ധീരതയുടെ വിസ്‌മയ മുനമ്പില്‍

  • Posted by Sanveer Ittoli
  • at 9:29 PM -
  • 0 comments

ധീരതയുടെ വിസ്‌മയ മുനമ്പില്‍

http://pudavaonline.net/?p=1661

മുനീറ കെ എന്‍, മുട്ടില്‍ 
2011ഓഗസ്റ്റ്‌ മാസം 27 ട്രിപ്പോളിയിലെ ജനങ്ങള്‍ക്ക്‌ ആശ്വാസത്തിന്റെ ദിനമായിരുന്നു. ലിബിയയുടെ തലസ്ഥാന നഗരി ഗദ്ദാഫിയുടെ പച്ച പട്ടാളത്തില്‍ നിന്ന്‌ മോചിപ്പിക്കപ്പെട്ട ഔദേ്യാഗിക പ്രഖ്യാപനം അന്നാണ്‌ ഉണ്ടായത്‌. തീ പൊരികളായി അങ്ങിങ്ങായി പാറിത്തുടങ്ങിയ ഗദ്ദാഫി ഭരണകൂടത്തിന്നെതിരിലുള്ള പ്രധിഷേധം 2011 ഫെബ്രുവരി 17 ഓടെ സമൂല ജനകീയ വിപ്ലവമായി രൂപപ്പെടുകയായിരുന്നു. തുടര്‍ന്ന്‌ ഒക്ടോബര്‍ 20 ന്‌ ഗദ്ദാഫി കൊല്ലപ്പെടുന്നത്‌ വരെയുള്ള ഒമ്പത്‌ മാസങ്ങള്‍ ലിബിയന്‍ ജനതയെ സംബന്ധിച്ച്‌ ദുരന്തപ്പെരുമഴയുടെ കാലമായിരുന്നു. സര്‍വായുധ സജ്ജരായ ഗദ്ദാഫിയുടെ സൈന്യം നടത്തിയ തേര്‍ വാഴ്‌ചയില്‍ ഏകദേശം ഒരു ലക്ഷത്തില്‍ പരം ലിബിയക്കാര്‍ രക്തസാക്ഷിത്വം വരിക്കുകയും, മുപ്പതിനായിരത്തില്‍ അധികം ആളുകള്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌ എന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. വ്യവസ്ഥാപിതമായ ഒരു സൈന്യത്തോട്‌ പരിമിതമായ ആയുധങ്ങളുമായി നേരിട്ട ഒരു ജനക്കൂട്ടത്തെവിജയ സോപാനത്തില്‍ എത്തിച്ചതിനു പിന്നില്‍ ഒട്ടനവധി ഘടകങ്ങളുണ്ട്‌.
ഹന അല്‍ ഹബഷി ലിബിയന്‍ വിമോചനസമരത്തില്‍ അതുല്യമായ പങ്ക്‌ വഹിച്ച വ്യക്തിത്വമാണ്‌. അവശ്യ ഘട്ടങ്ങളില്‍ സ്‌ത്രീ അബലയാകേണ്ടവളെല്ലെന്നും നെഞ്ചുറപ്പോടെ പ്രതിസന്ധികളെ അതിജയിച്ച്‌ മുന്നേറേണ്ടവാളെണെന്നും സമരത്തിലുടനീളം ഹന സ്വീകരിച്ച നിലപാടുകള്‍ വിളിച്ചോതുന്നു. ഒരു പക്ഷെ ഹനയുടെ സധൈര്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളോ നിലപാടുകളോ ഇല്ലായിരുന്നുവെങ്കില്‍ ലിബിയന്‍ വിമോചനസമരം തന്നെ വഴിമാറി സഞ്ചരിക്കുമായിരുന്നു എന്ന്‌ കരുതാന്‍ കഴിയുന്ന അതിപ്രധാനവും നിര്‍ണ്ണായകവുമായ പ്രവര്‍ത്തങ്ങള്‍ക്ക്‌ ഹന ഹേതുവായിട്ടുണ്ട്‌. മരണത്തെ മുഖാമുഖം കണ്ടുകൊണ്ടുള്ള അവരുടെ ത്യാഗ മനസ്ഥിതിയും ധൈര്യവും സ്വാതന്ത്ര്യത്തിന്റെ സ്വച്ഛ വായു നുകരുന്ന ഒരു ലിബിയക്കാരനും ഒരിക്കലും മറക്കാന്‍ പറ്റില്ല.നാല്‍പതു വര്‍ഷം നീണ്ടുനിന്ന സ്വേച്ഛാധിപത്യത്തിന്റെ ഉരുക്ക്‌ മുഷ്ടിയോടാണ്‌ ഹന ഏറ്റു മുട്ടിയത്‌. അതും രഹസ്യപ്പോലിന്റെ ആരവങ്ങള്‍ക്കിടയില്‍! രാഷ്ട്ര വരുമാനത്തിന്റെ നല്ലൊരു പങ്ക്‌ ജയിലുകള്‍ നിര്‍മിക്കുവാനും പ്രജകളുടെ എല്ലാ അനക്കങ്ങളും അടക്കങ്ങളും നിരീക്ഷിക്കുവാനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുവാനും ചെലവഴിച്ച്‌ എല്ലാ അപശബ്ദങ്ങളെയും മുളയിലേ നുള്ളിയെടുത്ത്‌ സ്വസ്ഥരായി വാണിരുന്ന ഒരു ഭരണ യന്ത്രത്തോടാണ്‌ ഇരുപതുകളില്‍ എത്തിനില്‍ക്കുന്ന ഹനയെന്ന പെണ്‍കുട്ടി പോരിന്നു കച്ച മുറുക്കിയത്‌.വിമോചന പോരാളികള്‍ക്കും പൊതു ജനങ്ങള്‍ക്കും എതിരെ ഗദ്ദാഫി ഭരണകൂടവും സൈന്യവും നടത്തുന്ന നീക്കങ്ങളെ വളരെ രഹസ്യമായി പിന്തുടര്‍ന്ന്‌ മീഡിയകള്‍ക്കും വിമോചന പോരാളികള്‍ക്കും കൈമാറുക എന്നതായിരുന്നു ഹന അല്‍ ഹബഷി സ്വമേധയാ ഏറ്റെടുത്ത ദൗത്യം. കൂടാതെ യുദ്ധമുഖത്ത്‌ പോരാളികളെ സഹായിക്കാനുതകുന്ന സ്‌ഫോടകവസ്‌തുക്കള്‍ നിര്‍മ്മിച്ചും അവര്‍ വിപ്ലവത്തിന്‌ കരുത്തേകി. മുമ്പ്‌ ഗദ്ദാഫിയുടെ സൈന്യത്തിലെ മുതിര്‍ന്ന ഓഫീസറായിരുന്ന പിതാവിന്റെ സഹായത്തോടെയായിരുന്നു ഹന ആയുധ നിര്‍മാണംനടത്തിയത്‌. പുരാതന ബെര്‍ബെര്‍ രാജ്ഞിയുടെ നാമമായ`നോമേഡിയ’ എന്ന അ പര നാമത്തിലായിരുന്നു ഹന വിവരങ്ങള്‍ കൈമാറിയിരുന്നത്‌. ട്രിപ്പോളി നഗരം പൂര്‍ണമായും വിമോചന പോരാളികളുടെ കൈകളില്‍ അകപ്പെടുന്നത്‌ വരെ ഈ അപരനാമം ഹന കാത്തു സൂക്ഷിച്ച്‌ പോന്നു. ഏകദേശം പതിനാറോളം വ്യത്യസ്‌ത കമ്മ്യൂണിക്കേഷന്‍ ശൃംഖലകള്‍ ഉപയോഗപ്പെടുത്തിയാണ്‌ ഹന ലിബിയക്ക്‌ അകത്തുള്ള കേന്ദ്രങ്ങക്ക്‌ വിവരങ്ങള്‍ കൈമാറിയത്‌. നാറ്റോ സഖ്യ സേനയുമായി ഒരു തരത്തിലും ശത്രുക്കള്‍ ആരോപിക്കുന്നത്‌ പോലെ ഹന ബന്ധപ്പെട്ടിരുന്നില്ല. ഗദ്ദാഫിയുടെ രഹസ്യപ്പോലീസിന്റെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ ഓരോ ദിവസവും വിവിധ വീടുകളിലും കേന്ദ്രങ്ങളിലും മാറി താമസിച്ചാണ്‌ ഹന തന്റെ വാള്‍മുനയിലൂടെയുള്ള സഞ്ചാരംനടത്തിയത്‌. കൂടാതെ ട്രിപ്പോളിയുടെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ കനത്ത കാവലിന്നിടയിലും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളും പുതിയ ദേശീയ പതാകയും ഹനയുടെ ശ്രമഫലമായാണ്‌ സ്ഥാപിക്കപ്പെട്ടത്‌.നിരപരാധികളായ സാധാരണ ജനങ്ങളെ ഗദ്ദാഫിയുടെ ആക്രമണത്തില്‍ നിന്ന്‌ രക്ഷിക്കുക എന്നതായിരുന്നു ഹനയുടെ ദൗത്യത്തിന്റെ പ്രഥമ ലക്ഷ്യം. കവചിത വാഹനങ്ങളും യുദ്ധോപകരണങ്ങളും സൂക്ഷിച്ച രഹസ്യ സ്ഥലങ്ങള്‍, സൈനിക കാമ്പുകള്‍ തുടങ്ങിയവയെ പറ്റിയുള്ള വിവരങ്ങള്‍ ഹനക്ക്‌ മാത്രം പരിചയമുള്ള വ്യക്തികള്‍ക്കായിരുന്നു കൈമാറിയിരുന്നത്‌. ഹന പറയുന്നു: `ജനങ്ങള്‍ക്ക്‌ പൂച്ചെണ്ടുകളും സമ്മാനങ്ങളുമല്ല ഇത്തരം കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരുന്നത്‌. മറിച്ച്‌ നിരപരാധികളായ വയോജനങ്ങളെയും കുഞ്ഞുങ്ങളെയും സ്‌ത്രീകളെയും കൊന്നൊടുക്കാനുള്ള ആയുധങ്ങളായിരുന്നു. അതിനാല്‍ അവ നിശ്ശേഷം ഇല്ലാതാക്കല്‍ എന്റെ ദൗത്യത്തിന്റെ പട്ടികയില്‍ പ്രഥമ സ്ഥാനത്ത്‌ വന്നു`പരുക്കേറ്റവരെ ശുശ്രൂഷിക്കാനും അവരെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കാനും ഹന നടത്തിയ ശ്രമങ്ങള്‍ ഏറെ വലുതാണ്‌. ഗദ്ദാഫി അനുകൂലികള്‍ കയ്യടക്കി വെച്ച ആശുപത്രികളില്‍ നിന്ന്‌ ചികിത്സ നിഷേധിക്കപ്പെട്ടവരെ പരിചരിക്കാനും കിടത്തി ചികിത്സിക്കാനും വീട്ടില്‍ തന്നെ ഹന സൗകര്യം ചെയ്‌തിരുന്നു. ഒരിക്കല്‍ ഓപ്പറേഷന്‍ അനിവാര്യമായ രോഗിയെ ഗദ്ദാഫി പക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള ബുസുലൈം ഹോസ്‌പിറ്റലില്‍ പേരുമാറ്റി അഡ്‌മിറ്റ്‌ ചെയ്യുകയും ഡോക്ടര്‍മാരുമായി ഒത്ത്‌ അന്നേദിവസം തന്നെ ഓപ്പറേഷന്‍ നടത്തി തന്റെ വീട്ടില്‍ കിടത്തി ചികിത്സിക്കുകയും ചെയ്‌തു. `ഞാനൊരു ഡോക്ടര്‍ ആയിരുന്നെങ്കില്‍` എന്ന്‌ ഏറെ ആശിച്ചു പോയ ദിനങ്ങളായിരുന്നു അതെന്ന്‌ പിന്നീട്‌ ഹന അനുസ്‌മരിക്കുകയുണ്ടായി.മരണത്തെ മുഖാമുഖം കണ്ടുകൊണ്ടുള്ള ഹനയുടെ പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തിയാണ്‌ 2012 ലെ ലോകത്തെ ധീരരായ പത്ത്‌ സ്‌ത്രീകളില്‍ ഒരാളായി ഹന തിരെഞ്ഞെടുക്കപ്പെട്ടത്‌. 2007 മുതല്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ അമേരിക്കന്‍ സ്‌റ്റേറ്റ്‌ ഡിപ്പാര്‍റ്റ്‌മെന്‍റ്‌ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്‌ മുന്നേറുന്ന ധീരരായ വനിതകക്ക്‌ വേണ്ടി ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്‌. മനുഷ്യാവകാശം, സാമൂഹികനീതി, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്നവരെയാണ്‌ ഈ അവാര്‍ഡിന്‌ വേണ്ടി തിരെഞ്ഞെടുക്കുന്നത്‌. അപകടകരമായ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടപ്പോഴുള്ള മനസ്ഥിതിയെക്കുറിച്ച്‌ പത്രപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഹന ഇങ്ങനെയാണ്‌ പ്രതികരിച്ചത്‌: `എന്നെക്കുറിച്ച്‌ എന്റെ ഉള്ളില്‍ ഭയമേ ഉണ്ടായിരുന്നില്ല. ദിനേന കൊല്ലപ്പെടുന്ന നിരപരാധികളായ മനുഷ്യരെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍, പരുക്കേല്‍ക്കുന്ന ആയിരങ്ങളെ കാണുമ്പോള്‍ രക്ത ദാഹിയായ ശത്രുവിനെ വീഴ്‌ത്തണം എന്ന ലക്ഷ്യം മാത്രമേ എന്റെ ഉള്ളില്‍ ഉണ്ടായിരുന്നുളളൂ. ഞാന്‍ ഭയപ്പെട്ടിരുന്ന ഏക കാര്യം എന്റെ കുടുംബമായിരുന്നു. ഞാന്‍ പിടിക്കപ്പെട്ടാല്‍ എന്റെ കുടുംബത്തെ ആമൂലാഗ്രം ഇല്ലാതാക്കും. ഗദ്ദാഫിക്ക്‌ എതിരില്‍ തിരിഞ്ഞിട്ടുള്ള വ്യക്തികളുടെ കുടുംബങ്ങള്‍ക്കൊക്കെ സംഭവിച്ചത്‌ അങ്ങനെയാണ്‌.` ധീരതക്കുള്ള അവാര്‍ഡ്‌ ദാന ചടങ്ങില്‍ അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയും ഹിലാരി ക്ലിന്റനും ഹനയുടെ പ്രവര്‍ത്തങ്ങളെ മുക്ത കണ്‌ഠം പ്രശംസിക്കുകയുണ്ടായി.നിലവില്‍ ലിബിയയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അസന്തുലിതാവസ്ഥയില്‍ ഏതെങ്കിലും രാഷ്ട്രീയ കഷികളില്‍ ഭാഗഭാക്കാകാന്‍ ഹന ഒരുക്കമല്ല. ഒരു നവജാത രാഷ്ട്രമെന്ന നിലക്ക്‌ കൂടുതല്‍ രാഷ്ട്ര പുനര്‍നിര്‍മാണ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടാനാണ്‌ ഹന പരിശ്രമിക്കുന്നത്‌. കൂടാതെ ഇപ്പോഴും അങ്ങിങ്ങായി പ്രവര്‍ത്തന സജ്ജരായിരിക്കുന്ന ഗദ്ദാഫി അനുകൂലികള്‍ ഹനക്കെതിരെ ഉന്നയിക്കുന്ന വധഭീഷണി അടക്കമുള്ള കാര്യങ്ങളെ അതിജീവിക്കാനുമാണ്‌ അവര്‍ ഉദ്ദേശിക്കുന്നത്‌.http://pudavaonline.net/?p=1661
We

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: