കീര്‍ത്തന കാവ്യങ്ങളും മുസ്ലിം സമുഹവും

  • Posted by Sanveer Ittoli
  • at 8:42 AM -
  • 0 comments
കീര്‍ത്തന കാവ്യങ്ങളും മുസ്ലിം സമുഹവും
അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി
പ്രഭാതം പൊട്ടിവിടരുന്നത്‌ ക്ഷേത്രത്തില്‍ നിന്നുള്ള കീര്‍ത്തനാലാപന കാസറ്റു കേട്ടുകൊണ്ടാണ്‌. പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഇത്‌ നിത്യകര്‍മത്തിന്റെ ഭാഗമാണ്‌. കൊല്ലവര്‍ഷത്തിലെ കര്‍ക്കിടകം രാമായണമാസമായി ഹൈന്ദവസമൂഹം ആചരിക്കുന്നു. ആ കാലമത്രയും അവര്‍ നിത്യവും രാമായണ പാരായണം നടത്തുന്നു. വാത്‌മീകി മഹര്‍ഷിയാല്‍ വിരചിതമെന്ന്‌ വിശ്വസിക്കപ്പെടുന്ന രാമായണം ഒരമൂല്യ സാഹിത്യകൃതിയാണ്‌. രാമചരിതം ഇതിവൃത്തമാക്കിയ രാമായണം സംസ്‌കൃത ക്ലാസിക്കുകളിലൊന്നാണ്‌. മലയാള ഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്ത്‌ രാമാനുജനെഴുത്തച്ഛന്‍ അതിന്റെ സ്വതന്ത്ര വിവര്‍ത്തനം- ആധ്യാത്മരാമായണം- മലയാളത്തില്‍ തയ്യാറാക്കി. അതാണ്‌ ഇന്നും ഒരു വലിയ വിശ്വാസി സമൂഹം കീര്‍ത്തനമായി ഉപയോഗിക്കുന്നത്‌. നിരവധി തത്വസംഹിതകളും ധര്‍മോപദേശങ്ങളുമടങ്ങിയ ഭാവനാസമ്പന്നമായ രാമായണവും ഭാരതത്തിന്റെ ഇതിഹാസമായ മഹാഭാരതവും അതിലെ ഒരു ഭാഗമായ ഗീതോപദേശവുമെല്ലാം മലയാള സാഹിത്യവിദ്യാര്‍ഥികള്‍ക്ക്‌ നിര്‍ബന്ധ പാഠ്യവിഷയവും അതേസമയം ഒരു സമൂഹത്തിന്റെ കീര്‍ത്തന കാവ്യങ്ങളുമാണ്‌.
ക്രൈസ്‌തവ സമൂഹം തങ്ങളുടെ അനുഷ്‌ഠാനത്തിന്റെ ഭാഗമായി യേശു കീര്‍ത്തനങ്ങളായ പാട്ടുകള്‍ ആലപിക്കാറുണ്ട്‌. ബൈബിളിന്റെ ഒരു ഭാഗം ദാവീദിന്റെ സങ്കീര്‍ത്തനമാണ്‌. പല പ്രാര്‍ഥനകളും പാട്ടുരൂപത്തിലാണ്‌. ചില വിഭാഗങ്ങള്‍ ശവസംസ്‌കാരത്തിനുപോലും വാദ്യഘോഷങ്ങളും പാട്ടുകീര്‍ത്തനങ്ങളും ഉപയോഗിക്കുന്നു. രാമായണവും മഹാഭാരതവും ഉപജീവിച്ച്‌ രചിക്കപ്പെട്ട കൃതികള്‍ക്ക്‌ കൈയും കണക്കുമില്ല. ബൈബിളിന്റെ ഉപോത്‌പന്നമായും ധാരാളം സാഹിത്യകൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌.
എന്നാല്‍ ഇസ്‌ലാമിക അനുഷ്‌ഠാന കര്‍മങ്ങളില്‍ കവിതകള്‍ക്കോ കീര്‍ത്തന കാവ്യങ്ങള്‍ക്കോ യാതൊരു സ്ഥാനവുമില്ല. ഹൈന്ദവ ക്രൈസ്‌തവ സമൂഹങ്ങളുമായുള്ള സഹവര്‍ത്തനത്തില്‍ നിന്നാണോ എന്നറിയില്ല മുസ്‌ലിംകളിലേക്കും കാവ്യകീര്‍ത്തന സംസ്‌കാരം കടന്നുവന്നതായി കാണാം. കഴിഞ്ഞ നൂറ്റാണ്ടില്‍ മിക്ക മുസ്‌ലിംവീടുകളിലും സന്ധ്യാസമയത്ത്‌ മുഹ്‌യുദ്ദീന്‍ മാലയും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ നഫീസത്തുമാലയും ആലപിച്ചിരുന്നു. ചാന്ദ്രവര്‍ഷത്തിലെ മൂന്നാംമാസം - റബീഉല്‍ അവ്വല്‍- പ്രവാചക കീര്‍ത്തനം എന്ന നിലയില്‍ മൗലീദുപാരായണ മാസമായി ആചരിച്ചുവന്നിരുന്നു. കപ്പപ്പാട്ട്‌ , കുപ്പിപ്പാട്ട്‌ തുടങ്ങി നിരവധി കീര്‍ത്തനങ്ങള്‍ സമുദായത്തില്‍ പ്രചരിച്ചിരുന്നു.
കീര്‍ത്തനം, സ്‌തുതി എന്ന അര്‍ഥത്തില്‍ മദ്‌ഹ്‌ എന്ന അറബി പദമാണ്‌ ഉപയോഗിക്കപ്പെട്ടിരുന്നത്‌. കീര്‍ത്തനം അറബിയിലാണെങ്കില്‍ മൗലീദ്‌ എന്നും മലയാളത്തിലാണെങ്കില്‍ മാല എന്നും അറിയപ്പെട്ടു. മാതൃഭാഷയില്‍ സാക്ഷരരല്ലാതിരുന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ അറബി ലിപിയില്‍ എഴുതപ്പെട്ട മലയാളം- അറബി മലയാളം-ആയിരുന്നു മാലകളുടെ മീഡിയം. ശുദ്ധമായ അറബിയില്‍ അല്ലാഹു ഇറക്കിയ വിശുദ്ധ ഖുര്‍ആന്‍ ഒഴികെ പുണ്യപാരായണത്തിനായി യാതൊന്നും മുസ്‌ലിംകള്‍ക്കില്ല എന്ന അടിസ്ഥാനതത്വം മുസ്‌ലിംകളെത്തന്നെ പഠിപ്പിച്ചെടുക്കുക എന്നതായിരുന്നു മുസ്‌ലിം നവോത്ഥാന പാതയിലെ ആദ്യ പടി. അത്‌ ഒട്ടൊക്കെ വിജയം വരിക്കുകയും ചെയ്‌തു.
***
ക്രിസ്‌താബ്‌ദം ആറാം നൂറ്റാണ്ടിലെ അറബി സമൂഹം സാങ്കേതികമായി സാക്ഷരരായിരുന്നില്ല. അന്നത്തെ ഹിജാസിലെ ഭാഷ ശുദ്ധമായ അറബിയായിരുന്നു. അതേസമയം എഴുത്തും വായനയും അവര്‍ക്കറിഞ്ഞുകൂടാ. സ്വന്തം പേരെഴുതാന്‍ പോലും അറിയാത്തത്ര നിരക്ഷരമായ ആ സമൂഹത്തില്‍ പക്ഷേ ഭാഷയും സാഹിത്യവും അന്യമായിരുന്നില്ല. നിമിഷകവികള്‍ ധാരാളം. സന്ദേശകാവ്യങ്ങള്‍ സുപരിചിതം. മുഅല്ലഖ എന്നറിയപ്പെടുന്ന ഏഴു മഹാകാവ്യങ്ങള്‍ വിശുദ്ധ കഅ്‌ബയില്‍ കെട്ടിത്തൂക്കി ആദരിച്ചു. മിക്ക ആളുകള്‍ക്കും കവിത മനപ്പാഠം. കവലകളിലും ചന്തകളിലും കവിയരങ്ങുകള്‍. ധാരാളം ആസ്വാദക സദസ്സുകള്‍. സാരഗര്‍ഭമായ പ്രഭാഷണങ്ങള്‍. അറിയപ്പെടുന്ന പ്രഭാഷകര്‍. പില്‍ക്കാലത്തു പോലും സാഹിത്യത്തിന്റെ മകുടോദാഹരണമായി മാറിയ പ്രഭാഷണ ശകലങ്ങള്‍. ഉക്കാദ്‌, മജന്ന പോലുള്ള ചന്തകള്‍ ക്രയവിക്രയ കേന്ദ്രങ്ങളെന്ന പോലെ സാഹിത്യ കൈമാറ്റ രംഗം കൂടിയായിരുന്നു.
ഈ പശ്ചാത്തലത്തിലാണ്‌ മുഹമ്മദ്‌ നബി പ്രവാചകത്വവുമായി രംഗത്തു വരുന്നത്‌. അദ്ദേഹം ഓതിക്കേള്‍പ്പിച്ച വിശുദ്ധ വചനങ്ങള്‍, അറബി ഭാഷയുടെ സത്തും സമ്പത്തും. അത്‌ പക്ഷേ ഗദ്യമല്ല; കവിതയല്ല, പ്രഭാഷണവുമല്ല. മധുരഭാഷയില്‍ പ്രവാചകന്‍ ഓതിക്കൊടുത്ത വചനങ്ങള്‍ക്കു മുന്നില്‍ സാഹിത്യ പടുക്കള്‍ പോലും പകച്ചുനിന്നു. മുഹമ്മദ്‌ ഇതുവരെ ഒരു വരി കവിത പോലും പാടിയിട്ടില്ല. അവന്‍ പ്രഭാഷകനായിരുന്നില്ല. പിന്നെ... ഈ കേള്‍ക്കുന്നത്‌! പ്രവാചകന്‍ പറഞ്ഞു: ഇത്‌ ദൈവത്തിന്റെ വചനങ്ങളാണെന്ന്‌. ജനം സ്വീകരിച്ചു. പിന്‍തുടര്‍ന്നു. ഹൃദിസ്ഥമാക്കി. അതാണ്‌ വിശുദ്ധ ഖുര്‍ആന്‍. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണം. അറബിഭാഷയിലെ പ്രഥമഗ്രന്ഥം എന്നു പറയാം. നൂറ്റാണ്ടുകള്‍ക്കു ശേഷം ഇന്നും അത്‌ ഭാഷയിലെ ശുദ്ധ ക്ലാസിക്കായി തുടരുന്നു. അന്ന്‌, അതു സ്വീകരിക്കാത്തവര്‍ പോലും അമാനുഷികമായതെന്ന്‌ വിധിയെഴുതി. അംഗീകരിക്കാന്‍ ധാര്‍ഷ്‌ട്യം അനുവദിക്കാത്തവര്‍ മാരണമാണെന്ന്‌ പറഞ്ഞ്‌ തടി തപ്പി.
പ്രവാചക ദൗത്യം പൂര്‍ണമായി. വിശുദ്ധ ഖുര്‍ആന്‍ അവതരണം നിലച്ചു. സമ്പൂര്‍ണ ഗ്രന്ഥം ജനമനസ്സുകളില്‍. വഹ്‌യ്‌ എഴുത്തുകാരനായ സെയ്‌ദിന്റെ(റ) ഏടുകളില്‍ അതു ഭദ്രം. മുസ്‌ലിംകള്‍ക്ക്‌ പുണ്യപാരായണത്തിനും പിന്‍പറ്റി ജീവിക്കാനും ഖുര്‍ആന്‍. ഖുര്‍ആന്‍ മാത്രം. മറ്റൊരു കീര്‍ത്തനകാവ്യമില്ല. നബിവചനങ്ങള്‍ പോലും പുണ്യപാരായണത്തിന്‌ ഉപയോഗിച്ചില്ല. ഖുര്‍ആന്‍ പാരായണം നിത്യജീവിതത്തിന്റെ ഭാഗമാക്കിയവരാണ്‌ മുസ്‌ലിംകള്‍. ഹൃദിസ്ഥമാക്കി, ഭംഗിയായി (തര്‍തീല്‍) പാരായണം ചെയ്‌തു. പിന്‍തലമുറയ്‌ക്ക്‌ പകര്‍ന്നു നല്‌കി. അതെ, ദൈവിക ഗ്രന്ഥം ലോകത്തിനായി സമര്‍പ്പിച്ചു. ലോകാവസാനം വരെ എന്ന്‌ അല്ലാഹു വാഗ്‌ദാനം ചെയ്‌തു. ഖുര്‍ആന്‍ കടന്നുവന്ന രാജ്യങ്ങള്‍ മുഴുവന്‍ ഖുര്‍ആനിന്റെ ശുദ്ധ അറബി ഉള്‍ക്കൊണ്ടു ഭാഷാഭേദങ്ങള്‍ കൈയൊഴിഞ്ഞു. അറബി ഇന്ന്‌ ലോകത്തിലെ അതി സമ്പന്ന ഭാഷകളിലൊന്ന്‌. കാരണം വിശുദ്ധ ഖുര്‍ആന്‍.
ഖുര്‍ആനിന്റെ വരവോടെ കവിതക്ക്‌ പ്രസക്തി കുറഞ്ഞു. മുഹമ്മദ്‌ കവിയല്ലെന്നും കവിത അദ്ദേഹത്തിനാവശ്യമില്ലെന്നും ഖുര്‍ആന്‍ പറഞ്ഞു (36:69). മുഹമ്മദ്‌ ഭ്രാന്തനായ കവിയാണെന്ന്‌ ശത്രുക്കള്‍ ആരോപിച്ചു (37:36). ഭാവനയില്‍ കാടുകയറുന്ന കവികള്‍ പലപ്പോഴും അപഥസഞ്ചാരികളാല്‍ പിന്‍തുടരപ്പെടുന്നവരാണ്‌ (26:224) എന്ന നിത്യസത്യം ഖുര്‍ആന്‍ എടുത്തുപറഞ്ഞു. എന്നാല്‍ കവനകല എന്ന നൈസര്‍ഗികതയെ ഇസ്‌ലാം തള്ളിപ്പറഞ്ഞില്ല. കവിത എന്ന സര്‍ഗാത്മകതയെ പ്രവാചകന്‍ നിരാകരിച്ചില്ല. ഇസ്‌ലാമിനും പ്രവാചകനും എതിരെ വന്ന കാവ്യാസ്‌ത്രങ്ങളുടെ മുനയൊടിച്ചുകളഞ്ഞത്‌ ഹസാന്‍(റ) മുതലായ സ്വഹാബികളുടെ കവനകൗശലം കൊണ്ടായിരുന്നു. പ്രവാചകന്‍ പോലും കവിതകള്‍ ആലപിച്ചിരുന്നു.
തന്റെ വാഗ്‌വിലാസത്തിന്റെ വാള്‍മുനകൊണ്ട്‌ പ്രവാചകനെ കുത്തി നോവിച്ച പ്രശസ്‌ത കവി കഅ്‌ബുബ്‌നു സുഹൈര്‍. ഹിജ്‌റ എട്ടാമത്തെ വര്‍ഷം മക്കാവിജയ ശേഷം ഇനി പ്രവാചകനില്‍ അഭയംതേടുകയല്ലാതെ രക്ഷിയില്ലെന്ന്‌ കണ്ട്‌ വേഷപ്രച്ഛന്നനായി നബിയുടെ സദസ്സില്‍ പ്രത്യക്ഷപ്പെട്ടു. `ബാനത്‌ സുആദ്‌' എന്നു തുടങ്ങുന്ന പ്രസിദ്ധമായ പ്രവാചക കീര്‍ത്തനകാവ്യം അദ്ദേഹം പരസ്യമായി ആലപിച്ചുകൊണ്ട്‌ തന്റെ ഇസ്‌ലാമികാശ്ലേഷണം പ്രഖ്യാപിച്ചു. നബി സന്തുഷ്‌ടനായി അദ്ദേഹത്തിനഭയം നല്‌കി. മനോഹരമായ ഈ പ്രവാചക മദ്‌ഹ്‌ ഗാനം ഭാഷാപഠിതാക്കള്‍ക്ക്‌ അന്നെന്ന പോലെ ഇന്നും ഒന്നാന്തരം സാഹിത്യകൃതിയാണ്‌. എന്നാല്‍ ഏതെങ്കിലും ഒരു സ്വഹാബിയോ പില്‍ക്കാലത്തെ മുസ്‌ലിംകളിലാരെങ്കിലുമോ `ബാനത്‌ സുആദ്‌' ഒരു കീര്‍ത്തന കാവ്യമായി പുണ്യത്തിനു പാരായണം ചെയ്‌തിട്ടില്ല. പ്രവാചക സദസ്സില്‍ നിന്നംഗീകാരം ലഭിച്ചതിനെക്കാള്‍ നല്ല പ്രവാചക മദ്‌ഹ്‌ വേറെയില്ലല്ലോ.
പ്രവാചകന്റെ മദ്‌ഹുകള്‍ പാടിപ്പറഞ്ഞവര്‍ ചരിത്രത്തിലേറെയാണ്‌. അവയില്‍ പെട്ട ഒരെണ്ണമാണ്‌ പില്‌ക്കാലത്ത്‌ ആരോ ഉണ്ടാക്കിയ മന്‍കൂസ്‌ മൗലിദ്‌ എന്ന മദ്‌ഹ്‌ ഗാനം. ഇതിലാകട്ടെ അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തോട്‌ പാപമോചനം (ഇസ്‌തിഗ്‌ഫാര്‍) തേടുന്ന വരികള്‍ പോലുമുണ്ട്‌. പ്രവാചകനോട്‌ പാപമോചനം തേടല്‍ ശിര്‍ക്കാണ്‌. വിവിധ ത്വരീഖത്തുകാര്‍ പടച്ചുണ്ടാക്കിയ നിരവധി മൗലീദുകളും ശീഅകള്‍ രചിച്ച വേറെ കൃതികളും ധാരാളം കാണാം. മുഹ്‌യിദ്ദീന്‍ മൗലീദ്‌, ഫാത്വിമ മൗലിദ്‌ മുതലായവ അറബിയിലും മുഹ്‌യിദ്ദീന്‍ മാല അറബി മലയാളത്തിലും നമുക്ക്‌ കാണാം. ഈജിപ്‌തുകാരനായ ബൂസൂരി രചിച്ച ബുര്‍ദയും പ്രവാചക കീര്‍ത്തനം തന്നെ.
ബുര്‍ദയില്‍ ഏതാനും വരികളൊഴിച്ചുനിര്‍ത്തിയാല്‍ മദ്‌ഹ്‌ മാത്രമാണത്‌. ഒരു കാലത്ത്‌ അഫ്‌ദലുല്‍ ഉലമയ്‌ക്ക്‌ പാഠപുസ്‌തകമായി കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി നിര്‍ദേശിച്ച സാഹിത്യകൃതികളിലൊന്നാണ്‌ ബുര്‍ദ. ഇങ്ങനെ, അന്തസ്സാരം ഇസ്‌ലാമിന്‌ നിരക്കുന്നതും നിരക്കാത്തതുമായ നിരവധി കൃതികള്‍ പരന്നുകിടക്കുകയാണ്‌. അവയില്‍ മന്‍കൂസ്‌ മൗലീദും ബുര്‍ദയും മുഹ്‌യിദ്ദീന്‍ മാലയും പുണ്യപാരായണത്തിനുള്ള കീര്‍ത്തന കാവ്യങ്ങളായി കേരള മുസ്‌ലിംകള്‍ക്കിടയില്‍ പ്രചാരത്തില്‍ വന്നു. മൗലീദും ബുര്‍ദയും പ്രവാചക കീര്‍ത്തനമാണെങ്കില്‍, ഖാദിരി ത്വരീഖത്തിനുവേണ്ടി പക്ഷംപിടിച്ചു രചിച്ച ശൈഖ്‌ മുഹ്‌യിദ്ദീന്‍ മദ്‌ഹ്‌ ആണ്‌ മുഹ്‌യിദ്ദീന്‍ മാല.
മനസ്സിരുത്തേണ്ട ഒരു കാര്യമുണ്ട്‌. ബുര്‍ദ പാഠപുസ്‌തമാക്കിയതു പോലെ പ്രാചീന കേരള മുസ്‌ലിംകളുടെ സാഹിത്യപൈതൃകത്തിന്റെ മകുടോദാഹരണമാണ്‌ മുഹ്‌യുദ്ദീന്‍ മാല. `മഹത്തായ മാപ്പിള സാഹിത്യ ചരിത്രം' ആധുനിക മലയാളിക്ക്‌ പുറത്തെടുത്ത്‌ പരിചയപ്പെടുത്തിയത്‌ കെ കെ മുഹമ്മദ്‌ അബ്‌ദുല്‍ കരീമും സി എന്‍ അഹ്‌മദ്‌ മൗലവിയുമാണ്‌. ഡോ. എം എന്‍ കാരശ്ശേരിയും പ്രൊഫ. മങ്കട അബ്‌ദുല്‍ അസീസ്‌ മൗലവിയുമൊക്കെ ഈ കൃതികളുടെ സാഹിത്യ മൂല്യങ്ങളെയും സമുദായ പൈതൃകത്തിന്റെയും വശം ചൂണ്ടിക്കാണിച്ചവരാണ്‌. എന്നാല്‍ ഈ കൃതികള്‍ക്ക്‌ ഇസ്‌ലാമിക അനുഷ്‌ഠാനങ്ങളുമായി ഒരു ബന്ധവുമില്ല. പുണ്യത്തിനു വേണ്ടി പാരായണം ചെയ്‌തുകൂടാ. കാരണം പലതാണ്‌. ഒന്നാമതായി പുണ്യപാരായണത്തിന്‌ ഖുര്‍ആനല്ലാത്ത ഒരു കൃതിയോ കാവ്യമോ മുസ്‌ലിംകള്‍ക്കില്ല. രണ്ടാമതായി മദ്‌ഹ്‌ എന്ന പേരില്‍ വര്‍ണനയുടെ അതിശയോക്തി കാരണം ഈ കൃതികളിലെ പരാമൃഷ്‌ട മഹാന്മാരെ ദൈവത്തെക്കാള്‍ ഉപരി മഹത്വവത്‌കരിക്കുന്നതും പുകഴ്‌ത്തുന്നതുമായ വരികള്‍ ഇവയില്‍ എമ്പാടുമുണ്ട്‌. പ്രവാചകന്റെ തിരുസദസ്സില്‍ അവതരിപ്പിക്കപ്പെട്ട കഅ്‌ബുബ്‌നു സുഹൈറിന്റെ ബാനത്‌ സുആദില്‍ ശിര്‍ക്കോ അനാവശ്യങ്ങളോ ഇല്ല. അതിന്റെ പാരായണം സ്വഹാബിമാര്‍ പുണ്യമായി കണ്ടില്ല. എന്നിട്ടും മുസ്‌ലിംകളില്‍ ഒരുവിഭാഗം ചില അജ്ഞാത കര്‍തൃകമായ കൃതികളെ പുണ്യഗ്രന്ഥമായി കാണുന്നത്‌ അതീവ ഗുരുതരമായ പ്രശ്‌നമാണ്‌.
രാമായണം സാഹിത്യകൃതിയായി ഉപയോഗപ്പെടുത്തുന്ന പോലെ നമുക്ക്‌ ഏത്‌ കൃതിയും പഠനോപകരണമാക്കാം. എന്നാല്‍ അതേ രാമായണം ഹിന്ദുക്കള്‍ പുണ്യപാരായണത്തിന്‌ ഉപയോഗിക്കും പോലെ മുസ്‌ലിംകള്‍ക്ക്‌ ഉപയോഗിക്കാവുന്ന ഒരു കൃതിയുമില്ല; ഖുര്‍ആനല്ലാതെ. അതിന്റെ പരിഭാഷ പോലും പോരാ. എന്നാല്‍ ഇന്ന്‌ മൗലിദ്‌ മാസമായി മാറിയ റബീഉല്‍ അവ്വലില്‍ മൗലീദിന്റെ സാഹിത്യഭംഗിയും ബുര്‍ദാസ്വാദനവും മറ്റും സെമിനാറും ചര്‍ച്ചയുമാക്കുന്ന പശ്ചാത്തലമാണിപ്പോള്‍. പ്രവാചക സ്‌നേഹം, പ്രവാചകനെ പുകഴ്‌ത്തല്‍ എന്ന ആശയത്തില്‍ നിന്ന്‌ മൗലിദ്‌ ഗ്രന്ഥം, ബുര്‍ദ എന്ന കൃതി എന്നിവയിലേക്ക്‌ ചുരുങ്ങുന്നത്‌ എന്തുകൊണ്ടാണെന്ന്‌ ചിന്തിക്കുക. പ്രവാചക പ്രകീര്‍ത്തനം ഒരു പ്രത്യേക ചടങ്ങാക്കുകയോ, അതിന്‌ പ്രത്യേക ദിനങ്ങള്‍ തെരഞ്ഞെടുക്കുകയോ ചെയ്യുന്നത്‌ ബിദ്‌അത്താണ്‌. ഒന്നോ രണ്ടോ മനുഷ്യനിര്‍മിത കൃതികള്‍ക്ക്‌ അപ്രമാദിത്വം കല്‌പിക്കുകയും മുസ്‌ലിം ധിഷണയെ അതില്‍ കെട്ടിയിടുകയും ചെയ്യുന്നത്‌ അതിലേറെ അപകടമാണ്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: