മാലിയും പാശ്ചാത്യരുടെ പുതിയ ആഫ്രിക്കന്‍ അധിനിവേശവും

  • Posted by Sanveer Ittoli
  • at 3:38 AM -
  • 0 comments
മാലിയും പാശ്ചാത്യരുടെ പുതിയ ആഫ്രിക്കന്‍ അധിനിവേശവും

19-ാം നൂറ്റാണ്ടില്‍ ആഫ്രിക്ക ഇരുണ്ട ഭൂഖണ്ഡമെന്നാണ്‌ വിളിക്കപ്പെട്ടിരുന്നത്‌. ജോസഫ്‌ കൊന്‍റാഡും മറ്റെഴുത്തുകാരും ധനം ലഭിക്കുന്ന പ്രദേശമായാണ്‌ ആഫ്രിക്കയെ വിവരിച്ചത്‌. ആഫ്രിക്ക ധാതുലവണങ്ങളും പ്രകൃതിവിഭവങ്ങളും അധ്വാനവും ലഭ്യമായ പ്രദേശമായിരുന്നു യൂറോപ്യര്‍ക്ക്‌. 21-ാം നൂറ്റാണ്ടില്‍ ആഫ്രിക്കയെ കൈപ്പിടിയിലൊതുക്കാനുള്ള ആര്‍ത്തിയുടെ ഭാഗമായി ഒരിക്കല്‍ കൂടി പെന്റഗണിന്റെയും കൂട്ടാളികളുടെയും സൈനിക സാന്നിധ്യം ആവശ്യമുള്ള, ഭീകരമുദ്രയുള്ള ഇരുണ്ട പ്രദേശമായി ആഫ്രിക്കയെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു.
അഫ്‌ഗാനിസ്‌താന്‍, ഇറാഖ്‌ എന്നിവിടങ്ങളില്‍ നിന്നും പല കാരണങ്ങളാലും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിലും ഫ്രാന്‍സിന്റെ ഒടുവിലത്തെ കുരിശുയുദ്ധത്തെ `വിജയകരമെന്ന്‌' പെന്റഗണ്‍ വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നു.

പ്രധാന നഗരങ്ങളില്‍ നിന്നും ഗ്രാമീണ മേഖലകളിലേക്ക്‌ മാലിയിലെ ഭീകരന്മാര്‍ ഉള്‍വലിഞ്ഞിരിക്കുന്നതായി പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഈ മേഖലയില്‍ നിന്ന്‌ പെന്റഗണും കൂട്ടാളികളും പിന്‍വലിഞ്ഞാല്‍ സഹാറനാഫ്രിക്കയുടെ ഉദരത്തില്‍ നിന്നും ഭീകരത എന്ന ഭീഷണി പുറത്തേക്ക്‌ വരുമത്രെ. നിരാശരായ ആഫ്രിക്കക്കാര്‍ അല്‍ഖാഇദ ഭീകരരില്‍ നിന്നും തങ്ങളെ സംരക്ഷിക്കുന്നതിന്‌ പെന്റഗണിനോട്‌ അവിടെ തങ്ങാന്‍ അഭ്യര്‍ഥിക്കുന്ന റിപ്പോര്‍ട്ടുകളുണ്ട്‌. ജനസേവനത്തിന്റെ പേരില്‍ അധിനിവേശം നടത്താനുള്ള നാടകങ്ങളാണിത്‌.
ം തയ്യാറായിരിക്കുന്നു. അല്‍ഖാഇദക്കെതിരെ സന്നദ്ധരായ ഫ്രഞ്ച്‌ സൈന്യത്തിന്റെ `സഹായം തേടിയുള്ള മാലിയുടെ വിളി' സംശയകരമാണെന്ന്‌ ഫ്രഞ്ച്‌ പത്രപ്രവര്‍ത്തകനായ തീരി മീസന്‍ പറയുന്നു. ``മാലിയുടെ തലസ്ഥാനമായ ബമാക്കൊ ഭീകരരുടെ പിടിയിലാവുന്നതിന്‌ മണിക്കൂറുകള്‍ക്ക്‌ മുമ്പ്‌ പാരീസ്‌ ഇടപെട്ടു. സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ്‌ കമാന്‍ഡിന്റെ ഹെലികോപ്‌റ്ററുകളും മൂന്ന്‌ 2000-ഡി മിറേജുകളും, രണ്ട്‌ എഫ്‌-1 മിറേജുകളും, മൂന്ന്‌ സി-135 ഉം, ഒരു സി 130 ഹെര്‍ക്യൂള്‍സും ഒരു സി 160 ട്രാന്‍സാലും, ഫസ്റ്റ്‌ മറൈന്‍ ഇന്‍ഫന്‍ഡ്രി പാരച്യൂട്ട്‌ റെജിമെന്റും, തേര്‍ട്ടീന്‍ത്‌ പാരച്യൂട്ട്‌ ഡ്രാഗൂണ്‍ റെജിമെന്റും ഇപ്പോള്‍ തന്നെ മാലിയിലെത്തിയിട്ടുണ്ട്‌.''
മാലിയിലെ ഇടപെടല്‍ ഫ്രാന്‍സിന്റെ ഇമേജ്‌ ഉയര്‍ത്തിയിരിക്കുന്നു. രാഷ്‌ട്രീയഅസ്ഥിരത നേരിടുന്ന യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധവും സാമ്പത്തികരംഗത്തെ ഇടര്‍ച്ചകളും ഫ്രാന്‍സിനെ പ്രതിസന്ധിയിലാക്കിയിരുന്ന അവസ്ഥയില്‍ പ്രത്യേകിച്ചും. അല്‍ഖായിദയുടെ അക്രമങ്ങള്‍, ആഫ്രിക്കയെ സംരക്ഷിക്കാന്‍ സ്വയം രംഗത്തേക്കുവന്ന ധീരോദാത്തരായ സാഹസികരുടെ റോള്‍ ഫ്രഞ്ച്‌ സൈന്യത്തിന്‌ നല്‍കിയിരിക്കുന്നു. ഇസ്‌ലാമിക പോരാളികളുടെ ശക്തികേന്ദ്രമായിരുന്ന ബോറെം എന്ന നഗരം നൂറുകണക്കിന്‌ ഫ്രഞ്ച്‌-മാലിയന്‍ പട്ടാളക്കാര്‍ ചേര്‍ന്ന്‌ തിരിച്ചുപിടിച്ചതായി ഈയിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ബോറെമില്‍ നിന്ന്‌ ഗയോവിലേക്കുള്ള റോഡിലെ ചെക്‌പോയിന്റില്‍ അല്‍ഖാഇദ നടത്തിയ രണ്ട്‌ മനുഷ്യ ബോംബാക്രമണങ്ങള്‍ക്കുള്ള പ്രതികരണമായിരുന്നു ഇത്‌. `ഫ്രഞ്ച്‌-മാലി സൈനികര്‍ ഏറെ എതിര്‍പ്പില്ലാതെ ഗയോവില്‍ നിന്നും പുറത്താക്കിയ ഭീകരരുടെ വടക്കന്‍ മാലിയിലെ സാന്നിധ്യം ഭയം വര്‍ധിപ്പിക്കുന്നു' എന്ന്‌ അസോസിയേറ്റ്‌ പ്രസിലെ ക്രിസ്റ്റന്‍ ലാര്‍സന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
അഫ്‌ഗാനിസ്‌താന്‍, പാകിസ്‌താന്‍, ഇറാഖ്‌, യമന്‍ എന്നീ നാടുകളിലെ അല്‍ഖായിദക്കെതിരെയുള്ള പെന്റഗണിന്റെ ഓപ്പറേഷനുകള്‍ ഭീകരതക്കെതിരെയുള്ള യുദ്ധത്തിന്റെ സവിശേഷത വരച്ചുകാട്ടുന്നു. അതായത്‌ ഭീകരന്മാരെ കൊല്ലാന്‍ കഴിയും, എന്നാല്‍ അല്‍ഖായിദയെ പരാജയപ്പെടുത്താനാവില്ല. അങ്ങിനെയെങ്കില്‍ പെന്റഗണിന്റെ യുദ്ധഭ്രമം പെട്ടെന്ന്‌ അവസാനിപ്പിക്കേണ്ടിവരുമല്ലോ. വിവിധ പ്രദേശങ്ങളിലും രൂപങ്ങളിലും പ്രത്യക്ഷപ്പെടുന്ന മുഖമില്ലാത്ത ഈ ശത്രു പെന്റഗണി ന്റെയും കുട്ടാളികളുടെയും അവസാനിക്കാത്ത യുദ്ധം ആവശ്യപ്പെടുന്നു. ഭീകരര്‍ വീണ്ടും ഉയര്‍ത്തെഴുന്നേല്‌ക്കാതിരിക്കാന്‍ ഫ്രഞ്ച്‌-ആഫ്രിക്കന്‍ സൈനികരില്‍ ആയിരംപേര്‍ മാലിയില്‍ തമ്പടിച്ചിരിക്കുന്നു. മാലിയിലെ നഗരങ്ങളില്‍ നിന്നും അല്‍ഖായിദയെ തുരത്തിയത്‌ അവര്‍ ഗ്രാമങ്ങളിലെ ജനതയില്‍ അലിഞ്ഞുചേര്‍ന്ന്‌ കൂടുതല്‍ വ്യാപിക്കാന്‍ കാരണമായിരിക്കുന്നു. ചുരുക്കമിതാണ്‌: പെന്റഗണും കൂട്ടാളികള്‍ക്കും വടക്കനാഫ്രിക്കയില്‍ ഒരു സ്ഥിരതാവളം കിട്ടിയിരിക്കുന്നു.
യൂറേഷ്യയുടെ `ചെസ്‌ ബോര്‍ഡായ' അഫ്‌ഗാനിസ്‌താന്റെ കാര്യത്തിലെന്നപോലെ പെന്റഗണിന്റെയും കൂട്ടാളികളുടെയും യുദ്ധമുഖങ്ങള്‍ എപ്പോഴും ഊര്‍ജ്ജോല്‌പാദനത്തിനുള്ള അസംസ്‌കൃത വസ്‌തുക്കള്‍ ലഭിക്കുന്നതോ കൊണ്ടുപോകുന്നതോ ആയ മേഖലകളിലായിരിക്കും. ആഫ്രിക്കയുടെ ഉദരത്തില്‍ നിന്നുള്ള വിഭവങ്ങള്‍ എടുക്കാനുള്ള മത്സരത്തില്‍ പെന്റഗണിനെയും കൂട്ടാളികളെയും ചൈന തോല്‌പിക്കുമെന്ന ഭയം മാലിയില്‍ യുദ്ധമുഖം തുറന്നതിനു പിന്നിലുണ്ടെന്ന്‌ നാം അറിയല്‍ പ്രധാനമാണ്‌. 2007ല്‍ ആഫ്രികോം (AFRICOM) പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതു മുതല്‍ മാലിയില്‍ സംഘര്‍ഷം രൂപപ്പെട്ടുതുടങ്ങിയിരുന്നു. ഏതാണ്ട്‌ അമ്പതോളം ആഫ്രിക്കന്‍ രാഷ്‌ട്രീയ നേതാക്കളെയും മന്ത്രിമാരെയും ചൈന Forum on China-Africa Cooperation (FOCAC)നു കീഴില്‍ ബീജിംഗിലേക്ക്‌ ക്ഷണിച്ചതിന്റെ പിറ്റേ വര്‍ഷം മുതല്‍.
നിര്‍ണായകമായ ഈ സമ്മേളനം അമേരിക്കയിലേക്കും യൂറോപ്പിലേക്കും തിരിയുന്നതിനു പകരം ആഫ്രിക്ക കിഴക്കനേഷ്യയിലേക്കു തിരിയുന്നതിന്റെ സൂചനയായിരുന്നു. ചൈനയും ആഫ്രിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള ഇടപാടുകളിലൂടെ വികസന പദ്ധതികളും ലോണുകളും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക്‌ ലഭ്യമായത്‌ ചൈന-ആഫ്രിക്ക വ്യാപാര മേഖലയെ മെച്ചപ്പെടുത്തിയത്‌ പെന്റഗണും കൂട്ടാളികളും പരിഭ്രമത്തോടെ നോക്കിനിന്നു. ഗ്ലോബല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിനുവേണ്ടി വില്യം എന്‍ഡാന്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്‌, 2011ല്‍ ചൈനയുടെ ആഫ്രിക്കയുമായുള്ള വ്യാപാരം 166 ബില്യന്‍ ഡോളറും ആഫ്രിക്ക ചൈനയിലേക്ക്‌ കയറ്റുമതി ചെയ്‌തത്‌ (മുഖ്യമായും ചൈനീസ്‌ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള ഇന്ധനങ്ങള്‍) 93 ബില്യന്‍ ഡോളറിനുള്ള വിഭവങ്ങളുമാണെന്നാണ്‌. 2012 ജൂലൈയില്‍ ചൈന അടുത്ത മൂന്ന്‌ വര്‍ഷക്കാലത്തേക്ക്‌ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക്‌ 20 ബില്യന്‍ ഡോളര്‍ ലോണ്‍ വാഗ്‌ദാനം ചെയ്‌തു. തൊട്ടുമുമ്പുള്ള മൂന്ന്‌ വര്‍ഷക്കാലം നല്‍കിയതിന്റെ ഇരട്ടിയാണിത്‌.
ഇതിനെത്തുടര്‍ന്ന്‌ ചൈന-ആഫ്രിക്ക ബന്ധത്തെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കുന്ന ലേഖനങ്ങളുടെ പരമ്പര തന്നെ ദ വാഷിംഗ്‌ടണ്‍ പോസ്റ്റ്‌, ദ ന്യൂയോര്‍ക്ക്‌ ടൈംസ്‌ തുടങ്ങിയ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
വടക്കനാഫ്രിക്കയിലെ അല്‍ഖായിദക്കെതിരെയുള്ള നടപടികള്‍ക്ക്‌ പ്രചോദനം സമ്പത്തും ആ ഭൂപ്രദേശത്തിന്റെ രാഷ്‌ട്രീയ പ്രാധാന്യവുമാണെന്ന്‌ ഫ്രാന്‍സിലെ ധനവകുപ്പുമന്ത്രിയായ പിയറി മോസ്‌കോവിസി പറഞ്ഞത്‌ സത്യമാണ്‌. ``ആഫ്രിക്കയില്‍ ചൈനയുടെ സാന്നിധ്യം ഏറിവരികയാണെന്ന്‌ വ്യക്തമാണ്‌. കഴിവുള്ള ഫ്രഞ്ച്‌ കമ്പനികള്‍ അങ്ങോട്ടുപോകണം. അവിടെ സാന്നിധ്യം കൂടുതലായുണ്ടാകണം. അവര്‍ പോരാടേണ്ടതുണ്ട്‌'' 2012ല്‍ ഐവറി കോസ്റ്റിലേക്ക്‌ നടത്തിയ യാത്രയില്‍ മോസ്‌കോവിസി പറഞ്ഞു.
ഭൂമിശാസ്‌ത്രപരമായി മാലി അതിപ്രധാനമേഖലയാണ്‌. അമേരിക്കക്കും യൂറോപ്പിനും സ്വാധീനമുള്ള- ചൈന പുറമ്പോക്കുകളിലേക്ക്‌ തള്ളപ്പെട്ടിട്ടുള്ള- മേഖല. ഫ്രാന്‍സിനു പിന്നില്‍ നാറ്റോ സംഘടിച്ച്‌ മാലിയെ വരുതിയിലാക്കാനുള്ള ശ്രമമാണ്‌. സ്വര്‍ണം, യുറേനിയം, എണ്ണ, ആധുനിക യുഗത്തിന്‌ പ്രയോജനപ്പെടുന്ന മറ്റു പ്രധാന ധാതുക്കള്‍ തുടങ്ങിയവയാല്‍ മാലി സമ്പന്നമാണെന്ന്‌ പത്രപ്രവര്‍ത്തകനായ വില്യം എന്‍ഡാന്‍ വിവരിക്കുന്നുണ്ട്‌. ഫ്രഞ്ച്‌ കോളനിയായിരിക്കെ ഉപജീവനത്തിനായി കൃഷിയെ മാത്രം ആശ്രയിച്ചിരുന്നു ഈ രാജ്യം. മാലിയിലെ മറ്റു വിഭവങ്ങള്‍ അവഗണിക്കപ്പെട്ടിരുന്നു.
എന്നാല്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്‌ അമാദു തൗമാനി ടൗറെയുടെ കീഴിലുള്ള സര്‍ക്കാര്‍ മാലിയുടെ മണ്ണിനടിയിലുള്ള അതിവിപുലമായ സമ്പത്ത്‌ കൃത്യമായ മാപ്പിംഗിലൂടെ കണ്ടെത്താനുള്ള ശ്രമമാരംഭിച്ചു. ``മാലിയുടെ മണ്ണിനുകീഴില്‍ ചെമ്പ്‌, യുറേനിയം, ഫോസ്‌ഫേറ്റ്‌, ബോക്‌സൈറ്റ്‌, രത്‌നങ്ങള്‍, സ്വര്‍ണം, എണ്ണ, വാതകം എന്നിവ ഉണ്ട്‌. ഏറ്റവുമധികം അസംസ്‌കൃത ധാതുക്കളുള്ള രാജ്യങ്ങളിലൊന്നാണ്‌ മാലി. സൗത്താഫ്രിക്കക്കും ഘാനക്കും ശേഷം ഏറ്റവുമധികം സ്വര്‍ണം ഇപ്പോള്‍ കുഴിച്ചെടുത്തുകൊണ്ടിരിക്കുന്നത്‌ മാലിയില്‍ നിന്നാണ്‌''- വില്യം എന്‍ഡാന്‍ നിരീക്ഷിക്കുന്നു.
അമേരിക്കയും യൂറോപ്പും കേന്ദ്രമായ ആഫ്രിക്കോമിന്‌ ആഫ്രിക്കയെ വീണ്ടും കീഴടക്കാനുള്ള സ്റ്റേജിംഗ്‌ ഗ്രൗണ്ടാണ്‌ മാലി. 2012 ജൂലൈയിലെ ലെ മോണ്ടെ ഡിപ്ലോമാറ്റിക്കെ ഇപ്പോള്‍തന്നെ ആഫ്രിക്കയില്‍ പ്രവര്‍ത്തിക്കുന്ന പെന്റഗണ്‍ ക്യാമ്പുകളെയും സഞ്ചാര മാര്‍ഗങ്ങളെയും കുറിച്ച്‌ വിവരിക്കുന്നുണ്ട്‌. കെനിയയിലെ മാന്‍ഡ ബേ, ഗറിസ്സ, മൊംബാസ, ഉഗാണ്ടയിലെ കമ്പാല, എന്റെബ്ബെ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ബാന്‍ഗൂ, ജേമ, ദക്ഷിണ സുഡാനിലെ സാറ, എത്യോപ്യയിലെ ജൈര്‍ ദാവ, ജിബൂട്ടിയിലെ ക്യാമ്പ്‌ മെമോന്നീര്‍. 
``ആഫ്രിക്കയിലെ മിക്ക അമേരിക്കന്‍ താവളങ്ങളും ഇപ്പോള്‍ ചെറുതും ലളിതവുമാണ്‌. പക്ഷേ, അവ വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ഉദാഹരണത്തിന്‌ എത്യോപ്യയിലെ ക്യാമ്പ്‌ ഗില്‍ബര്‍ട്ടിലെ ദൃശ്യങ്ങള്‍ കണ്ട ടോംഡെസ്‌പാച്ച്‌ പറയുന്നത്‌, എയര്‍കണ്ടീഷനുള്ള ടെന്റുകളും കപ്പലുകള്‍ വഹിക്കുന്ന കണ്ടെയ്‌നറുകളും, 55 ഗാലന്‍ ഡ്രമുകളും കിടക്കയോടുബന്ധിച്ച യാത്രാ സാമഗ്രികളും, ടി വി സെറ്റുകളും വീഡിയോ ഗെയിമുകളും സുസജ്ജമായ ജിംനേഷ്യങ്ങളും'' അവിടെയുണ്ടെന്നാണ്‌ ലെ മോണ്ടെ ഡിപ്ലോമാറ്റിക്കെയുടെ നിക്‌ ടഴ്‌സ്‌ എഴുതിയത്‌.

ലോകത്തുള്ള ഊര്‍ജസ്രോതസ്സുകള്‍ കീഴടക്കാനുള്ള അമേരിക്കയുടെയും യൂറോപ്പിന്റെയും ഉദ്യമത്തിന്റെ ഭാഗമാണ്‌ ആഫ്രിക്കയെ റാഞ്ചാനുള്ള ശ്രമവും. പെന്റഗണും കൂട്ടാളികളും പിന്തുണച്ചിരുന്ന സ്വേച്ഛാധിപതികളുടെ അന്ത്യം പലവിധേനയും അറബ്‌ വസന്തം അടയാളപ്പെടുത്തിയിട്ടുണ്ട്‌. അസ്ഥിരമായ സാമ്പത്തിക വ്യവസ്ഥയെ ഭദ്രമാക്കാന്‍ ഊര്‍ജ വിഭവങ്ങള്‍ക്കായുള്ള ഭ്രാന്തമായ ഓട്ടം പെന്റഗണും കൂട്ടാളികളും നടത്തിക്കൊണ്ടിരിക്കുന്നു. 1990കളിലെ `അഫ്‌ഗാനിസ്‌താന്‍ പ്രോഗ്രാം'ന്റെ മറ്റൊരു പതിപ്പാണ്‌ `മാലി പ്രോഗ്രാം'. `അഫ്‌ഗാനിസ്‌താന്‍ പ്രോഗ്രാ'മിലൂടെ സോവിയറ്റ്‌ വ്യാപനം നിലക്കുകയും എതിരാളികള്‍ മേഖലയില്‍ സ്ഥിരസ്വാധീനം നേടുകയും ചെയ്‌തു. ``മറ്റൊരു മാലി സംഭവിക്കാന്‍ പോകുന്നു'' എന്ന്‌ ഫെബ്രുവരി 16ന്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌ നടപ്പിലായിക്കൊണ്ടിരിക്കുന്ന സൈനികാധിനിവേശത്തിന്റെ പദ്ധതികളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ മാത്രമാണ്‌.
വിവ. സിദ്ദീഖ്‌ സി സൈനുദ്ദീന്‍

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: