വിവാഹിതര്‍ കാത്തുസൂക്ഷിക്കേണ്ടത്‌

  • Posted by Sanveer Ittoli
  • at 9:09 PM -
  • 0 comments
http://pudavaonline.net/?p=1628#more-1628

വിവാഹിതര്‍ കാത്തുസൂക്ഷിക്കേണ്ടത്‌

സഈദ്‌ ഫാറൂഖി 
അര്‍ഥപൂര്‍ണമായ ഒരു ജീവിതക്രമമാണ്‌ സമൂഹത്തിലെ ഒരു ചെറിയ ഭാഗമെന്ന നിലയില്‍ വിവാഹിതര്‍ കാത്തുസൂക്ഷിക്കേണ്ടത്‌. സമൂഹത്തെ അറിയുകയും സാമൂഹികനിയമങ്ങളും പശ്ചാത്തലങ്ങളും ആവശ്യപ്പെടുന്ന ധാര്‍മികചട്ടക്കൂട്ടില്‍ ഒതുങ്ങിജീവിക്കുകയും വേണം. അന്യര്‍ക്ക്‌ അപകടമുണ്ടാക്കുന്ന, അലോസരമുണ്ടാക്കുന്ന, അസഹിഷ്‌ണുത സൃഷ്‌ടിക്കുന്ന യാതൊന്നും വരാതെ സൂക്ഷിക്കണം. തനിക്കിഷ്‌ടപ്പെടുന്നത്‌ തന്റെ സഹോദരനും ഇഷ്‌ടപ്പെടും വരേക്കും ഒരാള്‍ മുസ്‌ലിമാവുകയില്ല എന്ന തത്വം അവഗണിക്കാവതല്ല. സമൂഹത്തോടുള്ള ബാധ്യത തങ്ങളാല്‍ കഴിയുംവിധം നിറവേറ്റണം. ത്യാഗമനസ്ഥിതിയും ഗുണകാംക്ഷാ സമീപനവും ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണ്‌. സാമൂഹികസേവനം വിശ്വാസതലത്തിലും കര്‍മതലത്തിലും അനുഷ്‌ഠാനവിഷയമാകണം.
അംഗീകരിക്കുക; വിശ്വാസം നിലനിര്‍ത്തുക 
അറിവുനേടിയും അറിയുന്നത്‌ അറിയിച്ചും അജ്ഞതയ്‌ക്ക്‌ അറുതിവരുത്തണം. എല്ലാ അജ്ഞതയും ഇരുട്ടാണ്‌. അറിവുകൊണ്ടും പ്രവൃത്തികൊണ്ടും മാത്രമേ വ്യക്തിയില്‍ നിക്ഷിപ്‌തമായിരിക്കുന്ന സംസ്‌കൃതിയും ധര്‍മബോധവും ശക്തിപ്രാപി ക്കൂ. ഉള്ളതില്‍ തൃപ്‌തിപ്പെട്ടും അര്‍ഹമായത്‌ അനുഭവിച്ചും അനര്‍ഹമായത്‌ അവഗണിച്ചും വിശ്വാസ്യതയോടെ ജീവിക്കണം. സാമൂഹികമായ ആരാധനകളിലും ആഘോഷങ്ങളിലും ഇതര വിനോദങ്ങളിലും ആരോഗ്യകരമായ പങ്കാളിത്തമുണ്ടാകണം. ഒളിച്ചോട്ടവും കൊഴിഞ്ഞുപോക്കും ഒറ്റപ്പെടലുകളും ഒരായുസ്സിനെ നശിപ്പിക്കും.പൈശാചികമായ എല്ലാ പ്രവണതകളില്‍നിന്നും അടിപൊളി സംസ്‌കാരങ്ങളില്‍നിന്നും അപക്വമായ സമീപനങ്ങളില്‍നിന്നും വിട്ടുനില്‌ക്കേണ്ട കാലഘട്ടമാണിത്‌. അക്രമാതിക്രമങ്ങളില്‍നിന്നും സര്‍വവിധ ഭീകരതകളില്‍നിന്നും മതപരവും രാഷ്‌ട്രീയപരവുമായ എല്ലാ സങ്കുചിതത്വങ്ങളില്‍ നിന്നും സ്വന്തം വ്യക്തിത്വത്തെ കാത്തുസംരക്ഷിക്കണം. ഓരോ പ്രഭാതവും സേവനത്തിന്റെ നിര്‍മാണത്തിന്റെ വഴിത്താരയിലാകണം. നശീകരണത്തിന്റെ സംഹാരത്തിന്റെ മാര്‍ഗം അവലംബിക്കാവതല്ല. സത്യവും ധര്‍മവും നീതിയും നിലനിന്നുകാണാന്‍ ആഗ്രഹിക്കുന്നതുപോലെ അത്‌ ജീവിതത്തിലും കുടുംബത്തിലും നിലനിര്‍ത്താനാവശ്യമായത്‌ കൈകൊള്ളണം. തന്നിലില്ലാത്തതൊന്നും മറ്റൊരാളില്‍ പ്രതീക്ഷിക്കാവതല്ല. ജീവനും സ്വത്തും അഭിമാനവും അനര്‍ഹമായി അപഹരിക്കാവതല്ല.ഈ ലോകത്ത്‌ എത്ര കോടി മനുഷ്യര്‍ക്കും ജീവിക്കാനിടമുണ്ട്‌. തമ്മില്‍ പൊരുത്തപ്പെട്ടു ജീവിക്കണമെന്നേയുള്ളൂ. ഈ പൊരുത്തപ്പെടലിലാണ്‌ സാമൂഹികജീവിതത്തെ ഭരിക്കുന്ന ഏറ്റവും വലിയ തത്വമിരിക്കുന്നത്‌. തന്റെ പ്രിയം മറ്റുള്ളവരുടെയും പ്രിയമായിരിക്കും. ആരെയും ഒരു തരത്തിലും ഒരു കാരണവശാലും അന്യായമായി വേദനിപ്പിക്കാവതല്ല. പരസ്‌പരമുള്ള അംഗീകരണവും വിശ്വാസ്യതയുമാണ്‌ സമൂഹജീവിതത്തെ ഭദ്രമാക്കുന്നത്‌. വിശ്വസനീയതയിലാണ്‌ ദീര്‍ഘ നൈരന്തര്യം സാധ്യമാകുന്നത്‌.
മനസ്സും ശരീരവുംമലിനമാക്കാതിരിക്കുക
ഉള്ളില്‍ കയറിക്കൂടുന്ന രണ്ടു കിരാതശക്തികളാണ്‌ കാമവും ലോഭവും. ഒരുവന്‍ ആഗ്രഹിക്കുന്നതു തന്നെ മറ്റൊരുവന്‍ ആഗ്രഹിക്കുന്നു. ഒരുവന്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്‌ അപരന്‍ കാമിക്കുന്നു. മറ്റൊരുത്തനെ പ്രലോഭിപ്പിക്കുന്ന വിഷയവും അതുതന്നെ. അടങ്ങാത്ത ഏത്‌ മോഹവും അടക്കാന്‍ കഴിയാത്ത ഏത്‌ ദാഹവും അപകടത്തിന്റെ സൂചനയാണ്‌. അസുഖങ്ങളുടെ താക്കോലാണ്‌ അടിക്കടിയുള്ള ദാഹം. ഷുഗറിന്റെ മാത്രം തകരാറല്ല; അത്‌ മറ്റു പലതിന്റെയും തകരാറാണ്‌.ആരോഗ്യകരമായ ജീവിതത്തിനു ജൈവികവും ഭൗതികവുമായ ചില ആവശ്യങ്ങള്‍ എല്ലാവര്‍ക്കും നിറവേറ്റാനുണ്ട്‌. ന്യായമായ ആവശ്യങ്ങള്‍ കഴിഞ്ഞു മറ്റൊന്നും ആഗ്രഹിക്കുന്നില്ലെന്നു മാത്രമല്ല, തന്നാല്‍ വേണ്ടെന്നു വെക്കാനും പരിശീലിക്കണം. സ്വാശ്രയത്വം വളര്‍ത്തിയെടുക്കണം. വീടിന്റെയോ നാടിന്റെയോ നാം നടക്കുന്ന നടപ്പാതയുടെയോ വിസ്‌തൃതിയല്ല നമുക്കാവശ്യം. നമ്മുടെ മനസ്സിന്റെ പ്രവിശാലതയാണാവശ്യം. ഈ ലോകത്തിന്നു നമുക്ക്‌ നല്‌കാന്‍ കഴിയുന്ന ഏറ്റവും വലിയ അനുഗ്രഹം നമ്മുടെ ഉള്ളുനിറഞ്ഞ മനഃസന്തോഷവും ശാന്തിയുമാണ്‌. അത്‌ അഭിവാദനവേളയില്‍ നാവിലൂടെ മാത്രം പുറത്തുവരേണ്ട ഒന്നല്ല. തളര്‍ന്നിരിക്കുന്ന ഒരാളുടെ മനസ്സിന്‌ സാന്ത്വനം നല്‌കാന്‍ സാധിച്ചാല്‍ അതാണ്‌ ജീവിതസേവനം.മനസ്സിനെ മലിനമാക്കുന്ന മാലിന്യം ശരീരമാലിന്യത്തിലേക്കാള്‍ അത്യന്തം അപകടകാരിയാണ്‌. മലിനവിഷയങ്ങളില്‍ സുഖം കണ്ടെത്തുന്നവര്‍ മലിനതുല്യം വര്‍ജ്യമാണെന്നോര്‍ക്കണം. അവര്‍ ഈ ലോകത്തില്‍ ഏറ്റവും മാരകമായ രോഗാവാഹകരും പ്രചാരകരുമാണ്‌. മാലിന്യത്തെ ശരീരത്തില്‍ നിന്നും മനസ്സില്‍നിന്നും ഒഴിവാക്കേണ്ടതുണ്ട്‌. സദ്‌ദര്‍ശനവും സദ്‌വിചാരവും നിത്യമായ ആരാധനകളും അനുഷ്‌ഠാനാചാരങ്ങളും കര്‍മ- ധര്‍മസമീപനങ്ങളും അതിനെ സാധിപ്പിക്കും.ശരീരം ഉണര്‍ന്നിരിക്കണം. ആവശ്യമുള്ളത്ര സുഖമായും സ്ഥിരമായും അങ്ങനെ ഇരിക്കാനാവണം. മയക്കവും ആലസ്യവും രോഗവും ക്ഷീണവും മാറുന്നതിന്നായുള്ള വിശ്രമവും വിനോദവും വ്യായാമവും കൂടിയേ തീരൂ. ശരീരഘടന അനുവദിക്കുന്നത്രയും പ്രവര്‍ത്തനങ്ങള്‍ സഹജമായവിധം ചെയ്യുമ്പോള്‍ അങ്ങനെ ചെയ്യുന്നുണ്ടെന്നുപോലും നാം അറിയുന്നില്ല. അത്‌ ശരീരത്തിന്റെ സുഖാവസ്ഥയാണ്‌. ഈ ഘടനാവിശേഷത്തില്‍ അല്‌പമാത്രമായ ദോഷമുണ്ടായാല്‍ അസുഖം തോന്നുന്നു.ചലനമാണ്‌ ശരീരത്തിന്റെ ആഹാരം. ആഹാരം ശരീരചലനത്തിന്‌ ആവശ്യമാണ്‌. നമുക്ക്‌ നമ്മുടെ ശരീരത്തെ മറന്നിരിക്കുവാന്‍ കഴിയുമ്പോള്‍ നാം സുഖത്തിലാണ്‌. തലവേദന തോന്നുമ്പോള്‍ നാം തലയുള്ളവരാണെന്നറിയുന്നു. അതുവരെ അങ്ങനെ ഒരവയവം നമ്മുടെ ശരീരത്തിലുണ്ടോ എന്നുപോലം നാം അറിയുന്നില്ല.ആരോഗ്യം സമൂഹജീവിതത്തിന്റെ സമ്പത്താണ്‌. അത്‌ അശ്രദ്ധകൊണ്ടും അജ്ഞതകൊണ്ടും അപഹരിക്കപ്പടാവതല്ല. മതത്തിന്നെതിരാവാത്ത അടിസ്ഥാനപരമായ വ്യായാമമുറകള്‍ ശീലിക്കണം. നമ്മുടെ സുഖം നമ്മുടെ കുടുംബത്തിന്റെയും രാജ്യത്തിന്റെയും രാഷ്‌ട്രത്തിന്റെയും ലോകത്തിന്റെയും സുഖമാണ്‌. ജീവിക്കാന്‍ യോഗ്യനാകണം. ശരീരത്തിനും മനസ്സിനും ഒരു യോഗമുണ്ട്‌. അത്‌ തകരാറിലാകുമ്പോള്‍ നാം രോഗികളാകും.അമിതമായതെന്തും ശരീരത്തെയും മനസ്സിനെയും ദുഷിപ്പിക്കും. അത്‌ ആഹാരമായാല്‍ പോലും. ഒന്നും അമിതമാകാതെ സൂക്ഷിക്കണം. ജീവിതത്തിന്റെ ഗതിവേഗതയില്‍ മിതത്വവും അമിതത്വവും പാടെ വേര്‍തിരിക്കപ്പെടാതെ പോകുന്നു. മഹാനായ ലുഖ്‌മാന്‍ (അ) തന്റെ മകനോട്‌ പറയുന്നു: നീ വയറുനിറയെ ആഹരിക്കരുത്‌. നിറവയറുകള്‍ ഓര്‍മകള്‍ മങ്ങും. ജ്ഞാനമണ്ഡലം ബധിരമാകും. അവയവങ്ങള്‍ പരീക്ഷീണിതമാകും. മിതാഹാരം പ്രയോജനകരമാണ്‌. അമിതാഹാരം നശീകരണമാണ്‌. അത്‌ ഹൃദയഭാരം കൂട്ടും. ഹൃദയഭാരം ഹൃത്തിനെയും മനസ്സിനെയും തകര്‍ക്കും.ജീവനുള്ള ശരീരം രക്തത്താല്‍ സമൃദ്ധമാണ്‌. രക്തസമ്പുഷ്‌ടശരീരം ആരോഗ്യത്തിന്റെ നിദര്‍ശനമാണ്‌. രക്തം ശരീരത്തിന്റെ ഉള്ളറകളിലൂടെ ഒഴുകുന്നു; ഹൃദയം അതിന്റെ സൂക്ഷിപ്പുകാരനും. ഒരുതുള്ളി രക്തപോലും പാഴാക്കാതെ സൂക്ഷിക്കണം. സുതാര്യചര്‍മത്താല്‍ രക്തം പൊതിഞ്ഞിരിക്കുന്നു. എന്നാല്‍ ജീവനുള്ള സമൂഹം രഹസ്യങ്ങളുള്‍ക്കൊള്ളുന്നു. ഒരാളുടെയും രഹസ്യജീവിതവും ചൂഴ്‌ന്നന്വേഷിക്കാവതല്ല. ആരുടെ നഗ്നതയും പരസ്യപ്പെടുത്താവതല്ല. രഹസ്യം രക്തതുല്യമാണെന്ന നബിവചനം സമൂഹനിലനില്‌പ്പിന്റെ ആധാരമാണ്‌. രഹസ്യവും രക്തവും അന്യായമായി ചിന്താവതല്ല. രഹസ്യങ്ങള്‍ ചോര്‍ന്നൊലിക്കുന്ന ഇന്ന്‌, രക്തം വാര്‍ന്നൊഴുകിയ ഇന്നലെകളെക്കാള്‍ എത്ര മ്ലേഛം! ഭദ്രമായി സൂക്ഷിക്കപ്പെടേണ്ട രഹസ്യം കൂട്ടുകാര്‍ക്കുപോലും കൈമാറാവതല്ല.സമൂഹത്തില്‍ ആദരിക്കപ്പെടേണ്ടവര്‍ അധികമുണ്ട്‌. അനുസരിക്കപ്പെടേണ്ടവരും അംഗീകരിക്കപ്പെടേണ്ടവരുമുണ്ട്‌. ആദരവും അനുസരണവും അംഗീകാരവും അതിന്റെ ആളുകള്‍ക്ക്‌ വീതിച്ചുനല്‌കണം. ഒന്നിനും ഒരു ലുബ്‌ധും വരുത്താവതല്ല. പരസ്‌പരം സമരസപ്പെട്ടുപോകാന്‍ ഇതൊക്കെ അനിവാര്യമാണ്‌.
ശരിയായ ധാരണകള്‍ സൃഷ്‌ടിക്കുക 
മനസിന്റെ ബോധാവസ്ഥ അനുഭവപ്പെടുന്നത്‌ വാഗ്‌രൂപത്തിലും കര്‍മരൂപത്തിലുമാണ്‌. എല്ലാറ്റിനും ഒരു അടക്കമാവശ്യമാണ്‌. എല്ലാ കലഹങ്ങള്‍ക്കും കാരണം, വേണ്ടാത്ത വാക്ക്‌ പറയരുതാത്ത സമയത്ത്‌ വീണ്ടുവിചാരം കൂടാതെ പറയുകയാണ്‌. നമുക്ക്‌ അഹിതമായ വാക്കുകള്‍ കേള്‍ക്കേണ്ടിവന്നാലും ഒരു മനുഷ്യശരീരത്തില്‍ നിന്നു ഏതോ തകരാറു കാരണം പുറപ്പെട്ട ഒരു ശബ്‌ദമാണെന്നു മാത്രം കരുതണം. അതല്ലാതെ അതിനു തിരികൊളുത്തി വ്യാഖ്യാനങ്ങള്‍ കൊടുത്ത്‌ അതിശയോക്തി നല്‌കി അതിനേക്കാള്‍ ശബ്‌ദത്തില്‍ അത്‌ അവതരിപ്പിക്കരുത്‌.നമ്മുടെ എല്ലാ പ്രവൃത്തികള്‍ക്കും അടിസ്ഥാനമായിരിക്കുന്നത്‌ നമ്മുടെ ധാരണകളാണ്‌. സമൂഹത്തിലെ വ്യക്തികള്‍ തമ്മിലുള്ള സംബന്ധം ധാരണാധിഷ്‌ഠിതമാണ്‌. ഇത്‌ എന്റെ പിതാവ്‌, ഇത്‌ എന്റെ മാതാവ്‌, ഇത്‌ എന്റെ മക്കള്‍, ഇത്‌ എന്റെ അയല്‍ക്കാര്‍, ഇത്‌ എന്റെ സഹപാഠികള്‍ എന്നിങ്ങനെ ബന്ധങ്ങളെ സംബന്ധിക്കുന്ന ധാരണകളുണ്ട്‌. ഓരോ സംബന്ധവും മൂല്യാധിഷ്‌ഠിതമാകണം.മറ്റു ജീവികളെ അപേക്ഷിച്ച്‌ മനുഷ്യനു തെറ്റായ ധാരണകള്‍ കുറെ അധികമാണ്‌. ധാരണകള്‍ക്കു പിശകുപറ്റുമ്പോള്‍ ഊഹങ്ങളധികരിക്കും. ഊഹങ്ങളിലധികവും കള്ളമാണെന്നും ചില ഊഹങ്ങളെങ്കിലും പാപമാണെന്നുമുള്ള ബോധമുണ്ടാകണം. സമൂഹമനസ്സിനെ കുറിച്ചും ശരിയായ ധാരണകള്‍ രൂപപ്പെടുത്തണം. സ്വന്തത്തെ കുറിച്ചുള്ള ശരിയായ ധാരണകള്‍ നിലനിര്‍ത്തുന്നതോടൊപ്പം മറ്റുള്ളവര്‍ക്ക്‌ തന്നെക്കുറിച്ചുള്ള ധാരണകളില്‍ പിശകുവരാതെ സൂക്ഷിക്കണം.സമൂഹമധ്യത്തില്‍ ജീവിക്കുക അത്ര എളുപ്പമാണെന്നു കരുതരുത്‌. സ്വന്തം ഭാര്യയോടൊത്ത്‌ രാത്രിയില്‍ സംസാരിച്ചു നില്‌ക്കുന്ന കാഴ്‌ചകണ്ടവര്‍ ധാരണപ്പിശകിലകപ്പെടുമോ എന്നു കരുതിയപ്പോള്‍ പ്രവാചകന്‍ അവരുടെ ധാരണകള്‍ ശരിയാക്കുകയാണ്‌ ചെയ്‌തത്‌. എത്ര ഉദാത്തമായ മാതൃകയാണിത്‌? ആളുകള്‍ എന്തെങ്കിലും ധരിക്കട്ടെ എന്നാശ്വസിക്കാവതല്ല. അവര്‍ക്കുള്ള ധാരണക ള്‍ തെറ്റാതിരിക്കാന്‍ നാം ശ്രമിക്കണം.സമൂഹത്തിലെ അധര്‍മങ്ങളും അനാശാസ്യതകളും അന്ധവിശ്വാസങ്ങളും നമ്മുടെ വിമല വിശ്വാസത്തെയും അതിലൂടെ രൂപപ്പെടുന്ന, ദൃഢീകരിക്കുന്ന അചഞ്ചല ധാരണകളെയും മാറ്റിമറിക്കാവതല്ല. അല്ലാഹുവല്ലാതെ ആരാധ്യനില്ല. മുഹമ്മദ്‌(സ) അല്ലാഹുവിന്റെ ദൂതനും പ്രവാചകനുമാകുന്നു എന്ന അടിസ്ഥാനാശയം ഒരു കാറ്റിലും കോളിലും പെട്ട്‌ തകരാതെ, തകര്‍ക്കാതെ കാത്തുസൂക്ഷിക്കപ്പെടണം. ഈ ധാരണ ഏത്‌ പ്രതികൂല സാഹചര്യത്തിലും മനസ്സിനും ശരീരത്തിനും ശാന്തിയും സമാധാനവും സമര്‍പ്പണവും പ്രദാനം ചെയ്യുന്നു. പണത്തിന്റെയോ ആപത്തിന്റെയോ ഭീഷണിയുടെയോ അവസര സൗകര്യത്തിന്റെയോ മുമ്പില്‍ ഈ ധാരണക്ക്‌ തകരാറു സംഭവിക്കരുത്‌. അങ്ങനെവന്നാല്‍ മുഴുവന്‍ ജീവിതവും തകര്‍ന്നടിയും.http://pudavaonline.net/?p=1628#more-1628

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: