വെളുത്ത പുകയുടെ കറുത്ത ചുരുളുകള്‍
എം ഐ മുഹമ്മദലി സുല്ലമി
കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ലോകം ഉറ്റുനോക്കിയത് വത്തിക്കാന്‍ സിറ്റിയിലേക്കായിരുന്നു. കത്തോലിക്കരുടെ ആത്മീയ തലസ്ഥാന നഗരി മാധ്യമ പ്രവര്‍ത്തകരെക്കൊണ്ട് കഴിഞ്ഞദിവസം വരെ നിബിഡമായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 11-ന് അജ്ഞാതകാരണങ്ങളാല്‍ ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനത്യാഗം പ്രഖ്യാപിക്കുകയും 28-ന് അദ്ദേഹം സ്ഥാനത്യാഗം നടത്തുകയും ചെയ്‌തു.
അന്നുമുതല്‍ അടുത്ത മാര്‍പ്പാപ്പയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. പുതിയ മാര്‍പാപ്പയെ കണ്ടെത്താനുള്ള കോണ്‍ക്ലേവ് മാര്‍ച്ച് 12-ന് ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 115 കര്‍ദിനാള്‍മാര്‍ അതില്‍ പങ്കെടുത്തു. ആദ്യത്തെ മൂന്നുറൗണ്ട് വോട്ടെടുപ്പുകളില്‍ മാര്‍പാപ്പയെ അവര്‍ക്ക് കണ്ടെത്താനായില്ല. സിസ്റ്റര്‍ ചാപ്പലിനു മുകളില്‍ ചിമ്മിനിയില്‍ നിന്ന് കറുത്ത പുകയായിരുന്നു ഉയര്‍ന്നത്. നാലാമത്തെ റൗണ്ടിലാണ് പോപ്പിനെ തീരുമാനിച്ചുവെന്ന് കുറിക്കുന്ന വെളുത്തപുക ഉയര്‍ന്നത്. അങ്ങനെ അര്‍ജന്റീനയിലെ കര്‍ദിനാള്‍ ജോര്‍ജ് മരിയോ ബെര്‍ഗോഗ്‌ളിയോ `ഫ്രാന്‍സിസ് ഒന്നാമന്‍ എന്ന സ്ഥാനപ്പേരോടെ' മാര്‍പ്പാപ്പയുടെ സിംഹാസനങ്ങളില്‍ ആരോഹിതനായി. യൂറോപ്പിലും അമേരിക്കയിലും ശക്തമായ വേരുകളുള്ള കത്തോലിക്കാ സഭയുടെ അധ്യക്ഷ പദവി ലോക ശ്രദ്ധയാകര്‍ഷിച്ചതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.
പൗരോഹിത്യവും കത്തോലിക്കാ സഭയും
ഏറ്റവും കൂടുതല്‍ വിശ്വാസികളുള്ള സഭയെന്ന് വിശേഷിപ്പിക്കപ്പെടുന്ന റോമന്‍ കത്തോലിക്കാ സഭയില്‍ പൗരോഹിത്യത്തിനും പുരോഹിതന്മാര്‍ക്കും ചോദ്യംചെയ്യപ്പെടാത്ത സ്ഥാനം കല്‌പിക്കപ്പെടുന്നു. ഇടവകയിലെ പുരോഹിതന്‍ മുതല്‍ വത്തിക്കാനിലെ മാര്‍പാപ്പ വരെയുള്ള പുരോഹിതശൃംഖലക്ക് വിവിധ ശ്രേണികളുണ്ട്. ഓരോ പദവിയിലുള്ളവര്‍ക്കും ആത്മീയരംഗത്ത് വിവിധ സ്ഥാനങ്ങളും പദവികളും സങ്കല്‍പിക്കപ്പെടുന്നു. ദൈവജനത്തില്‍ നിന്നും ദൈവജനത്തിനു വേണ്ടി ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെടുന്നവരാണ് പുരോഹിതര്‍ എന്ന് കത്തോലിക്കര്‍ വിശ്വസിക്കുന്നു. ഒരു കുട്ടിയെ ക്രിസ്‌ത്യാനിയായി അംഗീകരിക്കാനുള്ള `കൂദാശ'യായ `മാമോദീസ' മുതല്‍ ക്രിസ്‌ത്യാനിയായി മരിപ്പിക്കാനുള്ള `രോഗീ ലേപന' കൂദാശവരെ നിര്‍വഹിക്കുന്നതിന് പുരോഹിതന്റെ സാന്നിധ്യം അനിവാര്യമാണ്. പാപങ്ങള്‍ ഏറ്റുപറഞ്ഞു പരിഹാരം തേടുന്ന `കുമ്പസാരം', ഒരാള്‍ യഥാര്‍ഥ വിശ്വാസിയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന `സ്ഥൈര്യലേപനം' തുടങ്ങിയ കൂദാശകള്‍ നിര്‍വഹിക്കുന്നതിനും അധികാരമുള്ള പുരോഹിതന്മാര്‍ തന്നെ വേണം. മരിച്ചുപോയ പല ഉന്നതരെയും വിശുദ്ധന്മാരും വിശുദ്ധകളുമായി പ്രഖ്യാപിക്കാന്‍ മാര്‍പ്പാപ്പമാര്‍ക്ക് അധികാരമുണ്ട്.
മതത്തിലെ നിയമങ്ങള്‍ തീരുമാനിക്കുന്നതും അനുവദനീയ-നിഷിദ്ധങ്ങള്‍ പ്രഖ്യാപിക്കുന്നതും, ആചാരാനുഷ്‌ഠാനങ്ങള്‍ നിശ്ചയിക്കുന്നതുമെല്ലാം പുരോഹിതന്മാരോ പുരോഹിത സഭകളോ ആണ്. ചില ആംഗ്ലിക്കന്‍ ചര്‍ച്ചുകള്‍ ഗര്‍ഭഛിദ്രം, സ്വവര്‍ഗ വിവാഹം തുടങ്ങിയവ അനുവദിച്ചത് ഇടക്കാലത്ത് വിവാദമായിരുന്നു. പുരോഹിതന്മാര്‍, മെത്രാന്‍മാര്‍, ബിഷപ്പുമാര്‍, കര്‍ദിനാള്‍മാര്‍ തുടങ്ങി മാര്‍പ്പാപ്പ വരെയുള്ളവര്‍ക്ക് കത്തോലിക്കര്‍ പരിശുദ്ധതയുടെ പട്ടം ചാര്‍ത്തുന്നു. അതിന്നവര്‍ എടുത്തുകാണിക്കുന്ന രേഖതന്നെയും പൗരോഹിത്യത്തിന് അവര്‍ കല്‌പിക്കുന്ന അപ്രമാദിത്തം വിളിച്ചറിയിക്കുന്നു.
തന്റെ ശിഷ്യന്‍ പത്രോസിനെക്കുറിച്ച് യേശു പറഞ്ഞതായി പുതിയ നിയമത്തില്‍ ഇപ്രകാരം കാണാം: ``നീ പത്രോസ് ആകുന്നു. ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും. പാതാള ഗോപുരങ്ങള്‍ അതിനെ ജയിക്കില്ല എന്ന് ഞാന്‍ നിന്നോടു പറയുന്നു. സ്വര്‍ഗരാജ്യത്തിന്റെ താക്കോല്‍ ഞാന്‍ നിനക്കു തരുന്നു. നീ ഭൂമിയില്‍ കെട്ടുന്നതു ഒക്കെയും സ്വര്‍ഗത്തില്‍ കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയില്‍ അഴിക്കുന്നതൊക്കെയും സ്വര്‍ഗത്തില്‍ അഴിഞ്ഞിരിക്കും'' (മത്തായിയുടെ സുവിശേഷം 16:18,19)
പുരോഹിതന്മാരെ പൊതുവില്‍ തന്നെ കത്തോലിക്കര്‍ പത്രോസിന്റെ പിന്‍ഗാമികളായാണ് കാണുന്നത്. മാര്‍പ്പാപ്പയെയാകട്ടെ പത്രോസിന്റെ `വിശുദ്ധ സിംഹാസനത്തില്‍' ആരോഹിതനാവുന്ന `ഇടയനായി' അവര്‍ വിലയിരുത്തുന്നു. തങ്ങളുടെ സ്വര്‍ഗരാജ്യത്തിന്റെ താക്കോല്‍ കൈവശം വെക്കുന്ന ഒരാളെ കണ്ടെത്തിയോ എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ 120 കോടി വിശ്വാസികളുണ്ടെന്ന് അവകാശപ്പെടുന്ന കത്തോലിക്കന്‍ സഭ. ആഗോള മാധ്യമങ്ങളെ അത് ആകര്‍ഷിച്ചുവെന്നത് സ്വാഭാവികം മാത്രം.
പൗരോഹിത്യവും ഇസ്‌ലാമും
അല്ലാഹു ഏകനാണ്. അവന് പങ്കാളിയോ സഹായിയോ മധ്യവര്‍ത്തിയോ ഇല്ല എന്ന് ഇസ്‌ലാം അസന്നിഗ്‌ധമായി പ്രഖ്യാപിക്കുന്നു. മനുഷ്യന്‍ ദൈവത്തിന്റെ ആജ്ഞകള്‍ അനുസരിക്കുകയും ദൈവനിരോധനങ്ങള്‍ സൂക്ഷിച്ചു ജീവിക്കുകയും ചെയ്യേണ്ടതാണ്. മത കല്‌പനകളും നിര്‍ദേശങ്ങളും നിരോധനങ്ങളുമെല്ലാം തീരുമാനിക്കുന്നതും നിശ്ചയിക്കുന്നതും അല്ലാഹു മാത്രമാണ്. ഖുര്‍ആനിലൂടെയും പ്രവാചക ചര്യയിലൂടെയും അത് മനുഷ്യരെ പഠിപ്പിക്കുന്നുണ്ട്.
അതിനാല്‍ ഏതെങ്കിലും പണ്ഡിതനോ കര്‍മശാസ്‌ത്ര വിശാരദനോ ഹദീസ് ജ്ഞാനിക്കോ എന്തിനധികം പ്രവാചകശിഷ്യര്‍ക്കു പോലുമോ ഇസ്‌ലാം പരിശുദ്ധതയോ അപ്രമാദിത്വമോ കല്‌പിക്കുന്നില്ല. ഉന്നതസ്ഥാനീയരായ ഖലീഫമാര്‍ പോലും ഇസ്‌ലാമില്‍ ദൈവികനിയമങ്ങള്‍ സ്വയം പ്രഖ്യാപിക്കാന്‍ അര്‍ഹരല്ല. അല്ലാഹുവിന്റെ ദൂതന്‍പോലും ദൈവികസന്ദേശങ്ങള്‍ക്ക് വിധേയമായാണ് മതനിയമങ്ങള്‍ പഠിപ്പിച്ചിരുന്നത്. ``അവനാണ് നിരക്ഷരരായ സമൂഹങ്ങളിലേക്ക് അവരില്‍ നിന്നുള്ള ദൂതനെ നിയോഗിച്ചത്. അദ്ദേഹം അവര്‍ക്ക് ദൈവികവചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും, അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വവചനങ്ങളും പഠിപ്പിക്കുകയും ചെയ്യുന്നു.'' (വി.ഖു. 62:02)
പൗരോഹിത്യം മതവിരുദ്ധം
ദൈവിക നിയമങ്ങള്‍ സ്വയം നിര്‍മിക്കുകയും ഹലാല്‍ ഹറാമുകള്‍ സ്വയം കണ്ടെത്തുകയും ചെയ്യുന്ന പൗരോഹിത്യത്തിന്റെ ചെയ്‌തികളെ ഏറ്റവും വലിയ പാപമായ ബഹുദൈവ വിശ്വാസത്തിന്റെ ഗണങ്ങളില്‍ പെട്ടതായി ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നു. ``അല്ലാഹുവിന്റെ ആജ്ഞയില്ലാതെ മതനിയമങ്ങള്‍ നിശ്ചയിക്കുന്ന പങ്കാളികള്‍ അവര്‍ക്കുണ്ടോ? (വി.ഖു 42:21). പണ്ഡിത പുരോഹിതര്‍ക്ക് അനുവദനീയങ്ങളും നിഷിദ്ധങ്ങളും തീരുമാനിക്കാന്‍ അവകാശം നല്‌കിയിരുന്ന ജൂത ക്രൈസ്‌തവര്‍ തങ്ങളുടെ പുരോഹിതരെയും മെത്രാന്‍മാരെയും ദൈവങ്ങളാക്കുകയാണ് ചെയ്യുന്നതെന്ന് ഖുര്‍ആന്‍ 9:31-ല്‍ പ്രസ്‌താവിക്കുന്നു.
പുരോഹിതന്മാരുടെ കര്‍ത്തവ്യവും അവകാശവുമായി കത്തോലിക്കന്‍സഭ ആചരിക്കുന്ന പ്രധാന കൂദാശകളെല്ലാം ഇസ്‌ലാമിക പ്രമാണങ്ങളിലൂടെ പരിശോധിക്കുകയാണെങ്കില്‍ നിരര്‍ഥകങ്ങളും അബദ്ധങ്ങളുമാണ്. മാമോദീസയാണ് അവയിലൊന്ന്. കത്തോലിക്കന്‍ കുടുംബത്തില്‍ പിറന്ന ഒരു കുഞ്ഞിനെ ക്രിസ്‌ത്യാനിയായി സഭ അംഗീകരിക്കുന്നത് മാമോദീസ നടത്തപ്പെടുമ്പോഴാണ്. അതിന് ഒരു പുരോഹിതന്റെ സാന്നിധ്യം കൂടിയേ തീരൂ. ഇസ്‌ലാമിക വീക്ഷണത്തില്‍ ഭൂമിയിലുള്ള എല്ലാ കുഞ്ഞുങ്ങളും പിറക്കുന്നത് ശുദ്ധപ്രകൃതിയോടെയാണ്. അതിനാല്‍ മുസ്‌ലിം കുടുംബത്തില്‍ ജനിച്ച കുഞ്ഞിനെ മുസ്‌ലിമായിത്തന്നെ ഇസ്‌ലാം അംഗീകരിക്കുന്നു. അവനെ മുസ്‌ലിമായി വളര്‍ത്തുന്നത് അവന്റെ മാതാപിതാക്കളാണ്. ഒരു പുരോഹിതന്റെയും ആശീര്‍വാദമോ സാന്നിധ്യമോ അനിവാര്യമല്ല.
ഉത്തമ വിശ്വാസിയായി ഒരാളെ പ്രഖ്യാപിക്കുന്ന കര്‍മത്തിനാണ് കത്തോലിക്കന്‍ സഭ `സ്ഥൈര്യലേപനം' എന്നു വിളിക്കുന്നത്. അതിന് കാര്‍മികത്വം വഹിക്കാനുള്ള അധികാരം `മെത്രാനില്‍' നിക്ഷിപ്‌തമായിരിക്കുന്നു. മനുഷ്യരുടെ നിഷ്‌കളങ്കതയും പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ഥതയും അറിയുന്നവന്‍ അല്ലാഹുവാണെന്ന് ഖുര്‍ആന്‍ പ്രസ്‌താവിക്കുന്നു. ``നാമാണ് മനുഷ്യനെ സൃഷ്‌ടിച്ചത്. അവന്റെ മനസ്സ് മന്ത്രിക്കുന്നത് നാം അറിയുന്നു.'' (വി.ഖു 50:16)
പുരോഹിതനോ മെത്രാനോ പണ്ഡിതനോ മനുഷ്യ മനസ്സിലെ രഹസ്യങ്ങള്‍ ഗ്രഹിക്കാന്‍ സാധ്യമല്ല. മലക്കുകള്‍ക്കു പോലും നിഷ്‌കളങ്കതയും ആത്മാര്‍ഥതയും ഗ്രാഹ്യമാവില്ലെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മാമോദീസ പോലെത്തന്നെ `സ്ഥൈര്യ ലേപനവും' ഇസ്‌ലാമിക വീക്ഷണത്തില്‍ നിരര്‍ഥകമാണ്. കത്തോലിക്കന്‍ വിശ്വാസികള്‍ നടത്തുന്ന സുപ്രധാനമായ ഒരു കൂദാശയാണ് കുമ്പസാരം. പാപങ്ങള്‍ പൊറുക്കപ്പെടാനും കുറ്റങ്ങള്‍ പരിഹരിക്കാനുമാണിത് നടത്തുന്നത്. ഇതിനുള്ള അധികാരവും പുരോഹിതനാണ്. പാപങ്ങളില്‍ നിന്ന് മോചിതമാവണമെങ്കില്‍ ചെയ്‌ത പാപവും, അതിന്റെ എണ്ണങ്ങളും വിശദാംശങ്ങളുമെല്ലാം പുരോഹിതനോട് ഏറ്റുപറയേണ്ടതാണ്. തുടര്‍ന്ന് പുരോഹിതന്‍ നിര്‍ദേശിക്കുന്ന ആചാരാനുഷ്‌ഠാനങ്ങള്‍ അയാള്‍ നടത്തുകയും ചെയ്യണം. ഈ കൂദാശയും ഖുര്‍ആനിക വീക്ഷണത്തില്‍ ദൈവനിന്ദാപരവും ബഹുദൈവാരാധനാപരവുമാണ്. പാപങ്ങളില്‍ നിന്ന് ഖേദിച്ചു മടങ്ങുകയും അല്ലാഹുവിനോട് പാപമോചനത്തിനായി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ചെയ്യുന്നതാണ് ഇസ്‌ലാം നിര്‍ദേശിക്കുന്ന പാപപരിഹാരം. ``സ്വയം അതിക്രമങ്ങള്‍ ചെയ്‌ത എന്റെ ദാസന്മാരേ, നിങ്ങള്‍ ദൈവിക കാരുണ്യത്തെക്കുറിച്ച് നിരാശരാവരുത്. അല്ലാഹു എല്ലാ പാപങ്ങളും പൊറുക്കുന്നവനാണ്.'' (വി.ഖു 39:53)
ഒരു വ്യക്തി മറ്റൊരുത്തനോട് അതിക്രമം ചെയ്‌തിട്ടുണ്ടെങ്കില്‍ അവനോട് മാപ്പു ചോദിക്കാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നു. ഏതെങ്കിലും പുരോഹിതനോടോ സിദ്ധനോടോ കുറ്റം ഏറ്റുപറയുന്ന പൗരോഹിത്യ ആചാരത്തെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. രോഗശയ്യയിലായ കത്തോലിക്കന്‍ വിശ്വാസിക്ക് സ്വര്‍ഗം ലഭിക്കാന്‍ പുരോഹിതന്‍ നടത്തുന്ന `രോഗിലേപന' കൂദാശയും ഇസ്‌ലാമിന് പരിചയില്ലാത്തതും ഖുര്‍ആനികാധ്യാപനങ്ങള്‍ക്ക് വിരുദ്ധവുമാണ്. സ്വര്‍ഗത്തിന്റെ താക്കോല്‍ വാഹകനായി ഒരാളെയും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഏതൊരാള്‍ക്കും തന്റെ സഹോദരന് സ്വര്‍ഗം ലഭിക്കാനും നരകത്തില്‍ നിന്നവനെ മോചിപ്പിക്കാനും അല്ലാഹുവോട് പ്രാര്‍ഥിക്കാവുന്നതാണ്. അതിന് ഒരു പുരോഹിതന്റെ ആവശ്യം പോലുമില്ല.
പൗരോഹിത്യത്തെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഇതിനോടനുബന്ധിച്ച എല്ലാ ആചാരങ്ങളെയും ഇസ്‌ലാം താത്വികമായിത്തന്നെ നിരാകരിക്കുന്നു. ഇതിനുവേണ്ടിയുള്ള അനുഷ്‌ഠാനങ്ങളും ആചാരങ്ങളുമെല്ലാം ജനങ്ങളെ ചൂഷണംചെയ്യാന്‍ പുരോഹിതര്‍ സ്വീകരിക്കുന്ന കുതന്ത്രങ്ങളായി ഇസ്‌ലാം കാണുന്നു. ``സത്യവിശ്വാസികളെ, ധാരാളം പുരോഹിതന്മാരും വികാരികളും ജനങ്ങളുടെ സമ്പത്ത് അന്യായമായി ഭക്ഷിക്കുന്നു.'' (വി.ഖു 9:34)
മുസ്‌ലിം പുരോഹിതന്മാര്‍
ഇസ്‌ലാമില്‍ പൗരോഹിത്യമില്ലെന്ന് നബി(സ) പ്രസ്‌താവിച്ചിരിക്കുന്നു. നിങ്ങള്‍ ക്രിസ്‌തീയ-ജൂത ചര്യകളെ മുഴത്തിനു മുഴമായും ചാണിനു ചാണായും അനുകരിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിരിക്കുന്നു. മുസ്‌ലിം സമൂഹത്തിലെ ആചാരങ്ങളെല്ലാം കടന്നുവന്ന വഴി പരിശോധിക്കുകയാണെങ്കില്‍ ഈ നബിവചനങ്ങള്‍ സാര്‍ഥകങ്ങളാണെന്ന് കാണാം.
പുരോഹിതരുടെയും പൗരോഹിത്യത്തിന്റെയും അവസ്ഥയും ഇതില്‍നിന്ന് ഭിന്നമല്ല. പൗരോഹിത്യത്തിന്റെ ചൂഷണങ്ങള്‍ മുസ്‌ലിം സമൂഹത്തെയും വലയംചെയ്‌തിട്ടുണ്ട്. പള്ളികളിലെ മുസ്‌ലിയാക്കളും തീര്‍ഥാടക കേന്ദ്രങ്ങളിലെ പൂജാരികളും സിദ്ധന്മാരുമെല്ലാം ഭക്തരുടെ സമ്പത്ത് തട്ടിയെടുക്കുന്ന ചൂഷകരായിത്തീര്‍ന്നിരിക്കുന്നു. പല തീര്‍ഥാടക കേന്ദ്രങ്ങളോടനുബന്ധിച്ചും അത് വലിയ ഒരു മാഫിയ കണക്കെ വളര്‍ന്നിട്ടുണ്ട്. അനുകരണങ്ങള്‍ വരുത്തിവെക്കുന്ന അനര്‍ഥങ്ങള്‍ എത്ര ദയനീയം
0 comments: