റാരുമല്ല.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ലോകത്തു നടക്കുന്ന ഗീര്‍വാണങ്ങളുടെ അര്‍ഥശൂന്യത കൂടി, മര്‍ഡോക്കിന്റെ മാപ്പില്‍ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്‌. നേരത്തെ ഫ്രഞ്ച്‌ പത്രത്തില്‍ മുഹമ്മദ്‌ നബിയുടെ കാരിക്കേച്ചര്‍ പ്രസിദ്ധപ്പെടുത്തിയപ്പോഴും ഡന്‍മാര്‍ക്കില്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തി കാര്‍ട്ടൂണ്‍ വന്നപ്പോഴും മുസ്‌ലിംകള്‍ പ്രതികരിച്ചപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വടിവാള്‍ ചുഴറ്റിയാണ്‌ പാശ്ചാത്യ മീഡിയ അവരെ നേരിട്ടത്‌. ഇതേ മാധ്യമ തമ്പുരാക്കന്മാരും സെക്യുലര്‍ ബുദ്ധിജീവികളും ഒരു ഇസ്‌റാഈല്‍ ഭരണാധികാരിക്കെതിരെ തീര്‍ത്തും സാധാരണമായ ഒരു രാഷ്‌ട്രീയ കാര്‍ട്ടൂണ്‍ പോലും പൊറുപ്പിക്കുകയില്ലെന്നു ഇപ്പോള്‍ ഒന്നുകൂടി തെളിയിച്ചിരിക്കുന്നു. അപ്പോള്‍, പാശ്ചാത്യര്‍ വലിയ വായില്‍ പറയുന്ന ഈ ആവിഷ്‌കാര സ്വാതന്ത്ര്യം തങ്ങള്‍ക്കിഷ്‌ടമില്ലാത്തവര്‍ക്കെതിരെ പ്രയോഗിക്കാനുള്ള ഒരു ഉരുപ്പടി മാത്രമാണെന്ന്‌ വ്യക്തം.
വാല്‍പീസ്‌: വിശ്വരൂപം എന്ന സിനിമ ഇസ്‌ലാമിക ചിഹ്‌നങ്ങളെ തെറ്റിദ്ധാരണ ജനകമായി അവതരിപ്പിക്കുന്നു എന്നാരോപിച്ച്‌ അതിനെതിരെ ശബ്‌ദിച്ച `മുസ്‌ലിം മുല്ല'മാര്‍ക്കെതിരെ ധാര്‍മിക രോഷംകൊണ്ട കേരളത്തിലെ ബുദ്ധിജീവികള്‍ മര്‍ഡോക്കിന്റെ മാപ്പു വാര്‍ത്ത കേട്ടിരിക്കില്ല, അല്ലേ!

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: