തളര്‍ച്ച നേരിടുന്ന പോപ്പും സഭയും

  • Posted by Sanveer Ittoli
  • at 6:54 AM -
  • 0 comments
തളര്‍ച്ച നേരിടുന്ന പോപ്പും സഭയും


ജോസഫ്‌ പുലിക്കുന്നേല്‍
ലോകത്തെമ്പാടുമുള്ള കത്തോലിക്കര്‍ തങ്ങളുടെ ആധ്യാത്മിക ആചാര്യനായി അംഗീകരിച്ചിട്ടുള്ള ഒരു സ്ഥാനിയാണ്‌ റോമിലെ മാര്‍പാപ്പാ. ഇറ്റാലിയന്‍ ഭാഷയില്‍ പാപ്പാ എന്നാല്‍ പിതാവ്‌ എന്നര്‍ഥം. യേശുവിന്റെ മരണശേഷം വിശ്വാസകൂട്ടത്തെ നയിക്കുന്നതിനായി യേശു തന്റെ പ്രേഷ്‌ടശിഷ്യനായ പത്രോസിനെ ഏല്‌പിച്ചു എന്നും ആ പത്രോസിന്റെ പിന്‍ഗാമിയാണ്‌ മാര്‍പാപ്പാ എന്നുമാണ്‌ സങ്കല്‌പനം. മാര്‍പാപ്പാ മുതല്‍ ഇങ്ങോട്ട്‌ 267 മാര്‍പാപ്പാമാരാണ്‌ ചരിത്രത്തിലുള്ളത്‌.
യേശു ഒരു ഇസ്രായേലിയനായിരുന്നു. യഹൂദരുടെ ജന്മദേശം എന്ന്‌ അവര്‍ കരുതുന്ന ജറുശലേമിലാണ്‌ യേശു ജനിച്ചതും യേശുവിന്റെ സന്ദേശം പ്രചരിച്ചതും. പത്രോസാണ്‌ റോമില്‍ സഭ സ്ഥാപിച്ചതെന്നുള്ള സങ്കല്‌പനമാണ്‌ സഭയുടെ കേന്ദ്രം റോമായി തീരാനിടയാക്കിയത്‌.
പക്ഷേ പത്രോസ്‌ റോമില്‍ പോയതായ തെളിവുകളൊന്നും സുവിശേഷത്തിലില്ല. എന്നാല്‍ പൗലോസ്‌ -യേശുവിന്റെ നേരിട്ടുള്ള ശിഷ്യനല്ല- റോമില്‍ പോയതായി സുവിശേഷത്തില്‍ കാണുന്നു. എങ്കിലും നാലാം നൂറ്റാണ്ടിലെ ഒരു രേഖ അനുസരിച്ച്‌ പത്രോസ്‌ റോമില്‍ പോയിരുന്നു എന്ന്‌ കത്തോലിക്കാ സഭ പഠിപ്പിക്കുന്നു. എ ഡി 313 വരെ റോമന്‍ സാമ്രാജ്യത്തിനുള്ളില്‍ ക്രൈസ്‌തവര്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു. എ ഡി 313-ല്‍ റോമന്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്റൈനാണ്‌ ക്രൈസ്‌തവര്‍ക്ക്‌ മതസ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തത്‌. ക്രിസ്‌തുമതസ്ഥാപകായ യേശുവോ പിന്‍ഗാമിയായ പത്രോസോ സമ്പന്നരായിരുന്നില്ല. 313-നു ശേഷമാണ്‌ മാര്‍പാപ്പാ ഒരു രാഷ്‌ട്രശക്തിയായി വളരുന്നത്‌. രണ്ടാം നൂറ്റാണ്ടില്‍ റോമാ സാമ്രാജ്യം രണ്ടായി വിഭജിച്ചു. പൗരസ്‌ത്യ റോമന്‍ സാമ്രാജ്യമെന്നും പാശ്ചാത്യ റോമന്‍ സാമ്രാജ്യമെന്നും. പൗരസ്‌ത്യ റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം കോണ്‍സ്റ്റാന്റിനോപ്പിളും പാശ്ചാത്യ റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം റോമും ആയിരുന്നു. പിന്നെങ്ങനെയാണ്‌ മാര്‍പാപ്പാ ഒരു രാഷ്‌ട്രത്തലവനായത്‌?
പേപ്പല്‍ സ്റ്റേറ്റ്‌
313-ല്‍ റോമാസാമ്രാജ്യത്തില്‍ സഭ സ്വതന്ത്രമായപ്പോള്‍ ആരാധനാനുഷ്‌ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിനും വസ്‌തുവകകള്‍ കൈവശം വയ്‌ക്കുന്നതിനുമുള്ള സ്വാതന്ത്ര്യം സഭയ്‌ക്കു സിദ്ധിച്ചു. അതേ തുടര്‍ന്ന്‌ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയും ഉദാരമതികളായ നരവധി പ്രഭുക്കന്മാരും സഭയ്‌ക്ക്‌ ഭൗതികാവശ്യങ്ങള്‍ക്കായി വിസ്‌തൃതമായ ഭൂപ്രദേശങ്ങള്‍ ദാനംചെയ്‌തു. ക്രമേണ ഇറ്റലിയിലെ ഏറ്റവും വലിയ ഭൂവുടമ മാര്‍പാപ്പയായി. റോമാ കേന്ദ്രമായി വടക്കേ ഇറ്റലി, ദല്‍മേഷ്യാ, തെക്കേ ഇറ്റലി, സിസിലി എന്നിവയുള്‍പ്പെടെ അതിവിസ്‌തൃതമായ ഒരു ഭൂപ്രദേശം രൂപംകൊണ്ടു. പേപ്പല്‍ സ്റ്റേറ്റിന്റെ ആരംഭമായിരുന്നു അത്‌. ഈ പ്രദേശത്തുനിന്നുള്ള ആദായം സഭാഭരണത്തിനായി മാര്‍പാപ്പാ വിനിയോഗിച്ചിരുന്നു. എന്നാല്‍ എട്ടാംനൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ ഭൂപ്രദേശങ്ങളില്‍ കുറെ നഷ്‌ടപ്പെടുകയുണ്ടായി.
ബാഹ്യ സമ്മര്‍ദം
പേപ്പല്‍ സ്റ്റേറ്റിന്റെ രൂപീകരണത്തിന്‌ വഴിതെളിച്ച സംഭവങ്ങള്‍ പലതാണ്‌. അതില്‍ മുഖ്യമായത്‌ ബാഹ്യസമ്മര്‍ദവും അതേത്തുടര്‍ന്നുണ്ടായ സുരക്ഷിതത്വത്തിന്റെ ആവശ്യകതയുമാണ്‌.
ലൊമ്പാര്‍ഡുകളെന്നറിയപ്പെടുന്ന ജര്‍മ്മന്‍ വംശജരായ ഒരു വര്‍ഗം ആളുകള്‍ എ ഡി 568-ല്‍ ഇറ്റലിയുടെ വടക്കുഭാഗത്തു നിന്നും ആക്രമണമാരംഭിച്ചു. ഇറ്റലിക്കാകമാനം ഇതൊരു ഭീഷണിയായിത്തീര്‍ന്നു. ഇറ്റലിയുടെ ഐക്യത്തെയും സുരക്ഷിതത്വത്തെയും ഇത്‌ സാരമായി ബാധിച്ചു. അന്ന്‌ ഇറ്റലി ബൈസന്റയിന്‍ സാമ്രാജ്യത്തിലായിരുന്നു (പൗരസ്‌ത്യ റോമാസാമ്രാജ്യം). പക്ഷേ ലൊമ്പാര്‍ഡുകളെ തടയാന്‍ ചക്രവര്‍ത്തിക്ക്‌ കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ ചക്രവര്‍ത്തി തീരെ ശ്രദ്ധ ചെലുത്തിയുമില്ല. കാരണം മധ്യപൗരസ്‌ത്യദേശത്തുനിന്ന്‌ മൂഹമ്മദീയരുടെ കൂടെക്കൂടെയുള്ള ആക്രമണത്തിനെതിരായുള്ള പ്രതിരോധനീക്കങ്ങളിലായിരുന്നു അദ്ദേഹം ശ്രദ്ധയൂന്നിയിരുന്നത്‌. ബൈസന്റയിന്‍ ചക്രവര്‍ത്തിയില്‍ നിന്നും സുരക്ഷിതത്വം ലഭിക്കുകയില്ലെന്നു മനസ്സിലാക്കിയ ജനങ്ങള്‍ ഇറ്റലിയിലെ അന്നത്തെ പ്രബലശക്തിയായ മാര്‍പാപ്പായെ അഭയം പ്രാപിക്കാന്‍ നിര്‍ബന്ധിതരായി. മാര്‍പാപ്പാ ഇറ്റലിയ്‌ക്ക്‌ നേതൃത്വം നല്‍കാന്‍ മുമ്പോട്ടുവന്നു. അങ്ങനെ മാര്‍പാപ്പായുടെ നേതൃത്വം ഇറ്റലിയില്‍ അംഗീകരിക്കപ്പെട്ടു. മഹാനായ ഗ്രിഗറി ഒന്നാമന്‍ മാര്‍പാപ്പാ (590-604) ലൊബാര്‍ഡുകളുമായി ഒരു സഖ്യത്തിലേര്‍പ്പെടുകയും ആക്രമണം ഭാഗികമായി തടയുകയും ചെയ്‌തു. ഈ സംഭവം മാര്‍പാപ്പായുടെ ശക്തി ഇറ്റലിയില്‍ പ്രബലപ്പെടുത്തുകയും രാഷ്‌ട്രീയരംഗത്തുള്ള അദ്ദേഹത്തിന്റെ നേതൃത്വവും സ്വാധീനവും അംഗീകരിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ മാര്‍പാപ്പാ ബൈസന്റയിന്‍ ചക്രവര്‍ത്തിയുടെ ഇറ്റലിയിലെ അനൗദ്യോഗിക പ്രതിനിധിയെന്നവണ്ണം വര്‍ത്തിച്ചു പോന്നു.
മതപരമായ സംഭവവികാസങ്ങള്‍
പേപ്പല്‍ സ്റ്റേറ്റിന്റെ രൂപീകരണത്തിന്‌ പരോക്ഷമായി സ്വാധീനിച്ച ചില മതപരമായ സംഭവവികാസങ്ങളുണ്ട്‌. 717 മുതല്‍ 740 വരെ കോണ്‍സ്റ്റാന്റിനോപ്പിള്‍ ചക്രവര്‍ത്തിയായിരുന്ന ലെയോ മൂന്നാമന്‍ മതകാര്യങ്ങളിലും കൈകടത്താന്‍ തുടങ്ങി. മിശിഹായുടെയും വിശുദ്ധരുടെയും പ്രതിമകളും രൂപങ്ങളും വിഗ്രഹാരാധനയ്‌ക്ക്‌ വഴി തെളിക്കുമെന്നു ഭയന്ന്‌ ചക്രവര്‍ത്തി അവയെല്ലാം നശിപ്പിക്കാന്‍ തീരുമാനിച്ചു. മാര്‍പാപ്പായും മറ്റു സഭാധികാരികളും പ്രസ്‌തുത നീക്കത്തെ എതിര്‍ത്തു. പക്ഷേ അതൊന്നും ചക്രവര്‍ത്തി വകവച്ചില്ല. സാമ്രാജ്യത്തില്‍ പ്രതിമകളും രൂപങ്ങളും നശിപ്പിക്കപ്പെട്ടു. ലെയോയുടെ പന്‍ഗാമി കോണ്‍സ്റ്റന്റൈയിന്‍ അഞ്ചാമനും ഇതേ നയം തുടര്‍ന്നു. വിയോജിച്ച മെത്രാന്മാരെയും ക്രിസ്‌ത്യാനികളെയും പീഡിപ്പിച്ചു. നാടുകടത്തി. അനേകായിരം പേര്‍ (50,000?) ഇറ്റലിയില്‍ അഭയം പ്രാപിച്ചു.
എന്നാല്‍ കോണ്‍സ്റ്റന്റൈയിന്‍ ആറാമന്റെ കാലത്ത്‌ ഈ നിലപാടില്‍ വ്യതിയാനമുണ്ടായി. ഒരു കൗണ്‍സിലിലൂടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ രണ്ടുപക്ഷത്തു നിന്നും നിര്‍ദേശമുണ്ടായി. മാര്‍പാപ്പാ അത്‌ സമ്മതിച്ചു. അതിന്റെ ഫലമായി 787-ല്‍ 7-ാം എക്യൂമെനിക്കല്‍ കൗണ്‍സില്‍ നിഖിയായില്‍ സമ്മേളിച്ചു. പ്രതിമകള്‍ വഴി വിശുദ്ധരെ വണങ്ങുന്നതില്‍ തെറ്റില്ലെന്ന്‌ കൗണ്‍സില്‍ വിധിച്ചു. 
പ്രതിമകള്‍ നശിപ്പിക്കുന്ന പ്രവണത തെറ്റാണെന്ന്‌ കൗണ്‍സില്‍ പ്രഖ്യാപിച്ചു. ഈ സംഭവം ഇറ്റലിയുടെയും കോണ്‍സ്റ്റാന്റിനോപ്പിളിന്റെയും അകല്‍ച്ചയ്‌ക്ക്‌ കാരണമായി. മാര്‍പാപ്പായ്‌ക്ക്‌ രാഷ്‌ട്രീയമായും സഭാസംബന്ധമായും സ്വന്തം അധികാരവും നിലപാടും ഉറപ്പിക്കാന്‍ ഇത്‌ സഹായകവുമായി. തന്നെയുമല്ല, കോണ്‍സ്റ്റാന്റിനോപ്പിളില്‍ നിന്നും മാര്‍പാപ്പായ്‌ക്കും ഇറ്റലിക്കും അനിഷ്‌ടകരമായി പലതും പ്രതീക്ഷിക്കാമെന്ന അവബോധവും അവരില്‍ ഉളവായി.
മാര്‍പാപ്പാമാരുടെ നീക്കങ്ങള്‍
പേപ്പല്‍ സ്റ്റേറ്റിന്റെ രൂപീകരണത്തില്‍ മാര്‍പാപ്പാമാരുടെ നീക്കങ്ങള്‍ നിര്‍ണായകമാണ്‌. നിരവധി പ്രതിസന്ധികളുടെ മധ്യേ പാപ്പാ സ്ഥാനം വഹിച്ച വ്യക്തിയാണ്‌ ഗ്രിഗറി രണ്ടാമന്‍ (715-731). ഇദ്ദേഹം റോമാക്കാരനും ലൊമ്പാര്‍ഡുകളുടെ നേതാവ്‌ ലിറ്റിപ്രാന്റിന്റെ (712-744) സമകാലീനനുമായിരുന്നു. ലെയോ മൂന്നാമന്‍ ചക്രവര്‍ത്തി വര്‍ധിച്ച നികുതിവഴിയും മറ്റും ജനങ്ങളെ വളരെ ബുദ്ധിമുട്ടിച്ചിരുന്ന അവസരമായിരുന്നു അത്‌. ജനങ്ങള്‍ ചക്രവര്‍ത്തിക്കെതിരെ ആഭ്യന്തര കലഹത്തിന്‌ മുമ്പോട്ടുവന്നു.
ഇറ്റലിയില്‍ പുതിയൊരു രാജാവിനെ വാഴിക്കാന്‍ അവര്‍ ശ്രമിച്ചുതുടങ്ങി. ഈ തക്കംനോക്കി ലൊബാര്‍ഡുകള്‍ ഇറ്റലിയിലേക്ക്‌ കുതിച്ചു. പക്ഷേ ഗ്രിഗറിയുടെ അഭ്യര്‍ഥനപ്രകാരം അവര്‍ പിന്‍വാങ്ങുകയാണുണ്ടായത്‌. ഇറ്റലിയില്‍ ഉയര്‍ന്നുവന്ന ആഭ്യന്തരകലഹം അവസാനിപ്പിക്കാന്‍ ചക്രവര്‍ത്തിക്ക്‌ ഗ്രിഗറിയുടെ സഹായം തേടേണ്ടിവന്നു. മാര്‍പാപ്പായെ കൂടാതെ ഇറ്റലിയില്‍ ഒന്നും ചെയ്യാന്‍ ചക്രവര്‍ത്തിക്ക്‌ സാധിക്കാത്ത ഒരു സ്ഥിതിവിശേഷം സംജാതമായി. ഗ്രിഗറി എന്നും ചക്രവര്‍ത്തിക്കു വേണ്ടി നിലകൊള്ളുകയായിരുന്നു.
കോണ്‍സ്റ്റന്റൈന്റെ ദാനം
മാര്‍പാപ്പാ രാഷ്‌ട്രാധിപനും കൂടിയായതിന്റെ പിന്‍ബലമായിവേണം `കോണ്‍സ്റ്റന്റൈന്റെ ദാന'ത്തെ വീക്ഷിക്കാന്‍. പാശ്ചാത്യ റോമാസാമ്രാജ്യത്തിന്റെയും സാര്‍വത്രികസഭയുടെയും മേല്‍ മാര്‍പാപ്പായ്‌ക്ക്‌ പരമാധികാരം നല്‌കിക്കൊണ്ട്‌ റോമാ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്റയിന്‍ (305-337) ചക്രവര്‍ത്തി സില്‍വെസ്റ്റര്‍ ഒന്നാമന്‍ മാര്‍പാപ്പായ്‌ക്ക്‌ (314-336) നല്‍കിയ ഒരു വിളംബരമായി ഇതിനെ കണക്കാക്കിപ്പോന്നു. പക്ഷേ എട്ടാം നൂറ്റാണ്ടില്‍ മാര്‍പാപ്പായുടെ രാഷ്‌ട്രീധികാരത്തിനുള്ള പിന്‍ബലമായി ആരോ കെട്ടിച്ചമച്ച ഒരു വ്യാജരേഖയാണിത്‌.
നവോത്ഥാനകാലം വരെ ഇതിന്റെ സാധുതയെ ആരും ചോദ്യംചെയ്‌തിരുന്നില്ല. ഈ വ്യാജരേഖയില്‍ ചക്രവര്‍ത്തിക്കുണ്ടായ ഒരു ദിവ്യദര്‍ശനത്തെക്കുറിച്ചും ചക്രവര്‍ത്തി കുഷ്‌ഠരോഗത്തില്‍ നിന്ന്‌ അത്ഭുതകരമായി വിമുക്തനായതിനെക്കുറിച്ചും നാടകീയമായി ചിത്രീകരിച്ചിട്ടുണ്ട്‌. ദര്‍ശനത്തില്‍ വി. പത്രോസും വി. പൗലോസും ചക്രവര്‍ത്തിയോട്‌ ക്രിസ്‌തുമതം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടെന്നും കാണാം.
ഈ രേഖയനുസരിച്ച്‌ അന്ത്യോക്യാ, അലക്‌സാണ്ട്രിയാ, ജറുസലെം, കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നീ നാലു റോമന്‍ പ്രവിശ്യകളിലും മാര്‍പാപ്പായ്‌ക്ക്‌ അധികാരം നല്‌കിയിട്ടുണ്ടത്രേ! രാജകീയമായ വേഷവിധാനങ്ങളും സ്ഥാനമാനങ്ങളും മാര്‍പാപ്പായ്‌ക്കും മറ്റു സഭാധികാരികള്‍ക്കും പിന്‍ഗാമികള്‍ക്കും കോണ്‍സ്റ്റന്റയിന്‍ ഈ രേഖ വഴി അനുവദിച്ചിരിക്കുന്നു. സഭാധികാരികളെല്ലാം -മാര്‍പാപ്പാ, കര്‍ദിനാളന്മാര്‍, മെത്രാന്മാര്‍, വൈദികര്‍ -റോമാസാമ്രാജ്യത്തിലെ രാജകീയവും ഉന്നതവുമായ വേഷവിധാനങ്ങള്‍ സ്വീകരിച്ചതിന്റെ പശ്ചാത്തല കാരണവും ഈ രേഖയില്‍ വ്യക്തമായി കാണുന്നുണ്ട്‌. റോമാസാമ്രാജ്യത്തിലെ വിവിധ സ്ഥാനപദവികള്‍ റോമാ സാമ്രാജ്യാതിര്‍ത്തിക്കുള്ളിലുള്ള സഭ സ്വീകരിച്ചതിനുള്ള സാധൂകരണവും ഈ വ്യാജരേഖയിലുണ്ട്‌. അധികാരത്തിനും പദവിക്കും പിറകേ പോകുന്ന സഭാനേതൃത്വത്തെ കൊണ്ടെത്തിക്കുന്ന വക്രതയിലേക്കും ധാര്‍മികാധപ്പതനത്തിലേക്കും ഇതു വിരല്‍ചൂണ്ടുന്നു!
പത്താം നൂറ്റാണ്ടായപ്പോഴേക്കും യൂറോപ്പിലെ രാജാക്കന്മാരുടെ കീരീടങ്ങള്‍വരെ പന്താടാനുള്ള ശക്തി മാര്‍പാപ്പാ സ്ഥാനിക്കു ലഭിച്ചു. മാര്‍പാപ്പായുടെ അംഗീകാരമില്ലാതെ യൂറോപ്പില്‍ ഒരു രാജാവിനും ഭരിക്കാനാകുമായിരുന്നില്ല. എന്നാല്‍ 1870-ല്‍ ഗാരിബാള്‍ഡി എന്ന നേതാവിന്റെ കീഴില്‍ ഇറ്റലി സംഘടിതമാകുകയും പേപ്പല്‍ സ്റ്റേറ്റ്‌ പിടിച്ചെടുക്കുകയും ചെയ്‌തു. അങ്ങനെ 1870-ല്‍ പേപ്പല്‍ സംസ്ഥാനങ്ങള്‍ ഇല്ലാതായി. റോമിലെ ഒരു സാധാരണ പൗരനായി ജീവിക്കാനുള്ള സ്വാതന്ത്ര്യം മാര്‍പാപ്പായ്‌ക്കു ലഭിച്ചു.1922-ല്‍ ഇറ്റലിയില്‍ അധികാരത്തില്‍ വന്ന മുസ്സോളിനിയാണ്‌ പിന്നീട്‌ വത്തിക്കാനില്‍ 108 ഏക്കര്‍ സ്ഥലവും പണവും ദാനമായികൊടുത്ത്‌ മാര്‍പാപ്പായെ രാഷ്‌ട്രത്തലവനാക്കിയത്‌. ഇന്ന്‌ റോമിലുള്ള 108 ഏക്കര്‍ സ്ഥലത്തിന്റെ രാജാവാണ്‌ മാര്‍പ്പാപ്പാ.
പുതിയ മാര്‍പാപ്പായായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ്‌ ഒന്നാമന്‍ 267-ാം മാര്‍പാപ്പായാണ്‌. 267 മാര്‍പാപ്പാമാരില്‍ 112 പേര്‍ റോമാക്കാരും 65 പേര്‍ ഇറ്റലിക്കാരുമായിരുന്നു. അങ്ങനെ 177 പേര്‍ ഇറ്റലിക്കാര്‍ തന്നെയാണ്‌. യൂറോപ്പിനു പുറത്തുനിന്നും അപൂര്‍വമായി മാത്രമേ മാര്‍പാപ്പാമാരെ തെരഞ്ഞെടുക്കാറുള്ളൂ. അടുത്തയിടെ തെരഞ്ഞെടുത്ത ഫ്രാന്‍സീസ്‌ ഒന്നാമന്‍ മാര്‍പാപ്പാ അര്‍ജന്റീനാക്കാരനാണെന്നു പറയുന്നെങ്കിലും അദ്ദേഹത്തിന്റ ഇറ്റലിക്കാരനായ മുത്തച്ഛന്‍ അര്‍ജന്റീനയിലേക്ക്‌ കുടിയേറി പാര്‍ത്തതാണ്‌. അതായത്‌ ജന്മനാ ഒരു യൂറോപ്യന്‍.
മാര്‍പാപ്പാമാരെ തെരഞ്ഞെടുക്കുന്നത്‌ കര്‍ദിനാള്‍ സംഘമാണ്‌. ഈ കര്‍ദിനാള്‍ സംഘത്തിലെ അംഗങ്ങളെ മാര്‍പാപ്പായാണ്‌ നോമിനേറ്റ്‌ ചെയ്യാറ്‌. ലോകത്തെമ്പാടുമുള്ള മെത്രാന്മാര്‍ക്കോ അല്‍മായര്‍ക്കോ ഈ തെരഞ്ഞെടുപ്പില്‍ ഒരു പങ്കുമില്ല. കര്‍ദിനാള്‍മാരായി നിയമിക്കുന്നവരില്‍ ഭൂരിപക്ഷംപേരും വെള്ളക്കാരാണ്‌. തന്മൂലം യൂറോപ്പിനു പുറത്ത്‌ ഒരു മാര്‍പാപ്പാ എന്നത്‌ ഇന്നും സങ്കല്‌പിക്കാനാകില്ല.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: