ഡോ. രജത്‌കുമാറിനെ കടിച്ചുകീറാന്‍ വരട്ടെ...

  • Posted by Sanveer Ittoli
  • at 10:50 PM -
  • 0 comments
ഡോ. രജത്‌കുമാറിനെ കടിച്ചുകീറാന്‍ വരട്ടെ...


കേരള സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസവകുപ്പ്‌ ഇയ്യിടെ ഒരു മൂല്യബോധയാത്ര സംഘടിപ്പിക്കുകയുണ്ടായി. ഭീതിദമാംവിധം വര്‍ധിച്ചുവരുന്ന പെണ്‍പീഡനങ്ങളുടെയും കുത്തഴിഞ്ഞ ലൈംഗികതയുടെയും സമകാലിക സാഹചര്യം കണക്കിലെടുത്ത്‌ സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുക,
കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ കൗമാരക്കാരെ പ്രാപ്‌തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്‌ മൂല്യബോധന യാത്ര സംഘടിപ്പിക്കപ്പെട്ടത്‌. സംസ്ഥാനത്തെ പതിനാല്‌ ജില്ലകളിലെ ആയിരക്കണക്കിന്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ യാത്ര കടന്നുപോയി. ലക്ഷക്കണക്കിന്‌ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ യാത്രയുടെ ഭാഗമായി നടന്ന മൂല്യബോധന പ്രഭാഷണങ്ങള്‍ കേട്ടു. അംഗീകരിച്ചു; സംവദിച്ചു. മൂല്യബോധനം ഇഷ്‌ടപ്പെടാത്തവരും കാണും. എതിര്‍ത്തവരും കുറച്ചൊക്കെയുണ്ടാവും. സ്വാഭാവികം. എങ്കിലും കൗമാര കേരളം മൊത്തത്തില്‍ മൂല്യബോധനം സാകൂതം ശ്രദ്ധിച്ചു എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌.
സംസ്ഥാന സര്‍ക്കാറിന്റെ മൂല്യബോധന യാത്ര നയിച്ചത്‌ മൈക്രോബയോളജിയില്‍ ഡോക്‌ടറേറ്റ്‌ നേടിയ കാലടി ശങ്കരാചാര്യ കോളെജ്‌ ബയോളജി പ്രഫസര്‍ ഡോ. രജത്‌കുമാര്‍. പ്ലസ്‌വണ്‍, പ്ലസ്‌ടു, എന്‍ട്രന്‍സ്‌ തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കപ്പെട്ട ജ്യോതി പബ്ലിഷേഴ്‌സ്‌ പുറത്തിറക്കിയ ബയോളജി ടെക്‌സ്റ്റ്‌ ബുക്കിന്റെ കര്‍ത്താവായ ഡോ. രജത്‌കുമാര്‍ ആകര്‍ഷകമായ പ്രഭാഷകന്‍ കൂടിയാണ്‌. ഭഗവത്‌ഗീത, ബൈബിള്‍, വിശുദ്ധ ഖുര്‍ആന്‍ എന്നീ വേദഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന്‌ അഗാധമായ ജ്ഞാനമുണ്ട്‌. സയന്‍സിന്റെ പിന്‍ബലത്തില്‍, ആധുനികതയുടെ പശ്ചാത്തലത്തില്‍, ഡല്‍ഹി പീഡനാനന്തരം ഇന്ത്യയില്‍ രൂപപ്പെട്ട ഒരു പ്രത്യേക സാഹചര്യത്തില്‍, വേദഗ്രന്ഥങ്ങളിലെ മൂല്യബോധനത്തിന്റെ അകമ്പടിയോടെ ഡോ. രജത്‌കുമാര്‍ കൗമാര കേരളത്തോട്‌ സംവദിച്ചു. കേരളചരിത്രത്തില്‍ തന്നെ ഇത്ര വിപുലമായ ഒരു ബോധനപ്രവര്‍ത്തനം നടന്നിട്ടുണ്ടാവില്ല.
മീഡിയ നമുക്കെത്തിച്ചുകൊണ്ടിരിക്കുന്ന നിണമണിഞ്ഞ വാര്‍ത്തകളില്‍, സ്‌ത്രീ പീഡനത്തിന്റെയും കൊലപാതകത്തിന്റെയും ഭയാനകത തളംകെട്ടിനില്‌ക്കുന്നു. ക്രിമിനല്‍ കുറ്റവാളികള്‍ക്ക്‌ കടുത്തശിക്ഷ നല്‍കണമെന്ന്‌, കണ്ടറിയാത്തവര്‍ കൊണ്ടറിഞ്ഞപ്പോള്‍, നാലു ഭാഗത്തുനിന്നും ആവശ്യമുയരുന്നു. എന്നാല്‍ ഏതാനും പേര്‍ക്ക്‌ വധശിക്ഷ നല്‍കിയാല്‍ നില്‌ക്കുന്നതല്ല ഈ പ്രശ്‌നം. കാരണം, വ്യാപകമായ ഒരുതരം `സ്‌ത്രീ പീഡന സംസ്‌കാരം' തന്നെ സമൂഹത്തെ ഗ്രസിച്ച മട്ടാണ്‌. അത്‌ യാദൃച്ഛികമല്ലതാനും. സാമൂഹിക സാഹചര്യങ്ങളും സാംസ്‌കാരികമെന്ന്‌ പറയപ്പെടുന്ന സാഹിത്യങ്ങളും കലകളും രാഷ്‌ട്രീയക്കാരുടെ അവിഹിത ബന്ധങ്ങളും പോലീസിന്റെ നിഷ്‌ക്രിയത്വവും ജുഡീഷ്യറിയുടെ അപര്യാപ്‌തമായ നിലപാടുകളും മീഡിയയുടെ ജനപ്രിയ പൈങ്കിളിത്തവും എല്ലാം ഈ ക്രിമിനല്‍വത്‌കൃത സാമൂഹികതയിലെ കൂട്ടുപ്രതികളാണ്‌.
ആത്യന്തിക ക്രിമിനലിന്റെ മീതെ തൂക്കുകയര്‍ ഇടുന്നതുപോലെയോ അതിലേറെയോ ആവശ്യം അടുത്ത തലമുറയെ ഇതില്‍ നിന്ന്‌ രക്ഷിച്ചെടുക്കുക എന്നതാണ്‌. അതിന്‌ കതിരില്‍ വളംവെച്ചിട്ട്‌ കാര്യമില്ല. ഈ വിഷയത്തില്‍ ചെയ്യാവുന്നതില്‍ ഏറ്റവും നല്ല ഒരു കാല്‍വയ്‌പിനാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ മൂല്യബോധന യാത്രയിലൂടെ ആരംഭം കുറിച്ചത്‌. നാളത്തെ പ്രതീക്ഷകള്‍ നിലകൊള്ളുന്ന ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി തലത്തില്‍ നിന്നുതന്നെയാണ്‌ മാനവികതയുടെ താരാട്ട്‌, മൂല്യബോധത്തിന്റെ സാന്ത്വന സ്‌പര്‍ശം ആരംഭിക്കേണ്ടത്‌. സയന്‍സിന്റെയും ടെക്‌നോളജിയുടെയും കുതിച്ചുചാട്ടത്തില്‍ സാമ്പത്തിക സുസ്ഥിതിയുടെ ആനുകൂല്യംകൂടി കൈവന്നപ്പോള്‍ തലമുറ പിടിവിടുകയാണ്‌. ഈ ദുസ്ഥിതിയാണ്‌ സൂര്യനെല്ലിയില്‍ നിന്ന്‌ ഡല്‍ഹിയോളമെത്തി നില്‌ക്കുന്ന സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തിന്റെ ആണിക്കല്ല്‌ എന്ന തിരിച്ചറിവുണ്ടാകാതെ പരിഹാരത്തിനു വേണ്ടി പണിയെടുത്തിട്ടു കാര്യമില്ല. അതിന്റെ ആദ്യപടി എന്ന നിലയില്‍ ഔപചാരിക കൗമാര കേന്ദ്രങ്ങളില്‍ ഔദ്യോഗികമായിത്തന്നെ നാഷണല്‍ സര്‍വീസ്‌ സ്‌കീമിന്റെയും സ്റ്റുഡന്റ്‌സ്‌ പോലീസിന്റെയും സഹകരണത്തോടെ മൂല്യബോധനത്തിന്റെ ഉണര്‍ത്തുപാട്ടുമായി എത്തിയത്‌ എന്തുകൊണ്ടും ശ്ലാഘനീയമാണ്‌.
നിര്‍ഭാഗ്യമെന്ന്‌ പറയട്ടെ, സിന്ധിപ്പശുവിന്റെ അകിട്ടിലും കൊതുക്‌ ഇരുന്നാല്‍ ഒരു തുള്ളി പാലു പോലും കുടിക്കില്ല. ആ പശുവിന്റെ സിരകളിലോടുന്ന ചോര മതി ആ പ്രാണിക്ക്‌. ഒരുപാട്‌ നന്മകള്‍ സമൂഹത്തിനുവേണ്ടി ചെയ്‌തുകൊണ്ടിരിക്കുന്ന അച്ചടി-ദൃശ്യ-ശ്രാവ്യ മീഡിയ ചിലപ്പോഴെങ്കിലും ഈ കൊതുകിന്റെ ധര്‍മം നിറവേറ്റാറുണ്ട്‌. പതിനായിരക്കണക്കിന്‌ ആണ്‍/പെണ്‍കുട്ടികള്‍ സ്വസ്ഥമായി ഇരുന്ന്‌ കേട്ട്‌ തങ്ങളുടെ ആത്മബോധത്തെ ദീപ്‌തമാക്കാന്‍ പ്രേരകമായ മൂല്യബോധനയാത്രാ ക്യാപ്‌റ്റന്‍ ഡോ. രജത്‌കുമാറിന്റെ പ്രഭാഷണത്തിനു നേരെ ഒരു പെണ്‍കുട്ടി തന്റെ ഉള്ളിലുറഞ്ഞുപൊങ്ങിയ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട്‌ നിറഞ്ഞ സദസ്സില്‍ ഉറക്കെ കൂവിവിളിച്ച്‌ പതുക്കെ ഇറങ്ങിപ്പോയി. ഒരു ഒറ്റപ്പെട്ട സംഭവം. പ്രഭാഷകനോ യാത്രാംഗങ്ങളോ സ്ഥാപനമോ സര്‍ക്കാറോ അതൊരു പ്രശ്‌നമാക്കിയതുമില്ല. എന്നാല്‍ നമ്മുടെ മീഡിയയുടെ ധര്‍മരോഷം ഇവിടെ ആരംഭിക്കുന്നു. ഈ പെണ്‍കുട്ടി ഹീറോ ആയി മാറുന്നു. ഏഷ്യാനെറ്റ്‌ ന്യൂസ്‌ചാനല്‍ പെണ്‍കുട്ടിയെ ഇന്റര്‍വ്യൂ ചെയ്യുന്നു. ഡോ. രജത്‌കുമാറിനെ സ്റ്റുഡിയോയില്‍ വിളിച്ചുവരുത്തുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണത്തിലെ ഒന്നോ രണ്ടോ വാക്യങ്ങള്‍ അടര്‍ത്തിയെടുത്ത്‌ വിചാരണ ചെയ്യുന്നു. അവതാരകന്‍ ക്രൂദ്ധമുഖവുമായി ധര്‍മരോഷത്തോടെ രജത്‌കുമാറിനെ കടിച്ചുകുടയാന്‍ ശ്രമിക്കുന്നു. എന്നാല്‍ രജത്‌കുമാറിന്റെ അഗാധമായ വിജ്ഞാനത്തിന്റെയും അപാരമായ വാഗ്‌മികതയുടെയും മുന്നില്‍ അവതാരകന്‍ പതറുന്നു. `തിരിച്ചുവരാ'മെന്ന്‌ പറഞ്ഞ്‌ ലൈനില്‍ കിട്ടിയ ആ പെണ്‍കുട്ടിയോട്‌ സംവദിക്കുന്നു. അപ്പോഴേക്കും അനിവാര്യമായ ഇടവേള. ഇടവേളയില്‍ സ്‌ത്രീ ശാക്തീകരണത്തിന്റെ മാംസളത പ്രേക്ഷകര്‍ ആസ്വദിക്കുന്നു.
മൂല്യം, സദാചാരം, ധാര്‍മികത തുടങ്ങിയ പദങ്ങള്‍ പോലും കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക്‌ വെകിളി പിടിക്കാറുണ്ട്‌. ആര്‍ഷഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും മതങ്ങള്‍ നല്‌കിയ ധാര്‍മികതയും കൈമോശം വരികയോ പടിഞ്ഞാറന്‍ സംസ്‌കാരത്തിന്‌ കൈമാറുകയോ ചെയ്‌തപ്പോഴാണല്ലോ നമ്മള്‍ കേരളീയര്‍ അധപ്പതിച്ചത്‌! പടിഞ്ഞാറിന്റെ നന്മകള്‍ നാം സ്വാംശീകരിച്ചതുമില്ല. ആണ്‍/പെണ്‍ സമൂഹങ്ങള്‍ പ്രത്യേകിച്ചും യുവതീയുവാക്കള്‍, അര്‍ധനഗ്‌നരായി അനിയന്ത്രിതമായി ആടിപ്പാടന്‍ തുടങ്ങിയതല്ലേ നമ്മുടെ അപചയത്തിന്റെ ആരംഭം! നടനകലയിലെ ഉന്നതനിലവാരം പുലര്‍ത്തുന്ന നൃത്തച്ചുവടുകള്‍ക്കു പകരം അന്‍പതോ നൂറോ ആണ്‍പെണ്‍ കൂട്ടങ്ങള്‍ ആഭാസച്ചുവടുകളോടെ ആടിത്തിമര്‍ക്കുന്ന സിനിമാറ്റിക്‌ സംസ്‌കാരത്തിലേക്ക്‌ നീങ്ങിയതില്‍ മീഡിയയ്‌ക്ക്‌ വലിയ പങ്കുണ്ട്‌. വിദ്യാലയങ്ങളില്‍ സിനിമാറ്റിക്‌ ഡാന്‍സ്‌ നിരോധിച്ചത്‌ `നൃത്തവിരോധമുള്ള മൂരാച്ചിത്തമല്ല'. അതിന്റെ പിന്നാലെ വരാവുന്ന അവസ്ഥ മുന്നില്‍ കണ്ടുകൊണ്ടാണ്‌. ബ്ലൂസിഡിയുടെയും മയക്കുമരുന്നു പൊതികളുടെയും `കാരിയര്‍മാര്‍' നമ്മുടെ കൗമാരകേന്ദ്രങ്ങളായ വിദ്യാലയങ്ങളിലാണ്‌. മാഫിയ പിടിമുറുക്കിയത്‌ അവിടെയാണ്‌. അശ്ലീലത അന്തരീക്ഷത്തില്‍ പറത്തിവിടുന്ന മൊബൈല്‍ സംസ്‌കാരം വിദ്യാലയങ്ങളില്‍ നിന്ന്‌ നീക്കം ചെയ്യാന്‍ നമ്മുടെ നിയമത്തിന്‌ കഴിഞ്ഞില്ല. ഒളിക്യാമറ, ബ്ലാക്‌മെയിലിംഗ്‌, സമനില തെറ്റല്‍, ഒളിച്ചോട്ടം, ആത്മഹത്യ..... എല്ലാം കൗമാര കേന്ദ്രീകൃതമായി വ്യാപിക്കുന്നു. ഇതൊന്നും ഒരാളുടെ കുറ്റമല്ല. ഒരു സുപ്രഭാതത്തില്‍ പൊട്ടിവിടര്‍ന്നതുമല്ല. വേരുകളില്‍ നല്‌കപ്പെടുന്ന ഈ വിഷമാണ്‌ സമൂഹത്തിന്റെ മണ്ടയില്‍ പീഡനപര്‍വമായി വിളഞ്ഞുനില്‌ക്കുന്നത്‌. ആയതിനാല്‍ നവതലമുറയ്‌ക്ക്‌ മൂല്യബോധനം നല്‍കിയേ പറ്റൂ.
സമകാലിക മലയാളമെന്ന `നിലവാര'മുള്ള വാരികയതാ മേല്‍പറഞ്ഞ മൂല്യബോധന യാത്രയിലെ `അധികപ്രസംഗി'യായ രജത്‌കുമാറിനെ വില്ലനും ഇറങ്ങിപ്പോയ ആലപ്പുഴക്കാരി ആര്യ എന്ന അവസാനവര്‍ഷ ഇംഗ്ലീഷ്‌ സാഹിത്യ ബിരുദ വിദ്യാര്‍ഥിനിയെ നായികയുമാക്കി കവര്‍‌സ്റ്റോറി അവതരിപ്പിച്ചിരിക്കുന്നു. (മലയാളം വാരിക 2013 ഫെബ്രുവരി 22). കേരള കൗമുദിയും അതേറ്റുപിടിച്ചിരുന്നു.
ഇത്രയൊക്കെയായപ്പോള്‍ എന്താണ്‌ ഈ ചങ്ങാതി പറഞ്ഞത്‌ എന്ന്‌ അറിയാന്‍ താല്‌പര്യം സ്വാഭാവികമാണല്ലോ. ഡോ. രജത്‌കുമാര്‍ കായംകുളം എം എസ്‌ എം കോളെജ്‌ അങ്കണത്തില്‍ നടത്തിയ മൂല്യബോധന പ്രഭാഷണം യു ട്യൂബിലുണ്ട്‌. അത്‌ ആദ്യന്തം ശ്രദ്ധിച്ചു. അതില്‍ നിന്ന്‌ മനസ്സിലായത്‌ ഇങ്ങനെ സംഗ്രഹിക്കാം:
മക്കളേ, നിങ്ങളെ നിങ്ങളാക്കിയ അമ്മയെ നിങ്ങള്‍ അകക്കണ്ണുകൊണ്ട്‌ കാണണം.
മക്കളേ, നിങ്ങളെ നിങ്ങളാക്കിയ അച്ഛനെ നിങ്ങള്‍ അകക്കണ്ണുകൊണ്ട്‌ കാണണം. 
മക്കളേ, നിങ്ങള്‍ നിങ്ങളാകാന്‍ വേണ്ടി അറിവിന്‍ വെട്ടം പകര്‍ന്നുതന്ന ഗുരുനാഥന്മാരെ നിങ്ങള്‍ ആദരിക്കണം.
മോനേ, നിന്റെ അച്ഛനമ്മമാരുടെ മനസ്സ്‌ നീ കണ്ടിരുന്നുവെങ്കില്‍ നീ നിനക്കു തോന്നിയ ഒരു പെണ്ണിനെ കെട്ടാന്‍ മാത്രമായി വീടുവിട്ടിറങ്ങുമോ?
മോളേ, നീ നിന്റെ അച്ഛനമ്മമാരുടെ അകമറിഞ്ഞിരുന്നുവെങ്കില്‍ നീയറിയാത്ത ഒരുവന്റെ മിസ്‌ഡ്‌ കോളിന്റെ പിന്നാലെ ഓടിപ്പോകുമോ?
മക്കളേ, പെണ്‍മക്കള്‍ക്ക്‌ ബയോളജിക്കലായി തന്നെ ചില പരിമിതികളുണ്ട്‌. അത്‌ മറന്നു നാം പെരുമാറരുത്‌.
മക്കളേ, നിങ്ങള്‍ ഭാവിയിലെ അച്ഛനമ്മമാരാണ്‌.
നിങ്ങള്‍ക്ക്‌ ഭദ്രമായ കുടുംബജീവിതത്തിലൂടെ മാത്രമേ സ്വസ്ഥ ജീവിതം ലഭിക്കൂ.
മക്കളേ, ജീര്‍ണത മുറ്റിയ ഈ സമൂഹത്തില്‍ ലൈംഗികാതിക്രമങ്ങളും മറ്റും നടമാടുമ്പോള്‍ എപ്പോഴും പെണ്‍കുട്ടി കൂടുതല്‍ `സഫര്‍' ചെയ്യേണ്ടിവരുന്നു. നിങ്ങള്‍ അകക്കണ്ണു തുറന്നു ജീവിതം നയിക്കേണ്ടവരാണ്‌.
ആത്മബോധം ഉണര്‍ന്നു ജീവിക്കണം
തന്റെ സ്വതസിദ്ധമായ ശൈലിയില്‍, ഇന്ററാക്‌ടീവ്‌ രീതിയില്‍ ഡോ. രജത്‌കുമാര്‍ കൗമാര കേരളത്തോട്‌ സംവദിച്ചത്‌ സയന്‍സിന്റെ മടിത്തട്ടില്‍ നിന്നുകൊണ്ട്‌, സമൂഹ മനശ്ശാസ്‌ത്രത്തിന്റെ അകമ്പടിയോടെ, വേദഗ്രന്ഥങ്ങളില്‍ നിറഞ്ഞുനില്‌ക്കുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്‌. എന്നാല്‍ തരംതാണ ഭാഷയില്‍ സ്‌ത്രീവിരുദ്ധ ആശയങ്ങള്‍ പറഞ്ഞ `അധികപ്രസംഗി'യാണ്‌ ശ്രീ രജത്‌കുമാര്‍ എന്ന്‌ ചില മീഡിയപ്രവര്‍ത്തകര്‍ വിളിച്ചുപറയുന്നു. എന്നാല്‍ കേരളത്തിലെ ജനതയുടെ മനസ്സ്‌ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്‌ മൂല്യബോധനയാത്രയില്‍ ഉയര്‍ന്നുകേട്ടത്‌. ഒരാള്‍ സംസാരിക്കുമ്പോള്‍ അതില്‍ സ്‌ഖലിതങ്ങളോ ശൈലീഭംഗങ്ങളോ ഉണ്ടാകാം. അത്‌ ചൂണ്ടിക്കാണിക്കുകയുമാവാം. എന്നാല്‍ ഈ മൂല്യബോധനത്തില്‍ ഒരു നന്മയും കണ്ടെത്താനാകാതെ ഒരു പദപ്രയോഗത്തില്‍ തൂങ്ങി അപഹസിക്കാന്‍ ശ്രമിക്കുന്നത്‌ പ്രതിലോമപരമായ സമീപനമാണ്‌. ഡോ. രജത്‌കുമാറിന്റെ മൂല്യബോധന പ്രഭാഷണത്തിലെ വസ്‌തുതകളെ വസ്‌തുനിഷ്‌ഠമായും ശാസ്‌ത്രീയമായും വിലയിരുത്താന്‍ മുതിരാതെ അദ്ദേഹത്തെ കരിമ്പട്ടികയില്‍ പെടുത്തിയത്‌ ഏത്‌ മൂല്യബോധത്തിന്റെ അടിസ്ഥാനത്തിലാണ്‌! ഈ നിലപാടുകളാണ്‌ സമൂഹം ജീര്‍ണതയിലേക്കു കൂപ്പുകുത്താന്‍ കാരണവും.
എന്നാല്‍ മാനവികതയും മനുഷ്യബന്ധങ്ങളും സനാതമൂല്യങ്ങളും നിലനില്‌ക്കണമെന്നാഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍കൂടി നാട്ടില്‍ ജീവിക്കുന്നുണ്ട്‌ എന്ന്‌ ഇവര്‍ മനസ്സിലാക്കണം. മൂല്യബോധന യാത്ര വാര്‍ത്തയാക്കുകയോ അതിലെ പ്രഭാഷണങ്ങള്‍ സംപ്രേക്ഷണം നടത്തുകയോ ചെയ്യാത്തവര്‍, അതില്‍ വന്നു എന്ന്‌ ആരോപിക്കപ്പെടുന്ന സ്‌ഖലിതങ്ങള്‍ പൊക്കിപ്പിടിക്കാന്‍ അയോഗ്യരാണ്‌ എന്ന്‌ പറയാതിരിക്കാന്‍ വയ്യ. ജിജ്ഞാസയും വൈകാരിക തീവ്രതയും മുറ്റിനില്‌ക്കുന്ന കൗമാര കൗതുകത്തെ മൂല്യബോധത്തിലേക്ക്‌ ധൈഷണികമായി നയിക്കാന്‍ ശ്രമിച്ച ഡോ. രജത്‌കുമാറിനെ കൂട്ടില്‍ കയറ്റി വിചാരണ ചെയ്യുന്നത്‌, കൗമാര ചാപല്യങ്ങളെ ദുരുപയോഗപ്പെടുത്തി, സ്‌ത്രൈണത വിറ്റ്‌ കാശാക്കുന്ന ദൃശ്യ മാധ്യമത്തമ്പുരാക്കളുടെ കൂലിപ്പണിക്കാരന്‍! ഇത്‌ വിധിവൈപരീത്യമാണ്‌. മലയാളി പ്രേക്ഷകരെല്ലാം `മാംസദാഹി'കളല്ല എന്ന ലളിതസത്യം മാധ്യമശ്രദ്ധയില്‍ കൊണ്ടുവരികയാണ്‌.
മൂല്യങ്ങളില്‍ നിന്നകന്നതാണ്‌ സമൂഹ ജീര്‍ണതയുടെ അടിത്തറയെന്ന്‌ എത്രവേഗം തിരിച്ചറിയുന്നുവോ അത്രയും നല്ലത്‌. ലൈംഗികാതിക്രമങ്ങളും സ്‌ത്രീപീഡനങ്ങളും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ പുരുഷ മേധാവിത്വം ആക്ഷേപിക്കപ്പെടുന്നു. എന്നാല്‍ സ്‌ത്രീകള്‍ തീര്‍ത്തും നിരപരാധരെന്ന്‌ പറയാനോ പല കേസുകളിലും പെണ്‍കുട്ടികളുടെ മുന്‍പിന്‍ ചിന്തയില്ലാത്ത ചാപല്യങ്ങള്‍ `ഇനീഷ്യേറ്റീവ്‌' ആയി മാറുന്നതും തീര്‍ത്തും അവഗണിക്കാവുന്ന കാര്യമാണോ? കുമാരന്മാര്‍ക്കും കുമാരികള്‍ക്കും വിവേകപൂര്‍ണമായ ദിശാബോധം നല്‍കല്‍ അനിവാര്യമല്ലേ? പതിനേഴ്‌ കൊല്ലം കഴിഞ്ഞിട്ടും വീര്യം നിലനില്‍ക്കുന്ന, ദേശീയ രാഷ്‌ട്രീയത്തില്‍ പോലും ആന്ദോളനം സൃഷ്‌ടിച്ച സൂര്യനെല്ലി കേസിന്റെ അടിത്തറ കാമുകന്റെ വാക്കുകേട്ട്‌ ഇറങ്ങിത്തിരിച്ച അപക്വതയല്ലേ? ഇതൊന്നും ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലേ?

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: