വഹ്‌ശിയുടെ വിലാപങ്ങള്‍

  • Posted by Sanveer Ittoli
  • at 9:23 PM -
  • 0 comments

വഹ്‌ശിയുടെ വിലാപങ്ങള്‍

വി പി വലിയോറ 
പോരാട്ടം കൊടുമ്പിരിക്കൊണ്ടിരിക്കുന്നു!തുടക്കത്തില്‍ വിശ്വാസികള്‍ക്കായിരുന്നു മുന്നേറ്റം. ഖുറൈശിപ്പടയിലെ ഒരു വിഭാഗം പിന്തിരിഞ്ഞോടുക വരെ ചെയ്‌തു. ആ സംഭവം മുസ്‌ലിം സൈനികരില്‍ ആവേശം പകര്‍ന്നു. മുസ്‌ലിംകളില്‍ ഒരു വിഭാഗം ശത്രുക്കള്‍ കളഞ്ഞിട്ടുപോയ ആയുധങ്ങളും ദ്രവ്യങ്ങളും സംഭരിക്കുന്നതില്‍ മുഴുകി.യുദ്ധത്തിന്റെ ഗതി പൊടുന്നനെ മാറുന്നു. പാളിച്ച പിണഞ്ഞത്‌ എവിടെയാണെന്ന്‌ ആര്‍ക്കും ഒരു തിട്ടം കിട്ടിയില്ല.പലായനം ചെയ്‌തിരുന്ന ശത്രുപക്ഷം തിരിച്ചുവന്നുവെന്നോ? അവരെ തുണയ്‌ക്കാന്‍ പര്‍വതത്തിന്റെ മറുഭാഗത്തുകൂടി ഒരു കൂട്ടം സൈനികര്‍ പാഞ്ഞെത്തിയെന്നോ? ആരുടെ നേതൃത്വത്തിലാണ്‌ അവരെത്തിയത്‌?സംശയങ്ങള്‍ വിശ്വാസികളെ ഹതാശരാക്കി.മലഞ്ചെരുവില്‍ കുറച്ചുപേരെ കാവലുണ്ടായിരുന്നുള്ളൂ. ശത്രുക്കള്‍ക്ക്‌ അവരെ നിഷ്‌പ്രയാസം കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞുവെന്നു തോന്നുന്നു. മുന്നണിയില്‍ പൊരുതുന്ന മുസ്‌ലിം പടയെ അവരറിയാതെ പുറകിലൂടെ കടന്നാക്രമിക്കാന്‍ ശത്രുക്കള്‍ക്കു കഴിഞ്ഞിരിക്കുന്നു!അപ്രതീക്ഷിതങ്ങളായ സംഭവ വികാസങ്ങള്‍ വിശ്വാസികളുടെ നില പരുങ്ങലിലാക്കി.യാതൊന്നും ഗൗനിക്കാതെ വീരപുത്രനായ ഹംസ അടര്‍ക്കളത്തില്‍ കൈ മെയ്‌ മറന്നു പൊരുതുന്നുണ്ട്‌! ശരീരമാകെ പൊടിപുരണ്ട്‌… വിയര്‍പ്പില്‍ കുളിച്ച്‌, പൊരിഞ്ഞുപൊരുതന്ന ആ രണ വീരനോടടുക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും എതിരാളികള്‍ക്കാവുന്നില്ല.ഹംസയുടെ ഖഡ്‌ഗം അന്തരീക്ഷത്തില്‍ ഇടിമിന്നലുകള്‍ തീര്‍ക്കുകയാണ്‌. ഏറ്റുമുട്ടാനെത്തുന്നവരുടെ ശിരസ്സുകള്‍ ദൂരേക്കു തെറിച്ചുവീഴുന്നു: കഴുത്തറ്റ ശരീരങ്ങളാല്‍ പോര്‍ക്കളം നിറഞ്ഞുകുമിയുന്നു!വഹ്‌ശി എല്ലാം ശ്രദ്ധിച്ചു നില്‌ക്കുകയായിരുന്നു. ഒരു ഈന്തപ്പനയ്‌ക്കു മറഞ്ഞ്‌! അവസരം കാത്ത്‌!!
തക്കം കിട്ടിയ ഞൊടിയില്‍ വഹ്‌ശി കൈയിലിരുന്ന ചാട്ടുളി ഓങ്ങിയെറിഞ്ഞു. ലക്ഷ്യം പിഴയ്‌ക്കാതെ അതു ഹംസയുടെ അടിവയറ്റില്‍ ചെന്നുകൊള്ളുകയും ചെയ്‌തു. ആ രണശൂരന്‍ മുന്നില്‍ക്കണ്ട പുതിയ എതിരാളിക്കു നേരെ കുതിക്കാനാഞ്ഞതാണ്‌. പക്ഷേ…
നീഗ്രോ അടിമയോടടുക്കാന്‍ ഹംസക്കായില്ല. അതിനു മുന്‍പേ ആ ധീരന്‍ അടര്‍ക്കളത്തില്‍ കുഴഞ്ഞുവീണു. ഞൊടികള്‍ക്കകം അന്ത്യശ്വാസം വലിക്കുകയും ചെയ്‌തു.
ബഹളമയമായ അന്തരീക്ഷം! പടയാളികള്‍ ചിതറിയോടുന്നു…
യുദ്ധക്കളത്തില്‍ ആളൊഴിഞ്ഞ നിമിഷങ്ങള്‍!
കോലാഹലത്തിനിടയില്‍ സമയം പാഴാക്കാതെ വഹ്‌ശി ഹംസയുടെ മൃതശരീരത്തിനടുത്തേക്കു കുതിച്ചെത്തുന്നു; കുനിഞ്ഞു നിന്നു തന്റെ ആയുധം പറിച്ചെടുക്കുന്നു. ലക്ഷ്യം നിറവേറ്റിയ ചാരിതാര്‍ഥ്യത്തോടെ നീഗ്രോ അടിമ തിരിഞ്ഞുനടക്കുന്നു.
ജുബൈര്‍ ബിന്‍ മുത്‌ഇം വാക്കു പാലിക്കുക തന്നെ ചെയ്‌തു. വഹ്‌ശി വേഗതയില്‍ ഉഹദ്‌ പോര്‍ക്കളത്തിലേക്കു പറന്നെത്തി.
സുന്ദരിയായ ഹിന്ദാവട്ടെ, മടിയേതുമില്ലാതെ തന്റെ സര്‍വാഭരണങ്ങളും ഊരിയെടുത്ത്‌ ആ നീഗ്രോ പടയാളിക്കു മുന്‍പില്‍ അര്‍പ്പിക്കാനും മറന്നില്ല!
മോചനം ഒരടങ്ങാത്ത മോഹമായി നെഞ്ചില്‍ കൊണ്ടുനടന്നിരുന്ന കാലത്തു വഹ്‌ശിയുടെ ഉള്ളില്‍ മറ്റൊരാശ കൂടി കരുത്തുവന്നിരുന്നു. ധാരാളം ധനമാര്‍ജിക്കണം: സമ്പന്നനാവണം.
അനുബന്ധ സ്വപ്‌നം വരെ വഹ്‌ശിക്കിതാ സഫലമായിക്കഴിഞ്ഞു!
നീഗ്രോ അടിമയുടെ ഇടനെഞ്ചു തെളിഞ്ഞു. അവിടെ വീര്‍ത്തു കെട്ടിക്കിടന്നിരുന്ന വിലാപങ്ങള്‍ ഒഴിഞ്ഞുപോയി. കണ്ണീര്‍ വടുക്കള്‍ നികന്നു നിരപ്പായി.
ആഹ്ലാദം നുരഞ്ഞുപതഞ്ഞ കാലമായിരുന്നു അത്‌.
മൂന്ന്‌ 
ഹംസയുടെ പതനം ഉയര്‍ത്തിയ നടുക്കം ചില്ലറയായിരുന്നില്ല!
പിന്നാക്കം മാറാന്‍ മുസ്‌ലിം സൈനികര്‍ നിര്‍ബന്ധിതരായി. ആ മുഖങ്ങളില്‍ ആശങ്കയും ഇച്ഛാഭംഗവും നിറഞ്ഞുനില്‌ക്കുന്നു!
ഖുറൈശീപക്ഷത്ത്‌ ആവേശം തിളച്ചുമറിയുന്നു. അടക്കാനാവാതെ അവര്‍ മുന്നോട്ടു കുതിക്കുന്നു. ഹംസയുടെ മൃതശരീരത്തിനു ചുറ്റും ശത്രുക്കള്‍ വളഞ്ഞുനില്‌ക്കുന്നു. അവര്‍ക്കിടയില്‍ ആഹ്‌ളാദത്തിന്റെ ആര്‍പ്പുവിളികള്‍ ഉയരാന്‍ തുടങ്ങിയിരിക്കുന്നു!
അപ്പോഴുണ്ട്‌, പോര്‍ക്കളത്തിന്റെ ഒരു വശത്തുകൂടി ഒരു പറ്റം തരുണീമണികള്‍ പാഞ്ഞുവരുന്നു! അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദാണ്‌ അവര്‍ക്കു നേതൃത്വം നല്‌കുന്നത്‌.
“മാറി നില്‌ക്കിം ആണുങ്ങളേ. പുലി പൂച്ചയെപ്പോലെ വീണുകിടക്കുന്ന കാഴ്‌ച ഞങ്ങളും കൂടിയൊന്നു കാണട്ടെ. മാറിനില്‌ക്കിം…” ഹിന്ദ്‌ വിളിച്ചു കൂവുന്നുണ്ട്‌!
വനിതകള്‍ക്കായി പുരുഷ സൈനികര്‍ മാറി നിന്നു.
ഹംസയുടെ മൃതശരീരം നോക്കിനില്‌ക്കെ ഹിന്ദിന്റെ അധരങ്ങളില്‍ പൈശാചികമായ മന്ദസ്‌മിതം വിടര്‍ന്നുവന്നു. ചുറ്റിനും നിരന്നുകിടക്കുന്ന മറ്റു രക്തസാക്ഷികളുടെ നിശ്ചല ശരീരങ്ങള്‍ കൂടി ദൃഷ്‌ടിയില്‍ പെട്ടപ്പോള്‍ ആ മന്ദസ്‌മിതം പെരും പൊട്ടിച്ചിരിയായി പരിണമിച്ചു.
“ആഹാ.. കൊള്ളാമല്ലോ, കൊള്ളാമല്ലോ!”
അട്ടഹാസച്ചിരി മാത്രം മുഴക്കി ആ ക്രൂരസ്‌ത്രീയുണ്ടോ പിന്‍വാങ്ങുന്നു?
ഹിന്ദ്‌ സഹചരരില്‍ നിന്ന്‌ ഒരായുധം വാങ്ങുന്നു. വിശ്വാസികളുടെ മൃതദേഹങ്ങളില്‍ നിന്ന്‌ അധരങ്ങളും കാതുകളും മൂക്കുകളും അരിഞ്ഞെടുക്കുന്നു. അവ കൊണ്ടൊരു മാല കൊരുത്തെടുക്കുന്നു. ആ ഹാരം കഴുത്തില്‍ ചാര്‍ത്തി ആ നീച അതാ, ഞെളിഞ്ഞു നില്‌ക്കുകയാണ്‌!
മനുഷ്യാവയവങ്ങള്‍ കൊണ്ടുള്ള മാല്യമണിഞ്ഞപ്പോള്‍ പ്രതികാര ദുര്‍ഗയ്‌ക്കു പൂര്‍വോപരി ശക്തിയാര്‍ജിച്ച പോലെ! വലതുകാല്‍ പൊക്കി ഹിന്ദ്‌ ഹംസയുടെ ചലനമറ്റ മേനി മറിച്ചിടാന്‍ ശ്രമിക്കുന്നു. നീചയെ സഹായിക്കാന്‍ ആരൊക്കെയോ മുന്നോട്ടു വരുന്നുണ്ട്‌…
മൂര്‍ച്ചയുള്ള വാളാല്‍ പിശാചിനി ഹംസയുടെ മാറിടം പിളര്‍ന്നു. ഒരു കശാപ്പുകാരിയുടെ കൗശലത്തോടെ! ആ ധീര രക്തസാക്ഷിയുടെ ആന്തരാവയവങ്ങള്‍ അവള്‍ പുറത്തെടുത്തു: കരള്‍ പറിച്ചെടുത്തു.
“ഹോയ്‌ ഹോയ്‌…” ആക്രോശത്തോടെ ഹിന്ദ്‌ ഹംസയുടെ കരള്‍ത്തുണ്ട്‌ ചവച്ചു തുപ്പുന്നു! ആന്തരാവയവങ്ങള്‍ കൈത്തലത്തിലിട്ട്‌ അമ്മാനമാടുന്നു. സന്തോഷത്തിമര്‍പ്പ്‌ പ്രകടമാക്കുമാറ്‌ അവള്‍ കിരാത നൃത്തം ചെയ്യുന്നു:
“ബദറിന്റെ പ്രതികാരം
ഇതാ, നിര്‍വഹിച്ചു
കഴിഞ്ഞിരിക്കുന്നു!
മക്കയുടെ മക്കളേ
ഇത്‌ ആഹ്ലാദത്തിന്റെ
നിമിഷങ്ങളാണ്‌…
മക്കയുടെ പുത്രിമാരേ,
നിങ്ങളീ നിമിഷങ്ങള്‍
ആഘോഷിക്കാന്‍ മറക്കല്ലേ…”
ഹിന്ദിന്റെ കൂട്ടുകാരികളും അവള്‍ക്കൊപ്പം ചുവടുകള്‍ വെക്കാന്‍ തുടങ്ങി; അന്തരീക്ഷം പ്രകമ്പനം കൊള്ളുമാറ്‌ ആ സഖികള്‍ ഹിന്ദിന്റെ വാമൊഴികള്‍ ഏറ്റുപാടിക്കൊണ്ടിരിക്കുന്നു.http://pudavaonline.net/?p=1635#more-1635

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: